കൊതുകിന്‍റെ ഒരു കുത്തുപോലും ഏൽക്കാത്ത ആരും ഇന്നിവിടെയുണ്ടാവില്ല. ഭയാനകമാം വിധമാണ് ഇന്ത്യയിൽ പലയിടങ്ങളിലും കൊതുക് ശല്യം വർദ്ധിച്ചിരിക്കുന്നത്. അതുകൊണ്ട് കൊതുകുകളെ തുരത്തിയോടിക്കാനുള്ള ഉൽപന്നങ്ങളുടെ വലിയൊരു വിപണി തന്നെ ഇവിടെ സജീവമായുണ്ട്.

പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളിലൂടെയും കൊതുകുകളെ തുരത്തിയോടിക്കാനാവുമെന്ന കാര്യം നിങ്ങൾക്കെത്ര പേർക്കറിയാം. അത്തരം ചില ചെടികളെക്കുറിച്ച് മുമ്പും ഞാൻ പ്രതിപാദിച്ചിരുന്നു. അവയിൽ ഉൾപ്പെടാത്ത വേറെയും അത്തരം ചില ചെടികളുണ്ട് നിങ്ങളുടെ പരിസരത്തുള്ള നഴ്‌സറിയിൽ നിന്ന് അവ അനായാസം ലഭ്യമാക്കാം.

യൂറോപ്യൻ പെന്നി റോയൽ

വളരെ ചെറുതും ചുറ്റോടു ചുറ്റും വ്യാപിക്കുന്നതുമായ നിത്യഹരിത ചെടിയാണിത്. കൂടുതലും യൂറോപ്പിലും പശ്ചിമ ഏഷ്യയിലുമാണ് കണ്ടുവരുന്നത്. 20 മുതൽ 30 സെന്‍റിമീറ്റർ ഉയരത്തിൽ വളരുന്ന ചെടി അണ്ഡാകൃതിയിലാണ് കാണപ്പെടുന്നത്. അവയുടെ തടിച്ച ഇലകൾക്കിടയിലായി രോമങ്ങൾ കാണപ്പെടും. ചെടി മുഴുവനും ലൈലാക്ക് നിറത്തിലുള്ള പൂക്കളുടെ വളയങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും. അവയുടെ ഇലകൾ കയ്യിൽ അമർത്തി ഉരച്ചാൽ പൊതിനയുടേതു പോലെയുള്ള സുഗന്ധം ചുറ്റും പ്രസരിക്കും.

റോസ്‌മെരി

മിന്‍റ് ഫാമിലിയിൽപ്പെട്ട കുറ്റിച്ചെടി. നിത്യഹരിത സസ്യമായ റോസ്‌മെരി വരൾച്ചയെ തടയാൻ ഫലവത്താണെത്രേ. അവയുടെ ഇലകൾ സൂചിപോലെയിരിക്കും. വെളുപ്പ്, റോസ്, വയലറ്റ്, നീല എന്നീ നിറങ്ങളിലുള്ളവയാണ് പൂക്കൾ. കൊതുകുകളെ തുരത്തിയോടിക്കാൻ ഉപയോഗിക്കുന്നതിന് പുറമെ ഭക്ഷണത്തിന്‍റെ സ്വാദ് കൂട്ടാനും ഔഷധ നിർമ്മാണത്തിനും ഇവ ഉപയോഗിക്കാറുണ്ട്.

പൊതിന (മിന്‍റ്)

എല്ലാവർക്കും സുപരിചിതമായ പൊതിന ഒരു നിത്യഹരിത സസ്യമാണ്.

40 സെ.മീ. തുടങ്ങി ഒരു മീറ്റർ ഉയരത്തിൽ വരെ ഈ ചെടി വളരും. ഇവയുടെ തണ്ട് മൃദുലവും ഇലകൾക്ക് 1.6 മുതൽ 3.5 സെ.മീറ്റർ വരെ നീളവുമുണ്ടാകും. തടിച്ച ഇലകളാണവയ്‌ക്ക്. ഇലകൾക്ക് ചുറ്റിലുമായി നിറയെ രോമങ്ങളുമുണ്ട്. വയലറ്റ് നിറത്തിലുള്ളവയാണ് അവയുടെ പൂക്കൾ. തണ്ടിന് ചുറ്റിലുമാണ് പൂക്കളുണ്ടാവുക.

