ദുബായിൽ നിന്നും പതിവു പോലെ ദീപിക അവളുടെ പപ്പയേയും മമ്മിയേയും വിളിച്ചു. ഇത്തവണ അവളുടെ സംസാരത്തിലാകെ നിറഞ്ഞ സന്തോഷവും ഉത്സാഹവും തുളുമ്പി നിന്നു.
“പപ്പാ… മമ്മി ഞാനുടൻ തന്നെ ആര്യനെ പരിചയപ്പെടുത്തി തരാം. വളരെ നല്ലവനാണ്. എന്‍റെ കൂടെ എംബിഎ ചെയ്‌ത് വരികയാ. ഞങ്ങൾ രണ്ടുപേരും നാട്ടിൽ വന്ന ശേഷം മുന്നോട്ട് ഉള്ള പ്ലാനിംഗ് ചെയ്യാമെന്നാ തീരുമാനിച്ചിരിക്കുകയാ.”
ദീപികയുടെ പപ്പ വികാസ്ജിയ്ക്ക് അത് കേട്ട് സന്തോഷം തോന്നി. “ആണോ മോളെ… എങ്കിൽ വേഗം വാ. ആര്യന്‍റെ നാടെവിടെയാ?”
“ലഖ്നൗ ആണ് പപ്പാ.”
“ങ്ഹാ കൊള്ളാം. എന്തായാലും ഇന്ത്യക്കാരനെ തന്നെയാണല്ലോ നീ നിനക്കു വേണ്ടി കണ്ടുപിടിച്ചത്, നീ വല്ല വിദേശിയേയും ഇഷ്ടപ്പെടുമോ എന്നായിരുന്നു നിന്‍റെ മമ്മിയുടെ ചിന്ത.”
പപ്പയുടെ ആവേശം നിറഞ്ഞ മറുപടി കേട്ട് ദീപിക പൊട്ടിച്ചിരിച്ചു. “മമ്മി ഇതുവരെ വിചാരിച്ചതൊക്കെ സത്യമായിട്ടുണ്ടോ പപ്പാ? ഫോൺ സ്പീക്കർ മോഡിലാണല്ലോ. എന്താ മമ്മിയൊന്നും സംസാരിക്കാത്തത്?”
“മമ്മി, ആര്യനെക്കുറിച്ച് കേട്ട് ഞെട്ടിയിരിക്കുകയായിരിക്കും.”
ഈ സമയം ദീപികയുടെ അമ്മ രാധയ്ക്കാകട്ടെ ഒന്നും സംസാരിക്കാനുള്ള മാനസികാവസ്‌ഥയിലായിരുന്നില്ല. അതുകൊണ്ട് രാധ മനഃപൂർവ്വം നിശബ്ദത പാലിച്ചു. ഫോൺ സംഭാഷണം കഴിഞ്ഞ് വികാസ് ചിരിയോടെ രാധയുടെ മുഖത്തേക്ക് നോക്കി.
“എനിക്കറിയാമായിരുന്നു അവളവിടെ പഠിക്കാനൊന്നുമല്ല പോയത്. പ്രേമിച്ച് നടക്കാനാ…” രാധ വികാസിനോട് ദേഷ്യത്തോടെ പറഞ്ഞു.
“എന്താ നീ പറയുന്നത്. അവൾക്ക് അടുത്ത് തന്നെ ജോലി കിട്ടും. അവൾക്കിഷ്ടപ്പെട്ട ചെറുക്കനെ കണ്ടുപിടിച്ചതിലെന്താ തെറ്റ്? ദീപിക കാര്യഗൗരവമുള്ള കുട്ടിയാ. അവൾ ശരിയായ തീരുമാനമെ എടുക്കൂ.”
“ങ്ഹാ അതപ്പോ മനസിലാവും. അവൾക്ക് ആരുമായും ഒത്തുപോകാനാവില്ല. നയാ പൈസയുടെ ബുദ്ധിയോ മര്യാദയോ അവൾക്കില്ല. അവൾക്കു വേണ്ടി എടുത്ത എജ്യുക്കേഷൻ ലോൺ ഒരു വഴിയ്ക്ക്. കല്യാണം കഴിഞ്ഞ് അവള് പോയാൽ പിന്നെയാരത് അടയ്ക്കും? എനിക്കറിയാമായിരുന്നു ഈ പെണ്ണ് ആർക്കും ഒരു സ്വസ്ഥതയും കൊടുക്കത്തില്ലെന്ന്.” രാധ ദീപികയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.
രാധയുടെ കുറ്റപ്പെടുത്തലുകളും ശകാരവാക്കുകളും കേട്ട് വികാസിന് അവരോട് ദേഷ്യം തോന്നി.
“നിനക്കെല്ലാം കാര്യങ്ങളും അറിയാമല്ലോ. അയലത്തെ പെണ്ണുങ്ങൾ പറയുന്ന കാര്യങ്ങളല്ലാതെ അതിനപ്പുറത്തായി ലോകത്ത് നടക്കുന്ന കാര്യങ്ങളെപ്പറ്റി നിനക്ക് വല്ല വിവരമുണ്ടോ?”
എല്ലായ്പ്പോഴും സംഭവിക്കുന്ന പോലെ ഇരുവരുടേയും ദേഷ്യം നിർത്തില്ലാതെ തുടർന്നു. മകളുടെ വിവാഹത്തെക്കുറിച്ച് എന്തെങ്കിലും നല്ല കാര്യങ്ങൾ ആലോചിക്കണമെന്ന ആഗ്രഹത്തിലായിരുന്നു വികാസ്. ദീപികയുടെ അമ്മയും അതേപ്പറ്റി സംസാരിച്ച് കാണാൻ അയാൾ ഏറെ ആഗ്രഹിച്ചിരുന്നു. ഒടുവിൽ സഹിക്കെട്ട് വികാസ് പുറത്തു പോകാനായി ഷൂസെടുത്ത് അണിഞ്ഞു.
