ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേർ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്‍റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകൾ എടുക്കുന്നതും ഞങ്ങൾക്കു കാണാമായിരുന്നു.

അല്പം അകലെ കുറെപ്പേർ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്നാനം, ജീവിതത്തിൽ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളിൽ നിന്നും മോചനം നൽകി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും. ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ് ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ…

ഗംഗയിൽ മുങ്ങി നിവരുമ്പോൾ ഹൃദയത്തിൽ വന്നു നിറയുന്ന ആത്മീയമായ അനുഭൂതി… ഗംഗയെത്തഴുകിയെത്തുന്ന കുളിർകാറ്റ് മനസ്സിനുള്ളലെ ശാന്തിയുടെ തീരങ്ങളെ തഴുകിത്തലോടുമ്പോൾ ഹൃദയത്തിൽ നിറയുന്ന?ആനന്ദം…. എല്ലാമെല്ലാം ഗംഗയുടെ ഓളങ്ങളിലെ പാദസ്പർശനത്തിൽ നിന്നു തന്നെ എനിക്കു ലഭിച്ചു കഴിഞ്ഞിരുന്നു. പിന്നീട് മെല്ലെ മെല്ലെ ആ കുളിർ ജലത്തിൽ മുങ്ങിത്താഴുമ്പോൾ കൈയ്യിൽ ചിതാഭസ്മകലശമുണ്ടായിരുന്നു.

പൂജാരിയുടെ ക്രീയകൾക്കു ശേഷം വേണം അതു നിമഞ്ജനം ചെയ്യുവാൻ… ഒന്നു മുങ്ങി നിവർന്ന ശേഷം കരയിൽ നിരനിരയായി നിവർത്തി വച്ചിരിക്കുന്ന ബലിക്കുടകളിലൊന്നിൽ ചെന്നിരുന്നു.

മുന്നിലെ പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ബലിയിടൽ കർമ്മം ആരംഭിച്ചു. ആദ്യം പിതൃക്കൾക്കു വേണ്ടിയുള്ള ക്രീയകൾ, പിന്നീട് മൂന്നുവട്ടം ഗംഗയിൽ മുങ്ങി നിവർന്ന് തിരികെയെത്തുമ്പോൾ, ആദ്യം അമ്മയ്ക്കുവേണ്ടി… പിന്നീട് നരേട്ടന്… ഏറ്റവും ഒടുവിൽ രാഹുൽമോന്…

എല്ലാവർക്കും പൂജാരിയുടെ നിർദ്ദേശമനുസരിച്ച് ദർഭയണിഞ്ഞ് ചോറ്, എള്ള്, പൂവ് എന്നിവ സമർപ്പിച്ച് തൊഴുതു. പിന്നീട് മൂന്നും കൂടി കൈകളിൽ വാരിയെടുത്ത് ഗംഗയിൽ താഴ്ത്തി മുങ്ങി നിവർന്നു. ചിതാഭസ്മകലശത്തിലും പൂജാരി ക്രീയകൾ ചെയ്തിരുന്നു. ഒടുവിൽ അത് ഗംഗയുടെ ഓളങ്ങളിൽ ഒഴുക്കി വിടുമ്പോൾ മനസ്സ് നിയന്ത്രണം വിട്ട്കേണു. അമ്മേ… ഈ മകൾക്ക് മുക്തി തരൂ… എല്ലാ പാപങ്ങളിൽ നിന്നും, ജനിമൃതികളിൽ നിന്നും മുക്തി…

ഒഴുകുന്ന കണ്ണീർ ഗംഗയുടെ ഓളങ്ങളിലലിഞ്ഞ് അപ്രത്യക്ഷമായിക്കൊണ്ടിരുന്നു. ഹൃദയ ശുദ്ധി കൈവന്ന പോലെ മനസ്സു ശാന്തമായപ്പോൾ ഇരുകൈകളും കൂപ്പിത്തൊഴുതു.

