മഹാമാരിയും തുടർന്നുള്ള സ്ലോഡൗണും കാരണം ഉദ്യോഗസ്‌ഥരായ സ്ത്രീകളുടെ എണ്ണം തുടർച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പഠനങ്ങൾ അനുസരിച്ച് നമ്മുടെ രാജ്യത്തിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് അറിയുന്നത്. ഇന്ത്യയിൽ ജോലി ചെയ്യുന്ന പുരുഷന്മാർ 67% ആണെങ്കിൽ സ്ത്രീകൾ കേവലം 9% ആണ്.
സ്വാതന്ത്യ്രം ലഭിച്ചിട്ട് 74 വർഷം പിന്നിട്ടിട്ടും തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം ഇപ്പോഴും വളരെ കുറവാണ്. പ്രത്യേകിച്ചും ചെറുപ്പക്കാരായ സ്ത്രീകൾക്ക് സ്വന്തം കരിയർ കരസ്ഥമാക്കാൻ ധാരാളം വെല്ലുവിളികളേയും തടസ്സങ്ങളേയും നേരിടേണ്ടി വരുന്നുണ്ട്. 1950 ലെ തുടക്കക്കാലത്തുള്ള ജെൻഡർ ഗ്യാപ് തന്നെ ഇപ്പോഴും തൊഴിൽ മേഖലയിൽ നിലനിൽക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇനി മറ്റൊന്നുണ്ട്, സാങ്കേതിക മികവുണ്ടെങ്കിലും അല്ലെങ്കിൽ വൊക്കേഷണൽ ട്രെയിനിംഗ് ലഭിച്ചാലും ശരി വർക്ക് പ്ലേസിൽ സ്ത്രീകൾക്ക് ലിംഗ അസമത്വത്തെ നേരിടേണ്ടി വരുന്നു. അവർക്ക് ലഭിക്കുന്ന വേതനത്തിലും ഈ അസമത്വം കാണാൻ കഴിയും.
കോവിഡ് കാലം ഉദ്യോഗസ്ഥകളായ സ്ത്രീകളെ ബാധിക്കുമ്പോൾ
മികച്ച കരിയർ സൃഷ്ടിക്കാൻ കഴിയുന്ന ഫോർമൽ ഉദ്യോഗങ്ങളുടെ എണ്ണം കുറയുകയാണ്. കോൺട്രാക്റ്റ് അടിസ്‌ഥാനമാക്കിയുള്ള തൊഴിൽ അവസരങ്ങളാണ് ഏറെയും. സിഎംഐഇ യുടെ ഒരു പഠനമനുസരിച്ച് ഉദ്യോഗസ്‌ഥരായ സ്ത്രീകളെ സംബന്ധിച്ച് ഇത് പ്രയാസകരവുമാണ്. മഹാമാരി മൂലം ജോലി സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. വർക്കിംഗ് ഏജിലുള്ള 11% സ്ത്രീകൾ ജോലി ചെയ്യുമ്പോൾ ജോലി ചെയ്യുന്ന പുരുഷന്മാരുടെ കണക്ക് 72% ആണ്. ഇതിന് പുറമെ തൊഴിലില്ലായ്മ നിരക്ക് 17% ആണെങ്കിൽ പുരുഷന്മാർ കേവലം 6% ആണ് അതിൽ വരിക. അതായത് വളരെ കുറച്ച് സ്ത്രീകൾ മാത്രമേ തൊഴിൽ നേടുന്നുള്ളൂവെന്നാണ് അത് സൂചിപ്പിക്കുന്നത്.
- സിഎംഐഇയുടെ കണക്കുകൾ അനുസരിച്ച് 2019-20 ൽ വനിത തൊഴിലന്വേഷകരുടെ സംഖ്യ കേവലം 7% ആയിരിക്കുമ്പോൾ ലോക്ഡൗണിന് തുടക്കകാലത്ത് അതായത് ഏപ്രിൽ 2020 ൽ 13.9% പേർക്ക് തൊഴിലില്ലാത്ത അവസ്‌ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്.
- 2020 നവംബർ ആയതോടെ ഭൂരിഭാഗം പുരുഷന്മാർ ജോലി തിരികെ കരസ്ഥമാക്കി. എന്നാൽ സ്ത്രീകൾക്കതിന് കഴിഞ്ഞില്ല. നവംബർ 2020 ൽ 49% സ്ത്രീകൾക്ക് തൊഴിൽ നഷ്ടമുണ്ടായി.
