ഫോൺ നിരന്തരം ശബ്‌ദിച്ചുകൊണ്ടിരുന്നു. അടുക്കളയിൽ വിസിലടിച്ചു കൊണ്ടിരുന്ന കുക്കർ ഓഫ് ആക്കി അവർ ഫോണെടുത്തു. ഈ സമയത്ത് ഇതാരായിരിക്കും?
“ഹലോ”
“ഹലോ അമ്മേ..” മിനിയുടെ ശബ്‌ദം. എന്താ ഈ സമയത്ത് മിനി വിളിക്കുന്നത്?
“നീ ഇതുവരെ ഓഫീസിൽ പോയില്ലേ?”
“പോകാൻ ഒരുങ്ങുകയാ, അതിനു മുമ്പ് അമ്മയെ വിളിക്കാമെന്ന് കരുതി” മിനി പറഞ്ഞു.
“എന്താ പ്രത്യേകിച്ച് കാര്യം?”
“അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. സുഖം തന്നെയല്ലേ?” മിനി ചോദിച്ചു.
“അതിന് എനിക്കൊന്നും പറ്റിയിട്ടില്ലല്ലോ?” അവർ അതിശയത്തോടെ പറഞ്ഞു.
“അമ്മ ഫോൺ വളരെ വൈകിയാണല്ലോ എടുത്തത്. അതുകൊണ്ട് ചോദിച്ചതാ” മിനി പറഞ്ഞു.
“ഞാൻ അടുക്കളയിൽ പാചകം ചെയ്യുന്ന തിരക്കിലായിരുന്നു” അവർ പറഞ്ഞു.
“പിന്നെ എന്തുണ്ട് വിശേഷം” മിനി സംഭാഷണം നീട്ടിക്കൊണ്ട് പോകാൻ താൽപര്യം കാണിച്ചു.
“എല്ലാം നല്ലതുപോലെ നടക്കുന്നു മോളേ” ഇതു പറയുമ്പോഴും അവർ ആലോചിച്ചത് മിനിയ്‌ക്ക് ഇത് എന്തുപറ്റി എന്നാണ്. രാവിലെ തന്നെ ഓഫീസ് സമയത്ത് ഫോൺ ചെയ്യുന്നു. അലസമായി സംസാരിക്കുന്നു. കാര്യമായി എന്തോ ഉണ്ട്.
“അമ്മേ… ഇപ്പോൾ അച്‌ഛൻ ഫോൺ വിളിച്ചിരുന്നു” മിനി പറഞ്ഞു.
“അച്‌ഛൻ വിളിച്ചിരുന്നുവെന്നോ, പക്ഷേ എന്തിന്?” അവർ അതിശയിച്ചു.
“അമ്മയോട് സംസാരിക്കണമത്രേ. 3-4 ദിവസമായി മൂഡ് ശരിയല്ലെന്ന്” മിനി മടിച്ചു മടിച്ചു പറഞ്ഞു.
അതു ശരി, അപ്പോൾ അതാണ് കാര്യം. ഒരു നിമിഷത്തെ മൗനത്തിനുശേഷം അവർ പറഞ്ഞു.
“ഏയ് ഒന്നുമില്ല. ചെറിയൊരു ക്ഷീണം. അതുപോട്ടെ നീ ഓഫീസിൽ പോകാൻ നോക്ക്. വെറുതെ വൈകണ്ട.”
“ശരി, അമ്മ സ്വയം ശ്രദ്ധിക്കണേ” മിനി ഫോൺ വച്ചു.
അവർക്ക് എല്ലാം മനസ്സിലായി. കഴിഞ്ഞ ആഴ്‌ചയിലെ പ്രശ്നമാണ്. ഗംഗാധരൻ ടിവി കാണുകയായിരുന്നു. അപ്പോൾ അവർ പറഞ്ഞു.
“ഇന്ന് ഉച്ചയ്‌ക്ക് ആനന്ദേട്ടന്‍റെ വീട്ടിൽ മോഷണം നടന്നു.”
“അതുശരി.”
“ആനന്ദേട്ടന്‍റെ ഭാര്യ മാർക്കറ്റിൽ പോയ സമയമായിരുന്നു. മടങ്ങി വന്നപ്പോഴാണ് വിവരമറിഞ്ഞത്. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ?” അവർ ടിവിയുടെ ഒച്ച കുറച്ച് കൊണ്ട് ചോദിച്ചു.
