നിങ്ങളുടെ ദാമ്പത്യജീവിതത്തിനിടയിലേക്ക് പ്രലോഭനങ്ങളുടെ പൂക്കൂടയുമായി മൂന്നാമതൊരാൾ കടന്നുവരുന്നുവെങ്കിൽ ഓർക്കുക, ആ വഴിത്താരയിലെങ്ങും അയാൾക്ക് അല്ലെങ്കിൽ അവൾക്ക് മുമ്പിൽ പച്ച സിഗ്നൽ തെളിച്ചത് നിങ്ങൾ തന്നെയാണ്! ഇത്തരം അപകടങ്ങൾ വൈകിയ വേളയിൽ ഒഴിവാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് ഇതിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ സ്വന്തം ദാമ്പത്യജീവിതത്തിൽ നിന്നും അകറ്റി നിർത്തുന്നതാണ്… ഊഷ്‌മളമായ ദാമ്പത്യത്തിനുതകുന്ന ചില കാര്യങ്ങൾ…

സെക്‌സ് അപ്രതീക്ഷിതം

മുന്നൊരുക്കങ്ങളോടെയുള്ള ലൈംഗികബന്ധം പലപ്പോഴും പ്രീ പ്ലാൻ ചെയ്യപ്പെട്ട ഒരു നാടകം പോലെയായിപ്പോകുന്നു. ഇനി ഇതിനൊരു മാറ്റമാവട്ടെ. ഇന്ന് സംഭവം ഉണ്ടാവില്ല എന്നുള്ള മുൻധാരണകൾ ഞൊടിയിടയിൽ മാറ്റിമറിച്ച് നിങ്ങൾ അതിനു മുതിരുമ്പോൾ അപ്രതീക്ഷിതമായ ഒരു പിറന്നാൾ സമ്മാനം കിട്ടിയ അദ്‌ഭുതമായിരിയ്ക്കും നിങ്ങളുടെ ഇണയുടെ മുഖത്തും മനസ്സിലും.

റൊമാന്‍റിക് മൂഡ്

ബെഡ്‌റൂമിലെ മണത്തിലും വെളിച്ചത്തിനുമെല്ലാം നിങ്ങളുടെ ലൈംഗികതയെ ഉത്തേജിപ്പിയ്‌ക്കാനും നിലനിർത്താനുമുള്ള സ്വാധീനമുണ്ടെന്നോർക്കുക. കൃത്രിമ മണം സൃഷ്‌ടിക്കുന്നതിനേക്കാൾ ബെഡ്‌റൂമിൽ ഫ്രഷായ പൂക്കൾ സൂക്ഷിച്ചു നോക്കൂ! പ്രത്യേകിച്ചും മുല്ല, റോസ് തുടങ്ങിയവയ്‌ക്ക് സവിശേഷമായ ഒരു മൂഡ് തന്നെ സൃഷ്‌ടിയ്‌ക്കാനുള്ള ശേഷിയുണ്ടെന്ന് ഗവേഷണ ഫലങ്ങൾ പറയുന്നു. ഇതൊന്നും പെട്ടെന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുൻസൂചിപ്പിച്ച പുഷ്‌പങ്ങളുടെ പെർഫ്യൂമുകളും ആവാം.

മുറി മാറാം

ഒരേ മുറിയിൽത്തന്നെ വർഷങ്ങളായി സെക്‌സ് ചെയ്യുന്ന ദമ്പതികൾക്കിടയിൽ മടുപ്പ് വരുന്നതായി ലൈംഗിക ശാസ്‌ത്രജ്‌ഞർ കണ്ടെത്തിയിട്ടുണ്ട്. ആവർത്തിത സാഹചര്യങ്ങൾ തലച്ചോറിലെ പാരിറ്റൽ ലോബിൽ അസെറ്റൈൽ കൊളൈൻ എന്ന മസ്‌തിഷ്‌ക രാസവസ്‌തുവിലുണ്ടാക്കുന്ന വ്യതിയാനമാണത്രേ ഇതിനു കാരണം. പുതുമയുടെ ഉണർവ്വ് സെക്‌സിനെ ഊർജ്‌ജസ്വലമാക്കുമെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് ബെഡ്‌റൂം നിങ്ങൾക്കൊന്നു മാറ്റിക്കൂടെ?

