പ്രണയത്തിന്‍റെ നനുത്ത സുഗന്ധം പരക്കുന്ന മനോഹരമായ ആ കിടപ്പുമുറിയിൽ സംഗീത മനോജിനെ നെഞ്ചിടിപ്പോടെ കാത്തിരുന്നു. ഇങ്ങനെയൊരു സുന്ദരമായ ദിവസം ജീവിതത്തിൽ എന്നെങ്കിലുമുണ്ടാവുമെന്ന് അന്നൊരിക്കലും നിനച്ചിരുന്നതല്ല. അവളൊരിക്കലും വിവാഹത്തിന് തയ്യാറല്ലായിരുന്നു. അല്ലെങ്കിലും എങ്ങനെ തയ്യാറാവാനാ? അവൾക്കുണ്ടായ ആ ദുരന്തം എപ്പോഴും ഉമിത്തീപോലെ അവളെ എരിച്ചടക്കുകയായിരുന്നുവല്ലോ.
ഒരു വർഷം മുമ്പ് നടന്ന ആ ദുരന്തത്തിന്‍റെ നടുക്കുന്ന ആ ഓർമ്മ അവളുടെ മനസ്സിനെ നുറുക്കി തകർത്തുകൊണ്ടിരുന്നു. ചുട്ടുപൊള്ളുന്ന ഒരു വെള്ളിയാഴ്‌ച ഉച്ചനേരത്ത് കോളേജിൽ നിന്നും ക്ലാസും കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു യാദൃച്ഛികമായി ഒരു കാർ അവൾക്കരികിൽ വന്ന് നിന്നത്.
ഞൊടിയിട നേരം കൊണ്ട് കാറിന്‍റെ പിൻ വാതിൽ തുറക്കപ്പെട്ടു. അതിലൂടെ നീണ്ടുവന്ന ബലിഷ്‌ഠങ്ങളായ കരങ്ങൾ അവളെ ബലമായി കാറിനകത്ത് വലിച്ചിട്ടു. പിന്നീട്… എല്ലാം ഒരു പുകമറ പോലെ….
ബോധത്തിന്‍റെയും അബോധത്തിന്‍റെയും ഇടവേളയിലെപ്പോഴോ അവൾ ഒരു ഞെട്ടലോടെ ആ സത്യം അറിഞ്ഞു. ചതഞ്ഞരയ്‌ക്കപ്പെട്ട പൂവ് പോലെ… നിസംഗയായി അവൾ വിജനതയിൽ അലഞ്ഞു നടന്നു. ഒടുവിൽ ജീവച്‌ഛമായി അവൾ വീടണഞ്ഞപ്പോൾ അമ്മ അവളെ നെഞ്ചോട് ചേർത്ത് കരഞ്ഞുകൊണ്ടിരുന്നു. ആ ദിവസത്തെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും എഴുന്നു നിൽക്കും. മരവിച്ച മനസ്സോടെ അവൾ ഓരോ ദിനവും തള്ളിനീക്കിക്കൊണ്ടിരുന്നു.
സർക്കാരുദ്യോഗസ്‌ഥനായ സോമരാജന്‍റെയും വീട്ടമ്മയായ വനജയുടെയും ഏകമകൾ. അപമാനഭീതി മൂലം മകൾക്കുണ്ടായ ദുരന്തത്തെപ്പറ്റി പോലീസിൽ പരാതി നൽകാൻ അവർ ആഗ്രഹിച്ചില്ല. കഴിഞ്ഞ ഒരു വർഷമായി ഭീകരമായ ആ ഓർമ്മയിൽ നിന്നും മകളെ മോചിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു സോമരാജനും വനജയും.
