വരുമാനത്തിന് അനുസൃതമല്ലാതെ വീട്ടുച്ചെലവുകൾ വർദ്ധിച്ചു വരുന്നത് നമ്മെ അസ്വസ്ഥരാക്കാറുണ്ട്. ഈ സാഹചര്യത്തിൽ ചെലവുകൾ കുറച്ച് വരുമാനം വർദ്ധിപ്പിക്കാനുള്ള ചില ടിപ്സുകളിതാ.
നല്ലൊരു സേവിംഗ് അക്കൗണ്ട്
പതിവായി പണം ഡെപ്പോസിറ്റ് ചെയ്യുന്നത് അല്ലെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് പുറമെ മികച്ച പലിശ നൽകുന്ന മറ്റെതെങ്കിലും ബാങ്കിൽ കൂടി സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യുക. ഇത്തരത്തിൽ ഉള്ള സേവിംഗ്സ് അക്കൗണ്ട് മികച്ചൊരു സമ്പാദ്യമായി വളർത്തുക.
വൈദ്യുതി ഉപയോഗം കുറയ്ക്കുക
പണം മിച്ചം പിടിക്കുന്നതു പോലെ വൈദ്യുതിയുടെ പാഴ്ച്ചെലവും പരമാവധി നിയന്ത്രിക്കാം. മിക്കവരും ഇന്ന് വീട്ടിലിരുന്ന് ഔദ്യോഗിക ജോലി നിർവഹിക്കുന്നതിനാൽ വൈദ്യുതിയുടെ ഉപയോഗം കൂടാം. അതിനാൽ അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി അനാവശ്യമായി കത്തി കിടക്കുന്ന ട്യൂബ്‍ലൈറ്റുകളും ഫാനും ഓഫ് ചെയ്യാം. അതുപോലെ ഏസിയുടെ ഉപയോഗത്തിലും നിയന്ത്രണം പുലർത്താം. ആവശ്യമില്ലാത്ത സാഹചര്യങ്ങളിൽ വീട്ടിലുള്ള ലൈറ്റുകളും മറ്റ് ഗൃഹോപകരണങ്ങളും ഓഫാക്കിയിടുക. വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് എൽഇഡി ബൾബുകളും ട്യൂബ്‍ലൈറ്റുകളും ഉപയോഗിക്കാം.
മന്ത്‍ലി ബജറ്റ് തയ്യാറാക്കാം
അൽപ്പം ശ്രമകരമായ കാര്യമായതിനാൽ ഭൂരിഭാഗംപ്പേരും മന്ത്‍ലി ബജറ്റ് തയ്യാറാക്കുന്നത് ഒഴിവാക്കാറുണ്ട്. എങ്കിലും വരവും ചെലവും തമ്മിലുള്ള ബാലൻസ് നിലനിർത്തുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനും ബജറ്റ് തയ്യാറാക്കാം.
പണം എന്തിനെല്ലാം മുടക്കി, ബാങ്കിടപ്പാടുകൾ എന്നിവയെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ കുറിച്ച് വയ്ക്കുക. അടുത്ത മാസം തുടങ്ങി എത്ര തുക ചെലവഴിക്കണമെന്നും സേവിംഗ്സ് എത്രയാണ് എന്നീങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചും ഒരു ധാരണ കിട്ടാൻ ഇത് സഹായിക്കും. അത്യാവശ്യമുള്ള ചെലവുകളേതെന്ന് ഉറപ്പ് വരുത്താനും അനാവശ്യമായവ ഒഴിവാക്കാനും ബജറ്റ് സഹായിക്കും.
ഷോപ്പിംഗ് ലിസ്റ്റ് തയ്യാറാക്കാം
ലിസ്റ്റ് ഒന്നും തയ്യാറാക്കാതെ ഷോപ്പിംഗിന് പോകുന്നത് അനാവശ്യ വസ്തുക്കൾ വാങ്ങി കൂട്ടാൻ ഇടയാക്കും. ചിലപ്പോൾ ഇതുകൊണ്ട് പ്രതീക്ഷിക്കാത്ത പണച്ചെലവുണ്ടാകാം. അതിനാൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ മുൻക്കൂട്ടി ഒരു ലിസ്റ്റ് തയ്യാറാക്കാം.
