ശതാബ്‌ദി എക്‌സ്‌പ്രസ് ലേറ്റാണ്. മാഡം, ഒരു മണിക്കൂർ. എൻക്വയറിയിലുള്ള വെളുത്തു മെലിഞ്ഞ, കണ്ണട വച്ച ചെറുപ്പക്കാരൻ തമിഴ്‌ചുവ കലർന്ന മലയാളത്തിൽ പറഞ്ഞതു കേട്ട് മിത്ര വെയിറ്റിംഗ് റൂമിലെ കസേരയിൽ വന്നിരുന്നു.
ഒരു ട്രെയിൻ വന്നപ്പോൾ കുറേപ്പേർ പുറത്തേക്കു കടന്നു. മിത്ര ആശ്വാസത്തോടെ കാൽ നീട്ടിയിരുന്നു. അപ്പോഴാണ് എതിർവശത്തിരിക്കുന്ന യുവാവ് തന്നെതന്നെ ഉറ്റുനോക്കുന്നത് കണ്ടത്. ഒരു ഞെട്ടലോടെ മിത്ര അയാളെ സൂക്ഷിച്ചു നോക്കി.
പ്രദീപ് !…….. അവൾ ഉറക്കെപ്പറഞ്ഞു പോയി. സങ്കോചവും സന്തോഷവും അമ്പരപ്പും നിഴലിട്ട കണ്ണുകൾ.
“മിത്രയെന്നെ മറന്നിട്ടില്ല.” പ്രദീപ് പുഞ്ചിരിയോടെ അവൾക്ക് സമീപത്തേക്ക് കസേര വലിച്ചിട്ടിരുന്നു.
മിത്രയുടെ മറുപടി ചിരിയിലൊതുങ്ങിയപ്പോഴും അമ്പരപ്പു വിട്ടുമാറിയിട്ടില്ല ആ മുഖത്ത്.
“ഇപ്പോൾ എവിടെയാണ്?”
“നാലു വർഷം മുമ്പ് മിത്ര ഉപേക്ഷിച്ചു പോന്ന അതേ നഗരത്തിൽ തന്നെ.”കുറ്റബോധത്താൽ അവളുടെ ശിരസ്സു താഴ്‌ന്നു.
ബാംഗ്ലൂർ നഗരം…..! നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ച് താൻ വിട്ടുപോന്ന പ്രിയപ്പെട്ട നഗരം.
പ്രദീപ് ഓഫീസ് ഹെഡായി വന്ന ദിവസം പോലും മനസ്സിലുണ്ട്. ഓഫ്‌വൈറ്റ് ഷർട്ടും ലൈറ്റ് ബ്ലൂ പാന്‍റും നന്നായി ഇണങ്ങുന്നുണ്ടായിരുന്നു അയാൾക്ക്.
“എങ്ങോട്ടാണെന്നു പോലും പറയാതെ എന്തിനായിരുന്നു ആ ശിക്ഷ…?”
പ്രദീപിന്‍റെ ചോദ്യത്തിനു മുന്നിൽ വിളറിയ ചിരിയോടെ നിൽക്കുമ്പോൾ അവളുടെ മനസ് വീണ്ടും ഭൂതക്കാലത്തിലേക്ക് പറന്നു. വിവാഹമോചിതയാണെന്ന് ആരെയുമറിയിക്കാതെ എല്ലാം സ്വയമൊതുക്കി, നിശ്ശബ്‌ദം കഴിയുകയായിരുന്നു അന്ന്.
ഗുൽമോഹറുകൾ പൂത്ത നഗരവീഥികളിലൂടെ സായന്തനങ്ങളിൽ ശൂന്യമായ മനസ്സുമായി നടക്കാറുള്ളത് എങ്ങനെ മറക്കാനാണ്. അസ്‌തമിക്കുന്ന പകലിന്‍റെ വിരഹഭാവവുമായെത്തുന്ന സന്ധ്യകളെ നോക്കി, തീരുമാനമെടുക്കാനാകാതെ എത്രയേ ദിനങ്ങൾ…..!
