ആരോഗ്യവും സൗന്ദര്യവും ഉള്ള ശരീരം ആരും ആഗ്രഹിക്കുമല്ലോ. ഇങ്ങനെയുള്ള ശരീരം ലഭിക്കുന്നതിനായി ഓരോരുത്തരും ഓരോരോ വഴികളാണ് സ്വീകരിക്കുന്നത്. തടികുറയ്‌ക്കാനും അഴകളവുള്ള ശരീരം നിലനിർത്താനും ജിംനേഷ്യത്തിൽ പോകുന്നവരും ഹെൽത്ത് ക്ലബിൽ മെമ്പർഷിപ്പ് എടുത്തവരും സ്ലിമ്മിംഗ് സെന്‍റർ സന്ദർശിക്കാറുമുണ്ട്. ശരീരം കാത്തു സൂക്ഷിക്കുന്നതിൽ പുരുഷന്മാരും സ്‌ത്രീകളും നേരെ വച്ചു പിടിക്കുന്നത് ഹെൽത്ത് ക്ലബിലേക്കാവും. പക്ഷേ ഇത്തരം വ്യായാമ കേന്ദ്രങ്ങൾ സുരക്ഷിതമാണോ? ശാസ്‌ത്രീയമായ പരിശീലനം പലയിടങ്ങളിലും നൽകുന്നില്ല എന്നതാണ് വാസ്‌തവം. ഒരാളുടെ ശരീരപ്രകൃതിയും ആരോഗ്യസ്‌ഥിതിയും കണക്കിലെടുത്താവണം വ്യായാമത്തിന്‍റെ തോതും ഏതുതരം വ്യായാമമാണ് അനുയോജ്യമെന്നും നിശ്ചയിക്കേണ്ടത്. എല്ലാ ഹെൽത്ത് ക്ലബിലും മറ്റും ഇത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

തടിയനങ്ങാതെ ശരീരം വഷളായ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ജിംനേഷ്യത്തിലെ യന്ത്രങ്ങൾ ഗുണം ചെയ്‌തേക്കാമെങ്കിലും, ആളുകളുടെ ഇടയിൽ ഫിറ്റ്‌നസ്സ് ട്രെന്‍റായതോടെ, മുക്കിലും മൂലയിലും ഹെൽത്ത് ക്ലബുകളും സ്ലിം സെന്‍ററുകളും മുളപൊട്ടിയിരിക്കുന്നു. ഫിറ്റ്നസിനെപ്പറ്റി മീഡിയ വ്യാപകമായ പ്രചാരണം നടത്തുന്നതും വ്യായാമ കേന്ദ്രങ്ങൾ വളർന്നു വരാൻ ഇടയാക്കിയിട്ടുണ്ട്. പല ഫിറ്റ്‌നസ്സ് സെന്‍ററുകളിലും തടി നന്നാക്കാൻ പ്രോട്ടീൻ പൗഡറുകളും മറ്റ് ഗുളികകളും നൽകുന്നുണ്ടത്രേ. ഭാവിയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണിവ. ജിംനേഷ്യങ്ങളിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. വ്യാജ മരുന്നുകളാണ് പലയിടങ്ങളിലും വിതരണം ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രലോഭനം ഉണ്ടാക്കുന്ന പരസ്യം കണ്ടിട്ടോ അയൽക്കാരന്‍റെ ഉപദേശം സ്വീകരിച്ചിട്ടോ ഒക്കെയാണ് സ്‌ത്രീകളും പുരുഷന്മാരും തടി മെച്ചപ്പെടുത്താൻ ഫിറ്റ്‌നസ്/ ജിംനേഷ്യത്തിൽ പോകുന്നത്. ആധുനിക മെഷീനുകളുടെ സഹായത്തോടെ ശരീരത്തിന്‍റെ അഴകളവ് മെച്ചപ്പെടുത്താമെന്ന വ്യാമോഹത്തിലാണ് അവിടെ ചേരുന്നത്. ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗം കൊണ്ട് ചിലർ കമനീയമായ മേനി ഉണ്ടാക്കിയെടുക്കുമെങ്കിലും ഭാവിയിൽ അത് ദോഷകരമായി തീരാറുണ്ട്. തുടക്കത്തിലെ 3- 4 മാസം വലിയ ഉത്സാഹമായിരിക്കും. പിന്നെ മടിപിടിച്ച് ഉപകരണത്തിന്‍റെ ഉപയോഗം കുറയ്‌ക്കുന്നു. അതിന്‍റെ ഫലമായി ശരീരം മുമ്പെത്തേക്കാൾ തടിവയ്‌ക്കും. പൊണ്ണത്തടിയായി തീരുന്ന വിപരീത ഫലം.

