മലപ്പുറത്തുനിന്നാണ് ഈ സംഭവം. രണ്ട് പെൺമക്കളുള്ള ഇടത്തരം മുസ്ലിം കുടുംബം. ചെറുക്കൻ കാണാൻ വന്നത് പതിനെട്ടുകാരിയായ മൂത്ത പെൺകുട്ടിയെയാണ്. ദല്ലാൾ പറഞ്ഞതനുസരിച്ച് ഒന്നര ലക്ഷം രൂപയും പത്തുപവനും പെൺവീട്ടുകാർ കൊടുക്കാമെന്നേറ്റതുമാണ്. ചെറുക്കൻ വന്നപ്പോൾ യാദൃശ്ചികമായി പതിനഞ്ചുവയസ്സുള്ള ഇളയകുട്ടിയെ കാണാനിടയായി. ജ്യേഷ്‌ഠത്തിയെ കാണാൻ വന്നയാൾ മടങ്ങിപ്പോവുമ്പോൾ വിലപേശാൻ മറന്നില്ല. അനുജത്തിയാണെങ്കിൽ ആദ്യം പറഞ്ഞ തുക തന്നാൽ മതി, ജ്യേഷ്‌ഠത്തിയെ കെട്ടണമെങ്കിൽ റേറ്റ് കൂടും…!
പതിനഞ്ചുകാരിയായ ആ പെൺകുട്ടി ഒമ്പതാംക്ലാസ്സിൽ പഠിക്കുന്നു. ഋതുമതിയായിട്ട് ആറുമാസം ആയിട്ടുള്ളൂ. പെൺകുട്ടി ഋതുമതിയായാൽ കല്ല്യാണത്തിന് പ്രായമായി എന്നാണ് മുസ്ലിം മതമൗലികവാദികളുടെ എക്കാലത്തെയും വാദം.
കുഞ്ഞുപ്രായത്തിലേ കെട്ടിക്കുന്ന രീതി കാലാകാലമായി ഈ സമുദായത്തിൽ ശക്‌തമാണ്. എന്നാൽ ഇപ്പോൾ ഇതിന് നിയമപരമായ പിന്തുണയ്‌ക്കു വേണ്ടി ശ്രമിക്കുകയാണ് കേരളത്തിൽ മതസംഘടനകൾ. 10നും 13നും ഇടയിൽ പ്രായത്തിൽ മിക്കവാറും പെൺകുട്ടികൾ ഋതുമതികളാവുന്നു. ഋതുമതിയായി എന്ന ഒറ്റക്കാരണം കൊണ്ട്, ഈ പെൺകുട്ടികളെ വിവാഹം കഴിപ്പിക്കാൻ ആർക്കാണ് തിടുക്കം? എന്തിനുവേണ്ടിയാണിത്?
ഇന്ത്യയിലെ ബാലവിവാഹം പൂർണ്ണമായും തടയാനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ബാലവിവാഹനിരോധന നിയമം മറികടക്കാൻ കേരളത്തിലെ ഏതാനും മുസ്ലിം സംഘടനകൾ സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പെൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കി നിശ്ചയിച്ച നിയമത്തെ കോടതിയിൽ നേരിടാനുള്ള മുസ്ലിം സംഘടനകളുടെ തീരുമാനത്തിന് മുസ്ലിം സമുദായത്തിൽ നിന്നു പോലും പിന്തുണയില്ല. എന്തുകൊണ്ട് പെൺകുട്ടിയെ ഇത്ര നേരത്തെ വിവാഹം കഴിച്ചയക്കണമെന്നതിനെക്കുറിച്ച് വ്യക്‌തമായ ഒരു കാരണവും ഈ സംഘടനകൾ പറയുന്നുമില്ല. എങ്കിലും ബാലവിവാഹങ്ങൾ എങ്ങനെ നിയമപരമായി അംഗീകരിപ്പിക്കാം എന്നതിനാണ് ഇവർ മുൻതൂക്കം നൽകുന്നത്. ഇതിന്‍റെ മുന്നോടിയായി 16 വയസ്സിൽ വിവാഹിതരായവർക്ക് വിവാഹ രജിസ്‌ട്രേഷൻ നൽകുന്നതു സംബന്ധിച്ച് പഞ്ചായത്തുവകുപ്പിൽ ഒരു സർക്കുലർ വരെ ഇറങ്ങിയിരുന്നു. ഈ സർക്കുലർ, വിവാദത്തെ തുടർന്ന് പിൻവലിച്ചുവെങ്കിലും മതമൗലികവാദികൾ മറ്റൊരു വഴി തേടുകയാണ്.
