മഞ്ഞ വെളിച്ചത്തിൽ കുളിച്ചു നിൽക്കുകയാണ് യെല്ലോ ഫെതർ ഹോട്ടൽ. മൈസൂർ പാലസിന്‍റെ രാത്രി ദൃശ്യം പോലെ സുന്ദരമായിരിക്കുന്നു. രാത്രിയും പകലും വേർതിരിച്ചറിയാനാവാത്തത്ര പുതുവർഷ പരിപാടികളാണ് ഹോട്ടലിനകത്ത് നടക്കുന്നത്. പുറത്തിറങ്ങിയാൽ മാത്രം രാത്രിയാണെന്ന് മനസ്സിലാക്കാം.
മദ്യം മണക്കുന്ന ഡാൻസ് ഫ്‌ളോറിൽ ബെല്ലി ഡാൻസറുടെ അരക്കെട്ട് താളാത്മകമായി ചലിക്കുന്നു. ഹൃദയത്തിന്‍റെ അടയാളം രേഖപ്പെടുത്തിയ ആഭരണം അരക്കെട്ടിനോടു ചേർന്ന് വെട്ടിത്തിളങ്ങുന്നുണ്ട്. ആ കാഴ്‌ചയിൽ നിന്ന് കണ്ണെടുക്കാൻ ഗൗതമിനു തോന്നിയില്ല. അവളുടെ ഏതു ശരീരഭാഗത്തേക്കാളും സുന്ദരമാണ് അരക്കെട്ട്.
കയ്യിലെ ഗ്ലാസിൽ നിന്ന് വിസ്‌കി അൽപാൽപമായി നുകർന്നുകൊണ്ട് ആളുകൾ ഈ മാദകനൃത്തം ആസ്വദിക്കുകയാണ്. താനും മെല്ലെ ഉന്മാദാവസ്‌ഥയിലേക്കു വരുന്നുണ്ടെന്ന് ഗൗതമിനു തോന്നി. പക്ഷേ കാൽച്ചുവടുകൾ ഇടറില്ല. എത്ര കഴിച്ചാലും ആ ഒരു കഴിവ് തനിക്കുണ്ടല്ലോ എന്നയാൾ അഭിമാനം കൊണ്ടു. അയാളുടെ ശ്രദ്ധ വീണ്ടും മാദകനർത്തകിയിലേക്കായി. തിളങ്ങുന്ന മഞ്ഞ ബോട്ടത്തിന്‍റെ സ്‌ളീറ്റ്, ചലനങ്ങൾക്കനുസരിച്ച് ഒഴുകി മാറുമ്പോൾ വെളിപ്പെട്ട വെളുത്തു തുടുത്ത കാലുകൾ.
മീരയും മക്കളും ബാംഗ്ലൂരിലേക്കു പോയിരിക്കുന്നു. പുതുവത്സരത്തിന് അച്‌ഛനമ്മമാരോടൊപ്പം ഒരാഴ്‌ച ചെലവിട്ടു വരാമെന്ന് അവൾ പറഞ്ഞപ്പോൾ എതിർത്തില്ല. അയാൾക്ക് ശരിക്കും സന്തോഷമാണ് തോന്നിയത്. അവർക്കൊപ്പം ചെല്ലാൻ ഭാര്യ വളരെ നിർബന്ധിച്ചതാണ്. പക്ഷേ ഓഫീസിലെ തിരക്കുകൾ ചൂണ്ടിക്കാട്ടി അയാൾ ഒഴിഞ്ഞു. ചെന്നൈയിൽ മീറ്റിംഗുണ്ട് എന്നാണ് ഗൗതം പറഞ്ഞിരിക്കുന്നത്. പക്ഷേ യഥാർത്ഥത്തിൽ കുറച്ചു ദിവസം അയാൾക്ക് സ്വതന്ത്രമായി ആഘോഷിക്കണം.
