വൈദേഹിയുടെ മനസ്സ് അശാന്തമായിരുന്നു. 10 വർഷങ്ങൾക്കു ശേഷം സൗരഭിന്‍റെ ഒരു ഇമെയിൽ സന്ദേശം വന്നിരിക്കുന്നു… മനസ്സ് സമ്മതിക്കുന്നില്ലെങ്കിലും അറിയാതെ അയാളെക്കുറിച്ച് ഓർത്തു പോകുന്നു. എല്ലാം ഇമെയിൽ കാരണമാണ്. ഒന്നും പറയാതെ പോയിക്കളഞ്ഞ ആളല്ലേ.
നിനക്ക് വേണ്ടി ഞാൻ നക്ഷത്രങ്ങൾ കൊണ്ടുവന്നില്ല. പക്ഷേ ജീവൻ തന്നെ നൽകും… ഇങ്ങനെയൊക്കെയായിരുന്നു ഡയലോഗുകൾ. ഇതൊക്കെ കേൾക്കുമ്പോൾ വൈദേഹി ചിരിച്ചു കൊണ്ടു പറയും “കള്ളനാണ് നീ… പേടിത്തൊണ്ടനായ കള്ളൻ”
ഇന്നും ഇതോർക്കുമ്പോൾ വൈദേഹിയുടെ മുഖത്ത് പുഞ്ചിരി വിടരും. എങ്കിലും ഉള്ളിൽ ദേഷ്യം തളംകെട്ടി നിന്നതിനാൽ മുഖം ചുവന്നു. എന്നിട്ട് മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു.
“അയാൾ എന്തിനാണ് എന്നെ ഉപേക്ഷിച്ചുപോയത്? ഇന്ന് എന്തിനാണ് എന്നെ ഓർത്ത് ഇമെയിൽ അയച്ചത്.”
വൈദേഹി ഇമെയിൽ തുറന്ന് വായിച്ചു. രണ്ട് വരിയെ ഉണ്ടായിരുന്നുള്ളൂ. “അയാം കമിംഗ് ടു സിംഗപ്പൂർ ടുമാറോ, പ്ലീസ് കം ആന്‍റ് സി മി… വിൽ അപ്ഡേറ്റ് യു ദ ടൈം..”
“ഫോൺ നമ്പർ തരൂ ഞാൻ വിളിക്കാം” എന്നും ഉണ്ടായിരുന്നു.
നമ്പർ കൊടുക്കണോ? മനസ്സ് പിടയാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്ക് ശേഷം കാണേണ്ട കാര്യമുണ്ടോ? 10 വർഷത്തിനിടയിൽ ഒരിക്കൽ പോലും വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലല്ലോ. എന്‍റെ സ്ഥിതി ഒരിക്കലും അന്വേഷിച്ചില്ലല്ലോ.. ഇപ്പോൾ ഇതെന്തിനാണ് തിരിച്ചു വരുന്നത്? വൈദേഹിയുടെ മനസ്സിൽ ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു.
കുറേ നേരം വെറുതെയിരുന്ന ശേഷം വൈദേഹി തന്‍റെ നമ്പർ ഇമെയിൽ ചെയ്തുകൊടുത്തു. എന്നിട്ട് ബാൽക്കണിയിൽ പോയിരുന്ന് ആദ്യമായി കണ്ടുമുട്ടിയ ദിവസത്തെപ്പറ്റി ഓർത്തു.
10 വർഷം മുമ്പാണത്. ഫോറം ഷോപ്പിംഗ് മാളിന്‍റെ സമീപം ഓർക്കിഡ് റോഡിൽ ഒരു അപകടം നടന്നിട്ടുണ്ടായിരുന്നു. വൈദേഹി അപകടത്തിൽ പെട്ട് റോഡിൽ വീണ് കിടപ്പായിരുന്നു. ഏതോ കാർ വന്ന് ഇടിച്ചതാണ്. അവിടെ പെട്ടെന്ന് തന്നെ ട്രാഫിക് ജാം ആയി. ആരും സഹായത്തിന് എത്തിയിരുന്നില്ല. ആളുകൾ കടന്നു പോയതല്ലാതെ ആരും തന്നെ ഒരു കൈ സഹായം തന്നില്ല. ഏതോ ഒരു സിംഗപ്പൂരിയൻ ഹെൽപ്പ് ലൈനിൽ വിളിച്ചതല്ലാതെ, ആംബുലൻസ് നീഡഡ്!
