ഹോട്ടലിൽ നിന്നു മാത്രമേ രുചികരമായ ഭക്ഷണം കഴിക്കാൻ പാടുള്ളൂവെന്നാണോ നിങ്ങൾ വിചാരിച്ചിരിക്കുന്നത്? ഏയ് അല്ലേയല്ല, വീട്ടിലും ഇത്തരം ഡിഫറന്‍റ് ആന്‍റ് ടേസ്‌റ്റി ഫുഡുകൾ സ്വന്തമിഷ്‌ടമനുസരിച്ച് തയ്യാറാക്കാവുന്നതാണ്. അതിനിത്തിരി ക്ഷമയും കൗശലബുദ്ധിയും വേണമെന്നു മാത്രം. വീട്ടിൽ നിത്യവും ഇത്തരം ഭക്ഷ്യവിഭവങ്ങൾ രുചിക്കാൻ ആഗ്രഹമുള്ളവർക്കായി ഇതാ ചില ടിപ്‌സ്…
വീട്ടിൽ ക്രീമില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. മിക്‌സി ജാറിൽ നിശ്ചിത അളവിൽ പാലൊഴിച്ച് അതിൽ 1-2 ബ്രഡ് സ്‌ലൈസ് ഇട്ട് അടിച്ച് ക്രീം തയ്യാറാക്കുക.
വിഭവത്തിന് രുചിയും കൊഴുപ്പും പകരാൻ പാൽ/ ബ്രഡ്/ ക്രീമിനൊപ്പം നാലിലൊന്ന് തൈര് ചേർക്കുക. ആവശ്യമെങ്കിൽ 4-5 അണ്ടിപ്പരിപ്പും ചേർക്കാം. വിഭവം രുചികരമാവും.
വീട്ടിൽ ബ്രഡ് ഇല്ലെങ്കിൽ ഒന്നോ രണ്ടോ സ്‌പൂൺ കോൺഫ്‌ളോറോ മൈദയോ വിഭവത്തിൽ ചേർക്കാം. ഗ്രേവിക്ക് കൊഴുപ്പ് കൂട്ടാൻ ഇത് ഉപയോഗിക്കാം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ചേരുവ വിഭവത്തിൽ ചേർക്കും മുമ്പ് പാനിൽ ഒഴിച്ച് ചെറുതായൊന്ന് ചൂടാക്കാം. ചൂടാക്കിയില്ലെങ്കിൽ ചേരുവ പിരിഞ്ഞുപോകും.
ദോശയോ ഇഡ്‌ഡലിയോ മിച്ചം വരികയാണെങ്കിലോ ദോശമാവ് പുളിച്ചു പോയിട്ടുണ്ടെങ്കിലോ അതെടുത്ത് കളയരുത്. പകരം അതുപയോഗിച്ച് ഉഗ്രനൊരു വിഭവം തയ്യാറാക്കാം.
ബാക്കി വരുന്ന ദോശയോ ഇഡ്‌ഡലിയോ തരിതരിയായി പൊടിക്കുക. അതിൽ 3/4 കപ്പ് മൈദയും ചെറിയ സ്‌പൂൺ കുരുമുളക് പൗഡറും 3 സ്‌പൂൺ റവയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഈ മാവ് ചൂട് തവയിൽ കോരിയൊഴിച്ച് ദോശ പരത്തും പോലെ പരത്തി അതിൽ മുറിച്ചു വച്ച ഉള്ളിയും പച്ചമുളകും മല്ലിയിലയും വിതറുക. നെയ്യൊഴിച്ച് മറുവശവും മൊരിച്ചെടുക്കുക. ഇങ്ങനെ പുതുമയേറിയ രുചിപ്രദമായ വിഭവം തയ്യാറാക്കാം.
റെസ്‌റ്റോറന്‍റിലൊക്കെ ദോശ മൊരിഞ്ഞു കിട്ടുന്നതു പോലെ ലഭിക്കാൻ തീ കുറച്ച് വച്ച് മാവ് നേർമയായി തവയിൽ പരത്തുക. ദോശയ്‌ക്കു മീതെ വെണ്ണയോ നെയ്യോ തൂവുക. തീ കുറച്ചു വച്ചിരിക്കുന്നതിനാൽ മുകൾഭാഗം ആവിയിൽ വേകും. അതുകൊണ്ട് ദോശ മറിച്ചിടേണ്ടി വരികയുമില്ല. മറുഭാഗം ക്രിസ്‌പിയായി കഴിഞ്ഞാൽ ദോശ ഫോൾഡ് ചെയ്‌തെടുക്കാം.
