ഹെഡ് ഓഫീസിലെ 12-ാം നിലയിൽ നടക്കുന്ന ഔദ്യോഗിക മീറ്റിംഗിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു സുനിൽ. ഛെ, ഇത്രയും ഉയരെ മീറ്റിംഗ് വയ്‌ക്കുന്നതിനു പകരം പുറത്ത് വല്ല ഹോട്ടലിലെങ്ങാനും വച്ചിരുന്നെങ്കിലെന്ന് മനസ്സിൽ ശപിച്ചു കൊണ്ടാണ് തളർന്ന് അവശനായ സുനിൽ ലിഫ്‌റ്റിന് മുന്നിലെത്തിയത്. ബട്ടനമർത്തി ലിഫ്‌റ്റിനുള്ളിൽ കാലെടുത്ത് വയ്‌ക്കവെ അകത്ത് വയലിന്‍റെയും ജലതരംഗത്തിന്‍റെയും മധുരതരമായ സംഗീതത്തിന്‍റെ അലകൾ… എല്ലാ തളർച്ചയും മറന്ന് സുനിൽ ഒരു നിമിഷം സംഗീതത്തിൽ ലയിച്ചു നിന്നു പോയി.

ലിഫ്‌റ്റ് 12-ാം നിലയിലെത്തിയതു പോലും സുനിൽ അറിഞ്ഞില്ല. മൊത്തത്തിൽ മൂഡാകെ മാറി ഫ്രഷായതു പോലെ. ഓഫീസിന് പുറത്തെ കാത്തിരിപ്പുപോലും മടുപ്പായി തോന്നിയില്ല. സംഗീതത്തിന്‍റെ മൃദുവായ അലകളെപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നതായിരുന്നു കാരണം. ഇതാണ് മ്യൂസിക് മാജിക്ക്.

സംഗീത ധ്വനികൾക്ക് അതിന്‍റേതായ ഒരു മാന്ത്രികതയുണ്ട്. മനസ്സിനെ മോഹിപ്പിക്കുന്ന അനിർവചനീയമായ ഒരു വശ്യത തന്നെ സംഗീതത്തിലുണ്ട്.

രാത്രി കിടക്കുന്നതിനുമുമ്പായി ഹൃദ്യമായ ഒരു പാട്ട് കേട്ടു നോക്കൂ… മനസ്സും ശരീരവും ശാന്തമാകും. പകൽ സമയത്തെ അലച്ചിലുകൾക്കൊടുവിൽ മനസ്സും ശരീരവും കുളിരണിയുകയാണ് അപ്പോൾ. സുഖകരമായ ഉറക്കത്തിലേക്ക് സ്വസ്‌ഥമായ മനസ്സോടെ കടക്കാൻ ഇതിലപ്പുറം മറ്റെന്താണ് വേണ്ടത്.

യഥാർത്ഥത്തിൽ മുറിയിലെ അരണ്ട വെളിച്ചവും മൃദുവായ സംഗീതവും മുറിയിലെ അന്തരീക്ഷത്തെ തന്നെ മാറ്റിമറിക്കും. അതിനാൽ അടുക്കളയിലും കിടപ്പുമുറിയിലും നേർത്ത സംഗീതം കേൾക്കാനുള്ള സംവിധാനം ഒരുക്കുന്നത് നല്ലതായിരിക്കും. നമ്മുടെ വീടിനകത്തും ചുറ്റുമുള്ള അന്തരീക്ഷത്തിലെ ഓരോ ശബ്‌ദത്തിനും അതിന്‍റേതായ ഊർജ്‌ജമുണ്ട്. വിൻഡ് ചൈംസിൽ നിന്നുയരുന്ന ധ്വനികളും പെൻഡുലം ക്ലോക്കിൽ നിന്നുണ്ടാകുന്ന സ്വരങ്ങളും ഗൃഹാന്തരീക്ഷത്തിൽ സശക്‌തവും പോസിറ്റീവുമായ ഊർജ്‌ജം പകരാൻ സഹായിക്കുന്നതാണ്. പിരിമുറുക്കം, ആധി, ഡിപ്രഷൻ, സ്‌ട്രെസ്സ് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉള്ളപ്പോൾ സംഗീതം കേൾക്കുന്നത് ഏറെ പ്രയോജനം ചെയ്യും.

