ബാപ്പയോടും ഉമ്മയോടുമൊപ്പം കളിചിരിയുമായി കുട്ടിയുടുപ്പു വാങ്ങാൻ കടയിലേക്കു പുറപ്പെട്ട കുട്ടികൾ പതിവിലേറെ ഉത്സാഹത്തിലായിരുന്നു. ഏറെ നാളുകൾക്കു ശേഷം എല്ലാവരും ഒരുമിച്ചുള്ള ഒരു യാത്രയായിരുന്നുവത്. എന്നാൽ ബാപ്പയുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന ദുഷ്‌ചിന്തകൾ അവർ അറിഞ്ഞിരുന്നതേയില്ല. ഒടുവിൽ നനുത്തു വിറങ്ങലിച്ച പാതിരാവിൽ ഉമ്മയോടൊപ്പം ആ കുരുന്നുകളും അതിദാരുണമായി കൊല്ലപ്പെട്ടു.
ഒരിക്കലും അവസാനിക്കാത്ത ഒരു നിലവിളി പോലെ ഈ സംഭവം നാട്ടുകാരെയും അലട്ടിയ സംഭവമാണ്. കുടുംബനാഥൻ കൊലയാളിയായ കഥ…
അല്ലലില്ലാത്ത കുടുംബം
വളരെ സന്തോഷകരമായി ജീവിതം നയിച്ചിരുന്നവരാണ് മഞ്ചേരി അരീക്കോട് വാവൂർ ചുങ്കംകൂടാതൊടിയിൽ മുഹമ്മദ് ഷെരീഫും ഭാര്യ സാബിറയും. എന്നാൽ വർഷങ്ങൾ പിന്നിട്ടതോടെ ഷെരീഫിന്‍റെ ഉള്ളിൽ ചില സ്വാർത്ഥ താൽപര്യങ്ങൾ ഉടലെടുത്തിരുന്നു.
മണൽ വാരൽ തൊഴിലാളിയായിരുന്ന ഇയാൾക്ക് ചില ഇടപാടുകളിലായി സാമ്പത്തിക ബാദ്ധ്യത ഉണ്ടായി. ഇത് എങ്ങനെയെങ്കിലും ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങളെപ്പറ്റിയാണ് ഇയാൾ പിന്നീട് ചിന്തിച്ചിരുന്നത്. തുടർന്ന് ഷെരീഫിന്‍റെ ഉള്ളിൽ പല പദ്ധതികളും മിന്നിമറഞ്ഞു.
സുഖലോലുപത സ്വപ്‌നം കണ്ട്
ജീവിതം എപ്പോഴും സുഖലോലുപത നിറഞ്ഞതാകണമെന്ന ചിന്താഗതിക്കാരനായിരുന്നു ഷെരീഫ്. എന്നാൽ ആ സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ കഴിയാത്തതിൽ ഇയാൾ വളരെയേറെ അസ്വസ്‌ഥനായിരുന്നു. തുടർന്ന് വിവാഹ സമയത്ത് ഭാര്യയ്‌ക്ക് ലഭിച്ച ആഭരണങ്ങളിലായിരുന്നു ഷെരീഫ് ലക്ഷ്യമിട്ടിരുന്നത്. എഴുപതു പവനോളം ഇയാൾ പണയപ്പെടുത്തി. സാബിറയോട് ഇക്കാര്യങ്ങളെക്കുറിച്ചൊന്നും ഷെരീഫ് തുറന്നു സംസാരിച്ചിരുന്നില്ല. പണത്തിന് അത്യാവശ്യമുണ്ടെന്നും ആഭരണങ്ങൾ വേഗം തിരികെ നൽകാമെന്നുമൊക്കെ ഇയാൾ ഭാര്യയോടു പറഞ്ഞു. ഇതേക്കുറിച്ചൊന്നും സാബിറ ഭർത്താവിനോട് ചോദിച്ചിരുന്നില്ല.