നാലു വർഷങ്ങൾക്കു ശേഷം ഒരു കൂടിക്കാഴ്‌ച. പ്രദീപിന്‍റെ മുഖത്ത് അമ്പരപ്പിനേക്കാളേറെ അനിവാര്യമായതെന്തോ സംഭവിച്ചുവെന്ന ഭാവമാണ്. ഇതുപോലൊരു യാത്രയിലാണ്
നാലു വർഷം മുമ്പ് പ്രദീപ് മനസ്സുതുറന്നത്. ഒരു ഒഫീഷ്യൽ ടൂറിനിടയ്‌ക്ക്.
“മിത്രയെ എനിക്കിഷ്‌ടമായി, ഞാൻ മാര്യേജിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. എന്താ അഭിപ്രായം?”
കാതുകളെ വിശ്വസിക്കാനാകാതെ താൻ തരിച്ചിരുന്നു.
“നോ..! പ്രദീപ് ഹൊ ഞാനെങ്ങനെ പറയുമത്? ഞാൻ ഭർത്താവ് ഉപേക്ഷിച്ചവളാണ്. വിവാഹമോചിത!”
“ഓഹോ! എത്ര വർഷമായി”
“മൂന്നു വർഷം”
“ഓ.കെ. മിത്ര, നീ എന്‍റെ ചോദ്യത്തിന് മറുപടിയൊന്നും പറഞ്ഞില്ല.”
ആ രഹസ്യം തുറന്നു പറഞ്ഞിട്ടും പ്രദീപ് തന്നെ ഇഷ്‌ടപ്പെടുന്നുവെന്നോ? ആശ്ചര്യമായിരുന്നു തനിക്ക്.
“കഴിഞ്ഞതു കഴിഞ്ഞു. ഇനി ഭാവിയെക്കുറിച്ചാലോചിച്ചാൽ പോരെ?”
സ്‌റ്റേഷൻ വിട്ടു പോകുന്ന ട്രെയിനിന്‍റെ ചൂളം വിളി മിത്രയുടെ ചിന്തകളെ തിരികെ വിളിച്ചു.
“നീ ഇപ്പോഴും കൊച്ചിയിലാണോ?”
“അതേ.” പ്രദീപ് വരണ്ട ചിരിയോടെ തുടർന്നു.
“ഹാ, ബാംഗ്ലൂരിൽ നിന്ന് ഒളിച്ച് കടന്നത് എന്നെ ഒഴിവാക്കാനായിരുന്നില്ലേ മിത്രാ… നീ ഓർക്കുന്നുണ്ടോയെന്നറിയില്ല, ഭൂതകാലത്തിൽ ജീവിക്കരുതെന്ന് ഞാൻ നിന്നെ ഉപദേശിക്കുമായിരുന്നു.
പക്ഷേ, ആ ഞാൻ ഇപ്പോൾ….”
പ്രദീപിന്‍റെ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന വ്യഥ അവളുടെ ഹൃദയത്തിലേക്ക് സൂചിമുനകളായി തറഞ്ഞിറങ്ങി.
കർചീഫെടുത്ത് കണ്ണു തുടയ്‌ക്കുന്ന പ്രദീപിനെ മിത്ര നിസ്സഹായയായി നോക്കി.
“മിത്രാ, അറ്റ്‌ലീസ്‌റ്റ് നിനക്ക് ഇപ്പോഴെന്‍റെ സുഹൃത്തെങ്കിലുമായിക്കൂടെ?” നിനച്ചിരിക്കാതെ പ്രദീപിന്‍റെ വാക്കുകൾ..
പ്രദീപ് എന്നും അങ്ങനെയായിരുന്നല്ലോ.. ചോദ്യങ്ങളെല്ലാം അപ്രതീക്ഷിതമായി….
