ജീവിതത്തിൽ ഒരിക്കലെങ്കിലും വിലപേശി സാധനങ്ങൾ വാങ്ങാത്തവരായി ആരും ഉണ്ടാവില്ല. ഉൽപന്നത്തിന്‍റെ വില ന്യായമല്ലെന്ന് തോന്നുമ്പോഴാവുമല്ലോ വിലപേശാനുള്ള പ്രവണത മനസ്സിൽ ശക്‌തമാവുക. കച്ചവടക്കാരൻ അമിതവില ഈടാക്കുന്നുണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും വിലപേശി തന്നെ വാങ്ങുക. അമിത വില നൽകി കയ്യിലെ കാശ് കളയുന്നതിന് പകരം ന്യായമായ വിലയ്‌ക്ക് ഉൽപന്നങ്ങൾ വാങ്ങി ഷോപ്പിംഗ് സ്‌മാർട്ടാക്കുക. നിങ്ങൾ വിലപേശുന്ന ശീലം ഉള്ള ആളാണെങ്കിലും അല്ലെങ്കിലും ഇനി കടയിൽ ചെല്ലുമ്പോൾ ഈ കാര്യങ്ങൾ ഓർക്കുക.

  • വിലപേശുമ്പോൾ കച്ചവടക്കാരൻ ഉൽപന്നത്തിന്‍റെ വില നേരിയതായി കുറയ്‌ക്കാം. എന്നാലും അത് വലിയ വിലയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുക. നിങ്ങൾ എന്ത് വിലയാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് കച്ചവടക്കാരൻ ചോദിക്കാം. നിങ്ങൾ കൊടുക്കാൻ ഉദ്ദേശിക്കുന്നതിനും താഴ്‌ത്തി വില പറയുക. കച്ചവടക്കാരൻ അതിലും അല്‌പം വില ഉയർത്തി അനുയോജ്യമായ വിലയിലെത്തിച്ചേരും.
  • അഥവാ അയാൾ വില താഴ്‌ത്താൻ തയ്യാറല്ലെങ്കിൽ പ്രൊഡക്‌റ്റ് വേണ്ടെന്ന് പറഞ്ഞ് പിൻവാങ്ങാം. നിങ്ങളുടെ പെട്ടെന്നുള്ള പിൻമാറ്റം കച്ചവടക്കാരനെ വില താഴ്‌ത്താൻ പ്രേരിപ്പിക്കും.
  • മറ്റൊരു പ്രധാനകാര്യം നിങ്ങൾ പറഞ്ഞ വിലയോട് കച്ചവടക്കാരൻ യാതൊരു വിധത്തിലും യോജിക്കുന്നില്ലെങ്കിൽ നിങ്ങൾ പറഞ്ഞ വില വളരെ താഴെയാണെന്ന് അനുമാനിക്കാം.
  • വിലപേശൽ രസകരമായ ഒരു ഗെയിം കൂടിയാണ്. ഭൂരിഭാഗം കച്ചവടക്കാരും ഈ ഗെയിം ഇഷ്‌ടപ്പെടാറുണ്ട്. വാങ്ങുന്നയാളുമായി തുറന്ന ആശയവിനിമയത്തിനുള്ള സാധ്യതയാണ് അതുണ്ടാക്കുക. ഒപ്പം ഉൽപന്നങ്ങൾ വിറ്റഴിയുകയും ചെയ്യും.

ശ്രദ്ധിക്കുക

വിലപേശുന്നത് നല്ലതാണെങ്കിലും എവിടേയും വിലപേശിക്കളയാമെന്ന്

ധരിക്കരുത്. റസ്‌റ്റോറന്‍റിലെ ബിൽ, ട്രെയിൻ – ഫ്‌ളൈറ്റ് ടിക്കറ്റ് ചാർജ്, ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലുള്ള വിലപേശൽ പാടില്ല. എന്നാൽ സേവനങ്ങളിൽ പാകപ്പിഴവോ ക്രമക്കേടോ കണ്ടാൽ ചോദ്യം ചെയ്യാനും മറക്കരുത്.