- അടുത്തിടെ ഓൺലൈൻ ജോബ് നെറ്റ്‍വർക്കായ ലിങ്ക്ഡിൻ ഓപ്പർച്യൂണിറ്റി 2021ൽ നടത്തിയ സർവ്വേയിൽ സത്രീകളുടെ തൊഴിൽ സാഹചര്യത്തെ മഹാമാരി ബാധിച്ചതായി കണ്ടെത്തുകയുണ്ടായി. സർവ്വേയിൽ 18-65 നിടയിലുള്ളവരെയാണ് വിധേയമാക്കിയത്. ആസ്ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ അടക്കം 7 രാജ്യങ്ങളിലുള്ളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്.
- സർവ്വേയനുസരിച്ച് വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് ഇന്ത്യൻ സ്ത്രീകളെയാണ് അധികമായി കോവിഡ് സാഹചര്യം ബാധിച്ചത്. 90% സ്ത്രീകളും തന്നെ കൊറോണ സൃഷ്ടിച്ച സമ്മർദ്ദത്തിനടിമപ്പെട്ടു.
- ഏഷ്യ- പെസഫിക് രാജ്യങ്ങളിൽ സ്ത്രീകൾക്ക് തൊഴിലിനും വേതനത്തിനുമായി കഠിനമായി പ്രയത്നിക്കേണ്ടി വരുന്നുണ്ട്. ചിലയിടങ്ങളിൽ അവർക്ക് പക്ഷപാതപരമായ സമീപനങ്ങളെ നേരിടേണ്ടി വരുന്നു. പുരുഷന്മാർക്ക് നൽകുന്ന വേതനം തങ്ങൾക്ക് നൽകുന്നില്ലായെന്നാണ് 22% സ്ത്രീകൾ പറയുന്നത്.
- മറ്റൊന്ന്, പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് വളരെ കുറച്ച് അവസരങ്ങളെ ലഭിക്കുന്നുള്ളൂവെന്നാണ് 37% ഉദ്യോഗസ്‌ഥകളായ സ്ത്രീകളുടെ അഭിപ്രായം. കിട്ടുന്ന വേതനവും കുറവാണ്.
ഓഫീസിനൊപ്പം വീട് പുലർത്തേണ്ട ഉത്തരവാദിത്തം
മുമ്പ്, തൊഴിൽ തേടിയിരുന്ന സ്ത്രീകൾക്ക് വളരെ പ്രയാസപ്പെട്ടാണ് ജോലി ലഭിച്ചിരുന്നത്. മാത്രവുമല്ല കുടുംബ ജീവിതവും മാതൃത്വപരമായ ഉത്തരവാദിത്തങ്ങളുമാകുന്നതോടെ അവർക്ക് പാടുപ്പെട്ട് ജോലി നിർവഹിക്കേണ്ടിയും വരും. വീടും കുടുംബവും നോക്കി കഴിയാനായിരിക്കും കുടുംബാംഗങ്ങൾ അവളെ നിർബന്ധിക്കുക.
ഉദ്യോഗത്തിൽ അവർ നൽകുന്ന കഠിന പ്രയത്നത്തിന് യാതൊരു വിലയും കുടുംബാംഗങ്ങൾ കൽപ്പിച്ചിരുന്നില്ല. വീടും വീട്ടുത്തരവാദിത്തവും കുടുംബാംഗങ്ങളുടെ സഹകരണമില്ലായ്മയുമൊക്കെയായി സ്ത്രീകൾ അധിക ഉത്തരവാദിത്തങ്ങളുള്ള ഉദ്യോഗം ചെയ്യാൻ മടിച്ചിരുന്നു.
സ്ത്രീകൾക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്നതിന് മുമ്പായി എംപ്ലോയറും കൂടുതൽ തവണ ചിന്തിക്കും. മറ്റൊരു പ്രധാന കാര്യം സ്ത്രീകൾക്ക് ജോലി നൽകിയാൽ അവർ വിവാഹശേഷം തുടരുമോ അല്ലെങ്കിൽ ജോലിയിലുള്ള സ്വന്തം ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അവർക്കാകുമോ എന്നൊക്കെയുള്ള സംശയങ്ങൾ തൊഴിൽ ദാതാവിന് ഉണ്ടാകാം.
ഏകദേശം മൂന്നിൽ രണ്ട് ഉദ്യോഗസ്‌ഥകളായ സ്ത്രീകൾ കുടുംബവും വീട്ടുത്തരവാദിത്തങ്ങളും മൂലം തൊഴിലിൽ അസമത്വം നേരിടുന്നവരാണ്.