വനജ തന്നെക്കൊണ്ട് ആവുന്നതും പറഞ്ഞ് അവളെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു എങ്കിലും തന്‍റെ ജീവിതം തകർത്ത ആ ഓർമ്മയിൽ നിന്നും അവൾക്ക് മോചനം നേടാനാവുമായിരുന്നില്ല. മാത്രവുമല്ല മാധ്യമങ്ങളിലും മറ്റും ഇത്തരം വാർത്തകൾ വരുന്നത് പതിവായതിനാൽ ആ കറുത്ത ദിവസത്തിന്‍റെ ഓർമ്മ ഉണങ്ങാത്ത മുറിവായി അവളുടെ മനസ്സിൽ നീറ്റലായി മാറിക്കൊണ്ടിരുന്നു.
ചാനലുകളിലും പത്രങ്ങളിലും വരുന്ന ബലാത്സംഗ വാർത്ത അവളുടെ മനസ്സിൽ ആവർത്തിച്ചാവർത്തിച്ച് മുറിപ്പാടുകൾ വീഴ്‌ത്തിക്കൊണ്ടിരുന്നു. ശരീരത്തിൽ എന്തോ ഇഴയുന്നതുപോലെ… ഹൃദയം നുറുങ്ങി രക്‌തമൊലിപ്പിച്ചു കൊണ്ടിരുന്നു. അവൾ പല തവണയായി അതേ മരണം വരിച്ചു കൊണ്ടിരുന്നു. എങ്കിലും കാലം എല്ലാ മുറിവുകൾക്കുമുള്ള സിദ്ധൗഷധമാണല്ലോ. സമയം കടന്നു പോകവേ എല്ലാം സാധാരണ നിലയിലായിക്കൊണ്ടിരുന്നു.
ബി.കോം കഴിഞ്ഞയുടനെ സംഗീതയ്‌ക്ക് നല്ലൊരു വിവാഹലോചന വന്നു. സോമരാജന്‍റെ സഹപ്രവർത്തകനായ ശേഖരന്‍റെ ഏകമകൻ മനോജായിരുന്നു വരൻ. സംഗീതയുടെ വാടിയ മുഖം കണ്ട് അമ്മ അവളെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. “മോള് അക്കാര്യമങ്ങ് മറക്കണം. അത് ആരോടും നീ പറയരുത്. മനോജിനോട് ഒരിക്കലും നീയത് പറയരുത്. സ്‌ത്രീയുടെ മനസ്സുപോലെ അത്ര വിശാലമല്ല പുരുഷ മനസ്സ്. വളരെ സങ്കീർണ്ണമാണത്. ഭാര്യയുമായി ബന്ധപ്പെട്ട അപ്രിയങ്ങളായ കാര്യങ്ങൾ അവർക്ക് മറക്കാനും പൊറുക്കാനും കഴിയില്ല.”
ഒരിക്കൽ മനോജിനും സംഗീതയ്‌ക്കും പരസ്‌പരം കാണാനുള്ള അവസരമുണ്ടായി. ആകർഷകവും സൗമ്യവുമായ വ്യക്‌തിത്വം അവരെ പരസ്‌പരം കൂടുതൽ ആകർഷിക്കുകയാണ് ഉണ്ടായത്. അന്നവർ കുറേനേരം സംസാരിച്ചു.
ഒരു ദിവസം സംസാരമദ്ധ്യേ സംഗീത തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ച് മനോജിനോട് പറഞ്ഞു. “വലിയൊരു കളവ് മറച്ചുപിടിച്ചുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങാൻ എനിക്കാവില്ല. എനിക്ക് നിങ്ങളെ വഞ്ചിക്കാനാവില്ല” സംഗീത ഒരു തേങ്ങിക്കരച്ചിലോടെ പറഞ്ഞു.
അവളുടെ സത്യസന്ധമായ പെരുമാറ്റം മനോജിന് വളരെയേറെ ഇഷ്‌ടപ്പെട്ടു.
