എല്ലാവർക്കും വീട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഫലവത്തായ ചില ഹോംമേഡ് പായ്ക്കുകളുണ്ട്. മുഖക്കുരു, മുഖം ഇരുളുക, വരണ്ട ചർമ്മം, ഓയിലി ചർമ്മം അങ്ങനെ ഏത് പ്രശ്നത്തിനും ഇത്തരം നാച്ചുറൽ ഹോംമെഡ് ഫേസ് പായ്ക്കുകളിലൂടെ പരിഹാരം കണ്ടെത്താം.
കടലമാവ് – തൈര് വരണ്ട ചർമ്മത്തിന്
പണ്ടു തൊട്ടെ സൗന്ദര്യ പ്രേമികൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കടലമാവ്. തൈരും കടലമാവും ചേർന്നുള്ള കോമ്പിനേഷൻ ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. അതുപോലെ കടലമാവ് നല്ലൊരു ക്ലൻസിംഗ് ഏജന്‍റും കൂടിയാണ്. തൈര് ചർമ്മത്തെ മോയിസ്ച്ചുറൈസ് ചെയ്യും.
എങ്ങനെ തയ്യാറാക്കാം
രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് പേസ്റ്റാക്കി മുഖത്തും കഴുത്തിലും അപ്ലൈ ചെയ്യാം. 5-10 മിനിറ്റിനു ശേഷം ഇത് കഴുകി കളയുക. ഇത് പതിവായി ചെയ്യുക. തേൻ ചർമ്മത്തെ വൃത്തിയാക്കുന്നതിനൊപ്പം ചർമ്മത്തിന് മോയിസ്ച്ചറും നൽകുന്നു. മഞ്ഞൾ ചർമ്മത്തിലെ പിഎച്ച് ലെവൽ നിലനിർത്തുന്നു.
മുൾട്ടാണി മിട്ടി – നാരങ്ങാനീര് ഫേസ്പായ്ക്ക്
മുഖക്കുരു, പാടുകൾ എന്നിവ മാറി കിട്ടാൻ മുൾട്ടാണി മിട്ടി സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ക്ലോറൈഡ് മുഖക്കുരു പാടുകളെ കുറച്ച് മുഖം ക്ലീനായിരിക്കാൻ സഹായിക്കും. നാരങ്ങാനീര് ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യുന്നു.
എങ്ങനെ തയ്യാറാക്കാം
രണ്ട് ടേബിൾ സ്പൂൺ മുൾട്ടാണി മിട്ടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും പകുതി ടീസ്പൂൺ സാൻഡൽ പൗഡറും അൽപ്പം നാരങ്ങാനീരും ചേർത്ത് മിക്സ് ചെയ്യുക. സ്കിൻ ടൈപ്പ് അനുസരിച്ച് ഈ കൂട്ടിൽ പാൽ (വരണ്ട ചർമ്മത്തിന്) ചേർക്കാം. ഈ പായ്ക്ക് മുഖത്ത് അപ്ലൈ ചെയ്യുക. ഉണങ്ങിയ ശേഷം കഴുകി കളയാം.
ഉലുവ പായ്ക്ക്
മുഖക്കുരു മൂലമുള്ള പ്രശ്നങ്ങളെയും വീക്കത്തേയും ഇല്ലാതാക്കി ചർമ്മത്തിന് കുളിർമ്മ പകരാൻ ഈ പായ്ക്ക് ഉത്തമമാണ്. ഇതിലെ ആന്‍റിസെപ്റ്റിക്, ബയോട്ടിക് മൂലികകൾ ചർമ്മത്തിലെ ഇൻഫക്ഷനെ ഇല്ലാതാക്കി ചർമ്മത്തെ ഹൈഡ്രേറ്റാക്കും.
എങ്ങനെ തയ്യാറാക്കാം
രണ്ട് രീതിയിൽ ഈ പായ്ക്ക് തയ്യാറാക്കാം.
ഒന്നാമത്തെ രീതി: അൽപ്പം ഉലുവ ഒരു കപ്പ് വെള്ളത്തിൽ നന്നായി തിളപ്പിക്കുക. ഈ വെള്ളം അൽപ്പം കുറുകി കഴിഞ്ഞ ശേഷം തണുപ്പിച്ച് മുഖത്ത് അപ്ലൈ ചെയ്യുക. 1-2 മണിക്കൂറിനു ശേഷം കഴുകി കളയുക. ചർമ്മത്തിന് നല്ല കൂളിംഗ് ഇഫക്റ്റ് നൽകും.
രണ്ടാമത്തെ രീതി: 2-3 ടീസ്പൂൺ ഉലുവ ഒരു രാത്രി കുതിർത്ത ശേഷം പിറ്റേന്ന് അരച്ചെടുക്കുക. ഈ പേസ്റ്റിൽ അൽപ്പം തൈര് ചേർത്ത് മിക്സ് ചെയ്ത് മുഖത്ത് അപ്ലൈ ചെയ്യുക. 20 മിനിറ്റിനു ശേഷം മുഖം കഴുകി വൃത്തിയാക്കുക. ബാക്കി വന്ന പായ്ക്ക് ഫ്രിഡ്ജിൽ തുടർന്നുള്ള ഉപയോഗത്തിന് സ്റ്റോർ ചെയ്‌ത് വയ്ക്കാം.
