ബോളിവുഡിൽ ഒരവസരം ലഭിക്കാൻ എത്രയെത്ര കലാകാരന്മാരാണ് വർഷങ്ങളായി കഠിനപ്രയത്നം ചെയ്യുന്നത്. ചിലർക്കതിന് ഭാഗ്യം സിദ്ധിക്കുമ്പോൾ മറ്റ് ചിലർക്ക് മിനി സ്ക്രീനുകളിൽ തിളങ്ങാനാവും ഭാഗ്യം ലഭിക്കുക. ഹൃസ്വ ചിത്രങ്ങളിലും വെബ്സീരിസുകളിലുമായി ഇത്തരത്തിൽ ധാരാളം കലാകാരന്മാർ അരങ്ങുവാഴുന്ന കാഴ്ച നമ്മൾ അടുത്ത കാലത്തായി ധാരാളം കണ്ടിരിക്കുന്നു.

ഹൃസ്വ ചിത്രങ്ങളിലും മറ്റും ശ്രദ്ധ പിടിച്ചു പറ്റുന്ന ഇത്തരം താരങ്ങൾക്ക് പിന്നാലെ ബിഗ്സ്ക്രീനുകളിൽ നിന്നും ധാരാളം അവസരങ്ങളാണ് തേടി വരുന്നത്. അത്തരമൊരു വ്യക്‌തിയാണ് ഫിസിയോതെറാപ്പി പ്രൊഫഷനിൽ നിന്നും അഭിനയകലയിലെത്തിയ ആകാംക്ഷ സിംഗ്.

’ന ബോലെ തും ന മേനെ കുഛ് കഹാ’ എന്ന സീരിയലിൽ രണ്ട് കുട്ടികളുടെ അമ്മയായി വേഷമിട്ട് ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ചിട്ടും ബോളിവുഡിൽ ഈ നടിയ്ക്ക് വേണ്ട പരിഗണനയൊന്നും ലഭിച്ചില്ല. അതോടെ അവർ തെന്നിന്ത്യൻ സിനിമ ലോകത്ത് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.

തെന്നിന്ത്യൻ സിനിമ ലോകത്ത് പ്രശസ്തിയാർജ്ജിക്കുക മാത്രമല്ല നാഗാർജ്ജുന പോലെയുള്ള മുൻനിര കലാകാരന്മാർക്കൊപ്പം അഭിനയിക്കാനുള്ള സുവർണ്ണാവസരവും ആകാംക്ഷയ്ക്ക് ലഭിക്കുകയായിരുന്നു. ഇതിനിടെ ബദ്രിനാഥ് കി ദുൽഹനിയാ എന്ന ഹിന്ദി ചിത്രത്തിൽ അവർ അഭിനയിച്ചു.

കഴിഞ്ഞ വർഷം സുദീപിനൊപ്പം പഹൽവാൻ എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ഈ നടിയ്ക്ക് ലഭിച്ചിരുന്നു. പഹൽവാൻ  എന്ന ചിത്രം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി പ്രദർശിപ്പിക്കുകയുമുണ്ടായി. ചിത്രത്തിന് തെന്നിന്ത്യയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം കന്നഡ ഭാഷയിൽ 100 കോടിയിലധികമാണ് വരുമാനമുണ്ടാക്കിയത്. എന്നാൽ ബോളിവുഡിൽ ആകാംക്ഷയ്ക്ക് വലിയ ചലനമൊന്നും സൃഷ്ടിക്കാനായില്ല.

ആകാംക്ഷ സിംഗ് അഭിനയിച്ച രണ്ട് ഹൃസ്വ ചിത്രങ്ങളായ മേഥി കെ ലഡ്‌ഡുവും ഖൈദും ഏറെ പ്രശംസ പിടിച്ചു പറ്റിയവയായിരുന്നു. അത് മാത്രമല്ല ചിത്രങ്ങളിലെ തകർപ്പൻ പ്രകടനം കണ്ട് അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന മെഡെ എന്ന ചിത്രത്തിൽ ആകാംക്ഷയെ നായികയാക്കുകയും ചെയ്തു. ചിത്രത്തിൽ അജയ് ദേവ്ഗണിന് പുറമെ, അമിതാഭ് ബച്ചനും വേഷമിടുന്നുണ്ട്.

ഇപ്പോൾ ആകാംക്ഷയെ തങ്ങളുടെ സിനിമകളിൽ ഭാഗമാക്കാനുള്ള ചർച്ചയിലാണത്രേ ബോളിവുഡിലെ പല സിനിമക്കാരും. ആകാംക്ഷയുമായുള്ള അഭിമുഖത്തിൽ നിന്നും:

ഡിസംബർ 2011 മുതൽ ഡിസംബർ 2020 നുമിടയിലുള്ള 9 വർഷത്തെ കരിയറിലുണ്ടായ ടേണിംഗ് പോയിന്‍റ് എന്തായിരുന്നു?