“അമ്മേ… ഗംഗേ… ഇനിയുമൊരിയ്ക്കൽ കൂടി പാപങ്ങൾ ചെയ്യാനിട വരുത്തരുതേ… അറിയാതെ ചെയ്‌തു പോയ പാപകർമ്മങ്ങൾക്ക് പരിഹാരം കാണുവാൻ കഴിഞ്ഞില്ലെങ്കിൽ ഈ ജന്മം ഞാൻ അവിടത്തെ മാറിൽ ഹോമിക്കും. ഇതുറപ്പ്…

ഞാൻ അറിയാതെ മുന്നോട്ടു പോകുന്നതു കണ്ട് അരുൺ പരിഭ്രമത്തോടെ വിളിച്ചു.

“അരുത് മാഡം… മുന്നോട്ടു നീങ്ങിയാൽ ആഴമുണ്ട്… മുങ്ങിപ്പോകും…”

ഹൃദയത്തിന്‍റെ ഏതോ പ്രേരണ കൊണ്ടാണെന്നു തോന്നുന്നു, അറിയാതെ കാലുകൾ മുന്നോട്ടു നീങ്ങിയത് അറിഞ്ഞില്ല. ഒരാത്മഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ? ആവോ?… എനിക്കറിയില്ല.

മുന്നോട്ടു ചലിച്ച കാലുകളെ പിൻവലിച്ച് കരയിലേയ്ക്കു കയറുമ്പോൾ ഭയചകിതനായി നിൽക്കുന്ന അരുണിനെ കണ്ടു. ഒരു വിളറിയ ചിരിയോടെ പറഞ്ഞു.

“അരുൺ വല്ലാതെ ഭയന്നു എന്നു തോന്നുന്നു. ശരിയാണ് അരുൺ… അറിയാതെ ഒരു ആത്മാഹുതിയ്ക്കുള്ള പ്രേരണ മനസ്സിലുണർന്നുവോ എന്ന സംശയം… സകലപാപസംഹാരിണിയായ ഗംഗ… ജനി-മൃതികളിൽ നിന്നുള്ള മോക്ഷപ്രാപ്തി… ഇതൊക്കെയല്ലെ ഇവിടെ മരിച്ചാൽ നമുക്കു ലഭിക്കുക. അങ്ങിനെ ഒരു മോഹം ഒരു നിമിഷ നേരത്തേയ്ക്ക് മനസ്സിലുണർന്നുവെന്നു തോന്നുന്നു…” പിന്നീട് സ്തംഭനായി നിൽക്കുന്ന അരുണിനെ നോക്കി സാന്ത്വനിപ്പിക്കും മട്ടിൽ പറഞ്ഞു.

“പേടിയ്ക്കേണ്ട അരുൺ… ആ ഒരു നിമിഷത്തെ പ്രേരണയെ ഞാൻ അതിജീവിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എനിക്ക് മോക്ഷപ്രാപ്തി ലഭിക്കേണ്ടത് ഈ ജന്മത്തിലെ തന്നെ പാപ പരിഹാര കർമ്മങ്ങളിലൂടെയാണ്. അത് ഞാൻ ജീവിച്ചു തന്നെ നേടണം…”

എന്‍റെ വാക്കുകളിലെ സത്യസന്ധത ബോധ്യമായിട്ടെന്നവണ്ണം അരുൺ ആശ്വാസ നിശ്വാസങ്ങളുതിർക്കുന്നതു കണ്ടു. പെട്ടെന്ന് ദശാശ്വമേധഘട്ടിലെ പടിക്കെട്ടുകൾ കയറിക്കൊണ്ട് അരുൺ പറഞ്ഞു.

