ഇതെന്താ, ബസ്സിൽ ഏറ്റവും പുറകിലുള്ള സീറ്റാണല്ലോ കിട്ടിയിരിക്കുന്നത്. ഭയങ്കര കുലുക്കമുണ്ടായിരിക്കും. ഈ കുഞ്ഞിനെയും കൊണ്ട് നീ എങ്ങനെ ഇവിടെ സ്വസ്‌ഥമായിരിക്കും…” അമിത്ത് അസ്വസ്‌ഥനായി.
“സുദീപ് ടിക്കറ്റ് റിസർവ് ചെയ്‌തതു കൊണ്ട് ഈ സീറ്റെങ്കിലും കിട്ടി” വിനീത പറഞ്ഞു.
“നീയും നിന്‍റെ ഒരു സുദീപും. പ്ലസ്‌ടു പോലും കഴിയാത്ത ആ പയ്യനെക്കൊണ്ട് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിയിരുന്നില്ല. അവൻ അല്ലെങ്കിലും ഒരു കാര്യവും നേരാംവണ്ണം ചെയ്യില്ല. എയർ കണ്ടീഷൻ ബസ്സായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മോൾ സ്വസ്‌ഥമായി ഉറങ്ങിയേനെ.
ഇനിയിപ്പോ യാത്രയിലൂടനീളം കരച്ചിലും ബഹളവുമായിരിക്കും. അവൾ ഉറങ്ങുകയുമില്ല. ആരേയും ഉറക്കുകയുമില്ല.”
“നിങ്ങൾ വെറുതെ ടെൻഷനടിക്കേണ്ട, അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. വീട്ടിൽ പോയി സ്വസ്‌ഥമായി ഉറങ്ങിക്കൊള്ളൂ” വിനീത അമിത്തിനെ ശാന്തനാക്കാൻ ശ്രമിച്ചു.
“നിങ്ങളെ തനിച്ചുവിട്ടിട്ട് ഞാനെങ്ങനെ സ്വസ്‌ഥമായി ഉറങ്ങും?” അമിത്തിന്‍റെ മുഖത്ത് ആശങ്ക നിഴലിച്ചു.
“മതി, പരിഭവം പറഞ്ഞത്. ബസ്സു നിറയെ യാത്രക്കാരല്ലേ. ഞാൻ ഒറ്റയ്‌ക്കൊന്നുമല്ലല്ലോ?”
“പക്ഷേ… എന്തോ… നിങ്ങളെ തനിച്ചയയ്‌ക്കാൻ തോന്നുന്നില്ല. ഇനിയുമിതുപോലെ വീട്ടിലെന്തെങ്കിലും ആവശ്യം വരുമ്പോൾ കൂടെക്കൂടെ ഓടിക്കിതച്ചെത്താൻ നിന്നെ കിട്ടില്ലെന്ന് പറഞ്ഞേക്ക്…”
“ശരി. പിന്നേയ്, നിങ്ങൾ ഇന്നു തന്നെ ടിക്കറ്റ് റിസർവ്വ് ചെയ്‌തോളൂ. ദേ ബസ്സ് സ്‌റ്റാർട്ടു ചെയ്യുന്നു” വിനീത തിടുക്കം കൂട്ടി.
“സർ, എന്‍റെ ഭാര്യയും മകളുമാണ്. ആദ്യമായിട്ടാണ് ഇവൾ തനിച്ച് യാത്ര ചെയ്യുന്നത്. ശ്രദ്ധിച്ചോളണേ…” തൊട്ടടുത്ത സീറ്റിലിരുന്ന കുലീന ഭാവമുള്ള വൃദ്ധനോട് അമിത്ത് പറഞ്ഞു.
“ഒന്നുകൊണ്ടും വിഷമിക്കണ്ട, നിങ്ങളുടെ ഭാര്യയും മകളും യാതൊരു ബുദ്ധിമുട്ടും കൂടാതെ വീട്ടിലെത്തും” വിനീത അയാളെ ഭവ്യതയോടെ നോക്കി.
ആഴമുള്ള കണ്ണുകൾ, നീണ്ട് നരച്ച താടി, കുർത്ത പൈജാമയിൽ പൊതിഞ്ഞ ആറടി പൊക്കക്കാരനെ കണ്ടാൽ ആരുമൊന്ന് ബഹുമാനത്തോടെ നോക്കുക തന്നെ ചെയ്യും.
