ഇന്ന് ഓഫീസിൽ പോകണ്ട, ഒരിടം വരെ പോകാനുണ്ട്.” അമ്മയുടെ മുഖത്ത് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഉത്സാഹം.
ഞാൻ ആകാംക്ഷയോടെ അമ്മയെ നോക്കി.
“ബ്യൂട്ടീഷ്യൻ കോഴ്‌സ് ചെയ്‌തിട്ടുണ്ടെന്നാണ് ഭവാനിയേടത്തി പറഞ്ഞത്. നീ വേഗം തയ്യാറാവാൻ നോക്ക്.”
ഇത്രയും പറഞ്ഞ് അമ്മ തിടുക്കത്തിൽ മുറി വിട്ടിറങ്ങി.
ഒഹ്! അപ്പോ അതാണ് കാര്യം. അടുത്ത പെണ്ണുകാണൽ ചടങ്ങിനുള്ള സമയമായി. പറഞ്ഞ സമയത്തു തന്നെ ഞങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തി.
“സുന്ദരിക്കുട്ടി” അമ്മ എന്‍റെ കാതിൽ പിറുപിറുത്തു. എനിക്കും വീട്ടുകാർക്കും പെൺകുട്ടിയെ നന്നേ ബോധിച്ചു.
പിറ്റേന്നു കോളനിക്കാരും ഒന്നു രണ്ടു പരിചയക്കാരും പെണ്ണു കാണൽ ചടങ്ങിന്‍റെ വിശേഷങ്ങളറിയാൻ വീട്ടിലെത്തി. ഭാവി മരുമകളുടെ സൗന്ദര്യത്തെക്കുറിച്ച് അമ്മ വാതോരാതെ സംസാരിച്ചു.
“കാര്യമൊക്കെ ശരിയായിരിക്കാം. സൗന്ദര്യം കൂടിയാലും പ്രശ്നമാണേ, മകനെ അവൾ ചൊൽപ്പടിയ്‌ക്ക് നിർത്താതെ നോക്കണം.”
അമ്മയുടെ പുകഴ്‌ത്തൽ പൊങ്ങച്ചത്തിലേയ്‌ക്ക് വഴി മാറുന്നതു കണ്ട് കൂട്ടത്തിൽ ഒരുത്തി വിലക്കി. പറഞ്ഞതു സത്യമാണെന്ന് തെളിയിക്കാൻ നടന്ന ചില സംഭവങ്ങളും നിരത്തി.
ഇതൊക്കെ കേട്ട് ഞാൻ ചെറുതായൊന്നു പതറി. പാറക്കല്ലു പോലെ അമ്മയ്‌ക്കൊരു കുലുക്കവുമില്ല. അസൂയക്കാർ പലതും പറയും. അതു ഒരു ചെവി കൊണ്ട് കേട്ട് മറ്റേ ചെവിയിലൂടെ പുറത്ത് കളയണം. ഏഷണിക്കാരുടെ അഭിപ്രായമൊക്കെ അമ്മ അപ്പോഴെ ചിരിച്ചു തള്ളി.
അധികം താമസിയാതെ അമ്മയും അയൽക്കാരും തമ്മിലുള്ള വാഗ്‌വാദവും അവസാനിച്ചു. അമ്മയുടെ ബ്യൂട്ടീഷ്യൻ മരുമകൾ അതായത് എന്‍റെ ഭാര്യ ഐശ്വര്യത്തോടെ വീട്ടിൽ കാലെടുത്തു വച്ചു.
ഭാര്യയുടെ സൗന്ദര്യം കണ്ട് ലോകം കീഴടക്കിയ സന്തോഷമായിരുന്നു അന്നെനിക്ക്. ബന്ധുഗൃഹ സന്ദർശനവും ഹണിമൂണുമൊക്കെയായി ഒരാഴ്‌ചയങ്ങ് കടന്നു പോയി.
