ഇന്ന് ശനിയാഴ്ച്ചയാണ്. കഴിഞ്ഞ ശനിയാഴ്ച്ചയും അതിനു മുൻപത്തെ ശനിയാഴ്ച്ചയും അവൾ വന്നിരുന്നു.

ഇന്നുമവൾ വരുമോ? വന്നാൽ….?

റെയിൽവേ പോലീസിന്‍റെ ശ്രദ്ധയിൽ പെടുത്തിയാലോ? വേണ്ട… അതുവേണ്ട… പിന്നെ?

അയാൾ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ട് ചിന്താമൂകനായി നിന്നു. മനസ്സിനാകെ ഒരസ്വസ്ഥത.

ഓർമ്മയിലപ്പോൾ അവളുടെ മുഖശ്രീ തെളിഞ്ഞു. ക്ഷോഭിക്കുമ്പോൾ ആ കവിൾത്തടങ്ങൾ വല്ലാതെ ചുവന്നു തുടുക്കും. വിടർന്ന കണ്ണുകൾ ഈറനാകും.

കഴിഞ്ഞ രണ്ടുവരവിലും ഒരേ വേഷമാണവൾ ധരിച്ചിരുന്നത്. ചുവന്നസാരിയും ബ്ലൗസും. അതേനിറത്തിലുള്ള കുങ്കുമപ്പൊട്ട്. ചുവന്ന കല്ലുവെച്ച മൂക്കുത്തി. അവൾ മുന്നിൽ നിന്ന് മറഞ്ഞിട്ടും നിമിഷങ്ങളോളം ആ രക്തവർണ്ണം കണ്ണിൽനിന്നും മായാതെ നിന്നു,

ഓർക്കുംതോറും ദുരൂഹതയേറുകയാണ്. ആരാണവൾ? എന്താണവളുടെ ഉദ്ദേശം?

സ്റ്റേഷൻ മാസ്റ്ററായി ചാർജ്ജെടുത്തിട്ട് ഒന്നരമാസമാകുന്നതേയുള്ളു. ഒരുപക്ഷെ ഇവിടെയുള്ള മറ്റു ജീവനക്കാർക്ക് അവളെക്കുറിച്ച് അറിയുമായിരിക്കാം. ആരോടെങ്കിലും ചോദിച്ചു നോക്കാം.

ജനാലയുടെ ചതുരത്തിലൂടെ, ഇടക്കിടെ ഒന്നോ രണ്ടോ പേർ അങ്ങോട്ടുമിങ്ങോട്ടും കടന്നുപോകുന്നത് കണ്ടു. മഴ ചാറുന്നുണ്ട്. ആകാശത്ത് മഴമേഘങ്ങൾ ശണ്ഠകൂടാൻ തുടങ്ങിയിരിക്കുന്നു. സന്ധ്യയാകാറായില്ലെങ്കിലും മുറിക്കകത്ത് ഇരുട്ട് കടന്നുവന്നു കഴിഞ്ഞു.

അയാൾ ചുവരിലെ സ്വിച്ചിൽ വിരലമർത്തി. മൂന്നാഴ്ച്ചകൾക്ക് മുൻപുവരെ ഈ സമയത്ത് പ്ലാറ്റ്ഫോമിൽ നല്ലതിരക്കായിരിക്കും. ഏഴുമണിയുടെ മദ്രാസ് മെയിൽ കാത്തുനിൽകുന്ന യാത്രക്കാർ, അവരെ യാത്രയയക്കാൻ വരുന്ന ബന്ധുക്കൾ, പിന്നെ ഭക്ഷണസാധനങ്ങളും സ്റ്റേഷനറി സാധനങ്ങളും മറ്റും വിൽക്കുന്ന കച്ചവടക്കാർ, പോർട്ടർമാർ, ഭിക്ഷക്കാർ; അങ്ങനെ ആകെ ബഹളം.

യാത്രക്കാരുടെ ദൃഷ്ടികൾ നീണ്ടുകിടക്കുന്ന പാളത്തിലായിരിക്കും. പക്ഷെ അതെല്ലാം പഴയകഥ.

ഏഴുമണിക്കെത്തുന്ന മദ്രാസ് മെയിൽ ഈ സ്റ്റേഷനിൽ നിർത്തേണ്ടതില്ലെന്ന് ഹെഡ് ഓഫീസിൽനിന്നുള്ള ഓർഡർ വരുന്നതിനു മുൻപ്; ഇപ്പോൾ ആ വണ്ടിക്കിവിടെ സ്റ്റോപ്പില്ല. പ്ലാറ്റ്ഫോമിൽ തിരക്കുമില്ല.