“ഞാൻ പുറത്ത് പോകുവാ. നീയിവിടെ ഒറ്റയ്ക്കിരുന്ന് സംസാരിച്ചോ.”
ഇതാദ്യമായിട്ടൊന്നുമല്ല നടക്കുന്നത്. എപ്പോഴും സങ്കടപ്പെട്ടിരുന്ന് ആവലാതികൾ പറയുന്ന രാധയുടെ സ്‌ഥിരം പല്ലവിയായിരുന്നു. “ഇപ്പോ കാണാം എന്താകുമെന്ന്.”
മൂത്തമകൾ പ്രിയ സ്വന്തം കുടുംബവുമൊത്ത് കാനഡയിലാണ് സ്‌ഥിര താമസമാക്കിയത്. ദീപികയാകട്ടെ തൽക്കാലം ദുബായിലുമായിരുന്നു വാസം.
ഏത് കാര്യത്തിലും മോശം സംഭവിച്ചാൽ അത് അങ്ങനെ തന്നെ സംഭവിക്കുമെന്ന് തനിക്ക് നേരത്തെ നിശ്ചയമുണ്ടായിരുന്നുവെന്ന അഭിപ്രായക്കാരിയായിരുന്നു രാധ. അത് രാഷ്ട്രീയത്തെക്കുറിച്ചായാലും മറ്റെന്ത് കാര്യത്തെക്കുറിച്ചായാലും അവർ ഇതേ അഭിപ്രായം ആവർത്തിക്കുമായിരുന്നു. ഇപ്പോൾ നടക്കുന്ന കർഷക സമരം മുൻക്കൂട്ടി കണ്ടയാളാണ് താനെന്ന് രാധ അയൽക്കാരിയോട് പറയുന്നത് വികാസ് ഒരിക്കൽ കേട്ടിരുന്നു. അന്ന് അത് കേട്ട് വികാസ് ഒരുപാട് ചിരിക്കുകയും ചെയ്‌തിരുന്നു.
അന്നത് കേട്ടപ്പോൾ വികാസ് രാധയെ പ്രത്യേകം ഓർമ്മിപ്പിക്കുകയും ചെയ്‌തിരുന്നു.
“ഇതെന്ത് സംസാരമാ രാധേ… കർഷക സമരം ഉണ്ടായത്. നീ മുൻക്കൂട്ടി കണ്ടിട്ടാണോ? അൽപ്പമൊന്ന് ആലോചിച്ച് സംസാരിക്ക്. ആൾക്കാരെ കൊണ്ട് ചിരിപ്പിക്കാതെ.”
“എനിക്കറിയാമായിരുന്നു.”
ഇത് മാത്രമല്ല രാധയുടെ സംസാരം കൊണ്ട് പലപ്പോഴും സഹപ്രവർത്തകർക്ക് മുന്നിൽ വികാസിന് നാണിക്കേണ്ടിയും വന്നിട്ടുണ്ട്. മക്കളാകട്ടെ അമ്മയുടെ വിചിത്രമായ ഈ സ്വഭാവം കാരണം സ്വന്തം കൂട്ടുകാരെ വീട്ടിൽ കൊണ്ടു വരികപ്പോലും ചെയ്യുമായിരുന്നില്ല. മുംബൈയിലുള്ള സ്വകാര്യ സ്‌ഥാപനത്തിലാണ് വികാസ് ജോലി ചെയ്‌തിരുന്നത്. നല്ല സാമ്പത്തിക സ്‌ഥിയാണെങ്കിലും രാധ വളരെ പിശുക്കിയായിരുന്നു. സ്വന്തം കാര്യമല്ലാതെ മറ്റൊന്നിലും അവർ താൽപ്പര്യം പുലർത്തിയിരുന്നില്ല. ആർക്കും ഒരു നയാ പൈസയുടെ സഹായം നൽകുന്നതുപ്പോലും അവർക്കിഷ്ടമായിരുന്നില്ല. അവരുടെ മൊത്തത്തിലുള്ള പെരുമാറ്റത്തിൽ വീട്ടിലെപ്പോഴും അശാന്തമായ സാഹചര്യമായിരുന്നു.
ദീപികയുടെ ഫോൺ വന്നതിന്‍റെ പിറ്റേ ദിവസം തന്നെ രാധ മകളെ ഫോണിൽ വിളിച്ച് കാര്യം നേരിട്ട് ചോദിച്ചു. “ഇപ്പോ കല്യാണം കഴിച്ചാൽ ലോണിന്‍റെ കാര്യം പിന്നെയാര് നോക്കും?”
“ഞാൻ തിരിച്ചവിടെ എത്തി ജോലി ചെയ്യുമല്ലോ മമ്മി. ഞാൻ തന്നെ ലോൺ അടയ്ക്കും. ഇപ്പോ ഞങ്ങൾ നേരിട്ട് മുംബൈയിൽ വരികയാ. ഞാൻ നിങ്ങള്‍ക്ക് ആര്യനെ പരിചയപ്പെടുത്തി തരാം.”
ദീപികയുടെ മറുപടി കേട്ടിട്ട് രാധയ്ക്ക് പ്രത്യേകിച്ച് സന്തോഷമൊന്നും തോന്നിയില്ല. അത് തിരിച്ചറിഞ്ഞിട്ടാവണം ദീപിക നിരാശയോടെ ഫോൺ കട്ട് ചെയ്തു. ദീപികയേയും ആര്യനേയും എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ വികാസ് മാത്രമാണ് പോയത്. അദ്ദേഹം ഓഫീസിൽ നിന്നും നേരിട്ട് എയർപ്പോർട്ടിലെത്തുകയായിരുന്നു. രാത്രി എയർപ്പോർട്ടിൽ നിന്നും വളരെ വൈകിയെത്തിയ എല്ലാവർക്കുമായി രാധ ഡിന്നർ തയ്യാറാക്കി വച്ചിരുന്നു.