വൈദേഹിയുടെ കാലിൽ നിന്ന് ചോരവാർന്ന് കൊണ്ടിരുന്നു. ഹെൽപ്പ്… ഹെൽപ്പ് എന്ന് ഉറക്കെ കരയുന്നുണ്ടായിരുന്നു അവൾ. ആരും അടുത്ത് വരുന്നില്ല. ആ ട്രാഫിക് ജാമിൽ സൗരഭും കുടുങ്ങിയിരുന്നു. അയാൾ സഹായിക്കാനായി മുന്നോട്ട് വന്നു. വൈദേഹിയെ പൊക്കിയെടുത്ത് തന്‍റെ ബ്രാന്‍റ് ന്യൂ സ്പോർട്ട്സ് കാറിൽ ഹോസ്പിറ്റലിൽ എത്തിച്ചു.
വൈദേഹിയ്ക്ക് ബോധം പോകുന്നുണ്ടയിരുന്നു. സൗരഭ് അവളെ മടിയിൽ ഇരുത്തിയാണ് കാർ ഓടിച്ചത്. ഇത്രയേ വൈദേഹിയ്ക്ക് ഓർമ്മയുള്ളു. അതിനുശേഷം അവൾ അബോധാവസ്ഥയിലായി. എന്നാലും അന്നും അയാൾ അന്ന് അണിഞ്ഞ ലെമൺ യെലോ ടീഷർട്ട് വൈദേഹിയ്ക്ക് നല്ല ഓർമ്മയുണ്ട്.
വൈദേഹിയെ സഹായിച്ചതിനാൽ സൗരഭ് പോലീസ് നൂലാമാലകളിൽ പെട്ടിട്ടുണ്ടാവാം. അവിടെ വിദേശി റോഡപകടത്തിൽ പെട്ടാൽ ആരും സഹായിക്കാൻ മെനക്കെടാത്തത്തിന്‍റെ കാരണം ഇതാണ്.
താൻ ഒരു ഇന്ത്യാക്കാരിയാണെന്നതുകൊണ്ടാവാം സൗരഭ് ഇടപെട്ടത്. ചോരവർന്നു കിടക്കുന്ന ഒരാളെ രക്ഷിക്കുകയെന്നത് മനുഷ്യത്വമാണല്ലോ. അതുകൊണ്ട് തന്നെ അയാളോട് വല്ലാത്ത ബഹുമാനവും ആരാധനയുമായി. 4 മണിക്കൂറിനു ശേഷമാണ് വൈദേഹിയ്ക്ക് ബോധം തിരിച്ചു കിട്ടിയത്. അപ്പോഴും സൗരഭ് കട്ടിലിൽ വൈദേഹിയ്ക്ക് അടുത്ത് ഇരിക്കുകയായിരുന്നു.
അപകടത്തിൽ വൈദേഹിയുടെ ഒരു കാലിന് ഒടിവ് ഉണ്ടായിരുന്നു. മൊബൈലും പൊട്ടിപ്പോയിരുന്നു. വൈദേഹിയ്ക്ക് ബോധം വരാൻ കാത്തിരിക്കുകയായിരുന്നു സൗരഭ്. കാരണം അടുത്ത ബന്ധുക്കളെയോ മറ്റോ അറിയിക്കണമെങ്കിൽ നമ്പർ വേണമല്ലോ.
കണ്ണ് തുറന്നപ്പോൾ വൈദേഹി സൗരഭിനെ നന്നായി കണ്ടു. എന്താണ് അയാളിലേക്ക് താൻ ആകർഷിക്കപ്പെടുന്നത്. അവൾക്ക് അന്നും അതിനൊരു ഉത്തരം ലഭിച്ചിരുന്നില്ല.
എന്തെങ്കിലും ചോദിക്കാൻ പോകും മുമ്പേ സൗരഭ് പറഞ്ഞു “നിങ്ങൾ ഉണർന്നത് നന്നായി. ഇല്ലെങ്കിൽ ഇന്ന് രാത്രി മുഴുവനും ഞാൻ നിങ്ങൾക്കൊപ്പം ആശുപത്രിയിൽ കഴിയേണ്ടി വന്നേനേ… ഞാൻ സൗരഭ്. പേടിക്കണ്ട വലിയ കുഴപ്പമൊന്നുമില്ല.”