ഈ മനുഷ്യനെ മനസ്സിൽ കുടിയിരുത്തി, നാലു വർഷൾ കൊഴിഞ്ഞു പോയ സത്യം തുറന്നു പറയാൻ മിത്ര അശക്‌തയായിരുന്നു. തന്‍റെ മൗനമാണ് എല്ലാത്തിനും കാരണം… ഇപ്പോൾ സുഹൃത്തായി കരുതാൻ പ്രദീപ് അപേക്ഷിക്കാനിടവരുത്തുന്നതും ഈ മൗനം തന്നെയല്ലേ… അയാളെ താൻ ഇ്ൄഷ്‌ടപ്പെടുന്നുവെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒരാഴ്‌ച അവധിയെടുത്ത് നാട്ടിൽ പോയി വന്ന ദിവസം മനസ്സ് കല്ലാക്കിക്കൊണ്ടാണ് ക്യാബിനിൽ ചെല്ലുക.
ഒരു ബന്ധവും വേണ്ട ആരുമായും, പ്രദീപുമായും. പക്ഷേ ആ കണ്ണുകൾ.. സ്‌നേഹം തിരയിളക്കുന്ന നോട്ടം, തന്നെ ഓരോ വട്ടവും പരാജയപ്പെടുത്തി.
“നാട്ടിൽപ്പോയി വരുമ്പോൾ മിത്രയെന്താ ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ..”
തമാശ കലർത്തിയുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാനായി മനപൂർവം ശ്രമിക്കാം. പക്ഷേ ആ കണ്ണുകളിലേക്ക് നോക്കിയാൽ സ്വയം കെട്ടിപ്പടുത്ത ചില്ലുമറ, പളുങ്കുമണികളായി പൊട്ടിത്തകരുമെന്ന് തോന്നിയ നിമിഷം താൻ പുറത്തേക്കു കടന്നു.
എല്ലാം മാറ്റി മറിച്ചത് ആ പിറന്നാൾ ദിനമായിരുന്നു. ആശംസകൾ നേർന്ന് ഒരു കുടന്ന പൂക്കളുമായ് താൻ പ്രദീപിന്‍റെ ക്യാബിനിൽ ചെന്നു.
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ..! എന്തു പ്രസാണ് പിറന്നാളുകാരന് വേണ്ടത്?”
“നിന്നെ.” ഉടൻ വന്നു മറുപടി. അവിശ്വസനീയമായത് വീണ്ടും കേട്ടപ്പോഴുണ്ടായ പരിഭ്രമത്തിലും മനസ്സിലെവിടെയോ സുഖദഭാവം കൈവരുന്നു.
മറുപടി കാക്കാതെ പ്രദീപ് തുടരുന്നു.
ഭർത്താവ് നിന്നെ ഉപേക്ഷിച്ചുവെന്നത് ശരിയാകാം. പക്ഷേ അതിന്‍റെ പേരിൽ പുരുഷലോകത്തെ ഒന്നടങ്കം അവിശ്വസിക്കണോ മിത്ര… അനുഭവമാണ് ഗുരു. പക്ഷേ ഒരു കാര്യമുണ്ട്. ഞാൻ ഒരിക്കലും നിന്നെ വേദനിപ്പിക്കില്ല. നിന്നെ കാണുമ്പോഴെല്ലാം നീ സ്വന്തമാണെന്ന തോന്നൽ ഓരോ ദിവസം കഴിയും തോറും ശക്‌തമായി കൊണ്ടിരിക്കും….
മിത്രയുടെ കൈകൾ റോസാമലരുകൾക്കൊപ്പം നെഞ്ചിലേക്കു ചേർത്തു പ്രദീപ്. കുങ്കുമത്തിളക്കമില്ലാത്ത അവളുടെ നെറ്റിയിൽ സ്‌നേഹമുദ്ര ചാർത്തി. കാന്തിക വലയത്തിലകപ്പെട്ടതുപ്പോലെ മിത്ര നിശ്ചലയായി നിന്നു. ആ അവസ്‌ഥയിലും മിത്ര തന്നെ സ്‌നേഹിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ പ്രദീപിന് ആ നിമിഷം മാത്രമേ വേണ്ടി വന്നുള്ളൂ.
എങ്കിലും പ്രദീപ് പറഞ്ഞു.