ഒറ്റനോട്ടത്തിൽ തന്നെ രാധയ്ക്ക് ആര്യനെ ഇഷ്ടമായെങ്കിലും മകളോട് അവർക്ക് ഉള്ളിന്‍റെയുള്ളിൽ ദേഷ്യമായിരുന്നു. പഠിക്കാനായി വിദേശത്തയച്ചിട്ട് ഇഷ്ടപ്പെട്ട ചെറുക്കനേയും കൊണ്ട് വീട്ടിലെത്തിയെന്നായിരുന്നു അവരുടെ ദേഷ്യത്തിന് കാരണം. ആര്യനെ ഇപ്പോഴെ മരുമകനായി കണ്ട് സ്നേഹ വാത്സല്യങ്ങൾ വാരിച്ചൊരിയുന്ന വികാസിനോടും അവർക്ക് കടുത്ത ദേഷ്യം തോന്നി. ആര്യന്‍റെ പിതാവിന് ലഖ്നൗവിൽ എന്തോ വലിയ ബിസിനസാണെന്നും വലിയ ധനികരാണെന്നും വളരെ ആധുനിക ചിന്താഗതിക്കാര്‍ ആണെന്നുമൊക്കെ ദീപിക നേരത്തെ തന്നെ ഫോണിൽ വിളിച്ച് പപ്പയേയും മമ്മിയേയും അറിയിച്ചിരുന്നു.
ആര്യന് ഇളയതായി രണ്ട് സഹോദരങ്ങളാണ് ഉണ്ടായിരുന്നത്. ആര്യനായിരുന്നു മൂത്തമകൻ. ഏറ്റവും ഇളയ സഹോദരൻ അഭയ് പഠിച്ചു കൊണ്ടിരിക്കുകയാണ്.
ആര്യന്‍റെ പെരുമാറ്റത്തിലും സംസാരത്തിലുമൊക്കെ ഒരു കുറവു പോലും കണ്ടുപിടിക്കാൻ ഇല്ലാതിരുന്നിട്ടും മകൾ സ്വന്തം ഇഷ്ടത്തിന് ജീവിതപങ്കാളിയെ തെരഞ്ഞെടുത്തത് അവർക്ക് വലിയ അപരാധമായാണ് തോന്നിയത്. വികാസിനാകട്ടെ ആര്യനെ ഒരുപാടിഷ്ടമായി. ആര്യനാണെങ്കിൽ ആ കുടുംബത്തിലെ അംഗമായി കഴിഞ്ഞതു പോലെയാണ് ഇടപഴകിയത്.
ഡിന്നർ കഴിച്ചു കൊണ്ടിരിക്കെ ദീപിക പറഞ്ഞു.“ മമ്മി ഞങ്ങൾ രണ്ടുപേരും നാളെ തന്നെ ഡൽഹിയ്ക്ക് പോവുകയാ. അവിടെ ആര്യന്‍റെ പപ്പയും മമ്മിയും ഞങ്ങളെ റിസീവ് ചെയ്യാൻ എയർപ്പോർട്ടിലെത്തും. എനിക്കും അവരെ പരിചയപ്പെടേണ്ടതുണ്ടല്ലോ. ഞാൻ പെട്ടെന്ന് തന്നെ തിരിച്ചു വരാം.”
“നീ ഞങ്ങളോട് ചോദിക്കാതെ തന്നെ കാര്യങ്ങൾ ചെയ്യുമെന്ന് എനിക്കറിയാമായിരുന്നു. കുറച്ച് കഴിയുമ്പോ എല്ലാം മനസിലാവും.” രാധ എടുത്തടിച്ച പോലെ മറുപടി പറഞ്ഞു.
രാധയുടെ പെരുമാറ്റം കണ്ട് വികാസിന് സങ്കോചം തോന്നിയെങ്കിലും അത് മറച്ചു കൊണ്ട് വികാസ് പുഞ്ചിരിയോടെ പറഞ്ഞു.
“അത് നല്ല കാര്യമാ. നിനക്ക് മോളെപ്പറ്റി അറിയാമെന്നത്. എല്ലാം മുൻക്കൂട്ടി ഊഹിക്കും, കൊള്ളാം.”
ദീപികയും മമ്മി പറഞ്ഞ മറുപടിയെ അത്ര ഗൗനിച്ചില്ല. അവളുടെ മനസ്സു മുഴുവനും പ്രണയ സ്വപ്നങ്ങളിൽ വിരാജിക്കുകയായിരുന്നു. സംസാരത്തിനിടെ അവർ പരസ്പരം പ്രണയപുരസ്സരം നോക്കുകയും ചിരിക്കുകയും ചെയ്യുന്നത് വികാസ് ആസ്വദിക്കുകയായിരുന്നു.
രാത്രിയിൽ ഒറ്റയ്ക്കായപ്പോൾ രാധ എന്തൊക്കെയോ നീരസത്തോടെ പിറുപിറുത്തു കൊണ്ടിരുന്നു. അത് കേട്ട് വികാസ് ദേഷ്യത്തോടെ പറഞ്ഞു, “നീ എന്തെങ്കിലും കാര്യത്തിൽ ഒന്ന് സന്തോഷിക്കാൻ പഠിക്ക് രാധേ. അവൻ വളരെ നല്ല ചെറുക്കനാണ്. അവൾ നല്ലൊരാളെ തന്നെയാ കണ്ടെത്തിയത്. അവനെപ്പറ്റി എല്ലാം മനസിലാക്കിയിട്ടാണ് ഇവിടെ കൊണ്ടു വന്ന് നമ്മളെ പരിചയപ്പെടുത്തിയത്.”
“നിങ്ങള് കണ്ടോ, കല്യാണം കഴിഞ്ഞ് അവൾ പശ്ചാത്തപിക്കും. അവൾക്ക് ആരുമായും ഒത്തു പോകാനാവില്ല. ഒന്നുമറിയില്ല. ഇങ്ങനെ കറങ്ങി നടക്കാനും വിശ്രമിക്കാനും മാത്രമേ അറിയത്തുള്ളൂ.” വികാസിന് അതോടെ ഒന്നു കൂടി ദേഷ്യം വന്നു.