വേഷത്തിലറിയാം വിശേഷം

എന്നും മുഷിഞ്ഞുനാറിയ നൈറ്റി തന്നെയാണോ ബെഡ്‌റൂമിലെ നിങ്ങളുടെ യൂണിഫോം? എങ്കിൽ നിങ്ങളുടെ കാര്യം കട്ടപ്പൊകയാണ്! ഇനി നൈറ്റി അലക്കിത്തേച്ചേക്കാം എന്നു തീരുമാനിച്ചാലും രക്ഷയില്ല! നൈറ്റിയേ വേണ്ടെന്ന് പ്രതിജ്‌ഞയെടുക്കൂ. ഞെട്ടണ്ട. ഉദ്ദേശിച്ചത്, വേഷത്തിൽ ഇടയ്‌ക്കിടെ വ്യത്യസ്‌തതയാവാം. എന്ന് ബെഡ്‌റൂമിൽ അല്‌പസ്വല്‌പം സെക്‌സിയായി വേഷം ധരിക്കുന്നതിൽ കൗതുകം കണ്ടെത്തൂ. പുരുഷൻ സ്‌ത്രീയുടെ വസ്‌ത്രമല്ല, വസ്‌ത്രമില്ലാത്ത ഭാഗങ്ങളാണ് ശ്രദ്ധിക്കുന്നതെന്ന് ഫാഷൻ ഡിസൈനേഴ്‌സ് പണ്ടേ മനസ്സിലാക്കിയ പുരുഷ മനഃശാസ്‌ത്രമാണ്! അതുകൊണ്ടുണ്ടാകുന്ന അപകടം ദാമ്പത്യജീവിതത്തിൽ എന്നുമോർക്കാവുന്ന സുഖകരമായ അനുഭൂതിയായി നിങ്ങളുടെ മനസ്സിൽ എന്നും നിലനിൽക്കും.

ഇഷ്‌ടം നോക്കൂ കാര്യം നേടാം

ജീവിതത്തിൽ ഭാര്യയ്‌ക്ക് പുല്ലുവില കല്‌പിക്കുന്ന പുരുഷകേസരികൾ പോലും ബെഡ്‌റൂമിൽ ആട്ടിൻകുട്ടിയാണ്! പക്ഷേ അതുകൊണ്ടുമാത്രം ആയില്ലല്ലോ. ഇണയുടെ ഇഷ്‌ടം നോക്കുന്ന പങ്കാളിയുടെ പ്രകടനം ഏറ്റവും അധികം വെളിപ്പെടേണ്ടത് കിടപ്പറയിലാണ്. സെക്‌സിലെ രീതികൾ തൊട്ട് സംസാരശൈലി വരെ പങ്കാളിയ്‌ക്ക് ഇഷ്‌ടപ്പെടുന്ന രീതിയിലായാലേ ബന്ധം ഊഷ്‌മളമാവൂ.

ഭാര്യവീട്ടുകാരുടെ കുറ്റവും അമ്മായിയമ്മയുടെ കൊനുഷ്‌ടുസ്വഭാവവങ്ങളും കിടപ്പറയിൽ ചർച്ചാവിഷയമാക്കാതിരുന്നാൽ കാര്യം നേടാം.

ആവേശം അവയവങ്ങളിൽ

സംഗതി സത്യമാണ്! സ്‌നേഹം, പ്രേമം, മാങ്ങ, തേങ്ങ, മലപ്പുറം കത്തി എന്നൊക്കെ വീമ്പിളക്കുമെങ്കിലും പുരുഷന്‍റെ മൽപ്പിടിത്തം നിങ്ങളുടെ അവയവങ്ങളുമായാണ്. അതുകൊണ്ട് 34-32-34 അളവൊന്നുമല്ലെങ്കിലും ആരെക്കൊണ്ടും കുറ്റംപറയിപ്പിക്കാത്ത ഫിഗർ കാത്തുസൂക്ഷിയ്‌ക്കൂ, അപ്പുറത്തു നിന്നും അർഹിയ്‌ക്കുന്നതിലേറെ പരിഗണന കിട്ടും!

