രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന്‍റെ ആലസ്യത്തിൽ നിന്നും രാജ്യം ഉണർന്ന 2013 ഫെബ്രുവരി 22 ന്‍റെ പ്രഭാതം. പതിനാറു പേർ തൽക്ഷണം കൊല്ലപ്പെട്ട ഹൈദരാബാദിലെ ഇരട്ട സ്ഫോടന വാർത്തയുമായി പുറത്തിറങ്ങിയ ദിനപ്പത്രം കയ്യിലെടുത്ത് സിറ്റൗട്ടിലിരുന്ന ഭുവന് അതിലെ തലക്കെട്ടുകൾ പോലും വായിച്ചു പൂർത്തീകരിക്കാനായില്ല. കേരളത്തിലെ മാവോയിസ്റ്റ് വേട്ടയുടെ ഫോളോ അപ് വാർത്തകൾ ഉൾപേജുകളിൽ പരതുന്നതിനിടെ ഗേറ്റിനു മുന്നിൽ വന്നു നിന്ന പോലീസ് ജീപ്പിൽ അവന് ചോദ്യം ചെയ്യലിനു വിധേയനാവാൻ വേണ്ടി ജില്ലാ പോലീസ് സൂപ്രണ്ടിന്‍റെ ഓഫീസിലേക്ക് പോവേണ്ടി വന്നു. ചാർവി അപ്പോഴും ഉണർന്നിരുന്നില്ല.
ഒരു കുറ്റവാളിയേപ്പോലെ ഭുവൻ ആ പോലീസ് വാഹനത്തിൽ മുഖം കുനിച്ചിരുന്നു. ജീവിതകാലം മുഴുവനും തടവറയിൽ കഴിയേണ്ടി വന്നാൽ, അതിനും അവൻ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞിരുന്നു. സത്യമല്ലാതെ ഒന്നും പറയേണ്ടതില്ലെന്ന് ഭുവൻ തീരുമാനിച്ചു.
ഭുവൻ എന്തൊക്കെയാണോ ഒരു പങ്കാളിയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നത് , അതിന് നേർ വിപരീതമായിരുന്നു ചാർവിയുടെ സ്വഭാവം. മൂന്നു വർഷത്തെ ദാമ്പത്യ ജീവിതം അവന് വല്ലാതെ മടുത്തു കഴിഞ്ഞിരുന്നു. അവരുടേത് ഒരു പ്രണയവിവാഹമായിരുന്നു എന്നതാണ് അത്ഭുതം! രണ്ടു മാസത്തെ പരിചയം മാത്രമുള്ള ചാർവി ഭുവനോട് വിവാഹാഭ്യർത്ഥന നടത്തുകയും അവൻ സമ്മതം മൂളുകയും ചെയ്തു എന്നതാണ് സത്യത്തിൽ സംഭവിച്ചത്.
ഒരു ക്രിസ്ത്യാനിയായാണ് ജനിച്ചതെങ്കിലും ജാതിയും മതവുമൊന്നും ഭുവന്‍റെ മനസ്സിൽ ഉണ്ടായിരുന്നില്ല. ചെറുപ്പത്തിൽ തന്നെ കുർബാനയും മതബോധന ക്ലാസ്സും ഒഴിവാക്കി ഞായറാഴ്ചകളിൽ മൂവീ ഹൗസിൽ മോർണിങ്ങ് ഷോ കാണാൻ പോവുന്നത് അവന്‍റെ പതിവായിരുന്നു. ചാർവിയാകട്ടെ സമ്പന്നരും പുരോഗമന ചിന്താഗതിക്കാരുമായ മുസ്ലീം ദമ്പതികളുടെ ഏക മകളായിരുന്നു. പാരമ്പര്യമായി അവൾക്കു ലഭിക്കാനിടയുള്ള സമ്പത്തു മാത്രമല്ല അവനെ പ്രലോഭിപ്പിച്ചത്, ഏതു പുരുഷന്‍റെയും മനമിളക്കുന്ന അവളുടെ സൗന്ദര്യവും മോഡേൺ വസ്ത്രധാരണ രീതികളും കൂടിയായിരുന്നു.
വിവാഹം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ കൊടുത്ത അന്നു രാത്രി തന്നെ ഭുവന്‍റെ വീട്ടിൽ അവരൊരുമിച്ച് താമസം തുടങ്ങി. ആദ്യ രാത്രിയിൽ അവൻ കിടപ്പു മുറിയിലേക്കെത്തുമ്പോൾ ചാർവി കിടക്കയിൽ തല ചൊറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവളുടെ സൗന്ദര്യത്തിന്‍റെ ഏറ്റവും വലിയ ആകർഷണമായി അവൻ കരുതിയിരുന്ന തലമുടിയോട് ആ നിമിഷം തന്നെ അവന് വെറുപ്പു തോന്നി. നൂറുകണക്കിന് പേനുകളാണ് മുടികൾക്കിടയിൽ വസിച്ചിരുന്നത്!