“വരൂ… മാഡം നനഞ്ഞ വസ്ത്രങ്ങളോടെ നിൽക്കണ്ട. നമുക്ക് ഇവിടെയെവിടെയെങ്കിലും റൂം കിട്ടുമോ എന്നന്വേഷിക്കാം. സൂര്യോദയം കാണാനുള്ള ധൃതിയിൽ ഇങ്ങോട്ടു പോരുമ്പോൾ റൂമിനെക്കുറിച്ച് അന്വേഷിക്കാൻ പറ്റിയില്ല. ഇനിയിപ്പോൾ ആരൊടെങ്കിലും ചോദിച്ചു നോക്കാം. ഇവിടെ നല്ല ഹോട്ടൽ എവിടെയാണുള്ളതെന്ന്…

ദശാശ്വമേധഘട്ടിൽ നിറയെ ബനാറസ് സിൽക്ക് സാരിക്കടകളും മറ്റു വ്യാപാര ശാലകളും ഉണ്ടായിരുന്നു. അവിടെ ഒരു കടയിൽക്കയറി അരുൺ “ഇവിടെ എവിടെയാണ് നല്ല താമസസ്‌ഥലം ഉള്ളതെന്ന്” ഹിന്ദിയിൽ അന്വേഷിച്ചു.

“നല്ല ഹോട്ടലുകളെല്ലാം മിക്കവാറും നിറഞ്ഞു കഴിഞ്ഞിട്ടുണ്ടാവും. അടുത്തു തന്നെ ഒരു നല്ല സത്രമുണ്ട്. നിങ്ങൾക്ക് ഇന്ന് ഒരു ദിവസത്തേയ്ക്ക് അവിടെ കഴിയാം…”

കടയുടമ പറഞ്ഞതനുസരിച്ച് ഞങ്ങൾ അങ്ങോട്ടേയ്ക്ക് യാത്ര തിരിച്ചു. പോകുമ്പോൾ ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി. ശാന്തമായി ഒഴുകുന്ന ഗംഗ… മുകൾപ്പരപ്പിലൂടെ ഒഴുകി നീങ്ങുന്ന ബലിശിഷ്ടമായ അരിയും, പൂവും പിന്നെ നിരവധി തോണികളും… തോണിയിൽ വിദേശികളും, സ്വദേശികളുമായ നിരവധി യാത്രക്കാർ… അരുൺ സ്വന്തം ക്യാമറയിൽ ഗംഗയുടെ ആ മനോഹര ചിത്രം ഒതുക്കുവാൻ ശ്രമിച്ചു കൊണ്ട് ദശാശ്വമേധഘട്ടിന്‍റെ പടവുകളൊന്നിൽ നിന്നു.

പിന്നെ എന്നോടൊപ്പം ചേർന്ന് നടന്നു തുടങ്ങി. വഴിയരികിൽ അപ്പോൾ കണ്ട സൈക്കിൾ റിക്ഷകളൊന്നിൽ കയറിക്കൊണ്ട് അരുൺ സത്രത്തിന്‍റെ പേരു പറഞ്ഞു. അപ്പോഴേയ്ക്കും സൂര്യവെളിച്ചം പൂർണ്ണമായി ഭൂമിയിലെത്തിത്തുടങ്ങിയിരുന്നു.

വാഹനങ്ങളും ജനങ്ങളും കൊണ്ട് നിബിഢമായ നിരത്തിലൂടെ വൃദ്ധനായ ആ റിക്ഷാക്കാരൻ ഞങ്ങളേയും കൊണ്ട് പാഞ്ഞു.

വഴിയരികിൽ പലയിടത്തും, പശുക്കളേയും കാളകളേയും പട്ടികളേയും കണ്ടു. ഇവയെല്ലാം അവിടെ യഥേഷ്ടം മേഞ്ഞു നടക്കുകയായിരുന്നു.

