ഫ്ളൈറ്റ് സമയത്തിനു തന്നെ എത്തിയതു കൊണ്ട് ഏറെ നേരത്തെ കാത്തിരിപ്പ് വേണ്ടി വന്നില്ല. എല്ലാവരും ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞ ഉടനെ ഞാൻ മൊബൈൽ ഓണാക്കി. വീട്ടിലെ നമ്പർ ഡയൽ ചെയ്യുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ ശബ്ദം കേൾക്കുവാനുള്ള മോഹമായിരുന്നു. പക്ഷേ ഫോണെടുത്തത് മായയാണ്. അല്ലെങ്കിൽത്തന്നെ അമ്മയ്ക്ക് സ്വയം ഫോണെടുക്കുവാൻ ആവുകയില്ലല്ലോ എന്ന് ഞാനോർത്തത് അപ്പോഴാണ്.

“ഹലോ ചേച്ചീ… നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ… അവിടെയെത്തിയാലുടനെ വിളിക്കണെ ചേച്ചീ…”

“മായ മോളെ… അമ്മയ്ക്കെങ്ങിനെയുണ്ട് ഇപ്പോൾ. അമ്മയുടെ കൈയ്യിൽ ഒന്നു ഫോൺ കൊടുക്കുമോ?”

“അമ്മ ആകെ അപ്സെറ്റാണ് ചേച്ചീ. ചേച്ചീ പോയിക്കഴിഞ്ഞ് അമ്മ കരച്ചിൽ തന്നെയായിരുന്നു.”

“സാരമില്ല മോളെ. ഞാൻ സംസാരിക്കാം അമ്മയോട്. അമ്മയുടെ കൈയ്യിൽ ഫോൺ കൊടുത്തോളൂ…” മായ ഫോൺ അമ്മയുടെ ചെവിയിൽ ചേർത്തു വച്ചു കൊണ്ട് പറഞ്ഞു. അമ്മേ ഫോണിൽ ചേച്ചിയാണ്. അമ്മയോട് സംസാരിക്കണം എന്ന്.

“എവിടെ മോളെ… എന്‍റെ മീര മോളോട് എനിക്കും സംസാരിക്കണം. അവർ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞോ.”

“കേറിക്കഴിഞ്ഞു അമ്മേ. വേഗം സംസാരിച്ചോളൂ. അല്ലെങ്കിൽ ഇപ്പോൾ ഫോൺ ഓഫാക്കാനുള്ള അനൗൺസ്മെന്‍റ് വരും.”

അതുകേട്ടപ്പോൾ അമ്മ വേഗം സംസാരം തന്നോടായി.

“ഹലോ മീര മോളെ. നിങ്ങൾ ഫ്ളൈറ്റിൽ കേറിക്കഴിഞ്ഞു അല്ലേ. നീ പോയിക്കഴിഞ്ഞ് എനിക്ക് വല്ലാത്ത ഒരു വിഷമം. ഇനി നിങ്ങളൊയൊക്കെ എനിക്കു കാണാൻ കഴിയുമോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം വന്നു.”

“അമ്മേ… അമ്മ വിഷമിക്കരുത്. അമ്മയ്ക്ക് എത്രയും വേഗം മായയോടൊപ്പം ബാംഗ്ലൂർക്ക് തിരിച്ചു പോകാൻ കഴിയും. അവൾ അമ്മയെ നല്ലവണ്ണം നോക്കിക്കോളും. ഒന്നുമില്ലെങ്കിലും അവൾ ഒരു ഡോക്ടർ അല്ലേ അമ്മേ.”

“ശരിയാണു കുഞ്ഞെ. പക്ഷേ ആരൊക്കെ നോക്കിയാലും ഒരിക്കലും എല്ലാം വിഫലമായിത്തീരും. മുകളിൽ നിന്ന് സമയമായി എന്ന അറിയിപ്പു വരുമ്പോൾ നമുക്കു കൂടെപ്പോയല്ലെ പറ്റൂ.”

“അമ്മേ… അമ്മ ഇങ്ങനെയൊക്കെയാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ ഫോൺ വയ്ക്കുകയാണ്. അമ്മ ഒന്നും ഓർത്ത് വിഷമിക്കരുത്. മനസ്സു സന്തോഷമായിരുന്നാൽ ഒന്നും വരികയില്ല. ഇപ്പോൾ ഫോൺ ഓഫ് ചെയ്യാനുള്ള അനൗൺസ്മെന്‍റ് വന്നു കഴിഞ്ഞു. ഞാൻ അവിടെ ചെന്നിട്ട് വിളിക്കാം.”