ദിവസങ്ങൾ കഴിയുന്തോറും ഭുവന് അവളുമായുള്ള അകൽച്ച കൂടിക്കൂടി വന്നു. അവന് ഏറ്റവും പ്രീയപ്പെട്ട കറികളായ പോർക്കിന്‍റെയും ബീഫിന്‍റെയും മണമടിക്കുന്നതു തന്നെ ചാർവിക്ക് അസഹ്യമായിരുന്നു. എന്നാൽ ഭുവന്‍റെ മാതാപിതാക്കൾക്ക് അവൾ സ്നേഹഭാജനമായിരുന്നു. രണ്ട് ആൺമക്കൾ മാത്രമുള്ള അവർ തങ്ങളുടെ ഇളയ മകളെപ്പോലെ അവളെ ലാളിച്ചു. ആ സ്നേഹക്കടലിനു നടുവിൽ ഭുവന്‍റെ മനസ്സിലെ ഇഷ്ടക്കേട് അവൾ അറിഞ്ഞതേയില്ല.
ചാർവിയുടെ ജോലി ചെയ്യുന്ന വില്ലേജ് ഓഫീസിലേക്ക് പതിനഞ്ചു മിനിറ്റ് സ്കൂട്ടറിൽ പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഭുവനാകട്ടെ മുപ്പത്തിയഞ്ചു കിലോമീറ്റർ ദൂരെ അവൻ ജോലി ചെയ്യുന്ന ബാങ്കിലേക്കു പോവാൻ ബൈക്കും കാറും മാറിമാറി ഉപയോഗിച്ചു.
അടവു മുടക്കിയ വായ്പകളുടെ തിരിച്ചടവ് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുന്ന വിഭാഗത്തിലായിരുന്നു അപ്പോൾ അവന്‍റെ ജോലി. അവൻ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കാനും വീട്ടിൽ പരമാവധി വൈകി മടങ്ങിയെത്താനും തുടങ്ങി.
ഒരു ഞായറാഴ്ച.
അഞ്ചു മണിക്ക് എണീക്കുന്ന ശീലം ഭുവൻ അന്നും തെറ്റിച്ചില്ല. എന്നാൽ ചാർവി അപ്പോഴും സുഖസുഷുപ്തിയിലായിരുന്നു. ഏഴുമണി കഴിയാതെ അവൾ കിടക്കയിൽ നിന്നെണീക്കുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. അവധി ദിവസമായതിനാൽ ഇന്ന് അത് ഒൻപതു മണിയാവാനും മതി.
വീട്ടിലെ ഓഫീസ് മുറിയിൽ ചെന്ന് ലാപ്ടോപ്പ് തുറന്ന്, നെറ്റ് കണക്ടു ചെയ്ത് മെയിൽ പരിശോധിച്ചു. നഴ്സിനെ വിവാഹം കഴിച്ച് ലണ്ടനിൽ സ്ഥിര താമസമാക്കിയ അരുണേട്ടൻ അയച്ച കുറെ ഫാമിലി ഫോട്ടോകളൊഴികെ ബാക്കിയെല്ലാം ബിസിനസ് കാര്യങ്ങളാണ്.
എഫ്ബി യിൽ പുതിയൊരു സൗഹൃദാഭ്യർത്ഥനയുണ്ട്; ‘വീനസ്’!
‘ദൈവമേ, അവൾ തന്നെയായിരിക്കുമോയിത്?’ ഭുവന്‍റെ മനസ്സിൽ ഒരു നഷ്ടപ്രണയത്തിന്‍റെ അലകളിളകി.
‘അതെ, അവൾ തന്നെ.’ പ്രൊഫൈൽ പരിശോധിച്ചപ്പോൾ ഭുവന് മനസ്സിലായി.
‘വീനസ് ടെസ്സ ജോർജ്’, അതാണ് അവളുടെ മുഴുവൻ പേര്. ഹോസ്റ്റലിൽ താമസിക്കുന്നതിന്‍റെ സ്വാതന്ത്ര്യമനുഭവിച്ച് മാംഗ്ലൂരിൽ’ പി ജിക്കു പഠിക്കുന്ന നാളുകൾ… ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ രണ്ടു വർഷങ്ങൾ… അന്ന് ടാഗോർ പാർക്കിലും തണ്ണീർബാവി ബീച്ചിലും പിലിക്കുളയിലെ അരയന്നങ്ങൾ നീന്തി തുടിക്കുന്ന തടാകക്കരയിലുമൊക്കെ ഭുവന്‍റെ നിഴൽ പോലെ കൂടെയുണ്ടായിരുന്നു അവൾ! അല്ലെങ്കിൽ അവളുടെ നിഴലായി അവനുണ്ടായിരുന്നു, എപ്പോഴും.
