കൗമാരപ്രായം വളർച്ചയുടെയും മാറ്റങ്ങളുടെയും കാലഘട്ടമാണ്. ഒരു കൊച്ചു പെൺകുട്ടി വളർന്ന് പക്വതയെത്തിയ ഒരു സ്‌ത്രീയായിത്തീരുന്നതിനിടയിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾ കൗമാരപ്രായത്തിന്‍റെ പ്രത്യേകതയാണ്. കൗമാരപ്രായത്തിൽ പെൺകുട്ടികൾക്ക് സാധാരണയായി ഉണ്ടാവാറുളള ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. അവയെക്കുറിച്ച് പെൺകുട്ടികളും മാതാപിതാക്കളും മനസ്സിലാക്കേണ്ടതാണ്.

ആർത്തവ പ്രശ്നങ്ങൾ

പുതിയ ഭക്ഷണ ശീലങ്ങളും ആധുനിക ജീവിതശൈലിയും കൊണ്ട് ഇപ്പോൾ ആദ്യാർത്തവം 8 മുതൽ 10 വയസ്സിനുള്ളിൽ വരുന്നതായി കാണപ്പെടുന്നു. അതിനുശേഷം എല്ലാ മാസവും ആർത്തവം ഉണ്ടാവേണ്ടതാണ്. പക്ഷേ ക്രമം തെറ്റിയ ആർത്തവം, വയറു വേദനയോടുകൂടിയ ആർത്തവം, അമിത രക്‌തസ്രാവം എന്നീ ആരോഗ്യ പ്രശ്നങ്ങൾ ചിലപ്പോൾ ഉണ്ടാവാം. ഹോർമോണുകളുടെ സന്തുലനം തെറ്റുമ്പോൾ ആർത്തവം വരാൻ വൈകുക, മാസത്തിൽ രണ്ടു തവണ ആർത്തവമുണ്ടാകുക, ആർത്തവമില്ലാതെ രണ്ടുമൂന്നു മാസങ്ങൾക്കു ശേഷം ആർത്തവമുണ്ടാകുക എന്നിങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. ചിലപ്പോൾ ഗർഭപാത്രത്തിന്‍റെയോ അണ്ഡാശയങ്ങളുടെയോ യോനിയുടെയോ വൈകല്യങ്ങളും രോഗങ്ങളും കൊണ്ട് ആർത്തവ ക്രമക്കേടുകൾ ഉണ്ടാവാം. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്‌ടറെ കാണിച്ച് ചികിത്സ തുടങ്ങേണ്ടതാണ്.

ആർത്തവ രക്‌തസ്രാവം കൂടുതലാണെങ്കിൽ രക്‌തക്കുറവ് ഉണ്ടാവാം. കൗമാര പ്രായക്കാരികൾ ഇരുമ്പിന്‍റെ അംശം ധാരാളമടങ്ങിയ ഭക്ഷണങ്ങളും (ഉദാ: പാവയ്‌ക്ക, ഇലക്കറികൾ, നെല്ലിക്ക) എല്ലാവിധ പോഷകങ്ങളുമടങ്ങിയ സന്തുലിതാഹാരവും കഴിക്കാൻ ശ്രമിക്കുക. പൊണ്ണത്തടി ഉണ്ടാവാതെ നോക്കണം. ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്.

ആർത്തവ സമയത്ത് ജനനേന്ദ്രിയത്തിന്‍റെ ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. സാനിട്ടറി പാഡുകൾ കൂടുതൽ നേരം വെയ്‌ക്കാതെ ഇടയ്‌ക്കിടെ മാറ്റുക. സാനിട്ടറി പാഡുകൾ മാറ്റാൻ വൈകിയാൽ യോനിയിൽ ഫംഗസ് അണുബാധ കൊണ്ട് ചൊറിച്ചിലും വെളളപോക്കും ഉണ്ടാവാനിടയുണ്ട്. രോഗാണുബാധ കൊണ്ട് പഴുപ്പും വരാനിടയുണ്ട്.