മൊബൈൽ ഓഫാക്കി ഹാൻഡ് ബാഗിലിടുമ്പോൾ അമ്മയെക്കുറിച്ചോർത്തു. പാവം അമ്മ… മക്കളെ ഇത്രയധികം സ്നേഹിച്ച ഒരമ്മയും കാണില്ല. പ്രത്യേകിച്ച് പെണ്മക്കളായതു കൊണ്ട് അമ്മയുടെ കരുതലും സ്നേഹവും കൂടുതലായിരുന്നു. ഏതു പ്രതിസന്ധിയിലും തളരാതെ പിടിച്ചു നിൽക്കാൻ കുറെയൊക്കെ കഴിഞ്ഞത് അമ്മയുടെ ഉപദേശങ്ങൾ കൊണ്ടാണ്. ഇന്നിപ്പോൾ ആ അമ്മ തന്നെ കരുത്തെല്ലാം ചോർന്നവളായി തീർന്നിരിക്കുന്നു. മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയതു കൊണ്ടാവാം അത്. പ്രിയപ്പെട്ട എല്ലാറ്റിനേയും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോകേണ്ടി വരുന്നതോർക്കുമ്പോൾ ആരാണ് ദുർബലരായിത്തീരുതിരിക്കുക? പെട്ടെന്ന് വേവലാതിയോടെ ഓർത്തു.

അപ്പോൾ മരണത്തിന്‍റെ സാന്നിദ്ധ്യം അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയെന്നോ. അധികം താമസിയാതെ അമ്മ ഞങ്ങളെ വിട്ട് മറ്റൊരു ലോകത്തേയ്ക്ക് യാത്ര തിരിക്കുമെന്നോ. ഒന്നും ഓർക്കാതിരിക്കാൻ ശ്രമിച്ചു. എന്നിട്ടും കണ്ണുകൾ ഈറനണിഞ്ഞു. കൺകോണിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ കണ്ട് നരേട്ടൻ ആരാഞ്ഞു.

“നീ എന്തിനാണ് കരയുന്നത്? അമ്മയെക്കുറിച്ച് ഓർത്തിട്ടാണോ?”

“അതെ നരേട്ടാ… അമ്മ ഞങ്ങളെ വിട്ടു പോകുമോ എന്ന് ഒരു പേടി. അമ്മയ്ക്കും അതുണ്ടായിത്തുടങ്ങിയിരിക്കുന്നു.”

“അങ്ങിനെ ഒന്നിനേയും ഭയപ്പെട്ടിട്ടു കാര്യമില്ല മീരാ. സംഭവിക്കാനുള്ളതു സംഭവിക്കും. ഈ ലോകത്തിൽ പലതും സംഭവിക്കുന്നത് അജ്ഞാതമായ ഏതോ ശക്തിയുടെ നിയന്ത്രണത്തിലാണ്. മനുഷ്യശക്‌തിക്ക് അതീതമായ എന്തോ ഒന്ന് ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുണ്ട്. മനുഷ്യന്‍റെ ജനനവും, മരണവുമെല്ലാം ആ ശക്തിയുടെ കൈകളിലാണ്. ഒരാൾ ജനിക്കുമ്പോൾത്തന്നെ അയാളുടെ മരണ സമയവും ആ ശക്തി കുറിച്ചു വച്ചിട്ടുണ്ടാകും. അതിനെ തടുക്കുവാൻ സാധാരണക്കാരായ നമുക്ക് കഴിയുകയില്ലല്ലോ…”

“അതു ശരിയാണ് നരേട്ടാ. എങ്കിലും അമ്മ ഞങ്ങളെ വിട്ടു പോകുന്നതോർക്കുമ്പോൾ.” ആ തോളിൽ താലചായ്ച്ച് തേങ്ങിക്കരഞ്ഞ എന്നെ സമാശ്വസിപ്പിച്ച് കൊണ്ട് നരേട്ടൻ പറഞ്ഞു.

“ഒരു പക്ഷെ നാളെ ഞാനും കടന്നു പോയെന്നു വരാം. അപ്പോൾ നീയിതു പോലെ ദുർബലയാകരുത്. അന്ന് നിന്നെ ആശ്വസിപ്പിക്കുവാൻ ആരുമുണ്ടായി എന്ന് വരികയില്ല. മരണത്തെ ഒരു സ്വാഭാവിക പ്രതിഭാസമായി കാണാൻ നിനക്കു കഴിയണം. ജനിച്ചാൽ ഒരിക്കൽ നാം മരിക്കും.” നരേട്ടനെ മുഴിമിക്കാൻ സമ്മതിക്കാതെ ഞാൻ പറഞ്ഞു.