പഠനം പൂർത്തിയാക്കി മടങ്ങിയ ശേഷം പക്ഷേ, ഭുവൻ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. കാരണം ഒന്നേയുള്ളൂ, അവളുടെ മാതാപിതാക്കൾ തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കു കുടിയേറിയ ദരിദ്ര കർഷകരായിരുന്നു.
‘അവൾ ഇപ്പോൾ എവിടെയാണ്? അവെയ്‍ലബിൾ ആണെങ്കിൽ രണ്ടു വാക്ക് ചാറ്റാമായിരുന്നു.’ പക്ഷേ അത് വീനസിന്‍റെ സമയമായിരുന്നില്ല.
ഭുവനെ അമ്പരപ്പിച്ചു കൊണ്ട് ചാർവിയാണ് ചായയുമായി എത്തിയത്. ‘എന്തേ നീയിത്ര നേരത്തേ എഴുന്നേൽക്കാൻ?’ എന്നു ചോദിച്ചു കൊണ്ട് അവൻ ലാപ് അടച്ച് ചായ വാങ്ങി. അവളുടെ മുഖത്ത് നേരിയ നീരസം.
ഭുവൻ വെറുക്കുന്ന ചാർവിയുടെ മറ്റൊരു സ്വഭാവം ഇതായിരുന്നു, ലാപ്ടോപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ പിന്നിൽ വന്ന് നോക്കിക്കൊണ്ടു നിൽക്കും. ഒരു മനുഷ്യന്‍റെ സ്വകാര്യതയിലേക്കുള്ള അന്യായമായ കടന്നുകയറ്റം!
”ഇന്ന് ആരവിന്‍റെ വീട്ടിലെ കോക്ക്ടെയിൽ പാർട്ടി മറന്നോ?”, ചാർവി ചോദിച്ചു.
ചായ ചുണ്ടോടു ചേർക്കുകയല്ലാതെ ഭുവൻ അതിനു മറുപടി പറഞ്ഞില്ല. അവൾ നേരത്തേ എഴുന്നേറ്റതിന്‍റെ കാരണം പിടികിട്ടി.
ഒന്നര മണിക്കൂർ കാറോടിക്കണം ആരവിന്‍റെ വീട്ടിലെത്താൻ. ആരവ് ഭുവന്‍റെ സുഹൃത്താണെങ്കിലും ഇപ്പോൾ അവനും ഭാര്യ ശീതളിനും ചാർവിയുമായാണ് കൂടുതൽ അടുപ്പം. വിവാഹത്തിനു ശേഷം ചാർവി അവന്‍റെ ചങ്ങാതിമാരെപ്പോലും ഒന്നാകെ തട്ടിയെടുത്തു.
പതിനൊന്നരയ്ക്ക് അവർ ആരവിന്‍റെ വീട്ടിലെത്തി. പ്രശാന്ത്, അശോകൻ, റിയാസ്, വീണ, ശില്പ, തസ്‍ലി എല്ലാവരും അവർക്കു മുന്നേ എത്തിയിരുന്നു.
അഞ്ചു ദമ്പതികളുടെ സൗഹൃദക്കൂട്ടം. കൂട്ടുകാരുടെ ഇടയിൽ വിശേഷങ്ങളും തമാശകളും പങ്കുവെക്കുമ്പോൾ ഭുവന് ഒരു പുതുജീവൻ കിട്ടി. പഴയ കോളേജ് ദിനങ്ങൾ തിരിച്ചു വന്നതു പോലെ.
ചാർവിയാകട്ടെ ആതിഥേയയായ ശീതളിനെ സഹായിച്ചുകൊണ്ടും ഇടയ്ക്ക് കൂട്ടുകാരുടെയിടയിൽ പൊട്ടിച്ചിരിച്ചും ഒരു ചിത്രശലഭത്തെപ്പോലെ എല്ലായിടത്തും പറന്നു നടന്നു. ആരവും ശീതളും ചേർന്ന് തയ്യാറാക്കിയ ‘ബ്ലഡിമേരി’ അകത്തു ചെന്നപ്പോൾ പെണ്ണുങ്ങളുടെ ഒച്ച ഉയരാൻ തുടങ്ങി.
