ഞാൻ വാച്ചിലേക്കൊന്നു നോക്കി. അഞ്ചു മിനിറ്റു കൂടിയുണ്ട്. ഇന്ന് ഓഫീസിൽ പതിവിലധികം തിരക്കായതുകൊണ്ട് ഫയലിൽ നിന്നും തലയുയർത്താൻ പോലും നേരം കിട്ടിയിരുന്നില്ല. ഞാൻ തിടുക്കപ്പെട്ട് ലഞ്ച് ബോക്‌സ് ബാഗിൽ വയ്‌ക്കുന്നതിനിടയിലാണ് ബോസ് വിളിക്കുന്നുവെന്ന് പ്യൂൺ പറഞ്ഞത്. ഇറങ്ങാനുള്ള തിടുക്കത്തിനിടയിൽ ഇങ്ങനെയൊരു വിളി ആർക്കും തന്നെ ഇഷ്‌ടമാവില്ല. മനസ്സില്ലാമനസ്സോടെ ഞാൻ ബോസിന്‍റെ ക്യാബിനിലെത്തി.
കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌ക്ക് ക്രാഷ് ആയതുകൊണ്ട് അത്യാവശ്യം ചില ഫയലുകൾ വേണമത്രേ. ഫയൽ കണ്ടെത്തി ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും മണി ആറ് കഴിഞ്ഞിരുന്നു.
സാധാരണയായി അഞ്ചു മണിയാവുമ്പോഴെക്കും ഞാനും പ്രിയങ്കയും ഓഫീസിൽ നിന്നും പുറത്തു കടക്കാനുള്ള ഒരുക്കത്തിലായിരിക്കും. അഞ്ചു മണിക്കിറങ്ങിയാൽ അഞ്ചരയുടെ ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടും. അതു മാലാഡ് സ്‌റ്റേഷനിലെത്തുമ്പോഴേക്കും ആറര കഴിയും. ട്രെയിനിൽ നിന്നിറങ്ങിയാൽ പച്ചക്കറികളും വീട്ടാവശ്യത്തിനുള്ള അത്യാവശ്യ സാധനങ്ങളും വാങ്ങണം. പിന്നെ ശിശുസദനത്തിൽ എത്തി വരുണിനേയും കൂട്ടണം. അവൻ ശിശുസദനത്തിന്‍റെ ഗേയ്‌റ്റിനരുകിൽ അക്ഷമനായി കാത്തു നിൽക്കുന്നുണ്ടാവും. നാലു വയസ്സുകാരനു സമയം നോക്കാനൊന്നും അറിയില്ലായിരിക്കും. പക്ഷേ ആറുമണിയാവുമ്പോഴേക്കും അവൻ തിടുക്കപ്പെട്ട് ഗേയ്‌റ്റിനരുകിലേക്കോടും. ഒരിക്കൽ വൈകിയെത്തിയപ്പോൾ ആയ പറഞ്ഞതാണ്. വരുണിനേയും കൂട്ടി വീട്ടിലേയ്‌ക്ക് മടങ്ങുന്നതിനിടയ്‌ക്ക് അയൽപക്കത്തെ ഒന്നു രണ്ടു പരിചയക്കാരെ കാണും. അവരോടു രണ്ടു വാക്കു സംസാരിച്ച് വീടെത്തുമ്പോഴേക്കും ഏഴ് മണി കഴിഞ്ഞിരിക്കും.
വീട്ടിൽ മൂത്തമകൻ കിരൺ ഞങ്ങളെ കാത്ത് നിൽപ്പുണ്ടാവും. കുട്ടികൾക്ക് പാലും ബിസ്‌ക്കറ്റും നൽകി ചായയുണ്ടാക്കി കുടിച്ച് ബേക്കറി പലഹാരമെന്തെങ്കിലും കഴിച്ചുവെന്നു വരുത്തി അല്‌പമൊന്നു വിശ്രമിക്കും. അതാണെന്‍റെ പതിവു ദിനചര്യ.