നികുതി പണം ലാഭിക്കുക
ഒരു പക്ഷേ ഇത്തരത്തിൽ പണം എങ്ങനെ മിച്ചം പിടിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ അദ്ഭുതം തോന്നാം. നികുതി ലാഭിക്കാൻ പറ്റുന്ന പദ്ധതികൾക്കായി പണം ഇൻവെസ്റ്റ് ചെയ്യാം. ഉദാ: ലൈഫ് ഇൻഷ്യൂറൻസ് പോളിസികൾ എന്നിങ്ങനെ. ഒരു സാമ്പത്തിക വിദഗ്ദ്ധനുമായി ചർച്ച ചെയ്‌ത് ഇക്കാര്യങ്ങൾ മനസിലാക്കുന്നത് ഉചിതമായിരിക്കും.
വ്യത്യസ്തങ്ങളായ ധന നിക്ഷേപങ്ങൾ
വരുമാനം വർദ്ധിപ്പിക്കാനും ധന നിക്ഷേപങ്ങൾ നടത്താനും മികച്ചൊരുപാധിയാണിത്. ഫിക്സഡ് ഡെപ്പോസിറ്റ്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, മ്യൂച്ചൽ ഫണ്ട്സ് എന്നിവ വ്യത്യസ്തങ്ങളായ ധന നിക്ഷേപ മാർഗ്ഗങ്ങളാണ്. ഇതിന് പുറമെ ഇവയിൽ നിന്നും ലഭിക്കുന്ന റിട്ടേണുകളും ബോണസുകൾ ഉചിതമായ ഫിക്സഡ് ഡെപ്പോസിറ്റുകൾ, ഇക്വിറ്റി മാർക്കറ്റ് എന്നീങ്ങനെയുള്ളവയിൽ നിക്ഷേപിച്ച് കൂടുതൽ വരുമാനമുണ്ടാക്കാം.
വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുക
പണച്ചെലവ് ഒഴിവാക്കാമെന്ന് മാത്രമല്ല മികച്ച ആരോഗ്യത്തിനും ഫിറ്റ്നസിനും ഇത് നല്ലൊരു മാർഗ്ഗമാണ്. ഓഫീസിൽ പോകുന്നവരാണെങ്കിൽ കൂടി വീട്ടിൽ തയ്യാറാക്കുന്ന ഉച്ചഭക്ഷണം കയ്യിൽ കരുതുക. ഇടയ്ക്ക് പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് മോശം ശീലമല്ലെങ്കിലും എപ്പോഴും പുറത്ത് നിന്ന് കഴിക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാകാം. അതുപോലെ പാഴ്ച്ചെലവും വർദ്ധിക്കും.
കടം മുക്‌തമായിരിക്കുക
ക്രഡിറ്റ് കാർഡിന് പകരം ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നതിന് മുൻതൂക്കം നൽകാം. ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്ന പക്ഷം അനാവശ്യ ചെലവ് വർദ്ധിക്കാം. അതുപോലെ ക്രഡിറ്റ് കാർഡിന്‍റെ ഉപയോഗം പരിധിക്ക് അപ്പുറവുമാകും. അത്തരം പണമിടപാടുകൾക്ക് അനാവശ്യ പലിശ നൽകേണ്ടിയും വരും. ക്രഡിറ്റ് കാർഡിന് പകരം ഡെബിറ്റ് കാർഡ് ഉപയോഗിച്ചാൽ നിങ്ങൾ എത്രമാത്രം പണം ചെലവഴിക്കുന്നുവെന്നതിനെപ്പറ്റി മുൻക്കൂട്ടി ധാരണയുണ്ടാകും. അതനുസരിച്ച് ചെലവ് നിയന്ത്രിക്കാനും പറ്റും.
മികച്ച ആരോഗ്യം
ആരോഗ്യ പൂർണ്ണമായ ജീവിതം നയിക്കുക. വ്യക്തി ശുചിത്വം പാലിക്കുക, കുടുംബാംഗങ്ങളെല്ലാവരും തന്നെ ഇക്കാര്യത്തിൽ ബന്ധശ്രദ്ധാലുക്കളാകണം. പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കാനും ചിട്ടയാർന്ന ജീവിതശൈലി പുലർത്താനും ശ്രദ്ധ നൽകുക. അനാവശ്യങ്ങളായ രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത് തടയാൻ മികച്ച ജീവിത രീതി സഹായിക്കും. അതുവഴി ആശുപത്രി ചെലവ് കുറയ്ക്കുകയും ചെയ്യാം.