ഞങ്ങൾ സത്രത്തിലെത്തി നനഞ്ഞ വസ്ത്രങ്ങൾ മാറിയുടുത്തു. അതു കഴിഞ്ഞ് സത്രത്തിൽ നിന്നു തന്നെ ആഹാരം കഴിച്ച് അല്പനേരം വിശ്രമിച്ചു. വീണ്ടും വൈകുന്നേരം ഗംഗാസ്നാനം ചെയ്‌ത് വിശ്വനാഥക്ഷേത്രത്തിലേയ്ക്ക് പുറപ്പെട്ടു. ഗംഗാസ്നാനം, മനസ്സിനെ എന്ന പോലെ ശരീരത്തിനും വിശുദ്ധി നൽകിയിരുന്നു.

ആ വിലയ ക്ഷേത്രത്തിനു ചുറ്റും നടന്നു കണ്ടു. പിന്നെ ഭൈരോ നാഥ ക്ഷേത്രത്തിലെത്തി. ഭൈരോ നാഥിൽ കാലഭൈരവ പ്രതിഷ്ഠയാണുള്ളത്. ഭൈരവന്‍റെ വാഹനമായ നായയുടെ പ്രതിമയും അവിടെ കണ്ടു. അപ്പോൾ മനസ്സിലോർത്തു. ഇവിടെയുള്ളവർ വെറുതെയല്ല നായയെ യഥേഷ്ടം അലയാൻ വിട്ടിരിക്കുന്നത്. ഈ ക്ഷേത്രത്തിൽ അതിനേയും പൂജിക്കുന്നുണ്ടല്ലോ. ചുറ്റമ്പലത്തിലെ നവഗ്രഹങ്ങൾ, ഗണപതി, പാർവ്വതി, രാധാകൃഷ്ണന്മാർ എന്നിവരേയും തൊഴുതു. അപ്പോൾ ആരോ പറഞ്ഞു.

“ഇവിയെത്തി ഒരു ദർശനം കൊണ്ടു മാത്രം പല ജന്മങ്ങളിലേയും പാപം ഇല്ലാതാകും.”

മരണശേഷം നരകത്തിൽ ചെല്ലുമ്പോൾ കഠിനവേദന നൽകി, ലൗകീക ജീവിതത്തിലെ പാപകർമ്മങ്ങളുടെ കണക്കു തീർക്കുന്ന കാലഭൈരവൻ…. വെള്ളിയിൽ തീർത്ത കൊമ്പൻ മീശയുള്ള ഭൈരവ പ്രതിഷ്ഠ തൊഴുതു നിൽക്കുമ്പോൾ ഇഹലോകത്തിലെ എല്ലാപാപങ്ങളും, സംസാര ഭയവും ഇല്ലാതാകുന്നതു പോലെ തോന്നി. ഇവിടെ വന്നു തൊഴുതില്ലെങ്കിൽ അതു വലിയ നഷ്ടമാകുമായിരുന്നു എന്നു മനസ്സു പറഞ്ഞു.

പൂജാരി നൽകിയ ഭസ്മം നെറ്റിയിലണിഞ്ഞ് തിരിച്ചു നടക്കുമ്പോൾ മനസ്സ് സംതൃപ്തിയോടെ മന്ത്രിച്ചു. അറിഞ്ഞോ, അറിയാതെയോ ചെയ്‌ത എല്ലാ പാപഭാരവും ഇവിടെ ഇറക്കി വച്ച്, ശൂന്യമായ മനസ്സോടെ ഞാൻ യാത്ര തുടരട്ടെ…

സത്രത്തിലെത്തി വിശ്രമിച്ച ശേഷം ഞങ്ങൾ മണികർണ്ണികയിലേയ്ക്ക് യാത്ര പുറപ്പെട്ടു. മനുഷ്യൻ എത്ര നിസ്സാരനെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നിടം. പലതും വെട്ടിപ്പിടിച്ചെന്ന് അഹങ്കരിക്കുന്ന മനുഷ്യൻ ഒടുവിൽ വെറും മാംസ പിണ്ഡമായി, ചാരമായി ഇവിടെ അവശേഷിക്കുന്നു.