ഫലം കുറവ്, പരിക്ക് കൂടുതൽ

മുമ്പ് പല ബ്യൂട്ടിപാർലറുകളിലും തടി കുറയ്‌ക്കാനുള്ള ചില ഉപകരണങ്ങളും (സ്ലിമ്മിംഗ് ഗാഡ്‌ജറ്റുകൾ) ഉണ്ടായിരുന്നു. പക്ഷേ ജനങ്ങൾക്ക് അതിൽ താൽപര്യം കുറഞ്ഞതോടെ അതെല്ലാം അപ്രത്യക്ഷമായി. ഉപയോഗിച്ചിട്ടും ഫലം കിട്ടാത്തതിനാലാണ് പലരും അതിൽ നിന്ന് പിന്തിരിഞ്ഞത്. ഉപയോഗിച്ച മിക്കവർക്കും വിപരീത ഫലമാണ് ലഭിച്ചതും. അശാസ്‌ത്രീയമായ ഉപകരണവും അതിന്‍റെ തെറ്റായ പ്രയോഗവുമാണ് ഇതിനിടയാക്കിയത്.

ഹെൽത്ത് ക്ലബുകളിലെ വലിയ മുറിക്കുള്ളിൽ വിവിധതരം ഉപകരണങ്ങൾ നിരനിരയായി വച്ചിട്ടുണ്ടാവും. അവിടെ സ്‌ത്രീകളും പുരുഷന്മാരും വിവിധ ഉപകരണങ്ങൾ ഉപയോഗിക്കും. ഒരേ സമയം വിവിധ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ പുറപ്പെടുവിക്കുന്ന അശുദ്ധ വായുവും ആരോഗ്യത്തിന് ഹാനികരമാണ്. ഈ കാര്യം പക്ഷേ പലർക്കും അറിയില്ല. സത്യത്തിൽ ഇത്തരം ഉപകരണങ്ങൾ ഓപ്പൺ എയറിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ഈ പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. പക്ഷേ ജിംനേഷ്യം എപ്പോഴും അടച്ച മുറിയിലാവുമല്ലോ പ്രവർത്തിക്കുന്നത്.

ഉപയോഗിക്കുന്ന ആളുകളുടെ വിയർപ്പും മെഷീനുകളിൽ ഉണ്ടാവും. അതേ മെഷീൻ വൃത്തിയാക്കാതെയോ തുടയ്‌ക്കാതെയോ ആവും അടുത്ത ആൾ ഉപയോഗിക്കുക. ഇങ്ങനെ നിരന്തരം ആളുകൾ മാറി മാറി ഉപയോഗിക്കുമ്പോൾ ശരീരത്തിന് അണുബാധ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. ചർമ്മത്തിന് ഇൻഫെക്ഷനും ഉണ്ടാവാറുണ്ട്. പല രോഗങ്ങളുടേയും ബാക്‌ടീരിയകൾ അവിടെ വിലസുന്നു. സാംക്രമിക രോഗങ്ങൾ പലരിലുമെത്താൻ ഇത് ഇടയാക്കും. മിക്ക ഫിറ്റ്‌നസ് ഉപകരണങ്ങളും ഹാർട്ട് പേഷ്യന്‍റിനും ബ്ലഡ് പ്രഷർ രോഗികൾക്കും നിഷിദ്ധമാണ്. പക്ഷേ ഈ കാര്യത്തിൽ ട്രെയിനർമാർ പലരും അജ്‌ഞരോ തുറന്ന് പറയാത്തവരോ ആയിരിക്കും. കാരണം പണം ഉണ്ടാക്കാനാണല്ലോ ഹെൽത്ത് ക്ലബുകൾ തുറന്നു വച്ചിരിക്കുന്നത്. മറ്റുള്ളവരുടെ ആരോഗ്യത്തേക്കാൾ പ്രധാനം ഇവരെ സംബന്ധിച്ച് വരുമാനം തന്നെയാവുമല്ലോ!

