പ്രെമി മാത്യുവിനെ നിഷാ ജോസ് കെ. മാണി കൂടുതൽ അടുത്തറിഞ്ഞത് സോഷ്യൽ നെറ്റ് വർക്കിംഗിലൂടെയാണ്, കൃത്യമായി പറഞ്ഞാൽ പ്രൊട്ടക്ട് യുവർ മം എന്ന ഫേസ്ബുക്ക് പേജിലൂടെ.. ആ പരിചയമാണ് ഹെയർ ഫോർ ഹോപ്പ് ഇന്ത്യയ്ക്കു വേണ്ടി സ്വന്തം മുടി ദാനം ചെയ്യാൻ നിഷയെ പ്രേരിപ്പിച്ചത്. നിഷയെ മാത്രമല്ല, അവരെപ്പോലെ ധാരാളം പേരെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുകയാണ് പ്രെമിയുടെ ഈ ദൗത്യം. സ്ത്രീകളിലെ സ്തനാർബുദബാധ വർദ്ധിച്ചുവരുന്ന വേളയിൽ ഓരോ സ്ത്രീയെയും ബോധവൽക്കരിക്കാനായി പ്രെമി മാത്യു എന്ന പ്രവാസി മലയാളി കണ്ടെത്തിയ മാർഗ്ഗമാണ് ഈ ഫേസ്ബുക്ക് പേജ് എന്നാൽ ഇന്നത് വെറും ഒരു പേജല്ല, നൂറുകണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ്.
വിദേശ രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള സംഗതിയാണ് മുടി ദാനം. പക്ഷേ മുടി നീട്ടി വളർത്താൻ താൽപര്യമുള്ള മലയാളികൾക്ക് ഇത് പുതിയ ഒരു വിഷയമാണ്. മലയാളി പെൺകുട്ടികളുടെ ശാലീന സൗന്ദര്യത്തിന്‍റെ മുഖ മുദ്രയാണ് നീണ്ട ഇടതൂർന്ന മുടി. ഫാഷന്‍റെ പേരിലോ അസൗകര്യത്തിന്‍റെ പേരിലോ അത് മുറിച്ചു കളയാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്… നിങ്ങൾക്ക് ഒട്ടും മനസ്താപമില്ലാതെ ഇനി അത് നിർവഹിക്കാം. മുടിയില്ലാത്ത ക്യാൻസർ രോഗികൾക്കായി കരുതി വയ്‌ക്കാം ഒരു പിടി മുടി…! വെറുതെ വെട്ടിക്കളയുന്ന മുടിയിഴകളിലൂടെ കുറേ ജീവിതങ്ങളിലേക്ക് ആത്മവിശ്വാസത്തിന്‍റെ കിരണങ്ങൾ പ്രസരിക്കട്ടെ.
റീജിയണൽ ക്യാൻസർ സെന്‍ററിലെ ആവശ്യക്കാരായ കീമോ പേഷ്യന്‍റുകൾക്ക് നാച്ചുറൽ മുടി കൊണ്ടുണ്ടാക്കിയ വിഗ്ഗുകൾ ലഭ്യമാക്കാൻ, ഇതുകൊണ്ടു കഴിഞ്ഞേക്കും. അതിനു വേണ്ടിയാണ് ഹെയർ ഫോർ ഹോപ്പ് ഇന്ത്യ എന്ന സോഷ്യൽ നെറ്റ് വർക്ക് പേജിലൂടെ ദുബായിൽ സ്ഥിരതാമസം ആക്കിയ പ്രെമി മാത്യു എന്ന കൊച്ചിക്കാരി ശ്രമിക്കുന്നത്.
