മനസ്സിൽ ഉള്ളത് മുഖത്തുണ്ടാവും എന്നാണ് പറയാറെങ്കിലും മുഖചർമ്മം സംരക്ഷിക്കാൻ വ്യായാമവും പരിചരണവും കൂടിയേ തീരൂ. മഴക്കാലത്ത് സൗന്ദര്യം കാത്തു സൂക്ഷിക്കാൻ വീട്ടിൽ തന്നെ നിർമ്മിക്കുന്ന സൗന്ദര്യ വർദ്ധക വസ്‌തുക്കൾ ഉപയോഗിക്കാവുന്നതാണ് നല്ലത്. എണ്ണതേച്ചുള്ള കുളി അതിൽ പ്രധാനമാണ്.

ഹെർബൽ ഫേഷ്യൽ

  • വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാവുന്നതാണ്.
  • ചെറുപയർ പൊടി, ചെറുനാരങ്ങാനീര്, തേൻ എന്നിവ സമം ചേർത്ത് മുഖത്ത് പുരട്ടുക. ഒരു മണിക്കൂർ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിൽ കഴുകാം. അതുപ്പോലെ പാലിൽ കടലമാവ് കലക്കി മുഖത്ത് പുരട്ടി അൽപ്പം കഴിഞ്ഞ് കഴുകിക്കളയാം. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.
  • അൽപം വെള്ളരിക്കാ നീരിൽ ചെറുനാരങ്ങാനീരും മഞ്ഞൾ പൊടിയും ചേർത്ത് മുഖത്ത് 5 മിനിറ്റ് തേച്ച് പിടിപ്പിക്കുക. ശേഷം നല്ല വെള്ളത്തിൽ കഴുകി കളയുക. രാവിലെ കുളിയ്ക്ക് മുമ്പ് ചെയ്യുന്നതാണ് ഉത്തമം.
  • രണ്ട് ടേബിൾ സ്പൂൺ കാരറ്റ്നീരും ഒരു ടേബിൾ സ്പൂൺ തേനും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പത്ത് മിനിട്ടിനു ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ചർമ്മത്തിനു മിനുസവും ദൃഢതയും ലഭിക്കും.

എണ്ണ തേപ്പ്

കുളിക്കുന്നതിനു മുമ്പ് എന്നും എണ്ണ തേക്കുന്നത് ശീലമാക്കണം. എണ്ണ പുരട്ടി അരമണിക്കൂർ കഴിഞ്ഞശേഷമേ കുളിക്കാൻ പാടുള്ളൂ. വെളിച്ചെണ്ണ, വെന്ത വെളിച്ചെണ്ണ, എളെണ്ണ, ഒലീവ് ഓയിൽ എന്നിവ തേച്ചു കുളിക്കാൻ ഉപയോഗിക്കാം. കുളിക്കുമ്പോൾ സോപ്പിനു പകരം ചെറുപയർ പൊടി ഉപയോഗിക്കുക. കടലമാവ് ആയാലും നല്ലതാണ്. കുട്ടികൾക്ക് തേങ്ങാപാൽ ദേഹത്ത് ആഴ്ചയിൽ ഒരിക്കൽ പുരട്ടി കൊടുക്കാം. അരമണിക്കൂർ കഴിഞ്ഞ് കുളിപ്പിക്കുക. ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.

കരിവാളിപ്പ് അകറ്റാൻ

രക്‌തചന്ദനവും, മഞ്ഞളും അരച്ച് പുരട്ടിയാൽ മുഖക്കുരു പാടുകൾ മാറിക്കിട്ടും. കരിവാളിപ്പ് മഴക്കാലത്ത് അധികം കാണാറില്ലെങ്കിലും അശട്രാവയലറ്റ് രശ്മികൾ അധികം ഏൽക്കുന്നവരിൽ ഇതുണ്ടാവാം. തേങ്ങാപാലിൽ മഞ്ഞൾ ചാലിച്ച് ദേഹത്ത് പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കുളിക്കാം. കരുവാളിപ്പ് മാറും. മുഖത്തെ എണ്ണമയം മാറാനായി രാവിലെയും വൈകുന്നേരവും ചെറുപയർ പൊടി കൊണ്ട് മുഖം കഴുകുക.

മൺസൂൺ ഹെയർ ടിപ്സ്

മഴക്കാലത്ത് മുടി വരളുകയും പൊട്ടുകയും ചെയ്യുന്നത് സാധാരണമാണ്. ഇതിനൊരു പരിഹാരമാണ് ബനാന മാസ്ക്. രണ്ട് വാഴപ്പഴം പേസ്റ്റാക്കി അതിൽ തേനും ചേർത്ത് സ്കാൽപ്പിലും മുടിയിലും പുരട്ടി ഒരു മണിക്കൂറിനു ശേഷം തല കഴുകാം.

ശിരോ ചർമ്മത്തിൽ അമിതമായി എണ്ണയുണ്ടെങ്കിൽ ലെമൺ ജ്യൂസ് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകാം. ഉലുവ കുതിർത്തരച്ച് പുളിച്ച തൈരും ചേർത്ത് തലയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ, താരൻ, വരൾച്ച എന്നിവയെ തടയും.

അതുപോലെ ഹോട്ട് ഓയിൽ മസാജ് ചെയ്യുന്നത് കേശ വളർച്ചയെ ത്വരിതപ്പെടുത്തും ഒപ്പം ആരോഗ്യവും നൽകും. വെളിച്ചെണ്ണയോ ഒലീവ് ഓയിലോ ചൂടാക്കി തലയിൽ അപ്ലൈ ചെയ്യാം. ഒരു മണിക്കൂറിനു ശേഷം കഴുകുക.

കേശാരോഗ്യത്തിനും അഴകിനും

ബാഹ്യപരിചരണം പോലെ ഏറ്റവും പ്രധാനമാണ് ആന്തരിക പരിചരണം. നല്ല വിടവുള്ള ചീപ്പു കൊണ്ട് മുടി ചീകുക. രക്‌തയോട്ടം വർദ്ധിക്കും. ഒപ്പം മുടിയുടെ കരുത്തും കൂടും. ധാരാളം വെള്ളം കുടിക്കുക. ജലം ഒരു അമൂല്യമായ ഔഷധമാണ്. പ്രോട്ടീൻ സമ്പന്നമായ ഭക്ഷണം കഴിക്കുക. കാരറ്റ്, മുട്ട, പാലുൽപന്നങ്ങൾ, ഇലവർഗ്ഗങ്ങൾ, ചെറുപയർ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം.

और कहानियां पढ़ने के लिए क्लिक करें...