ടാൻസി

ഏഷ്യയിൽ കാണപ്പെടുന്ന ആസ്‌റ്റർ ഫാമിലിയിൽ ഉൾപ്പെടുന്ന നിത്യഹരിത സസ്യം. വിന്‍റർ ബഡ്‌സ്, മഗ്‌വർട്ട്, ഗോൾഡൻ ബഡ്‌സ് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഈ ചെടിയുടെ ഇലകൾ ഫേൺ ചെടിയുടേതു പോലെയാണ് കാണപ്പെടുന്നത്. ബട്ടണിന്‍റെ മാതൃകയിലുള്ള പൂക്കൾക്ക് മഞ്ഞ നിറമായിരിക്കും. നല്ല ചുവപ്പു നിറമാർന്ന ഇതിന്‍റെ തണ്ട് നിവർന്നിരിക്കും. ചെടികൾക്ക് 50 മുതൽ 150 സെ.മീ വരെ നീളമുണ്ടാവും. ടാൻസി പൂക്കൾ ഉപയോഗിച്ച് പൂച്ചെണ്ട് തയ്യാറാക്കി ജനാലക്കരികിൽ വച്ചാൽ കൊതുകുകൾ ആ പരിസരത്തേക്ക് അടുക്കുകയില്ല.

ലെമൺ ബാം

പൊതിന കുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ചെടിയാണിത്. നിത്യഹരിത ചെടിയായ ലെമൺ ബാം 70 സെന്‍റിമീറ്ററോ അതിലധികമോ പൊക്കം വയ്‌ക്കുന്നവയാണ്. ഇതിന്‍റെ മുള്ളുകളുള്ള ഇലകൾ ഓവൽ ഷെയ്‌പിലുള്ളവയാണ്. നാരങ്ങയുടേതു പോലെയുള്ള സുഗന്ധമാണ് അവയുടെ ഇലകൾക്ക്. ഇലകൾ സലാഡിൽ ചേർത്ത് കഴിക്കുന്നത് രുചികരമാണ്. ഇവയുടെ ഇലകൾ ചർമ്മത്തിൽ ഉരസിയാൽ ഇലയിൽ നിന്നും ഒരു പ്രത്യേക തരം എണ്ണ സ്രവിക്കും. ചെറുപ്രാണികളേയും ഉറുമ്പിനേയും മറ്റും അകറ്റി നിർത്താൻ ലെമൺ ബാം അനുയോജ്യമാണ്. ലെമൺ ബാമിന്‍റെ ചെറുതും വെളുത്തതുമായ പൂക്കളിൽ നിറയെ പരാഗങ്ങൾ ഉണ്ടാവും. കുറ്റിക്കാടുകളിൽ വളരുന്ന ഈ ചെടിയുടെ തണ്ട് തണുപ്പ് കാലം തുടങ്ങുന്നതോടെ ഉണങ്ങി പോവും. എന്നാൽ വസന്തകാലം അകുന്നതോടെ വീണ്ടും തളിർത്ത് പച്ചപ്പാർന്ന ചെടിയായി മാറും.

തൂജ

ഇന്ത്യയിൽ സർവ്വ സാധാരണയായി കാണപ്പെടുന്ന ഒരു അലങ്കാര ചെടിയാണിത്. വടക്കേന്ത്യയിൽ മയൂർ പംഖിയെന്നറിയപ്പെടുന്നു. ക്ഷീരാകകോൽ ആണ് ഇതിന്‍റെ സംസ്‌കൃതനാമം. സൈപ്രസ് കുടുംബത്തിൽ ഉൾപ്പെടുന്ന ഈ ചെടിയുടെ ശാഖകൾ തടിച്ചുരുണ്ടാണിരിക്കുക. ഈ ചെടിയ്‌ക്ക് 16 മീറ്റർ വരെ പൊക്കമുണ്ടാവും. എന്നാൽ അവ കൂടുതലും കുറ്റിച്ചെടികളുടെ രൂപത്തിലാണ് തഴച്ചു വളരുക.

ഈ ചെടിയുടെ തൊലി ചാരനിറമാർന്നതും നിറയെ രോമങ്ങൾ ഉള്ളവയുമാണ്. ഇതിന്‍റെ ശാഖകൾ ഭൂരിഭാഗവും നീണ്ട് നിവർന്നാണിരിക്കുക. ഇലകൾ പരസ്‌പരം കോർത്തിരിക്കുന്നതു പോലെയാണ് ഉണ്ടാവുക. ഈ ചെടിയിൽ നിന്നുള്ള എണ്ണയ്‌ക്ക് കൊതുകുകളെ പ്രതിരോധിക്കാൻ ശേഷിയുണ്ട്.