“ദേ ഒന്ന് പറഞ്ഞാട്ടെ” ഓഫീസിലേയ്‌ക്ക് പോകാനായി സ്‌ക്കൂട്ടർ സ്‌റ്റാർട്ട് ചെയ്യുന്നതിനിടയ്‌ക്ക് പിന്നിൽ നിന്നും ശ്രീമതിയുടെ കുയിൽ നാദം.
സ്‌ക്കൂട്ടർ കിക്ക് ചെയ്യുന്നതു നിർത്തി ആകാംക്ഷയോടെ ഞാൻ ശ്രീമതിയെ നോക്കി.
“വേണ്ട പിന്നീടാവട്ടെ, വൈകിട്ട് ഓഫീസിൽ നിന്നും വന്നിട്ട് വിശദമായി പറയാം.” ആകാംക്ഷയ്‌ക്ക് വിരാമമിട്ടു കൊണ്ട് അവൾ പറഞ്ഞു.
സത്യത്തിൽ ഒരു ദിവസം മുഴുവനും മനസ്സിൽ കൊണ്ടു നടക്കാവുന്ന ചോദ്യത്തിന്‍റെ തുടക്കമായിരുന്നു അതെന്ന് ശ്രീമതിയുണ്ടോ അറിയുന്നു. അന്ന് സ്വസ്‌ഥമായി ഓഫീസ് ജോലികൾ ചെയ്യാൻ സാധിച്ചില്ല.
അല്ലാ, അവൾ പറയാൻ വന്നതെന്താവും? എന്നു മാത്രമായിരുന്നു ആലോചന. പകൽ 2-3 തവണ ശ്രീമതി എന്‍റെ മൊബൈലിൽ വിളിച്ച് സംസാരിക്കുകയും ചെയ്‌തു. അപ്പോഴൊന്നും കാര്യം പറഞ്ഞില്ല. ചോദിച്ചപ്പോൾ മടങ്ങി വന്നിട്ടു പറയാം എന്നു മാത്രം പറഞ്ഞു.
വിവാഹത്തിന്‍റെ പുതുമോടി വിട്ടിട്ടില്ല. ഭാര്യ എന്താവും പറയാൻ വന്നിട്ടുണ്ടാവുക. വൈകിട്ട് ചായ കുടിക്കുന്നതിനിടയ്‌ക്ക് മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. ഭാര്യയുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കിട്ടാതായപ്പോൾ ഗതികെട്ട് ഞാൻ തന്നെ ചോദ്യമെടുത്തിട്ടു.
“അല്ല, രാവിലെ എന്തോ പറയാനുണ്ടെന്നു പറഞ്ഞിട്ട്…” തെല്ലൊരു ജാള്യതയോടെയാണ് ചോദിച്ചത്.
“ഒഹ്! അതോ?” അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.
“ചേട്ടന് ഈ മീശ ഒട്ടും ചേർച്ചയില്ല. ഇതില്ലെങ്കിൽ ചേട്ടനു ഒരു വയസ്സ് ഇളപ്പമേ തോന്നിക്കൂ. ക്ലീൻ ഷേവ് ചെയ്‌താൽ സ്‌മാർട്ട് ഹാൻസം ലുക്ക് കിട്ടും.” ശ്രീമതിയുടെ നിസ്സാര മട്ടിലുള്ള മറുപടി കേട്ട് പർവ്വതത്തിനു മുകളിൽ നിന്നു വീണയാളെ പോലെ ഞാൻ നിലവിളിച്ചു.
“അയ്യോ.. വേണ്ട.. വേണ്ട!”
“അതുമാത്രം പറയരുത്, വർഷങ്ങളായി കൂടപ്പിറപ്പിനെ പോലെ കൊണ്ടു നടക്കുന്നതാ… വേണ്ട…” ഞാൻ ഒഴിയാൻ നോക്കി.
എന്‍റെ പ്രതികരണം കണ്ട് ശ്രീമതിയുടെ മുഖം ചുവന്നു.