അയാൾ വാച്ചിൽ നോക്കി. സമയം ആറരയാകാൻ പോകുന്നു.

ഇന്ന് ശനിയാഴ്ചയാണ്. ഇന്നും അവൾ വരുമോ?

രണ്ടാഴ്ചകൾക്ക് മുൻപാണവൾ ആദ്യമായി അയാളെ കാണാൻ വന്നത്. ഒരു ശനിയാഴ്ച. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയിട്ട് നിമിഷങ്ങൾക്കു ശേഷം.

അകന്നുപോകുന്ന വണ്ടിചക്രങ്ങളുടെ താളക്രമത്തിലുള്ള സ്വരം ചെവിയോർത്തു കൊണ്ട് ഹെഡ്ഓഫീസിൽ നിന്നെത്തിയ മെയിൽ ശ്രദ്ധയോടെ വായിക്കുകയായിരുന്നു അയാൾ.

വാതിൽക്കലപ്പോൾ ഒരു കാലനക്കം. തലയുയർത്തിയപ്പോൾ മുറിക്കകത്തേക്ക് കടന്നു വരുന്ന മുപ്പതിൽ താഴെ പ്രായമുള്ള ഒരു യുവതി.

ധൃതിയിൽ അയാളുടെ മുന്നിൽ വന്ന് നില്പായി അവൾ. മുഖത്തെ ഗൗരവഭാവം ശ്രദ്ധിച്ചുകൊണ്ട് അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കി.

“എന്താ?”

അവൾ മറൂപടി നൽകിയില്ല. അതിനൊന്നും ബാദ്ധ്യസ്ഥയല്ല എന്ന ഭാവമായിരുന്നു അവൾക്ക്.

“നിങ്ങളാണോ ഇവിടത്തെ സ്റ്റേഷൻമാസ്റ്റർ?” ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നികൃഷ്ടനായ ജന്തു നിങ്ങളാണ് എന്ന ധ്വനിയുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“അതെ.എന്തെങ്കിലും പ്രശ്നം”

“എന്നിട്ടാണോ ഒന്നും അറിയാത്ത ഭാവത്തിൽ ഇവിടെയിങ്ങനെ മുനിയേപ്പോലെ ഇരിക്കുന്നത്?”

ചോദ്യം വ്യക്തമായില്ലെങ്കിലും അവളുടെ ശാസനാസ്വരം അയാളെ തെല്ലൊന്ന് ചൊടിപ്പിച്ചു. മനസംയമനം പാലിച്ചുകൊണ്ട് അയാൾ ചോദിച്ചു “നിങ്ങൾ… നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?”

“ഏഴുമണിയുടെ മദ്രാസ് മേയിൽ ഈ സ്റ്റേഷനിൽ നിർത്താതെ കടന്നുപോകാൻ തുടങ്ങിയിട്ട് എത്രയാഴ്ചയായി?”

“രണ്ടുമൂന്നാഴ്ചയായി കാണും.”

“എന്നിട്ട് നിങ്ങളെന്താ ഒരു നടപടിയും എടുക്കാത്തത്?”

“എന്തിന്?” അയാൾ അത്ഭുതാധീനനായി

“മൂന്നാഴ്ചകൾക്കു മുൻപ് ഈ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടായിരുന്നതു പോലെ തുടരാൻ…”

“നിങ്ങൾക്ക് ഇക്കാര്യത്തിൽ എന്താണിത്ര താല്പര്യം?”

“പതിവായി ഈ സ്റ്റേഷനിലിറങ്ങാറുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാകും. അതുതന്നെ” ന്യായം തന്‍റെ ഭാഗത്താണെന്ന ഊറ്റമുണ്ടായിരുന്നു അവളുടെ സ്വരത്തിൽ.

“പക്ഷെ എനിക്ക് ഹെഡോഫീസിൽ നിന്നുള്ള ഓർഡർ അനുസരിക്കണമല്ലോ”

“യാത്രക്കാരുടെ അസൗകര്യങ്ങളോ? എന്താണ് ആരും അതൊന്നും ആലോചിക്കാത്തത്”

“നിങ്ങൾ അത്തരത്തിലൊരു യാത്രക്കാരിയാണോ?”