“മോളേ വിഷമിക്കേണ്ട, വണ്ടിയിൽ നിറയെ ആളുകളല്ലേ. ചൂടു കൂടുതലായതുകൊണ്ടാ അവൾ കരയുന്നത്. ബസ്സ് സ്‌റ്റാർട്ട് ആവുമ്പോഴേക്കും കരച്ചിൽ നിർത്തിക്കൊള്ളും. പറഞ്ഞു തീരും മുമ്പ് അവൾ കരച്ചിൽ നിറുത്തിയല്ലോ?”
“ആ… ആ… ഈ മുടി വെറുതെ വെയിലേറ്റു നരച്ചതൊന്നുമല്ല. ധാരാളം ജീവിതാനുഭവങ്ങളുടെ പക്വത ആ വാക്കുകളിൽ പ്രകടമായി. ബസ്സ് മുന്നോട്ടു നീങ്ങിയതോടെ അമിത്ത് കൺവെട്ടത്തു നിന്നും മാഞ്ഞു. ആദർശി വീണ്ടും കരച്ചിൽ തുടങ്ങി. എത്ര ശ്രമിച്ചിട്ടും അവൾ കരച്ചിൽ നിർത്താത്തതു കണ്ട് വിനീത വിഷമിച്ചു.
“മോളെയിങ്ങുതാ..” അയാൾ കുട്ടിയെ എടുക്കാനായി കൈ നീട്ടി. വിനീതയ്‌ക്ക് കുഞ്ഞിനെ കൈമാറാൻ മടി തോന്നി. എങ്കിലും…
അലമുറയിട്ടു കരഞ്ഞിരുന്ന ആദർശി വൃദ്ധന്‍റെ കൈകളിലെത്തിയപ്പോൾ കരച്ചിൽ നിറുത്തി. വൃദ്ധൻ ഏറെ ശ്രദ്ധയോടെ കുഞ്ഞിന്‍റെ പുറത്ത് തടവിക്കൊണ്ടിരുന്നു.
“ആഹാ … അവൾ ഉറക്കവും തുടങ്ങിയല്ലോ? ഇതെന്തു മാന്ത്രിക വിദ്യ?” വിനീതയുടെ കണ്ണുകളിൽ ആശ്ചര്യം.
“മന്ത്രവും തന്ത്രവുമൊന്നുമല്ല. ഞങ്ങൾ രണ്ടുപേരും ഒരേ പേരുകാരല്ലേ?” വൃദ്ധൻ പുഞ്ചിരിച്ചു.
“അപ്പോൾ താങ്കളുടെ പേരും ആദർശി എന്നാണോ? ഞാൻ കരുതിയത് താങ്കൾ…”
“ആദർശി അല്ല. ആദി എന്നാണ് എന്നെയും വിളിക്കുന്നത്. ഞാനൊരു മുസൽമാനാണ്. അദനൻ എന്നാണ് എന്‍റെ പേര്.” അയാൾ കൂടുതൽ പരിചയപ്പെടുത്തി.
“ക്ഷമിക്കണം, ഞാൻ അതൊന്നും കരുതി പറഞ്ഞതല്ല. ഇനി മുതൽ അങ്ങയെ ആദി അങ്കിൾ എന്നു വിളിച്ചോട്ടെ. ആദിയുടെ ആദി മുത്തശ്ശൻ!” വിനീത സ്‌നേഹാദരവോടെ അയാളെ നോക്കി.
അദനന്‍റെ മുഖത്ത് മൗനാനുവാദം പ്രകടമായിരുന്നു. വിനീത പതുക്കെ ആദിയെ വാങ്ങി മടിയിൽ കിടത്തി. കണ്ണുകളും ചിലപ്പോൾ വാചാലമാകും. ആദി അങ്കിളിന്‍റെ ആഴമുള്ള കണ്ണുകളിൽ ഈ വാചാലത പ്രകടമായിരുന്നു. പറയാനുദ്ദേശിക്കുന്നതൊക്കെ ആ കണ്ണുകളിൽ സ്‌പഷ്‌ടമായിരുന്നു.