“അരുത്… നരേട്ടൻ ഇനിയും ഇത്തരം വർത്തമാനം തുടർന്നാൽ ഞാൻ ഇവിടെ നിന്നും എഴുന്നേറ്റു പോകും. എന്നിട്ട് ദേവാനന്ദിനോട് ഇവിടെ വന്നിരിക്കാൻ പറയും.”

“ഓ… സോറി മീര….. ഇനി ഞാൻ ഒന്നും പറയുകയില്ല. ഇതെന്നല്ല നിന്നെ വേദനിപ്പിക്കുന്ന ഒന്നും. നിനക്കിപ്പോൾ ഒന്നും സഹിക്കുവാനുള്ള ത്രാണി ഇല്ലാതായിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു.”

നരേട്ടൻ ക്ഷമ യാചിച്ചു കൊണ്ട് എന്നെ ചേർത്തു പിടിച്ചു. ആ മാറിൽ തലചായ്ച്ച് കണ്ണടച്ചു കിടന്ന ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. യാത്രാക്ഷീണം മൂലം അറിയാതെ മയക്കത്തിലാണ്ട ഞാൻ ആരോ വസ്ത്രത്തിൽ പിടിച്ചു വലിക്കുന്നതറിഞ്ഞാണ് ഞെട്ടി ഉണർന്നത്. നോക്കുമ്പോൾ ടുട്ടുമോൻ നരേട്ടന്‍റെ കൈകളിലിരുന്ന് എന്നെ പിടിച്ചു വലിക്കുകയാണ്. നരേട്ടൻ അവന്‍റെ കുഞ്ഞികൈകളെ എന്‍റെ ബ്ലൗസിന്‍റെ മേൽ തുമ്പിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

“വേണ്ട കുട്ടാ… അമ്മമ്മ ഉറങ്ങിക്കൊള്ളട്ടെ. ശല്യപ്പെടുത്തേണ്ട.” പെട്ടെന്ന് അവൻ ഉറക്കെക്കരയുവാൻ തുടങ്ങി. അതുകണ്ട് ഞാൻ സീറ്റിൽ നേരെയിരുന്ന് അവന്‍റെ നേരെ കൈനീട്ടി. പെട്ടെന്നവൻ സന്തോഷത്തോടെ എന്‍റെ നേർക്ക് ചാടി വീണു.

“കണ്ടില്ലേ… കള്ളക്കുട്ടൻ. അവന് നീ എടുക്കാൻ വേണ്ടിയുള്ള കള്ളത്തരമായിരുന്നു. അവനിപ്പോൾ അമ്മമ്മയെ മതി.”

അവനെ എടുത്ത് ഓമനിക്കുമ്പോൾ നരേട്ടൻ പറഞ്ഞു. “കണ്ടില്ലേ അവന് അവന്‍റെ സുന്ദരിയായ അമ്മമ്മയെ മതി. അമ്മമ്മയുടെ സൗന്ദര്യം കണ്ട് അവനും ഒരുപാട് ഇഷ്ടം തോന്നിക്കാണും. പണ്ട് ഞാൻ വീണു പോയതുപോലെ.”

നരേട്ടൻ അതു പറഞ്ഞ് ഉറക്കെ ചിരിച്ചപ്പോൾ ഞാൻ തടഞ്ഞു. “ശ്ശ്… നരേട്ടാ… പതുക്കെ ഇത് ഫ്ളൈറ്റാണ്. എല്ലാവരും തിരിഞ്ഞു നോക്കുന്നതു കണ്ടില്ലേ.”

പെട്ടെന്ന് നരേട്ടനും ഒന്നു വല്ലാതെയായതു പോലെ തോന്നി. പരിസരം മറന്ന് ചിരിക്കുന്ന സ്വഭാവം നരേട്ടന് പണ്ടേ ഉള്ളതാണ്. അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് വീടിനു പുറത്തിറങ്ങുമ്പോൾ ഞാൻ പറയുന്നതു കേട്ട് നരേട്ടൻ പറയാറുള്ളതിങ്ങനെയാണ്.

“ചിരി ആരോഗ്യത്തിനു നല്ലതാണ്. പ്രത്യേകിച്ചും തുറന്ന ചിരി ഹൃദയാരോഗ്യം വർദ്ധിപ്പിക്കും.”