കൊല്ലാനുള്ള പദ്ധതി
പദ്ധതികൾ ഫലപ്രാപ്‌തിയിലെത്താത്തതിൽ ഷെരീഫ് അസ്വസ്‌ഥനായിക്കൊണ്ടിരുന്നു. പണയം വച്ച ആഭരണങ്ങൾ സാബിറ തിരികെ ആവശ്യപ്പെടാൻ തുടങ്ങിയപ്പോൾ ഷെരീഫ് രോഷാകുലനായി. എല്ലാം പെട്ടെന്നുതന്നെ ശരിയാക്കാമെന്ന് ഇയാൾ പറഞ്ഞു. ഭാര്യയെ അപായപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങളാണ് ഇയാളുടെ മനസ്സിൽ ഉണ്ടായിരുന്നത്. വീടിനടുത്തു തന്നെയുള്ള വെള്ളക്കെട്ടു നിറഞ്ഞ കുഴിയിൽ തള്ളിയിട്ട് പ്രിയപ്പെട്ടവരെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
പാവം, അവരൊന്നുമറിഞ്ഞില്ല
ഒരുനാൾ മുൻ തീരുമാനപ്രകാരം ഷെരീഫ് ഭാര്യ സാബിറയേയും മക്കളായ ഫാത്തിമ ഫിദയേയും ഫാത്തിമ നിദയേയും കൂട്ടി ഷോപ്പിംഗിനു പോയി. ഈ സമയം കുട്ടികൾ വളരെയേറെ ഉത്സാഹത്തിലായിരുന്നു. ബാപ്പയോടും ഉമ്മയോടുമൊപ്പം സ്‌കൂട്ടറിൽ യാത്രയായപ്പോൾ ഇരുവരും കാഴ്‌ചകൾ കണ്ടിരുന്നു. കോഴിക്കോട്ടേക്കാണ് യാത്രയായത്. പലയിടങ്ങളിൽനിന്നായി അവർ തങ്ങൾക്കാവശ്യമായ വസ്‌ത്രങ്ങളെല്ലാം വാങ്ങി കൂട്ടി. പിന്നീട് എല്ലാവരും ഒരുമിച്ചിരുന്ന് മതിയാവോളം ഭക്ഷണവും കഴിച്ചു. അപ്പോഴൊക്കെ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. എന്നാൽ ഷെരീഫ് തന്‍റെ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിൽ മുഴുകി. അതിനായി അയാൾ സമയം വൈകിപ്പിച്ചു.
ഇവർ ആശുപത്രിയിൽ കഴിയുന്ന ഒരു ബന്ധുവിനെ സന്ദർശിക്കാനും സമയം ചെലവഴിച്ചു. സമയം രാത്രി ഏറെ വൈകിക്കഴിഞ്ഞപ്പോഴാണ് ഈ കുടുംബം തിരികെ തങ്ങളുടെ വീട്ടിലേക്ക് പോകാൻ തയ്യാറായത്.
മരണത്തിലേക്കുള്ള വഴി
അർദ്ധരാത്രി ഒന്നരയോടെ ഷെരീഫ് കുടുംബത്തോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്നു. അരീക്കോട്- എടവണ്ണപ്പാറ റോഡിൽ ആലുക്കൽ അങ്ങാടിക്കു സമീപം മണൽക്കടവിലേക്കുള്ള റോഡരികിലെ മണ്ണെടുത്ത കുഴിക്കു സമീപത്തു കൂടിയായിരുന്നു യാത്ര.
പ്രധാനറോഡിൽ നിന്നും 100 മീറ്ററോളം മാറിയാൽ വെള്ളക്കെട്ടു നിറഞ്ഞ വലിയ കുഴിയിലാണ് എത്തിച്ചേരുന്നത്. എന്നാൽ ഇതുവഴി എന്തിനാണ് പോകുന്നതെന്ന് ഭാര്യ ചോദിച്ചപ്പോൾ ഷെരീഫ് വ്യക്‌തമായ മറുപടിയൊന്നും നൽകിയിരുന്നില്ല.
ബാപ്പയോടും ഉമ്മയോടുമൊപ്പം ചേർന്നിരുന്ന് കുട്ടികളായ ഫാത്തിമ നിദയും ഫാത്തിമ ഫിദയും ഉറക്കത്തിലാഴ്‌ന്നിരുന്നു. അന്നു വാങ്ങിയ തുണിത്തരങ്ങളെല്ലാം സാബിറ കൈകളിൽ ചേർത്തു പിടിച്ചു. മണൽക്കടവിനു സമീപത്തുകൂടി വാഹനം നീങ്ങുന്നതിനിടയിലാണ് ആ സംഭവം നടന്നത്.