പലപ്പോഴും പാതി ദഹിച്ച ശരീരമായി പുഴയിൽ ഒഴുകി നടക്കുന്നു. അല്ലെങ്കിൽ നായ്ക്കൾക്ക് ആഹാരമായിത്തീരുന്നു. ഇവിടെ വിലയില്ലാത്ത ഒന്ന് മനുഷ്യൻ മാത്രമാണെന്ന് തോന്നിപ്പോകുന്നു. എങ്കിലും ലൗകിക ജീവിതത്തിലെ എല്ലാ സുഖ ദുഃഖങ്ങളും അനുഭവിച്ച് ഒടുവിൽ മരണത്തെ പുൽകുവാനായി മാത്രം മനുഷ്യൻ ഇവിടെയെത്തുന്നു.

എല്ലായ്പ്പോഴും നിരവധി മനുഷ്യ ശരീരങ്ങൾ ദഹിപ്പിക്കുന്നതിനാൽ മണികർണ്ണികയുടെ ആകാശം പുകപടലങ്ങളാൽ കറുത്തിരുണ്ടിരിക്കും. ഹരിശ്ചന്ദ്രഘട്ടിലും ശവങ്ങൾ ദഹിപ്പിക്കുന്നതു കണ്ടു. എന്നാൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാൽ എല്ലാം ദൂരെ നിന്നു മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. ആ കാഴ്ച തന്നെ മനസ്സിനെ മരവിപ്പിക്കുന്നതായി തോന്നി.

പുണ്യം തേടി കാശിയിലെത്തുന്നവരുടെ അന്ത്യവിശ്രമ സ്‌ഥലം, ഹൃദയത്തിൽ അസ്വസ്ഥത പടർത്തി. അതുവരെ മനസ്സിൽ നിറഞ്ഞു നിന്ന പ്രശാന്തത എങ്ങോ മറയുന്നതു പോലെ. ഒരിക്കൽ കൂടി ജീവിത നൈരാശ്യത്തിന്‍റെ പടുകുഴിയിലേയ്ക്ക് മനസ്സ് ആഴ്ന്നിറങ്ങുന്നതു പോലെ… മോക്ഷപ്രാപ്തിയ്ക്ക് വെമ്പുന്ന ഒരു വൈരാഗിയുടെ ഭാവം എന്നിൽ പടരുന്നതു കണ്ടാകാം, ഒരിക്കൽ കൂടി രാവിലത്തെ സംഭവങ്ങൾ ആവർത്തിക്കുമോ എന്ന് ഭയന്ന് അരുൺ പറഞ്ഞു.

“വരൂ…. മാഡം അധിക സമയം ഇവിടെ നിൽക്കണ്ട. മാഡത്തിന്‍റെ മനസ്സു ശരിയല്ല. നമുക്ക് ദശാശ്വമേധാഘട്ടിലേയ്ക്കു പോകാം. അവിടെ സന്ധ്യയ്ക്ക് ഗംഗാ മാതാവിനർപ്പിക്കുന്ന ആരതി ഉണ്ട്. അതിൽ പങ്കെടുത്തു കഴിയുമ്പോൾ മനസ്സിന്‍റെ എല്ലാ മ്ലാനതയും അകലും. ഹൃദയം ശാന്തഭരിതമാകും…”

ഞങ്ങൾ എത്രയും വേഗം അവിടെ നിന്നും മടങ്ങി. ദശാശ്വമേധഘട്ടിലെത്തി അരുൺ പറഞ്ഞതു പോലെ സന്ധ്യയ്ക്കുള്ള ഗംഗാമാതാവിനുള്ള ആരതിയിൽ പങ്കെടുത്തു. ആ ദീപാരാധനയിൽ പങ്കെടുത്തു കഴിഞ്ഞപ്പോൾ ഹൃദയം പഴയതു പോലെ ശാന്തമായി. ഭക്‌തിയുടെ ആ പരിവേഷത്തിൽ എല്ലാ ദുഃഖങ്ങളും ഓടിയൊളിച്ചു. അതുവരെയനുഭവിക്കാത്ത ഏതോ ആനന്ദം മനസ്സിനെ പുൽകി.