“എന്തൊരു അമ്മയാണ് സ്വന്തം മകൾക്ക് ദോഷം വരുന്നതിനെപ്പറ്റിയാ ആലോചിക്കുന്നതല്ലേ.”
ദീപികയ്ക്ക് അമ്മയുടെ മാനസികാവസ്‌ഥയെപ്പറ്റി നന്നായി അറിയാമായിരുന്നു. അതിൽ അവളേറെ സങ്കടപ്പെട്ടെങ്കിലും ആര്യനെ അവൾ അഗാധമായി സ്നേഹിച്ചിരുന്നു.
പിറ്റേ ദിവസം ആര്യനും ദീപികയും ഡൽഹിയിലേക്ക് പുറപ്പെട്ടു. അതിനടുത്ത ദിവസം പ്രിയയുടെ ഫോൺ വന്നു. ദീപികയുടെ കാര്യത്തിൽ വലിയ സന്തോഷത്തിലായിരുന്നു അവൾ.
“ആര്യൻ നല്ല കുടുംബത്തിലെയാ. ദീപിക ഒരുപാട് അന്വേഷിച്ച ശേഷമാ ആര്യനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത് തന്നെ. അത്രയും നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്താൻ നമുക്കുപോലും ആവില്ല.” രാധ കടുത്ത നിരാശയോടെ മറുപടി പറഞ്ഞു. “എനിക്കറിയാമായിരുന്നു നീയും അവളുടെ സൈഡ് പറയുമെന്ന്.”
“ഛെ, മമ്മിയ്ക്ക് എല്ലാ കാര്യവും അറിയാമല്ലോ. എന്തൊരു കഷ്ടമാ ഇത്. ഒരു കാര്യവും സമാധാനത്തോടെ സംസാരിക്കില്ല.”
തുടർന്ന് എന്തൊക്കെയോ സംസാരിച്ച ശേഷം പ്രിയ ഫോൺ കട്ട് ചെയ്‌തു. ഡൽഹിയിൽ നിന്നും ദീപിക ആര്യന്‍റെ മാതാപിതാക്കളായ അനിലിനേയും മധുമിതയേയും തന്‍റെ മാതാപിതാക്കളെ ഫോണിലൂടെ പരിചയപ്പെടുത്തി. ഇരു മാതാപിതാക്കളും ഫോണിൽ ഏറെ നേരം സംസാരിക്കുകയും ചെയ്‌തു.
അനിലിന്‍റെയും മധുമിതയുടെയും പെരുമാറ്റവും സംസാരവും വികാസിന് ഏറെ ഇഷ്‌ടമായി. ഇരുവർക്കും തന്‍റെ മകളെ ഏറെ ഇഷ്‌ടപ്പെട്ടുവെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലാക്കാനും കഴിഞ്ഞു. അവർക്ക് എത്രയും പെട്ടെന്ന് ദീപികയെ മരുമകളാക്കണമെന്നായിരുന്നു ആഗ്രഹം. വികാസിനും അത് തന്നെയായിരുന്നു താൽപ്പര്യം. അദ്ദേഹം അവരെ ഇരുവരേയും മുംബൈയിലേക്ക് ക്ഷണിച്ചു. അനിലും കുടുംബവും വികാസിനേയും കുടുംബത്തേയും ഡൽഹിയിലേക്ക് ക്ഷണിച്ചു.
ഇരു കുടുംബങ്ങളും വിവാഹത്തെ സംബന്ധിച്ച് ചില തീരുമാനങ്ങളെടുത്തു. ദീപിക രണ്ട് ദിവസത്തിനുള്ളിൽ തന്നെ മുംബൈയിൽ മടങ്ങിയെത്തി. അവൾ തന്‍റെ ബാഗ് തുറന്ന് ആര്യന്‍റെ കുടുംബം നൽകിയ സമ്മാനങ്ങൾ കാട്ടി, “മമ്മി, പപ്പ ഇത് കണ്ടോ. എത്ര ഗിഫ്റ്റാ എനിക്ക് അവർ തന്നതെന്ന്. പപ്പ ഭയങ്കര സന്തോഷം തോന്നുന്നു.”
രാധാ സമ്മാനപ്പൊതികളഴിച്ച് ഓരോന്നും എടുത്ത് നോക്കിയെങ്കിലും ഒന്നും പറഞ്ഞില്ല. അതിനുശേഷം അവർ എന്തോ ജോലി ചെയ്യുന്നതിൽ മുഴുകി.
പത്ത് ദിവസത്തിനു ശേഷം ദീപിക ദുബായിലേക്ക് മടങ്ങി. അവളുടെ കോഴ്സ് പൂർത്തിയായി കഴിഞ്ഞിരുന്നു. പുതിയൊരു ജോലിയിൽ പ്രവേശിക്കേണ്ടതുണ്ട്. ആര്യനാകട്ടെ, പാനിപ്പട്ടിൽ തന്‍റെ ഫാമിലി ബിസിനസ് കാര്യങ്ങളുമായി മുന്നോട്ട് പോയി. ഇതിനിടെ അനിലും മധുമിതയും മുംബൈയിൽ ദീപികയുടെ മാതാപിതാക്കളെ സന്ദർശിക്കാനെത്തി.
സദാ സമയവും സന്തോഷചിത്തരായി കാണപ്പെട്ട അനിൽ-മധുമിത ദമ്പതികളെ കണ്ട് രാധ ആകെ അമ്പരന്നു പോയി. അവരുടെ ഹൃദ്യമായ പെരുമാറ്റവും ലാളിത്യവും വികാസിന് നന്നേ ഇഷ്ടമായി. കൂടാതെ അവർ വികാസിനും രാധയ്ക്കും നൽകാനായും കുറച്ച് ഉപഹാരങ്ങളും കൊണ്ടു വന്നിരുന്നു. രാധ തയ്യാറാക്കിയ ഭക്ഷണം കഴിച്ച് അവർ അതിന്‍റെ രുചിയെപ്പറ്റി വാനോളം പുകഴ്ത്തി.
