ഒരു കാർ വാങ്ങുകയെന്നത് അനിലിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പണം സ്വരൂപിച്ച് വാങ്ങിയ വാഹനം യൂസ്‌ഡ് കാർ ഷോറൂമിൽ നിന്നാണ്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ വാഹനത്തിന് പലവിധ തകരാറുകളും ഉണ്ടായി. സർവീസിങ്ങിനായി നല്ലൊരു തുകയും ചെലവു വന്നു.
മതിയായ ഗ്യാരണ്ടി ഉറപ്പു നൽകുന്ന അംഗീകൃത ഷോറൂമിൽ നിന്നു വാഹനം തെരഞ്ഞെടുത്തിരുന്നുവെങ്കിൽ ഈ അവസ്‌ഥ ഒഴിവാക്കാമായിരുന്നു…
വാഹനം തെരഞ്ഞടുക്കാൻ ഒരുങ്ങുമ്പോൾ പലവിധ ചിന്തകളാവും മനസ്സിലേക്കോടിയെത്തുക. ബജറ്റ് എങ്ങനെ, പുതിയതോ സെക്കഹാന്‍റോ, രേഖകളെല്ലാം കൃത്യമായിരിക്കുമോ, ആക്‌സിഡന്‍റിൽ പെട്ടതായിരിക്കുമോ എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരും.
ഇപ്പോൾ മിക്ക വാഹന വിതരണ ഡീലർമാരും യൂസ്‌ഡ് കാർ ഷോറൂമുകൾ വ്യാപകമായി ആരംഭിച്ചതോടെ സാധാരണക്കാർക്കു പോലും കാർ എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. നിരവധിയാളുകൾ ഇത്തരം ഷോറൂമുകളിൽ നിന്നും വാഹനം സ്വന്തമാക്കുന്നു. സെക്കന്‍റ് ഹാന്‍റ് വാഹനങ്ങൾക്കും ഫിനാൻസ് സൗകര്യം ലഭിക്കുമെന്നതിനാൽ ഇഷ്‌ട വാഹനം വാങ്ങാം.
കാർ വാങ്ങുവാൻ തീരുമാനിക്കുമ്പോൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും തങ്ങളുടെ ആവശ്യവുമെല്ലാം കണക്കിലെടുക്കേണ്ടതാണ്. ഇടത്തരം കുടുംബമാണെങ്കിൽ ചെറു വാഹനങ്ങൾ തന്നെയാണ് അനുയോജ്യം. ഡ്രൈവിംഗിൽ നല്ല പരിചയം വന്നതിനു ശേഷം പുതിയ വാഹനത്തിലേക്ക് മാറുന്നതാണ് ഉചിതം.
തെരഞ്ഞെടുക്കുമ്പോൾ
അഞ്ചുലക്ഷം വില വരുന്ന ഒരു കാർ രണ്ടര ലക്ഷത്തിനു ചിലപ്പോൾ ലഭിച്ചേക്കാം. പക്ഷേ ഇത്തരം വാഹനങ്ങളുടെ പാർട്‌സുകൾ ലഭിക്കുവാൻ പ്രയാസകരമാണ്. അഥവാ കിട്ടണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിയും വരും. ഇവയുടെ മൈലേജും കുറവായിരിക്കും. ഇന്ധനച്ചെലവ്, മെയിന്‍റനൻസ് എന്നിവയൊക്കെ ബജറ്റ് താളം തെറ്റിക്കും.
അധികം ഉപയോഗമില്ലെങ്കിൽ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കുന്നതാവും നല്ലത്. പ്രതിമാസം രണ്ടായിരത്തിലധികം കിലോമീറ്റർ പോകുന്നവരാണെങ്കിൽ മാത്രമേ കൂടിയ വാഹനങ്ങൾ വേണ്ടൂ. പെട്രോൾ കാറിനേക്കാൾ ഡീസൽ കാറിനു വില കൂടുതലും ആയിരിക്കും.
സെക്കന്‍റ് ഹാന്‍റ് ഡീസൽ എഞ്ചിനാണെങ്കിൽ ശ്രദ്ധിക്കണം. ഇത് വളരെയധികം ഉപയോഗിച്ചതാകാൻ സാദ്ധ്യതയേറെയാണ്. ഇതിന്‍റെ പരിപാലന ചെലവും അധികമാണ്. നിങ്ങൾ തെരഞ്ഞെടുക്കുന്ന കാറിന് ഡീലർ നൽകുന്ന വിൽപനാനന്തര സേവനങ്ങളും വ്യവസ്‌ഥകളും പ്രത്യേകം മനസ്സിലാക്കുകയും വേണം.
യൂസ്‌ഡ് കാർ ഷോറൂമുകൾ
നല്ലൊരു സെക്കന്‍റ് ഹാന്‍റ് വാഹനം തെരഞ്ഞെടുക്കുവാൻ ഇപ്പോൾ നിരവധി മാർഗ്ഗങ്ങളുണ്ട്. മാരുതി, ഹുണ്ടായ്, മഹീന്ദ്ര എന്നിവയ്‌ക്കെല്ലാം തന്നെ ഷോറൂമുകളോടൊപ്പം സെക്കന്‍റ് ഹാന്‍റ് ഔട്ട്‌ലറ്റുകളുമുണ്ട്. ഇവിടെ നിന്നും ബജറ്റിനനുസരിച്ചുള്ള വാഹനം കണ്ടെത്താം.