ഇന്ന് വൈകിയിറങ്ങിയതു കൊണ്ട് ലേഡീസ് സ്‌പെഷ്യൽ ട്രെയിൻ കിട്ടിയതുമില്ല. പിന്നീട് വന്ന ട്രെയിനുകളിൽ തിരക്കോട് തിരക്കുമായിരുന്നു. ആറരയുടെ ട്രെയിനിൽ ഒരു കണക്കിനു കയറിപ്പറ്റി. വരുണാകട്ടെ ശിശുസദനത്തിലെ ആയയെ വല്ലാതെ കഷ്‌ടപ്പെടുത്തിയിരുന്നു. അവനേയും കൂട്ടി വീടെത്തിയപ്പോഴേക്കും ഏഴര കഴിഞ്ഞു. കിരൺ മുഖം വീർപ്പിച്ചിരിക്കുകയായിരുന്നു. വൈകിയെത്തിയതിന്‍റെ പരിഭവം.
“മമ്മി, എന്താ ഇത്ര വൈകിയത്. ഇന്നെനിക്ക് ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ പറ്റിയില്ല.” അവൻ പറഞ്ഞതു ശ്രദ്ധിക്കാതെ ഞാൻ ഒരു ഗ്ലാസ്സ് പാലെടുത്ത് കൊടുത്തു. എനിക്കു വേണ്ട അവൻ മുഖം കോടി മുറിയിലേക്കോടി. കാര്യങ്ങൾ വിശദികരീച്ച് മനസ്സിലാക്കി അവനു പാലും സ്‌നാക്‌സും നൽകി ചായയുണ്ടാക്കി കുടിച്ചു. മുംബൈ പോലെ ഒരു മഹാനഗരത്തിൽ സഹായത്തിനൊരാളെ കിട്ടുക അത്ര എളുപ്പമല്ല. ഒരു ജോലിക്കാരി തരപ്പെട്ടാൽ തന്നെ വഴിപാടു പോലെ ജോലി ചെയ്‌തവർ കടന്നു കളയും.
പകൽ മുഴുവനും ഓഫീസ് ഫയലുകളിൽ തലയിട്ടതുകൊണ്ടും ട്രെയിനിലെ ഉന്തും തള്ളും കൊണ്ടും ഞാൻ വല്ലാതെ ക്ഷീണിതയായി കഴിഞ്ഞിരുന്നു. അടുക്കളയിൽ ചെന്ന് ഭക്ഷണമുണ്ടാക്കാൻ മടി തോന്നി. അര മണിക്കൂർ കൂടി കഴിഞ്ഞാൽ മഹേഷ് വീട്ടിലെത്തും.
ആണുങ്ങൾ അടുക്കളയിൽ കയറി ജോലി ചെയ്യുന്നതു മോശമാണെന്നാണ് അമ്മായിയമ്മ പറയാറ്. അതുകേട്ടു വളർന്ന മകൻ പിന്നെ അടുക്കളപ്പടി കടക്കുമോ? വീടും ഓഫീസും എനിക്ക് മാനേജ് ചെയ്യാൻ പറ്റുന്നില്ലെന്നു പരാതി പറഞ്ഞാൽ നിനക്ക് ജോലി രാജി വച്ചു കൂടെയെന്നു ചോദിക്കും. വീട്ടിൽ സ്വസ്‌ഥമായിരിക്കാമല്ലോ. ഒഹ്! പക്ഷേ അതെങ്ങനെയാ ജോലി ഭ്രാന്ത് തലയ്‌ക്കു പിടിച്ചിരിക്കുകയല്ലേ. മഹേഷിനോടു തർക്കിക്കാൻ ഞാനാളല്ല. ഇത്രയൊക്കെ പഠിച്ചിട്ട് വീട്ടിൽ വെറുതെ കുത്തിയിരിക്കണോ? മാത്രമല്ല എന്‍റെ വരുമാനം വീടിനൊരു മുതൽക്കൂട്ടല്ലെ. സോഫയിൽ കിടന്ന് ഓരോന്ന് ആലോചിച്ച് ഉറങ്ങി പോയതറിഞ്ഞില്ല.