“പക്ഷെ ദീപികയ്ക്ക് ഒന്നും ഉണ്ടാക്കാനറിയില്ല. അക്കാര്യം ഇപ്പോഴെ പറയുകയാ. ഞങ്ങൾ ഇക്കാര്യം നേരത്തെ പറഞ്ഞില്ലല്ലോയെന്ന് നിങ്ങൾ പറയരുത്.” രാധ പറഞ്ഞു.
രാധ പറഞ്ഞത് കേട്ട് മധുമിത പൊട്ടിച്ചിരിച്ചു. “അവൾ നല്ല കുട്ടിയാ. കുക്കിംഗ് അറിയില്ലെന്ന കാര്യം അവളെനോട് പറഞ്ഞിരുന്നു. വീട്ടിൽ കുക്കിംഗ് ചെയ്യാനല്ലല്ലോ ഞങ്ങൾ അവളെ കൊണ്ടു പോകുന്നത്. വീട്ടിൽ 2 കുക്ക് ഉണ്ട്. അടുക്കളയിലെ കാര്യങ്ങളിൽ ഞാൻ പോലും ഇടപ്പെടാറില്ല. മാത്രവുമല്ല ഇപ്പോഴത്തെ കുട്ടികൾ സ്വന്തം കരിയർ കെട്ടിപ്പടുക്കുന്നതിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. അവര്‍ ഹാർഡ് വർക്ക് ചെയ്യുന്നവരാണ്. ആവശ്യം വരികയാണെങ്കിൽ അവരെല്ലാം ചെയ്‌തെന്നും വരും. രാധ നിശബ്ദയായി ഇരുന്നു.
അനിലും മധുമിതയും നല്ലൊരു സമയം ദീപികയുടെ വീട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങി പോയത്. ദീപികയുടെ വീട്ടിൽ നിന്നും സമ്മാനങ്ങൾ നൽകിയാണ് അവരെ യാത്രയാക്കിയത്. അടുത്താഴ്ചയാണ് വികാസും രാധയും ഡൽഹിയിൽ പോകാൻ തീരുമാനിച്ചിരിക്കുന്നത്. ഡൽഹിയിൽ പോകുന്നതിന് ദീപികയേയും കൂടെ കൂട്ടാമെന്ന് വികാസ് പറഞ്ഞ് കേട്ട് രാധയ്ക്ക് ദേഷ്യം വന്നു.
“ഇനിയൊരു പാഴ്ച്ചെലവോ? ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ.”
രാധ പറഞ്ഞത് കേട്ട് ദീപിക പറഞ്ഞു.
“മമ്മി, എനിക്ക് ആര്യൻ സർപ്രൈസായി ടിക്കറ്റ് അയച്ച് തന്നിട്ടുണ്ട്.”
“എനിക്കെന്തോ ഇതിൽ പന്തികേട് തോന്നുന്നു. വിവാഹം ഉടനടി നടത്തണമെന്ന അവരുടെ തിടുക്കം കാണുമ്പോ എന്‍റെ സംശയം ബലപ്പെടുകയാ. ഇത്രയും വലിയൊരു ഫാമിലി ദീപികയെപ്പോലെയുള്ള പെൺകുട്ടിയെ സ്വന്തമാക്കാൻ എന്തിനാ ഇത്രയും ധൃതിക്കാട്ടുന്നത്. എന്തോ കാര്യമുണ്ടല്ലോ?”
വികാസിന് രാധയുടെ സംസാരം കേട്ട് ദേഷ്യം തോന്നി. “പന്തികേട് നിന്‍റെ തലയ്ക്കാ.”
ദീപികാ നേരിട്ട് ഡൽഹിയിലെത്തി. അടുത്ത് തന്നെ വികാസും രാധയുമെത്തി. പാനിപ്പട്ടിലെ ആര്യന്‍റെ അതി വിശാലമായ വീടും പരിസരവും കണ്ട് രാധ അമ്പരന്നു പോയി. മാത്രവുമല്ല കുടുംബാംഗങ്ങളെല്ലാവരും തന്നെ വളരെ ലാളിത്യത്തോടെയാണ് പെരുമാറിയത്. എങ്കിലും എന്തിലും കുറ്റം കണ്ടുപിടിക്കുകയെന്ന ശീലം ഉപേക്ഷിക്കാൻ രാധ തയ്യാറായില്ല. ദീപികയും മധുമിതയും ഒപ്പമിരുന്ന് വിവാഹ നിശ്ചയത്തിനുള്ള ഡ്രസ്സിന്‍റെ ഡിസൈനുകളെപ്പറ്റി ഫോണിലൂടെ ഡിസൈനർക്ക് നിർദ്ദേശങ്ങൾ നൽകി.
ആര്യന്‍റെ വീട്ടുകാരുടെ പെരുമാറ്റം കണ്ടിട്ട് രാധയ്ക്ക് അതിശയം തോന്നി. ആര്യന്‍റെ ഇളയ സഹോദരൻ അഭയ് ദീപികയോട് തമാശകൾ പറയുന്നത് കേട്ട് രാധ കൗതുകത്തോടെ അവരെ നോക്കിയിരുന്നു. വികാസിനും രാധയ്ക്കുമായി വിശ്രമിക്കാനായി മധുമിത ഗസ്റ്റ് റൂം മികച്ച രീതിയിൽ സജ്ജീകരിച്ചിരുന്നു.
അനിലിന്‍റെയും മധുമിതയുടെയും വിരലിലെണ്ണാവുന്ന ഏതാനും ബന്ധുക്കളുടെയും പരിചയക്കാരുടെയും സാന്നിധ്യത്തിൽ വിവാഹ നിശ്ചയം വളരെ ലളിതമായി നടത്തി. വിവാഹ നിശ്ചയത്തിൽ പങ്കു കൊള്ളാനായി വികാസിന്‍റെയും രാധയുടെയും ഏതാനും അടുത്ത ബന്ധുക്കളും ആര്യന്‍റെ വീട്ടിലെത്തിയിരുന്നു.