വേണം, വിലപേശാനും ഒരു മിടുക്ക്. മിടുക്കില്ലാത്തവർ ഈ പണിക്കുപോയാൽ ചിലപ്പോൾ മണ്ടത്തരം പറ്റിയെന്നു വരാം. അതുകൊണ്ട് ശ്രദ്ധിക്കുക.

ആവശ്യത്തിനു പണം കരുതുക

കയ്യിൽ നയാ പൈസ വയ്‌ക്കാതെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൊണ്ട് മാത്രം ഷോപ്പിംഗ് ആസ്വദിക്കാൻ ഇറങ്ങുന്നവരുണ്ട്. പക്ഷേ ഇടയ്‌ക്കെങ്ങാനും റോഡരികിൽ നിന്നും ഒരു കരിക്ക് കുടിക്കണമെന്നു തോന്നിയാൽ എന്താവും അവസ്‌ഥ. അവിടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡൊന്നും വിലപ്പോവില്ല. പണം തന്നെ വേണം.

അതുപോലെ എല്ലായിടത്തും ക്രെഡിറ്റ് കാർഡ് സ്വീകരിക്കണമെന്നില്ല. പണം കയ്യിൽ കരുതുകയെന്നാൽ പണം അനാവശ്യമായി ചെലവഴിക്കപ്പെടുമെന്നല്ല അർത്ഥം. എന്നാൽ ക്രെഡിറ്റ് കാർഡിന്‍റെ സ്‌ഥിതി അതായിരിക്കുകയില്ല. പരിധിവിട്ട് പണം ചെലവഴിക്കാൻ അത് നമ്മെ പ്രേരിപ്പിക്കും.

പ്രൊഡക്‌റ്റ് റിസർച്ച്

പരസ്യത്തിൽ ചൂണ്ടിക്കാട്ടുന്ന വിലക്കുറവ് കണ്ട് ഓടി കടയിൽച്ചെന്ന് ഉൽപന്നം സ്വന്തമാക്കും മുമ്പെ നല്ലൊരു റിസർച്ച് നടത്തുക. അതേ ഉൽപന്നത്തിന് മറ്റ് കടകളിലുള്ള വില, വിലക്കിഴിവ് എന്നിവയെക്കുറിച്ചും ഗുണ നിലവാരത്തെക്കുറിച്ചും വിൽപ്പനാനന്തരമുള്ള സേവനങ്ങളെക്കുറിച്ചുമൊക്കെ നന്നായി മനസ്സിലാക്കി ഉൽപന്നം വാങ്ങുന്നതാണ് ബുദ്ധി.

തന്ത്രം

വിലപേശാൻ തുടങ്ങുന്നതും ഒരു തന്ത്രമാണ്. ഒരു ഉൽപന്നത്തിന് വിലയിട്ടിട്ടുണ്ടെങ്കിൽ വിലപേശൽ എന്ന തന്ത്രം വളരെ വിദഗ്‌ദ്ധമായി വേണം അവതരിപ്പിക്കാൻ. എന്താണ് ഇതിന്‍റെ വില എന്നതിനു പകരം നിങ്ങളെന്ത് വിലയാണ് ഉദ്ദേശിക്കുന്നതെന്ന നയതന്ത്രപരമായ ചോദ്യത്തിലൂടെ കാര്യത്തിലേക്ക് കടക്കാം. നല്ല ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്നത് ഏറ്റവും പ്രധാനമാണ്. ചോദ്യം ഉറച്ചതായാൽ ചിലപ്പോൾ വിൽപനക്കാരന് നിങ്ങളിൽ താൽപര്യം തോന്നാം. വില കുറയ്‌ക്കുകയും ചെയ്യും. എന്നാൽ ഒട്ടും ആത്മവിശ്വാസമില്ലാതെയും സങ്കോചത്തോടെയുമാണ് വിലപേശലെങ്കിൽ വിൽപനക്കാരൻ അതെ വിലയിൽ തന്നെ ഉറച്ചുനിൽക്കും.