മാനസിക പിരിമുറുക്കം അകറ്റാം

ചില ആശുപത്രികളിലെ പ്രധാന ലോഞ്ചിൽ മുഴങ്ങിക്കേൾക്കുന്ന നനുത്ത സംഗീതം കേട്ടിട്ടില്ലേ… മനസ്സ് നിറയെ ആകുലതകളുമായി ആശുപത്രിയിലെത്തുന്ന ആരും സംഗീതം കേൾക്കുക വഴി ടെൻഷനൊക്കെയും മറക്കും. മനസ്സിനെ സകാരാത്മകമായി ചിന്തിപ്പിക്കാനുള്ള സംഗീതത്തിന്‍റെ ശേഷിയാണ് ഇത് വെളിവാക്കുന്നത്.

മനസ്സിനാകെ അയവു വന്ന പ്രതീതി

ഇതൊരു മ്യൂസിക്ക് തെറാപ്പിയാണ്. അതായത് സംഗീതത്തെ ഒരു തെറാപ്പിയായി (ചികിത്സ) ഉപയോഗിക്കാമെന്നർത്ഥം. സംഗീത ചികിത്സ കൊണ്ടും രോഗികളെ ചികിത്സിച്ച് ഭേദപ്പെടുത്താമെന്നാണ് ആധുനിക വൈദ്യശാസ്‌ത്രം പറയുന്നത്. ഇന്ന് ബഹുഭൂരിഭാഗം ആശുപത്രികളിലും ഇത്തരത്തിലുളള പരീക്ഷണങ്ങൾ നടന്നു വരികയാണ്. മ്യൂസിക് തെറാപ്പി ഫലവത്തായ ചികിത്സാ മാർഗ്ഗമാണെന്നാണ് ഇത്തരം പരീക്ഷണം വെളിപ്പെടുത്തുന്നതും.

ബാങ്ക്, ഹോട്ടൽ തുടങ്ങി മൾട്ടിനാഷണൽ കമ്പനികളിൽ വരെ ഇന്ന് ലൈറ്റ് മ്യൂസിക്ക് പ്ലേ ചെയ്യുന്ന രീതിയുണ്ട്. സിത്താർ വാദനമോ ഇലക്‌ട്രിക് ഗിറ്റാറിൽ പ്ലേ ചെയ്യുന്ന സിനിമാ സംഗീതമോ ജലതരംഗത്തിൽ മുഴങ്ങുന്ന രാഗ വിസ്‌മയങ്ങളോ ആവും ഇത്തരമിടങ്ങളിൽ പ്ലേ ചെയ്യുക. ഇത് കേൾക്കുന്ന മാത്രയിൽ നമ്മളിൽ പെട്ടെന്നൊരു ഉന്മേഷവും ഊർജ്‌ജവും വന്നു നിറയുന്നു.

ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിക്കുന്ന ഗർഭിണികളെ സംബന്ധിച്ച് സംഗീതം ഏറ്റവും മികച്ച തെറാപ്പിയാണ്. ആശുപത്രിയിൽ മുഴങ്ങിക്കേൾക്കുന്ന മൃദുസംഗീതത്തിന്‍റെ ധ്വനിതരംഗങ്ങൾ മാനസിക പിരിമുറുക്കം അകറ്റും. പതിഞ്ഞ ശബ്‌ദത്തിൽ ഒഴുകി വരുന്ന മധുര സംഗീതം മനസ്സിനെ മോഹിപ്പിക്കുന്നു. ഇതേ മാന്ത്രികതയാണ് താരാട്ടുപാട്ട് കേട്ടുറങ്ങുന്ന കുഞ്ഞിലും പ്രവർത്തിക്കുക. ഉറങ്ങുന്ന സമയത്ത് സംഗീതം നിർണ്ണായകമായ സ്‌ഥാനം വഹിക്കുന്നുണ്ട്. ഭാര്യാഭർതൃബന്ധത്തിൽ ഊഷ്‌മളത പകരുന്നതിലും ചില ഗാനങ്ങൾക്ക് കഴിയുന്നു. അതിനാൽ കിടപ്പുമുറിയിൽ നേർത്ത സംഗീതം കുടുംബ കലഹം ഇല്ലാതാക്കാൻ സഹായിക്കും.