ആ സൗഹൃദ കൂട്ടായ്മയിൽ വെച്ചാണ് വയനാടിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ ‘ചെമ്പ്ര’ യിലേക്ക് ട്രക്കിങ്ങിനു പോവാനുള്ള തീരുമാനമുണ്ടായത്. ആവശ്യമില്ലാതെ രണ്ട് അവധി ദിനങ്ങൾ വരുന്നുണ്ടായിരുന്നു. നാൽപ്പത്തിയെട്ടു മണിക്കൂർ ദേശീയ പണിമുടക്ക്!
പ്രശാന്തിന്‍റെ ഭാര്യ വീണയുടെ വീട് വയനാട്ടിലെ മേപ്പാടിയിലായിരുന്നു.
വയനാട്ടിലെ തണുപ്പിന്‍റെയും മഞ്ഞിന്‍റെയും കാഠിന്യത്തെപ്പറ്റിയും വസ്ത്രങ്ങൾ പോലും മുറിച്ചു കളയുവാൻ തക്ക മൂർച്ചയുള്ള തെരുവപ്പുല്ലുകൾക്കിടയിലൂടെ മല കയറുന്നതിന്‍റെ സാഹസത്തേപ്പറ്റിയും വീണ വിശദമായി വിവരിച്ചെങ്കിലും ആരും പിൻതിരിയാൻ തയ്യാറായിരുന്നില്ല.
ചെമ്പ്രയുടെ മുകളിൽ ഒരു രാത്രി കഴിഞ്ഞുകൂടുവാൻ പോലും റിയാസും തസ്‍ലിയും ഒരുക്കമായിരുന്നു. യാത്രയുടെ നാൾ കുറിച്ചാണ് എല്ലാവരും പിരിഞ്ഞത്. ഫെബ്രുവരി 19ന് വൈകിട്ട് വീണയുടെ വീട്ടിൽ എല്ലാവരും ഒത്തു ചേരുക. 20ന് രാവിലെ ചെമ്പ്രയുടെ മുകളിലേക്ക്!
പാർട്ടി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ അന്നു രാത്രി തന്നെ, പുതുവർഷാഘോഷത്തിനു ശേഷം ഒരു മാസത്തെ ഇടവേളയിൽ അകത്തു ചെന്ന അൽപ്പം മദ്യത്തിന്‍റെ ലഹരിയിൽ, ഭുവൻ വീനസുമായി മെസ്സഞ്ചറിലൂടെ ആശയ വിനിമയം നടത്തി.
മലകയറ്റത്തിന് ഏറെ ഉത്സാഹം കാണിച്ച അശോകനും ശില്പയും അവസാന നിമിഷം പിന്മാറി. ശില്പയുടെ കസിന്‍റെ വിവാഹ നിശ്ചയം ഉണ്ടത്രേ! എന്നാൽ പകരം വീണയുടെ ഏട്ടന്‍റെ പത്തും പതിമൂന്നും വയസ്സുള്ള രണ്ട് പെൺകുട്ടികളെക്കിട്ടി.
ഇപ്പോൾ ആ പത്തംഗ സംഘം തേയിലത്തോട്ടത്തിനു നടുവിലുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഉത്സാഹത്തോടെ മല കയറുകയാണ്. മഞ്ഞുകാലം കഴിഞ്ഞുവെങ്കിലും വയനാട്ടിലെ മലനിരകൾ മഞ്ഞു മൂടി കിടക്കുകയാണ്! കുന്നിനു മുകളിലെ രഹസ്യം മഞ്ഞ് ഒളിപ്പിച്ചു വെച്ചിരിക്കുകയാണെന്നു തോന്നും.
തേയിലത്തോട്ടം പിന്നിട്ടപ്പോൾ വലിയ മരങ്ങളുള്ള കാട്ടിലൂടെ കുത്തനെ കയറ്റമാണ്. ദേഹത്തു തട്ടി ഇക്കിളിപ്പെടുത്തുന്ന പോതപ്പുല്ലുകൾ. ദൂരെ ഒരു ‘വാച്ച് ടവർ’ ചെറുതായി കാണാം. ഇളം വെയിലിൽ മോഹിപ്പിക്കുന്ന വയനാടിന്‍റെ പ്രകൃതി സൗന്ദര്യം. ഉരുളൻ കല്ലുകൾക്കിടയിലൂടെ നടന്ന് വള്ളി പൊട്ടിയ ചെരിപ്പ് വലിച്ചെറിഞ്ഞ് നഗ്നപാദയായാണ് ചാർവി ഇപ്പോൾ നടക്കുന്നത്. എങ്കിലും ഉത്സാഹത്തിന് കുറവൊന്നുമില്ല. ‘മലയുടെ മുകളിൽ വേഗം ചെന്ന് മേഘങ്ങളെ തൊടണം’, എന്നു പറഞ്ഞാണ് കുട്ടികളായ ആര്യയുടെയും സൂര്യയുടെയും നടത്തം!
