29 ചിത്രങ്ങൾ പൂർത്തിയാക്കിയ പൗളി ധാം ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ഗോൾഡൻ പീകോക്ക് അവാർഡും ചെറിയ പ്രായത്തിൽ സ്വന്തമാക്കിയ പ്രതിഭയാണ്. വൈവിദ്ധ്യമാർന്ന സിനിമകൾ തെരഞ്ഞെടുക്കാൻ അവർ എപ്പോഴും മിടുക്ക് കാട്ടി. 2012ൽ വിക്രം ഭട്ടിന്റെ ഹേറ്റ് സ്റ്റോറിയിൽ അതിരു കടന്ന പ്രകടനം കൊണ്ട് എല്ലാവരേയും ഞെട്ടിച്ച പൗളി ധാം പിന്നീട് അത്തരം വേഷത്തിൽ പത്യക്ഷപ്പെട്ടതേയില്ല. ഒരു വർഷത്തിനു ശേഷം അങ്കൂർ അറോറ മർഡർ കേസ് എന്ന ചിത്രത്തിൽ അടിമുടി മറയ്ക്കുന്ന വസ്ത്രമണിഞ്ഞ വക്കീലായാണ് പ്രത്യക്ഷപ്പെട്ടത്. ആ ചിത്രവും പൗളിയുടെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
പൗളി അഭിനയിച്ച് കൊങ്കണി ഭാഷയിൽ ഇറങ്ങിയ ബാഗാ ബീച്ച് എന്ന ചിത്രത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. സാരാ സില്ലി സില്ലി എന്ന ചിത്രത്തിലെ വേഷവും പൗളിയുടെ താരമൂല്യം ഉയർത്തി. ബംഗാളി സൂപ്പർ സ്റ്റാർ പരംബ്രതയുടെ കൂടെ അനേകം പ്രണയ ചിത്രങ്ങൾ ചെയ്ത പൗളി ഇപ്പോൾ ബോളിവുഡിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൗളി ധാം മനസ്സ് തുറക്കുന്നു…
ഹിന്ദി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മടികാണിക്കുന്നതെന്താണ്?
അങ്ങനെയൊന്നുമില്ല. പക്ഷേ ഒരു കാര്യം സത്യമാണ്. ഞാനിതുവരെ ബംഗ്ലാ സിനിമ പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല. എനിക്ക് ഹിന്ദിയോ മറ്റ് ഭാഷാ ചിത്രങ്ങളോ ചെയ്യുന്നതിൽ യാതൊരു മടിയുമില്ല. കഥ നന്നാവണമെന്ന് മാത്രം.
അങ്കൂർ അറോറ മർഡർ കേസ് നല്ല ചിത്രമായിരുന്നു. പക്ഷേ ബോക്സ് ഓഫീസിൽ വിജയിച്ചില്ല. അതിൽ സങ്കടമുണ്ടോ?
പിന്നില്ലാതെ. എല്ലാ ചിത്രത്തിലും ആത്മാർത്ഥതയോടെയാണ് എല്ലാവരും പണിയെടുക്കുന്നത്. അതിന്റെ ഫലം കിട്ടാതെ വരുമ്പോൾ നിരാശ തോന്നും. ഡോക്ടർമാരുടെ അനാസ്ഥയുടെ കഥ പറഞ്ഞ ഈ ചിത്രം വളരെ ബോൾഡായ ഒന്നായിരുന്നു. ഡിസ്ട്രിബ്യൂഷനിലെ ചില തകരാറുകൾ കാരണമാണ് പടം ഓടാതെ പോയത്. പബ്ലിസിറ്റിയും കുറവായിരുന്നു. വളരെ കുറച്ച് തീയറ്ററുകളിൽ മാത്രമാണ് അത് റിലീസ് ചെയ്തത്. സിനിമ വന്നതും പോയതും ജനം അറിഞ്ഞില്ല. കണ്ടവർക്കെല്ലാം നല്ല അഭിപ്രായമായിരുന്നു.
ബാഗാ ബീച്ചിലെ കഥാപാത്രം?
ബീച്ചിൽ മാല വിൽക്കുന്ന പെൺകുട്ടിയുടെ റോളാണ്. കർണ്ണാടകയിൽ നിന്ന് വന്ന് ഗോവാ ബീച്ചിൽ മുത്ത്മാല വിൽക്കുന്ന പെൺകുട്ടിയ്ക്ക് ഒരു പാട് തടസ്സങ്ങൾ നേരിടേണ്ടി വരുന്നു. ഗോവക്കാരിയല്ലാത്തതിനാൽ പ്രാദേശിക വിൽപ്പനക്കാരുടെ ഉപദ്രവം ഉണ്ട്. അതു കാരണം ജീവിതം അപകടത്തിലാവുന്ന സ്ഥിതിയാണ് ആ പെൺകുട്ടിയ്ക്ക്. മനോഹരമായ തിരക്കഥയാണ്.