നഗരത്തിലെ പ്രധാന സ്റ്റാർ ഹോട്ടലാണ് യെല്ലോ ഫെതർ. ആട്ടവും പാട്ടും രാവ് വെളുക്കുന്നതു വരെ ഉണ്ടാകും. അർദ്ധരാത്രി ആയപ്പോഴേക്കും ന്യൂ ഇയർ ആശംസകളുടെ പ്രവാഹമായി. ഫോണിലും നേരിട്ടും. മദ്യലഹരിയിൽ കെട്ടിപ്പിടിച്ചും ഉമ്മവച്ചും പുതുവർഷം ആഘോഷിക്കുന്നവർ. രാത്രി ഒരു മണിയോടടുത്തപ്പോൾ അയാൾ പുറത്തേക്കു നടന്നു. കാർ പാർക്കിംഗ് ഏരിയയിലുണ്ട്. പക്ഷേ അയാൾ അതെടുത്തില്ല. പകരം ടാക്‌സി വിളിച്ചു. മദ്യപിച്ച് വണ്ടി ഓടിക്കാൻ ഇഷ്‌ടമില്ലാത്തതുകൊണ്ടാണ്.
അയാളുടെ ചിന്തകളിൽ അപ്പോഴും ആ മനോഹരിയായ ബെല്ലി ഡാൻസറുടെ ചലനങ്ങൾ ഓളം തുളുമ്പിയപ്പോൾ പഴയ ഒരു ഹിന്ദി ഗാനത്തിന്‍റെ ട്യൂൺ അയാൾ മെല്ലെ മൂളി. തെരുവുകളിൽ നല്ല തിരക്കുണ്ട് അപ്പോഴും. ആഘോഷത്തിമർപ്പിൽ ചെറുപ്പക്കാരുടെ സംഘങ്ങൾ ബൈക്കുമായി ചുറ്റിത്തിരിയുന്നു.
ടാക്‌സി വളരെ സാവധാനമാണ് നീങ്ങുന്നത്. നഗരത്തിരക്ക് പിന്നിട്ട് വണ്ടി ദേശീയ പാതയിലേക്ക് കടന്നു. റോഡരികിൽ വെള്ളയും നീലയും ചായമടിച്ച ഗേറ്റിനു മുന്നിൽ അയാൾ വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങി സൂക്ഷിച്ചു നോക്കിയപ്പോൾ അകത്തു വെളിച്ചമുണ്ട് എന്നു മനസ്സിലായി. നീതു ഉറങ്ങിയിട്ടുണ്ടാവില്ല. കോളിംഗ് ബെല്ലടിക്കാതെ അയാൾ വാതിലിൽ മുട്ടി. പിന്നെ മൊബൈലിൽ നിന്ന് ഒരു മിസ്‌ഡ് കോൾ കൂടി ചെയ്‌തു. പുറത്ത് താൻ തന്നെയാണെന്ന് അവൾക്ക് സിഗ്നൽ നൽകാനായിരുന്നു അത്.
വാതിൽ തുറന്നത് നീതു തന്നെയാണ്. അല്ലെങ്കിലും ആ വീട്ടിൽ അവൾ തനിച്ചായിരുന്നു. ലാവണ്ടർ നിറത്തിലുള്ള സാരിയുടുത്തപ്പോൾ നീതുവിന്‍റെ സൗന്ദര്യം പതിന്മടങ്ങായതു പോലെ. തീ പിടിച്ചൊരു ചുംബനം ചുണ്ടത്ത് നൽകിക്കൊണ്ട് അയാൾ അവളെ ഗാഢമായി ചേർത്തു പിടിച്ചു.
നീതുവിന് അൽപം ബലം പ്രയോഗിക്കേണ്ടി വന്നു അയാളിൽ നിന്ന് അകന്നു നിൽക്കാൻ. അവൾക്ക് ചിരി വന്നു. കക്ഷി നല്ല മൂഡിലാണ്.