വ്യക്‌തിത്വം തിരിച്ചറിയുന്നതിന്

ചിലരെ ശ്രദ്ധിച്ചിട്ടില്ലേ… കാഴ്‌ചയിൽ വളരെ കർക്കശസ്വഭാവം പുലർത്തുന്നവരാവും. പക്ഷേ മനസ്സുകൊണ്ട് വളരെ ലോല ഹൃദയമുള്ളവരാക്കും അവർ.

സംഗീതം ഏതുതരം മനുഷ്യനേയും ഹൃദയ നൈർമ്മല്യമുള്ളവരാക്കും… അവരിഷ്‌ടപ്പെടുന്ന പാട്ടുകൾ കേൾക്കുക വഴി അവരോടുള്ള സകല ദേഷ്യവും അകൽച്ചയും പമ്പ കടക്കും. ഒരു മാന്ത്രിക സ്‌പർശമേറ്റ കണക്കെ ഞൊടിയിടക്കുള്ളിൽ അവരോടുള്ള നമ്മുടെ മനോഭാവത്തിലും മാറ്റം സംഭവിക്കാം. ഇന്ന് മൊബൈലിൽ തന്നെ മനസ്സിനിഷ്‌ടപ്പെടുന്ന രീതിയിലുള്ള ധാരാളം ഈണങ്ങളുണ്ട്. ഈ ഈണങ്ങൾ വ്യക്‌തിത്വത്തെ തിരിച്ചറിയാനുള്ള ഒരു വഴി കൂടിയാണ്.

വിൻഡ് ചൈംസ് മുഴങ്ങുമ്പോഴുണ്ടാകുന്ന ശബ്‌ദം വീട്ടിലെത്തുന്നവരെയും പോസിറ്റീവായി ചിന്തിക്കാൻ ആ നേരങ്ങളിൽ സഹായിക്കുന്നു. ഡോർബെൽ പോസിറ്റീവ് എനർജിയുണർത്തുന്ന ശബ്‌ദം മുഴക്കുന്നതാണെങ്കിൽ നിങ്ങൾ വളരെ സന്തോഷത്തോടെയാവും വാതിൽ തുറക്കുക. ആ സന്തോഷമത്രയും നിങ്ങളുടെ മുഖത്ത് നിഴലിക്കും. ആതിഥേയന്‍റെ മുഖത്ത് പ്രതിഫലിക്കുന്ന പ്രസന്ന ഭാവം അതിഥികളെ സന്തുഷ്‌ടരാക്കുമല്ലോ?

ഇപ്രകാരമാണ് സിംലയിലെ കുന്നിൻ മുകളിലേക്കുള്ള യാത്രാനുഭവവും. യാത്രാ മധ്യേ കാൽക്കയ്‌ക്ക് ശേഷം ടിംബർ ട്രേൽ റിസോർട്ടിൽ ഇറങ്ങാൻ ആരും മറക്കാറില്ല, അതിന് കാരണവുമുണ്ട്. അവിടുത്തെ പാർക്കിംഗ് പ്ലേസിലും ഇടതൂർന്ന അരയാൽ മരക്കൂട്ടങ്ങൾക്കിടയിലും താഴ്‌വരകളിലുമെല്ലാം മാധുര്യമൂറുന്ന സംഗീതം മുഴങ്ങിക്കേൾക്കും. അത് കേൾക്കാതെ മുന്നോട്ടുള്ള യാത്ര തീർത്തും അപൂർണ്ണമായിരിക്കും. അത്രയും വശ്യമാണ് വൈകുന്നേരത്തെ അരണ്ട വെളിച്ചത്തിൽ മുഴങ്ങിക്കേൾക്കുന്ന ആ സ്വര ലഹരി. അവിടം വിട്ട് തിരികെ റസ്‌റ്റോറന്‍റിലെ മുറിയിലെത്തിയാലും ആ സംഗീതം നമ്മെ പിന്തുടർന്നു കൊണ്ടേയിരിക്കും.

और कहानियां पढ़ने के लिए क्लिक करें...