എല്ലാം മറക്കണമെന്ന് പറഞ്ഞ് മനോജ് അവളെ സമാധാനിപ്പിച്ചപ്പോൾ മനസ്സിൽ നിന്നും വലിയൊരു ഭാരം ഇറക്കിവച്ച ആശ്വാസത്തിൽ കണ്ണീരണിഞ്ഞ കണ്ണുകളിൽ ചിരിപടർന്നു. വലിയൊരു ചിന്താഭാരത്തിൽ നിന്നും മനോജ് തന്നെ ഉയർത്തിയെടുത്തതു പോലെയാണ് അവൾക്ക് അപ്പോൾ തോന്നിയത്. അതിനുശേഷം വിവാഹം സമംഗളമായി നടന്നു.
മുറിയിലെത്തിയ മനോജ് നവവധുവായ സംഗീതയ്‌ക്കരികിൽ വന്നിരുന്നു. വലിയൊരു പുഞ്ചിരിയോടെ അയാൾ അവളുടെ കണ്ണുകളിൽ തന്നെ ഏറെ നേരം നോക്കിയിരുന്നു. അയാളുടെ കണ്ണുകളിൽ പ്രണയത്തിന്‍റെ അലകൾ ഉയരുന്നത് അവൾ തിരിച്ചറിഞ്ഞു. ആ അലകളിൽ അലിഞ്ഞു ചേരാൻ അവളുടെ മനസ്സ് കൊതിച്ചു കൊണ്ടിരുന്നു.
മനോജ് അവളെ നെഞ്ചോടു ചേർത്തുപിടിച്ച് കൈകളിൽ തഴുകി കൊണ്ടിരുന്നു. അയാളുടെ ചൂട് ശ്വാസനിശ്വാസങ്ങൾ അവളുടെ ശരീരത്തെ ഇക്കിളിപ്പെടുത്തി. പൊടുന്നനെ… എല്ലാം ശാന്തമായതുപോലെ… സംഗീതയെ ചുറ്റിവരഞ്ഞ കൈകൾ പെട്ടെന്ന് അയഞ്ഞു. കടലിൽ ഇരമ്പിയാർത്ത ഉയർന്ന തിരമാലകൾ തീരമണയാതെ മടങ്ങിയതുപോലെ. അവളുടെ മനസ്സ് നിരാശയിലീണ്ടു. സംഗീത ഒരു നിമിഷം മനോജിനെ പകച്ചുനോക്കി.
മനോജിന്‍റെ തളർന്ന മുഖം കണ്ട് അവൾ വിഷമത്തോടെ ചോദിച്ചു, “എന്തു പറ്റി? സുഖമില്ലേ?”
“ഒന്നുമില്ല. ഞാൻ കുറച്ച് കഴിഞ്ഞ് വരാം. നീ കിടന്നോ” മനോജ് നിരാശാഭാവത്തിൽ മുറിവിട്ടിറങ്ങി. ആശയക്കുഴപ്പത്തിലായ സംഗീത എന്തോ ആലോചിച്ച് എപ്പോഴോ ഉറങ്ങിപ്പോയി.
വിവാഹത്തിനെത്തിയ ഏതാനും ബന്ധുക്കളും പിറ്റേന്നും വീട്ടിലുണ്ടായിരുന്നു. പകൽ എല്ലാം സാധാരണ ഗതിയിൽ നടന്നു. രാത്രിയിൽ മനോജ് അവൾക്കരികിൽ വന്നിരുന്നുവെങ്കിലും പൊടുന്നനെ നിശ്ശബ്‌ദനായി. അയാൾ കിടക്കയുടെ ഒരു വശം പറ്റി കിടന്നുറങ്ങി. 3-4 രാത്രികൾ ഇതേമട്ടിൽ കഴിഞ്ഞതോടെ മനോജിന്‍റെ പെരുമാറ്റത്തിൽ എന്തോ പന്തികേടുള്ളതായി സംഗീതയ്‌ക്ക് തോന്നിത്തുടങ്ങി.