പത്തു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങളായിരിക്കും യൂസ്‌ഡ് കാർ ഷോറൂമുകളിൽ ഉണ്ടാവുക. ഇവ നിശ്ചിത വാറന്‍റിയോടുകൂടിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. വിൽപനാനന്തര സേവനമായി സർവ്വീസുകളും വാഗ്‌ദാനം ചെയ്യാറുണ്ട്.
അറ്റകുറ്റപ്പണികൾ തീർത്ത വാഹനങ്ങളായിരിക്കും ഇത്തരം ഷോറൂമുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽപെട്ട വാഹനങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിരിക്കുകയുമില്ല. വാങ്ങുമ്പോൾ ചെയ്യേണ്ടതായ രേഖകളും അവർ ശരിയാക്കി തരും. എന്നാൽ മാർക്കറ്റ് വിലയേക്കാൾ പത്തുശതമാനം അധിക വിലയായിരിക്കും ഈടാക്കുക.
പരസ്യങ്ങളും പരിചിതരും
പരിചയത്തിലുള്ള വ്യക്‌തികളിൽ നിന്നും വാഹനം വാങ്ങുവാൻ എളുപ്പമായിരിക്കും. വണ്ടിയെ സംബന്ധിച്ചുള്ള യഥാർത്ഥ വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാം. വാഹനത്തിന്‍റെ സാമ്പത്തിക ബാദ്ധ്യത, ഇൻഷുറൻസ്, ടാക്‌സ് സംബന്ധമായ വിവരങ്ങളും മനസ്സിലാക്കണം. വാഹനം അധികം ഓടിയിട്ടുള്ളതാണോ, അപകടത്തിൽ പെട്ടിട്ടുള്ളതാണോ എന്നീ കാര്യങ്ങളും അറിയണം. കാറുടമയുടെ വിവരങ്ങളും അന്വേഷിച്ചു മനസ്സിലാക്കാവുന്നതാണ്. വാടകയ്‌ക്ക് കൊടുത്തിരുന്ന വാഹനമാണെങ്കിൽ കഴിയുന്നതും ഒഴിവാക്കുക.
വണ്ടി കാണുന്ന അവസരത്തിൽ അതിന്‍റെ ടയറുകൾ കണ്ടീഷനാണോ എന്ന് ആദ്യം അറിയണം. ടയറൊന്നിന് ഏകദേശം 2500 രൂപയോളം വിലവരും. അപ്പോൾ സ്‌റ്റെപ്പിനിയടക്കം അഞ്ച് ടയറുകളും മാറ്റേണ്ടി വരികയാണെങ്കിൽ വിലയിൽ എത്രമാത്രം മാറ്റമുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. അതുപോലെ തന്നെയാണ് ബാറ്ററിയും. മൂന്നു വർഷമാണ് ഒരു കാറിന്‍റെ ബാറ്ററിയുടെ ആയുസ് പറയുന്നത്. ബാറ്ററിയുടെ നിർമ്മാണ തീയതിയിൽ നിന്ന് ഇത് തിരിച്ചറിയാനാവും. പഴയതാണെന്ന് വ്യക്‌തമായാൽ അതിന്‍റെ വില ഇളവ് ചെയ്യുവാൻ ആവശ്യപ്പെടാം. പത്രപരസ്യങ്ങൾ വഴി വിൽക്കുന്നയാളുമായി നേരിട്ട് വാഹന ഇടപാട് നടത്താനാവും. വിലയിൽ ഭേദഗതി വരുത്തുവാൻ എളുപ്പമാണ്.
ഷോറൂമിലെത്തുമ്പോൾ
ഒരു വാഹനം കാണുമ്പോൾ തന്നെ അത് ഉപയോഗിച്ചിരുന്ന രീതി മനസ്സിലാക്കാനാവും. വണ്ടിയിൽ പോറലുകളോ ചളുക്കുകളോ മറ്റോയുണ്ടോയെന്ന് പെട്ടെന്ന് തിരിച്ചറിയാം. വണ്ടിയുടെ ഡോർ ശ്രദ്ധിച്ചാൽ തുരുമ്പ് കയറിയിട്ടുണ്ടോയെന്ന് പെട്ടെന്ന് മനസ്സിലാക്കാം. റീ പെയിന്‍റിംഗ് ചെയ്‌ത വാഹനമാണോയെന്ന് അറിഞ്ഞിരിക്കുക. പകൽ സമയത്ത് വാഹനം കാണാൻ പോകുന്നതാണ് നല്ലത്.