വിളർച്ച

കൗമാരപ്രായത്തിൽ ഉണ്ടാവാനിടയുളള ഒരു ആരോഗ്യ പ്രശ്നമാണ് വിളർച്ച. വളരുന്ന പ്രായത്തിൽ ഭക്ഷണത്തിൽ നിന്ന് ഊർജ്‌ജവും പോഷകാംശങ്ങളും ലഭിക്കേണ്ടതാണ്. പക്ഷേ പുതിയ തലമുറയിലെ കുട്ടികൾ ഭക്ഷണകാര്യത്തിൽ അനാസ്‌ഥ കാണിക്കുന്നു. രാവിലെ കോളേജിലേക്ക് തിരക്കിട്ടോടുമ്പോൾ ബ്രേക്‌ഫാസ്‌റ്റ് ശരിയായി കഴിക്കാൻ സമയം കിട്ടില്ല. ഉച്ചയ്‌ക്ക് കഴിയ്‌ക്കാൻ ലഞ്ച് ബോക്‌സിൽ കൊണ്ടു പോകുന്ന ഭക്ഷണം ശരീരാവശ്യത്തിനു വേണ്ടത്രയുണ്ടാവില്ല. ചിലപ്പോൾ കൂട്ടുകാരോടൊപ്പം കാന്‍റീനിൽ നിന്ന് ജങ്ക് ഫുഡുകളും ഫാസ്‌റ്റ് ഫുഡുകളും കഴിച്ച് വിശപ്പടക്കുന്നു. തടികൂടുന്നു എന്നു കരുതി അത്താഴം പകുതി മാത്രം കഴിക്കുന്നു. ചോക്ലേറ്റും ഐസ്‌ക്രീമും വളരെ പ്രിയപ്പെട്ടതായതു കൊണ്ട് കഴിക്കാൻ മടി കാണിക്കില്ല. ഇതാണല്ലോ ഇന്നത്തെ കൗമാരപ്രായക്കാരികളുടെ ഭക്ഷണരീതി.

ശരീരത്തിനാവശ്യമായ പോഷകങ്ങളടങ്ങിയ സന്തുലിതാഹാരം കഴിക്കാതെ വരുമ്പോൾ സ്വാഭാവികമായും ക്ഷീണം, വിളർച്ച, തലചുറ്റൽ, തൂക്കക്കുറവ്, വിശപ്പില്ലായ്മ എന്നീ പ്രശ്നങ്ങളുണ്ടാവും. രക്‌തത്തിലെ ഹീമോഗ്ലോബിൻ കുറയുന്നതുകൊണ്ടുളള വിളർച്ചയ്‌ക്കു കാരണം ഭക്ഷണത്തിൽ ഇരുമ്പിന്‍റെ അംശം കുറയുന്നതാണ്. ബികോംപ്ലക്‌സ് വിഭാഗത്തിൽപ്പെട്ട വിറ്റാമിനുകൾ ഭക്ഷണത്തിൽ നിന്നും ലഭിക്കാതിരിക്കുമ്പോൾ മറ്റൊരുതരം അനീമിയ ഉണ്ടാവുന്നു. അതുപോലെ വിറ്റാമിൻ സി, ഡി, കാത്സ്യം മുതലായവ ഭക്ഷണത്തിൽ നിന്ന് കിട്ടാതെ വരുമ്പോൾ പലതരം രോഗങ്ങൾ ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് കൗമാരപ്രായക്കാരികൾ പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം എന്നിവയെല്ലാം അടങ്ങുന്ന സന്തുലിതാഹാരം ദിവസേന കഴിക്കേണ്ടതാവശ്യമാണ്. ഇലക്കറികൾ, പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പാൽ, പാലുല്‌പന്നങ്ങൾ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മുഖക്കുരു