മനോജിന്‍റെ അകൽച്ച അവളെ വല്ലാതെ വേദനിപ്പിച്ചുകൊണ്ടിരുന്നു. സംഗീത മനോജിന്‍റെ മനസ്സിലിരുപ്പറിയാൻ ശ്രമിച്ചു. “എന്‍റെ കൈയിൽ നിന്നും എന്തെങ്കിലും തെറ്റുപറ്റിയോ?”
“ഇല്ല സംഗീതേ, നീയൊരു തെറ്റും ചെയ്‌തിട്ടില്ല. നീ നിഷ്കളങ്കയാണ്. പക്ഷേ എനിക്ക്.. എന്‍റെ മനസ്സ്.. ഞാനെന്ത് ചെയ്യാനാ… നിന്‍റെ അടുത്ത് വരുമ്പോഴൊക്കെ എന്തോ എന്നെ പിന്തിരിപ്പിക്കുന്നതുപോലെ. ഞാനാണ് തെറ്റുകാരൻ. ഞാനൊരു സാധാരണ മനുഷ്യനല്ലേ. നിന്നെ മറ്റൊരു പുരുഷൻ സ്‌പർശിച്ചതല്ലേ. എത്ര ശ്രമിച്ചിട്ടും എനിക്കത് മറക്കാനാവുന്നില്ല, മറക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ നിന്‍റെയടുത്ത് വരുമ്പോഴൊക്കെ…”
മനോജിന്‍റെ മുഖത്തേക്ക് നോക്കി സംഗീത പകച്ചിരുന്നു. ഹൃദയമിടിപ്പ് നിലച്ചതുപോലെ. ശരീരത്തിലെ മുഴുവൻ ശക്‌തിയും ചോർന്നുപോയി. അവളപ്പോൾ അമ്മ പറഞ്ഞ വാക്കുകൾ ഓർത്തു.
അമ്മ പറഞ്ഞതെത്ര ശരിയാണ്. ഒരു സ്‌ത്രീയ്‌ക്ക് ഭർത്താവിന്‍റെ സ്‌നേഹം നേടി അയാളുടെ എല്ലാ തെറ്റുകളേയും മറക്കാനും പൊറുക്കാനുമാവും. എന്നാൽ ഭർത്താവിനോ? ഭാര്യ നിഷ്‌കളങ്കയാണെന്ന് അറിഞ്ഞാലും സ്വന്തം സങ്കീർണ്ണമായ മാസികാവസ്‌ഥയെ അയാൾക്ക് മാറ്റാനാവില്ല. കാര്യങ്ങളെ വിശാലതയോടെ കാണാനും അയാൾക്കാവില്ല.
മനോജ് കുറ്റവാളിയെപ്പോലെ തലകുനിച്ചിരുന്നു. തൊണ്ടയിടറിയ ശബ്‌ദത്തോടെ സംഗീത പറഞ്ഞു, “മനോജിനെ കണ്ടപ്പോൾ എന്താണെന്നറിയില്ല എന്‍റെ വേദനകളെ മനസിലാക്കുന്ന ഒരാളാണെന്ന് എനിക്ക് തോന്നി. മനോജിന്‍റെ ആ വിശാലമനസ്‌കതയിൽ എന്‍റെ ജീവിതം എന്നുമെന്നും സുരക്ഷിതമായിരിക്കുമെന്ന് തോന്നി… പക്ഷേ…”
മനോജ് നിശ്ശബ്‌ദനായി മുറിവിട്ട് ഇറങ്ങി. തന്‍റെ ജീവിതം പെട്ടെന്ന് ഇരുട്ടിലാഴ്‌ന്നതുപോലെ… അവളുടെ മനസ്സ് പിടഞ്ഞുകൊണ്ടിരുന്നു.
ബന്ധുക്കളെല്ലാവരും പിരിഞ്ഞുപോയതോടെ മനോജിന്‍റെ അച്‌ഛൻ ശേഖരനും അമ്മ മായാദേവിയും അവരവരുടെ ജോലികളിൽ മുഴുകി.