പുരുഷന്‍റെ വ്യക്‌തിത്വത്തിനു മുമ്പിലാണ് പെണ്ണ് ആദ്യം കീഴടങ്ങുന്നത്. പിന്നെ അവളുടെ മനസ്സിന്‍റെ ആജ്‌ഞയ്‌ക്ക് തന്‍റെ ശരീരത്തെ അവൾ ഇഷ്‌ടപുരുഷനു മുമ്പിൽ അടിയറവുവെയ്‌ക്കുകയാണ്. ഒരു സമ്മാനം പോലെ. അതുകൊണ്ട് ഭർത്താവ് വ്യക്‌തിത്വവും, സ്‌ത്രീ അതിനൊപ്പം തന്‍റെ ശരീരവും പരിപോഷിപ്പിച്ചെടുക്കട്ടെ.

അധികപ്രസംഗം ബോറാണ്

രാഷ്‌ട്രീയക്കാർ മാത്രമല്ല ദാമ്പത്യബോധമില്ലാത്ത ഭർത്താക്കന്മാരും ഈ കൂട്ടത്തിലുണ്ട്. വാചാലത വീടിനുപുറത്ത് അവനവന്‍റെ തൊഴിലിൽ പലപ്പോഴും ഗുണം ചെയ്‌തേക്കാമെങ്കിലും ബെഡ്‌റൂമിന്‍റെ ഭരണഘടനയ്‌ക്കുപുറത്താണ് ഇതിനു സ്‌ഥാനം. സ്വന്തം വീരസാഹസിക കഥകളും പൊങ്ങച്ച ചരിതങ്ങളും വിളമ്പി ഭാര്യയുടെ മുമ്പിൽ ആളാവാൻ ശ്രമിയ്‌ക്കുന്ന അഴകിയരാവണന്മാരെ സ്‌ത്രീകൾ പുച്‌ഛത്തോടെയേ കാണൂ. ഇക്കാര്യത്തിൽ കിടപ്പറയിൽ സ്‌ത്രീകൾ കുറച്ചുഭേദമാണെന്നാണ് സർവ്വേ ഫലങ്ങൾ വെളിപ്പെടുത്തുന്നത്.

വികാരം വാനത്തോളം

നിങ്ങളും പങ്കാളിയും മാത്രമുള്ള ഒരിടത്ത് വികാരങ്ങൾക്ക് കടിഞ്ഞാണിട്ട് വരിഞ്ഞു മുറുകി സ്വയം വീർപ്പുമുട്ടേണ്ട കാര്യമില്ല! ചിലപ്പോൾ അത് നിങ്ങളാഗ്രഹിയ്‌ക്കുന്ന പൊസിഷനിലുള്ള ലൈംഗികവേഴ്‌ചയാകാം. മറ്റു ചിലപ്പോൾ രാത്രിയിൽ വേണ്ട, പുലർച്ചെമതി എന്ന ആഗ്രഹവുമാകാം. വേഴ്‌ചയുടെ സമയത്ത് ശബ്‌ദമുണ്ടാക്കാനാണു നിങ്ങൾക്കു തോന്നുന്നതെങ്കിൽ അതിനൊട്ടും മടിവേണ്ട. അതല്ല പങ്കാളിയെ വരിഞ്ഞുമുറുക്കാനാണു തോന്നുന്നതെങ്കിൽ കൂടുതൽ ആവേശത്തോടെ തന്നെ അങ്ങനെ ചെയ്‌തോളൂ…

പുതിയ പരീക്ഷണങ്ങൾ?

ഇക്കാര്യത്തിൽ നമ്മളെ കടത്തിവെട്ടുന്നവരാണ് പാശ്ചാത്യർ. ദാമ്പത്യജീവിതം (അഥവാ പ്രണയജീവിതം) തന്നെ അവർക്കു പരീക്ഷണങ്ങളുടെ സുവർണ്ണഘട്ടമാണ്. വ്യത്യസ്‌ത രീതിയിലും ആകൃതിയിലുമുള്ള ലൈംഗികഉപകരണങ്ങളുടെ ലഭ്യത ഒരുപരിധി വരെ ഇതിന് അവരെ സഹായിക്കുന്നുണ്ട്. സെക്സ് ക്രിയാത്മകമാണ്. നിങ്ങളുടെ ഭാവനകൾക്കനുസരിച്ച് അതിനെ സമീപിക്കൂ.