വാടക കുറയ്ക്കാം
ഉയർന്ന വാടകയടയ്ക്കുന്നതിനേക്കാൾ നല്ലതാണ് ഭാവിയിലേക്ക് എന്തെങ്കിലും കരുതി വയ്ക്കുന്നത്. ഉയർന്ന വാടക തുകയടയ്ക്കുന്നതുകൊണ്ട് യാതൊരു ഗുണവുമുണ്ടാകുന്നില്ല. അതുകൊണ്ട് വാടക തുക കുറയ്ക്കുന്നതിനായി റെൻറ് കുറവുള്ള ഇടങ്ങൾ തെരഞ്ഞെടുക്കുകയെന്നതാണ് പോംവഴി. അതുവഴി നല്ലൊരു തുക കുറയ്ക്കാൻ പറ്റും.
ഭക്ഷണം പാഴാക്കാതിരിക്കുക
ഭക്ഷണം പാഴാക്കി കളയുന്നവരാണ് നമ്മിൽ ഭൂരിഭാഗംപ്പേരും. അതിനാൽ ഓരോരുത്തരും ഭക്ഷണം പാഴാക്കി കളയുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുകയാണെങ്കിൽ അതേറ്റവും മികച്ച ശീലമായി മാറും.
ഭക്ഷണം ആവശ്യത്തിന് മാത്രം പാകം ചെയ്യുക. ബാക്കി വരുന്നത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് പണലാഭം ഉണ്ടാക്കുമെന്ന് മാത്രമല്ല ഭക്ഷണം കിട്ടാതിരിക്കുന്നവർക്ക് കഴിക്കാനുള്ള അവസരം കൂടിയാണ് അതുവഴി ലഭിക്കുക.
വീട്ടിലെ അറ്റക്കുറ്റപണി
വീട്ടിലെ പ്ലംബിംഗ്, ഇലക്ട്രിക്കൽ മറ്റ് കേടുപാടുകൾ എന്നിവ കൃത്യസമയത്ത് കണ്ടെത്തി പരിഹരിക്കുക. ചെയ്യാൻ പറ്റുന്ന മരാമത്തു പണികൾ സ്വയം ചെയ്യുക. ഇത്തരം കാര്യങ്ങളിലെല്ലാം ബദ്ധശ്രദ്ധ പുലർത്തുകയാണെങ്കിൽ ഭാവിയിലുണ്ടാവുന്ന ഭീമമായ ചെലവ് ഒഴിവാക്കാൻ സാധിക്കും.
ലോണുകൾ അടച്ച് തീർക്കുക
ലോണെടുക്കുകയെന്നത് സിമ്പിളാണെങ്കിലും അത് കൃത്യസമയത്ത് അടയ്ക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്. അതുപോലെ മുഴുവൻ തുകയും ഒരുമിച്ച് അടയ്ക്കുകയെന്നത് അസാധ്യമായ കാര്യവുമാണ്. പ്രോപ്പർട്ടി ലോൺ, കാർ ലോൺ എന്നിങ്ങനെയുള്ള പല ലോണുകളുണ്ടാകാം. അതിനാൽ വരുമാന നില വർദ്ധിക്കുന്നതിനനുസരിച്ച് ഇഎംഐ തുക ഉയർത്തി ലോൺ വേഗത്തിൽ അടച്ചു തീർക്കാം. ഇത്തരത്തിൽ ലോൺ വേഗം അടഞ്ഞു തീരുമെന്ന് മാത്രമല്ല ലോൺ തുകയിൽ പലിശയുമുണ്ടാവുകയില്ല.
ഫാമിലി ഹെൽത്ത് ഇൻഷ്യൂറൻസ്
വ്യക്‌തിഗത ഹെൽത്ത് ഇൻഷ്യൂറൻസിന് പകരമായി ഫാമിലി ഹെൽത്ത് ഇൻഷ്യൂറൻസ് പോളിസിയെടുക്കുന്നത് ചികിത്സാ സമയത്തുണ്ടാകുന്ന ധനനഷ്ടം ഒഴിവാക്കാൻ സഹായിക്കും. പണം ലാഭിക്കുന്നതിനൊപ്പം മൊത്തം കുടുംബത്തിന് ഒരുമിച്ച് ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യാം.