രാവിലെ ഓഫീസിലേക്ക് പോവാനുള്ള തിരക്കിനിടയിൽ ഫുഡടി നടക്കുമ്പോഴാണ് വീട്ടിന് മുന്നിൽ ഒരു ഹോണടി….

ദേ അമ്മ്യാരും സന്ധ്യ ആർ അയ്യരും അമ്യാരുടെ പേഴ്സണൽ ഗുണ്ട സെബാനും. ജാക്ക്സൺ സെബാറ്റി… ഞാൻ പെട്ട്…!!!! സാധാരണ ഇവരുടെ മുന്നിൽ പെട്ടാൽ പിന്നെ വണ്ടി നിൽക്കുന്നത് വല്ല തേക്കടിയിലോ മൂന്നാറിലോ ആവും…

ഇന്നെന്ത് വള്ളിയുമായാണോ വരവ്… ദൈവത്തിനറിയാം…

അമ്മ്യാര് ബാങ്കിന്‍റെ എന്തോ ചെക്ക് കേസുമായി കോടതിയിൽ വന്നതാണ്… ഇനിയെങ്ങാനും തൂക്കിക്കൊല്ലാൻ വിധിച്ചാൽ പകരം സെബാനെ വിട്ട് കൊടുത്ത് തടി തപ്പാൻ പാവത്തിനെയും കൂട്ടിയതായിരിക്കും….. പാവം സെബാന് കരമടച്ച രസീത് പോലുമില്ലന്ന് അമ്മ്യാർക്കറിയില്ലല്ലോ…….

ഉച്ചകഴിഞ്ഞ് ഫ്രീയായാൽ നേരത്തെ എത്താം എന്നുറപ്പ് നൽകി രണ്ടാളുടെയും പിടിയിൽ നിന്ന് സ്കൂട്ടായി ഓഫീസിലേക്കോടി..

ഉച്ചകഴിഞ്ഞപ്പോഴേ അമ്മ്യാരുടെ വിളി എത്തി… ഒരു പരുവത്തിൽ പണി തീർത്ത് കൊച്ചിയെത്തി… പാവങ്ങൾ രണ്ടാളും എന്നെ കാത്ത് വിശന്നിരിപ്പായിരുന്നു…. വിശപ്പടക്കാൻ നേരെ കണ്ടയ്‌നർ റോഡിലെ “വെള്ളക്കാന്താരി” യിലേക്ക്.

പാവം അമ്മ്യാർക്ക് പച്ചക്കറി വാങ്ങി നൽകി ഞാനും സെബാനും സീ ഫുഡ് വെട്ടി വിഴുങ്ങി….

സമയം നാലാകുന്നു ഇനിയെന്താ പ്ലാൻ…???

ഒടുവിൽ “ലങ്ക” യിലേക്ക് പോവാൻ തീരുമാനമായി…

ശ്രീലങ്കയല്ല കേട്ടോ… ഇത് ഏഴിക്കരയിലെ ചെറിയൊരു തുരുത്താണ്…

രണ്ട് ടുവീലർകളിലായി യാത്ര തുടങ്ങി…

നേരെ കണ്ടെയ്നർ റോഡിൽ മൂലമ്പള്ളിയിൽ നിന്ന് പിഴല പാലം കയറി… അധിക കാലം ആയിട്ടില്ല പിഴല പാലം പണിഞ്ഞിട്ട്…

സന്ധ്യയാകുമ്പോൾ പിഴല പാലത്തിൽ നിന്ന് ചീനവലകളുടെ ദൃശ്യം ആസ്വദിക്കാനെത്തുന്നവരുടെ തിരക്ക് ഇപ്പോൾ കൂടി വരുന്നു…

lanka

പാലത്തിന്‍റെ അപ്രോച്ച് റോഡ് പണി തീർന്നിട്ടില്ലാത്തതിനാൽ ഓട്ടോറിക്ഷ മാത്രമേ പോകു….. അതങ്ങനെയാണല്ലോ.. ആനയെ വാങ്ങിയാലും ചങ്ങല വാങ്ങില്ല…

അൽപ്പസമയം അവിടെ ചിലവിട്ട് കുറച്ച് ദൂരം അകലെയുള്ള ഫെറിയിലെത്തി.

2 ചെറിയ കാറുകളും ബൈക്കും കയറ്റാവുന്ന രണ്ട് വളളത്തിൽ ഒരു പ്ലാറ്റ്ഫോം സെറ്റ് ചെയ്ത ചെറിയ ഫെറി…

നേരെ കടമക്കുടിക്ക്….

കടമക്കുടി എത്തിയതും….