ശ്രീമതിയെ പിണക്കരുതല്ലോ, ഞാൻ പലതും പറഞ്ഞ് രക്ഷപ്പെടാൻ നോക്കി.
“മീശ പുരുഷനു ഭൂഷണമല്ലേ, നല്ല പേഴ്സണാലിറ്റിയുള്ള ആളുകളെ കണ്ടിട്ടില്ലേ. മീശയാണവരുടെ ലക്ഷണം. സുന്ദരൻമാരായ സിനിമാ നടന്മാരെ മീശയില്ലാതെ ഒന്നാലോചിച്ചു നോക്കിക്കേ.” ഞാൻ പുച്‌ഛവും പരിഹാസവും മുഖത്ത് പ്രകടമാക്കി.
“അതൊക്കെ ശരിയായിരിക്കാം, പക്ഷേ ചേട്ടനു മീശയില്ലാത്തതാ ഭംഗി. ഞാൻ ഒരു ബ്യൂട്ടീഷ്യനല്ലേ. ഞാൻ സങ്കൽപ്പിച്ചു നോക്കി.” അവൾ വാശി പിടിച്ചു.
“നീയെന്തിനാ എന്നെക്കുറിച്ച് വേണ്ടാ ത്തതൊക്കെ സങ്കൽപ്പിക്കുന്നതെന്ന് ചോദിക്കാൻ തോന്നിയതാണ്. പക്ഷേ വേണ്ട.”
പുതുമോടി വിട്ടു മാറാത്ത ഭാര്യയെ സന്തോഷിപ്പിക്കാൻ ഭർത്താക്കന്മാർക്ക് ഇങ്ങനെയും ചില കോപ്രായങ്ങൾ കാട്ടേണ്ടി വരുമല്ലേ. ഒടുക്കം ജീവനു തുല്യം പരിപാലിച്ചിരുന്ന മീശ വടിച്ചു.
എന്നാൽ ശ്രീമതിയുടെ ബ്യൂട്ടീഷ്യൻ കോഴ്‌സ് പഠന പരീക്ഷണങ്ങളുടെ തുടക്കം മാത്രമായിരുന്നു ഇതെന്ന് വരും ദിവസങ്ങളിൽ ഞാൻ മനസ്സിലാക്കി.
ഒരാഴ്‌ച കടന്നു പോയി. അന്ന് ഓഫീസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ ശ്രീമതി അണിഞ്ഞൊരുങ്ങി നിൽക്കുന്നു.
“ഇതെങ്ങോട്ടാ?” നെറ്റി തുടച്ചു കൊണ്ടു ഞാൻ ചോദിച്ചു.
“ങും… കാര്യമുണ്ട്, ഒരു ഷോപ്പിംഗ് പ്ലാൻ ചെയ്‌തിട്ടുണ്ട്.” അവൾ കുലുങ്ങി ച്ചിരിച്ചു.
“പേടിക്കണ്ടാ, നിങ്ങൾക്കു വേണ്ടി തന്നെയാ” ഇടിവെട്ടിയവനെ പാമ്പു കടിച്ചതുപോലുള്ള എന്‍റെ നിൽപ്പു കണ്ട് അവളെന്നെ സമാധാനിപ്പിച്ചു.
അൽപസമയത്തിനുള്ളിൽ ഞങ്ങൾ നഗരത്തിലെ തിരക്കുള്ള ഷോപ്പിംഗ് മാളിലെത്തിച്ചേർന്നു. ശ്രീമതി എനിക്കു വേണ്ടി കുറെ ടീ ഷർട്ട്‌സും ജീൻസും സെലക്‌ട് ചെയ്‌തു.
“ഈ ചെക്ക് വരയൻ അയഞ്ഞു തൂങ്ങിയ ഷർട്ടുകളും പഴയ മോഡൽ പാന്‍റ്സും പണ്ടേ തൂക്കിയെറിയേണ്ടതാ. ദാ, ഇതൊന്നു ട്രൈ ചെയ്‌തു നോക്ക്.” അവൾ സെലക്‌ട് ചെയ്‌ത വസ്‌ത്രങ്ങൾ എന്നെ ഏൽപ്പിച്ചു.