”ഇക്കാണുന്ന മലയുടെ മുകളിലെത്തിയാൽ യാത്ര തീരുന്നില്ല. പിന്നെയും അഞ്ചു മലകൾ കയറിയാലേ ചെമ്പ്രയുടെ മുകളിലെത്തൂ.” പ്രശാന്ത് ഓർമിപ്പിച്ചു.
കുന്നിനു മുകളിൽ അൽപ്പം വിശ്രമിച്ച്, വീണ്ടും തെരുവപ്പുല്ലുകൾക്കിടയിലൂടെയുള്ള യാത്ര. കാട്ടു മൃഗങ്ങൾ വെള്ളം കുടിക്കാനെത്താറുള്ള ഒരു കലങ്ങിയ തടാകം. വീശുന്ന കാറ്റിന് വന്യമൃഗങ്ങളുടെ വിസർജ്യങ്ങളുടെ ഗന്ധം. തടാകത്തിനരികിൽ വെള്ളം വറ്റിയ ഭാഗത്തെ ചെളിയിൽ പതിഞ്ഞു കിടക്കുന്ന മൃഗങ്ങളുടെ കാലടിപ്പാടുകൾ. അതിൽ ചിലത് പുലിയുടെ കാൽപ്പാടുകളാണെന്ന് മറ്റൊരു സംഘത്തിലെ ചെറുപ്പക്കാർ പരസ്പരം പറയുന്നതു കേട്ടപ്പോൾ ചാർവി ഭീതിയോടെ ഭുവനെ നോക്കി.
രണ്ടു കുന്നുകൾ കൂടി കയറിയിറങ്ങിയപ്പോൾ വയനാട്ടിലെ ഏറ്റവും സുന്ദരമായ തടാകം ‘ഹൃദയസരസ്സ്’ കാണാൻ കഴിഞ്ഞു. രണ്ടു മലകളുടെ ഹൃദയ ഭാഗത്ത്, ഹൃദയത്തിന്‍റെ ആകൃതിയിൽ! ചുറ്റും പുൽമേട്, ഒറ്റപ്പെട്ട് നിൽക്കുന്ന മരങ്ങൾ.
ഹൃദയസരസ്സിന്‍റെ കരയിൽ വർഷങ്ങൾക്കു ശേഷം ഭുവൻ വീനസ്സിനെ കണ്ടു. ജീൻസും ടോപ്പും ഓവർകോട്ടും ധരിച്ച് ഒരു ഏകാകിയേപ്പോലെ അവൾ നീലപ്പൂങ്കുലകളാൽ നിറഞ്ഞ ഒരു മണിമരുതു മരത്തിൽ ചാരി നിൽക്കുന്നു. തടാകക്കരയിലിരുന്ന് കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിക്കുമ്പോൾ, ‘ഒരു ഇഡ്ഡലിയുടെ കഷ്ണം പോലും വീനസ്സിനു നൽകാനാവുന്നില്ലല്ലോ’, എന്നതായിരുന്നു ഭുവനെ വേദനിപ്പിച്ചത്.
അടുത്ത മലയുടെ നടുവിൽ നിന്ന് പിൻതിരിഞ്ഞു നോക്കിയപ്പോഴാണ് ഹൃദയസരസ്സിന്‍റെ ഹൃദയാകാരവും സൗന്ദര്യവും ശരിക്കും ആസ്വദിക്കാൻ കഴിഞ്ഞത്.
കുട്ടികൾക്കു തൊട്ടു പിന്നിലായിരുന്നു ഭുവൻ. ചാർവിയാകട്ടെ ഏറ്റവും പിറകിലായിരുന്നു. പിന്നിൽ നിന്നു വന്ന് വീനസ് ശരവേഗത്തിൽ അവരുടെ സംഘത്തെ കടന്നു പോയി. അൽപ്പം കഴിഞ്ഞ് ചാർവിയുടെ ഭീതി കലർന്ന വിളി കേട്ടു.
”ഭുവീ, അവിടെയൊന്നു നിൽക്കെടാ, ഒരു കാര്യം പറയാനുണ്ട്.”
മുന്നോട്ടു വെച്ച കാൽ പിന്നോട്ടെടുത്ത് ഭുവൻ അവിടെത്തന്നേ നിൽപ്പായി. പ്രശാന്തും റിയാസും അനിലും വീണയും തസ്‍ലിയും ശീതളും കയറി വന്ന് അവനോടൊപ്പം ചേർന്നു. ചാർവി അപ്പോഴും പതിനഞ്ചടി താഴെയായിരുന്നു. കിതച്ചുകൊണ്ട് കയറി വന്ന അവളെ കൈ പിടിച്ചു കയറ്റിക്കൊണ്ട് ഭുവൻ ചോദിച്ചു;
”എന്താ, എന്തു പറ്റി?”