എന്‍റെ 9 വർഷത്തെ കരിയറിലെ ടേണിംഗ് പോയിന്‍റ് തെന്നിന്ത്യൻ ഭാഷകളിൽ അവസരം ലഭിച്ചത് തന്നെയാണ്. ഇതിന് പുറമെ അടുത്തിടെ ഖൈദ്, മേഥി കെ ലഡ്‌ഡു എന്നീ ഹൃസ്വ ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിഞ്ഞതും ടേണിംഗ് പോയിന്‍റാണ്. പിന്നെ അജയ്ദേവ്ഗണിനൊപ്പം ഹിന്ദി ചിത്രമായ മെഡെ യിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ് എന്‍റെ മൂന്നാമത്തെ ടേണിംഗ് പോയിന്‍റ്.

പഹൽവാൻ എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചെങ്കിലും ബോളിവുഡിൽ ഉറച്ച് നിൽക്കാനുള്ള അവസരം ലഭിച്ചില്ല എന്തായിരുന്നു കാരണം?

പഹൽവാൻ എന്ന ചിത്രത്തെ ബോളിവുഡ് സിനിമയായി കാണാനാവില്ല. യഥാർത്ഥത്തിൽ ഈ സിനിമ കന്നഡ ഭാഷയിലാണ് നിർമ്മിച്ചത്. പിന്നീട് അത് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മൊഴിമാറ്റം ചെയ്യുകയായിരുന്നു. കന്നഡയിൽ ഈ ചിത്രം വമ്പൻ ഹിറ്റായിരുന്നു. എന്നാൽ ഇതിന്‍റെ ഹിന്ദി പതിപ്പിൽ ഞാനത്ര പ്രതീക്ഷ വച്ചു പുലർത്തിയിരുന്നില്ല. കാരണം അത് തെന്നിന്ത്യൻ ഭാഷാ ചിത്രമാണല്ലോ. അതിനത്ര സ്വീകാര്യത ലഭിക്കണമെന്നില്ല.

എന്നാൽ ഈ ചിത്രം ഹിന്ദിയിലാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു. എങ്കിലും ഈ ചിത്രത്തെ സംബന്ധിച്ചുള്ള റിവ്യൂകളിൽ എന്‍റെ അഭിനയത്തെ എടുത്ത് പറഞ്ഞിരുന്നു. അത് സന്തോഷം തരുന്ന കാര്യം തന്നെയാണ്. തെന്നിന്ത്യയിൽ എനിക്ക് ഏറെ പോപ്പുലാരിറ്റി ലഭിച്ചു. ഞാൻ സന്തുഷ്ടയാണ്.

രണ്ട് ഹൃസ്വചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. എന്തായിരുന്നു ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നത്?

ഏതു കലാകാരന്മാരെയും സംബന്ധിച്ച് മീഡിയം എന്നത് ഒരു മാനദണ്ഡമല്ല എന്ന അഭിപ്രായക്കാരിയാണ് ഞാൻ. എല്ലാ മീഡിയത്തിലും കലാകാരന്മാർ സ്വന്തം കഴിവ് പ്രദർശിപ്പിച്ചു കൊണ്ടിരിക്കണം. സ്വന്തം ടാലന്‍റ് തെളിയിക്കാൻ ഏത് മീഡിയവും വഴിയൊരുക്കാം.

ഞാൻ ചെയ്ത ഈ രണ്ട് ഷോർട്ട് മൂവിയുടെയും സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ എനിക്ക് വലിയ ഉത്സാഹമാണ് തോന്നിയത്. മേഥി കെ ലഡ്‌ഡു ആണ് ഞാനാദ്യം ചെയ്തത്. അതിനു ശേഷം പ്രൊഡക്ഷൻ ഹൗസ് ഖൈദ് ന്‍റെ ഓഫർ മുന്നോട്ട് വച്ചു. മേഥി കെ ലഡ്‌ഡു 8 മിനിറ്റ് 5 സെക്കന്‍റും ഖൈദ് 6 മിനിറ്റ് 33 സെക്കന്‍റും നീളുന്ന ചിത്രങ്ങളാണ്. സത്യം പറഞ്ഞാൽ ഈ രണ്ട് ചിത്രങ്ങളും ചെയ്‌ത് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ് തോന്നിയത്. ഈ രണ്ട് ഹൃസ്വ ചിത്രങ്ങളും എന്‍റെ ഫിലിം കരിയറിന് പുതിയ വഴിയൊരുക്കുകയായിരുന്നു.

മേഥി കെ ലഡ്‌ഡു ന്‍റെ പ്രമേയം എന്തായിരുന്നു?

ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള കഥയായിരുന്നു. വിവാഹശേഷം അവൾക്ക് അമ്മയാകാൻ കഴിഞ്ഞിരുന്നില്ല. ഗർഭധാരണത്തെ സംബന്ധിച്ചുള്ള വിഷയം.

ഖൈദിന്‍റെ പ്രമേയം പറയാമോ?

ഖൈദിന്‍റെ കഥാതന്തുവിനെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല. അത്ര മനോഹരമാണത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണത്. ജെൻഡറിനെ ആസ്പദമാക്കിയുള്ള വിഷയം. നിങ്ങൾ സ്വന്തം ശരീരത്തിനുള്ളിൽ എങ്ങനെ ഒളിഞ്ഞിരിക്കുന്നുവെന്നാണ് ഖൈദ് ചർച്ച ചെയ്യുന്നത്. ഇതിൽ എന്‍റെ കൂടെ അഭിനയിച്ചിരിക്കുന്നത് നിക്കി ചാവളയാണ്. അദ്ദേഹം എന്‍റെ ഭർത്താവായാണ് അതിൽ അഭിനയിച്ചിരിക്കുന്നത്. തന്‍റെ ശരീരം ബാഹ്യതലത്തിൽ പുരുഷന്‍റേതും ആന്തരികമായി സ്ത്രീയുടേതുമാണെന്ന് കരുതുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്‍റേത്. സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത് സാധാരണമാണ്. വളരെ സെൻസിറ്റീവായ വിഷയമാണിത്.

മെഡെയുടെ അനുഭവം പറയാമോ?

ഈ ചിത്രത്തിന്‍റെ റിഹേഴ്സലിൽ വച്ചാണ് അജയ് സാറുമായുള്ള എന്‍റെ ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത് വളരെ ഭാഗ്യമായി കരുതുന്നു. ഞാൻ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണ്.

അദ്ദേഹം സ്വന്തം കണ്ണുകളിലൂടെയാണ് അഭിനയം കാഴ്ച വയ്ക്കുന്നത്. ഡയറക്ഷനെക്കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തെപ്പോലെയുള്ള ഡയറക്ടറെ ഞാൻ കണ്ടിട്ടേയില്ലെന്ന് തന്നെ പറയാം. ഓരോ സീനിലും എന്താണ് വേണ്ടതെന്നും കലാകാരന്മാരിൽ നിന്നും അതെങ്ങനെ പുറത്ത് കൊണ്ടു വരണമെന്നും അദ്ദേഹത്തിന് കൃത്യമായി അറിയാം.

തെന്നിന്ത്യൻ ഭാഷാ ചിത്രത്തിൽ പാടിയിരുന്നല്ലോ. മറ്റേതെങ്കിലും ചിത്രത്തിൽ പാടുന്നുണ്ടോ?

അതെ, ആ ചിത്രത്തിനു ശേഷം പാട്ട് പാടാൻ അവസരമൊന്നും പിന്നെ ഉണ്ടായില്ല. അങ്ങനെയൊരവസരം ഉണ്ടായാൽ തീർച്ചയായും പാടും. ഒരു പക്ഷേ ഈ ഇന്‍റർവ്യൂ വായിച്ച് ആരെങ്കിലും പാടാൻ അവസരം തരികയാണെങ്കിൽ. (ആകാംക്ഷ ചിരിക്കുന്നു)

കരിയറിന്‍റെ തുടക്കം ടിവിയിലൂടെയായിരുന്നു. ഇപ്പോൾ ടെലിവിഷൻ മേഖലയെക്കുറിച്ച് എന്താണ് അഭിപ്രായം?

സത്യം പറഞ്ഞാൽ ടിവി കാണാൻ സമയം കിട്ടാറേയില്ല. ടിവിയിൽ എന്തെല്ലാം പ്രോഗ്രാമുകൾ സംപ്രേഷണം ചെയ്യുന്നുണ്ടെന്ന് പോലും എനിക്ക് കൃത്യമായി അറിയില്ല. അതുകൊണ്ട് അതെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല. പക്ഷേ നല്ല നല്ല സീരിയലുകൾ നിർമ്മിക്കുന്നുണ്ടെന്ന കാര്യം പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷേ ഒന്നുണ്ട്, കണ്ടന്‍റിന്‍റെ കാര്യത്തിൽ ടിവി വളരെ പിന്നോക്കം പോയിരിക്കുന്നു. അത് പറയാതെ വയ്യ. വെബ് സീരിസുകൾ പോലെയുള്ളതിൽ എത്രയെത്ര നല്ല കണ്ടന്‍റുകളാണ് വരുന്നത്. അവയെല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നുമുണ്ട്.

और कहानियां पढ़ने के लिए क्लिक करें...