സൗരഭിന്‍റെ അടുപ്പം കണ്ടപ്പോൾ വൈദേഹി അയാളോട് താങ്ക്സ് പറഞ്ഞില്ല. കുടുംബത്തിലാരുടെയെങ്കിലും നമ്പർ തരാൻ സൗരഭ് പറഞ്ഞത് നല്ല ഓർമ്മയുണ്ട്. വൈദേഹി അമ്മയുടെ ഫോൺ നമ്പർ കൊടുത്തപ്പോൾ സൗരഭ് സ്വന്തം ഫോണിൽ നിന്ന് തന്നെയാണ് വിളിച്ചത്.
അതിനുശേഷം അയാൾ ആശുപത്രി വിടുകയും ചെയ്തു. ഒരു ബൈ പോലും പറയാതെയാണ് ഇറങ്ങിപ്പോയത്. വൈദേഹി അയാളെ അപരിചിതൻ എന്ന ഓമനപ്പേരിലാണ് മനസ്സിൽ വിളിച്ചിരുന്നത്.
അതിനുശേഷം അയാളെ കാണാൻ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല. വൈദേഹിയുടെ അച്ഛനും അമ്മയും ആശുപത്രിയിലെത്തിയിരുന്നു. വൈദേഹി എല്ലാ കഥകളും അവരെ ധരിപ്പിച്ചു.
ഇങ്ങനെയായിരുന്നു വൈദേഹിയുടെയും സൗരഭിന്‍റെയും ആദ്യ സമാഗമം. എത്ര വിചിത്രമായ കണ്ടുമുട്ടൽ! അതോർത്ത് വൈദേഹി ചിരിച്ചു.
ഒരു ഇമെയിൽ സന്ദേശം അവൾക്ക് സന്തോഷവും സങ്കടവും നൽകിയിരിക്കുന്നു.
അപകടത്തിനു ശേഷം 15 ദിവസം ബെഡ്റെസ്റ്റ് പറഞ്ഞിരുന്നു. പുതിയ ജോലിയിൽ പ്രവേശിച്ച സമയവുമായിരുന്നു. വീട്ടിലെത്തിയതും വൈദേഹി ഓഫീസിൽ അറിയിക്കാമെന്ന് വച്ചു. മൊബൈൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് അത് സൗരഭിന്‍റെ കയ്യിലകപ്പെട്ട കാര്യം ഓർമ്മ വന്നത്.
അന്നത്തെ തിരക്കിനിടയിൽ അയാൾ അതു തിരിച്ചു നൽകാൻ മറന്നുപോയിരുന്നു. ഹോ… എല്ലാ കോണ്ടാക്ട് നമ്പറും അതിലാണ്. ഇനി എന്തു ചെയ്യും അപ്പോഴാണ് അവൾ ഒരു കാര്യം ഓർത്തത്. സൗരഭ് അമ്മയെ വിളിച്ചത് സ്വന്തം നമ്പറിൽ നിന്നാണ്. അപ്പോൾ അമ്മയുടെ ഫോണിൽ സർച്ച് ചെയ്താൽ സൗരഭിന്‍റെ നമ്പർ കിട്ടും. അവൾ ആ നമ്പർ തപ്പിയെടുത്തു.
അവൾ അയാളെ വിളിച്ചു ചെറിയ കുശലാന്വേഷണത്തിനു ശേഷം തന്‍റെ മൊബൈൽ തിരിച്ചു കൊണ്ട് തരാമോ എന്ന് അഭ്യർത്ഥിച്ചു.
“ഫ്രീയായി തരില്ല..പകരം നല്ല ഭക്ഷണം തരേണ്ടി വരും. നാളെ വൈകിട്ട് വീട്ടിൽ വരാം. വിലാസം പറയൂ” സൗരഭ് സ്നേഹത്തോടെയാണ് സംസാരിച്ചത്.
ഇയാൾ ഒരു വിചിത്രജീവി തന്നെ. എന്തായാലും മൊബൈൽ ലഭിച്ചല്ലേ പറ്റൂ. അവൾ സമ്മതിച്ചു. അടുത്ത ദിവസം വൈകുന്നേരം കക്ഷി വീട്ടിലെത്തി. ഒറ്റ സായാഹ്നം കൊണ്ട് തന്നെ അയാൾ വീട്ടിലെല്ലാവരുമായി കൂട്ടായി.
ഏറെ കാലമായി അറിയുന്ന ആളെ പോലെയായി സൗരഭ്. അപരിചിതത്വം തോന്നിയതേയില്ല. അത് അയാളുടെ സ്വഭാവത്തിന്‍റെ സവിശേഷതയാവാം. സൗരഭ് പോയി കഴിഞ്ഞിട്ടും എല്ലാവരും അയാളുടെ പെരുമാറ്റത്തെ പുകഴ്ത്തിക്കൊണ്ടിരുന്നു.