”ഇപ്പോൾ നമ്മളെ കടന്നു പോയ കറുത്ത കോട്ടിട്ട ആ പെണ്ണില്ലേ, അവൾ ഏതോ തീവ്രവാദ സംഘടനയുടെ ആളാണെന്നാണ് എനിക്കു തോന്നുന്നത്.”
പ്രശാന്തും റിയാസും ഉച്ചത്തിൽ ചിരിച്ചു. ഭുവൻ ചോദിച്ചു;
”എന്തേ, അങ്ങനെ തോന്നാൻ?”
”അവളുടെ കൈയിൽ തോക്കുണ്ട്. എന്‍റെ പിന്നിൽ കുഴലമർത്തി അവൾ ചോദിച്ചു, ‘എന്താടീ നിന്‍റെ പേര്?’ എന്ന്. പേടികൊണ്ട് എന്‍റെ ശ്വാസം നിലച്ചു പോയി. മറുപടി പറയാൻ കഴിഞ്ഞില്ല. മറ്റൊരു മതത്തിൽ പെട്ട നിന്നെ വിവാഹം കഴിച്ചതുകൊണ്ട് എന്നെ കൊല്ലുകയാണ് അവളുടെ പരിപാടി എന്നു തോന്നുന്നു. അതോ നിന്നെ കൊല്ലാനാണോ? ചിലപ്പോൾ നമ്മൾ രണ്ടു പേരേയും…”
ചാർവി ഭുവനെ കെട്ടിപ്പിടിച്ചു. കാര്യത്തിന്‍റെ ഗൗരവം എല്ലാവരെയും നിശ്ശബ്ദരാക്കി.
”എന്തായാലും ഇനി മുകളിലേക്കു പോവേണ്ട.” തസ്‍ലി പറഞ്ഞു.
”ഞാൻ നൂറിൽ വിളിച്ച് പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്. പോലീസുകാർ വന്നിട്ടു മതി ഇനി മേലോട്ടോ താഴോട്ടോ.” ചാർവി ഉറപ്പിച്ചു പറഞ്ഞു.
”കൽപ്പറ്റയിൽ നിന്ന് പോലീസുകാർ ഇവിടേക്ക് എപ്പോൾ എത്താനാണ്? അതുവരെ കാത്തിരിക്കുകയെന്നു വെച്ചാൽ… മണ്ടത്തരമാണ്.” എന്നായിരുന്നു പ്രശാന്തിന്‍റെ അഭിപ്രായം.
”അതിന് ഇവൾ പറഞ്ഞത് പോലീസുകാർ മുഖവിലയ്‌ക്കെടുത്തിട്ടുണ്ടാവുമോ?” എന്നായി വീണ.
”അതൊരു പരിഷ്ക്കാരി പെണ്ണാണെന്നാണ് തോന്നുന്നത്. അവളുടെ കൈയിൽ കണ്ടത് തോക്കിന്‍റെ ആകൃതിയിലുള്ള വല്ല സിഗരറ്റ് ലൈറ്ററും ആയിരിക്കും.” റിയാസ് എല്ലാവരുടെയും പേടി തമാശ പറഞ്ഞ് മാറ്റാൻ ശ്രമിച്ചു.
ഏകദേശം അറുപതടി മുകളിൽ കുട്ടികളും അവരെ കാത്തു കുത്തിയിരിക്കുകയാണ്. ആന്‍റിയും കൂട്ടുകാരും കൂടി എന്താണാലോചിച്ചു തല പുകയ്ക്കുന്നതെന്ന് അവർക്ക് പിടി കിട്ടിയില്ല.
”എന്തായാലും ഞങ്ങൾ നാലാണുങ്ങൾ ഒരു പീറപ്പെണ്ണിനെ പേടിച്ച് പിൻതിരിയാൻ പോവുന്നില്ല. എന്തു വന്നാലും ചെമ്പ്രയുടെ മുകളിലെത്തിയിട്ടേ ഇനി മടക്കമുള്ളൂ.” ആരവ് അവസാന തീരുമാനം പ്രഖ്യാപിച്ചു.
”ചാർവീ, നീ ഒന്നുകൊണ്ടും പേടിക്കേണ്ട. ഇനി എന്‍റെ കൈ പിടിച്ചുകൊണ്ട് നടന്നാൽ മതി. മരിക്കുന്നെങ്കിൽ നമുക്ക് ഒരുമിച്ചു മരിക്കാം.” അവളുടെ ഇടം കയ്യിൽ തന്‍റെ വലതു കൈ കോർത്തു പിടിച്ച് മുകളിലേക്കു നടക്കാൻ തുടങ്ങിക്കൊണ്ടു ഭുവൻ പറഞ്ഞു.