പ്രിയതമന്‍റെ കൊടുംക്രൂരത
വെള്ളക്കെട്ടിനു സമീപത്തുകൂടി സ്‌കൂട്ടർ പോകുമ്പോൾ ഷെരീഫ് വാഹനത്തിന്‍റെ ഗതി തിരിച്ചു വിടുകയാണു ചെയ്‌തത്. പെട്ടെന്നാണ് നാലുപേരും അഗാധമായ വെള്ളക്കെട്ടിലേക്ക് നിലംപതിച്ചത്. മറ്റുള്ളവർ വെള്ളത്തിൽ മുങ്ങിത്താഴ്‌ന്നപ്പോൾ ഷെരീഫ് നീന്തിക്കയറി. തുടർന്ന് ഭാര്യയും മക്കളും വെള്ളത്തിൽ മുങ്ങി മരിക്കുന്നത് ഇയാൾ നിർവികാരനായി നോക്കി നിന്നു. മൂവരുടേയും മരണം ഉറപ്പാക്കിയ ശേഷം ഇളയ കുട്ടിയെ ഷെരീഫ് വെള്ളത്തിൽ നിന്നും ഉയർത്തിയെടുത്തു. പിന്നീട് തോളിൽ കിടത്തി അര കിലോമീറ്റർ അകലെയുള്ള ഗഫൂറിന്‍റെ വീട്ടിലേക്ക് ചെന്നു. ഉടൻ തന്നെ ഇവർ സമീപവാസികളെയും വിവരമറിയിച്ചു.
യാത്രയ്ക്കിടയിൽ ഭാര്യയും കുട്ടികളും അപകടത്തിൽപ്പെട്ടുവെന്ന് പറഞ്ഞ് ഇയാൾ വിതുമ്പിക്കരഞ്ഞു. അവിടെയുണ്ടായിരുന്നവർ ചേർന്ന് ഇയാളെ സമാധാനിപ്പിക്കാൻ പാടുപെട്ടു. ഉടനെ നാട്ടുകാർ വെള്ളത്തിൽ മുങ്ങിത്താഴ്‌ന്ന് പരിശോധിക്കുവാൻ തുടങ്ങി. പുലർച്ചെ മൂന്നരയോടെ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുവാൻ കഴിഞ്ഞു. ഇവർ ഷോപ്പിംഗ് നടത്തിയ സാധനങ്ങളെല്ലാം കുഴിയിലുണ്ടായിരുന്നു.
സത്യാവസ്‌ഥ വെളിച്ചത്തായി
പ്രധാനറോഡിൽ നിന്നും 30 മീറ്ററോളം അകലെയുള്ള മൺകുഴിയിൽ വാഹനം പതിച്ച സംഭവം നാട്ടുകാരിൽ സംശയത്തിന് ഇടയാക്കി. വളഞ്ഞുപുളഞ്ഞു പോകുന്ന റോഡിലൂടെ കുറേദൂരം മുന്നോട്ടു പോയാൽ മാത്രമേ ഇവിടെയെത്തുകയുള്ളൂ. ഈ ഭാഗത്തേക്ക് സ്‌കൂട്ടർ തിരിച്ചു വിട്ടതാണ് സംശയത്തിനിടയാക്കിയത്. ഷെരീഫിന് അപകടത്തിൽ യാതൊരുവിധ പരിക്കുകളും ഇല്ലാതിരുന്നതും ദുരൂഹത ജനിപ്പിച്ചു. കൂടാതെ അസമയത്ത് വിജനമായ പ്രദേശത്തുകൂടിയുള്ള സഞ്ചാരവും ചോദ്യം ചെയ്യപ്പെടുന്നതായിരുന്നു.
സംഭവത്തെ തുടർന്ന് പോലീസ് ഷെരീഫിനെ വിശദമായി ചോദ്യം ചെയ്‌തു. മലപ്പുറം ഡി.വൈ.എസ്.പി അഭിലാഷിന്‍റെ നേതൃത്വത്തിൽ മണിക്കൂറുകൾ നടത്തിയ ചോദ്യം ചെയ്യലിൽ ഷെരീഫ് സത്യാവസ്‌ഥ വെളിപ്പെടുത്തുകയായിരുന്നു. സ്വർണം തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിച്ച് നാടുവിടാനായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വ്യക്‌തവുമായി.