ഫോൺ ബെൽ മുഴുങ്ങുന്ന ശബ്‌ദം കേട്ടാണ് ഉണർന്നത്. മനസ്സൊന്നു മടിച്ചുവെങ്കിലും യാന്ത്രികമായി എഴുന്നേറ്റ് ഞാൻ ഫോണിനരുകിലെത്തി. ഫോൺ മുഴക്കം നിലച്ചിരുന്നു. അല്‌പസമയം കഴിഞ്ഞപ്പോഴേക്കും ഫോൺ വീണ്ടും ശബ്‌ദിക്കാൻ തുടങ്ങി. മഹേഷ് ഉമ്മറപ്പടി കടന്ന് വീടിനകത്ത് കടന്നിരുന്നു. “നീയെന്താ ഫോണെടുക്കാത്തത്?” മഹേഷ് ബാഗ് മേശപ്പുറത്ത് വച്ചു. മനസ്സില്ലാമനസ്സോടെ ഞാൻ റിസീവറെടുത്തു.
“ഹലോ?” ഞാൻ ദീന സ്വരത്തിൽ പറഞ്ഞു.
“എടോ! ദേവൂട്ടി, ഇതു ഞാനാ. മനസ്സിലായോ?”
“ഏ… നന്ദിതാ.” ശബ്‌ദം ഞാൻ തൽക്ഷണം തിരിച്ചറിഞ്ഞിരുന്നു. ഇഷ്‌ടം കൂടുമ്പോൾ പണ്ടേ എന്നെ ദേവൂട്ടി എന്നാണവൾ വിളിക്കാറ്. ദേവയാനി എന്നു തികച്ചു വിളിക്കില്ല. ഒരു നിമിഷം പോലും പരസ്‌പരം പിരിഞ്ഞിരിക്കാനാവത്തത്ര സൗഹൃദമായിരുന്നു. ഞങ്ങൾക്കിടയിൽ വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്. അവളെ കണ്ടിട്ട് നാളൊരുപാടായി. ഒരു യുഗം കഴിഞ്ഞതു പോലുണ്ട്. നന്ദിതയുടെ ശബ്‌ദം കേട്ട് പുതുശ്വാസം കിട്ടിയതുപോലെ ഞാൻ ഉത്സാഹവതിയായി.
“ഇത്രയും നാൾ നീയിതെവിടെയായിരുന്നു? ഇപ്പോഴെങ്കിലും ഈ സുഹൃത്തിനെയോർമ്മ വന്നല്ലോ. ഒരു ഫോൺ വിളിയോ… ഒരു ഇ-മെയിലോ ഒന്നുമില്ല. എന്നെ നീ മറന്നിരിക്കുമെന്നാ ഞാൻ കരുതിയത്” ഞാൻ സ്‌നേഹശാസനയോടെ പറഞ്ഞു.
“ആഹ! അപ്പോ വാദി പ്രതിയോ? ഞാനല്ലേ അങ്ങോട്ടു ഫോൺ വിളിച്ചത്. അപ്പോ കുറ്റപ്പെടുത്താനുള്ള അവകാശവും എനിക്കാ” നന്ദിതയും ചിരിച്ചു.
“ശരി സമ്മതിച്ചു. നിന്നെ വിളിക്കണം സംസാരിക്കണമെന്ന് പലവട്ടം കരുതിയതാണ് അപ്പോഴൊക്കെ ഓരോരോ കുടുംബപ്രശ്നങ്ങളും ഓഫീസ് തിരക്കുകളുമാവും. വീട്ടു ജോലിയും കുട്ടികളുടെ കാര്യവും… ഈ തിരക്കിനിടയിൽ സ്വന്തം മുഖം കണ്ണാടിയിൽ നോക്കാൻ പോലും സമയം തികയാറില്ല.”