കൊങ്കണിയിൽ അഭിനയിച്ച ആദ്യ ബംഗാളി നടിയാണ് താങ്കൾ?
അതെ. 2011 കാൻസ് ഫിലിം ഫെസ്റ്റിവലിൽ വച്ച് ഫിലിം മേക്കർ ലക്ഷ്മികാന്ത് ഷെട്ട്ഗാവ്ങ്കറുമായി പരിചയപ്പെടാനിടയായി. തിരിച്ചെത്തിയ ശേഷം അദ്ദേഹം എന്നെ വിളിച്ചു. കഥ പറഞ്ഞു. അതെനിക്ക് വലിയ ഇഷ്ടമായി. ഹിന്ദി, കൊങ്കണി, ഇംഗ്ലീഷ് ഭാഷയിൽ ആ ചിത്രം എടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതു ഭാഷയിൽ ആയാലും എനിക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നു. ചിത്രം ഗംഭീരമായാണ് അദ്ദേഹം ചിത്രീകരിച്ചത്. അതിന് തെളിവാണല്ലോ ദേശീയ അവാർഡ്. പക്ഷേ ഇതുവരെ റിലീസ് അയിട്ടില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നു. ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രമെങ്കിലും നമ്മൾ സ്ക്രീനിൽ കണ്ടുമടുത്ത ഗോവ നിങ്ങൾക്കിതിൽ കാണാനാവില്ല.
ആരോനി നാക്കേൻ എന്ന ചിത്രത്തിലെ ക്യാരക്ടർ വളരെ വ്യത്യസ്തമാണല്ലോ…?
രുനാ നോജ എന്ന ഒരു മുസ്ലീം പെൺകുട്ടിയുടെ വേഷമാണിതിൽ. ഫുൾ ഓഫ് ലൈഫ് ഉള്ള ഒരു സാധാരണ പെൺകുട്ടിയാണവൾ. അവൾക്ക് ഒരു ഹിന്ദു ആൺകുട്ടിയോട് പ്രണയം തോന്നുന്നു. 1990 കളാണ് കഥാപരിസരം. വർഗ്ഗീയ കലാപത്തിൽ ഇരുവരും അടിപ്പെട്ടുപോകുന്നതാണ് കഥ. അതിനുശേഷം അവളുടെ ജീവിതത്തിൽ വരുന്ന മാറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള റോളുകൾ വളരെ അപൂർവ്വമായേ ഒരാൾക്ക് ലഭിക്കുകയുള്ളൂ.
ആരോനി നാക്കേൻ എന്ന ചിത്രത്തിലെ പോലെ വർഗ്ഗീയ സംഘർഷം നിങ്ങൾ എപ്പോഴെങ്കിലും അടുത്തറിഞ്ഞിട്ടുണ്ടോ?
ഇല്ല. ഇത് വർഗ്ഗീയത കുത്തി വയ്ക്കുന്ന ചിലരുടെ മാത്രം കഥയാണ്. സാധാരണക്കാരായ ആളുകളെ അവർ എങ്ങനെ സ്വാധീനിക്കുന്നു എന്നും അവരെ സ്വന്തം താൽപര്യങ്ങൾക്കായി എങ്ങനെ ഉപയോഗിക്കുന്നു എന്നും ആരോനി നാക്കേൻ കാണിച്ചു തരുന്നു. സാധാരണ ജീവിതത്തിൽ എനിക്കിത്തരം കാര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. എനിക്ക് പരിചിതമല്ലാത്ത ഒരു ജീവിതമാണ് രുനാ നോജായുടേത്.
കലാപം പ്രമേയമാക്കുന്ന സിനിമകൾ ധാരാളം പുറത്ത് വരുന്നുണ്ട്. എല്ലാത്തിലും പ്രണയമാണ് വിഷയം. എന്താണിങ്ങനെ?
ഈ ചിത്രത്തിന് മറ്റൊരു തലം കൂടിയുണ്ട്. ഇതിൽ മറ്റൊരുപാട് എലിമെന്റ് ഉണ്ട്. ഇതൊരു പതിവ് കലാപം പ്രമേയമാക്കിയെടുത്ത ചിത്രമല്ല. പാവം മനുഷ്യരുടെ വ്യഥകളാണിതിൽ ഉള്ളത്.