“ഞാൻ… ഞാൻ… എന്‍റെ പ്രശ്നമല്ല ഞാൻ പറഞ്ഞത്. യാത്രക്കാരുടെ… വണ്ടിയിൽ ഇവിടെ വന്നിറങ്ങുന്ന യാത്രക്കാരുടെ…” ക്ഷോഭം കൊണ്ട് അവളുടെ സ്വരമുയർന്നു. മേശയുടെ അരികിൽ വിശ്രമിച്ചിരുന്ന അവളുടെ കൈവിരലുകളപ്പോൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു. ചുണ്ടിനു മുകളിൽ വിയർപ്പിന്‍റെ ചെറുകണങ്ങൾ.

റെയിൽവെയുടെ നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അവളിങ്ങനെ ക്ഷുഭിതയാകുന്നത്? തൽക്കാലത്തേക്ക് അവളെ സമാധാനിപ്പിക്കാൻ വേണ്ടി അയാൾ പറഞ്ഞു.

“നിങ്ങളൊരു പരാതിയെഴുതിത്തരൂ”

അടുത്ത നിമിഷം പെട്ടെന്ന് അവസാനിച്ച ഒരു സ്വപ്നം പോലെ അവൾ മുന്നിൽ നിന്നും അപ്രത്യക്ഷയാകുകയും ചെയ്തു.

കൃത്യം പിന്നത്തെ ശനിയാഴ്‌ച്ചയും അവളെത്തി. ഏഴുമണി എക്സ്പ്രസ്സ് കടന്നുപോയി നിമിഷങ്ങൾക്കകം ഒരു തീജ്വാല പോലെ അവൾ! അതേ ചുവന്ന സാരിയും ബ്ലൗസും. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന സിന്ദൂരപ്പൊട്ട്.

“പരാതി കൊണ്ടുവന്നിട്ടുണ്ടോ” അയാൾ തിരക്കി.

“എന്തിന്? ഇവിടെ ഇറങ്ങേണ്ട യാത്രക്കാരെ സഹായിക്കാൻ നിങ്ങൾക്ക് മനസ്സുണ്ടോ ഇല്ലയോ?” അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു. ചുവപ്പുകല്ലിന്‍റെ മൂക്കുത്തിയപ്പോൾ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

എതിരാളിയെ പ്രതിക്കൂട്ടിൽ നിർത്തുന്നതു പോലെയുള്ള അവളുടെ ശാസന അയാൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. കയ്യെത്തുന്ന ദൂരത്തിലിരിക്കുന്ന ഫോൺ ഒന്ന് കറക്കിയാൽ മതി. റെയിൽവേ പോലീസവളെ ഒരു താക്കീതും കൊടുത്ത് പറഞ്ഞയച്ചോളും. അയാൾ ഫോണിന്‍റെ റിസീവറെടുക്കാൻ കൈ നീട്ടിയതായിരുന്നു. അപ്പോഴാണയാൾ അവളുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണൂകൾ ശ്രദ്ധിക്കുന്നത്. പെട്ടെന്നയാൾ കൈ പിൻവലിച്ചു.

“നിങ്ങളുടെ ആരാണ് ഈ വണ്ടിയിൽ വരാറുള്ളത്?” സൗമ്യസ്വരത്തിലയാൾ ചോദിച്ചു

സാരിത്തുമ്പിനാൽ കണ്ണീരൊപ്പിക്കൊണ്ട് അവൾ വിതുമ്പി. “എന്‍റെ ഭർത്താവ്. അദ്ദേഹം എന്നെക്കാണാൻ വന്നിട്ട് എത്രനാളായെന്നറിയാമോ?” അടുത്ത നിമിഷം വീണ്ടും അവളുടെ സ്വരം പരുഷമായി “എല്ലാത്തിനും കാരണം നിങ്ങളാണ്.”

ഇതെവിടത്തെ ന്യായം. അതിന് മറ്റുള്ളവർക്ക് എന്തുചെയ്യാനാകും? അവളുടെ ഭർത്താവിന് ബസ്സിലൊ മറ്റോ വരാമല്ലോ. മറ്റു വാഹനങ്ങളൊന്നും ഇല്ലാത്തതുപോലെ

“നിങ്ങളുടെ ഭർത്താവിന് ബസ്സിൽ വരാമല്ലോ?’“

“അത്…” ജാള്യതകൊണ്ടാകാം അവളുടെ മുഖം വിളറിപ്പോയി.

“നിങ്ങളുടെ ഭർത്താവ് വരാതായിട്ട് എത്ര നാളായി?”