ബസ് നീങ്ങിക്കൊണ്ടിരുന്നു. വിനീത ഉറക്കത്തിലേക്ക് വഴുതി. പെട്ടെന്ന് എന്തോ ശബ്‌ദം കേട്ട് ഞെട്ടിയുണർന്നു. ബസ്സിൽ കൂരിരുട്ട്. എന്താണ് സംഭവിക്കുന്നത്? അവൾ നാലുപാടും നോക്കി.
ബസ്സിൽ നിന്നും ഭൂരിഭാഗം ആളുകളും ഇറങ്ങിക്കഴിഞ്ഞിരുന്നു. അവശേഷിച്ച രണ്ടോ മൂന്നോ പേർ തിടുക്കത്തിൽ താഴെയ്ക്ക് ഇറങ്ങുന്നുണ്ടായിരുന്നു. പുകയും പൊടിപടലങ്ങളും കാരണം പുറത്തെ കാഴ്‌ചകൾ വ്യക്‌തമായില്ല.
രാത്രിയുടെ നിശ്ശബ്‌ദതയെ ഭേദിച്ചു കൊണ്ട് നിലവിളികളും അലർച്ചയും അന്തരീക്ഷത്തിൽ നിറഞ്ഞു.
“എന്താ ചേച്ചീ… എന്തു പറ്റി? ബസ്സിൽ നിന്നും തിടുക്കത്തിലിറങ്ങുന്ന ദമ്പതിമാരോട് അവൾ തിരക്കി.
“പുറത്ത് വലിയ ലഹള… കലാപം” വാക്കുകൾ മുഴുമിപ്പിക്കാതെ അവർ ഇരുട്ടിലേക്ക് മറഞ്ഞു.
ഒരു നിമിഷം വിനീത മരവിച്ചു നിന്നു. തൊണ്ട വരണ്ടു. ശ്വാസം മുട്ടുന്ന പോലെ… അവൾ ഉറങ്ങിക്കിടന്ന ആദിയെ എടുത്ത് ചുമലിലിട്ട് സ്യൂട്ട് കെയ്‌സുമായി പുറത്തിറങ്ങാൻ തുനിഞ്ഞു.
“വിടരുതവരെ, പിടിക്ക്… കൊല്ല്…” ഒരു ഡോർ മാത്രമുണ്ടായിരുന്ന ബസ്സിന്‍റെ മുൻവശത്തുനിന്നും കൊലവിളി ഉയർന്നു. ഭയന്നുപോയ അവൾ പുറകിലെ സീറ്റിൽ പതുങ്ങിയിരുന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. പെട്ടെന്ന് അമിത്ത് പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു. എന്തൊരു മുൻവിധിയോടെയാണ് അമിത്ത് സംസാരിച്ചത്.
“ഒറ്റയ്‌ക്കല്ല. ബസ്സു നിറയെ യാത്രക്കാരുണ്ട് എന്ന് എത്ര വീറോടെയാണ് താൻ അമിത്തിനെ കളിയാക്കിയത്.”
“ഭാഗ്യമെന്നേ പറയേണ്ടു. ആദി നല്ല ഉറക്കത്തിലായിരുന്നു. അവൾ പിൻവശത്തെ സീറ്റിൽ തന്നെ പതുങ്ങിയിരുന്നു. കുറേപ്പേർ ബസ്സിനകത്തേക്ക് ഇരച്ചു കയറി. അകത്ത് ആരേയും കാണാതെ അവർ താഴേക്കിറങ്ങി. ഒരു പക്ഷേ ഇരുട്ട് ഇല്ലായിരുന്നെങ്കിൽ താനൊരിക്കലും രക്ഷപ്പെടില്ല.
അകന്നു പോകുന്ന കാലൊച്ച കേട്ടപ്പോൾ താഴേക്കിറങ്ങുകയാണെന്ന് അവൾ ഊഹിച്ചു. അവൾ പതിയെ തല ഉയർത്തി. വെളിച്ചം കണ്ണിലേയ്‌ക്ക് ഇരച്ചു കയറി. ബസ്സിന്‍റെ മുൻവശത്ത് തീ ആളിപ്പടർന്നു കഴിഞ്ഞിരുന്നു. മകളെയുമെടുത്ത് അവൾ വാതിലിനടുത്തേയ്‌ക്ക് നീങ്ങി. ഒരു ബാഗ് അവൾ ബസ്സിൽ തന്നെ ഉപേക്ഷിച്ചു.