ഇനിയെന്തൊക്കെ പരിഷ്‌കാരങ്ങളാണവോ ഇവൾ എന്നിൽ പരീക്ഷിക്കാൻ പോവുക. ട്രെയ്‌ൽ റൂമിലെ കണ്ണാടിയ്‌ക്കു മുന്നിൽ നിന്ന് ഞാൻ വിയർത്തു. പിന്നീട് ഫേഷ്യൽ, മുടി കറുപ്പിക്കൽ തുടങ്ങി പല മാറ്റങ്ങൾക്കും വശംവദനാകേണ്ടി വന്നു.
വിവാഹത്തിനു മുമ്പ് കണ്ട ആ ഞാനാണോ ഇത്. ഇടയ്‌ക്കിടയ്‌ക്ക് ഞാൻ എന്നോടു ചോദിച്ചു. ഇനി ആലോചിച്ചിട്ടും തല പുകച്ചിട്ടും കാര്യമില്ല. ശാസ്‌ത്രഞ്‌ജന്‍റെ മുന്നിൽ വന്നുപെട്ട എലിയെപ്പോലെയായി എന്‍റെ അവസ്‌ഥ. പരീക്ഷണങ്ങൾക്ക് മുന്നിൽ നിന്നു കൊടുക്കുക തന്നെ.
പക്ഷേ ഇതൊക്കെ എന്നിൽ മാത്രം ഒതുങ്ങി നിന്നിരുന്നെങ്കിൽ സാരമില്ലായിരുന്നു. ഇവൾ ഞങ്ങളെ സകുടുംബം സുന്ദന്മാരും സുന്ദരിമാരുമാക്കി മാറ്റുമെന്ന് പ്രതിജ്‌ഞയെടുത്തിട്ടുണ്ടാവും.
ഒരു ദിവസം ഓഫീസിൽ നിന്നും അൽപം നേരത്തെ വീട്ടിലെത്തി. ഡ്രോയിംഗ് റൂമിൽ ജീൻസ് ടോപ്പ് വേഷധാരിയായ ഒരു സ്‌ത്രീ. മുഖത്ത് ഫെയ്‌സ് പായ്‌ക്ക് ഇട്ടിട്ടുണ്ട്. കണ്ണുകൾക്ക് മീതെ വട്ടത്തിൽ അരിഞ്ഞ വെള്ളരിക്ക കഷണങ്ങൾ. പക്ഷേ അപരിചിതയല്ല, എനിക്കറിയാം. മുഖം തുടച്ച് വെള്ളരിക്കകഷണങ്ങൾ മാറ്റിയപ്പോൾ ആളെ ഞാൻ തിരിച്ചറിഞ്ഞു. അ… അയ്യോ .. അമ്മാ.. മുതലയെ പോലെ ഞാൻ വാ പിളർന്നു നിന്നു. പെറ്റതള്ളയെ പോലും തിരിച്ചറിയാൻ പറ്റാതെയുള്ള എന്‍റെ നിൽപ്പു കണ്ട് ശ്രീമതി കുലുങ്ങിച്ചിരിച്ചു.
“മമ്മി, ഞാൻ പറഞ്ഞില്ലേ… ഇനി ഹെൽത്ത് കൂടി ശ്രദ്ധിക്കണം.” ശ്രീമതി ഉപദേശിച്ചു.
“മമ്മിയ്‌ക്കിപ്പോൾ ഒരു പത്തു വയസ്സു കുറഞ്ഞതു പോലുണ്ട്. ഇനി മമ്മിയ്‌ക്ക് അപ്പുറത്തെ ചേച്ചിമാരെ ആന്‍റി എന്നു ധൈര്യമായി വിളിക്കാം.” ശ്രീമതി വീണ്ടും ചിരിച്ചു.