അയാൾ വീട് വിട്ടിറങ്ങിയപ്പോൾ വൈദേഹിയുടെ മനസ്സും അയാൾക്കൊപ്പം പോയോ?… അയാളിൽ അവൾ അത്രയ്ക്ക് ആകൃഷ്ടയായിരുന്നു.
സൗരഭ് സിംഗപ്പൂരിൽ ഒറ്റയ്ക്കായിരുന്നു താമസം. ഒരു കാർ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ മനേജർ ആയിരുന്നു.
സൗരഭിന് പുതിയ കാറിന്‍റെ ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ കിട്ടുമായിരുന്നു. പലപ്പോഴും അയാൾ അത് ചോദിച്ചു വാങ്ങാറാണ് പതിവ്. വൈദേഹിയ്ക്ക് അപകടം പിണഞ്ഞ ദിവസവും സ്പോർട്ട്സ് കാറിന്‍റെ ടെസ്റ്റ് ഡ്രൈവിന് വന്നതായിരുന്നു. അയാളുടെ രക്ഷിതാക്കൾ ഇന്ത്യയിലായിരുന്നു.
അതിനാൽ ഒരേ ദേശക്കാരുമായി അടുക്കാൻ അയാൾക്ക് മറ്റ് പ്രവാസികളെപ്പോലെ തന്നെ ഇഷ്ടമായിരുന്നു. വൈദേഹിയുമായി ചങ്ങാത്തത്തിലാവാൻ ഒരു പ്രധാന കാരണവും ഉണ്ടായിരുന്നു. വൈദേഹിയുടെ മനസ്സിലും അയാൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു.
അവർ ഇടയ്ക്കിടയ്ക്ക് കാണാൻ തുടങ്ങി. ചായ കുടിക്കാൻ തുടങ്ങി. പക്ഷേ ഇരുവരും ഒരിക്കൽ പോലും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞില്ല.
ബെഡ് റെസ്റ്റിനു ശേഷം വൈദേഹി ഓഫീസിൽ പോകാൻ തുടങ്ങി. രണ്ടാളുടെയും ഓഫീസ് ഓർക്കിഡ് റോഡിൽ തന്നെയായിരുന്നു.
പല ദിവസങ്ങളിലും സൗരഭ് വൈദേഹിയെ ഓഫീസിൽ നിന്ന് വീട്ടിൽ കൊണ്ട് വിട്ടിരുന്നു. കാലിന് ഫ്രാക്ചർ ഉള്ളതിനാൽ 6 മാസം വരെ ശ്രദ്ധിക്കേണ്ടിയിരുന്നു. സൗരഭ് തനിക്ക് ലിഫ്റ്റ് തരുന്നത് വൈദേഹി നന്നായി ആസ്വദിച്ചിരുന്നു.
തന്‍റെ 23-ാം പിറന്നാളിന്‍റെ അന്നാണ് സൗരഭ് വളരെ റൊമാന്‍റിക്കായി തന്നെ പ്രൊപ്പോസ് ചെയ്തത്. ആ കാര്യം ഇന്നലെക്കഴിഞ്ഞ പോലെ വൈദേഹിയ്ക്ക് ഓർമ്മയുണ്ട്.
സാധാരണ ആളുകൾ റിംഗ്, ചോക്ലേറ്റ് എന്നിവയൊക്കെ കൊടുത്താണല്ലോ പ്രൊപ്പോസ് ചെയ്യുന്നത്. സൗരഭ് പക്ഷേ വൈദേഹിയുടെ കയ്യിൽ ഒരു കാറിന്‍റെ ചെറിയ മോഡൽ നൽകിയാണ് തന്‍റെ സ്നേഹം അറിയിച്ചത്. വിൽ യൂ മാരി മീ…
താൻ എന്‍റെ കൂടെ ജീവിതകാലം മുഴുവൻ യാത്ര ചെയ്യാമോ? എന്ന് ചോദിക്കാതെ ചോദിച്ചു സൗരഭ്. വിചിത്രഭ്രാന്തുള്ള മനുഷ്യൻ!
വളരെ അടുത്ത് വന്ന് രണ്ട് കൈകൊണ്ടും തന്‍റെ മുഖം പിടിച്ചശേഷം ആണ് സൗരഭ് പ്രൊപ്പോസ് ചെയ്തത്. വൈദേഹിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങിയിരുന്നു.