പൂർവ്വകേളി പൂർവ്വാധികം

ഫോർപ്ലേവ അഥവാ പൂർവ്വകേളികൾക്ക് സമയം കണ്ടെത്തുന്ന ഭർത്താക്കന്മാർ മാത്രമേ തങ്ങളുടെ ഭാര്യമാരെ ബഹുമാനിയ്‌ക്കുന്നുള്ളൂ എന്നാണ് മനഃശാസ്‌ത്രജ്‌ഞന്മാരുടെ അഭിപ്രായം. കാരണം തന്‍റെ ഇണയുടെ ലൈംഗികതയോടുള്ള ആദരവാണത്. അത് വ്യക്‌തിത്വത്തിന്‍റെ തന്നെ ഭാഗമാണ് എന്നത് മറക്കാതിരിക്കുക.

സ്വന്തം സുഖത്തിനു വേണ്ടി

പങ്കാളിയെ കരുവാക്കുന്ന തരത്തിലുള്ള വേഴ്‌ചകൾ ദാമ്പത്യത്തെ എന്നല്ല കുടുംബജീവിതത്തെ തന്നെ താറുമാറാക്കും. മൂഡിലേക്കുവരാൻ സ്‌ത്രീകൾക്കു കൂടുതൽ സമയമെടുക്കും.

ഉപദേശകർക്ക് സുല്ല്

ലൈംഗികപ്രശ്നങ്ങളും ദാമ്പത്യത്തിലെ താളപ്പിഴകളും ചൂഷണം ചെയ്യില്ല എന്നുറപ്പുള്ളവരോടു മാത്രമേ പങ്കുവയ്‌ക്കാവൂ. അല്ലെങ്കിൽ ഉപദേശങ്ങളുമായി അടുത്തുകൂടുന്നവർ നമ്മളെ ഉപയോഗിവച്ചിട്ടുപോകും. ഇത്തരം കാര്യങ്ങൾ നല്ലൊരു സെക്‌സോളജിസ്‌റ്റുമായോ, മനഃശാസ്‌ത്രജ്‌ഞരുമായോ ആരായുന്നതാണ് ഏറ്റവും ഉചിതം. കൂട്ടത്തിൽ പറയട്ടെ, നമ്മൾ സമീപിയ്‌ക്കുന്ന ചികിത്സകന്‍റെ യോഗ്യതകളെക്കുറിച്ച് വ്യക്‌തമായ ധാരണ ചികിത്സയ്‌ക്കു മുമ്പേ നേടിയിരിക്കണം. പരസ്യങ്ങളിൽ വഞ്ചിതരാവരുത്.!

മൊബൈൽ ഒരു പാര

പരിചയപ്പെടുന്നവർക്കെല്ലാം മൊബൈൽ നമ്പർ കൊടുക്കുന്നശീലം നിങ്ങൾക്കുണ്ടോ? സംശയം വേണ്ട സ്വന്തം ദാമ്പത്യ ബന്ധത്തിന്‍റെ ശവക്കുഴിയാണ് നിങ്ങൾ തോണ്ടുന്നത്. കഴിയുന്നതും പരിചയക്കാർക്കും പുതിയ സുഹൃത്തുക്കൾക്കും വീട്ടിലെയോ ഓഫീസിലെയോ ലാന്‍റ്നമ്പർ മാത്രം കൊടുക്കാൻ ശ്രദ്ധിക്കുക. വിശ്വാസ്യത ആർജ്‌ജിച്ചു കഴിഞ്ഞാൽ മാത്രം സെൽ നമ്പർ നൽകുക. അസമയത്ത് അപരിചിതമായ നമ്പറുകളിൽ നിന്നുള്ള കോളുകൾ കഴിയുന്നതും ഒഴിവാക്കുക. അഥവാ അങ്ങനെ എന്തെങ്കിലുമുണ്ടായാൽ അവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ സംസാരിക്കാതിരിക്കുക.