“നീ വിഷമിക്കണ്ട, ഏതാണ്ട് ഈ അവസ്‌ഥയൊക്കെയാ എന്‍റേതും.” നന്ദിത എന്നെ ആശ്വസിപ്പിച്ചു.
“പിന്നെ ഫോണിൽ സംസാരിച്ചിട്ട് എനിക്ക് തൃപ്‌തി വരുന്നില്ല. എനിക്ക് നിന്നെ നേരിട്ടു കാണണമെന്നുണ്ട്. ഞാൻ നിന്നെ കാണാൻ വരുന്നുണ്ട്.”
“എപ്പോ?” എനിക്ക് സന്തോഷമടക്കാനായില്ല. “നാളെ രാവിലെ 10 മണിയുടെ ഫ്‌ളൈറ്റിനു ഞാനെത്തും. മുംബൈയിൽ രണ്ട് ദിവസത്തെ ഓഫീഷ്യൽ ടൂറുണ്ടെന്ന് നീരജ് പറഞ്ഞപ്പോഴെ ഞാൻ ഓഫീസിൽ നിന്നും ലീവെടുത്തു. നിന്നെ കാണാൻ തീരുമാനിച്ചു. ഇനി നീ ലീവെടുക്കാൻ പറ്റില്ലെന്നൊന്നും പറഞ്ഞേക്കരുത്.”
“നിനക്ക് വേണ്ടി ഈ ജീവൻ പോലും പണയപ്പെടുത്താൻ ഞാൻ ഒരുക്കമാണ്. പിന്നെയല്ലെ ലീവ്?” എന്‍റെ മനസ്സ് നിറഞ്ഞു.
“ശരി, നാളെ കാണാം.” നന്ദിത റിസീവർ വച്ചു. സ്വന്തം ആവശ്യത്തിനായി ലീവെടുത്തതായി എനിക്ക് ഓർമ്മയേയില്ല. വരുണിനു സുഖമില്ലാതായപ്പോൾ, കിരണിന്‍റെ പരീക്ഷാ സമയത്ത് പലപ്പോഴും ലീവെടുക്കേണ്ടി വന്നിട്ടുണ്ട്.
നന്ദിത വരുന്നുവെന്നറിഞ്ഞതു മുതൽ അസാധാരണമായ ഒരു ഊർജ്‌ജവും ഉണർവും കൈവന്ന പോലുണ്ട്. മഹേഷ് കുളിച്ച് ഫ്രഷായി ഡ്രോയിംഗ് റൂമിലെത്തി. കുട്ടികൾ കളി മതിയാക്കി ഞങ്ങൾക്കരുകിലെത്തി. എന്‍റെ ആവേശവും ഉത്സാഹവും അവരെ ശരിക്കും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
“അല്ലാ ദേവി, ഇന്ന് മുഖത്ത് വല്ലാത്ത തെളിച്ചമുണ്ടല്ലോ? എന്താണിത്ര സന്തോഷം?” മഹേഷ് ചോദിച്ചു.
“നന്ദിത… എന്‍റെ കൂട്ടുകാരിയെക്കുറിച്ച് ഞാൻ എപ്പോഴും പറയാറില്ലേ. അവൾ നാളെ വരുന്നുണ്ട്.” ഇത്രയും പറഞ്ഞ് തിടുക്കപ്പെട്ട് ഞാൻ രാത്രി ഭക്ഷണം തയ്യാറാക്കി. മഹേഷും കുട്ടികളും വീട് വൃത്തിയാക്കാൻ എന്നെ സഹായിച്ചു. അല്ലാത്തപ്പോൾ ഒരായിരം വട്ടം അലറി പറഞ്ഞാലും സഹായിക്കാത്ത കൂട്ടരാ ഇപ്പോൾ അതിഥി വരുന്നുവെന്നറിഞ്ഞ് ഈ ഉത്സാഹം കാട്ടുന്നത്.