“മിത്ര, നീ എന്നെ പൂർണ്ണമായി സ്‌നേഹിക്കുന്ന ഒരു ദിനമെത്തും. ഞാൻ കാത്തിരിക്കാം. ആ സമയം തന്‍റെ ബോധമനസ്സിലേക്ക് പ്രദീപിന്‍റെ വാക്കുകൾ ദൂരെ നിന്നെന്ന പോലെയാണ് കുടിയേറിയത്. ക്യാബിനിൽ നിന്ന് സീറ്റിൽ മടങ്ങിയെത്തുമ്പോൾ മേശപ്പുറത്ത് തന്നെ കാത്ത് ഒരു കവർ.
ആറുമാസം മുമ്പ് അയച്ച ജോലിക്കുള്ള അപേക്ഷ പരിഗണിച്ചു കൊണ്ട് ഐ.ബി.സി.യുടെ ലെറ്റർ. പബ്ലിക്ക് റിലേഷൻസിലേക്കാണ് നിയമനം.
മോഹിച്ച ജോലിയാണ്.
പ്രദീപ് ഉള്ള കമ്പനി വിട്ടുപോകുന്നത് ദുഃഖകരമാണ്. പക്ഷേ…
അവിവാഹിതനും സുന്ദരനും ഉന്നതസ്‌ഥാനീയനുമായ ചെറുപ്പക്കാരന് വിവാഹമോചിത യോജിച്ചവളാണോ?”
അതേ ഇതാണവസരം.
നഷ്‌ടങ്ങൾ മാത്രം സമ്മാനിച്ച ഈ നഗരത്തിൽ നിന്ന് വിടപറയാം, ഒപ്പം പ്രദീപിൽ നിന്നും. രണ്ടു ദിവസത്തിനകം കൊച്ചിയിൽ ജോയിൻ ചെയ്യാനാണ് നിർദ്ദേശം. അന്ന് വൈകിട്ട് പ്രദീപിന് ഒരു കത്തെഴുതി മേശപ്പുറത്ത് വച്ചു.
“ആ സ്‌നേഹം തിരസ്‌കരിക്കുന്നില്ല. പക്ഷേ, നിങ്ങൾ എന്നെ സ്‌നേഹിക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലയെനിക്ക്. എന്‍റെ ധാരണ തെറ്റാണെങ്കിൽ കൊടിയ അപരാധമാണ് ഞാൻ ചെയ്യുന്നത് എന്നറിയാം. സാധിക്കുമെങ്കിൽ മാപ്പു തരൂ…”
“മിത്ര..”
“ഒരു കാപ്പി കുടിച്ചാലോ?”
പ്രദീപിന്‍റെ ക്ഷണം അവളെ വീണ്ടും ചിന്തയിൽ നിന്നുണർത്തി. പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ ചോദിച്ചു.
“പ്രദീപ്, കുടുംബം എവിടെ? വിവാഹം?”
“വിവാഹം! ഞാൻ മോഹിച്ച പെണ്ണ് ഒരു ദിനം ആരോരുമിയാതെ സ്‌ഥലം വിട്ടില്ലേ. പിന്നെയാരെ കല്യാണം കഴിക്കും?”
ഉള്ളിലുയർന്ന വിറയലിൽ ചുണ്ടോടടുപ്പിച്ച ചൂടു ചായ തുളുമ്പി കൈയിൽ വീണു. തുടയ്‌ക്കാനായി കർചീഫ് എടുത്തു കൊടുത്തുകൊണ്ട് പ്രദീപ് തുടർന്നു.
“ഞാനവളെ തെരയാത്ത ഇടമില്ല. ഭൂതകാലം മറക്കാൻ എനിക്കും കഴിയുന്നില്ല. ഈ നാലു വർഷവും ഞാൻ കാത്തിരിക്കുകയായിരുന്നു.” പേഴ്‌സിൽ നിന്ന് കീറിപ്പിഞ്ഞിയ ഒരു കടലാസ് എടുത്ത് പ്രദീപ് നീട്ടി.