“ഡോക്‌ടർ കുടുംബമാണ് എന്‍റേത്. എന്നിട്ടും ഞങ്ങളിൽ ഒരംഗത്തിന്‍റെ ക്യാൻസർ രോഗബാധ രണ്ടാംഘട്ടത്തിലാണ് മനസ്സിലാക്കിയത്. മിക്ക സ്‌ത്രീകളും അങ്ങനെയാണ്. സ്വന്തം ആരോഗ്യ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കാറില്ല.” പ്രൊട്ടക്‌റ്റ് യുവർ മം എന്ന പ്രചരണം ഫേസ്‌ബുക്കിലൂടെ താൻ തുടങ്ങാനുണ്ടായ സാഹചര്യത്തെപ്പറ്റി പ്രെമി വിശദീകരിച്ചു. അമ്മമാരെ സ്വന്തം ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനായി പ്രേരിപ്പിക്കാൻ കഴിയുക മക്കൾക്കാണ്. സ്‌തനാർബുദ രോഗം സ്‌ത്രീകളിൽ കൂടുതലായ സാഹചര്യത്തിൽ, കുളിക്കുമ്പോൾ, സ്വന്തം ശരീരത്തിൽ മുഴകൾ ഉണ്ടോയെന്ന് പരിശോധിക്കാൻ അമ്മമാരെ കുഞ്ഞുങ്ങൾ ഓർമ്മിപ്പിക്കണമെന്ന ഉപദേശമാണ് പ്രൊട്ടക്‌റ്റ് യുവർ മം എന്ന കാംപെയിനിലൂടെ ചെയ്യുന്നത്. ഇതിന്‍റെ തുടർച്ചയായാണ് മുടി ശേഖരണം എന്ന ദൗത്യം ആരംഭിച്ചത്.
മുടി എന്നു പറഞ്ഞാൽ സ്‌ത്രീയുടെ കിരീടം ചൂടിയ മോഹമാണ്. ഹെയർ സ്‌റ്റൈലിന്‍റെ ഒരു ചെറിയ മാറ്റം പോലും അവളുടെ വ്യക്‌തിത്വവും സൗന്ദര്യവും പ്രതിഫലിപ്പിക്കും. അങ്ങനെയുള്ള മുടി അപ്പാടെ നഷ്‌ടമാകുമ്പോൾ ഉണ്ടാകുന്ന വിഷമം സങ്കല്‌പത്തിനുമപ്പുറമാണ്. ക്യാൻസർ രോഗബാധിതരിൽ പലർക്കും കീമോതെറാപ്പിയുടെ വേദനയേക്കാൾ പ്രയാസകരമാണ് മുടി കെട്ടുകെട്ടായി കൊഴിഞ്ഞു പോകുന്നത്. ചികിത്സാ വേളയിൽ കുറേക്കാലമെങ്കിലും വിഗ്ഗ് ഉപയോഗിക്കേണ്ടി വന്നേക്കാം. നാച്ചുറൽ മുടി കൊണ്ടുള്ള വിഗ്ഗിന് വില കൂടുതലാണ്. അത് വേണ്ടത്ര ലഭ്യവുമല്ല. അപ്പോൾ സ്വന്തം മുടി വെറുതെ മുറിച്ച് ഡസ്‌റ്റ് ബിന്നിൽ തള്ളുന്നതിലും എത്രയോ നല്ലതാണ് അത് ദാനം ചെയ്യുന്നത്!
ഹെയർ ഫോർ ഹോപ്പ് ഇന്ത്യ എന്ന കാംപെയിനിലൂടെ മുടി ശേഖരണത്തിന് പ്രെമി മാത്യുവിനെ പ്രചോദിപ്പിച്ചത് ഒരു എട്ടു വയസ്സുകാരനാണ്, ഡിലൻ. മഹാരാജാസ് കോളേജിലെ മുൻപ്രൊഫസർ എ.വി. പോൾസന്‍റെ മകൻ ആണ് ഡിലൻ. യുഎസിലാണ് താമസം. തന്‍റെ അയൽക്കാരിയായ പെൺകുട്ടി അവളുടെ മനോഹരമായ നീണ്ട മുടി ഒരു വിഗ്ഗ് നിർമ്മിക്കാൻ ദാനം ചെയ്‌തു കണ്ടപ്പോഴാണ് ഡിലനും അങ്ങനെ വേണമെന്ന് തോന്നിയത്. അവൻ മുടി വെട്ടാൻ കൂട്ടാക്കാതെ നീട്ടിവളർത്താൻ തുടങ്ങി. സ്‌കൂളിൽ പരിഹാസങ്ങൾക്കു കാതുകൊടുക്കാതെ ഡിലൻ മൂന്നു വർഷമായി മുടി വളർത്തി അവനത് ദാനം ചെയ്‌തു. കൊച്ചുകുട്ടിയായിരുന്നിട്ടും, ഡിലന്‍റെ ആ സന്മനസ്സ് തന്നെ ഏറെ സ്‌പർശിച്ചുവെന്ന് പ്രെമി മാത്യു പറയുന്നു.