വൈദേഹി ഏറെ നേരം അനങ്ങാതെ നിന്നു. പിന്നെ വിവശയായി പറഞ്ഞു. നാളെ ഗാർഡൻ ബായ് ദ വേയിൽ വച്ച് കാണാം. അപ്പോൾ ഞാൻ ഒരു മറുപടി പറയാം.”
അന്ന് രാത്രി വൈദേഹി ഒരു പോള കണ്ണടച്ചിരുന്നില്ല. എത്ര ശ്രമിച്ചിട്ടും ഉറക്കം കിട്ടുന്നില്ല. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. 23 വയസ്സേയുള്ളു. ഇത്ര നേരത്തെ കല്യാണം വേണോ? സൗരഭിനും 25 വയസ്സല്ലേയുള്ളു. പക്ഷേ തനിക്ക് ഇയാളെ ഇഷ്ടമാണെന്ന് പറയാൻ തന്നെ വൈദേഹി തീരുമാനിച്ചു. ചുരുങ്ങിയത് ഒരു വർഷത്തിനു ശേഷം വിവാഹം മതി എന്നായിരുന്നു അവൾക്ക്. അപ്പോഴേക്കും പൂർണ്ണമായി മനസ്സിലാക്കാനും സമയം കിട്ടുമല്ലോ.
അടുത്ത ദിവസം കൃത്യം 5 മണിയ്ക്ക് ഗാർഡൻ ബായ് ദ വേയിൽ വൈദേഹിയെത്തി കാത്തു നിന്നു. ഒരു ബഞ്ചിൽ ഇരുന്ന അവൾ സൗരഭിന് ഫോൺ ചെയ്തു. പക്ഷേ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അവൾ ഓരോന്ന് ഓർത്ത് അവിടെ ഏറെ നേരം ഇരുന്നു. വീണ്ടും ഫോൺ ചെയ്തു നോക്കി. അപ്പോഴും ഫോൺ സ്വിച്ച് ഓഫ് തന്നെ.
വിളിച്ചിട്ട് കിട്ടാതായപ്പോൾ വൈദേഹി ടെൻഷനാവാൻ തുടങ്ങി. ഓഫീസിൽ എന്തെങ്കിലും അത്യാവശ്യ ജോലിയിൽ പെട്ടു കാണുമെന്ന് ആശ്വസിക്കാൻ ശ്രമിച്ചു. വല്ല മീറ്റിംഗോ മറ്റോ ആണെങ്കിൽ ഫോൺ ഓഫാക്കി വച്ചതാവാം. അവൾ നേരമിരുട്ടും വരെ അവിടെ തന്നെ കാത്ത് നിന്നു. വരുമെന്ന പ്രതീക്ഷയിൽ. പക്ഷേ 8 മണിയായിട്ടും സൗരഭ് വന്നില്ല. ഫോൺ ഒരിക്കലും റിംഗ് ചെയ്തില്ല.
2 വർഷക്കാലം വൈദേഹി സൗരഭിനെ പ്രതീക്ഷിച്ചിരുന്നു. ഒരു ഫോൺ കോൾ, ഒരു ഇമെയിൽ ഒന്നും സംഭവിച്ചില്ല. അതിനുശേഷം വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി വിവാഹിതയായി. ആദിത്യൻ സിംഗപ്പൂരിൽ തന്നെ ബിസിനസ്സ് നടത്തുകയായിരുന്നു. വൈദേഹിയ്ക്ക് ചേർന്ന പങ്കാളിയായിരുന്നു അയാൾ.
വിവാഹം കഴിഞ്ഞും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സൗരഭിനെ മറക്കാൻ വൈദേഹിയ്ക്ക് കഴിഞ്ഞത്. ആദ്യമായി മനസ്സിൽ കയറിയ ആളെ അത്ര പെട്ടെന്ന് ഇറക്കിവിടാൻ കഴിയുമോ?
എന്തെങ്കിലുമൊക്കെ കാണുമ്പോഴും യാത്ര ചെയ്യുമ്പോഴും ഭക്ഷിക്കുമ്പോഴും അയാളെ ഓർമ്മ വരും. ഇന്ന് മെയിൽ വന്നിരിക്കുന്നു. കാണണമെന്ന് പറയുന്നു. എന്താവും കാര്യം?
അവിചാരിതമായി ശബ്ദിച്ച ഫോൺ. വൈദേഹിയുടെ ചിന്തകളെ മുറിച്ചു. അറിയാത്ത നമ്പർ ആണല്ലോ. ഹൃദയം ഇരട്ടി വേഗത്തിൽ മിടിക്കാൻ തുടങ്ങി. ഇത് സൗരഭിന്‍റെ ഫോൺ ആയിരിക്കുമോ?