ദേ കിടക്കുന്നു സെബാന്‍റെ വണ്ടി പഞ്ചർ…. മൊബൈൽ പഞ്ചർകാരനെ വിളിച്ച് വരുത്തി പഞ്ചർ ഒട്ടിക്കുന്നത് വരെ അര മണിക്കൂർ കടമക്കുടിയിൽ പോസ്റ്റായി….

അവിടുന്ന് നേരെ ചാത്തനാടിനുള്ള ഫെറി കയറി….

പഴയത് പോലെ രണ്ട് വള്ളത്തിന് മുകളിൽ ചെറിയ പ്ലാറ്റ്ഫോം സെറ്റപ്പ് ചെയ്ത സംഭവം…

ചാത്തനാട് കടമക്കുടി പാലം രണ്ട് സൈഡും കൂട്ടിമുട്ടാതെ കായലിന് നടുവിൽ നിന്ന് നമ്മളെ കൊഞ്ഞനം കുത്തുന്ന മനോഹരമായ കാഴ്ചയും അവിടെ കാണാം.. ഭരണാധികാരികളുടെ ദീർഘ വീക്ഷണം…

ചാത്തനാട് നിന്നും 4 കി.മീ സഞ്ചരിച്ച് ഏഴിക്കര പഞ്ചായത്ത് പടിക്കൽ എത്തിയപ്പോൾ നേരത്തെ വിളിച്ച് പറഞ്ഞതനുസരിച്ച് ലങ്കാ നിവാസി രാമചന്ദ്രൻ ചേട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു…

അവിടെ നിന്ന് ഇടത്തേക്ക് അര കിലോമീറ്റർ കൂടി ഉള്ളിലേക്ക് ചെന്നാൽ ലങ്കയിലേക്കുള്ള പ്രവേശന കവാടമായി….

കവാടം എന്നാൽ വല്യ സംഭവമൊന്നുമല്ല അപകടാവസ്ഥയിലായി ഏത് നിമിഷവും താഴെ വീഴാൻ തയ്യാറായി നിൽക്കുന്ന ഒരു ചെറിയ പാലം… ഈ പാലമാണ് ലങ്കയെ ഏഴിക്കരയുമായി ബന്ധിപ്പിക്കുന്നത്…. പാലം കടക്കുമ്പോൾ കാണുന്നത് പണി തീരാത്ത പ്രതിഷ്ഠയില്ലാത്ത ഒരമ്പലമാണ്… പിന്നെ കുറച്ച് വീടുകളും…..

വെള്ളത്തിനാൽ ചുറ്റപ്പെട്ടുകിടക്കുന്നതുകൊണ്ടാണ് പണ്ടുമുതലേ ആൾക്കാർ ലങ്കയെന്ന് വിളിച്ച് തുടങ്ങിയത്… ചുറ്റും കണ്ടൽക്കാടുകളും ചെമ്മീൻ കെട്ടുകളും തെങ്ങിൻ തോപ്പും പുഴയുമായി കിടക്കുന്ന ഈ കൊച്ച് തുരുത്തിൽ 22 കുടുംബങ്ങൾ മാത്രമേ താമസമുള്ളൂ…. മീൻപിടിത്തമാണ് പലരുടെയും ഉപജീവന മാർഗ്ഗം..

അധികമാരും കേട്ടിട്ടില്ലാത്തതിനാലും, വാഹനങ്ങൾ കടന്ന് ചെല്ലാത്തതിനാലും, ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം സഞ്ചാരികളുടെ എണ്ണം തീരെ കുറവാണെന്ന് തന്നെ പറയാം…

രാമചന്ദ്രൻ ചേട്ടൻ കാട്ടിയ വഴികളിലൂടെ ഞങ്ങൾ തുരുത്തിനുളളിലെ തെങ്ങിൻ തോപ്പുകളിലൂടെയും വരമ്പുകളിലൂടെയും നടന്നു…. വേലിയേറ്റമായതിനാൽ ചെമ്മീൻ കെട്ടിലേക്ക് പുഴയിൽ നിന്ന് വെള്ളം നന്നായി ഒഴുകുന്നുണ്ടായിരുന്നു…

എല്ലാ ചെമ്മീൻ കെട്ടിന്‍റെ കരയിലും ചെറിയ കാവൽപ്പുരകളും കാണാം…

നല്ല വേലിയേറ്റത്തിൽ തെങ്ങിൻ തോപ്പുകളിൽ പുഴയിലെ ഉപ്പ് വെള്ളം കയറുന്നതിനാലാവണം നടക്കുന്ന വഴികളിൽ പായൽ പിടിച്ച പോലെ വെള്ള നിറത്തിൽ ഉപ്പ് കട്ടപിടിച്ച് കിടക്കുന്നുണ്ടായിരുന്നു.