“എന്നാലും നരേട്ടാ പുറത്തിറങ്ങുമ്പോൾ ഇങ്ങനെ ചിരിച്ചാൽ ആളുകൾ എന്തു വിചാരിക്കും. അതുകൊണ്ട് അൽപം നിയന്ത്രിച്ചോളൂ.”

ഞാൻ പറയും. ഇപ്പോൾ എന്‍റെ ഓർമ്മപ്പെടുത്തൽ കേട്ട് എന്തുകൊണ്ടോ നരേട്ടൻ മിണ്ടാതിരുന്നു. ഏതോ അജ്ഞാതമായ വേദന അദ്ദേഹത്തെ അലട്ടുന്നതായി തോന്നി. പുറമെ ചിരിച്ചു കളിച്ചാണിരിക്കുന്നതെങ്കിലും ഉള്ളിന്‍റെ ഉള്ളിൽ അദ്ദേഹം ഏതോ ആകുലതയ്ക്കടിപ്പെട്ടിരിക്കുന്നതായി എനിക്കു തോന്നി.

ഒരുപക്ഷെ എല്ലാം എന്‍റെ തോന്നലാവുമോ? മടിയിലിരുന്ന് ടുട്ടുമോൻ കളിച്ചു കൊണ്ടിരുന്നു. അവനെ കൊഞ്ചിട്ടു കൊണ്ട് എല്ലാ വേദനകളും മറക്കാൻ ഞാനും ശ്രമിച്ചു. ഇടയ്ക്ക് ജനാലയിലൂടെ നോക്കിയപ്പോൾ വെൺമേഘങ്ങൾ ഞങ്ങളെ പിന്നിട്ട് മുന്നോട്ടു കുതിയ്ക്കുകയായിരുന്നു. അവ കൈയ്യെത്തിപ്പിടിക്കാവുന്നത്ര അകലത്തിലാണെന്നു തോന്നി. അൽപം കഴിഞ്ഞപ്പോൾ ഒരു കറുത്ത മേഘം വന്ന് ആ വെൺ മേഘക്കീറുകളെ പൊതിഞ്ഞു. നേരത്തെ പ്രകാശമാനമായിരുന്ന അന്തരീക്ഷം പെട്ടെന്ന് ഇരുണ്ടതു പോലെ ഞങ്ങളുടെ ഫ്ളൈറ്റ് ആ മേഘക്കീറുകളെ വകഞ്ഞു മാറ്റി ഒരു വലിയ ഗരുഡൻ പക്ഷിയെപ്പോലെ മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

ഞാൻ അറിയാതെ ഒരു മയക്കത്തിലേയ്ക്ക് വഴുതി വീണു കൊണ്ടിരുന്നു. മയക്കത്തിൽ ഞാൻ കണ്ടു. അലറുന്ന തിരമാലകളിൽ പൊങ്ങിക്കിടന്ന് കൈകാലിട്ടടിക്കുന്ന എന്‍റെ രാഹുൽ മോൻ. അമ്മേ എന്ന അവന്‍റെ അലറിക്കരച്ചിൽ കേട്ട് നിസ്സഹായയായി കരയിൽ കരഞ്ഞു കൊണ്ടു നിൽക്കുന്ന ഞാൻ.

“മോനെ നീന്തൂ. സകലശക്തിയുമെടുത്ത് നീന്തി കരയ്ക്കണയാൻ നോക്കൂ.” ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ അവൻ സർവ്വശക്തിയുമെടുത്ത് തുഴയാൻ ശ്രമിക്കുന്തോറും തിരമാലകൾ അവനെ ആകമാനം വിഴുങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ഒരു വലിയ തിമിംഗലം അവന്‍റെ നേർക്ക് വാ പിളർന്നടുക്കുന്നതു കണ്ട് ഞാൻ അലറി വിളിച്ചു. കണ്ണുകൾ ഇറുക്കി പൂട്ടി നിന്നു. അവനെ രക്ഷിക്കാൻ മുന്നോട്ടു കുതിക്കാൻ തുടങ്ങിയ എന്നെ ആരുടെയോ കൈകൾ ശക്തിയായി പിടിച്ചു നിർത്തി. തിരിഞ്ഞു നോക്കുമ്പോൾ അത് നരേട്ടനായിരുന്നു. ബലിഷ്ഠമായ ആ കരങ്ങളിലകപ്പെട്ട ഞാൻ മുന്നോട്ടു കുതിക്കുവാനാവാതെ നിന്നു. പിന്നെ തിരയടങ്ങി ശാന്തമായപ്പോൾ രാഹുൽമോൻ അപ്രത്യക്ഷനായിരുന്നു. അപ്പോൾ വിങ്ങിപ്പൊട്ടിക്കൊണ്ട് ഞാനാമാറിൽ കുഴഞ്ഞു വീണു. അൽപം കഴിഞ്ഞു കണ്ണുതുറന്നപ്പോൾ നരേട്ടന്‍റെ കൈകളിൽ ടുട്ടുമോനുണ്ട്. അവൻ രാഹുൽ മോനെപ്പോലെ ചിരിച്ചു കൊണ്ട് എന്നെ നോക്കി. അപ്പോൾ അങ്ങകലെ തിരമാലകൾക്കു മോലെ ഒരു തോണി മേൽ ചിരിച്ചു കൊണ്ട് രാഹുൽ മോൻ നിൽക്കുന്നു.