കിടപ്പറയിൽ കുറ്റം വേണ്ട!

ദാമ്പത്യത്തിലെ താളപ്പിഴകൾക്ക് അമരം പിടിയ്‌ക്കുന്നതിൽ ഒരു പ്രധാന പങ്ക് കുറ്റപ്പെടുത്തലുകൾക്കുണ്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ ശകാരം വർഷിയ്‌ക്കുന്ന ഇണയോട് എങ്ങനെ ലൈംഗികതൃഷ്‌ണ തോന്നാനാണ്? ഇനി, പോരാത്തതിന് അയലത്തെ ഭർത്താവുമായോ ഭാര്യയുമായോ താരതമ്യപ്പെടുത്തുന്ന സ്വഭാവം കൂടിയുണ്ടെങ്കിൽ തീർന്നു. പറയത്തക്ക നന്മകളൊന്നും നമ്മുടെ ഇണയിൽ ഇല്ലെങ്കിൽക്കൂടി ദോഷം തന്നെ പറഞ്ഞോണ്ടിരുന്നാൽ എന്തു ദാമ്പത്യം? സമാധാനത്തിനും സന്തോഷത്തിനും വേണ്ടി അല്‌പം നുണ പറയുന്നതിൽപ്പോലും തെറ്റില്ല എന്നാണ് ദാമ്പത്യ മനഃശാസ്‌ത്രജ്‌ഞന്മാരുടെ പക്ഷം.

സംശയം എന്ന സയനൈഡ്

അതേ, സംശയം പൊട്ടാസ്യം സയനൈഡിനേക്കാൾ വിഷമയമാണ്! ഒരു തുള്ളിമതി ഏതു പരിശുദ്ധ ദാമ്പത്യവും മലിനമാവാൻ. തങ്ങളുടെ സംശയത്തിനു കാരണം ഇണയോടുളള അമിത സ്‌നേഹമാണെന്നു വിശ്വസിപ്പിക്കുന്ന ചില സംശയ രോഗികളുണ്ട്. ശുദ്ധ അസംബന്ധമാണത്. സ്‌നേഹത്തിന്‍റെ തീവ്രതയിൽ വിശ്വാസമാണ് വർദ്ധിക്കുന്നത്, സംശയമില്ല. യഥാർത്ഥത്തിൽ സംശയത്തിന് സ്‌നേഹവുമായി യാതൊരു ബന്ധവുമില്ല. ഉപബോധ മനസ്സിലെ ലൈംഗിക കുറ്റബോധമാണ് സംശയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ആധുനിക മനഃശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്.

ഇഷ്‌ടങ്ങളെ ബഹുമാനിക്കൂ

ഭാര്യയും ഭർത്താവും ബന്ധുക്കളല്ല. ഒരു സാമൂഹ്യ- നിയമ ഉടമ്പടിയിലൂടെ പരസ്‌പരം ബന്ധിയ്‌ക്കപ്പെട്ട സുഹൃത്തുക്കൾ മാത്രമാണ്. അവർക്കിടയിൽ ഇഷ്‌ടാനിഷ്‌ടങ്ങൾക്ക് വൈരുദ്ധ്യമുണ്ടെങ്കിൽ തികച്ചും സ്വാഭാവികമെന്നേ പറയാനാവൂ. സ്വന്തം നിലയിൽ ആസ്വദിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു പ്രത്യേക താല്‌പര്യം പങ്കാളിക്കുണ്ടെങ്കിൽ ആ സംഗതിയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക. എഴുത്തുകാരായ പലരുടെയും ഭാര്യമാർ ചരമക്കോളം പോലും വായിക്കാത്ത അക്ഷര വിരോധികളാണെന്ന് ഓർക്കുക! എന്നിട്ടും അവർക്കിടയിൽ പ്രശ്നമില്ല.!

– ഡോ.ടൈറ്റസ് പി.വർഗ്ഗീസ്. സെക്സോളജിസ്റ്റ് & സൈക്കോളജിസ്‌റ്റ്

और कहानियां पढ़ने के लिए क्लिक करें...