“ആ… ഞാൻ കേൾക്കുന്നുണ്ട്. ആനന്ദേട്ടന്‍റെ വീട്ടിൽ കള്ളൻ കയറി. വീടൊക്കെ അലങ്കോലമായി കിടക്കുകയായിരുന്നു. വീടിന്‍റെ പിറകിലൂടെയാണ് കള്ളൻ കയറിയത്. അതല്ലേ… പറഞ്ഞത്. നിങ്ങൾ സ്‌ത്രീകൾ വായ തുറന്നാൽ അടയ്‌ക്കില്ല. എന്തെങ്കിലും കിട്ടിയാൽ സംസാരിച്ചു കൊണ്ടേയിരിക്കും” ഇത്രയും പറഞ്ഞു കൊണ്ട് അദ്ദേഹം ടിവിയുടെ വോള്യം കൂട്ടി.
ഇത് കേട്ടപ്പോൾ അവർ വല്ലാതായി. പട്ടാപ്പകൽ കോളനിയിൽ കള്ളൻ വരുന്നതും വീട്ടിൽ കയറി മോഷണം നടത്തുന്നതും ചെറിയ കാര്യമാണോ? ഈ ആണുങ്ങൾ എന്താ സംസാരിക്കാത്തവരാണോ? അവർ പിറുപിറുക്കാൻ തുടങ്ങി.
അന്നേ ദിവസം അവരുടെ പെരുമാറ്റത്തിൽ കാര്യമായ വ്യത്യാസം വന്നു. എന്തെങ്കിലും ചോദിച്ചാൽ ഉണ്ട്, ഇല്ല എന്നൊക്കെ രണ്ട് വാക്കിൽ മൂളാൻ തുടങ്ങി. അത്യാവശ്യം കാര്യം മാത്രം പറഞ്ഞു. ഒരു തരം പ്രതിഷേധം തന്നെയായിരുന്നു അത്. ഇങ്ങനെ സംഗതി കൂടുതൽ വഷളാകുമെന്ന് കണ്ടപ്പോഴാണ് ഗംഗാധരൻ മിനിയ്‌ക്ക് ഫോൺ ചെയ്‌തത്.
ഇത് ആദ്യ സംഭവമൊന്നുമല്ല. ഭാര്യ എന്തെങ്കിലും പറയാൻ തുനിയുമ്പോൾ അദ്ദേഹം ചെവി കൊടുക്കില്ല. നിസ്സാര കാര്യമായി അവരുടെ സംസാരത്തെ അവഗണിച്ചുകളയും. ഇങ്ങനെ പലപ്പോഴും സംഭവിച്ചപ്പോൾ, താൻ അപമാനിക്കപ്പെടുകയാണെന്ന് അവർക്ക് തോന്നി തുടങ്ങി…
അപ്പോഴാണ് അവർ ഒരു കാര്യം ഓർത്തത്. മറ്റൊരു ദിവസത്തെ കാര്യമാണ്. രണ്ടുപേരും ഉറങ്ങാൻ കിടന്നപ്പോൾ അവർ എന്തോ കാര്യം പറയാൻ തുടങ്ങി. “ഇന്ന് മഞ്ചുവിന്‍റെ ഫോൺ വന്നിരുന്നു. അവർ പറയുകയാണ്…”
“യ്യോ… ഉറക്കം വരുന്നു. ഞാനൊന്ന് ഉറങ്ങട്ടെ ഭാര്യേ. രാവിലെ എഴുന്നേറ്റ് ഞാൻ കഥ കേട്ടോളാം” ഗംഗാധരൻ ഒരു വശത്തേയ്‌ക്ക് ചെരിഞ്ഞു കിടന്നു.
സ്വന്തം വീട്ടിൽ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കണമെങ്കിൽ സമയവും കാലവും നിശ്ചയിക്കപ്പെടണമെന്ന് വരുന്നത് വലിയ കഷ്‌ടമാണ്. അവരുടെ മനസ്സ് കലങ്ങിപ്പോയി… പിന്നെ മിണ്ടാതെ കിടന്നു… ഉറക്കം വന്നത് വളരെ വളരെ കഴിഞ്ഞാണ്… ഗംഗാധരൻ രാവിലെ നടക്കാൻ പോയപ്പോൾ മഞ്ചുവിനെ കണ്ടു. എല്ലാവരും പെട്ടെന്ന് തന്നെ അഭിനന്ദനങ്ങൾ അറിയിച്ചു.