വയനാട്ടിലെ കൊടും തണുപ്പിനൊപ്പം മനസ്സിൽ ഭയം കൂടി നിറഞ്ഞാൽ… ! ഭുവനും ചാർവിയും മാത്രമല്ല ആ സംഘത്തിലെ എല്ലാവരും അങ്ങനെയൊരു അവസ്ഥ അനുഭവിക്കുകയായിരുന്നു. വെയിലിനു പോലും വല്ലാത്ത തണുപ്പാണ്! തലയ്ക്കു മുകളിലൂടെ കൈ നീട്ടിയാൽ പിടിക്കാമെന്നു തോന്നും വിധം വെള്ളി മേഘങ്ങൾ ഒഴുകുന്നു! ദൂരെ ഒരു കുഞ്ഞു മലയെ ചൂണ്ടി വീണ പറഞ്ഞു;
”അതാണ് അമ്പുകുത്തി മല. ചരിത്രം ഉറങ്ങുന്ന എടയ്ക്കൽ ഗുഹ അവിടെയാണ്.”
മൂത്രമൊഴിക്കാനെന്ന് ആഗ്യം കാണിച്ച് ഭുവൻ ഒരു കാട്ടു മരത്തിന്‍റെ പിന്നിലേക്കു പോയി. വീനസിന് മൊബൈലിലൂടെ മുന്നറിയിപ്പു കൊടുക്കുകയായിരുന്നു ഉദ്ദേശ്യം. പെട്ടെന്ന് കോടമഞ്ഞിനെ കീറി മുറിച്ചുകൊണ്ടു വന്ന ഒരു ഹെലികോപ്ടറിന്‍റെ കാതടപ്പിക്കുന്ന ശബ്ദം. അവൻ ഫോൺ കട്ടാക്കി.
ഒടുവിൽ ആ പത്തംഗ സംഘം ചെമ്പ്രയുടെ മുകളിലെത്തി. എവറസ്റ്റ് കീഴടക്കിയ സന്തോഷമായിരുന്നു ആര്യയ്ക്കും സൂര്യയ്ക്കും! മഞ്ഞു കാരണം പരസ്പരം നന്നായി കാണാൻ പോലും വയ്യ. കൈകളിലും മുഖത്തും തലയിലുമെല്ലാം മഞ്ഞിന്‍റെ നനവ്. ഇവിടുത്തെ കാറ്റിനു പോലും ഉന്മേഷം നൽകുന്ന ഒരു രുചിയുണ്ടെന്ന് ഭുവന് തോന്നി. ദൂരേക്കു നോക്കിയാൽ വയനാടിന്‍റെയും നീലഗിരിയുടെയും മാസ്മര സൗന്ദര്യം! ചുറ്റിലും മനം മയക്കുന്ന പ്രകൃതിയുടെ മനോഹാരിത.
”ഭൂമിയിലെ സ്വർഗം!” ശീതൾ വിളിച്ചു പറഞ്ഞു.
പെട്ടെന്ന് ബൂട്ടിട്ട കാലടികളുടെ കൂട്ടത്തോടെയുള്ള ശബ്ദം, പുരുഷന്മാരുടെ ഉച്ചത്തിലുള്ള തെറിവിളികൾ, മൂന്നു വെടിയൊച്ചകൾ, ഒരു പെണ്ണിന്‍റെ കരച്ചിൽ…! എന്താണു സംഭവിക്കുന്നത്? മഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ വയ്യ. ചാർവി ഭുവനോടു ചേർന്നു തന്നെ ഉണ്ടായിരുന്നു.
കയറ്റത്തേക്കാൾ പ്രയാസമായിരുന്നു തിരിച്ചുള്ള ഇറക്കം. വെള്ളം കുടിച്ച് ഒരു കാട്ടുചോലയ്ക്കരികിൽ വിശ്രമിക്കുമ്പോൾ ഭുവന് അശോകന്‍റെ കോൾ വന്നു.
”ചെമ്പ്രയുടെ മുകളിൽ വെച്ച് ഒരു മാവോയിസ്റ്റ് വനിതയെ പോലീസ് വെടിവെച്ചു കൊന്നുവെന്ന് ടി വി യിൽ ഫ്ലാഷ് ന്യൂസ് എഴുതി കാണിക്കുന്നു. നിങ്ങളിപ്പോൾ എവിടെയാണ്? എന്തെങ്കിലും കാണാൻ കഴിഞ്ഞോ?”