ടേബിളിൽ ഭക്ഷണമെടുത്തു വയ്‌ക്കുന്നതിനിടയിൽ മൂത്തമകൻ കിരൺ എനിക്കരുകിലെത്തി. “മമ്മി, നന്ദിത ആന്‍റിയെ സ്‌ഥിരമായി നമ്മുടെ വീട്ടിൽ നിർത്തിക്കൂടെ!”
അതെന്തിനാണെന്ന അർത്ഥത്തിൽ ഞാനവനെയൊന്നു നോക്കി. “മമ്മിയ്‌ക്കിന്ന് എന്തൊരു സന്തോഷമാ. ഞങ്ങളെ വഴക്ക് പറഞ്ഞതു കൂടിയില്ല. പാട്ടൊക്കെ പാടുന്നുണ്ടല്ലോ. മമ്മിയെ കാണാൻ ഇന്നു നല്ല രസമുണ്ട്.”
കുട്ടിയാണെങ്കിലും ചെറിയ വായിൽ അവൻ വലിയ കാര്യമാണ് പറഞ്ഞത്. ജീവിതത്തിലെ അമൂല്യമായ ഒരു പാഠമാണ് പഠിപ്പിച്ചു തന്നത്. ശരിയാണ്. ജീവിതത്തിലെ വലിയ സന്തോഷങ്ങൾ നേടിയെടുക്കുന്നതിനിടയിൽ കൊച്ചു കൊച്ചു സന്തോഷങ്ങൾ ഞാൻ കണ്ടില്ലെന്നു നടിച്ചു. ദൈനംദിന തിരക്കുകൾക്കിടയിൽ ചിരിക്കാനും സംസാരിക്കാനും മറന്നു. ഇനി ഇക്കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മനസ്സിനെ തന്നത്താൻ പറഞ്ഞു മനസ്സിലാക്കി.
കിരണിനെ അടുത്തിരുത്തി ലാളിച്ചു. അൽപസമയം കഴിഞ്ഞപ്പോൾ എല്ലാവരും ഉറങ്ങി. നല്ല ക്ഷീണമുണ്ടായിട്ടും കൂടി എനിക്ക് ഉറക്കം തീരെ വന്നില്ല. അമിതമായ ആഹ്ലാദവും ഉറക്കം കെടുത്തുമോ?
“നന്ദിത നിനക്ക് ഏറ്റവും ഇഷ്‌ടമുള്ള കൂട്ടുകാരിയാണ്. പക്ഷേ നിങ്ങൾ കളിക്കൂട്ടുകാരാണെന്നു ഞാൻ കരുതിയതേയില്ല?” ഫോൺ വന്ന ശേഷം എന്‍റെ ഉത്സാഹം കണ്ട് മഹേഷ് പറഞ്ഞു.
“ഞാനും നന്ദിതയും ദില്ലിയിൽ ലജ്‌പത്നഗറിലായിരുന്നു താമസം. ഒരേ സ്‌ക്കൂളിൽ ഒരേ ബഞ്ചിലിരുന്നു പഠനം. കൂടുതൽ സമയവും ഒന്നിച്ച് ചെലവഴിച്ചതുകൊണ്ട് ഞങ്ങളുടെ അഭിരുചിയും ഏതാണ്ട് സമാനമായിരുന്നു”
“അപ്പോൾ രണ്ടുപേരും പഠിത്തത്തിൽ കേമികളായിരിക്കുമല്ലോ?” മഹേഷ് ഇടയ്‌ക്ക് ഒരു തമാശ പറയാൻ ശ്രമം നടത്തി.