ബസ്സിൽ നിന്നിറങ്ങാൻ തുനിയവേ രണ്ടുകൈകൾ അവളെ ബലമായി വലിച്ചിറക്കി. ബഹളം വയ്‌ക്കാതിരിക്കാനായി വായ പൊത്തിപ്പിടിച്ചു. കയ്യിൽ നിന്നും ആദിയെയും പിടിച്ചു വാങ്ങി.
“അയ്യോ രക്ഷിക്കണേ” എന്നു പറയാൻ ആഗ്രഹിച്ചെങ്കിലും സാധിച്ചില്ല. കുറച്ചു നേരത്തേക്ക് അവർ ഒരു വലിയ മരത്തിനു പിന്നിൽ മറഞ്ഞു നിന്നു.
“കൊല്ല്… കൊന്നെടുക്ക്” എന്നൊക്കെ യുവാക്കളുടെ കൊലവിളി.
“ഇല്ല. ഞാൻ വരില്ല” വിനീത കൈ ശക്‌തിയായി പുറകോട്ട് വലിച്ചു.
“പിച്ചും പേയും പറയാതിരിക്കൂ. ഇവിടെ നിൽക്കുന്നത് ജീവനു തന്നെ ആപത്താണ്.”
“എന്നെ രക്ഷിക്കാൻ ശ്രമിക്കുന്ന നിങ്ങൾ ആരാണ്?”
“എന്നെ മനസ്സിലായില്ലേ? ബസ്സിൽ നിന്‍റെ തൊട്ടടുത്ത സീറ്റിലിരുന്ന… ആദിയുടെ കരച്ചിൽ നിറുത്തിയ…”
“ആദി അങ്കിൾ… പക്ഷേ ഞാനെങ്ങനെ വിശ്വസിക്കും?”
“വിശ്വസിക്കാനും ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. ഇനി നമ്മളിവിടെ തങ്ങിയാൽ അവർ നമ്മളെ കൊന്നുകളയും. ഒന്നുമറിയാത്ത ഈ കുഞ്ഞിനെ കരുതിയെങ്കിലും…”
ആദിയേയുമെടുത്ത് അയാൾ മുന്നോട്ടു നടന്നു. നിഴലുപോലെ അവളും പിന്തുടർന്നു. കുറച്ചുദൂരം നടന്ന ശേഷം അവർ ഒരു കോളനിക്കരികിലെത്തി.
“മോളിവിടെ നിൽക്ക്, ഇവിടെ ഏതെങ്കിലും വീട്ടിൽ ഇന്നു രാത്രി തങ്ങാൻ പറ്റുമോയെന്നു ഞാനൊന്നു നോക്കിയിട്ടു വരാം.” അയാൾ ആദിയെ വിനീതയുടെ കയ്യിലേക്കു നൽകി. അപ്പോഴും ഭയം കൊണ്ട് അവൾ വിറയ്‌ക്കുന്നുണ്ടായിരുന്നു.
“പേടിക്കണ്ട. നിന്നെ സുരക്ഷിതമായി എത്തിക്കേണ്ട ചുമതല എനിക്കുണ്ട്. ആവശ്യമെങ്കിൽ മോളെ വീട്ടിൽ കൊണ്ടാക്കിയിട്ടേ ഞാൻ മടങ്ങൂ.”
“പക്ഷേ, ഞാനിവിടെ ഒറ്റയ്‌ക്ക്…” അവൾ കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.
“എങ്കിൽ വാ എന്‍റെ കൂടെ.” അദനൻ കയ്യിലുളള ആയുധം ദൂരേയ്‌ക്ക് വലിച്ചെറിഞ്ഞു.
ഒരു വീടിനു മുന്നിൽ അരണ്ട വെളിച്ചം പരത്തുന്ന ഒരു ബൾബ് കത്തുന്നുണ്ടായിരുന്നു. അവൾ ഡോർബെൽ അമർത്തി കാത്തു നിന്നു. യുഗങ്ങളോളം ദൈർഘ്യമുള്ള കാത്തു നിൽപ്പാണതെന്ന് വിനീതയ്‌ക്കു തോന്നി.
“ആരാ?” അകത്തു നിന്നു പതിഞ്ഞ ശബ്‌ദം ഉയർന്നു.