കുറഞ്ഞ വേതനമുള്ള ഉദ്യോഗം
വീട്ടുകാരാകട്ടെ സ്വന്തം മകളോടും മരുമകളോടുമൊക്കെ വലിയ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തതും വീടിന് അടുത്തുള്ളതുമായ തൊഴിൽ സ്വീകരിക്കാനാവും നിർബന്ധിക്കുക. ഇനി അതിന് ശബളം എത്ര തന്നെ കുറഞ്ഞാലും പ്രശ്നമില്ല. എന്നാലും പരാതിയുയരും നിന്‍റെ തുഛമായ ശബളം കൊണ്ടല്ല വീട് പുലരുന്നതെന്ന്.
ഇത്തരം ചില കാരണങ്ങളാലാണ് അറിഞ്ഞോ അറിയാതെയോ സ്ത്രീകളെ കുറഞ്ഞ വേതനമുള്ള തൊഴിലിലേക്ക് തളച്ചിടുന്നതെന്ന് പറയാം. വീടും കുട്ടികളുമൊക്കെയാകുന്നതോടെ സ്ത്രീകൾ പതിയെ മികച്ച ജോലിയും കരിയറും സ്വപ്നം കാണുന്നത് തന്നെ മറന്നു പോകുന്നു. മറ്റൊന്ന്, പുരുഷനെയായിരിക്കും വീട്ടിലേക്ക് വരുമാനമുണ്ടാകുന്ന വ്യക്‌തിയായി കുടുംബം കൂടുതൽ പരിഗണന നൽകുക. സ്ത്രീകൾക്ക് മുന്നോട്ട് വരാനുള്ള അവസരവും കുറയുന്നു.
നഗരങ്ങളിലെ സ്‌ഥിതി ഗുരുതരം
സിഎംഐഇ യുടെ കൺസ്യൂമർ പിരമിഡ്സ് ഹൗസ് ഹോൾഡ് സർവ്വേ അനുസരിച്ച് ഇന്ത്യൻ വിമൻ വർക്ക്ഫോഴ്സിൽ ഒഴിച്ചു കൂടാനാവാത്ത 2 ട്രെൻഡുകളാണ് പ്രകടമാവുന്നത്. നഗരങ്ങളിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ സ്ത്രീകൾ വീടിന് പുറത്തു പോയി ജോലി ചെയ്യുന്നവരാണെന്നാണ് ഒന്നാമത്തെ ട്രെൻഡ്.
- 2019-20 ൽ ജോലി ചെയ്യുന്ന ഗ്രാമീണ സ്ത്രീകളുടെ എണ്ണം 3% ആയിരിക്കുമ്പോൾ നാഗരിക വനിതകളുടെ തൊഴിൽ പങ്കാളിത്തം കേവലം 9.7% ആയിരുന്നു. ഈ രണ്ട് അവസ്‌ഥകളും ഉചിതമല്ല. നഗരത്തിലെ വിദ്യാ സമ്പന്നരായ സ്ത്രീകൾ മികച്ച തൊഴിൽ അവസരങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇതിന് നേർ വിപരീതമാണ് സ്ഥിതി. മറ്റൊന്ന്, തീരെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ ലഭിക്കുകയെന്നത് പ്രയാസകരവുമാണ്.
- ജനസംഖ്യയനുസരിച്ച് നിരീക്ഷിക്കുകയാണെങ്കിൽ ഗ്രാമങ്ങളിലെ സ്ത്രീകൾ വീടിന് പുറത്തു പോയി ജോലി ചെയ്യുന്നവരാണെന്ന് ഒരു പഠനം പറയുന്നത് ഗ്രാമങ്ങളിൽ 35% ത്തിലധികം സ്ത്രീകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇവരിൽ 45% സ്ത്രീകൾ വർഷം മുഴുവനും 50,000ത്തിലധികം വരുമാനമുണ്ടാക്കുന്നുമില്ല. ഇവരിൽ 26% പേർ സ്വന്തം ഇഷ്ടങ്ങൾ അനുസരിച്ച് പണം ചെലവഴിക്കുന്നവരാണ്.
- നഗര മേഖലകളിൽ വാർഷിക വരുമാനം 2 മുതൽ 5 ലക്ഷം വരെയുള്ള കുടുംബങ്ങളിൽ 13% സ്ത്രീകൾ ജോലി ചെയ്യുന്നവരാണ്. 5 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ ഇത് 9% ആണ്.