വികാസ് നാട്ടു നടപ്പനുസരിച്ച് വിവാഹ നിശ്ചയം നടത്തിയതിന്‍റെ ചെലവിന്‍റെ പങ്ക് താനും കൂടി വഹിക്കാമെന്ന് ആര്യന്‍റെ അച്‌ഛനോട് പറഞ്ഞെങ്കിലും ആര്യന്‍റെ അച്‌ഛൻ ആ ആവശ്യത്തെ സ്നേഹപൂർവ്വം നിരസിച്ചു. “ഞങ്ങൾക്കൊന്നും വേണ്ട. മകൾ ഈ വീട്ടിൽ വരുന്നതിന്‍റെ സന്തോഷമാണ് ഞങ്ങൾക്കെല്ലാവർക്കും. അതിനാൽ അതൊക്കെ ഞങ്ങൾ ചെയ്‌തു കൊള്ളാം.”
ചടങ്ങ് കഴിഞ്ഞ് അതിഥികളെല്ലാവരും മടങ്ങി പോയശേഷം മുറിയിൽ തനിച്ചായ അവസരത്തിൽ രാധ വികാസിനോടായി പറഞ്ഞു. “ഇപ്പോ വലിയ മാധുര്യത്തോടെയാണ് എല്ലാവരും പെരുമാറുന്നത്. എനിക്കറിയാം കുറച്ച് കഴിയുന്നതോടെ ഇവരുടെയെല്ലാം നിറം മാറും. നിങ്ങൾ കണ്ടോ.”
തൊട്ടടുത്തായി ഇരുന്ന ദീപികയ്ക്ക് മമ്മിയുടെ സംസാര രീതി ഇഷ്ടപ്പെടാതെ ദേഷ്യ ഭാവത്തിൽ പറഞ്ഞു, “മമ്മി അങ്ങനെ സംസാരിക്കല്ലേ, അവരെല്ലാവരും എത്ര നല്ലയാൾക്കാരാണ്. അവരുടെ ബന്ധുക്കൾക്ക് വരെ എന്നെയൊരുപാടിഷ്ടമായി. എന്‍റെ ഡ്രസ്സ്, ആഭരണങ്ങളൊക്കെ ആര്യന്‍റെ മമ്മിയാണ് വാങ്ങിയത്. ഷോപ്പിംഗിന് പോയപ്പോൾ പപ്പ എനിക്ക് തന്ന കാശ് എടുക്കാൻ അവർ സമ്മതിച്ചതേയില്ല. എന്നിട്ടാണ് മമ്മി ഇങ്ങനെ.”
“നിന്നെപ്പോലെയുള്ള പെമ്പിള്ളേർ പിന്നീട് കരഞ്ഞ് ഞാൻ കണ്ടിട്ടുണ്ട്.”
മമ്മിയുടെ സംസാരം കേട്ട് ദീപികയ്ക്ക് കരച്ചിൽ വന്നു. ദീപികയുടെ കണ്ണുനിറയുന്നത് കണ്ടിട്ട് സങ്കടം സഹിക്കാനാവാതെ വികാസ് മകളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു.
“സാരമില്ല മോളെ, കരയല്ലേ. നിനക്കറിയില്ലേ നിന്‍റെ മമ്മി വലിയ ദീർഘവീക്ഷണമുള്ളയാളാണെന്ന്.”
വികാസിനും ദീപികയ്ക്കും രാധയോട് കടുത്ത ദേഷ്യം തോന്നിയെങ്കിലും രാധ അതൊന്നും കാര്യമാക്കിയില്ല.
സ്വീകരണ മുറിയിൽ എല്ലാവരും ഇരിക്കെ മധുമിത പറഞ്ഞു “എനിക്ക് താങ്കളോട് ചില അത്യാവശ്യ കാര്യങ്ങൾ പറയാനുണ്ട്.”
അത് കേട്ടപ്പോൾ രാധ വികാസിനെ നോക്കി ആംഗ്യം കാട്ടി. “ഞാൻ പറഞ്ഞത് ശരിയായില്ലേ എന്നർത്ഥത്തിലായിരുന്നു ആ നോട്ടം. തുടർന്ന് എന്താണ് പറയാനുള്ളതെന്ന അർത്ഥത്തിൽ മധുമിതയുടെ മുഖത്തേക്ക് നോക്കി”
“പറഞ്ഞോളൂ”
“നോക്കൂ, ഞങ്ങൾക്ക് ഇവിടെ ഒന്നിനും ഒരു കുറവുമില്ല. കുഞ്ഞുങ്ങളുടെ സന്തോഷമാണ് എനിക്ക് വലുത്. എത്രയും പെട്ടെന്ന് ഈ വിവാഹം നടത്തണമെന്നാണ് എന്‍റെ ആഗ്രഹം. ഈ വീടൊന്ന് ഉണരട്ടെ. ഞങ്ങൾക്ക് പെണ്മക്കളില്ല. എന്‍റെ ഈ മകൾക്കൊപ്പം താമസിക്കാൻ എനിക്കൊരുപാട് ആഗ്രഹമുണ്ട്. ഇനി കാത്തിരിക്കാൻ വയ്യ. അതിനുള്ള ഒരുക്കങ്ങളൊക്കെ ഞാൻ ചെയ്‌തു കൊള്ളാം. ദീപിക എടുത്ത എജ്യുക്കേഷൻ ലോൺ ഞങ്ങൾ അടച്ചു തീർക്കാം. കുട്ടികൾ ചേർന്ന് ബിസിനസ് നടത്തട്ടെ. അവരുടെ സന്തോഷമല്ലേ നമുക്ക് വലുത്.”
മധുമിത പറയുന്നത് കേട്ട് വികാസിന്‍റെ കണ്ണുകൾ ഈറനണിഞ്ഞു.