മുസ്ലിം ജനതയുടെ മൊത്തം അഭിപ്രായമായിട്ടാണ് പല സംഘടനകളും ബാല വിവാഹത്തെ നിയമപരമാക്കാൻ ശ്രമിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഭൂരിഭാഗം പേരും ഇതിനെതിരാണെന്ന് നിലമ്പൂർ മുൻസിപ്പൽ ചെയർമാനും ചലച്ചിത്ര പ്രവർത്തകനുമായ ആര്യാടൻ ഷൗക്കത്ത് ചൂണ്ടിക്കാട്ടുന്നു.
യഥാർത്ഥത്തിൽ മുസ്ലിം മതമൗലികവാദികളുടെ കാർക്കശ്യത്തിന്‍റെ ഇരകളാകുന്നത് പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ്. തലാക്കു ചൊല്ലപ്പെട്ട മുസ്ലിം വിധവയുടെ മക്കൾ, അനാഥാലയത്തിൽ കഴിയുന്ന പെൺകുട്ടികൾ, സാമ്പത്തിക ശേഷിയില്ലാത്തവർ ഇവരെല്ലാമാണ് ആ വിഭാഗം. “ഇതിൽ നിന്നു തന്നെ കാരണം വ്യക്‌തമാണ്. മതപണ്ഡിതന്മാർക്ക് പുരുഷമേധാവിത്വം നിലനിർ ത്തിയാലെ നിലനിൽപ്പുള്ളൂ. അതിനു കരുക്കളാക്കുന്നത് പാവപ്പെട്ട പെൺകുട്ടികളെയാണ്.” വനിതാ കമ്മീഷൻ മുൻഅദ്ധ്യക്ഷ ജസ്‌റ്റിസ് ഡി. ശ്രീദേവി തുറന്നടിക്കുന്നു.
ആരെ, എപ്പോൾ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം പെൺകുട്ടികൾക്കു തന്നെ വേണം. അതിനുപകരം അവളെ പഠിപ്പിക്കാതെ, തൊഴിൽ ചെയ്യിക്കാതെ, കുറച്ചുപണം സ്വരൂപിച്ച് ഏതെങ്കിലുമൊരുത്തന് കൊടുത്ത് (വാങ്ങിയും) തലയിൽ കെട്ടിവയ്‌ക്കുന്ന ഹീനസംസ്‌കാരം അവസാനിപ്പിക്കണം.
പ്രസവിച്ച്, പ്രസവിച്ച് വീട്ടിലിരിക്കാനാണോ സ്‌ത്രീ. ഓരോ സ്‌ത്രീക്കും ഭരിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിൽ നിന്ന് അവരെ തള്ളി മാറ്റാനാണ് ഇത്തരം നിയമമൊക്കെ.
“മുസ്ലിം രണ്ടും മൂന്നും വിവാഹം ഒരേസമയം കഴിക്കുന്നതിന്‍റെ കാരണം ഒരു മതനേതാവ് ഒരിക്കൽ പറഞ്ഞത് കേട്ടു. ഒരു ഭാര്യയ്‌ക്ക് മെൻസസ് വന്നാലും, തന്‍റെ ലൈംഗിക ആവശ്യം നിറവേറ്റാനാണത്രേ രണ്ടാമതും കല്ല്യാണം കഴിക്കുന്നത്. ഇത്ര നികൃഷ്‌ഠമായി ചിന്തിക്കുന്നവരെ തൂത്തെറിയേണ്ട കാലം അതിക്രമിച്ചു. അവൾ പഠിക്കാതിരിക്കണം, എന്നാലല്ലേ ആണിന് മൂന്നും നാലും കെട്ടാൻ പെൺകുട്ടികളെ കിട്ടൂ?” ജസ്‌റ്റിസ് ശ്രീദേവി ചോദിക്കുന്നു.
പെൺകുട്ടി 25 വയസ്സാകാതെ വിവാഹത്തിന് സമ്മതിക്കരുത്. ചുരുങ്ങിയത് ഒരു ജോലിയെങ്കിലും കിട്ടിയിട്ടു മതി. പെൺകുട്ടികളുടെ പ്രായം 16 ആക്കുന്നതിനോട് യോജിക്കുന്ന നൂർബിനയെപ്പോലുള്ളവരുടെ ഇരട്ടത്താപ്പ് മനസ്സിലാക്കണം. അവരുടെ മകൾ വിദ്യാഭ്യാസം നേടിയിട്ടുണ്ട് എന്നിരിയ്ക്കെയാണ് ഈ വാദത്തെ അവർ പിന്തുണയ്‌ക്കുന്നത്. ശ്രീദേവി ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യൻ മെജോറിറ്റി ആക്‌ട് അനുസരിച്ച് 18 വയസ്സ് പൂർത്തിയായാലേ ഒരു കരാറിൽ ഒപ്പുവയ്‌ക്കാനാവൂ. അല്ലെങ്കിൽ ആ കരാർ അസാധുവാണ്. വിവാഹവും ഒരു കരാറാണ്. ഇപ്പോൾ മുസ്ലിം സമുദായത്തിലെ പെൺകുട്ടികളിൽ പലരും 26-27 വയസിലും വിവാഹത്തിനു മടിക്കുന്നുണ്ട്. ജോലി കിട്ടിയിട്ടുമതി എന്നു കരുതുന്നവരുണ്ട്. 16 വയസ്സിൽ തന്നെ കഴിച്ചോളൂ, ഞങ്ങൾ സംരക്ഷിച്ചോളാം എന്നു പറയുന്നവരുടെ മനസ്സിലിരുപ്പ് വ്യക്‌തമായി മനസ്സിലാക്കുന്നവരാണിവർ.