- എന്നാൽ ഗ്രാമത്തിൽ 50,000 മുതൽ 5 ലക്ഷം വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാന നിരക്ക് 16 മുതൽ 19 വരെയാണ്.
ആക്രമണവും ലൈംഗിക ചൂഷണവും
അടുത്തിടെ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ഹെർ റെസ്പക്റ്റ് ഒരു ഡാറ്റ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യൻ ഫാക്ടറികളിൽ സ്ത്രീകൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നുവത്. ഈ സ്റ്റഡിയനുസരിച്ച് ഫാക്ടറികളിൽ ജോലി ചെയ്യുന്ന 11,500 സ്ത്രീ-പുരുഷന്മാരേയും അവരുടെ മാനേജർമാരേയും സർവ്വേയിൽ ഉൾപ്പെടുത്തുകയുണ്ടായി. ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ലിംഗപരമായ അസമത്വങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പഠനം കണ്ടെത്തിയത്.
ഈ പഠനത്തിൽ ഉൾപ്പെട്ട 34% പുരുഷന്മാരും സ്ത്രീകളും സ്ത്രീയ്ക്ക് എപ്പോഴെങ്കിലും ഏതെങ്കിലും തരം അതിക്രമത്തെ നേരിടേണ്ടി വരുന്നുവെന്ന് സമ്മതിക്കുന്നുണ്ട്. ഇത് മാത്രമല്ല 36% വർക്കർമാർ ഒരു കാര്യത്തിൽ യോജിക്കുന്നുമുണ്ട്. സൂപ്പർവൈസർ ഏതെങ്കിലും വനിത ജീവനക്കാരിയോട് അശ്ലീലദ്യോതകമായ കമന്‍റ്സ് പറയുകയും ജീവനക്കാരി അതിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ അതിനെ സെക്ഷ്വൽ ഹരാസ്മെന്‍റായി കാണാനാവില്ല എന്നാണവർ പറയുന്നത്. വീട്ടിലും തൊഴിലിടങ്ങളിലുമായി സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ടെന്നും ഈ പഠനം പറയുന്നുണ്ട്.
കാഴ്ചപ്പാടിൽ മാറ്റം അനിവാര്യം
യുഎൻഡിപി (സംയുക്ത രാഷ്ട്ര വികസന പദ്ധതി) 75 രാജ്യങ്ങളുടെ കണക്കുകൾ പഠിക്കുകയുണ്ടായി. സ്ത്രീകൾക്ക് തുല്യമായ സ്‌ഥാനം കരസ്ഥമാക്കാൻ ധാരാളം അദൃശ്യമായ തടസ്സങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നാണ് ഈ കണക്കുകൾ നൽകുന്ന സൂചന.
വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടെങ്കിൽ ആൺകുട്ടിയെ തൊഴിലിനായി മറ്റ് നഗരങ്ങളിൽ അയക്കുന്നതിന് ഒരു തടസവുമുണ്ടാകുന്നില്ല. എന്നാൽ പെൺകുട്ടിയ്ക്ക് സ്വന്തം നഗരത്തിൽ തന്നെ ഏതെങ്കിലും ചെറിയ ജോലി ചെയ്‌ത് തൃപ്തിയടയേണ്ടി വരും. അതിനും വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വരും. ഇത്തരത്തിലുള്ള കാഴ്ചപ്പാടിൽ മാറ്റം വരേണ്ടതുണ്ട്.
ഇന്നും സാമൂഹികപരമായ ബന്ധനങ്ങൾ കാരണം ഉള്ളിൽ തീവ്രമായ ഇച്ഛയുണ്ടെങ്കിലും സ്ത്രീകൾക്ക് വീട്ടിലെ സാമ്പത്തിക പുരോഗതിയ്ക്കായി സ്വന്തമായി ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയാണ്. നമ്മളെത്ര തന്നെ സാമ്പത്തിക സ്വാതന്ത്യ്രക്കുറിച്ച് പറഞ്ഞാലും ശരി സ്ത്രീകളുടെ ഉന്നമനത്തേയും സ്വാതന്ത്യ്രത്തെയും കുറിച്ച് തുറന്ന നിലപാട് വരാത്തിടത്തോളം കാലം നമ്മുടെ സാമ്പത്തിക സ്വാതന്ത്യ്രം അപൂർണ്ണമായിരിക്കും.