“അല്ലേയല്ല. പഠനകാര്യത്തിൽ ഞങ്ങൾക്ക് ആവറേജ് മാർക്കേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ സ്‌പോർട്‌സിൽ പ്രത്യേകിച്ച് ഓട്ടമത്സരത്തിൽ ഞങ്ങളെ വെല്ലാൻ ആരും തന്നെ ഇല്ലായിരുന്നു. എന്‍റെ വീട്ടിൽ നിന്നും ഒരു പത്ത് അടി ദൂരമേ നന്ദിതയുടെ വീട്ടിലേക്കുള്ളൂ. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വീട്ടുകാർ തമ്മിലുള്ള സൗഹൃദമായി വളർന്നു. രാവിലെ ഒരുങ്ങി കഴിഞ്ഞാൽ നീ റെഡിയായോ? എന്ന് ഞാൻ ഉറക്കെ വിളിച്ചു ചോദിക്കും. ഞാൻ വീട്ടിൽ നിന്നിറങ്ങുമ്പോഴേക്കും അവൾ തയ്യാറായിട്ടുണ്ടാവും.
ഒരിക്കൽ അമ്മയ്‌ക്ക് സുഖമില്ലാതെ വന്നപ്പോൾ അവൾ ഒരു പാട് സഹായിച്ചു. അമ്മ ആശുപത്രി വിട്ട് വീട്ടിൽ വരുന്നതു വരെ അവൾ എന്നെ ആശ്വസിപ്പിച്ചു. ക്ലാസ്സിൽ ഇരിക്കുമ്പോഴും ഞങ്ങൾ വീട്ടുകാര്യങ്ങൾ സംസാരിക്കും. പലപ്പോഴും അധ്യാപിക ഇതു കണ്ട് ഞങ്ങളെ മാറ്റിയിരുത്തിയിട്ടുണ്ട്.
മഹേഷ് ആകാംക്ഷയോടെ എന്‍റെ സംസാരം ശ്രദ്ധിക്കുന്നതു കണ്ട് എനിക്ക് ഉത്സാഹം തോന്നി. “നന്ദിതയ്‌ക്ക് അച്‌ഛനമ്മമാരെ കൂടാതെ ഒരു ഇളയ സഹോദരിയുമുണ്ടായിരുന്നു. നന്ദിതയുടെ ഇളയച്‌ഛനും ഇളയമ്മയും വാഹനപകടത്തിൽ മരിച്ചതുകൊണ്ട് അവരുടെ രണ്ടു മക്കളെ നോക്കേണ്ട ഉത്തരവാദിത്തവും അവളുടെ അച്‌ഛൻ ഏറ്റെടുത്തു. തീ പിടിച്ച പോലെ ദിനവും വില ഉയരുന്ന കാലത്ത് നാലു കുട്ടികളെ വളർത്തുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. സാമ്പത്തികമായി അവരുടെ കുടുംബം നല്ല ഞെരുക്കത്തിലായിരുന്നു.”
“നന്ദിതയ്‌ക്ക ഒരു മോശം ശീലമുണ്ടായിരുന്നു. ഇടയ്‌ക്കെങ്കിലും അവൾ അച്‌ഛന്‍റെ പോക്കറ്റിൽ നിന്നും 50 പൈസയോ ഒരു രൂപയോ മോഷ്‌ടിക്കും. അന്ന് ഞങ്ങൾ മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന സമയമാണ്. സ്‌ക്കൂളിൽ നിന്നും മടങ്ങുമ്പോൾ ആ പണം കൊണ്ട് അവൾ മിഠായിയോ മധുരപലഹാരമോ ഒക്കെ വാങ്ങും. എന്തു വാങ്ങിയാലും പകുതി എനിക്ക് തരും. നന്ദിതയുടെ പണം മോഷ്‌ടിക്കുന്ന സ്വഭാവം എനിക്ക് തീരെ ഇഷ്‌ടമില്ലായിരുന്നു. കിട്ടുന്നതു കഴിച്ചാൽ പോരെ. ഞാൻ എന്തിനവളെ ഉപദേശിക്കണം എന്ന നിലപാടായിരുന്നു എന്‍റേത്.”