എന്നാൽ ഇത് പഠിച്ചവരുടെ മാത്രം അനുഭവമാണ്. ഈ ഭാഗ്യം ഒരു ചെറിയ വിഭാഗത്തിനു മാത്രം ലഭിക്കുന്നു. എന്നാൽ ദാരിദ്യ്രത്തിലും ശിഥിലമായ ദാമ്പത്യബന്ധങ്ങൾക്കിടയിലും വളർന്നു വരുന്ന പെൺകുട്ടികളുടെ സ്‌ഥിതി ദയനീയമാണ്. അവർ വിവാഹച്ചന്തകളിൽ വിലപേശി വിൽക്കപ്പെടുന്നു. പിഞ്ചുപ്രായമാണെങ്കിൽ രക്ഷിതാവിന് അത്രയും ഭാരം ഒഴിയും. ഇതാണ് ചിന്ത. നേരനുഭവങ്ങളിൽ നിന്നാണ് ഞാനിത് പറയുന്നത്. എഴുത്തുകാരിയും ഗൈനക്കോളജിസ്‌റ്റുമായ ഡോ.ഖദീജ മുംതാസ് പറയുന്നു.
തലാക്കു ചൊല്ലപ്പെട്ട സ്‌ത്രീകളുടെ മക്കൾ, മാതാപിതാക്കളുള്ള അനാഥാലയങ്ങളിൽ കഴിയുന്ന പെൺകുട്ടികൾ ഒക്കെ ഉൾപ്പെട്ട ദുർബലമായ ഒരു വിഭാഗവും ശിഥിലമായ വ്യവസ്‌ഥിതിയും നിലനിൽക്കേണ്ടത് മതമൗലികവാദികളുടെ ആവശ്യമാണ്. ഇതിനു വേണ്ടിയാണ് വിവാഹപ്രായം 16 ആക്കി വിവാഹസാധുത നേടാൻ ശ്രമിക്കുന്നത്.
“വിദ്യാഭ്യാസ രംഗത്തും തൊഴിൽരംഗത്തും വളരെ മുന്നേറിയ പെൺകുട്ടികളെ പിന്നോക്കം തള്ളാനുള്ള ഒരു യാഥാസ്‌ഥിതിക നിലപാടാണിത്. ഇതിനു പിന്നിൽ മുസ്ലിം മതപണ്ഡിതന്മാരാണ്. സംഘടനകൾ മുസ്ലിം ബാലവിവാഹ നിയമ സാധുതയ്‌ക്കായി സുപ്രിം കോടതിയെ സമീപിച്ചാൽ ഞങ്ങൾ കൈകെട്ടി നിൽക്കില്ല. അതിനെതിരെ പരമോന്നത പീഠത്തെ സമീപിക്കും.” മുസ്ലിം വനിതാ അവകാശ പ്രവർത്തകയായ വി.പി. സുഹ്‌റ പറയുന്നു.
ആർത്തവമെത്തി എന്നതു കൊണ്ടുമാത്രം ഒരു പെൺകുട്ടി വിവാഹ ജീവിതത്തിന് യോഗ്യയാകുന്നില്ല. അവൾക്ക് പ്രസവിക്കാനുള്ള ശേഷി ഉണ്ടാകണമെന്നതു മാത്രമാണോ ഈ ചിന്തയ്‌ക്കു പിന്നിൽ? വിവാഹം കൊണ്ട് പെൺസുരക്ഷ എന്ന വാദത്തിനും കഴമ്പില്ല.
ലൈംഗികമായ അപഭ്രംശങ്ങളിലേക്ക് പോകാതിരിക്കാനാണ് ബാല വിവാഹമെങ്കിൽ, ഏറ്റവും കൂടുതൽ അപഭ്രംശം സംഭവിക്കുന്നത് ഇങ്ങനെ വിവാഹിതരാകുന്നവരുടെ ജീവിതത്തിലാണ്. “പുറത്തറിയുന്ന സദാചാരലംഘനം മാത്രമേ ഈ സമുദായത്തിന് പ്രശ്നമാകുന്നുള്ളൂ.” ഡോ. ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നു.