“താങ്കൾ ആഗ്രഹിക്കുന്ന പോലെ നടക്കട്ടെ. ഞങ്ങൾ തയ്യാറാണ്. പിന്നെ ലോൺ അടയ്ക്കുന്ന കാര്യം അത് ഞങ്ങൾ അടച്ചോളാം. മുംബൈയിൽ ഒരു ഫ്ളാറ്റ് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ദീപികയ്ക്ക് കൊടുക്കാൻ വേണ്ടിയാണ് അത് ഇൻവെസ്റ്റ് ചെയ്തത്. അത് വിറ്റിട്ട് ലോൺ അടയ്ക്കാം. ഒരു പ്രോബ്ളവും ഇല്ല.”
മധുമിത സന്തോഷമടക്കാനാവാതെ എഴുന്നേറ്റ് ചെന്ന് ദീപികയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ചു.
മുംബൈയിലേക്ക് മടങ്ങവെ ദീപിക മമ്മിയോട് ചോദിച്ചു,“എങ്ങനെയുണ്ട് മമ്മി, നല്ല ആൾക്കാരല്ലേ?”
“നോക്കട്ടെ, നല്ല ആൾക്കാർ തന്നെ. അവർക്കൊപ്പം നീ എത്രമാത്രം സന്തോഷവതിയായിരിക്കുമെന്ന് അറിഞ്ഞിട്ട് പറയാം.”
ഇരു കുടുംബങ്ങളും വിവാഹത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി കൊണ്ടിരുന്നു. ദീപിക ദുബായിലെ ജോലി രാജിവച്ച ശേഷം മുംബൈയിൽ മടങ്ങിയെത്തി. മധുമിത ദീപികയുടെ ഓരോരോ ഇഷ്ടങ്ങൾ ഫോണിലൂടെ ചോദിച്ചറിഞ്ഞ് വിവാഹ ഒരുക്കങ്ങൾ നടത്തി കൊണ്ടിരുന്നു.
എന്നാലും രാധ ഓരോ കാര്യത്തിലും കുറ്റങ്ങൾ കണ്ടുപിടിച്ചു കൊണ്ടിരുന്നു. മമ്മിയുടെ വിചിത്രമായ സംസാര രീതി ഇല്ലാതാക്കുകയെന്നത് അസാധ്യമായ കാര്യമാണെന്ന് ദീപികയ്ക്കും തോന്നി. ഇവിടെ മുംബൈയിൽ നടത്തി കൊണ്ടിരുന്ന വിവാഹ ഒരുക്കങ്ങൾ രാധയെ സംബന്ധിച്ച് വലിയ ഭാരങ്ങളായിരുന്നു. മകൾക്ക് നല്ലൊരു കുടുംബം കിട്ടുന്നതിൽ അവർക്ക് യാതൊരു സന്തോഷവും തോന്നിയില്ല. അവസരം കിട്ടുമ്പോഴൊക്കെ അവർ ആര്യന്‍റെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നത് ശീലമാക്കി കഴിഞ്ഞിരുന്നു. ഇതെല്ലാം കേട്ട് ദീപിക ഉള്ളിൽ സങ്കടമൊതുക്കി നിശബ്ദത പാലിച്ചു.
വികാസ് ഇതെല്ലാം മനസിലാക്കിയിരുന്നുവെങ്കിലും വീട്ടിലെ അന്തരീക്ഷം കലുഷിതമാകാതിരിക്കാൻ രാധയോട് അയാൾ മറുത്തൊന്നും പറഞ്ഞില്ല. വിവാഹമടുത്തതോടെ കാനഡയിൽ നിന്നും ദീപികയുടെ ചേച്ചി പ്രിയയും കുടുംബവും എത്തി. അവരുടെ കുട്ടികളായ സോനുവിനും പിങ്കിക്കുമായിരുന്നു ഇളയമ്മയുടെ വിവാഹം കൂടാൻ ഏറെ താൽപര്യം. എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നുവെങ്കിലും രാധയുടെ കയ്പ് പടർത്തുന്ന സംസാരരീതി പലപ്പോഴും ആഹ്ലാദത്തെ തല്ലികെടുത്തുന്നതായിരുന്നു.
വികാസ് വിവാഹത്തിനുള്ള പണം അനിലിന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌തു. വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആര്യന്‍റെ കുടുംബം ഏറ്റെടുത്തിരിക്കുകയാണല്ലോ. വിവാഹത്തിന് 4 ദിവസം മുമ്പെ തന്നെ ദീപികയും കുടുംബവും ഡൽഹിയിലെത്തി. അനിലും മധുമിതയും എയർപോർട്ടിൽ ചെന്ന് എല്ലാവരേയും സ്വീകരിച്ച് പാനിപ്പട്ടിൽ മുൻക്കൂട്ടി അറേഞ്ച് ചെയ്ത ഹോട്ടലിൽ കൂട്ടി കൊണ്ടു വന്നു.
വിവാഹം ഗംഭീരമായി നടന്നു. വിവാഹം കഴിഞ്ഞ് വികാസും കുടുംബവും മുംബൈയിലേക്ക് മടങ്ങി. ഏതാനും ദിവസങ്ങൾ കഴിഞ്ഞ് പ്രിയയും കുടുംബവും കാനഡയിലേക്കും മടങ്ങി. വികാസ് പഴയതു പോലെ ഓഫീസ് ജോലികളിൽ മുഴുകി. രാധയാകട്ടെ പഴയതു പോലെ ഓരോരോ കാര്യങ്ങൾ ചികഞ്ഞു പെറുക്കി കുറ്റപ്പെടുത്തുന്നത് തുടർന്നു കൊണ്ടിരുന്നു.
