29 ചിത്രങ്ങൾ പൂർത്തിയാക്കിയ പൗളി ധാം ഏറ്റവും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരത്തിനു പുറമേ ഗോൾഡൻ പീകോക്ക് അവാർഡും ചെറിയ പ്രായത്തിൽ സ്വന്തമാക്കിയ പ്രതിഭയാണ്. വൈവിദ്ധ്യമാർന്ന സിനിമകൾ തെരഞ്ഞെടുക്കാൻ അവർ എപ്പോഴും മിടുക്ക് കാട്ടി. 2012ൽ വിക്രം ഭട്ടിന്‍റെ ഹേറ്റ് സ്റ്റോറിയിൽ അതിരു കടന്ന പ്രകടനം കൊണ്ട് എല്ലാവരേയും ഞെട്ടിച്ച പൗളി ധാം പിന്നീട് അത്തരം വേഷത്തിൽ പത്യക്ഷപ്പെട്ടതേയില്ല. ഒരു വർഷത്തിനു ശേഷം അങ്കൂർ അറോറ മർഡർ കേസ് എന്ന ചിത്രത്തിൽ അടിമുടി മറയ്ക്കുന്ന വസ്ത്രമണിഞ്ഞ വക്കീലായാണ് പ്രത്യക്ഷപ്പെട്ടത്. ആ ചിത്രവും പൗളിയുടെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
പൗളി അഭിനയിച്ച് കൊങ്കണി ഭാഷയിൽ ഇറങ്ങിയ ബാഗാ ബീച്ച് എന്ന ചിത്രത്തിനാണ് ദേശീയ പുരസ്കാരം ലഭിച്ചത്. സാരാ സില്ലി സില്ലി എന്ന ചിത്രത്തിലെ വേഷവും പൗളിയുടെ താരമൂല്യം ഉയർത്തി. ബംഗാളി സൂപ്പർ സ്റ്റാർ പരംബ്രതയുടെ കൂടെ അനേകം പ്രണയ ചിത്രങ്ങൾ ചെയ്ത പൗളി ഇപ്പോൾ ബോളിവുഡിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പൗളി ധാം മനസ്സ് തുറക്കുന്നു...
ഹിന്ദി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ മടികാണിക്കുന്നതെന്താണ്?
അങ്ങനെയൊന്നുമില്ല. പക്ഷേ ഒരു കാര്യം സത്യമാണ്. ഞാനിതുവരെ ബംഗ്ലാ സിനിമ പൂർണ്ണമായും ഉപേക്ഷിച്ചിട്ടില്ല. എനിക്ക് ഹിന്ദിയോ മറ്റ് ഭാഷാ ചിത്രങ്ങളോ ചെയ്യുന്നതിൽ യാതൊരു മടിയുമില്ല. കഥ നന്നാവണമെന്ന് മാത്രം.
അങ്കൂർ അറോറ മർഡർ കേസ് നല്ല ചിത്രമായിരുന്നു. പക്ഷേ ബോക്സ് ഓഫീസിൽ വിജയിച്ചില്ല. അതിൽ സങ്കടമുണ്ടോ?
പിന്നില്ലാതെ. എല്ലാ ചിത്രത്തിലും ആത്മാർത്ഥതയോടെയാണ് എല്ലാവരും പണിയെടുക്കുന്നത്. അതിന്‍റെ ഫലം കിട്ടാതെ വരുമ്പോൾ നിരാശ തോന്നും. ഡോക്ടർമാരുടെ അനാസ്ഥയുടെ കഥ പറഞ്ഞ ഈ ചിത്രം വളരെ ബോൾഡായ ഒന്നായിരുന്നു. ഡിസ്ട്രിബ്യൂഷനിലെ ചില തകരാറുകൾ കാരണമാണ് പടം ഓടാതെ പോയത്. പബ്ലിസിറ്റിയും കുറവായിരുന്നു. വളരെ കുറച്ച് തീയറ്ററുകളിൽ മാത്രമാണ് അത് റിലീസ് ചെയ്തത്. സിനിമ വന്നതും പോയതും ജനം അറിഞ്ഞില്ല. കണ്ടവർക്കെല്ലാം നല്ല അഭിപ്രായമായിരുന്നു.
ബാഗാ ബീച്ചിലെ കഥാപാത്രം?
ബീച്ചിൽ മാല വിൽക്കുന്ന പെൺകുട്ടിയുടെ റോളാണ്. കർണ്ണാടകയിൽ നിന്ന് വന്ന് ഗോവാ ബീച്ചിൽ മുത്ത്മാല വിൽക്കുന്ന പെൺകുട്ടിയ്ക്ക് ഒരു പാട് തടസ്സങ്ങൾ നേരിടേണ്ടി വരുന്നു. ഗോവക്കാരിയല്ലാത്തതിനാൽ പ്രാദേശിക വിൽപ്പനക്കാരുടെ ഉപദ്രവം ഉണ്ട്. അതു കാരണം ജീവിതം അപകടത്തിലാവുന്ന സ്ഥിതിയാണ് ആ പെൺകുട്ടിയ്ക്ക്. മനോഹരമായ തിരക്കഥയാണ്.
കൊങ്കണിയിൽ അഭിനയിച്ച ആദ്യ ബംഗാളി നടിയാണ് താങ്കൾ?
അതെ. 2011 കാൻസ് ഫിലിം ഫെസ്റ്റിവലിൽ വച്ച് ഫിലിം മേക്കർ ലക്ഷ്മികാന്ത് ഷെട്ട്ഗാവ്ങ്കറുമായി പരിചയപ്പെടാനിടയായി. തിരിച്ചെത്തിയ ശേഷം അദ്ദേഹം എന്നെ വിളിച്ചു. കഥ പറഞ്ഞു. അതെനിക്ക് വലിയ ഇഷ്ടമായി. ഹിന്ദി, കൊങ്കണി, ഇംഗ്ലീഷ് ഭാഷയിൽ ആ ചിത്രം എടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏതു ഭാഷയിൽ ആയാലും എനിക്ക് പ്രശ്നങ്ങൾ ഇല്ലായിരുന്നു. ചിത്രം ഗംഭീരമായാണ് അദ്ദേഹം ചിത്രീകരിച്ചത്. അതിന് തെളിവാണല്ലോ ദേശീയ അവാർഡ്. പക്ഷേ ഇതുവരെ റിലീസ് അയിട്ടില്ല എന്നത് എന്നെ സങ്കടപ്പെടുത്തുന്നു. ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രമെങ്കിലും നമ്മൾ സ്ക്രീനിൽ കണ്ടുമടുത്ത ഗോവ നിങ്ങൾക്കിതിൽ കാണാനാവില്ല.