വാസ്‌തവത്തിൽ ബാലവിവാഹത്തിലൂടെ ബലാത്സംഗം തന്നെയാണ് നടക്കുന്നത്. വിവാഹിതയായി ആറുമാസത്തിനകം ഗർഭിണിയായില്ലെങ്കിൽ സംശയമാകും. “ഒരു പെൺകുട്ടിക്കു ആർത്തവമുണ്ടായി എന്നതുകൊണ്ടു മാത്രം ഗർഭധാരണത്തിന് പക്വമാകുന്നില്ല. ആ പക്വത ശരീരത്തിനും മനസ്സിനും വരണമെങ്കിൽ 21 വയസ്സെങ്കിലും വേണം. കാരണം 21 വയസ്സുവരെ അവൾ വളരും. പെൺകുട്ടികൾ വളരെ വേഗത്തിൽ വളരുന്ന കാലമാണിത്. അതേസമയം ഇടത്തരം കുടുംബങ്ങളിലെ പെൺകുട്ടികൾ പോഷകാഹാരക്കുറവും വിളർച്ചയും അനുഭവിക്കുന്നവരുമാണ്. ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും ഗർഭിണികളാവുമ്പോഴും വളരെയേറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നു.
പെൺകുട്ടി വളരേണ്ട പ്രായത്തിൽ അവളുടെ ഉദരത്തിൽ വളരുന്ന ഭ്രൂണം അവൾക്കു വേണ്ട പോഷകങ്ങൾ കൂടി വലിച്ചെടുക്കും. ഫോളിക് ആസിഡിന്‍റെ കുറവുകൊണ്ട് ജനിതക വൈകല്യങ്ങൾ പിറക്കുന്ന കുഞ്ഞിനും ഉണ്ടാകാം. പ്രായം കുറഞ്ഞവരിലും കൂടിയവരിലും ഗർഭാനുബന്ധ പ്രശ്നങ്ങളും കൂടതലായി കാണാറുണ്ട്. മുലയൂട്ടലിന് പോലും മാനസികമായ തയ്യാറെടുപ്പുണ്ടാവില്ല ഈ കുട്ടികൾക്ക്. തുടർച്ചയായുള്ള ലൈംഗിക ബന്ധവും പ്രസവവും ശുചിത്വക്കുറവും ഗർഭാശയ ക്യാൻസർ സാധ്യത കൂട്ടുന്നു.
15-ാം വയസ്സിൽ അമ്മയായി, 35-ാം വയസ്സിൽ അമ്മൂമ്മയായി മാറുന്ന സ്‌ത്രീകൾ. സാമ്പത്തികമായി താഴ്‌ന്ന നിലയിലുള്ള സ്‌ത്രീകൾ 30 വയസ്സു കഴിയുമ്പോഴേ പടുവൃദ്ധകളാവും. സാമ്പത്തിക ശേഷി ഉള്ളവരുടെ ഏക സന്തോഷം ഭക്ഷണമാണെന്നിരിക്കേ, അത് കഴിച്ച് കഴിച്ച് മാറാരോഗങ്ങൾക്കടിമകളുമാവും. ഇപ്പോൾ ഇതാണ് ഭൂരിഭാഗം മുസ്ലിം സ്‌ത്രീകളുടെയും അവസ്‌ഥ. ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നിരവധി സാമൂഹ്യ- ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു അനാചാരമായി വീണ്ടും ബാലവിവാഹം ഉയർന്നു വരുമ്പോൾ, ആത്യന്തികമായി നേട്ടം കൊയ്യാൻ ശ്രമിക്കുന്നത് മത പുരോഹിതരും അവരുടെ ശിങ്കിടികളും തന്നെ.
16-ാം വയസ്സിൽ കല്ല്യാണം വേണോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് മുസ്ലിം പെൺകുട്ടികളാണ്. എന്നാൽ ഈ ചോദ്യം അവരോട് ചോദിക്കാതെ കാര്യം സാധിക്കാനാണ് ശ്രമം. ലൈംഗികവേഴ്‌ചയ്‌ക്കുള്ള ഒരു ലൈസൻസ് എന്നതിൽ കവിഞ്ഞ് ഒരു ലക്ഷ്യവും ഈ നീക്കത്തിലില്ല എന്നിരിക്കെ മുസ്ലിം പെൺകുട്ടികൾ ശക്‌തമായി രംഗത്തുവരണമെന്നു തന്നെയാണ് പൊതു വികാരം. അവരെ പിന്തുണയ്‌ക്കാൻ നിയമം മാത്രമല്ല, സമൂഹ മനസാക്ഷിയുമുണ്ടാകുമെന്നുറപ്പ്.