കോൾ എടുത്തതും ചിരപരിചിതമായ ശബ്ദം. അപ്പുറത്ത് സൗരഭ് തന്നെയായിരുന്നു.
“ഹലോ ഈസ് ഇറ്റ് വൈദേഹി?” സ്വയം നിയ്രന്തിച്ചുകൊണ്ട് വൈദേഹി മറുപടി പറഞ്ഞു. “യസ് ദിസ് ഈസ് വൈദേഹി”
അധികം നാടകീയമായല്ലാതെ തന്നെ അവൾ തുടർന്നു.
“മെ ഐ നോ ഹൂ ഈസ് ടോക്കിംഗ്?” സൗരഭ് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ മറുപടി പറഞ്ഞു.
“ചങ്ങാതി…ഇതു ഞാനാണ്… നീയെന്നെ മറന്നുപോയോ… സൗരഭാണ്.”
“ഓ” വൈദേഹി അമർത്തി മൂളി.
“നിനക്ക് നാളെ എന്നെ കാണാനായി മറീന വേ സാന്‍റഡ് ഹോട്ടലിലെ റൂഫ് ടോപ്പിലെ റസ്റ്റോറന്‍റിൽ വരാനൊക്കുമോ? വൈകിട്ട് 5 മണിയ്ക്ക്”
എന്തോ ഒരു നിമിഷം ആലോചിച്ച ശേഷം വൈദേഹി പതാറാതെ പറഞ്ഞു “ ശരി, വരാം… എന്തായാലും നിന്നെ കാണണം.”വൈദേഹി ഫോൺ കട്ട് ചെയ്തു.
കൂടുതൽ സംസാരിച്ചാൽ തന്‍റെ ദേഷ്യം മുഴുവൻ ഫോണിൽ തീർക്കേണ്ടിവരുമെന്ന് അവൾ വിചാരിച്ചു. അതുകൊണ്ടാണ് സംഭാഷണം നീട്ടാതിരുന്നത്. അവൾക്ക് അവനോട് പകയും സ്നേഹവും എല്ലാം ഉണ്ടായിരുന്നു.
ഉപേക്ഷിച്ചു പോയവരോട് പിന്നെ എന്ത് വികാരമാണ് വച്ചു പുലർത്തുക? മനസ്സ് താളം തെറ്റാതെ സൂക്ഷിക്കാനായി അവൾ ആവതും ശ്രമിച്ചു.
ജീവിതം വല്ലാത്തൊരു പരീക്ഷണമാണ് ചില നേരങ്ങളിൽ! അവൾ അടുക്കളയിലേക്ക് ചെന്ന് പതിവിനു വിപരീതമായി ഒരു ഗ്രീൻ ടീ ഉണ്ടാക്കി കുടിച്ചു.
അടുത്ത ദിവസം സൗരഭിനെ കാണാൻ പോകാനായി വൈദേഹി തയ്യാറായിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ആദിത്യൻ മുറിയിൽ വന്നു.
“എവിടേക്കാണ് പോകുന്നത്?” ഭർത്താവ് ചോദിച്ചു.
“സൗരഭ് സിംഗപ്പൂരിൽ വന്നിട്ടുണ്ട്. എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു” അവൾ അളന്ന് മുറിച്ച് വാക്കുകളിൽ മറുപടി നൽകി. “ഞാൻ പോകണോ അതോ?”
“തീർച്ചയായും പോണം. കണ്ടിട്ടുവരൂ. ഡിന്നർ കഴിക്കാൻ ഞാൻ കാത്തിരിക്കാം” അയാൾ ചാർജ് ചെയ്യാൻ വച്ച ഫോൺ എടുത്ത് മുറിയ്ക്ക് പുറത്തേക്ക് പോയി.
ആദിത്യൻ ആ കഥകൾ ധാരാളം കേട്ടിട്ടുണ്ട്. സൗരഭ് രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച കഥകൾ. വൈദേഹി തന്നെ പറഞ്ഞതാണ്. വൈദേഹിയുടെ കുടുംബം സൗരഭിനെ അത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു.