“ഞങ്ങൾ അന്യനാട്ടുകാരാ… ബസ്സുയാത്രയ്‌ക്കിടയിൽ പെട്ടെന്നൊരു ലഹള… ഇന്നൊരു രാത്രി ഞങ്ങൾക്കിവിടെ അഭയം തരണം.”
തുറന്ന തൊട്ടടുത്ത നിമിഷം തന്നെ ജനാല അടയുകയും ചെയ്‌തു. അന്നു രാത്രി എവിടെയെങ്കിലുമൊന്നു തങ്ങുകയെന്നത് എത്രത്തോളം ദുഷ്‌ക്കരമാണെന്ന് അവൾക്ക് മനസ്സിലായി.
പ്രതീക്ഷയുടെ ആ ചെറുനാളവും കെട്ടിരിക്കുന്നു. ഒരു പക്ഷേ താനായിരുന്നു അവരുടെ സ്‌ഥാനത്തെങ്കിലും ഇതുപോലെയേ പെരുമാറുമായിരുന്നുള്ളൂ. വിനീത ചിന്തിച്ചു. അതേ നിരയിലുള്ള അഞ്ചാറു വീടുകൾക്കു മുന്നിൽ സഹായാഭ്യർത്ഥനയുമായി ചെന്നുവെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. അതിനിടയ്‌ക്ക് റോഡിനപ്പുറത്തു നിന്നും ലാത്തിയുടെ ശബ്‌ദം കേൾക്കാമായിരുന്നു.
“ജാഗ്‌തെ രഹോ..”
“ഗൂർഖയായിരിക്കും” അവർ ഒരു മരത്തിനു പിന്നിൽ ഒളിച്ചു. അപ്പോഴേക്കും ആദർശി ഉറക്കമുണർന്നു. ആദിയുടെ കരച്ചിൽ കേട്ട് ഗൂർഖ അവരുടെ അടുത്തേയ്‌ക്കു വന്നു.
“ആരാ? ആരാ അവിടെ?” അയാൾ പരുക്കൻ ശബ്‌ദത്തിൽ ചോദിച്ചു.
“ഞങ്ങൾ അന്യനാട്ടുകാരാ. രാത്രി എവിടയെങ്കിലും തങ്ങാനായെങ്കിൽ വലിയ ഉപകാരമായേനെ” അദനൻ അഭ്യർത്ഥിച്ചു.
“നിങ്ങളെങ്ങനെ ഇവിടെയെത്തി? ഗൂർഖ സംശയത്തോടെ അവരെ നോക്കി.
“യാത്രയ്‌ക്കിടയിൽ കുറേ അക്രമികൾ ബസ്സ് തടഞ്ഞു നിർത്തി. ഒരുപാടു പേരോട് സഹായാഭ്യർത്ഥന നടത്തിയെങ്കിലും നിരാശരാവേണ്ടി വന്നു” അദനൻ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.
“പേടിത്തൊണ്ടന്മാരാ ഇവിടുത്തുകാരെല്ലാം. ഞാനിവിടത്തെ ഗൂർഖയാ. ഉപജീവനത്തിനുവേണ്ടി മാത്രമാ ഞാൻ ഇവിടെ തങ്ങുന്നത്. ഈ രാത്രി ഏതെങ്കിലും കള്ളന്മാർ എന്നെ ഇവിടെ കൊന്നിട്ടാലും ഇവരറിയാൻ പോകുന്നില്ല. അറിഞ്ഞാൽ തന്നെ ഇറങ്ങിവന്ന് സഹായിക്കുകയുമില്ല. ഒരു ഒറ്റമുറി വീട്ടിലാ ഞാൻ താമസിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ അങ്ങോട്ടു വരാം” ഗൂർഖ ക്ഷണിച്ചു.
“സഹോദരാ, വലിയ ഉപകാരം.” അദനൻ തൊഴുകയ്യോടെ നിന്നു.
അയാൾ വിനീതയുടെ കയ്യിൽ നിന്നും സ്യൂട്ട്‌കേയ്‌സ് വാങ്ങി. അദനന്‍റെ തോളിൽ കിടന്ന് ആദി സുഖമായി മയങ്ങുന്നുണ്ടായിരുന്നു.