രാമച്ചം

ഈ നിത്യഹരിത പുല്ല് ഇന്ത്യയിലാണധികവും കണ്ടു വരുന്നത്. ഉത്തരേന്ത്യയിൽ രാമച്ചത്തിന് കുശ് എന്ന പേരുണ്ട്. 1.5 മീറ്റർ  പൊക്കത്തിൽ വരെ ഈ പുല്ല് വളരും. വീട്ടുമുറ്റത്ത് വളർത്തി മനോഹരമായ ഒരു കുറ്റിക്കാട് തന്നെ സൃഷ്‌ടിക്കാം. ഇതിന്‍റെ തണ്ടും ഇലകളും നീണ്ടിരിക്കും. പൂക്കൾക്ക് ചാരനിറമാർന്ന വയലറ്റ് നിറമായിരിക്കും. ചുറ്റും വ്യാപിച്ച് വളരുന്ന സാധാരണ പുല്ലുകളുടെ വല പോലെയുള്ള വേരുകളെ അപേക്ഷിച്ച് ഇവയുടെ വേരുകൾ 2-3 മീറ്റർ ആഴത്തിലാണ് ഉണ്ടാവുക. കൊതുകിനെ തുരുത്തിയോടിക്കാൻ ഇവയ്‌ക്ക് അപാരമായ ശേഷിയുണ്ട്. മതിലിനോട് ചേർത്തോ വേലിയായി വളർത്തുകയോ ചെയ്യുകയാണെങ്കിൽ കൊതുക് മാത്രമല്ല ഒരൊറ്റ കീടവും പ്രാണിയും ആ പ്രദേശത്ത് ഉണ്ടാവില്ല.

സേജ് ബ്രഷ്, വാം വുഡ്, മഗ്‌വർട്ട് തുടങ്ങിയ ചെടികൾ ആർട്ട്‌മീസിയ ഫാമിലിയിൽ ഉൾപ്പെടുന്നവയാണ്. ഈ ചെടികളുടെ ഗന്ധം കൊതുകുകളെ അകറ്റി നിർത്താൻ സഹായകമാണ്. ഇവയുടെ ഇലകൾ കൈ കൊണ്ട് ഉടച്ച് അതിലെ നീര് ചർമ്മത്തിൽ പുരട്ടുകയാണെങ്കിൽ കൊതുകുകൾ അടുക്കുകയില്ല.

മറ്റ് ചില വഴികൾ

നാരങ്ങാ ഗന്ധം കൊതുകുകളെ അകറ്റി നിർത്താൻ ഏറെ ഫലവത്താണ്. പ്രത്യേകിച്ചും നാരങ്ങാ ഗന്ധമുള്ള സൈട്രോനേല പുല്ല്. ആഫ്രിക്കകാർ ഇത്തരം ഔഷധ പുല്ലുകൾ നല്ലവണ്ണം പ്രയോജനപ്പെടുത്താറുണ്ട്. ഇവയ്‌ക്ക് രണ്ട് ഉപയോഗങ്ങളുണ്ട്. ഒന്നാമതായി അവ കൊതുകുകളെ തുരുത്തിയോടിക്കും. രണ്ടാമതായി, കൊതുകുകളെ തിന്നുന്ന പക്ഷികളുടെ പ്രിയപ്പെട്ട തീറ്റയാണീ പുല്ലുകൾ.

സൈട്രോനേലയുടെ ഗുണം ലെമൺ ഗെറാനിയമിലും കാണപ്പെടും. കൊതുകുകളെ അകറ്റി നിർത്തുന്നതിനായി ഈ സസ്യത്തെ വാതിലുകൾക്കോ ജനാലകൾക്കോ സമീപത്തായി ഫ്‌ളവർ വേസുകളിൽ അലങ്കരിച്ച് വയ്‌ക്കാവുന്നതാണ്. ഇതിൽ നിന്നും ഉയരുന്ന നാരങ്ങയുടെ നനുത്ത സുഗന്ധം കൊതുകുകളെ പറ പറത്തും.

और कहानियां पढ़ने के लिए क्लिक करें...