വണ്ടി നിരപ്പായ പ്രതലത്തിൽ നിർത്തിയിട്ടശേഷം നിരീക്ഷിക്കാം. ഏതെങ്കിലും വശത്തേക്ക് ചരിവോ മറ്റോ കാണുന്നുണ്ടോയെന്നു നോക്കുക. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സസ്‌പെൻഷൻ തകരാറുള്ളതാകണം. ബംബറുകളും മറ്റും കേടുപാടുകളില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക. ഇതു മാറ്റി വയ്‌ക്കണമെങ്കിൽ നല്ലൊരു തുക ചെലവാക്കേണ്ടി വരും.
എഞ്ചിൻ പണി വന്നിട്ടില്ലാത്ത വണ്ടിയാണോയെന്നത് പ്രധാനമാണ്. വണ്ടിയുടെ ബോണറ്റ് ഉയർത്തി വച്ച് എഞ്ചിൻ ഭാഗം നിരീക്ഷിക്കാവുന്നതാണ്. ഡിപ് സ്‌റ്റിക് ഊരി എഞ്ചിൻ ഓയിലിന്‍റെ അവസ്‌ഥ മനസ്സിലാക്കാം. കറുത്തു കുറുകിയ അവസ്‌ഥയിലാണെങ്കിൽ യഥാസമയം സർവ്വീസ് നടത്താത്ത വണ്ടിയാണെന്ന് ഊഹിക്കാം. ടെയ്‌ൽ പൈപ്പിൽ നിന്നു വെള്ളപ്പുക വരുന്നുവെങ്കിൽ എഞ്ചിൻ പണി വന്നിരിക്കുന്ന അവസ്‌ഥയിലാണ് വാഹനം. കൂടാതെ അപ്‌ഹോൾസ്‌റ്ററി, ഡാഷ് ബോർഡ് എന്നിവയുടെ അവസ്‌ഥയും നിരീക്ഷിക്കണം. പവർ വിൻഡോ, സ്‌റ്റീരിയോ, ഇൻഡിക്കേറ്റർ, എസി, ഹെഡ് ലാംബ് എന്നിവയൊക്കെ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.
ഓടിയിട്ടുള്ള ദൂരം കാണിക്കുന്ന മീറ്ററായ ഓഡോ മീറ്റർ പരിശോധിക്കണം. പഴക്കത്തിനനുസരിച്ച് വാഹനം ഓടിയിട്ടുണ്ടോയെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇതിൽ കൃത്രിമം കാണിക്കാനുള്ള സാദ്ധ്യതകൾ ഉള്ളതിനാൽ പെട്ടെന്ന് വിശ്വാസത്തിലെടുക്കാതിരിക്കുക. പ്രതിവർഷം 5000 കിലോമീറ്റർ ഓടുന്ന വണ്ടി പത്തുവർഷം കഴിയുമ്പോൾ അമ്പതിനായിരം എത്തുമെന്ന് അറിയാമല്ലോ. എന്നാൽ മുപ്പതാണ് കാണിക്കുന്നതെങ്കിൽ മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ചെറുവണ്ടികൾ തെരഞ്ഞെടുക്കുമ്പോൾ അമ്പതിനായിരം കി.മീയിൽ കുറഞ്ഞതാണു നല്ലത്. എന്നാൽ വലിയ വണ്ടികളാണെങ്കിൽ 80000 വരെ ഓടിയതായാലും പ്രശ്നമാകുന്നില്ല. ഇവയുടെ ഗിയറും ബ്രേക്കുമൊക്കെ കാര്യക്ഷമമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ടെസ്‌റ്റ് ഡ്രൈവ് നടത്തിയാൽ ഒട്ടുമിക്ക കാര്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാനാവും. നല്ലൊരു മെക്കാനിക്കിനെ കൂടെ കൂട്ടി വാഹനം കാണുകയാണെങ്കിൽ പോരായ്‌മകൾ വേഗം തിരിച്ചറിയാൻ കഴിയും.
രേഖകൾ കൃത്യമാകണം
വാഹനത്തിന്‍റെ എല്ലാവിധ രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിൽ ആർസി ബുക്ക്, ഇൻഷുറൻസ് എന്നിവയൊക്കെ പ്രധാനപ്പെട്ടതാണ്. വണ്ടിയുടെ ഷാസി, ബോഡി നമ്പറുകൾ വണ്ടിയുമായി ഒത്തു നോക്കി മാറ്റമൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. വാഹനം മുമ്പ് കൈമാറിയിട്ടുള്ളതാണെങ്കിൽ ആ വിവരങ്ങളും അറിയാവുന്നതേയുള്ളൂ. വണ്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന ആർ.ടി.ഒ ഓഫീസിൽ നിന്നും ഇതു സംബന്ധിച്ച വിവരം ലഭിക്കും. വണ്ടിയുടെ യഥാർത്ഥ ബോഡികളും ആർസി ബുക്കിൽ രേഖപ്പെടുത്തിയിരിക്കും. റീ പെയിന്‍റിംഗ് ചെയ്‌തിട്ടുണ്ടോയെന്ന് ഇതിലൂടെ മനസ്സിലാക്കാനാവും. ഫിനാൻസ് സംബന്ധമായ ബാദ്ധ്യതകളൊന്നും ഇല്ലാത്ത വാഹനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.