“എന്തിനാണടോ, അവർ അഭിനന്ദിച്ചത്. ഞാനും കൂടി ഒന്ന് അറിയട്ടെ” ഗംഗാധരൻ പറഞ്ഞു.
“പിങ്കു മെഡിക്കൽ എൻട്രൻസ് പാസായതിന്. ഞാൻ ഫോൺ ചെയ്‌തിരുന്നുവല്ലോ” മഞ്ചു ഉടനെ മറുപടി നൽകി.
“പിങ്കു വിജയിച്ച കാര്യം എന്നോട് എന്താ പറയാഞ്ഞത്?” വീട്ടിലെത്തിയ ഉടനെ ഗംഗാധരൻ ഭാര്യയോട് ചോദിച്ചു.
“രാത്രി ഞാനീ കാര്യം പറയാനാണ് വന്നത്. അപ്പോൾ ഇടയിൽ കയറി ഗംഗാധരൻ പറഞ്ഞു. “ആ.. സാരമില്ല വൈകുന്നേരം അവരുടെ വീട്ടിൽ പോയി അഭിനന്ദനം അറിയിക്കാം.”
വൈകുന്നേരം മഞ്ചുവിന്‍റെ വീട്ടിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് ഓർത്തത്. കുറച്ച് ദിവസം മുമ്പ് ശൈലേന്ദ്രന്‍റെ വിവാഹ വാർഷികമായിരുന്നല്ലോ.
“വേഗം റെഡിയാവൂ, നമ്മൾ എപ്പോഴും വൈകിയാണ് എത്താറുള്ളത്” ഗംഗാധരൻ ധൃതിപിടിച്ചു.
“ഞാൻ റെഡിയാ.”
“എന്താ പറഞ്ഞത്? നീ ഈ ഡ്രസ്സ് ഇട്ടാണോ വരുന്നത്… വേറെ നല്ല ഡ്രസ്സ് ഒന്നുമില്ലേ നിനക്ക്? നല്ലതില്ലെങ്കിൽ പുതിയത് തയ്‌പ്പിച്ചു കൂടേ” ഇങ്ങനെയായിരുന്നു അന്ന് അദ്ദേഹത്തിന്‍റെ കമന്‍റ്. അവർ ഉടനെ തനിക്ക് ഇഷ്‌ടപ്പെട്ട സാരി അഴിച്ചുമാറ്റി വേറെ ഒരെണ്ണം എടുത്ത് ഉടുത്തു.
“ഇത് കൊള്ളാം” അയാളുടെ മുഖം പ്രസന്നമായി. അഭിനന്ദനം ഇഷ്‌ടപ്പെടാത്തവരായി ആരുണ്ട്. അതിനാൽ ഇന്ന് അവർ അദ്ദേഹത്തിന്‍റെ ഇഷ്‌ടം അറിയാനായി ചോദിച്ചു.
“ഇതിൽ ഏത് സാരി ഉടുക്കണം ഞാൻ.”
“ഏതെങ്കിലും എടുത്ത് ഉടുത്തോളൂ. ഈ കാര്യങ്ങളെല്ലാം എന്നോട് ചോദിക്കണോ?” ഗംഗാധരൻ ചോദിച്ചു.
“അതു ശരി, ഇപ്പോ അങ്ങനെയായോ…” അവർ മനസ്സിൽ കരുതി. എന്നിട്ട് ഒരു സാരി വാരിവലിച്ചുടുത്ത് മഞ്ചുവിനെ കാണാൻ ഗംഗാധരനൊപ്പം ഇറങ്ങി.
ഇങ്ങനെയൊക്കെയായിരുന്നു അവരുടെ ജീവിതം. ഗംഗാധരൻ സരസൻ ആയിരുന്നില്ല. എല്ലാത്തിലും സീരിയസ്സാണെന്ന് തോന്നും. പക്ഷേ അത്ര സീരിയസ്സ് അല്ലതാനും.