തേങ്ങാപ്പാൽ
കറികൾക്ക് രുചി പകരുന്നതിന് തേങ്ങാപ്പാൽ അത്യുത്തമമാണ്. ഒരു തേങ്ങ മുഴുവനായും ചുരണ്ടിയെടുത്ത് മിക്‌സിയിലിട്ട് ഒന്നരകപ്പ് വെള്ളവും ചേർത്ത് അരയ്‌ക്കുക. അതിനുശേഷം നന്നായി പിഴിഞ്ഞ് ഫിൽറ്റർ ചെയ്ത്പാലെടുക്കുക. മീൻ-ചിക്കൻ വിഭവങ്ങൾക്കും സ്‌റ്റ്യൂ, കടലക്കറി, മുട്ടക്കറി, പനീർ കോഫ്‌ത എന്നിവയ്‌ക്കും തേങ്ങാപ്പാൽ ചേർത്താൽ നല്ല രുചിയും മണവും കിട്ടും.
സോയാ മിൽക്ക്
പാൽ അല്ലെങ്കിൽ പാൽ ഉപയോഗിച്ച് തയ്യാറാക്കുന്ന വിഭവങ്ങൾ കഴിച്ച് അലർജിയോ ഉദരസംബന്ധമായ പ്രശ്നങ്ങളോ ഉണ്ടാകുന്നവരെ സംബന്ധിച്ച് സോയാ മിൽക്ക് ഉപയോഗിക്കാം. പാശ്ചാത്യ രാജ്യങ്ങൾക്ക് പുറമേ ഏഷ്യൻ രാജ്യങ്ങളിലും ഇപ്പോൾ സോയാമിൽക്ക് പ്രചാരത്തിലുണ്ട്. ഇന്ത്യയിൽ ഒട്ടുമിക്കവരും മധുരമുള്ള സോയാ മിൽക്കാണ് ഇഷ്‌ടപ്പെടുക. മത്സ്യ-മാംസ വിഭവങ്ങളിൽ സോയാ മിൽക്ക് ചേർക്കാം.
പാവയ്‌ക്കക്ക് കയ്‌പ്പോ?
പാവയ്‌ക്ക വട്ടത്തിൽ നേർമയായി അരിഞ്ഞ ശേഷം ഒരു പാത്രത്തിലിട്ട് തൈരും ഉപ്പും മിക്‌സ് ചെയ്ത് നന്നായി ഇളക്കി ചേർത്ത് വെയിലത്ത് അരമണിക്കൂർ നേരം വൃത്തിയുള്ള പ്ലാസ്‌റ്റിക് ഷീറ്റിൽ നിരത്തി വയ്‌ക്കാം. വിനാഗിരിയോ നാരങ്ങാനീരോ പാവയ്‌ക്കയിൽ പുരട്ടാവുന്നതാണ്.
പാവയ്‌ക്ക അൽപം കൂടുതൽ എണ്ണയിൽ പാകം ചെയ്യുന്നതാണ് രുചികരം. വെയിലത്ത് ഉണക്കിയാൽ പാവയ്‌ക്കയിലുള്ള വെള്ളമയം കുറയും. എണ്ണയിൽ വറുത്തെടുക്കുന്നതോടെ പാവയ്‌ക്കക്ക് രുചിയും കൂടും. ഒപ്പം കയ്‌പ്പും കുറഞ്ഞുകിട്ടും.
മാർക്കറ്റിൽ ചിക്കൻ- മീൻ വിഭവങ്ങൾക്കായുള്ള പ്രത്യേക മസാലകൾ ലഭ്യമാണല്ലോ. ഇത്തരം മസാലകൾ പൂർണ്ണമായും വെജായതിനാൽ സസ്യാഹാരികൾക്ക് ധൈര്യപൂർവ്വം ഉപയോഗിക്കാം. ഈ റെഡിമെയ്‌ഡ് മസാല ചേർത്ത് കയ്‌പൻ പാവയ്‌ക്ക കൊണ്ട് ഉഗ്രനൊരു വിഭവം തയ്യാറാക്കാം.