അവളൊരു നിമിഷത്തേക്ക് ചിന്താമൂകയായി. പിന്നെ നിസ്സഹായത നിഴലിക്കുന്ന സ്വരത്തിൽ ഉഴറി “എനിക്ക്.. എനിക്കൊന്നും ഓർമ്മിക്കാൻ കഴിയുന്നില്ല…”

അടുത്ത നിമിഷം കവിളിലെ കണ്ണീർ നനവ് അമർത്തി തുടച്ചകൊണ്ട് അവൾ വീണ്ടും കയർത്തു.

“നിങ്ങളെന്തിനാ അതൊക്കെയന്വേഷിക്കുന്നത്. ആദ്യം എന്‍റെ ചോദ്യത്തിനുത്തരം പറയൂ. ഏഴുമണിയുടെ എക്സ്പ്രസ്സ് ഇവിടെ നിർത്തുമോ ഇല്ലയോ?”

അവർക്കിടയിൽ നിശ്ശബ്ദത പരന്നു. അയാളുടെ മൗനം അവളെ കൂടുതൽ രോഷാകുലയാക്കി.

“എങ്കിൽ… എങ്കിൽ… ഞാനാവണ്ടി പിടിച്ചു നിർത്തും. ഈ കൈകൊണ്ട്… ഇങ്ങനെ…” മേശയുടെ വക്കിൽ അള്ളിപ്പിടിച്ചിരുന്ന വിരലുകളിലെ നെയിൽ പോളിഷിട്ട നഖങ്ങളപ്പോൾ രക്തത്തുള്ളികളെപ്പോലെ തിളങ്ങി.

അടുത്തനിമിഷം അയാളെ ഒരിക്കൽക്കൂടി അമ്പരപ്പിച്ചുകൊണ്ട് ഗതിമാറിയ ഒരു കൊടുങ്കാറ്റു പോലെ അവളയാളുടെ മുന്നിൽ നിന്ന് നടന്നകലുകയും ചെയ്തു.

ഇന്ന് ശനിയാഴ്ചയാണ്.സമയം ഏഴുമണി. ഇന്നുമവൾ…? ടക്… ടക്… ടക്… കാതടപ്പിക്കുന്ന ശബ്ദാരവങ്ങളോടെ മദ്രാസ് മെയിൽ കടന്നു പോകുകയാണ് സ്റ്റേഷൻമാസ്റ്ററുടെ റൂമിലെ ചുവരുകളിൽ ട്രേയിനിന്‍റെ വെളിച്ചം സമ്മാനിച്ച പ്രകാശപാളികൾ ഓടിമറഞ്ഞു.

ആരെല്ലാമോ ഓടിയടുക്കുന്ന കാലൊച്ചകൾ; റെയിൽവെ ഗാർഡിന്‍റെ പരിഭ്രാന്തമായ സ്വരം…

“ആ പെണ്ണ് ആ ചുവന്ന സാരിക്കാരി… പാളത്തിൽ… വണ്ടി കയറി…”

ശരീരമാകെ പടർന്ന ഒരു വിറയലോടെ സ്റ്റേഷൻ മാസ്റ്റർ പുറത്തേക്കോടിച്ചെന്നു.

അയാൾ പതറുന്ന സ്വരത്തിൽ ചോദിച്ചു “ആര്… ആരാണ്”

“എല്ലാ ശനിയാഴ്ച്ചയും പ്ലാറ്റ്ഫോമിൽ വന്ന് കാത്തിരിക്കാറില്ലേ,സർ. അവൾ…ആ ചുവന്ന സാരിക്കാരി..”

“നിങ്ങൾക്കവളെ പരിചയമുണ്ടോ?” സ്റ്റേഷൻ മാസ്റ്ററുടെ സ്വരമപ്പോൾ വല്ലാതെ വിറകൊണ്ടു

“ആ പെണ്ണിവിടെ അടുത്തുതന്നെയുള്ളവളാണ് സാർ. അതിന്‍റെ ഭർത്താവവളെ ഉപേക്ഷിച്ചതാ. അതോടെ തലക്ക് സുഖമില്ലാതായി. എല്ലാ ശനിയാഴ്ചയും ഈ നേരത്ത് പ്ലാറ്റ്ഫോമിൽ വന്ന് അയാളേയും കാത്തിരിക്കും. പാവം”

പുറത്ത് അപകടം കേട്ടറിഞ്ഞ് ഓടിക്കൂടുന്നവരുടെ കലപില ശബ്ദങ്ങൾക്കപ്പോൾ സാന്ദ്രതയേറുകയായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...