ഉപകരണങ്ങൾ സ്‌ത്രീകളുടെ മനോഭാവത്തെയാണ് ഏറ്റവും അധികം സ്വാധീനിക്കുന്നത്. ഭക്ഷണകാര്യത്തിലും വീട്ടു ജോലിയിലും കാണിക്കുന്ന അമാന്തം ആണ് ഒന്ന്. ജിമ്മിൽ പോകുന്നുണ്ടല്ലോ അതുകൊണ്ട് ഭക്ഷണം ഇഷ്ടം പോലെ കഴിച്ച് വർക്ക്ഔട്ട് ചെയ്‌താൽ പോരേ എന്ന ചിന്ത പല സ്‌ത്രീകളിലും ഉടലെടുക്കുന്നു. പക്ഷേ പ്രശ്നം ആരംഭിക്കുക വർക്ക്ഔട്ട് നിർത്തുന്നതോടെ ആയിരിക്കും. പിന്നെ തടി നിയന്ത്രിക്കാനാവാത്ത സ്‌ഥിതി വരും. ഭക്ഷണം കഴിക്കുന്ന ശീലം പെട്ടെന്ന് നിർത്താനും പറ്റില്ലല്ലോ. ചക്കിന് വച്ചത് കൊക്കിന് കൊള്ളുന്ന അവസ്‌ഥയാണിത്.

ഇൻസ്‌ട്രെക്‌റ്റർമാർ പലരും ശാസ്‌ത്രീയമായ പരിശീലനം നേടിയവരോ, സർട്ടിഫിക്കറ്റ് ഉള്ളവരോ ആയിരിക്കില്ല. അതിനാൽ അവർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമ്പോൾ പരിക്ക് പറ്റാനും ശരീരത്തിന് ദോഷകരമായ കാര്യങ്ങൾ സംഭവിക്കാനും സാധ്യത കൂടുതലാണ്.

ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുമ്പോൾ സ്‌ത്രീകൾക്കാണ് കൂടുതലും ഹാനി സംഭവിക്കുന്നത്. കാരണം വൈബ്രറ്റി ബെൽറ്റ്, സ്‌പൈനോമെട്രിക് ബഡ് മസാജർ, ടമി ആന്‍റ് തൈ റോളർ എന്നിവ ആവശ്യത്തിലധികം ഉപയോഗിക്കുന്നത് സ്‌ത്രീകളാണ്. എങ്ങനെയായാലും ജിമ്മിൽ സമയം ചെലവഴിക്കണമെന്ന് തോന്നുമ്പോഴാണ് കാര്യമറിയാതെ ഇങ്ങനെയുള്ള ഉപകരണങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കാൻ നിർബന്ധിതരാവുന്നത്. മറ്റൊന്ന് ഒഴിവു വരുന്ന ഉപകരണം പ്രയോജനപ്പെടുത്താൻ നിർദ്ദേശവും കിട്ടും. ഇതെല്ലാം കൂടിയാവുമ്പോൾ പണി കിട്ടും. നിശ്ചിത സമയത്തിലധികം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ മാംസപേശികൾക്ക് ക്ഷീണം സംഭവിക്കുന്നു. ഇങ്ങനെയാണ് ജിംനേഷ്യത്തിൽ സ്ത്രീകൾക്ക് വെളുക്കാൻ തേച്ചത് പാണ്ടാവുന്നത്!

ശരിയായ അറിവ് വേണം

ഹെൽത്ത് ക്ലബിൽ ചേരുന്ന വനിതകൾക്ക് അവിടുത്തെ പരിശീലകൻ ശരിയായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനൊപ്പം അവരുടെ ശാരീരിക അസ്വസ്ഥതയെപ്പറ്റിയും ആരോഗ്യനിലയെക്കുറിച്ചും എന്ത് ഉദ്ദേശ്യത്തിനാണ് ക്ലബിൽ ചേർന്നത് എന്നതിനെപ്പറ്റിയും ചോദിച്ച് മനസ്സിലാക്കിയിരിക്കണം. എങ്കിൽ മാത്രമേ ശരിയായ ഉപകരണവും വ്യായാമമുറകളും പറഞ്ഞു കൊടുക്കാൻ പറ്റുകയുള്ളൂ. ഒരു ഉപകരണം എന്തിനുള്ളതാണെന്നും അതു ഉപയോഗിക്കുമ്പോഴുള്ള പ്രയോജനവും മറ്റും ജിമ്മിൽ ചേരുന്ന ആളുകൾ അറിഞ്ഞു വയ്‌ക്കണം. ഉപകരണങ്ങളുടെ പ്രവർത്തനവും മനസ്സിലാക്കണം. എങ്കിൽ മാത്രമേ ചതി പറ്റാതെ നോക്കാൻ ആവുകയുള്ളു.

