കോവിഡ് രോഗ ഭീതി വര്‍ദ്ധിച്ചു വരുന്നതിനിടയിൽ ആണ് മറ്റൊരു വില്ലനായി ബ്ലാക്ക് ഫംഗസ് അഥവാ മ്യുക്കോർ മൈക്കോസിസ് എന്ന ഭയം ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. കേരളത്തിലും കോവിഡ് രോഗികൾക്കിടയിൽ ഈ ബാധ കണ്ടെത്തി എന്നാണ് പറയുന്നത്. എന്താണ് ബ്ലാക് ഫംഗസ്, അതെങ്ങനെ വരുന്നു എന്നറിഞ്ഞാൽ, ഇത്തരം ഭീതിതമായ അവസ്ഥകളെ തടയാൻ കഴിയും.

വളരെ ലളിതമായി പറഞ്ഞാൽ അന്തരീക്ഷത്തിൽ എല്ലായിടത്തും കണ്ടു വരുന്ന ഒരു തരം ഫംഗസ് ആണിത്. നാം ശ്വസിക്കുമ്പോഴെല്ലാം മൂക്കിലൂടെയും വായിലൂടെയും അകത്തേക്കു പ്രവേശിക്കാൻ സാധ്യത ഉണ്ട്. ബ്രെഡ് തുറന്നു വെച്ചാൽ കറുത്ത നിറത്തിൽ പൂപ്പൽ പിടിക്കുന്നത് കണ്ടിട്ടില്ലേ? അതേ പോലൊരു ഫംഗസ് ആണിത്. ഇത് അന്തരീക്ഷ വായുവിലൂടെ ശ്വസിച്ചു അകത്തു പ്രവേശിച്ചാലും ആരോഗ്യം ഉള്ളവരെ അത് ബാധിക്കുകയില്ല. എന്നാൽ ഈ ഫംഗസ് ചില ആളുകളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

നമ്മുടെ ശരീരത്തിൽ പുറത്തു നിന്ന് എന്ത് കയറിയാലും അവയെ തടഞ്ഞു നിർത്തി ശരീരത്തെ സംരക്ഷിക്കുന്നത് വെളുത്ത രക്താണുക്കളാണ്. ഈ സെൽ കൗണ്ട് ആവശ്യത്തിന് ശരീരത്തിൽ ഉണ്ടെങ്കിൽ ബ്ലാക്ക് ഫംഗസിനെ അത് തടയുന്നു. അതായത് പ്രതിരോധ ശേഷി ഉള്ള ശരീരത്തെ ഫംഗസ് ബാധിക്കുകയില്ല. എന്നാൽ പ്രതിരോധ ശേഷി വളരെ കുറഞ്ഞവർ, കടുത്ത പ്രമേഹം ഉള്ളവർ, വൃക്ക രോഗം ഉള്ളവർ ഇവരെയൊക്കെ ബ്ലാക്ക് ഫംഗസ് ബാധ പിടിപെടാൻ സാധ്യത കൂടുതലാണ്

എന്തു കൊണ്ട് കോവിഡ് രോഗികൾ

ഇത്തരം കേസുകൾ എന്തുകൊണ്ട് കോവിഡ് രോഗികളിൽ സംഭവിക്കുന്നു എന്ന് നോക്കാം. കോവിഡ് ബാധ ഗുരുതരം ആകുന്നത് പ്രതിരോധ ശേഷി കുറഞ്ഞവരില്‍ ആയിരിക്കും. കൂടാതെ കോവിഡ് ബാധയ്ക്കു ശേഷം പ്രതിരോധശേഷി വളരെ ദുർബലം ആവുന്നു. ശ്വാസകോശ സംബന്ധമായ പ്രയാസങ്ങൾ കോവിഡ് രോഗികൾക്കു ഉണ്ടാകുമ്പോൾ സ്റ്റിറോയ്ഡ് ആണ് കൊടുക്കുന്നത്. സ്റ്റിറോയ്ഡ് കഴിക്കുമ്പോൾ പ്രതിരോധ ശേഷി വീണ്ടും കുറയുന്നു. അങ്ങനെ ഉള്ളവരിലാണ് ഫംഗസ് ബാധ സംഭവിക്കാൻ സാധ്യത ഉള്ളത്.

കോവിഡ് രോഗിയ്ക്ക് ആവശ്യമെങ്കിൽ സ്റ്റിറോയിഡ് കൊടുക്കാതെ നിർവ്വാഹമില്ല. രോഗമുക്തിക്കൊപ്പം ഈ സാഹചര്യത്തിൽ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്.