മിനിയുടെ ഫോൺ എണ്ണയിൽ തീ ഒഴിക്കുന്ന പണിയാണ് ഉണ്ടാക്കിയത്. അവർ ഗംഗാധരനോട് കൂടുതൽ മിണ്ടാതായി. മഞ്ചുവും അവരും ഒരു ദിവസം ചുറ്റിക്കറങ്ങാനായി ഇറങ്ങി. മഞ്ചു ഒരു കിലോ മുന്തിരി വാങ്ങി. അവരും വാങ്ങി ഒരു കിലോ. നീ എന്താ ഒന്നും വാങ്ങിയില്ലെ എന്ന് ഗംഗാധരൻ ചോദിക്കുമല്ലോ എന്ന് കരുതിയാണ് അവർ മുന്തിരി വാങ്ങിയത്. അതും വിലക്കുറവ് ഉള്ളതുകൊണ്ട് മാത്രം. മാത്രമല്ല ഗംഗാധരന് മുന്തിരി വളരെ ഇഷ്‌ടവുമാണ്.
കൈയിൽ പൊതി കണ്ടതും ഗംഗാധരൻ ചോദിച്ചു. “അല്ല ഇതെന്താ വാങ്ങിയത്?”
“മുന്തിരി.”
“കിലോ എന്താ വില?”
“മുപ്പത് രൂപ.”
“അയ്യോ അത് കൂടുതലാണല്ലോ.” അര കിലോയോ മറ്റോ വാങ്ങിയാൽ പോരായിരുന്നോ? നാളെ ഞാൻ മാർക്കറ്റിൽ പോകാൻ ഇരിക്കുകയായിരുന്നു” ഗംഗാധരൻ പറഞ്ഞു.
ഇതുകേട്ടപ്പോഴാണ് അവർക്ക് ആ കാര്യം ഓർമ്മ വന്നത്. ഒരു ദിവസം അവർ ലക്‌സിന്‍റെ ഒരു സോപ്പ് വാങ്ങുകയായിരുന്നു.
“ഒന്ന് മതിയോ?”
“ബാക്കി നിങ്ങൾ മാർക്കറ്റിൽ പോകുമ്പോൾ ഹോൾ സെയിൽ കടയിൽ നിന്ന് വാങ്ങിയാൽ മതി” അവർ പറഞ്ഞു.
“നീ എന്തിനാ എല്ലാ പ്രാവശ്യവും കാശിനെപ്പറ്റി ചിന്തിക്കുന്നത്. ഒരു ഫാമിലി പാക്കറ്റ് സോപ്പ് വാങ്ങിക്കോ. ഇനി ഞാൻ മാർക്കറ്റിൽ എപ്പോഴാണ് പോകുന്നതെന്ന് അറിയില്ല” അതായിരുന്നു ഗംഗാധരന്‍റെ മറുപടി.
തന്‍റെ തെറ്റ് എവിടെയാണെന്നും ശരി എവിടെയാണെന്നും അവർക്ക് പിടി കിട്ടുന്നുണ്ടായിരുന്നില്ല. എന്തു ചെ്‌യതാലും ഗംഗാധരന്‍റെ കണ്ണിൽ തിരുത്താനുള്ളത് ഉണ്ടാവും. ഇതെന്ത് ജീവിതമാണ് അപ്പാ.. ഓർമ്മകളിൽ ഇങ്ങനെ ഒരുപാട് കാര്യങ്ങൾ അവർ രേഖപ്പെടുത്തി വച്ചിരുന്നു. ഈയിടെ ഇതു കാരണം നെഗറ്റീവ് ചിന്ത അവരിൽ വേരുറച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ പ്രാവശ്യം തറവാട്ടിൽ ചെന്നപ്പോൾ നാത്തൂൻ നല്ല കറികൾ ഉണ്ടാക്കിയിരുന്നു ഊണിന്. കഴിക്കുമ്പോൾ ഗംഗാധരൻ അവരെ വാതോരാതെയാണ് അഭിനന്ദിച്ചത്. ഇതുകേട്ട് അവർക്ക് നല്ല കലി വന്നിരുന്നു. പക്ഷേ സ്വന്തം വീട്ടിൽ വന്നിട്ട് ഒച്ച വയ്‌ക്കുന്നത് ആരെങ്കിലും കണ്ടാൽ മോശമല്ലേ…
താൻ വീട്ടിൽ എന്തുണ്ടാക്കിയാലും കുറ്റം പറയുന്ന ആൾക്ക് ഇത്ര നന്നായി അഭിനന്ദിക്കാനും അറിയാമെന്ന് അവർക്ക് അന്നാണ് മനസ്സിലായത്.