“എന്താ നിങ്ങളുടെ പേര്?” വിനീത ചോദിച്ചു.
“ജഗ് ബഹാദൂർ. നിങ്ങൾ എന്നെ ബഹാദൂർ എന്നു വിളിച്ചാൽ മതി.”
“നിങ്ങൾ ധീരനാണ്. അല്ലെങ്കിൽ ഈ രാത്രി ഞങ്ങൾക്കാരെങ്കിലും അഭയം തരുമോ? വിനീതയുടെ കണ്ണുകളിൽ ആദരവ് നിറഞ്ഞു.
ബഹാദൂറിന്‍റെ ഭാര്യ രണ്ടു പുൽപ്പായ വിരിച്ചു. നിലത്തിരുന്നതും വിനീത ഏങ്ങിയേങ്ങി കരയുവാൻ തുടങ്ങി.
“വെറുതെ വിഷമിക്കാതിരിക്കൂ. തല ചായ്‌ക്കാനൊരിടം കിട്ടിയല്ലോ. ഇനി മറ്റു കാര്യങ്ങളും ഭംഗിയായി നടക്കും.” അദനൻ അവളെ ആശ്വസിപ്പിച്ചു.
ബഹാദൂറിന്‍റെ ഭാര്യ അവർക്ക് ചായയും ഭക്ഷണവും കുഞ്ഞിന് പാലും നൽകി.
“അങ്കിൾ, എന്‍റെ ഒരു ബാഗ് ബസ്സിൽ തന്നെയുണ്ട്. മൊബൈലും അവിടെ എവിടെയോ വീണു പോയിട്ടുണ്ട്. എവിടെ നിന്നെങ്കിലും ഫോൺ വിളിച്ച് എന്‍റെ ഭർത്താവിനെ ഈ വിവരമൊക്കെ അറിയിക്കാമോ?” വിനിത അഭ്യർത്ഥിച്ചു.
“രാത്രി ഇനി പുറത്തിറങ്ങുന്നത് അത്ര പന്തിയല്ല” ബഹാദൂർ പറഞ്ഞതുകേട്ട് അവൾ നിശ്ശബ്‌ദയായി.
അമിത്ത് ഈ അനിഷ്‌ട സംഭവങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുമോ? ഇനി എങ്ങനെ വീട്ടിലെത്തും? ഓരോന്ന് ആലോചിച്ച് അവൾ ഉറങ്ങിപ്പോയി. ഒരു ദു:സ്വപ്‌നം കണ്ട് അവൾ ഞെട്ടി ഉണർന്നു. അപ്പോൾ ആദി അങ്കിളും ബഹാദൂറും കാര്യമായ സംസാരത്തിലായിരുന്നു.
“എന്താ, എന്തുപറ്റി?” അവൾ തിരക്കി.
“ഒന്നുമില്ല, രാത്രി വലിയ അനിഷ്‌ട സംഭവങ്ങളുണ്ടായി. അക്രമികൾ കുറെപ്പേരെ കൊന്നൊടുക്കി. കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന വീഥികളിൽ പോലീസ് പാറാവ് ഏർപ്പെടുത്തിയിട്ടുണ്ട്. ഞാൻ പാൽ വാങ്ങാൻ പോയതാ. കടയൊക്കെ അടച്ചു പൂട്ടിയിരിക്കുന്നു. തൊട്ടടുത്തുള്ള ടെലിഫോൺ ബൂത്തും തുറന്നിട്ടില്ല” ബഹാദൂർ പറഞ്ഞു.
“അയ്യോ! എന്തു ചെയ്യും? അമിത്ത് ഇതൊക്കെ അറിഞ്ഞിരിക്കുമോ?” വിനീത വീണ്ടും കരയാൻ തുടങ്ങി.
“വിഷമിക്കേണ്ട, കർഫ്യു കഴിഞ്ഞാൽ ഉടനെ തന്നെ നിങ്ങളുടെ ഭർത്താവിനെ വിളിച്ചറിയിച്ചേക്കാം. അതുവരെ നിങ്ങൾ ഇവിടെ സുരക്ഷിതയായിരിക്കും” ബഹാദൂർ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഞാനെപ്പോഴേ വീട്ടിലെത്തേണ്ടതാണെന്നോ. ഞങ്ങളെ കാണാതെ അവർ വിഷമിക്കുന്നുണ്ടാകും” പേടിയോടെ അവൾ പറഞ്ഞു.
