സെക്‌സിലേർപ്പെടുമ്പോൾ ലൈംഗികാവയവത്തിൽ അതിയായ വേദന അനുഭവപ്പെടാറുണ്ടായിരുന്നു നജിമയ്‌ക്ക്. ഭർത്താവിനോട് ഈ കാര്യം സൂചിപ്പിച്ചപ്പോൾ നിസ്സാരമായിട്ടാണ് എടുത്തത്. പിന്നെ നജിമ നിർബന്ധിച്ചതുകൊണ്ടാണ് ഡോക്‌ടറെ കണ്ടത്. ഭർത്താവിനു ഈ കാര്യങ്ങൾ ഡോക്‌ടറോടു തുറന്നു പറയാൻ മടിയായിരുന്നു. ഇൻഫക്ഷനായിരുന്നു നജിമയ്‌ക്ക്. തക്ക സമയത്ത് ഡോക്‌ടറെ കണ്ടതിനാൽ വലിയ കുഴപ്പമില്ലാതെ രക്ഷപ്പെട്ടു.

പക്ഷേ പലരും നജിമയെപ്പോലെയല്ല. ഇത്തരം കാര്യങ്ങൾക്ക് ഡോക്‌ടറെ കാണാൻ മടിയാണ്. ലൈംഗികരോഗങ്ങൾ ചികിത്സിക്കാതിരിക്കുന്നതും മൂടി വയ്‌ക്കുന്നതും അപകടമാണ്. ചില കേസുകളിൽ യാതൊരു ലക്ഷണവും പ്രകടമാകാറില്ല. രോഗം മൂർച്‌ഛിക്കുമ്പോഴാകും രോഗി വിവരമറിയുക. അതിനാൽ എന്തെങ്കിലും സംശയം തോന്നിയാലുടനെ തന്നെ ലൈംഗികരോഗ വിദഗ്‌ധനെ കാണാൻ മടിക്കരുത്.

ലൈംഗികാവയവങ്ങളിലെ വ്രണങ്ങൾ, പഴുപ്പ്, മുഴകൾ, കുരുക്കൾ, സ്‌ത്രീകളിൽ ലൈംഗിക ബന്ധം വേദനാജനകമാവുക, ഫംഗസ് ബാധ, വെള്ളപോക്ക്, യോനിയിൽ നിന്നും ദ്രവരൂപത്തിൽ ദുർഗന്ധത്തോടു കൂടിയ സ്രവം… ലൈംഗിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പൊതുവെ പലർക്കും മടിയാണ്. എന്നാൽ ഈ ലക്ഷണങ്ങളിൽ ചിലതെങ്കിലും ഗുരുതരമായ ലൈംഗികരോഗങ്ങളുടെ മുന്നോടിയായിരിക്കും എന്നോർക്കേണ്ടതുണ്ട്.

ഹെർപ്പിസ്, ജനിറ്റൽ പാർട്ട്, ഗൊണേറിയ, സിഫിലിസ്, ക്ലാമെഡിയ… ഏറ്റവുമൊടുവിൽ എൺപതുകളുടെ ആരംഭത്തിൽ ഒരു കൊടുങ്കാറ്റുപോലെ കടന്നു വന്ന എയ്‌ഡ്‌സിനെയും ലൈംഗിക രോഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താനാവും. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളാണ് പൊതുവെ ലൈംഗിക രോഗങ്ങളെന്നു വിശേഷിപ്പിക്കുന്നതെങ്കിലും വായുവിലൂടെയും ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വസ്‌ത്രത്തിലൂടെയും ഉപകരണങ്ങളിലൂടെയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം.

ലൈംഗിക രോഗങ്ങൾ

ഹെർപ്പിസ്: വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ലൈംഗികരോഗമാണിത്. മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, മൂത്രത്തിൽ പഴുപ്പ്, ഇടയ്‌ക്കിടയ്‌ക്ക് മൂത്രമൊഴിക്കണമെന്ന തോന്നൽ, പനി, മലബന്ധം, ലൈംഗികാവയവത്തിൽ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുക എന്നിവ ഹെർപ്പിസ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. ഒരു പക്ഷേ ചികിത്സയൊന്നും കൂടാതെ ആദ്യതവണ രോഗം ഭേദമായെന്നു വരാം. എന്നാൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുകയാണെങ്കിൽ വൈദ്യ സഹായം തേടാൻ മറക്കരുത്.