“നിങ്ങൾക്കെന്തൊരു തിരക്കാണ് ഗൗതം. അൽപസമയം കൂടി കാത്തിരിക്കൂ. നമുക്ക് ആദ്യം എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം, എന്നിട്ടു പോരെ?”
അവൾ ചിരിച്ചുകൊണ്ട് അയാളുടെ നെഞ്ചിൽ ചെറുതായി തട്ടിയ ശേഷം വാതിൽ അടച്ചു കുറ്റിയിട്ടു. പുതുവത്സരാഘോഷത്തിനായി അകത്ത് ബെഡ്‌റൂമിൽ അവൾ എല്ലാം തയ്യാറാക്കി വച്ചിരുന്നു. ജനലിനോട് ചേർന്നാണ് മേശ. അതിൽ വിസ്‌കിയും ഗ്ലാസ്സുകളും സിഗരറ്റു പാക്കറ്റുകളും ഉണ്ടായിരുന്നു.
നീതു സിഗരറ്റ് എടുത്ത് കത്തിച്ച് ഗൗതമിന്‍റെ ചുണ്ടിൽ വച്ചു കൊടുത്തു. എന്നിട്ട് അവളും ഒന്നെടുത്ത് ചുണ്ടത്തു വച്ചു. എരിയുന്ന സിഗരറ്റ് ചുണ്ടിൽ നിന്നെടുക്കാതെ തന്നെ അവൾ ഗ്ലാസ്സുകളിൽ മദ്യം നിറച്ചു.
തുറന്നിട്ട ജനാലയ്‌ക്കപ്പുറം തെളിഞ്ഞുകണ്ട ചന്ദ്രബിംബവും നക്ഷത്രങ്ങളും നോക്കി അവൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ ജീവിതത്തിൽ ഇത്രയും റൊമാന്‍റിക്കായ ഒരു രാത്രി ഉണ്ടായിട്ടില്ല. ഹൃദയത്തിലെ പ്രണയം ശരീരത്തിലേക്ക് പൂത്തിരിയായി കത്തിക്കയറുന്നത് അറിഞ്ഞപ്പോൾ നീതു അയാളെ ആവേശപൂർവ്വം ചുറ്റിപ്പിടിച്ചു.
സുന്ദർദാസ് ഇന്ന് വൈകിട്ടാണ് മുംബൈയ്ക്ക് പോയത്. മൂന്നു ദിവസത്തെ കോൺഫറൻസ് എന്നാണ് അയാൾ നീതുവിനോട് പറഞ്ഞത്. ഡോക്‌ടറാണ് സുന്ദർദാസ്. രാത്രി ഏറെ വൈകി മാത്രം വീട്ടിലെത്തുന്ന പതിവുള്ളയാൾ. അവധിദിനമായ ഞായറാഴ്‌ചയും അയാൾക്ക് പ്രാക്‌ടീസുണ്ട്. ഭർത്താവുമൊത്ത് കുറച്ചു സമയമെങ്കിലും ചെലവഴിക്കണമെന്നുള്ള അവളുടെ മോഹങ്ങൾക്ക് അയാളുടെ പ്രൊഫഷന്‍റെ അത്ര വിലയില്ലായിരുന്നു.
കോളേജിൽ പഠിക്കുന്ന വേളയിൽ വിവാഹത്തെക്കുറിച്ച് ആരു ചോദിച്ചാലും അവൾ പറയാറുള്ള ഏക കാര്യം ഭർത്താവ് റൊമാന്‍റിക്കായിരിക്കണം. അന്ന് പ്രണയിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ആരും അങ്ങനെയൊരു ഓഫറുമായി വന്നു മുട്ടിയതുമില്ല.