മായാദേവി അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയായിരുന്നു. എൻജിഒ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനങ്ങളിൽ മായാദേവി സജീവമായിരുന്നു. ശേഖരനും മായാദേവിക്കും സംഗീത സ്വന്തം മകളാണ്. സംഗീതയുടെ കുലീനമായ പെരുമാറ്റവും ലാളിത്യവും അവരെ അത്ര മാത്രമാണ് ആകർഷിച്ചത്. പക്ഷേ അവളുടെ മുഖത്ത് നിഴലിച്ചിരുന്ന വിഷാദഭാവം ധാരാളം ജീവിതാനുഭവങ്ങൾ കണ്ട് തഴമ്പിച്ച അവർക്ക് മുന്നിൽ മറച്ചുവയ്‌ക്കാന്‍ ആവുമായിരുന്നില്ല. അവൾ എന്തോ കടുത്ത മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്ന് അവർ മനസിലാക്കി.
സന്തോഷം അഭിനയിക്കാൻ സംഗീത സദാ പാടുപെട്ടുകൊണ്ടിരുന്നു. പക്ഷേ അമ്മയേയും അച്‌ഛനേയും കാണാനായി സ്വന്തം വീട്ടിലെത്തിയപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. വീട്ടിലെത്തിയ ഉടൻ അവൾ ഓടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു.
കെട്ടിനിറുത്തിയ കണ്ണീർ വലിയൊരു പുഴയായി ഒഴുകി. അവളുടെ മനസ്സിലെ വേദനയെ തൊട്ടറിഞ്ഞെന്നപോലെ അമ്മയ്ക്കും കരച്ചിലടക്കാനായില്ല. “മോളേ, ഒടുവിൽ നീയത്… വേണ്ടായിരുന്നു. നിനക്കറിയില്ലേ പുരുഷ കേന്ദ്രീകൃതമായ സമൂഹമാണ് നമ്മുടേത്. പുരുഷനാണ് തെറ്റ് ചെയ്യുന്നതെങ്കിലും സ്‌ത്രീയെയാണ് സമൂഹം കളങ്കപ്പെട്ടവളായി കാണുന്നത്… അവൾ തെറ്റുകാരിയല്ലെങ്കിലും കൂടി. നീ എന്തിനാ മോളേ…?”
സംഗീത ഏറെ നേരം അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്നു. സംഗീതയുടെ അച്‌ഛൻ ഇതെല്ലാം കണ്ട് നിശ്ശബ്‌ദനായി ഇരുന്നു. അദ്ദേഹം ശേഖരനെ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും സംഗീത അദ്ദേഹത്തെ തടഞ്ഞു.
വീട്ടിൽ രണ്ട് ദിവസം താമസിച്ച ശേഷം സംഗീത മനോജിന്‍റെ വീട്ടിൽ മടങ്ങി വന്നു. മനോജ് സാധാരണ മട്ടിൽ അവളോട് പെരുമാറി. അവളോട് കളിചിരി തമാശകൾ പറഞ്ഞെങ്കിലും അവർക്കിടയിലെ വിടവ് വളരെ പ്രകടമായിരുന്നു.
ഒരു ദിവസം മായാദേവി സംഗീതയെ അടുത്ത് വിളിച്ചിരുത്തി സ്‌നേഹപൂർവ്വം കാര്യങ്ങൾ തിരക്കി. സങ്കടം സഹിക്കവയ്യാതെ വലിയൊരു പൊട്ടിക്കരച്ചിലോടെ തന്‍റെ ജീവിതത്തിലുണ്ടായ ആ സംഭവത്തെക്കുറിച്ച് അവൾ തുറന്നു പറഞ്ഞു. സംഭവമറിഞ്ഞ് മായാദേവി ദുഃഖിതയായി.