“ഒരു ദിവസം നന്ദിത അഞ്ച് രൂപയുടെ നാണയം മോഷ്‌ടിച്ച് പ്ലം വാങ്ങിച്ചു. അഞ്ചു രൂപയ്‌ക്ക് കുറെയേറെ പ്ലം ലഭിച്ചു. ഞങ്ങൾ വഴിയിലുടനീളം പ്ലം കഴിച്ചു. എന്നിട്ടും മിച്ചം വന്ന പ്ലം വീട്ടിൽ അനിയത്തിയ്‌ക്ക് കൊണ്ടു കൊടുക്കാൻ നന്ദിതയോട് പറഞ്ഞു.”
ഞങ്ങൾ പ്ലം കഴിക്കുന്നതു കണ്ട് ഇതെവിടെ നിന്നും വാങ്ങിച്ചെന്ന് അമ്മ ചോദിച്ചു. നന്ദിത വാങ്ങിയതാണെന്ന് ഞാൻ പറഞ്ഞു. നന്ദിതയുടെ വീട്ടുകാർ കുട്ടികൾക്ക് പണം കൊടുക്കാറില്ലെന്ന് അമ്മയ്‌ക്ക് ഉറപ്പായിരുന്നു. അമ്മയ്‌ക്കെന്തോ സംശയം തോന്നി. അമ്മ നന്ദിതയുടെ വീട്ടിൽ പോയി ഇതേക്കുറിച്ച് സംസാരിച്ചു. താനല്ല വാങ്ങിയതെന്നും ദേവയാനിയാണ് വാങ്ങിയതെന്നും നന്ദിത തറപ്പിച്ചു പറഞ്ഞു. ഇതുകേട്ട് വീട്ടിലേയ്‌ക്ക് വന്ന് അമ്മയെന്നെ പൊതിരെ തല്ലി. തല്ലു കിട്ടിയിട്ടും ഞാനല്ല നന്ദിത തന്നെയാണ് പ്ലം വാങ്ങിയതെന്നും ഞാൻ ആണയിട്ടു പറഞ്ഞു. ഞാനല്ലെന്ന കാര്യം അമ്മയ്‌ക്ക് ഉറപ്പായി. എന്തായാലും സത്യം പുറത്തുകൊണ്ടു വന്നിട്ടുതന്നെ കാര്യം അമ്മ തീർച്ചയാക്കി. അമ്മ വേഗം നന്ദിതയുടെ വീട്ടിലേക്കോടി. നന്ദിത നിവൃത്തിയില്ലാതെ സത്യം തുറന്നു പറഞ്ഞു. വീട്ടിലെത്തിയ ശേഷം എന്നെ ചേർത്തു പിടിച്ച് അമ്മ കുറേനേരം കരഞ്ഞു. പിറ്റേന്നു എന്നെയും നന്ദിതയേയും പിടിച്ചിരുത്തി അമ്മ കുറെ ഉപദേശിച്ചു.
“തെറ്റു ചെയ്യുന്നതുപോലെ തന്നെ തെറ്റു ചെയ്യുന്നവർക്ക് കൂട്ടു നിൽക്കുന്നതും തെറ്റാണെന്ന് അമ്മ പറഞ്ഞു. നന്ദിത മോഷ്‌ടിക്കുന്ന കാശുകൊണ്ട് വാങ്ങുന്ന മിഠായി അറിഞ്ഞു കൊണ്ട് കഴിച്ചതാണ് ഞാൻ ചെയ്‌ത തെറ്റ്. അപ്പോ ഞാനും തുല്യ കുറ്റക്കാരിയാണ്. അന്ന് പഠിച്ച പാഠം ജീവിതകാലമത്രയും ഞാൻ മനസ്സിൽ സൂക്ഷിക്കുകയായിരുന്നു.” സംസാരത്തിനിടയ്‌ക്ക് ഞാൻ മഹേഷിനെയൊന്നു നോ%