എന്തായാലും വിവാഹം നടന്നതു 30-ാം വയസ്സിലാണ്. വീട്ടുകാരുടേയും ബന്ധുക്കളുടേയും അഭിപ്രായത്തിൽ അത് അൽപം വൈകിയ കല്ല്യാണമായിരുന്നു. എന്തായാലും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടാൻ വൈകിയ വിവാഹം അവളെ സഹായിച്ചു എന്നതു നേര്. നഗരത്തിലെ പ്രശസ്‌തമായ കോളേജിൽ അദ്ധ്യാപികയാവാനും കഴിഞ്ഞു.
ഡോക്‌ടർ ആണെന്ന ഒരൊറ്റ കാര്യത്തിലാണ് വീട്ടുകാർ വളരെ താൽപര്യത്തോടെ സുന്ദർദാസുമായുള്ള വിവാഹം നടത്തിയത്. ചെന്നൈ നഗരത്തിലെ പ്രമുഖ ഡോക്‌ടർമാരുടെ നിരയിൽ സുന്ദറുമുണ്ട്. പക്ഷേ ഏതു ദമ്പതികളെയും പോലെ കിടപ്പറയിൽ നിന്നു തന്നെ അവരുടെ പൊരുത്തക്കേട് ആരംഭിച്ചു.
ഡോക്‌ടറാണെങ്കിലും ശരീരത്തിന്‍റെ ശുചിത്വത്തിന്‍റെ കാര്യത്തിൽ സുന്ദറിന് കാര്യമായ ശ്രദ്ധയില്ലാതിരുന്നത് നീതുവിനെ അയാളിൽ നിന്ന് അകലാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ഒട്ടും റൊമാന്‍റിക്കുമല്ല സുന്ദർ. തമാശകൾ പറയുന്നതോ കേൾക്കുന്നതോ പിടിക്കാത്ത പ്രകൃതം.
പെണ്ണിന്‍റെ വികാരങ്ങൾക്ക് യാതൊരു പ്രധാന്യവും കൊടുക്കാതെ കേവലം ഒരു യന്ത്രത്തെപ്പോലെ കിടപ്പറയിൽ പോലും പെരുമാറുന്ന ഭർത്താവിനെ എങ്ങനെ സ്‌നേഹിക്കും. പ്രത്യേകിച്ചും നീതുവിനെപ്പോലെ വളരെ സെൻസിറ്റീവായ, സഹൃദയായ സ്‌ത്രീയ്‌ക്ക്! എന്നിട്ടും അവൾ ഇക്കാലമത്രയും പൊരുത്തപ്പെട്ടു ജീവിച്ചു, സ്വന്തം മകളെയോർത്ത്.
വീട്ടിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള റസിഡൻഷ്യൽ സ്‌കൂളിലാണ് മകൾ പഠിക്കുന്നത്. അവൾ മാസത്തിലൊരിക്കൽ വീട്ടിൽ വരും. എല്ലാ ആഴ്‌ചയിലും നീതു അവിടെ ചെന്ന് അവളെ കാണും.
ജീവിതത്തിൽ വർണാഭമായ നിമിഷങ്ങൾ കൈവിട്ടുപോയെന്നറിയുമ്പോൾ നിശബ്‌ദമായി അതംഗീകരിക്കുകയല്ലാതെ മറ്റെന്തു പോംവഴി? ചിലപ്പോഴാകട്ടെ കിട്ടാത്തതിനു വേണ്ടി കുറുക്കുവഴികൾ തേടുകയും ചെയ്യും. താൻ ജീവിതത്തിൽ ആഗ്രഹിക്കുന്നതൊന്നും സുന്ദറിൽ നിന്ന് കിട്ടില്ലെന്ന് നീതുവിനറിയാം. നിസ്സാരമെന്നു തോന്നാം, തമാശയോടെയുള്ള ഒരു കെട്ടിപ്പിടിത്തം പോലും. അയാൾക്കത്തരം സ്‌നേഹപ്രകടനങ്ങളൊന്നും മനസ്സിൽ അൽപം പോലും ഇല്ല. കാമപൂർത്തീകരണത്തിനല്ല, സ്‌നേഹിക്കപ്പെടുന്നു എന്ന തോന്നലിനു വേണ്ടിയാണ് നീതു മറ്റു പുരുഷന്മാരെ തേടാൻ തുടങ്ങിയത്.