അൽപസമയം ഏതോ ചിന്തയിൽ മുഴുകിയിരുന്ന അവർ സംഗീതയെ ചേർത്തുപിടിച്ച് വാത്സല്യപൂർവ്വം തഴുകി. “മോളേ, ഇനി നീ വിഷമിക്കരുത്. റോഡിലൂടെ നടന്നുപോകുമ്പോൾ ഏതെങ്കിലും പേ പിടിച്ച നായ കടിച്ചാൽ നമ്മുടെ ശരീരം കളങ്കപ്പെടുമോ? അത്രയും നീ കരുതിയാൽ മതി. അത് നിന്‍റെ തെറ്റല്ലല്ലോ.. ഞാനിന്ന് തന്നെ മനോജിനോട് സംസാരിക്കുന്നുണ്ട് വിഷമിക്കാതിരിക്കൂ… ഇനി നീ കരയരുത്.”
നിന്‍റെ അമ്മയ്‌ക്ക് നേരിയ പനിയുണ്ടെന്ന് പറഞ്ഞിരുന്നു. മോള് ഒന്ന് വീട്ടിൽ പോയി വാ… അമ്മയ്‌ക്ക് അത് ആശ്വാസമാകും. നിനക്കും സന്തോഷമാകും.”
അന്നുച്ചയ്‌ക്ക് തന്നെ മായാദേവി സംഗീതയെ അവളുടെ വീട്ടിലേക്ക് അയച്ചു. അതിനു ശേഷം അവർ മനോജ് ഓഫീസിൽ നിന്നും വരുന്നതും കാത്തിരുന്നു. മനോജിന്‍റെ തളർന്ന മുഖം കണ്ടിട്ട് മായാദേവിയ്‌ക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി.
പക്ഷേ മനോജിന്‍റെയും സംഗീതയുടേയും ഈ ദുഃഖത്തെ എന്നന്നേക്കുമായി അവസാനിപ്പിച്ചല്ലേ പറ്റൂ. അവർ മനോജിന് കഴിക്കാൻ ചായയും പലഹാരവും ഡൈനിംഗ് ടേബിളിൽ എടുത്തുവച്ചു. മനോജ് ഡൈനിംഗ് ടേബിളിൽ അമ്മയ്‌ക്ക് അഭിമുഖമായി ഇരുന്നു.
മായാദേവി മനോജിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. വിഷയത്തിലേക്ക് എത്താനായി ഓഫീസ് വിശേഷങ്ങൾ ആരാഞ്ഞ ശേഷം അവർ പതിഞ്ഞ ശബ്‌ദത്തിൽ ചോദിച്ചു. “മോനേ, സംഗീത നിന്നോട് സത്യാവസ്‌ഥ പറഞ്ഞതാണല്ലോ.. പിന്നെന്തുകൊണ്ടാ ഈ അകൽച്ച?
അമ്മയുടെ തുറന്നുള്ള ചോദ്യം കേട്ട് മനോജ് ആദ്യമൊന്ന് പതറിപ്പോയി.
“അമ്മേ, ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ മറക്കാനാവുന്നില്ല” മനോജ് ശബ്‌ദമിടറിക്കൊണ്ട് പറഞ്ഞു.
മായാദേവിയുടെ മുഖം ഗൗരവഭാവം പൂണ്ടു. “അവൾ സത്യം പറഞ്ഞത് തെറ്റായി പോയെന്നല്ലേ അതിനർത്ഥം. സത്യത്തിൽ അവളത് നിന്നിൽ നിന്നും മറച്ചു വയ്‌ക്കേണ്ടതായിരുന്നു. അല്ലേ? അവൾക്ക് ഇങ്ങനെ സംഭവിച്ചില്ലായിരുന്നു എന്നിരിക്കട്ടെ, നിന്‍റെ പഴയ പ്രണയ ബന്ധങ്ങളറിഞ്ഞ് അവൾ നിന്നോട് ഇങ്ങനെ പെരുമാറിയാൽ നിനക്ക് വിഷമം തോന്നില്ലേ? സംഗീത എന്തു തെറ്റാണ് ചെയ്‌തത്?”