കൗമാരപ്രായത്തിലുളള പെൺകുട്ടികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. മുഖക്കുരു നിറഞ്ഞ മുഖമുളള പെൺകുട്ടിക്ക് കൂട്ടുകാരുടെ ഇടയിൽ പെരുമാറുമ്പോൾ അപകർഷതാബോധവും തോന്നാം. എളുപ്പത്തിൽ ചികിത്സിച്ചു മാറ്റാവുന്ന ഒന്നാണ് മുഖക്കുരു എന്നു മനസ്സിലാക്കണം. ചർമ്മത്തിന് എണ്ണമയം നല്‌കുന്ന ഗ്രന്ഥികളുടെ (സെബേഷ്യസ് ഗ്രന്ഥികൾ) പ്രവർത്തനത്തിൽ വരുന്ന തകരാറും ഹോർമോണുകളുടെ വ്യത്യാസവും ഭക്ഷണത്തിലെ ക്രമക്കേടുകളുമെല്ലാം മുഖക്കുരുവിനു കാരണമാവാം. എണ്ണയും അഴുക്കും കൊണ്ട് മുഖചർമ്മത്തിലെ സുഷിരങ്ങൾ അടയുമ്പോൾ സെബേഷ്യസ് ഗ്രന്ഥികൾ ഉണ്ടാക്കുന്ന ദ്രവം അതിനുളളിൽത്തന്നെ കെട്ടിക്കിടക്കുന്നതുകൊണ്ടും ചിലപ്പോൾ ഹോർമോണുകളുടെ കാരണത്താൽ കൂടുതൽ ദ്രവം ഉല്‌പാദിപ്പിക്കപ്പെടുന്നതു കൊണ്ടും മുഖക്കുരു ഉണ്ടാവുന്നു. അതിനു പുറമേ എണ്ണയിൽ വറുത്തുപൊരിച്ച പലഹാരങ്ങൾ, മധുര പലഹാരങ്ങൾ, ചോക്ലേറ്റ് എന്നിവയുടെ അമിതമായ ഉപയോഗം കൊണ്ട് മുഖക്കുരു വർദ്ധിക്കാം. ആർത്തവത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ആർത്തവശേഷവും ഹോർമോൺ വ്യതിയാനങ്ങളുടെ കാരണത്താൽ മുഖക്കുരു ഉണ്ടാവാം.

മുഖചർമ്മം വൃത്തിയായി സൂക്ഷിച്ചാൽ മുഖക്കുരു ഉണ്ടാകുന്നത് കുറെയൊക്കെ തടയാൻ കഴിയും. ഫേസ് വാഷോ മൃദുവായ ഗ്ലിസറിൻ സോപ്പോ ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകണം. കോളേജിൽ നിന്നു വന്ന ശേഷവും ഉറങ്ങുന്നതിനു മുമ്പും മുഖം കഴുകാൻ മറക്കാതിരിക്കുക.

സന്തുലിതാഹാരം

കഴിക്കണം. ധാരാളം വെള്ളം കുടിക്കുക. മധുരപലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ, നെയ്യ്, വെണ്ണ, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്‌ക്കണം. മുഖത്ത് അനാവശ്യമായി ക്രീമുകളും സൗന്ദര്യവർദ്ധക വസ്‌തുക്കളും പുരട്ടാതിരിക്കുക. മുടിയിൽ എണ്ണമയം കൂടിയാൽ മുഖക്കുരു വരാനിടയുണ്ട്. മുഖക്കുരു ഉണ്ടായാൽ വിരൽകൊണ്ട് ഇടയ്‌ക്കിടെ തൊടാനോ ഞെക്കാനോ കുത്തിപ്പൊട്ടിക്കാനോ പാടില്ല. അങ്ങനെ ചെയ്‌താൽ പഴുപ്പുവരും. ചർമ്മരോഗ വിദഗ്‌ദ്ധനായ ഡോക്‌ടറെ കാണിച്ച് ചികിത്സ തുടങ്ങുന്നതാണു നല്ലത്.

മുടി കൊഴിച്ചിൽ

കേശസംരക്ഷണത്തിൽ ശ്രദ്ധിക്കാതിരുന്നാൽ മുടികൊഴിച്ചിൽ ഉണ്ടാവും. അതിനു പുറമേ പോഷകാഹാരക്കുറവ്, തലയോട്ടിയിലെ ചർമ്മരോഗങ്ങളും താരനും ഹോർമോൺ തകരാറുകൾ, ചിലരോഗങ്ങൾ, മാനസിക സംഘർഷം എന്നിവ കൊണ്ടും മുടി കൂടുതലായി കൊഴിയാറുണ്ട്.