യഥാർഥത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ നൽകുന്ന, ജീവിതത്തിൽ തനിക്ക് പ്രാധാന്യമുണ്ടെന്ന തോന്നൽ ഉണ്ടാക്കാൻ കഴിയുന്ന, തനിക്കു വേണ്ടി സമയം കണ്ടെത്താൻ ശ്രമിക്കുന്ന പുരുഷനെ തേടുകയായിരുന്നു അവൾ. അത്തരമൊരു തേടലിനിടയിലാണ് ഗൗതമിനെ കണ്ടുമുട്ടുന്നത്.
ഗൗതം അവളുടെ സ്‌കൂൾ മേറ്റാണ്. സ്‌കൂൾ ദിനങ്ങളിൽ അവർ തമ്മിൽ അത്രയ്‌ക്കൊന്നും സൗഹൃദമുണ്ടായിരുന്നില്ല. ഉയരം കൂടിയ വെളുത്തു സുന്ദരനായിരുന്നു അന്നും ഗൗതം. കാലങ്ങൾക്കു ശേഷം ഒരു ആലുമ്‌നി മീറ്റിലാണ് ഗൗതമിനെ കണ്ടു മുട്ടിയത്. പിന്നീട് മെസേജുകളായും ഫോൺകോളുകളായും ബന്ധം ചൂടുപിടിച്ചു. അവന്‍റെ സൗന്ദര്യവും തമാശയും തന്നോടുള്ള താൽപര്യവും അവൾക്ക് വളരെ ആകർഷകമായി തോന്നി.
ഭാര്യയുമായി പൊരുത്തമില്ലാത്തതിനാൽ ഗൗതമിന്‍റെയും ലൈംഗിക ജീവിതം തൃപ്‌തികരമല്ലായിരുന്നു. ഗൗതം തിരക്കുള്ള അഭിഭാഷകനാണ്. അയാളുടെ ഭാര്യ എഞ്ചിനീയറുമാണ്. ജോലിയും കുടുംബകാര്യങ്ങളുമായി തിരക്കോടു തിരക്കു തന്നെയാണ് ഭാര്യയ്‌ക്ക്. തന്‍റെ ശാരീരികാവശ്യങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത പോലെയാണ് മീര പെരുമാറുന്നതെന്ന് തുടക്കം മുതലേ ഗൗതം പറയുമായിരുന്നു. അതൊക്കെ കണ്ടറിഞ്ഞതോടെ തനിക്ക് രഹസ്യബന്ധം സ്‌ഥാപിക്കാൻ പറ്റിയ വ്യക്‌തി ഗൗതം തന്നെയാണെന്ന് നീതു തീരുമാനിച്ചു.
മാസങ്ങൾ കഴിയുന്തോറും അവർക്കിടയിലെ പ്രണയത്തിന്‍റെ ശക്‌തി കൂടിക്കൂടി വന്നു. ശാരീരികമായ ബന്ധത്തിനു വേണ്ടി അവർ ശക്‌തമായി ആഗ്രഹിക്കുകയും ചെയ്‌തു. പക്ഷേ കുടുംബങ്ങളെ ഒഴിവാക്കി അനുകൂല സമയം രണ്ടുപേർക്കും ഒത്തു വന്നത് ഈ പുതുവർഷ തലേന്നാണ്. നഗരത്തിലെ പ്രശസ്തനായ അഭിഭാഷകനാണ് ഗൗതം. കുട്ടികൾ ഏറെ ബഹുമാനിക്കുന്ന അദ്ധ്യാപിക എന്ന ക്രെഡിറ്റ് നീതുവിനും സ്വന്തം. പൊതു സ്ഥലത്ത് കണ്ടുമുട്ടുക എന്നത് വളരെ പരിമിതികളുള്ള കാര്യമായിരുന്നു ഇരുവർക്കും. അതുകൊണ്ടാണ് ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിട്ട് മാസങ്ങളോളം കാത്തത്.