ഇൻഷുറൻസ് തട്ടിയെടുക്കാൻ
കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌ത ഷെരീഫ് ഭാര്യയുടെ പേരിൽ ലക്ഷങ്ങളുടെ ഇൻഷുറൻസ് പോളിസിയും എടുത്തിരുന്നു. ഷെരീഫിന്‍റെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഇതു സംബന്ധിച്ചുള്ള രേഖകൾ കണ്ടെടുത്തിട്ടുമുണ്ട്.
മെയ് 28 ന് പത്തുലക്ഷം രൂപയുടെ ഇൻഷുറൻസ് പോളിസി ഭാര്യയുടെ പേരിൽ ഷെരീഫ് എടുത്തിരുന്നതായാണ് വിവരം ലഭിച്ചത്. അന്നുമുതൽ തന്നെ അപകട പരിരക്ഷ ലഭിക്കുന്ന തരത്തിലുള്ളതായിരുന്നു അത്. ഇതിന്‍റെ ആദ്യഗഡുവായി 25,000 രൂപയാണ് ഇയാൾ അടച്ചിരുന്നത്.
സർട്ടിഫിക്കറ്റ് തപാൽ മാർഗ്ഗം ലഭിക്കുന്ന കാലതാമസം ഒഴിവാക്കാൻ ഷെരീഫ് ഓഫീസിൽ നേരിട്ടു ചെന്ന് അത് കൈപ്പറ്റുകയായിരുന്നു. ഇതു കൂടാതെ കുട്ടികളുടെ പേരിൽ ഇൻഷുറൻസ് എടുക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങളും ഇയാൾ ഇവിടെ നിന്നും അന്വേഷിച്ചിരുന്നതായി വ്യക്‌തമായിട്ടുണ്ട്. എന്നാൽ എല്ലാവരുടെയും പേരിൽ ഒരിടത്തു നിന്നുതന്നെ ഇൻഷുറൻസ് എടുത്താൽ സംശയം ജനിപ്പിക്കുമെന്ന് ഇയാൾ മനസ്സിലാക്കിയിരുന്നതിനാൽ അത് ഒഴിവാക്കുകയായിരുന്നു. ഭാര്യയുടെയും കുട്ടികളുടേയും അപകടമരണം ചിത്രീകരിച്ച് ലക്ഷങ്ങൾ വരുന്ന ഇൻഷുറൻസ് തുക കൈപ്പറ്റുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ദുരൂഹതകൾ ബാക്കി
അതിക്രൂരമായ വിധത്തിൽ പ്രിയപ്പെട്ടവരെ കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫിനെ സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിയിരുന്നു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ അഞ്ചു വെടിയുണ്ടകളും കണ്ടെടുത്തു. കിടപ്പുമുറിയിലെ അലമാരയിൽ ഇത് സൂക്ഷിച്ചിരിക്കുകയായിരുന്നു. വീട്ടുകാരെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ മുമ്പ് ലൈസൻസ് ഉണ്ടായിരുന്നുവെന്നും അത് പിന്നീട് സറണ്ടർ ചെയ്‌തുവെന്നുമാണ് വ്യക്‌തമായത്. ഷെരീഫിന്‍റെ മുറിയിൽ നിന്നും വ്യാജസീൽ നിർമ്മാണ സാമഗ്രികളും കണ്ടെടുത്തു. കോഴിക്കോട് പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നിർമ്മിച്ച സീലിന്‍റെ ഭാഗങ്ങളും ലഭിച്ചിരുന്നു. അതോടൊപ്പം സീൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ ഷീറ്റ്, പശ തുടങ്ങിയവയും ലഭിച്ചു. ഇതെല്ലാം ഷെരീഫിന്‍റെ അനധികൃത ഇടപാടുകളിലേക്കു വെളിച്ചം വീശുന്നു.
തനിക്കു സുഖിച്ചു ജീവിയ്‌ക്കാൻ വേണ്ടി ഭാര്യയേും മക്കളേയും ഇല്ലാതാക്കിയ ഷെരീഫിന്‍റെ ക്രൂരകൃത്യം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇല്ലാതാക്കിയ പാവം കുട്ടികളുടെ നിലവിളി ആ വെള്ളം നിറഞ്ഞ കുഴിയിൽ മുഴങ്ങുകയാണ്.