“ഒഹ്! എന്‍റെ കഴിഞ്ഞു, ഇപ്പോൾ അമ്മയുടേതാണ് ഊഴം അല്ലേ” ഞാൻ നെടുവീർപ്പിട്ടു.
ഞാൻ ചിന്തിച്ചതു ശരിയായി. അമ്മയുടെ ഊഴം കഴിഞ്ഞപ്പോൾ ബഹുമാന്യനായ അച്‌ഛനായി അവസരം. നെറുകും തല വരെ കഷണ്ടി കയറിയ അച്‌ഛനെ ഇപ്രായത്തിൽ ഇവളെങ്ങനെ മാറ്റുമെന്ന് ഞാൻ തലപുകഞ്ഞാലോചിച്ചു. ശ്രമിച്ചാൽ നടക്കാത്തതായെന്തുണ്ട്. ശ്രീമതി അതും തെളിയിച്ചു.
അയഞ്ഞ ജുബാ വസ്‌ത്രങ്ങൾ ഉപേക്ഷിച്ച് അച്‌ഛനും ജീൻസിലും ടീഷർട്ടിലും കയറിക്കൂടി. ചെരിപ്പിനു പകരം സ്‌പോർട്‌സ് ഷൂ. തലയിൽ അവശേഷിക്കുന്ന മുടിയിൽ കറുപ്പ് പടർന്നു പന്തലിച്ചു. ഒടുക്കം അമ്മേ… അച്‌ഛാ എന്നു വിളിച്ചിരുന്ന എനിക്ക് മമ്മി പപ്പാ എന്നു മാറ്റി വിളിക്കേണ്ടിയും വന്നു.
വയസ്സുകാലത്ത് ഒരിടത്ത് ഒതുങ്ങിയിരിക്കേണ്ടവരെ സ്‌ഥിരമായി കണ്ണാടിയ്‌ക്ക് മുന്നിൽ കൊണ്ട് പ്രതിഷ്‌ഠിച്ചു കളഞ്ഞു ഇവൾ.
ശ്രീമതിയുടെ സൗന്ദര്യ പരീക്ഷണങ്ങളുടെ കാറ്റ് പതിയെ കോളനിയിലും വീശാൻ തുടങ്ങി. കോളനിക്കാരിലും സൗന്ദര്യബോധം ഉണർന്നു. സ്‌ത്രീകൾ, പുരുഷന്മാർ, വൃദ്ധന്മാർ, യുവാക്കൾ എല്ലാവരും ചെറുപ്പം പിടിച്ചു കെട്ടാൻ ശ്രമം തുടങ്ങി. ശ്രീമതിയുടെ കൈകളിലെ ഏതു പരീക്ഷണത്തിനും അവർ തയ്യാറായി. എങ്ങനെയെങ്കിലും ചെറുപ്പമായാൽ മതി.
സുന്ദരന്മാരേയും സുന്ദരിമാരേയും മുട്ടാതെ കോളനിയിലൂടെ നടക്കാൻ വയ്യ എന്ന അവസ്‌ഥ.
ഫേഷ്യൽ, കട്ടിംഗ്, ത്രെഡിംഗ്, ബ്ലീച്ചിംഗ്, ബോഡി മസാജ്.. വീട് ഒരു ബ്യൂട്ടി പാർലറായി മാറുകയായിരുന്നു. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ചുരുങ്ങിയത് രണ്ടു കസ്‌റ്റമേഴ്‌സെങ്കിലും കസേരയിൽ ഇടം പിടിച്ചിട്ടുണ്ടാവും.
ഒരു ചായ കിട്ടുമോ? ദയനീയമായ എന്‍റെ ചോദ്യം കേട്ട് ശ്രീമതി കുലുങ്ങിച്ചിരിച്ചു. ഈ വർക്ക് തീർക്കാൻ രണ്ടു കൈ പോരാ നാലു കൈയെങ്കിലും വേണം. ഒന്നു സഹായിക്ക് മനുഷ്യാ. അവൾ കുലുങ്ങി കുലുങ്ങിച്ചിരിച്ചു.