“ഒരു കണക്കിന് നന്നായി. അവർ നിങ്ങളുടെ ഭർത്താവിനെ വിളിച്ച് വിവരം തിരക്കും. എന്തോ പന്തികേടുണ്ടെന്ന് അവർക്ക് മനസ്സിലാവും” ബഹാദൂർ പറഞ്ഞു.
“ആദി അങ്കിൾ, നിങ്ങളുടെ വീട്ടുകാരും ടെൻഷനടിക്കില്ലേ?” വിനീതയുടെ ചോദ്യം കേട്ട് അദനന്‍റെ കണ്ണു നിറഞ്ഞു.
“ഞാൻ അങ്ങയെ വിഷമിപ്പിക്കാൻ ചോദിച്ചതല്ല.”
“മംഗലാപുരത്താണ് എന്‍റെ വീട്. ഭാര്യ മകനും കുടുംബത്തോടൊപ്പം ബാംഗ്ലൂരാണ് താമസം. അവൾക്ക് തീരെ സുഖമില്ലെന്ന് അറിഞ്ഞ് അങ്ങോട്ടേക്ക് പുറപ്പെട്ടതാ. വഴിയിൽ ഇത്ര വലിയ പൊല്ലാപ്പുണ്ടാകുമെന്ന് ഞാനറിഞ്ഞില്ല.”
“അത്രയ്‌ക്ക് സീരിയസ്സാണെങ്കിൽ അങ്ങേക്ക് ബസ്സിൽ നിന്നിറങ്ങിയ ഉടനെ എങ്ങനെയെങ്കിലും…”
“മോളുടെയും കുഞ്ഞിന്‍റെയും മുഖം ഓർമ്മ വന്നു. നിങ്ങളെ സുരക്ഷിതമായി എത്തിക്കാമെന്ന് ഞാൻ നിന്‍റെ ഭർത്താവിന് വാക്കു നൽകിയിരുന്നതല്ലേ”
“ആന്‍റിക്ക് എന്തു പറ്റിയതാ?”
“ഹാർട്ട് അറ്റാക്ക്, അവളിപ്പോൾ ആശുപത്രിയിലാ. എന്തു സംഭവിക്കുമെന്ന് അറിയില്ല.”
വിനീത വിദൂരതയിലേക്ക് നോക്കിയിരുന്നു. താനെന്തൊരു സ്വാർത്ഥയാണ്. ആദി അങ്കിളിനെക്കുറിച്ച് താനിതുവരെ ചിന്തിച്ചതേയില്ലല്ലോ… അവൾക്ക് കുറ്റബോധം തോന്നി.
“ഒന്നും സംഭവിക്കില്ല” അവൾ വിഷമം കടിച്ചമർത്തി. ദൂരെ പോലീസ് വാഹനത്തിന്‍റെ സൈറൺ മുഴങ്ങി.
നിസ്സഹായരായ അവർക്ക് പരസ്‌പരം ആശ്വസിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗ മുണ്ടായിരുന്നില്ല. വെവ്വേറെ വഴികളിലായി സഞ്ചരിക്കുന്ന അപരിചിതരായ രണ്ടുപേർ… യദൃച്‌ഛയാ പരസ്‌പരം കണ്ടുമുട്ടി. അവർക്കിടയിലെ സ്‌നേഹം കണ്ട് ബഹാദൂറിന്‍റെ കണ്ണുനിറഞ്ഞു. എന്തോ ആലോചിച്ചുറപ്പിച്ചെന്നോണം ബഹാദൂർ എഴുന്നേറ്റു.
“എന്‍റെ സുഹൃത്തിന്‍റെ പക്കൽ നിന്നും മൊബൈൽ വാങ്ങിച്ചുകൊണ്ടു വരാം. നിങ്ങൾക്ക് വീട്ടുകാരെ വിളിച്ച് വിവരമറിയിക്കാമല്ലോ” ബഹാദൂർ പുറത്തുപോയി.
“എല്ലാം ശരിയാവും” വിനീത പറഞ്ഞു. ബഹാദൂർ തിരിച്ചുവരുന്നതും കാത്ത് അവർ ഇരുന്നു.