നാരങ്ങ- തേൻ ഫേസ്പായ്ക്ക്
ചർമ്മത്തെ മികച്ച രീതിയിൽ ക്ലെൻസ് ചെയ്യാൻ ഫലവത്തായ ഒന്നാണ് നാരങ്ങ. അതുപോലെ മൃതചർമ്മത്തെയത് നീക്കം ചെയ്യും. തേനിലുള്ള ആന്‍റി ബാക്ടീരിയൽ, ആന്‍റി സെപ്റ്റിക് മൂലികകൾ ചർമ്മത്തിലെ അമിത എണ്ണമയത്തെ കുറച്ച് മുഖക്കുരു വരുന്നത് തടയും.
എങ്ങനെ തയ്യാറാക്കാം
ഒരു ബൗളിൽ അൽപ്പം നാരങ്ങാനീരും തേനും മിക്സ് ചെയ്ത് മുഖത്ത് അപ്ലൈ ചെയ്യുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. ചർമ്മത്തിൽ അമിത എണ്ണമയം ഉൽപ്പാദിപ്പിക്കുന്നത് ഇത് തടയും. ഒപ്പം അത് ചർമ്മത്തെ മൃദുത്വമുള്ളതാക്കും.
സാൻഡൽ വുഡ് ഓയിൽ ഫേസ്പായ്ക്ക്
സാൻഡൽ വുഡ് ഓയിലിൽ ആന്‍റി ബാക്ടീരിയൽ ആന്‍റി ഇൻഫ്ളമേറ്ററി മൂലികകൾ അടങ്ങിയിരിക്കുന്നു. ഇത് പിഗ്മെന്‍റെഷൻ മൂലമുണ്ടാകുന്ന ഏജിംഗിനെ തടയുന്നു. അതുപോലെ പാടുകളെ മാറ്റുന്നു.
എങ്ങനെ തയ്യാറാക്കാം
2-3 തുള്ളി സാൻഡൽ വുഡ് ഓയിൽ ഒരു ടീസ്പൂൺ ജോജോബാ ഓയിൽ അല്ലെങ്കിൽ സ്വീറ്റ് ആൽമണ്ട് ഓയിൽ, ഒരു സ്പൂൺ തേൻ എന്നിവ നന്നായി മിക്സ് ചെയ്ത് മുഖത്ത് അപ്ലൈ ചെയ്യുക. 15-20 മിനിറ്റിനു ശേഷം മുഖം കഴുകുക. ആഴ്ചയിൽ 2-3 തവണ ആവർത്തിക്കുക. (ഏതെങ്കിലും എസ്സൻഷ്യൽ ഓയിൽ ഉപയോഗിക്കും മുമ്പ് പാച്ച് ടെസ്റ്റ് നടത്തി നോക്കണം.)
ആര്യവേപ്പില, തുളസിയില, മഞ്ഞൾ ഫേസ്പായ്ക്ക് ഒട്ടനവധി ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഈ നാച്ചുറൽ കൂട്ട്. ഏജിംഗ്, മുഖക്കുരു, കരുവാളിപ്പ്, പാടുകൾ, ഇൻഫക്ഷൻ എന്നിവ മാറ്റിയെടുക്കാൻ ഈ പായ്ക്ക് ഫലവത്താണ്.
എങ്ങനെ തയ്യാറാക്കാം
4 തുളസിയില, 3-4 ആര്യവേപ്പില, ഒരു നുള്ള് മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ തൈര്. ഇലകളെല്ലാം നന്നായി അരച്ച് പേസ്റ്റാക്കിയതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി, തൈര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് മാസ്ക്കായി ഇടുക. ഡ്രൈ ആയി തുടങ്ങുമ്പോൾ കഴുകി കളയുക.
തക്കാളി- മുൾട്ടാണിമിട്ടി ഫേസ്പായ്ക്ക്
യുവി രശ്മികളേറ്റുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ചർമ്മത്തെ പരിരക്ഷിക്കാൻ സഹായകമാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിൻ, മുൾട്ടാണിമിട്ടിയിലെ ഘടകങ്ങൾ എന്നിവ മുഖത്തെ അഴുക്കിനേയും എണ്ണമെഴുക്കിനേയും നീക്കം ചെയ്യും.
എങ്ങനെ തയ്യാറാക്കാം
ഒരു ടേബിൾ സ്പൂൺ മുൾട്ടാണിമിട്ടിയും രണ്ട് സ്പൂൺ തക്കാളി നീരും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് അപ്ലൈ ചെയ്യുക. ഡ്രൈയാകുമ്പോൾ കഴുകി കളയുക. ആഴ്ചയിൽ 2-3 തവണ ചെയ്യാം.
തൈര്-മഞ്ഞൾ ഫേസ് പായ്ക്ക്
ചർമ്മത്തിന് പ്രശാന്തത പകരുന്ന ഫേസ് പായ്ക്കാണിത്. ഇത് ചർമ്മത്തിന് ആരോഗ്യവും മൃദുത്വവും നൽകും.
എങ്ങനെ തയ്യാറാക്കാം
2 ടേബിൾ സ്പൂൺ തൈരും ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയും മിക്സ് ചെയ്ത് മുഖത്ത് അപ്ലൈ ചെയ്യുക. ഡ്രൈ ആയ ശേഷം കഴുകി കളയുക. ആഴ്ചയിൽ 2 മുതൽ 3 തവണ ചെയ്യാം.