ആകാശത്ത് കാർമേഘങ്ങളൊന്നുമില്ലാതെ ചന്ദ്രൻ പൂർണ്ണമായി പ്രകാശം ചൊരിയുന്നുണ്ടായിരുന്നു. ഗൗതമിന്‍റെ വിരലുകൾ മെല്ലെ നീതുവിന്‍റെ വിരൽ തുമ്പുകളിലേക്ക് അരിച്ചു ചെന്നു. ഇനിയും പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന മട്ടിൽ ഇരുവരും ആവേശത്തോടെ കെട്ടിപ്പുണർന്നു. മദ്യലഹരിയിൽ നീതുവിന് സന്തോഷവും വേദനയും തിരിച്ചറിയാനാകാത്ത അവസ്‌ഥയിലായിരുന്നു.
കിളികളുടെ മധുരസ്വരമല്ല പുലരിയിൽ നീതുവിനെ വിളിച്ചുണർത്തിയത്. ശരീരം നുറുങ്ങുന്ന വേദന! ശരീരത്തിലാകെ മുറിപ്പാടുകൾ ഉള്ളതു പോലെ അവൾക്കു തോന്നി. പുറത്ത് അപ്പോഴും ഇരുട്ടുണ്ട്. അവൾ എഴുന്നേറ്റ് ലൈറ്റിടാൻ ആഗ്രഹിച്ചു. എന്നാൽ അതിനുപോലും കഴിയുന്നില്ല. കൈ എത്തിച്ച് ടേബിൾ ലാമ്പ് കത്തിച്ചപ്പോഴാണ് അവളത് കണ്ടത്. ശരീരത്തിലാകെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകൾ! ചോരയിറ്റി നിൽക്കുന്ന മുറിവുകൾ! ഇതെല്ലാം കഴിഞ്ഞ രാത്രിയിൽ സംഭവിച്ചതാണ് എന്നത് അവൾക്ക് അവിശ്വസനീയമായിരുന്നു. മദ്യലഹരിയിൽ ഗൗതമിന്‍റെ മൃഗീയത താൻ അറിയാതെ പോയി.
നീതുവിന് കലശലായ ദേഷ്യവും സങ്കടവും തോന്നി. ഗൗതമിനെ ഇപ്പോൾ തന്നെ വിളിച്ച് തന്‍റെ ദേഷ്യം അറിയിക്കണം. മേശപ്പുറത്ത് മൊബൈൽ നോക്കിയപ്പോൾ കണ്ടില്ല. കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് അവൾ ഞെട്ടിത്തരിച്ചു. അരിശത്തോടെ ബെഡ്‌ഷീറ്റ് വലിച്ചെടുത്ത് പുതച്ച് അവൾ മൊബൈൽ അന്വേഷിക്കാൻ തുടങ്ങി. ഫോൺ പുറത്തേക്കുള്ള വാതിലിനു സമീപം നിലത്തു വീണു കിടക്കുന്നു. പക്ഷേ അത് ഗൗതമിന്‍റേതായിരുന്നു. അപ്പോൾ തന്‍റെ മൊബൈൽ അയാൾ കൊണ്ടുപോയിട്ടുണ്ടാകണം.