രാധ ഇടയ്ക്കിടെ ദീപികയെ ഫോൺ ചെയ്ത് ഭർതൃ വീട്ടിലെ വിശേഷങ്ങൾ ആരാഞ്ഞു കൊണ്ടിരുന്നു. എല്ലാവരെയും കുറിച്ചും നല്ലത് മാത്രമേ ദീപികയ്ക്ക് പറയാനുണ്ടായിരുന്നുള്ളൂ. അപ്പോഴൊക്കെ രാധയുടെ മുഖം കറുത്തു കൊണ്ടിരുന്നു. ങ്ഹാ കുറച്ച് കഴിയുമ്പോൾ അറിയാമെന്ന് പറഞ്ഞു കൊണ്ട് അവർ സ്വയം ന്യായീകരിച്ചു.
ദീപിക ഭർതൃ കുടുംബത്തിന്‍റെ ബിസിനസ് കാര്യങ്ങൾ നോക്കി നടത്തുന്ന ജോലികളിൽ മുഴുകി. ഒരു പുതിയ ഷോറൂം കൂടി തുറക്കാനിരിക്കുകയാണ്. അതിന്‍റെ ചുമതലകളൊക്കെയും ആര്യൻ ദീപികയെയാണ് ഏൽപ്പിച്ചിരുന്നത്. ഏതാനും മാസങ്ങൾ കഴിഞ്ഞ് അഭയയുടെ വിവാഹവും നടന്നു.
അപ്പോഴേക്കും രാധ മകളെ ഉപദേശിക്കാനായി മുന്നിട്ടിറങ്ങി, “മോളെ, ഇനി നീ കണ്ടോ എല്ലാവരുടെയും തനി സ്വഭാവം അറിയാം.”
ദീപിക അതിനൊന്നും മറുപടി പറയാതെ നിശബ്ദത നടിച്ചു. അഭയുടെ വിവാഹത്തിന് വികാസും രാധയും പങ്കെടുത്തിരുന്നു. മുമ്പത്തേതെന്ന പോലെ തന്നെയായിരുന്നു വികാസിനോടും രാധയോടുമുള്ള അവരുടെ പെരുമാറ്റം. അവർക്ക് ധാരാളം സമ്മാനങ്ങൾ നൽകിയാണ് മുംബൈയിലേക്ക് മടക്കിയയച്ചത്.
ദീപിക അനുജത്തി താരയുമായി വളരെ വേഗം തന്നെ അടുത്തു കഴിഞ്ഞിരുന്നു. അവർ നല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു. കറക്കവും ഷോപ്പിംഗും സിനിമ കാണലുമൊക്കെ അവർ ഒരുമിച്ചായിരുന്നു.
രാധ ഇടയ്ക്കിടയ്ക്ക് ഫോൺ ചെയ്‌ത് താരയെക്കുറിച്ച് മകളോട് ചോദിക്കുന്നത് പതിവാക്കിയിരുന്നു. അപ്പോഴൊക്കെ അവർ സ്വന്തം അഭിപ്രായമാണ് ശരിയെന്ന മട്ടിൽ മകളെ ഉപദേശിച്ചു കൊണ്ടിരുന്നു.
ഇത്രയും നാൾ മമ്മി പറഞ്ഞതൊക്കെ ക്ഷമയോടെ കേട്ടിരുന്ന ദീപികയ്ക്ക് ഇത്തവണ അതിന് കഴിഞ്ഞില്ല. ഫോൺ സ്പീക്കർ മോഡിലായിരുന്നതു കൊണ്ട് അടുത്ത് ഉണ്ടായിരുന്ന വികാസിന് എല്ലാം വ്യക്‌തമായി കേൾക്കാനാവുമായിരുന്നു.
“മമ്മി, മമ്മിയെ സംബന്ധിച്ച് എല്ലാ ബന്ധങ്ങളും അനാവശ്യങ്ങളാണെന്ന് എനിക്ക് മനസിലായി കഴിഞ്ഞിരിക്കുന്നു. മമ്മിയെ സംബന്ധിച്ച് എല്ലാം ദുരന്തമായി അവസാനിക്കാൻ പോവുന്ന കാര്യങ്ങളാണ്. സമാധാനത്തോടെ സന്തോഷത്തോടെ കഴിയുകയെന്നുള്ളത് എത്ര ഈസിയാണെന്ന കാര്യം എനിക്ക് ഈ വീട്ടിൽ വന്നപ്പാഴാ മനസിലായത്. സ്നേഹിക്കുക, സ്നേഹിക്കപ്പെടുക… ഇതൊക്കെ മമ്മിയ്ക്ക് മനസിലാക്കാൻ പറ്റാത്ത കാര്യങ്ങളാണ്. പക്ഷെ അതൊക്കെ ഞാനീ വീട്ടിൽ മനസിലാക്കിയ കാര്യങ്ങളാണ്. കുറച്ച് കഴിയുമ്പോൾ എല്ലാം മനസിലാവും എന്ന വാചകം ഇനിയൊരിക്കലും മമ്മി എന്നോട് പറയരുത്. എത്ര സന്തോഷമാണിവിടെ ഞാനേറെ സന്തുഷ്ടയാണ്. ഇനി മുന്നോട്ടും അങ്ങനെയായിരിക്കും. അതെനിക്കറിയാം.”
മകളടെ അപ്രതീക്ഷിതമായ മറുപടി കേട്ട് രാധയുടെ മുഖം വിളറി വെളുത്തു. ദീപിക ഇതേവരെ മമ്മിയോട് അങ്ങനെയൊന്നും സംസാരിച്ചിരുന്നില്ല. മമ്മി പറയുന്ന കാര്യങ്ങൾ കേൾക്കുക മാത്രമാണ് ചെയ്‌തിരുന്നത്. മകളുടെ വാക്കുകൾ കനത്ത പ്രഹരം പോലെയായിരുന്നു രാധയ്ക്ക്. അവർക്ക് വികാസിന്‍റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലുമുണ്ടായില്ല. രാധ ഫോൺ വച്ച ശേഷം നിശബ്ദം കസേരയിലിരുന്നു. രാധയുടെ ഭാവാദികൾ കണ്ട് വികാസ് ഉള്ളിൽ ചിരി വന്നെങ്കിലും അത് മറച്ചു പിടിക്കാനായി സ്വന്തം മുറിയിലേക്ക് പോയി.