“അമ്മേ, ഞാനെപ്പോഴും അരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ. അമ്മ പിന്നെ വിഷമിക്കുന്നതെന്തിനാണ്.” അങ്ങനെ പറഞ്ഞവൻ വീണ്ടും അപ്രത്യക്ഷനായി.

“രാഹുൽമോനെ… പോകല്ലെടാ” അങ്ങനെ മയക്കത്തിൽ അൽപം ഉറക്കെ വിളിച്ചു കൊണ്ട് ഞാൻ കണ്ണു തുറന്നു. അപ്പോൾ യഥാർത്ഥത്തിൽ നരേട്ടൻ ടുട്ടുമോനെ കൈകളിലേന്തി എന്നെ അമ്പരപ്പോടെ തുറിച്ചു നോക്കി അരികിലുണ്ടായിരുന്നു.

“എന്തുപറ്റി തനിക്ക്. ഉറക്കത്തിൽ താനെന്താ വിളിച്ചു പറഞ്ഞത്?”

“അത്… അത്… ഞാനൊരു സ്വപ്നം കണ്ടു നരേട്ടാ. സ്വപ്നത്തിൽ ഞാൻ രാഹുൽമോനെ കണ്ടു. തിരച്ചുഴിയിലകപ്പെട്ട് അവൻ എന്നെ നോക്കി ഉറക്കെ അലറി വിളിക്കുന്നതായി. പക്ഷേ അൽപം കഴിഞ്ഞ് അവൻ അപ്രത്യക്ഷനായി. പിന്നീടവൻ പ്രത്യക്ഷനായപ്പോൾ എന്നോടു പറഞ്ഞു. “അമ്മ ഭയപ്പെടേണ്ട. ഞാനരികിൽത്തന്നെയുണ്ട്. ടുട്ടുമോന്‍റെ രൂപത്തിൽ” എന്നു പറഞ്ഞ് അപ്രത്യക്ഷനായി. സ്വപ്നത്തിൽ അവൻ എന്നോടു വന്നു പറഞ്ഞത് സത്യമായിരിക്കും അല്ലെ നരേട്ടാ. നമ്മുടെ ടുട്ടുമോൻ രാഹുൽമോന്‍റെ പുനർജന്മമാണെന്ന് നമുക്കു വിശ്വസിക്കാം.”

“അതെ മീരാ. അങ്ങിനെതന്നെ വിശ്വസിച്ചോളൂ. പൂർണ്ണമായും അതാണ് സത്യം. ഇവൻ നമ്മുടെ രാഹുൽമോൻ തന്നെയാണ്. അതുകൊണ്ടു തന്നെ ഇവനെ കൈകളിലെടുത്ത് കൊഞ്ചിച്ചുലാളിക്കുമ്പോൾ ഞാനെല്ലാം മറക്കുകയാണ്. വേദനകൾ എന്നിൽ നിന്നും ഓടിയൊളിക്കുകയാണ്. ഇവനെപ്പിരിയുവാൻ എനിക്കിനി ആവുകയില്ല മീരാ. അഥവാ അങ്ങിനെ വേണ്ടി വന്നാൽ ഞാൻ മരിച്ചു പോകും.”

അതു പറയുമ്പോൾ ഞാനാ കൈയ്യിൽ മുറുകെപ്പിടിച്ചു. വിമാനത്തിൽ ചിലർ ഞങ്ങളെ ശ്രദ്ധിക്കുന്നെന്നു തോന്നിയപ്പോൾ ഞാൻ കൈപിൻവലിച്ചു. എന്നിട്ടു മെല്ലെപ്പറഞ്ഞു.