മാന്യമായ പെരുമാറ്റം

വില കുറച്ചു വേണം എന്ന ഒറ്റ ഉദ്ദേശത്തിൽ വളരെ താഴ്‌ന്ന വില പറയുന്നത് ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക. അത് വിൽപനക്കാരനെ അപമാനിക്കുന്നതിന് തുല്യമാണ്. ചോദിച്ച വിലയുടെ 25% കുറച്ചു പറയുന്നതാണ് ഏറ്റവും നല്ല തന്ത്രം. അല്ലാതെ യാതൊരു ധാരണയുമില്ലാതെ വില താഴ്‌ത്തി പറയുന്നത് ഒഴിവാക്കുക. ഇത്തരം സാഹചര്യങ്ങളിൽ പർച്ചെയ്‌സിംഗ് തന്ത്രമറിയാവുന്ന ഒരു സുഹൃത്തിന്‍റെ സഹായം തേടാവുന്നതാണ്.

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്

ഇന്ത്യപോലുള്ള വികസിത രാജ്യങ്ങളിൽ മാത്രമല്ല വിലപേശൽ നടക്കുന്നത്. അങ്ങ് യൂറോപ്പിന്‍റെ ചില ഭാഗങ്ങളിൽ ഇത് ശക്‌തമായി തന്നെയുണ്ട്. അപരിചിതമായ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുന്ന സഞ്ചാരികൾ കച്ചവട തന്ത്രങ്ങളിൽപ്പെട്ട് ചതിക്കപ്പെടുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഓട്ടോ-ടാക്‌സി ചാർജ്, ഷോപ്പിംഗ് എന്നിവയിലാണ് സഞ്ചാരികൾ വഞ്ചിക്കപ്പെടുക. എന്നാൽ കച്ചവടക്കാരുടെ തന്ത്രങ്ങൾ അറിയുന്നവരാകട്ടെ ഇത്തരം ചതിക്കുഴികളിൽ വീഴാതെ രക്ഷപ്പെടാറുമുണ്ട്. സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന സ്‌ഥലം, രാജ്യം എന്നിവയെക്കുറിച്ച് പരമാവധി വിവരങ്ങൾ മനസ്സിലാക്കുക. അത്തരം സ്‌ഥലങ്ങൾ നേരത്തെ സന്ദർശിച്ച സുഹൃത്തുക്കളോട് വിവരം ആരായുക. നല്ലൊരു ഗൈഡിന്‍റെ സഹായം തേടുക.

ചിലർക്ക് വിലപേശുന്ന കാര്യത്തിൽ അല്‌പം ചമ്മലും നാണക്കേടും തോന്നാം. അല്ലെങ്കിൽ വിലപേശിയാൽ കച്ചവടക്കാരന് നഷ്‌ടമുണ്ടാകുമെന്ന് കരുതി അതൊഴിവാക്കുന്നവരുമുണ്ട്. എന്നാൽ അത്തരം കാര്യങ്ങളെയോർത്ത് വിഷമിക്കേണ്ടതില്ല. വിലപേശൽ നടക്കുന്ന സ്‌ഥലമാണെങ്കിൽ സാധനങ്ങളും സേവനങ്ങളും വിലപേശി മേടിക്കുക തന്നെ വേണം.