“അവൾ എനിക്കെഴുതിയ അവസാനത്തെ കത്ത്! ഇത് ഓരോ മിടിപ്പിലും
എന്നോടൊപ്പമുണ്ട്”
അക്ഷരങ്ങൾ മാഞ്ഞ ആ കത്ത് ഹൃദയത്തോടു ചേർത്ത് പ്രദീപ് മെല്ലെ പറഞ്ഞു.
“അക്ഷരങ്ങൾ മാഞ്ഞത് കടലാസിൽ നിന്നു മാത്രമാവണം. എന്‍റെ ഹൃദയത്തിൽ അത് എപ്പോഴേ പതിഞ്ഞു കിടക്കുന്നു.”
മിത്രയുടെ കണ്ണുകൾ പെയ്യാൻ വിതുമ്പിയ കാർമേഘങ്ങളായി.
“എന്നോടു ക്ഷമിക്കൂ.. പ്രദീപ്, നിങ്ങളെ ഞാൻ സ്‌നേഹിച്ചിരുന്നു. പക്ഷേ എനിക്ക് എന്‍റെ വിധിയോട് ഭയമായിരുന്നു. എന്നെ കാണാതായാൽ നിങ്ങൾ എന്നെ മറക്കുമെന്ന് കരുതി, പക്ഷേ.. സംഭവിച്ചിത് ഇങ്ങനെയാണല്ലോ..”
പ്രദീപ്, നിങ്ങളെന്നെ മറക്കേണ്ടതായിരുന്നു…. വേറെ വിവാഹം…. മിത്രയ്‌ക്ക് പറഞ്ഞുപൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പ് അയാൾ അവളുടെ ചുണ്ടിൽ വിരൽ ചേർത്തു. പക്ഷേ, ഇതല്‌പം കൂടിപ്പോയി.”
“സർ, ട്രെയിനെത്തി.” ലഗേജുമായി പോർട്ടർ പ്രദീപിനെ വിളിച്ചു.
“സർ സാധനങ്ങൾ കയറ്റട്ടേ…”
“ശരി.”
മിത്രയുടെ കരഞ്ഞു ചുവന്ന കണ്ണുകളിൽ നിറയുന്ന ദുഃഖം അയാളുടെ ഹൃദയത്തിന്‍റെ ആഴങ്ങളോളം സ്‌പർശിച്ചു. അയാൾ മിത്രയുടെ കൈകളിൽ മുറുകെപ്പിടിച്ചു.
“വരൂ, നമുക്കു പോകാം മിത്ര..” ഞെട്ടലോടെ മിത്ര പ്രദീപിനെ ഉറ്റുനോക്കി.
“ഈ ട്രെയിൻ ബാംഗ്ലൂർക്കാണ് പ്രദീപ്, ഞാൻ.”
“അതേ, ബാംഗ്ലൂർക്ക് തന്നെ….
നാലു വർഷം മുമ്പ് ഞാൻ ചെയ്യേണ്ടിയിരുന്നത് ഈ നിമിഷത്തിൽ ചെയ്യുന്നു. ഇത്രയും കാലം നാമിരുവരും സ്വയമറിയാതെ കാത്തിരിക്കുകയായിരുന്നല്ലോ… നിന്‍റെ സങ്കടങ്ങൾ, എന്‍റെ കാത്തിരിപ്പ്.. എല്ലാം ഇവിടെ അവസാനിക്കട്ടെ. നാം മടങ്ങുകയാണ്. നമ്മുടെ വീട്ടിലേക്ക്.”
അപ്രതീക്ഷിതമായതു സംഭവിച്ച പരിഭ്രമത്തോടെ മിത്ര പ്രദീപിന്‍റെ കൈകളിൽ ഇറുകെപ്പിടിച്ചു. അയാൾ അവളെ ചേർത്തുപിടിച്ച് രണ്ടാം നമ്പർ ഫ്‌ളാറ്റ്‌ഫോമിലേക്കുള്ള പടവുകൾ കയറി.
അപ്പോൾ ആകാശത്തിന്‍റെ സിന്ദൂര രേഖയിൽ കുങ്കുമമേഘങ്ങൾ കൂട്ടംകൂടുകയായിരുന്നു.