പതുക്കെ പതുക്കെ നിങ്ങൾ ഗ്ലാമർ ഇമേജിൽ നിന്ന് പുറത്ത് കടക്കുകയാണോ?
ഏതെങ്കിലും ഒരു ഇമേജ് നേടിയെടുക്കാൻ വേണ്ടി ഞാൻ ഒരു കഥാപാത്രവും തെരഞ്ഞെടുത്തിട്ടില്ല. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയുള്ള കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. ആവർത്തന വിരസത സൃഷ്ടിക്കുന്നതൊന്നും ഞാൻ ചെയ്തിട്ടില്ല. അതെനിക്കു തന്നെ ബോറടിക്കുന്ന കാര്യമാണ്. പാട്ടും കൂത്തും ഉള്ള സിനിമകൾ മാത്രമല്ല ആന്തരിക ക്ഷോഭം ഉള്ള കഥാപാത്രങ്ങളും ഞാൻ ചെയ്തിട്ടുണ്ടല്ലോ. ഞാൻ പ്രത്യേക ഇമേജിൽ കുടുങ്ങിക്കിടക്കാൻ ആഗ്രഹിക്കുന്നില്ല.
ബംഗ്ലാ ചലച്ചിത്ര ലോകവും ബോളിവുഡും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. നിങ്ങൾക്ക് എവിടെ ജോലിചെയ്യാനാണ് കൂടുതൽ ഇഷ്ടം?
എനിക്ക് രണ്ടിടവും സൗകര്യമാണ്. ഞാൻ എവിടെയും സുഖമായി ജോലി ചെയ്യും. എനിക്ക് ഭാഷയുടെയും ദേശത്തിന്റെയും അതിരുകളില്ലാതെ ജോലി ചെയ്യണം. കാരണം എനിക്ക് കൂടുതൽ നല്ല സിനിമകൾ ചെയ്യേണ്ടതുണ്ട്. ഞാൻ ബാഗാ ബീച്ച് ചെയ്യുമ്പോൾ ഒരു മാസം ഗോവയിലായിരുന്നു. പുതിയ ആളുകളെ പരിചയപ്പെടുന്നതും പുതിയ യൂണിറ്റുമായി വർക്ക് ചെയ്യുന്നതും എനിക്ക് ഇഷ്ടമാണ്.
എല്ലാവരുടേയും ആഗ്രഹം ഹോളിവുഡ് ചിത്രത്തിൽ മുഖം കാണിക്കണം എന്നാണ്. പൗളിയും അങ്ങനെ ആഗ്രഹിക്കുന്നുണ്ടോ?
അതിനായി ഞാൻ പ്രത്യേക ശ്രമങ്ങൾ നടത്തുന്നില്ല. അങ്ങനെ ഒരു പ്ലാനും ഇപ്പോൾ എനിക്കില്ല. എങ്കിലും ഹോളിവുഡ് എന്റെ സ്വപ്നമാണ്. ഒരു കലാകാരിയെന്ന നിലയിൽ അന്താരാഷ്ട്ര പ്രശസ്തി ഞാനും ആഗ്രഹിക്കുന്നു.
മൾട്ടി പ്ലക്സ് വ്യാപകമായതോടെ ധാരാളം ഹോളിവുഡ് സിനിമകൾ ഡബ്ബ് ചെയ്ത് പ്രദർശനത്തിനെത്തുന്നുണ്ട്. ഇത് ഇന്ത്യൻ പ്രാദേശിക സിനിമകളെ ബാധിക്കില്ലേ?
ആളുകൾ ഇത്തരം പ്രവണതയെ നിരാകരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഹോളിവുഡ് സിനിമകൾ ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് നമ്മുടെ സിനിമയെ ബാധിച്ചിട്ടുണ്ട്. ഹിന്ദി സിനിമ മറ്റ് പ്രദേശങ്ങളിൽ ഡബ്ബ് ചെയ്ത് കാണിക്കുമ്പോൾ പ്രാദേശിക വാസികൾ നിരാകരിക്കാറുണ്ട്. സിനിമയുടെ എല്ലാ മേഖലയിലും വിവിധ പ്രദേശത്തുള്ളവർ ജോലി ചെയ്യുന്നുണ്ടല്ലോ. റീമേക്കിനോടും ഡബ്ബിംഗ് സിനിമകളോടും എനിക്ക് യോജിപ്പില്ല.
പൗളി ധാം ഇപ്പോഴും സിംഗിൾ ആണോ?
ഞാൻ ഒറ്റയ്ക്കല്ല. എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്.