”ഞങ്ങൾ മടങ്ങുകയാണ്. വെടിയൊച്ച ഞങ്ങളും കേട്ടു. കോടമഞ്ഞു കാരണം ഒന്നും വ്യക്തമായി കാണാൻ കഴിഞ്ഞില്ല.” ഭുവൻ ഫോൺ കട്ടു ചെയ്തു. പിന്നെ എല്ലാവരോടുമായി പറഞ്ഞു;
”ചെമ്പ്രയുടെ മുകളിൽ വെച്ച് പോലീസുകാർ ഒരു വനിതാ മാവോയിസ്റ്റിനെ തട്ടിയെന്ന്.”
”അതവൾ തന്നെയായിരിക്കും.” രണ്ടോ മൂന്നോ പേർ ഒന്നിച്ചാണതു പറഞ്ഞത്. ഭുവന്‍റെ ഹൃദയത്തിലെ മുറിവ് ആരും കണ്ടില്ല!
ചോദ്യം ചെയ്യലിനു ശേഷം, കഷണ്ടിയിൽ അവിടവിടെയുള്ള മുടികൾ നരച്ചിട്ടുണ്ടെങ്കിലും ചെറുപ്പം വിട്ടുമാറാത്ത പോലീസ് മേധാവി ഭുവനോട് പറഞ്ഞു;
”താങ്കൾ പറഞ്ഞതൊന്നും അവിശ്വസിക്കണമെന്ന് എനിക്കു തോന്നുന്നില്ല. പക്ഷെ നിന്‍റെ മൊഴി രേഖപ്പെടുത്തിയാൽ സ്വന്തം ഭാര്യയെ കൊല്ലാൻ ഗൂഡാലോചന നടത്തിയതിന് നിന്നെ അറസ്റ്റു ചെയ്യേണ്ടി വരും.”
ഭുവൻ നിശ്ശബ്ദത പാലിച്ചു. എന്തു വന്നാലും നേരിടാനുറച്ച് അവൻ ഇരുന്നു.
ഭുവന്‍റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിക്കാത്തപ്പോൾ ജില്ലാ പോലീസ് മേധാവി പറഞ്ഞു;
”എന്തായാലും ഞങ്ങൾ ഒരു മാവോയിസ്റ്റിനെ വെടിവെച്ചു കൊന്നിരിക്കുകയാണ്. അത് അങ്ങിനെ തന്നെ ഇരിക്കട്ടെ. തനിക്കും കുഴപ്പത്തിൽ ചാടാതെ രക്ഷപ്പെടാം. ഇനിയെങ്കിലും സ്വന്തം ഭാര്യയെ സ്നേഹിച്ചു തുടങ്ങ്. ഒരച്ഛനായിക്കഴിഞ്ഞാൽ എല്ലാം ശരിയായിക്കൊള്ളും. പോയി അതിനുള്ള പണിയെടുക്ക്. സാറിനു പോവാം.”
‘മല പോലെ വന്നത് എലി പോലെ പോയി.’ എങ്കിലും ആശ്വാസത്തോടെയല്ല ഭുവൻ ജില്ലാ പോലീസ് കാര്യാലയത്തിന്‍റെ പടികളിറങ്ങിയത്. ചാർവിയെ അഭിമുഖീകരിക്കുക എന്ന വലിയൊരു കടമ്പ മുന്നിൽ കിടക്കുന്നു.
‘കുങ്കുമപ്പൂവ്’ സീരിയൽ കഴിഞ്ഞ് കിടപ്പുമുറിയിലെത്തുന്നതു വരെ, അന്ന് ഭുവനും ചാർവിയും പരസ്പരം ഒന്നും സംസാരിച്ചില്ല. ഒടുവിൽ കിടക്കയിൽ വിഷണ്ണനായിരിക്കുന്ന ഭുവനോട് മൗനം ഭഞ്ജിച്ചുകൊണ്ട് ചാർവി പറഞ്ഞു;
”ഞാനെന്തെങ്കിലും ചോദിക്കുമെന്നോർത്ത് മനസ്സിൽ കള്ളങ്ങളൊന്നും നീ ആലോചിച്ചു കൂട്ടേണ്ട. വീനസ്സിന്‍റെ ശവപ്പെട്ടിയും ചുമന്നു കൊണ്ടാണ് നീയിപ്പോൾ നടക്കുന്നതെന്ന് എനിക്കറിയാം. അതെവിടെയെങ്കിലും കുഴിച്ചു മൂട്. അല്ലെങ്കിൽ നമ്മുടെ കിടപ്പു മുറിയും ഒരു ശവപ്പറമ്പാകും!”
ചാർവിയുടെ തലയിൽ പേനുകൾ മാത്രമല്ല ഉള്ളതെന്ന് ഭുവൻ അത്ഭുതത്തോടെ മനസ്സിലാക്കി!