ആദിത്യൻ തുറന്ന മനസ്സുള്ള ആളായിരുന്നു. അതുകൊണ്ട് അയാൾക്ക് അതൊക്കെ മനസ്സിലാക്കാൻ പറ്റിയിരുന്നു. ഇളം വയലറ്റ് നിറമുള്ള സാരിയാണിഞ്ഞാണ് വൈദേഹി അയാളെ കാണാൻ പോയത്. ആ സാരിയിൽ അവൾ അതിമനോഹരിയായിരുന്നു. മുടി സ്ലോ ഡ്രൈ ചെയ്ത് നീട്ടിയിരുന്നു. സൗരഭിന് നീണ്ട മുടി വലിയ ഇഷ്ടമായിരുന്നുവല്ലോ.
വൈദേഹി സൗരഭിന്‍റെ ഇഷ്ടങ്ങൾ അറിഞ്ഞ് തയ്യാറെടുത്തത് എന്തിനാണെന്ന് അവൾക്ക് തന്നെ നിശ്ചയമുണ്ടായിരുന്നില്ല. ആദ്യപ്രണയത്തിന്‍റെ കുളിർമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാവാം. സ്നേഹം ഒരു മലവെള്ളപ്പാച്ചിൽ ആണ്. എപ്പോഴും അത് പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല.
വൈദേഹി കൃത്യം 5 മണിയ്ക്ക് മറീനയിലെ റൂഫ് ടോപ്പ് റെസ്റ്റോറന്‍റിൽ എത്തി. സൗരഭ് അവിടെ നേരത്തെ തന്നെ വന്നിരിപ്പുണ്ടായിരുന്നു. വൈദേഹി വരുന്നത് കണ്ടപ്പോൾ അയാൾ കസേരയിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ട് വന്ന് അവളെ കെട്ടിപ്പിടിച്ചു.
“നൈസ് ടൂ സീയൂ ആഫ്റ്റർ എ ഡെക്കേഡ്. യു ആർ ലുക്കിംഗ് ഗോർജിയസ്” വൈദേഹി അപ്പോഴും ഗഹനമായ ആലോചനയിലായിരുന്നു. കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തിക്കൊണ്ട് അവൾ പറഞ്ഞു..
“കോംപ്ലിമെന്‍റിനു നന്ദി. അയാം സർപ്രൈസ് ടു സി യൂ ആക്ച്വലി.”
ഉരുളയ്ക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന വൈദേഹിയെ കണ്ട് സൗരഭ് ചോദിച്ചു. “എന്നോടുള്ള ദേഷ്യം മാറിയിട്ടില്ലല്ലേ മാപ്പ് തന്നിട്ടില്ലെന്ന് സാരം” എനിക്കറിയാം ഞാൻ വാക്ക് തന്നിട്ട് മുങ്ങിയ ആളല്ലെ. അന്ന് എനിക്ക് വരാൻ കഴിഞ്ഞില്ല. എനിക്ക് അന്ന് എന്താണ് പറ്റിയതെന്ന് നിനക്കറിയോ?”
“10 വർഷം എന്തെങ്കിലും ജോലിയിൽ കുടുങ്ങിപ്പോയി എന്ന് വിശ്വസിക്കണോ… ഞാൻ എന്തിനാണ് മാപ്പ് അർഹിക്കാത്തവർക്ക് അത് നൽകുന്നത്. എങ്കിലും നിനക്ക് അന്ന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാൻ താൽപര്യമുണ്ട്. അതറിഞ്ഞിട്ട് ജീവിതം തിരുത്താൻ കഴിയില്ലെന്ന് അറിയാം. എങ്കിലും പറയൂ… ചുരുങ്ങിയ പക്ഷം മനസ്സമാധാനമെങ്കിലും കിട്ടുമല്ലോ..” വൈദേഹി വാചാലയായി.
“അന്ന് വല്ലാത്തൊരു ദിവസമായിരുന്നു. നിന്നെ കാണാമെന്ന് പറഞ്ഞ ദിവസം തന്നെയാണ് അത് സംഭവിച്ചത്. എന്‍റെ കമ്പനിയുടെ ബോസിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്മഗ്ലിംഗ് ആയിരുന്നു ചാർത്തിയ കുറ്റം. ടോപ്പ് ലെവൽ മാനേജർമാരേയും റിമാൻഡ് ചെയ്തു. ഞങ്ങളുടെ ഫോൺ അക്കൗണ്ട് എല്ലാം സീസ് ചെയ്തു. 3 ദിവസം നിരന്തര ചോദ്യം ചെയ്യലിനും വിധേയരായി. മാസങ്ങളോളമാണ് എനിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. രണ്ട് വർഷത്തോളം കേസ് നടന്നു. നിരപരാധികൾക്കും ജയിൽ കഴിയേണ്ടി വരുന്നത് വിധിയാണ്. അവസാനം നീതി ലഭിച്ചപ്പോഴേക്കും ഞാൻ തകർന്ന് പോയിരുന്നു. ആ ദിവസങ്ങളിൽ ഞാൻ എത്ര മാത്രം തീ തിന്നു എന്ന് നിനക്ക് ഊഹിക്കാൻ കഴിയുമോ?”