ആരതി കഴിഞ്ഞ് പ്രസാദവും വാങ്ങി രാത്രിയോടെ സത്രത്തിലെത്തി. അപ്പോൾ അരുൺ പറഞ്ഞു, “ഞാൻ തിരിച്ചുള്ള യാത്രയ്ക്ക് ഫ്ളൈറ്റ് ബുക്കു ചെയ്‌തു കഴിഞ്ഞു. ഇനിയുമൊരു ട്രെയിൻ യാത്ര മാഡത്തിനെ വല്ലാതെ ക്ഷീണിപ്പിക്കും.”

ആ വാക്കുകളിൽ ഒരു മകന്‍റെ കരുതൽ നിറയുന്നത് ഞാൻ കണ്ടു.

ഓട്ടോയിൽ തിരിച്ചു പോരുമ്പോൾ അരുൺ ഓർമ്മിപ്പിച്ചു. “മാഡത്തിന് ഷോപ്പിംഗ് വല്ലതുമുണ്ടെങ്കിൽ ആവാം… യാത്രയ്ക്ക് ഇനിയും സമയമുണ്ട്…” തെരുവുകളിലെ ഹാൻഡിക്രാഫ്റ്റ്സ് ഷോപ്പുകളിൽ കയറിയിറങ്ങി.

ബനാറസ് സാരികൾ വിൽക്കുന്ന ചില കടകളിലും വിലപേശി ഒന്നു രണ്ടു സാരികൾ വാങ്ങി. ഒന്ന് അരുന്ധതിയ്ക്കും പിന്നൊന്ന് എനിക്കും എന്ന് മനസ്സിൽ കണ്ടു. ഹാൻഡി ക്രാഫ്റ്റ്സ് കടയിൽ നിന്ന് ഒരു ആനയെ വാങ്ങി അരുണിനു സമ്മാനിക്കുമ്പോൾ പറഞ്ഞു. “ഇത് എന്നും കേരളത്തെ ഓർമ്മിക്കുവാൻ എന്‍റെ വക സമ്മാനം.” അരുൺ അതുവാങ്ങി സന്തോഷത്തോടെ പറഞ്ഞു.

“കേരളം എന്‍റെ മാതൃഗേഹമാണ്. ഈ ആനയെക്കാണുമ്പോൾ ഞാൻ കേരളത്തിനെ മാത്രമല്ല, മാഡത്തിനെയും എന്നും ഓർമ്മിക്കും. കേരളത്തിൽ തൃശൂർ പൂരത്തിനെപ്പറ്റി ഞാൻ ധാരാളം കേട്ടിരിയ്ക്കുന്നു. ഒരിക്കൽ ഞാൻ പോകും. പൂരം കാണാൻ മിക്കവാറും അടുത്തു തന്നെ.”

അരുൺ അങ്ങിനെ പറഞ്ഞ് എന്നെ നോക്കി ചിരിച്ചു. അപ്പോൾ ലോകത്തിൽ എവിടെ ജനിച്ചാലും ഏതു സംസ്കാരം ഉൾക്കൊണ്ടാലും, സ്വന്തം തായ്‍വേരുകൾ തേടിപ്പോകുന്ന മനുഷ്യന്‍റെ സഹജ സ്വഭാവത്തെ അവൻ ഓർമ്മിപ്പിച്ചു. അപ്പോഴേയ്ക്ക് വിശപ്പധികരിച്ചതിനാൽ ഹോട്ടലിൽ കയറി ആഹാരം കഴിച്ചു. പിന്നീട് എയർപോർട്ടിലേയ്ക്ക് ധൃതിയിൽ യാത്ര തിരിക്കുമ്പോൾ എങ്ങിനെയും സ്വന്തം കൂടണയാനുള്ള ധൃതിയായിരുന്നു.

ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ഡൽഹിയിൽ തിരിച്ചെത്തി. ഓട്ടോയിൽ സ്വന്തം വാസസ്ഥലത്തേയ്ക്ക് യാത്ര തിരിക്കുമ്പോൾ മനസ്സിൽ അതുവരെയില്ലാത്ത ഒരു ശാന്തതയും ആനന്ദവും നിറഞ്ഞിരുന്നു. ഏതോ പുണ്യ സഥലങ്ങളിൽ തപസ്സു കഴിഞ്ഞെത്തിയ ഒരു യോഗിയുടെ നിസംഗതയും. വീട്ടിൽ തിരിച്ചെത്തുമ്പോൾ രാമേട്ടൻ പടിയ്ക്കൽ തന്നെ ഉണ്ടായിരുന്നു.

“എങ്ങിനെയുണ്ടായിരുന്നു മാഡം കാശിയാത്ര… മനസ്സിന്‍റെ വിഷമങ്ങൾ കുറെയൊക്കെ മാറിയില്ലെ?…”

രാമേട്ടന്‍റെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

“വിഷമങ്ങൾ മാറി എന്നു മാത്രമല്ല, ഇതുവരെയില്ലാത്ത ഒരു ശാന്തിയും, ആനന്ദവും അനുഭവപ്പെടുന്നു. ഒരു പുനർജന്മം കൈവന്നതു പോലെ.” എന്‍റെ മറുപടി രാമേട്ടനെ സംതൃപ്തനാക്കി എന്നു തോന്നി. അദ്ദേഹം ഭക്‌തിയിൽ ലയിച്ചെന്ന പോലെ മുകളിലേയ്ക്കു നോക്കി ഒരു യോഗിയെപ്പോലെ പറഞ്ഞു തുടങ്ങി.

“സർവ്വം സഹയായ ഗംഗാ മാതാവിനു മാത്രമേ ഇത്തരമൊരനുഭൂതി മനുഷ്യനു നൽകാനാവുകയുള്ളൂ. സർവ്വപാപഹാരിണിയും, സർവ്വ ദുഃഖശമനകാരിയുമായ ഗംഗാ മാതാവ് സാക്ഷാൽ വിശ്വനാഥന്‍റെ ജടയിൽ നിന്നുമല്ലെ ഉത്ഭവിക്കുന്നത്. പുണ്യവതിയായ ആ അമ്മയെ നമിക്കുകയും, ആ നദിയിൽ മുങ്ങിക്കുളിക്കുകയും ചെയ്യുന്നതോടെ ഈ ജന്മത്തിലെ പാപങ്ങളിൽ നിന്നും മുക്തി നേടി ഒരു പുനർ-ജന്മമാണ് നമുക്കു ലഭിക്കുന്നത്.”

ഏഴു പതിറ്റാണ്ടിന്‍റെ അനുഭവജ്‌ഞാനം ആ മനുഷ്യനെ യോഗീതുല്യനാക്കിത്തീർത്തിരിക്കുന്നു. പുണ്യപുരാണേതിഹാസങ്ങളടക്കം, വിശ്വപ്രസിദ്ധമായ അനേകായിരും പുസ്തകങ്ങൾ വായിച്ചാലും ലഭിക്കാത്ത അനുഭവജ്ഞാനം ആ മനുഷ്യനുണ്ടെന്നു തോന്നി. ജീവിതത്തെ അതിന്‍റെ സമഗ്രമായ അർത്ഥത്തിൽ ഉൾക്കൊണ്ട അനുഭവജ്ഞാനം…

(തുടരും)

और कहानियां पढ़ने के लिए क्लिक करें...