വീട്ടിലാകട്ടെ ലാന്‍റ് ലൈൻ കണക്ഷനുമില്ല. അവൾക്ക് അതിശക്‌തമായ ദേഷ്യവും ആത്മനിന്ദയും തോന്നിയ നിമിഷങ്ങൾ. എന്തായാലും ഗൗതമിന്‍റെ ഫോണിൽ നിന്നു തന്നെ വിളിച്ചു നോക്കാമെന്നു കരുതി നീതു ഫോൺ ലോക്ക് തുറന്നു. അതിൽ വന്നു കിടന്ന കോൾ ലിസ്‌റ്റും മെസേജുകളുമൊക്കെ വായിച്ചപ്പോൾ നീതുവിന് തലകറങ്ങുന്നതുപോലെ തോന്നി. അയാളുടെ എത്രയോ പെൺ സൗഹൃദങ്ങളിൽ ഒരാൾ മാത്രമാണ് താൻ!
ഇനി ഗൗതമിനെ വിളിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആട്ടിൻ തോലിട്ട ചെന്നായ ആണയാൾ. ഇത്രയും വലിയ ചതിയനാണ് ഗൗതം എന്ന് എങ്ങനെ അറിയാൻ. മനോഹരമായ ആ രൂപത്തിനുള്ളിലെ ഹൃദയം ഇത്രയും കഠോരവും വികൃതവുമായിരുന്നോ? സ്‌നേഹിക്കുന്ന പെണ്ണിനെ ഇത്രയേറെ വേദനിപ്പിക്കുമ്പോഴാണോ അയാൾക്ക് സുഖം തോന്നുക! എത്ര വിചിത്രമാണ് മനോവ്യാപാരങ്ങൾ.
സ്‌നേഹം കൊതിച്ച് പര പുരുഷന്മാർക്കു പിന്നാലെ പോയ താൻ എത്ര മണ്ടിയാണ്? നീതു കരഞ്ഞ് തളർന്നു കിടക്കയിൽ തന്നെ കിടന്നു. ഒരു മണിക്കൂറെങ്കിലും കരഞ്ഞു കാണും. പുറത്ത് ഗേറ്റിൽ ആരോ തട്ടുന്ന ശബ്‌ദം. അവൾ ഞെട്ടി എഴുന്നേറ്റു. ഇനി സുന്ദർ എങ്ങാനും?
അവൾ വസ്‌ത്രം ധരിക്കാതെ തന്നെ ജനാല തുറന്ന് പുറത്തേക്കു നോക്കി. ഗേറ്റിനരികിൽ ഒരു നാടോടി യുവതി കൈ കുഞ്ഞുമായി വന്നു നിൽക്കുന്നു. കീറിപ്പറിഞ്ഞ വസ്‌ത്രങ്ങൾക്കിടയിലൂടെ ആ യുവതിയുടെ നഗ്നത വെളിപ്പെടുത്തുന്നുണ്ട്. മാറത്തെ മാറാപ്പോടു ചേർന്ന് കിടക്കുന്ന കുഞ്ഞിന്‍റെ ശരീരവും നഗ്നമാണ്. തന്‍റെ ശരീരവും നഗ്നമാണല്ലോ എന്ന് അപ്പോഴവൾ ഓർത്തു.
ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ നേർക്കാഴ്‌ചകൾ മുന്നിൽ വന്നു പെട്ടപ്പോൾ അവൾക്ക് സ്വന്തം നഗ്നതയിൽ വെറുപ്പു തോന്നി. സ്‌നേഹത്തിനു വേണ്ടിയാണ് താൻ ശ്രമിച്ചത്. പക്ഷേ കിട്ടിയതോ? യഥാർത്ഥത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി കൈ നീട്ടുന്ന ഇവർക്കാണ് തന്‍റെ സ്‌നേഹം ആവശ്യം. അതിന് താൻ നഗ്നയാകേണ്ട കാര്യമില്ല. അൽപം ഭക്ഷണവും വസ്‌ത്രവും കൊടുത്താൽ മതി. അവളുടെ സിരകളിൽ നവ്യമായ ഒരു അനുഭൂതി ഉണർന്നു. അവൾ ജനാലയിലൂടെ കൈ നീട്ടി ആ നാടോടി യുവതിയെ അകത്തേക്കു ക്ഷണിച്ചു. അവൾ വേഗം നൈറ്റി എടുത്ത് ധരിച്ച് പുറത്തേക്കു ചെന്നു. കുഞ്ഞിനെയും കൂട്ടി സിറ്റൗട്ടിൽ ഇരിക്കാൻ പറഞ്ഞ ശേഷം നീതു അടുക്കളയിൽ പോയി ഭക്ഷണം എടുത്തുകൊണ്ടു വന്നു. അവർ ആർത്തിയോടെ ഭക്ഷണം കഴിക്കുന്നതു നോക്കി അവളും വെറും നിലത്ത് കുത്തിയിരുന്നു.