”അതെല്ലാം ഓർക്കുമ്പോൾ ഇന്നും എന്‍റെ ചങ്ക് പിടയ്ക്കും. പിന്നെ എങ്ങനെ നിന്നെ കാണാൻ വരാൻ കഴിയും കേസ് കഴിഞ്ഞ് എന്നെ അധികൃതർ ഇന്ത്യയിലേക്ക് കയറ്റി വിടുകയും ചെയ്തു. എന്‍റെ കയ്യിൽ മൊബൈൽ പോലും ഉണ്ടായിരുന്നില്ല. ബാങ്ക് ബാലൻസും ഉണ്ടായിരുന്നില്ല.”
“നാട്ടിൽ ചെന്നപ്പോൾ അമ്മയ്ക്ക് സുഖമില്ലാത്ത വിവരമാണ് ലഭിച്ചത്. പിന്നെ അതിന്‍റെ പിന്നാലെയായി. മരുന്ന് ഹോസ്പിറ്റൽ. ഞാനാകെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു. കുഴഞ്ഞ് മറിഞ്ഞ ഒരു ജീവിതം. അമ്മ എന്‍റെ കല്യാണവും ഉറപ്പിച്ചിരുന്നു. പക്ഷേ ഞാൻ എന്‍റെ ജീവിതം സിംഗപ്പൂരിൽ ഉപേക്ഷിച്ചാണ് പോന്നതെന്ന് ആർക്കും അറിയില്ലായിരുന്നുവല്ലോ… അധികനാൾ കഴിയും മുമ്പേ അമ്മയും പോയി… നിന്നെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ വല്ലാതെ അലട്ടിയിരുന്നു.”
“നീ എന്നെപ്പറ്റി എന്താവും കരുതിക്കാണുക എന്ന് ഞാൻ ആലോചിക്കാറുണ്ടായിരുന്നു. പറ്റിച്ചു കടന്നു കളഞ്ഞവനല്ലേ ഞാൻ… അതിനാൽ എല്ലാം നേരിൽ കണ്ട് തുറന്ന് പറയണമെന്ന് കരുതി. എന്‍റെ ഇമെയിലും പോലീസുകാർ ബ്ലോക്ക് ചെയ്തിരുന്നു. അതിനാൽ നാട്ടിലെത്തിയിട്ടും മെയിൽ അയക്കാൻ എനിക്ക് നിന്‍റെ ഐഡിയും അറിയില്ലായിരുന്നു. പിന്നെ ഒരു ഊഹം വച്ച് അയച്ചതാണ്. അവസാന ശ്രമത്തിൽ അത് ശരിയാവുകയും ചെയ്തു.”
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ സൗരഭ് തന്നെ വഞ്ചിച്ചതല്ല എന്ന് വൈദേഹിയ്ക്ക് ബോദ്ധ്യമായി.
“കാണാമെന്ന് പറഞ്ഞ ദിവസം നീ എന്നോട് പറയാൻ ഇരുന്ന കാര്യം എന്തായിരുന്നു. അത് കേൾക്കാൻ എനിക്കാഗ്രഹമുണ്ട്” സൗരഭ് എന്തോ ഒർത്തിട്ടെന്നപോലെ ചോദിച്ചു.
“ഞാനന്ന് പറയാൻ ഉദ്ദേശിച്ച കാര്യം ഇന്ന് പറയുന്നതിൽ ഒട്ടും പ്രസക്‌തിയില്ല. നമ്മുടെയൊക്കെ ജീവിതം ഒത്തിരി മാറിയില്ലേ?” സങ്കടങ്ങൾ ഉള്ളിൽ അമർത്തിവച്ചുകൊണ്ട് വൈദേഹി ചിരിക്കാൻ ശ്രമിച്ചു.
രണ്ടാളും കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ പേഴ്സിൽ നിന്ന് തുവാലയെടുത്ത് മുഖം തുടച്ചശേഷം വൈദേഹി പറഞ്ഞു “ലറ്റ്സ് ഓഡർ സം കോഫി.”