സംഗതി ശരിയാണ്. കറികൾ എല്ലാം നല്ല രുചിയുള്ളവ ആയിരുന്നു. ഇതുപോലെ താനും ഉണ്ടാക്കാറുണ്ടല്ലോ.. പക്ഷേ സന്തോഷത്തോടെ ഒരു നല്ല വാക്ക് ഇതുവരെ അതിന്‍റെ പേരിൽ കിട്ടിയിട്ടില്ല.
ഭർത്താവിന്‍റെ കോംപ്ലിമെന്‍റ് കേൾക്കാൻ ഇഷ്‌ടമില്ലാത്ത ഭാര്യമാരുണ്ടോ? ആ സന്തോഷം അവർ ഇതുവരെ അനുഭവിച്ചിട്ടില്ല. ഒരു കർക്കശക്കാരനായ സ്‌ക്കൂൾ അദ്ധ്യാപകന്‍റെ റോളായിരുന്നു ഗംഗാധരന് എന്ന് അവർക്ക് തോന്നി തുടങ്ങിയിരുന്നു. എന്തു ചെയ്‌താലും കുറ്റം കാണുന്ന മനസ്സ്. പക്ഷേ വീട്ടിൽ മാത്രമേ അതുള്ളൂ. പുറത്ത് പോകുമ്പോൾ എല്ലാം വാരിക്കോരി കൊടുക്കും.. അവർ ഇങ്ങനെ ഓരോന്ന് ഓർത്ത് കഴിയുന്നത് പതിവായി.
തന്‍റെ സാന്നിദ്ധ്യം ഇല്ലാതാകുന്നതോടെ തന്‍റെ വില അറിയും എന്ന് അവർ വിചാരിച്ചു. അങ്ങനെയിരിക്കേ അവരുടെ അമ്മയ്‌ക്ക് സുഖമില്ലാതായി. പതിനഞ്ച് ദിവസം തറവാട്ടിൽ പോയി നിൽക്കേണ്ടി വന്നു. അങ്ങനെ പോയി മടങ്ങി വന്ന ദിവസം ഒരു ഉൾപുളകത്തോടെ അവർ ഗംഗാധരനോട് ചോദിച്ചു. “ഞാനില്ലാത്തപ്പോൾ ഏകാന്തത തോന്നിയോ? ശരിക്കും രാത്രിയിൽ ബോറടിച്ചു കാണും അല്ലേ?”
“ഏയ് ഇല്ല. എനിക്ക് ഒറ്റപ്പെടൽ തോന്നിയതേയില്ല. ടിവി കണ്ടിരുന്ന് ഞാൻ ഉറങ്ങി പോകും. നേരം പോകുന്നത് അറിഞ്ഞതേയില്ല.”
പുരുഷന്മാരുടെ ഈഗോ അവരെ അങ്ങനെയേ പറയാൻ പ്രേരിപ്പിക്കൂ. ഈ ഈഗോ കണ്ടുപിടിച്ചത് തന്നെ ഗംഗാധരനാണ്. അവർക്ക് അന്ന് ശരിക്കും ദേഷ്യം വന്നു. ദേഷ്യം കലർന്ന സങ്കടം എന്ന് പറയുന്നതാവും ശരി.
ഒരു ചൂടു ചായ കുടിക്കാൻ തോന്നുന്നു. അവർ ഫ്രിഡ്‌ജിൽ നോക്കിയപ്പോൾ പാല് കുറവാണ്. വാച്ചിൽ നോക്കി. ഗംഗാധരൻ ഊണ് കഴിക്കാനായി വരാൻ ഇനിയും സമയമുണ്ട്. മൂന്നു മണിയ്‌ക്ക് പോകുമ്പോൾ ഒരു ചായ പതിവുള്ളതാണ്.
പീടികയിൽ എത്തിയതും മൊബൈൽ അടിച്ചു. അദ്ദേഹമാണ്. “ഈ നട്ടുച്ചയ്‌ക്ക് നീ വീടും പൂട്ടി എവിടെ പോയിരിക്കുകയാ… ഞാൻ പുറത്ത് കാത്ത് നിൽക്കുകയാണ്. എന്‍റെ കൈയിലാണെങ്കിൽ താക്കോലും ഇല്ല” ഒറ്റശ്വാസത്തിലാണ് ഗംഗാധരൻ സംസാരിച്ചത്.