ദേഷ്യപ്പെട്ട് വിലപേശുന്നതിന് പകരം വിലപേശൽ എൻജോയബിൾ ഗെയിം ആക്കുന്നതാണ് ബുദ്ധി. കാരണം നിങ്ങൾ ആരേയും ചതിക്കാനോ ചൂഷണം ചെയ്യാനോ അല്ലല്ലോ ശ്രമിക്കുന്നത്. രൂപയുടേയും ഡോളറിന്‍റെയും വിനിമയ നിരക്കിനെപ്പറ്റി നല്ല ധാരണയുണ്ടാവണം. ചിലപ്പോൾ കച്ചവടക്കാരന് ഇത്തരം കാര്യങ്ങളിൽ വലിയ അറിവുണ്ടാവണമെന്നുമില്ല.

ഷോപ്പിംഗ്… ഷോപ്പിംഗ്…

എതെങ്കിലും ഉല്‌പന്നത്തോട് ഇഷ്‌ടം തോന്നിയാൽ ചാടിക്കയറി അത് സ്വന്തമാക്കുന്നതിന് പകരം മറ്റ് കടകളിലും കയറി അതെ ഉൽപന്നത്തിന്‍റെ വിലയും കാര്യങ്ങളും അന്വേഷിക്കുക. മേജർ ടൂറിസ്‌റ്റ് ഷോപ്പിംഗ് കേന്ദ്രങ്ങളെ അപേക്ഷിച്ച് പുറത്തുള്ള സ്‌ഥലങ്ങളിൽ പൊതുവെ വിലക്കുറവായിരിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രദേശവാസികൾ നൽകുന്ന വില നിരീക്ഷിക്കുക.

സ്‌ഥലവാസികളെ അപേക്ഷിച്ച് ടൂറിസ്‌റ്റുകളാണ് എപ്പോഴും അമിത വില നൽകി സാധനങ്ങളും മറ്റും വാങ്ങുക. സ്‌ഥലവാസികളെ അപേക്ഷിച്ച് ടൂറിസ്‌റ്റുകൾ ധനികന്മാരാണെന്ന ധാരണയിലാണ് കച്ചവടക്കാർ ലാഭം ലാക്കാക്കി ഇത്തരം ചൂഷണങ്ങൾക്ക് മുതിരുന്നത്.

ഷോപ്പിംഗ് എത്രത്തോളമെന്ന് നിശ്ചയിക്കുക

വിലയൊന്നും നോക്കാതെ കണ്ണിൽ കണ്ടതൊക്കെ സ്വന്തമാക്കുന്നത് ഒരു പക്ഷേ വലിയ നഷ്‌ടം തന്നെ ഉണ്ടാക്കാം. ഷോപ്പിംഗ് എത്രത്തോളമാകാമെന്ന് മുൻകൂട്ടി നിശ്ചയിക്കുക. സാധനങ്ങൾ വാങ്ങിക്കൂട്ടി സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോഴുണ്ടാകുന്ന അധിക ചാർജ്, കൊണ്ടുപോകുന്നതിനിടയിലുണ്ടാകുന്ന ഡാമേജ് എന്നിവ കനത്ത നഷ്‌ടമുണ്ടാക്കാം. അമൂല്യമായ എന്തെങ്കിലും വസ്‌തു പെയിന്‍റിംഗ്, ശില്‌പം പോലുള്ളവ വിലപേശി തന്നെ വാങ്ങുക.

മാന്യമായ വിലപേശൽ

വിലപേശുന്ന കാര്യത്തിൽ കച്ചവടക്കാരും ഒട്ടും പിറകിലല്ല. നേരത്തെ നിശ്ചയിച്ചതുപോലെയുള്ള സ്‌ക്രിപ്‌റ്റിനനുസരിച്ചാവും ഇരുകൂട്ടരും വിലപേശലിൽ മുന്നേറുക. ഇരുകൂട്ടരുടേയും പ്രധാന ലക്ഷ്യം ലാഭം മാത്രം ആയിരിക്കും. ഒടുവിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ വിലയിലെത്തുകയും ചെയ്യും. അതാണ് ശരിയായ വിലപേശലിന്‍റെ ധർമ്മവും.

और कहानियां पढ़ने के लिए क्लिक करें...