“ഇനിയും ദയവു ചെയ്ത് നരേട്ടനിതാവർത്തിക്കരുത്. നമ്മുടെ ടുട്ടുമോനെ ഓർത്തെങ്കിലും.” ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഞാനിത് നരേട്ടനോട് പറയുന്നതെന്ന് ഓർത്തു പോയി. എത്ര പറഞ്ഞാലും മരണത്തെപ്പറ്റി വീണ്ടും വീണ്ടും പറയുന്ന നരേട്ടനെ ഞാൻ നിറഞ്ഞ പരിഭവത്തോടെ നോക്കി.

“ശരി… ശരി… ഞാനിനി ഇങ്ങനെ ഒന്നും പറയുകയില്ല. അല്ലെങ്കിൽ തന്നെ എന്‍റെ മോൻ എന്‍റടുത്തു തന്നെ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് ഇതാവർത്തിക്കണം.” നരേട്ടനിതു പറയുമ്പോൾ ഞാൻ പുറത്തേയ്ക്കു നോക്കിയിരുന്നു. വെൺമേഘക്കീറുകൾക്കപ്പുറത്ത് ആകാശം അപ്പോഴും ഇരുണ്ടിരുന്നു. ഒരു മഴയ്ക്കുള്ള തുടക്കം പോലെ.

എന്‍റെ മനസ്സിലും ആശങ്കയുടെ കാർമേഘക്കീറുകൾ വന്നു നിറഞ്ഞു.

നരേട്ടൻ മുറുകെപ്പിടിയ്ക്കുന്ന ഈ ആശ്വാസം എത്ര നാളത്തേക്ക് ഉണ്ടാകും എന്ന് ഞാനോർത്തു നോക്കി. ഒരു പക്ഷേ ഒരാഴ്ച അതു കഴിഞ്ഞാൽ കൃഷ്ണമോളും, ദേവാനന്ദും അവനെ ഞങ്ങളുടെ അടുത്തു നിന്ന് കൊണ്ടു പോകും. അപ്പോൾ നരേട്ടൻ അതെങ്ങിനെ സഹിക്കും. അല്ലെങ്കിൽ നരേട്ടനു വേണ്ടി കൃഷ്ണമോൾക്കു മുന്നിൽ ഞാൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരും. അതൊരിക്കലും എനിക്കും നരേട്ടനും അഭികാമ്യമായിരിക്കുകയില്ല. പിന്നെ എന്താണൊരു പോംവഴി?

ചിന്തകൾ കാടുകയറിയ മനസ്സുമായി ഞാൻ വിമാനത്തിൽ മൂകയായിരുന്നു. അൽപം കഴിഞ്ഞപ്പോൾ ടുട്ടുമോൻ കരയാൻ തുടങ്ങി. അവനു വിശന്നിട്ടോ, അതോ ഉറക്കം വന്നിട്ടോ ആയിരിക്കാം അത്. കൃഷ്ണമോൾ തിരിഞ്ഞു നോക്കിയതല്ലാതെ അവനെ എടുക്കുവാനായി ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നില്ല. കാരണം അവന്‍റെ പാൽക്കുപ്പി എന്‍റെ ഹാൻഡ് ബാഗിലുണ്ടായിരുന്നു. അതെടുത്ത് അവന് പാലു കൊടുത്തു. പിന്നീടാ കുഞ്ഞിക്കണ്ണുകൾ മെല്ലെ അടഞ്ഞു വരുന്നതു കണ്ട് ഞാനവനെ എടുത്ത് തോളിൽക്കിടത്തി മെല്ലെ പുറം തലോടിക്കൊണ്ടിരുന്നു. അപ്പോൾ എന്നിലെ മാതൃഹൃദയവും എന്തിനെന്നറിയാതെ വിങ്ങിപ്പൊട്ടാൻ തുടങ്ങിയിരുന്നു. ഊറി വന്ന കണ്ണുനീർക്കണങ്ങൾ സാരിത്തുമ്പു കൊണ്ടൊപ്പി ഞാൻ വിൻഡോ ഗ്ലാസ്സിലൂടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ഇവനെ കൈവിടാൻ എനിക്കുമാവില്ലലോ എന്നോർത്തു കൊണ്ട്. ചൂഴുന്ന നിസ്സഹായതയിൽ മനസ്സു പിടഞ്ഞു കൊണ്ടിരുന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...