“നിന്നിലുള്ള വിശ്വാസവും സ്‌നേഹവും കാരണമാണ് ആ വേദനിപ്പിക്കുന്ന സത്യം നിന്നോട് അവൾ പങ്കുവച്ചത്. പക്ഷേ നീയവളെ എന്തു മാത്രമാണ് വേദനിപ്പിച്ചത്. അവൾക്കൊപ്പം നമ്മൾ ഒറ്റക്കെട്ടായി നിൽക്കുകയാണ് വേണ്ടത്. ഞാനൊരു സ്‌ത്രീയാണ്, എനിക്കവളുടെ വേദന തിരിച്ചറിയാം” മായാദേവി കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
“നീ എല്ലാം അറിഞ്ഞുകൊണ്ട് സന്തോഷത്തോടെ അവളെ അംഗീകരിച്ചിരുന്നുവെങ്കിൽ ഞാൻ നിന്നിൽ അഭിമാനം കൊള്ളുമായിരുന്നു. പക്ഷേ നിന്നെയോർത്ത് ഇപ്പോൾ ഞാൻ ലജ്‌ജിക്കുന്നു” മായാദേവി ഏറെ നേരം നിശ്ശബ്‌ദയായി ഇരുന്നു.
അമ്മയുടെ വാക്കുകൾ മനോജിന്‍റെ മനസ്സിൽ വീണ കറയെ കഴുകിക്കളഞ്ഞു. പിറ്റേന്ന് വൈകുന്നേരത്തോടെ സംഗീത മടങ്ങിയെത്തി. സംഗീതയെ കണ്ടപ്പോൾ മായാദേവിയ്‌ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
“മോളെ, നീ ഇത്രപെട്ടെന്ന് മടങ്ങി പോന്നോ?”
“അമ്മയ്‌ക്ക് കുഴപ്പമൊന്നുമില്ല. പനി നല്ല കുറവുണ്ട്. നാളെ വീണ്ടും ചെല്ലാം” അവൾ തെളിഞ്ഞ മുഖത്തോടെ പുഞ്ചിരിച്ചു. ഇതിനിടെ ഓഫീസിൽ നിന്നും മടങ്ങി വന്ന മനോജ് വസ്‌ത്രം മാറി മുറിയിൽ നിന്നുമിറങ്ങി വരുന്നതുകണ്ട് സംഗീത അയാളെ നോക്കി.
“മനോജ് വന്നതേയുള്ളോ? ഞാൻ ചായ എടുക്കട്ടെ?”
മനോജ് പുഞ്ചിരിയോടെ തലയാട്ടി. സംഗീത തിടുക്കപ്പെട്ട് നേരെ അടുക്കളയിലേക്ക് നടന്നു. പിന്നാലെ മനോജും. മനോജ് അടുക്കളയിലേക്ക് പോകുന്നതുകണ്ട് മനസ്സിൽ നിന്നും വലിയൊരു ഭാരം ഒഴിഞ്ഞ ആശ്വാസത്തിൽ മായാദേവി പുഞ്ചിരിയോടെ ടിവി ഓൺ ചെയ്‌തു.
കാൽ പെരുമാറ്റം കേട്ട് സംഗീത തിരിഞ്ഞുനോക്കി. മനോജ് വലിയൊരു ചിരിയോടെ അവളെ കൈകൾക്കുള്ളിൽ ചേർത്തു നിർത്തി. “സോറി… ഒരായിരം സോറി… ഞാൻ നിന്നെ ഒത്തിരി വേദനിപ്പിച്ചു” അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു കൊണ്ടിരുന്നു. ഇത്രയും ദിവസം കെട്ടിനിർത്തിയ വേദന കണ്ണീർ ചാലുകളായി. വിശുദ്ധയുടെ കണ്ണുനീരിൽ അയാൾ അവളുടെ ഇണപിരിയാത്ത നിത്യകാമുകനായി.