ഉപകരണങ്ങളെക്കുറിച്ചുള്ള അറിവ്, പരിശീലകനു തെറ്റിയാലും അത് ചൂണ്ടിക്കാട്ടാനും അപകടം ഒഴിവാക്കാനും നിങ്ങളെ സഹായിക്കും എന്ന കാര്യത്തിൽ തർക്കമില്ല. ചർമ്മം ആരോഗ്യമുള്ളതും തിളങ്ങുന്നതും ആവണമെങ്കിൽ  ചാമിംഗ് മെഷീൻ ഉപയോഗിക്കേണ്ടി വരും. പക്ഷേ അത് ഒഴിവില്ലെങ്കിൽ പലപ്പോഴും ടമി റോളർ, റോയിംഗ് മെഷീൻ, ടവിസ്‌റ്റർ, അബ് ഡോമിനൽ ബോഡ്, കീപ്പ് ഫിറ്റ്, ഫർമ്ആന്‍റ് ഫുൾ എക്‌സർസൈസർ തുടങ്ങിയവയിൽ ഏതെങ്കിലുമാവും അനുവദിച്ചുതരിക. നിങ്ങളുടെ സമയം ഉപയോഗപ്പെടുത്താനാവും പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്. അത് മനസ്സിലാക്കാനുള്ള മിനിമം സാങ്കേതിക ജ്‌ഞാനം ഫിറ്റ്‌നസ് യന്ത്രത്തിന്‍റെ കാര്യത്തിൽ നമുക്ക് ഉണ്ടായിരിക്കണം.

കറന്‍റിൽ പ്രവർത്തിപ്പിക്കുന്ന മിക്ക ഫിറ്റ്‌നസ് ഉപകരണങ്ങളും മാംസപേശികൾക്ക് ആഘാതമുണ്ടാക്കുന്നവയാണെന്ന് ക്ലബിൽ പോകും മുമ്പ് അറിഞ്ഞിരിക്കണം. തടി കുറയ്‌ക്കാനായി ഇത് ഉപയോഗിക്കുമ്പോൾ ചർമ്മം ചുരുങ്ങാനും പ്രായം കൂടുതൽ തോന്നിപ്പിക്കാനും ഇടയാക്കും. ചർമ്മത്തിൽ പാടുകളും വരകളും ഉണ്ടാവാനും ഇത്തരം യന്ത്രങ്ങളുടെ തെറ്റായ പ്രയോഗം കാരണമാകുന്നു. ചില വിശേഷ യന്ത്രങ്ങൾ ചിലർക്ക് അനുയോജ്യമായിരിക്കുകയില്ല. മറ്റ് ചിലർക്ക് അത് ഉപയോഗിക്കുന്നതും തെറ്റില്ല. ഉദാ: ഹൃദ്രോഗികൾക്ക് ഹെൽത്ത് വാക്കർ, ഹെൽത്ത് സൈക്കിൾ ഉപയോഗിക്കാം.

ചില രോഗികൾക്ക് മാത്രം ഉപകാരപ്രദമായ ഉപകരണങ്ങളുണ്ട്. ഉദാ: പക്ഷവാതരോഗം വന്നവർക്ക് സ്‌പൈനോ മെട്രിക് ബഡ് മസാജർ, ഷോൽഡർ എക്‌സർസൈസർ എന്നിവ ഉപയോഗിക്കാം.

വിദേശങ്ങളിൽ പുറത്തു പോയി വ്യായാമം ചെയ്യുന്നത് കാലാവസ്‌ഥ കാരണം ബുദ്ധിമുട്ടാണ്. മാത്രമല്ല അവിടെ വീട്ടുജോലിയ്‌ക്ക് മിക്കതും ആധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ അവിടെ കാലാവസ്‌ഥയ്‌ക്ക് അനുസരിച്ച് മുട്ടിനും എല്ലിനും ബലം നൽകുന്നതിനും മെഷീനുകൾ പ്രയോജനപ്പെടുത്തുന്നു. അല്ലെങ്കിൽ ഹെൽത്ത് ക്ലബിൽ പോകണം. പക്ഷേ ഇന്ത്യയിൽ വീട്ടുജോലികൾ തന്നെ നല്ല വ്യായാമമാണ്. കൈ കൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ് നമുക്കേറെയും. ഇവിടെ ഹെൽത്ത് ക്ലബിൽ പോകുന്നത് ഫാഷന്‍റെ ഭാഗമാണ്. ആരോഗ്യം ഫാഷനു വേണ്ടി ആവരുത്. അത് സമ്പത്താണ് ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ മെഷീനുകൾ ഉപയോഗിച്ചുള്ള വർക്ക്ഔട്ട് അധികം വേണ്ടി വരില്ല എന്നും ഓർക്കുക.

और कहानियां पढ़ने के लिए क्लिक करें...