ഒരു ദിവസം മുമ്പാണെങ്കിൽ താൻ ഈ പാവങ്ങളെ ശ്രദ്ധിക്കുമായിരുന്നോ? അവൾ ചിന്തിച്ചു.
അകത്ത് അലമാരയിൽ നിന്ന് കുറെ വസ്‌ത്രങ്ങൾ എടുത്തുകൊണ്ട് വന്ന് ആ സ്‌ത്രീക്കു നൽകുമ്പോൾ, അവരുടെ കണ്ണുകൾ ഈറനണിയുന്നത് നീതു കണ്ടു. ഒരു പക്ഷേ അവർ ആകെ കൊതിക്കുന്ന സ്‌നേഹം ഈ പരിഗണനയാവാം.
ഒരൽപം ഭക്ഷണം, ചീത്തയൊന്നും കേൾക്കാതെ കിട്ടുക എന്നതു തന്നെ വലിയൊരു കാര്യമായിരിക്കും. ആ നാലു കണ്ണുകളിലെ നനവ് നീതുവിലേക്കും പടർന്നു. അവൾക്കും കരച്ചിൽ വന്നു. അതു പക്ഷേ സങ്കടം കൊണ്ടായിരുന്നില്ല. മനസ്സിൽ നിറഞ്ഞ കരുണയുടെ കണ്ണീർ ആയിരുന്നുവത്.
ഒരു മണിക്കൂർ മുമ്പ് ഒരു പ്രേമനാടകത്തിന്‍റെ ഇരയായി സ്വയം സങ്കൽപിച്ച് കരഞ്ഞ നീതുവല്ല ഇപ്പോൾ. ഈ കണ്ണീർ മറ്റൊരാൾക്കു വേണ്ടി പൊഴിക്കുന്നതാണ്.
ആ കൊച്ചുകുഞ്ഞ് വയറു നിറഞ്ഞ് സുഖമായി അമ്മയുടെ നെഞ്ചത്ത് ചൂടേറ്റു തൃപ്‌തിയോടെ മയങ്ങാൻ തുടങ്ങുന്നത് ആത്മനിർവൃതിയോടെ അവൾ നോക്കി നിന്നു. ജീവിക്കാൻ വേണ്ടി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടുന്ന ആ ഭിക്ഷക്കാരിയേക്കാളും താഴെയാണ് താനെന്ന് നീതുവിന് തോന്നി. സ്‌നേഹത്തിനു വേണ്ടി എന്തൊക്കെയാണ് താൻ കാണിച്ചു കൂട്ടിയത്. അബദ്ധങ്ങളുടെ കണക്കെടുക്കുമ്പോൾ പുതിയതൊന്ന് ഇനി ഉണ്ടാവില്ല. ഇനി തന്‍റെ ജീവിതം പാവപ്പെട്ടവർക്കു മാത്രം.
നീതു കിഴക്കുദിച്ചു വരുന്ന സൂര്യനെ നോക്കി. സ്വർണ്ണ നിറം കലർന്ന ആകാശത്തേക്ക് ഒരു കൂട്ടം പക്ഷികൾ ഉത്സാഹത്തോടെ പറന്നുയരുന്നു. പ്രതീക്ഷയുടെ ചിറകടികൾ അവിടെ നിറയുന്നുണ്ടായിരുന്നു.