പാർട്ട്‌സ്: പാർട്ട്‌സ് എച്ച്.പി.വി വൈറസാണ് രോഗം പരത്തുന്നത്. രോഗ ബാധയുള്ളവരിൽ ശരീരമാസകലം ചെറിയ ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടാം. ഇത് പ്രധാനമായും 70 തരത്തിലാണുള്ളത്. തൊലിപ്പുറത്തുണ്ടാവുന്നവ, 10 മില്ലി മീറ്റർ അകത്തേക്കുള്ളവയുമൊക്കെ എരിച്ചു കളയാനാവും. ഇതിലും വലുപ്പമുള്ളവ ഓപ്പറേഷനിലൂടെ നീക്കം ചെയ്യുന്നതാണ് ഉചിതം.

ഗൊണേറിയ: മൂത്രനാളിയിൽ വ്രണം/ മുറിവുണ്ടാകുന്നതാണ് ഗൊണേറിയ. രോഗാവസ്‌ഥയിൽ മൂത്രനാളിയിൽ എരിച്ചിൽ അനുഭവപ്പെടുക സ്വാഭാവികമാണ്. ചിലപ്പോഴൊക്കെ രക്‌തവും പഴുപ്പുമുണ്ടാകാം. ആന്‍റിബയോട്ടിക് മരുന്നുകൾ നൽകി രോഗം ഭേദമാക്കാനാവും. രോഗം വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കിൽ തുടർന്നുണ്ടാകുന്ന മുറിവ് മൂത്രനാളിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയെന്നു വരാം. ഈയൊരവസ്‌ഥയിൽ രോഗം ഭേദമാക്കാൻ ഓപ്പറേഷൻ തന്നെ വേണ്ടിവരും. രോഗബാധിതരിൽ കടുത്ത പനിയുണ്ടാവും. ഏതിനം ബാക്‌ടീരിയയാണെന്ന് തിരിച്ചറിയുന്നതിനു പഴുപ്പിന്‍റെ സ്‌ക്രീനിംഗ്/പരിശോധന നടത്തേണ്ടതുണ്ട്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തിയാൽ എളുപ്പം ചികിത്സിച്ച് ഭേദമാക്കാനാവും.

സിഫിലിസ്: ബാക്‌ടീരിയ മൂലമാണ് സിഫിലിസ് രോഗം പരക്കുന്നത്. ലൈംഗിക ബന്ധത്തിലൂടെയാണ് രോഗം പടരുന്നത്. സിഫിലിസ് രോഗബാധയുള്ള പുരുഷന്മാരുടെ ലൈംഗികാവയവത്തിനു മീതെ മുഴകൾ പ്രത്യക്ഷപ്പെടാം. ചിലരിൽ ചികിത്സ കൂടാതെ തന്നെ രോഗം ഭേദമായെന്നു വരാം. അല്ലാത്തവരിൽ ആദ്യഘട്ടത്തിൽ ഒരു മൈക്രോസ്‌കോപ്പിന്‍റെ സഹായത്തോടെ വ്രണത്തിലെ ദ്രവപരിശോധന നടത്തിയാണ് ബാക്‌ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. രണ്ടാംഘട്ടത്തിലെത്തുന്നതോടെ ശരീരത്തിൽ ചുവപ്പു കുരുക്കൾ പ്രത്യക്ഷപ്പെടും. തുടർന്ന് രോഗം സാവകാശം ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേയ്‌ക്ക് പടരാം. എന്നാൽ മൂന്നാം ഘട്ടത്തിനു ശേഷം രോഗം ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചെന്നു വരില്ല. ശരീരത്തിന്‍റെ രക്‌തക്കുഴലുകളിലേയ്‌ക്ക് രോഗം വ്യാപിച്ച് രക്‌തക്കുഴലുകളിൽ പൊട്ടലുണ്ടാവാം. പുരുഷന്മാരിൽ മാത്രമല്ല സ്‌ത്രീകളിലും ഈ രോഗം കണ്ടുവരാറുണ്ട്. മരുന്നും ഇഞ്ചക്ഷനും നൽകി രോഗം ഭേദമാക്കാനാവും.

ക്ലാമെഡിയ: രോഗാണുക്കൾ യോനിയിലൂടെ പ്രവേശിച്ച് ഗർഭപാത്രത്തിലെത്തുന്നു. വന്ധ്യതയുടെ പ്രധാന കാരണങ്ങളിലൊന്നാണിതും. രോഗം കണ്ടെത്തിയാൽ ഉടൻ ചികിത്സ തേടുന്നതാണ് അഭികാമ്യം. മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ, വയറുവേദന, ആർത്തവ നാളുകളിൽ കഠിനമായ വേദന, മലവിസർജ്‌ജന സമയത്തുണ്ടാകുന്ന വേദന, പനി എന്നിവ രോഗലക്ഷണങ്ങളാണ്.

और कहानियां पढ़ने के लिए क्लिक करें...