“വീട്ടിൽ പാല് ഇല്ലായിരുന്നു. അത് വാങ്ങാൻ വന്നതാ.”
“ഈ പൊരി വെയിലത്തോ, വിളിച്ച് പറഞ്ഞിരുന്നെങ്കിൽ ഞാൻ വാങ്ങിക്കൊണ്ട് വരുമായിരുന്നില്ലേ?”
“ഫോൺ ചെയ്‌താൽ കാശ് വെറുതെ പോകില്ലേ” എന്ന് ചോദിക്കാൻ അവരുടെ നാവ് പൊന്തിയതായിരുന്നു പിന്നെ വേണ്ടാന്ന് വച്ചു.
“ഒരു നടത്തം ആകുമല്ലോ എന്ന് കരുതി.”
“വെയിലത്ത് നടക്കാൻ ഭ്രാന്തുണ്ടോ?” വളരെ ശാന്തമായാണ് അയാൾ ചോദിച്ചത്. “നിന്‍റെ സൗന്ദര്യം വാടി പോകില്ലേ?”
“ഹയ്യോ… ഇദ്ദേഹം ഇത്രയ്‌ക്ക് റൊമാന്‍റിക് ആയിരുന്നോ?”
പെട്ടെന്നാണ് അവർ ആ കാര്യം ഓർത്തത്. മിനിമോൾ വിളിച്ചതിന്‍റെ രഹസ്യം. ലോഹ്യം കൂടാൻ ആണുങ്ങൾ അങ്ങനെ കൃത്രിമമായി പലതും പറയും. പഞ്ചാരവാക്കിൽ വീണു പോകരുത്. അത് ഭർത്താവിന്‍റെ ഭാഗത്തു നിന്നായാൽ പോലും.
ഹൃദയത്തിന്‍റെ ഉള്ളിൽ പുറത്ത് പറയാനുള്ള വാക്കുകൾ തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു. ഈ അമർഷം കാണിച്ചിട്ട് എന്തു നേടാനാണ്. അവർ ഗംഗാധരൻ ഉണരുന്നതിനു മുമ്പ് അടുക്കളയിൽ കയറി കാപ്പിയിട്ടു. നല്ലതുപോലെ പാൽ ചേർത്ത ആവി പറക്കുന്ന കാപ്പി. ഈ കാപ്പി കുടിച്ച ശേഷം അദ്ദേഹം എന്തു പറയുമെന്നോ അതിനു എന്ത് മറുപടി നൽകുമെന്നോ ആലോചിക്കാൻ നിന്നില്ല.
എന്തിനാണ് എല്ലാ വാക്കുകളിലും താൻ നെഗറ്റീവായ കാര്യങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നത്. മറ്റൊരാളെ മാറ്റാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് സ്വയം മാറുന്നതല്ലേ?
“ഇതാ കാപ്പി!” ഗംഗാധരൻ ഉറക്കച്ചടവോടെ അവരുടെ മുഖത്തേയ്‌ക്ക് നോക്കി. കാപ്പി വാങ്ങി കുടിച്ചു.
“മധുരം തീരെ കുറവാണല്ലോ.”
“ആണോ? എങ്കിൽ ഞാൻ കുറച്ച് കൂടി പഞ്ചസാര ഇട്ടുതരാം.”
വളരെ ശാന്തമായ മനസ്സോടെ അവർ ഇതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
അവർ പഞ്ചസാര പാത്രം കൈയിലെടുത്ത് തിരിച്ച് മുറിയിലേയ്‌ക്ക് നടക്കാൻ ഒരുങ്ങുമ്പോൾ ഒരു വിളികേട്ടു.
സരസ്വതി…
ഹൃദയത്തിന്‍റെ ഭാരം ഇറങ്ങിപോവുന്ന ഒരു സ്വരമായിരുന്നു അത്. അവർ ഉടനെ ചെന്ന് കാപ്പിയിൽ പഞ്ചസാര ഇട്ട് ഇളക്കാൻ തുടങ്ങി പഞ്ചസാരയോടൊപ്പം അവരുടെ മനസ്സിലെ എല്ലാ പിണക്കവും അലിഞ്ഞു പോയി.
സരസ്വതി എന്തോ ഓർത്തിരുന്നപ്പോൾ ഗംഗാധരൻ പറഞ്ഞു.
“ഇപ്പോ നിന്‍റെ കാപ്പി കൊള്ളാം.”