ആഴ്‌ചയിലൊന്നോ രണ്ടോ തവണ മുടിയിൽ എണ്ണ തേയ്‌ക്കുന്നതിൽ തെറ്റില്ല. പക്ഷേ കൂടുതൽ എണ്ണമയമുണ്ടായാൽ തല വിയർക്കുമ്പോൾ അഴുക്കും രോഗാണുക്കളും മുടിയിൽ അടിഞ്ഞുകൂടി മുടി കൊഴിയാനും ചർമ്മരോഗങ്ങൾ വരാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായി ഷാംപൂ ചെയ്‌ത് മുടി വൃത്തിയാക്കണം.

നിങ്ങളുടെ മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ വീര്യം കുറഞ്ഞ ഷാംപൂ ആഴ്‌ചയിലൊരിക്കൽ മാത്രം ഉപയോഗിക്കുക. ഷാംപൂ നന്നായി കഴുകിക്കളയണം. കണ്ടീഷണർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് മുടിയിൽ മാത്രം പുരട്ടുക. കൂടുതൽ പ്രാവശ്യം ഷാംപൂ ചെയ്യുന്നതും ശക്‌തികൂടിയ ഷാംപൂ ഉപയോഗിക്കുന്നതും മുടികൊഴിയാനിടയാക്കും. മുടി ചീകുന്നതും ചുരുട്ടുന്നതും (റോളേഴ്‌സ് ഉപയോഗിച്ച്) മറ്റും നനഞ്ഞ മുടിയാണെങ്കിൽ ചെയ്യരുത്. മുടിപൊട്ടാനും കൊഴിയാനുമിടയുണ്ട്. മുടി ചീകുന്ന ബ്രഷും ചീർപ്പും ഇടയ്‌ക്കിടെ കഴുകി വൃത്തിയാക്കി ഉണക്കണം. മറ്റുള്ളവരുടെ ചീർപ്പും ബ്രഷും ഉപയോഗിക്കുന്നത് ശരിയല്ല. ചർമ്മരോഗങ്ങൾ പകരാനിടയുണ്ട്. മുടികൊഴിച്ചിൽ കൂടുകയാണെങ്കിൽ ചർമ്മരോഗവിദഗ്‌ദ്ധനെ കാണിക്കേണ്ടതാണ്.

മാനസിക പ്രശ്നങ്ങൾ

പെൺകുട്ടികൾ ഏറ്റവുമധികം മാനസികസംഘർഷം അനുഭവിക്കുന്നത് കൗമാരപ്രായത്തിലാണ്. മുഖസൗന്ദര്യം, ശരീരത്തിന്‍റെ വണ്ണം, മുടി എന്നിവയെക്കുറിച്ചെല്ലാം വേവലാതിപ്പെടുന്നത് സ്വാഭാവികമാണ്. കൂട്ടുകാരുടെ ഗ്രൂപ്പിൽ ഇടം നേടാനും സ്വന്തമായ വ്യക്‌തിത്വം നില നിർത്താനുമുള്ള ശ്രമം, സ്വാതന്ത്യ്രത്തോടുള്ള താല്‌പര്യം, അച്‌ഛനമ്മമാരുടെ ഉപദേശം ശ്രദ്ധിക്കാതിരിക്കുക, അനാവശ്യമായ കോപം, ഉൽകണ്ഠ, അപകർഷതാബോധം എന്നിങ്ങനെ ഒട്ടേറെ മാനസികമായ മാറ്റങ്ങൾ ഈ പ്രായത്തിൽ കാണാറുണ്ട്.

കൗമാരപ്രണയങ്ങളും പ്രണയത്തകർച്ചകളും പഠനകാര്യത്തിലുള്ള പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളുമെല്ലാം കൗമാരപ്രായത്തിന്‍റെ പ്രത്യേകതകളാണ്. എടുത്തുചാട്ടവും അനുസരണക്കേടും ദേഷ്യവും വിവരമില്ലായ്‌മയുമെല്ലാം ഈ കാലഘട്ടത്തിന്‍റെ പ്രത്യേകതയാണെന്നു മനസിലാക്കി അച്‌ഛനമ്മമാർ ക്ഷമയോടെ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും നിർദ്ദേശവും നല്‌കണം.

और कहानियां पढ़ने के लिए क्लिक करें...