ചെമ്മീൻകെട്ട് ലീസിനെടുത്ത് നടത്തുന്ന ത്രിശൂർകാരൻ സണ്ണിച്ചേട്ടനെയും അവിടെ വച്ച് പരിചയപ്പെട്ടു… അവരുടെ വള്ളം വാങ്ങി രാമചന്ദ്രൻ ചേട്ടൻ ഞങ്ങളുമായി പുഴയിലെക്കിറങ്ങിയപ്പോൾ സൂര്യൻ അസ്തമിക്കാറാകുകയായിരുന്നു…..

കണ്ടൽക്കാടുകൾക്കിടയിലൂടെ പുഴയിൽ നിന്ന് സൂര്യനസ്തമിക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു….

അര മണിക്കുറോളം ഞങ്ങളെ തോണിയിലിരുത്തി രാമചന്ദ്രൻ ചേട്ടൻ പുഴയിലൂടെ തുഴഞ്ഞു…… വള്ളത്തിൽ കയറിയപ്പോഴെ ചെറിയൊരു തുളയിലൂടെ വെള്ളം ഉള്ളിൽ കയറുന്നത് കണ്ടതോട് കൂടി അമ്മ്യാരുടെ കിളി പോയിരുന്നു… പോരാത്തതിന് ബാക്കി ഞങ്ങളും പേടിപ്പിച്ചതുകൊണ്ട് സൂര്യനസ്തമിച്ച കാര്യം അമ്മ്യാര് അറിഞ്ഞതേയില്ല…..

കരയിലെത്തിയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു…. സണ്ണി ചേട്ടനോട് യാത്ര പറഞ്ഞ് ലങ്കയിൽ നിന്ന് കേരളത്തിലേക്ക് നടക്കുമ്പോഴും ആൾക്കാർ അവിടവിടെ നിന്ന് ചെറു വലകൾ വീശി മീൻ പിടിക്കുന്ന കാഴ്ച കാണാമായിരുന്നു….

തിരികെ രാമചന്ദ്രൻ ചേട്ടൻ ഏഴിക്കര വരെ കൂടെ വന്നു… പുള്ളിക്ക് അവിടെ ഒരു തട്ടുകടയുമുണ്ട്…..

മനോഹരമായ ഒരു അസ്തമയക്കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ച രാമചന്ദ്രൻ ചേട്ടനോട് നന്ദി പറഞ്ഞ് ഞങ്ങൾ നേരെ യാത്ര തിരിച്ചത് ദുൽഖർ സൽമാനുൾപ്പടെ നിരവധി സെലിബ്രിറ്റികളുടെ സ്ഥിരം താവളമായ മോഹനൻ ചേട്ടന്‍റെ പുട്ടുകടയിലേക്കായിരുന്നു…

lanka

ഈ സ്റ്റോറി കണ്ട് ലങ്ക തേടി പോവുന്നവരോട് ഒരു വാക്ക്….. കടമക്കുടിയും ലങ്കയുമായി താരതമ്യം ചെയ്യരുത്.

അമിത പ്രതീക്ഷയുമായി പോവരുത്,.. അയ്യേ.. ഇത്രേ ഉള്ളാരുന്നോ എന്ന് പറഞ്ഞ് എന്നെ തെറി പറയരുത് ….

ആളും അനക്കവും ഇല്ലാത്ത ചെറിയൊരു തുരുത്താണ്… എന്ന് കരുതി അവിടെ ചെന്ന് തോന്യവാസം കാണിക്കരുത്…. ഓടിയാലും കാര്യമില്ല പുറത്തേക്കിറങ്ങാൻ ഒരു വഴിയേ ഉള്ളു… നീന്ത് അറിയാം എന്ന് പറഞ്ഞും അഹങ്കരിക്കണ്ട നല്ല ചെളിയും അടിയൊഴുക്കുമാണ്….

കാറുമായി വരുന്നവർ ഈ പറഞ്ഞ വഴി ഒഴിവാക്കി ഇടപ്പള്ളി- വരാപ്പുഴ- കോട്ടുവളളി- കൈതാരം- മിനിബൈപ്പാസ്- ഏഴിക്കര വഴി വരുന്നതാവും നല്ലത്… നല്ല പൊളപ്പൻ റോഡാണ്…..

ആദ്യമായി വരുന്നവർ രാമചന്ദ്രൻ ചേട്ടനെ വിളിച്ചിട്ട് വരുന്നതാവും നല്ലത് (9605640161) സന്ധ്യക്ക് ലങ്ക കണ്ടിറങ്ങിയാൽ നല്ല നാടൻ ഫുഡ് ഏഴിക്കരയിലുള്ള പുള്ളിയുടെ തട്ടു കടയിൽ നിന്ന് തന്നെ കഴിക്കുകയും ചെയ്യാം….

അപ്പോ ചലോ…. ലങ്ക…..

और कहानियां पढ़ने के लिए क्लिक करें...