ഹെയർ ഫോർ ഹോപ്പ് ഇന്ത്യ എന്ന പ്രചരണത്തിനു വേണ്ടി ഫേസ്‌ബുക്ക് പേജ് തുടങ്ങിയതും അതുവഴി മുടി ദാനത്തിന്‍റെ മഹത്വം ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ചതും അങ്ങനെയാണ്. കൊച്ചിയിൽ ചിറയ്‌ക്കൽ കുടുംബാംഗമായ പ്രെമി മാത്യു ദുബായിൽ 15 വർഷമായി സ്‌ഥിരതാമസമാണ്. ഭർത്താവ് ഡോ.മാത്യു ദുബായിലെ എൻഎംസി ആശുപത്രിയിൽ ജോലി ചെയ്യുന്നു. മകൾ ആഞ്ചലയുടെ സഹായത്തോടെയാണ് പ്രെമി തന്‍റെ ഫേസ്ബുക്ക് പേജും വെബ്‌സൈറ്റും ആരംഭിച്ചത്. 10 വർഷം കൊണ്ട് വലിയ പിന്തുണയാണ് ഈ പ്രചരണത്തിന് പ്രെമിക്ക് ലഭിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് എമിറേറ്റ്‌സ് വുമൺ അവാർഡിനും നോമിനേറ്റു ചെയ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാനപ്പെട്ട 100 വനിതകളിൽ ഒരാൾ എന്ന ബഹുമതിക്കും അർഹയായി.
ബോധവൽക്കരണത്തിനു വേണ്ടി സ്‌കൂളുകളും കോളേജുകളും വഴി നിരവധി പരിപാടികൾ സംഘടിപ്പിക്കാൻ ഈ കൂട്ടായ്‌മ പ്രേരിപ്പിക്കുന്നു. സ്‌കിറ്റ്, ഡാൻസ്, പാട്ട്, കാർട്ടൂൺ, പോസ്‌റ്റർ രചന, കൂട്ടനടത്തം ഇങ്ങനെ പലതും. ഇന്ത്യയിൽ മുടി ദാനത്തിനും മുടി ശേഖരണത്തിനും പ്രോത്സാഹനമേകുകയാണ് ഈ കൂട്ടായ്‌മ. എട്ട് ഇഞ്ചു മുതൽ നീളമുള്ള മുടിയാണ് ഇങ്ങനെ ദാനം കൊടുക്കാൻ കഴിയുക. നന്നായി ഷാമ്പൂ ചെയ്‌ത് വൃത്തിയാക്കി പോണിടെയിൽ ആക്കിയ ശേഷം മുടി വെട്ടി കവറുകളിൽ ശേഖരിച്ചു വയ്‌ക്കണം. ഇത് മുംബൈയിൽ ഹെയർ എയ്‌ഡിനോ, പാന്‍റീൻ ബൂട്ടിഫുൾ ലെങ്‌തിനോ നൽകിയാൽ അവർ അത് വിഗ്ഗാക്കി മാറ്റി ക്യാൻസർ രോഗികൾക്ക് നൽകും. മുടി ദാനം ചെയ്യാൻ താല്‌പര്യമുള്ളവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രൊട്ടക്റ്റ് യുവർ മം എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.