പ്രതിരോധം കുറഞ്ഞാൽ

പ്രതിരോധം കുറഞ്ഞ രോഗികളിൽ ഈ ഫംഗസ് പിടിപെട്ടാൽ അതിവേഗം ശരീരമാകെ സ്പ്രെഡ് ചെയ്തു പോകുന്നു. മൂക്കിൽ നിന്ന് തലച്ചോറിലേക്കും ശ്വാസകോശത്തിലേക്കും മറ്റു അവയവങ്ങളിലേക്കും പടരുന്നു. ഇത് നേരത്തെ മനസ്സിലാക്കി ചികിത്സിച്ചാൽ മരണ സാധ്യത ഇല്ലാത്തക്കാം. തലച്ചോറിലും ശ്വാസകോശത്തിലും ചിലപ്പോൾ രക്തത്തിലും പടർന്നാൽ പിന്നെ രോഗിയെ രക്ഷപ്പെടുത്താൻ പ്രയാസമാണ്.. കണ്ണ്, മൂക്ക്, താടിയെല് തുടങ്ങി മുഖത്താണ് ആദ്യം രോഗബാധ പിടിപെടുന്നത്.

black fungus

രോഗ ലക്ഷണങ്ങൾ

ബ്ലാക്ക് ഫംഗസ് ഇപ്പോൾ കേരളത്തിലും കണ്ടെത്തിയെങ്കിലും ഭയപ്പെടേണ്ടത്തില്ല എന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. ഇത് അസാധാരണമോ പുതിയതോ ആയ ഒരു രോഗമല്ല. ഇത് മുൻകാലത്തും ചില രോഗികളിൽ ഉണ്ടായിട്ടുണ്ട്. കോവിഡ് രോഗികളായവരിലൊ, രോഗം നെഗറ്റീവായി വിശ്രമിക്കുന്നവരിലൊ മുഖത്തിന്‍റെ ഒരു ഭാഗത്തു വേദന, ചുവപ്പ്, തലവേദന, ചുമ, മൂക്കിൽ നിന്നു സ്രവം, അണ്ണാക്കിൽ കറുപ്പ്‌ നിറം, കണ്ണുവേദന, കാഴ്ചയ്ക്കു മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടോ എന്ന് പരിശോധിക്കണം. നേരത്തെ പറഞ്ഞ പോലെ കാൻസർ ബാധിതർ, കടുത്ത പ്രമേഹ രോഗികൾ, വൃക്ക രോഗികൾക്ക് ഒക്കെ കോവിഡ് ബാധിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ചികിത്സ

“ഫംഗസ് ബാധ വഷളാകാതിരിക്കാൻ തുടക്കത്തിലേ ചികിത്സിച്ചാൽ മതിയാവും. രോഗം ഗുരുതരം ആണെങ്കിലും ബ്ലാക്ക് ഫംഗസിനു ചികിത്സ ഉണ്ട്. ആഴ്ചകളോളം ശക്തിയായ അളവിൽ ആന്‍റി ഫംഗൽ മരുന്നുകൾ കഴിക്കുന്നതാണ് പ്രധാന പ്രതിവിധി. എന്നിട്ടും നിയന്ത്രണത്തിൽ ആയില്ലെങ്കിൽ ഫംഗസ് ഗ്രോത്‌ സർജറി ചെയ്തു നീക്കേണ്ടി വരാം” എറണാകുളം മെഡിക്കൽ സെന്‍റർ സീനിയർ ഓൺക്കോളജിസ്റ് ഡോ. സിഎൻ മോഹൻ നായർ പറയുന്നു. “ഈ രോഗം പിടിപെട്ടു ഗുരുതരമായാൽ ശരീര ഭാഗങ്ങൾ നീക്കം ചെയേണ്ട സാഹചര്യവും ഉണ്ടാവാറുണ്ട്. മരണ നിരക്കും കൂടുതലാണ്.”

ശ്രദ്ധിക്കേണ്ടത് ഇതൊക്കെ

കോവിഡ് രോഗി കിടക്കുന്ന മുറിയിൽ പൂപ്പൽ ഇല്ലാതെ നോക്കണം. നല്ല വായു സഞ്ചാരം ഉള്ള മുറി ആയിരിക്കണം. കോവിഡ് നെഗറ്റീവ് ആയ ശേഷവും പ്രതിരോധ ശേഷി വളരെ കുറയും. ഈ അവസരത്തിൽ മണ്ണിലും മറ്റും നേരിട്ട് ഇടപഴകരുത്. മാസ്കും ഗ്ലൗസും സ്ഥിരമായി ഉപയോഗിക്കുക. ശരീരം മൂടുന്ന വസ്ത്രം ധരിക്കുക

അതുപോലെ പൂപ്പൽ പിടിച്ചതോ പഴകിയതോ ആയ ഫുഡ്‌ പാടെ ഒഴിവാക്കുക. രോഗി മാത്രമല്ല, ഇത്തരം ഭക്ഷണം ആരും കഴിക്കരുത്. കോവിഡ് ചികിത്സയ്ക്ക് ശേഷം പോഷക സമ്പന്നമായ ഭക്ഷണവും അനുയോജ്യമായ ഫുഡ്‌ സപ്ലിമെന്‍റുകളും വിറ്റാമിനുകളും കഴിച്ചു പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക.

കാരണം ആദ്യം സൂചിപ്പിച്ച പോലെ ബ്ലാക്ക് ഫംഗസ് എല്ലായിടത്തും ഉണ്ട്. അത് തക്കം നോക്കിയിരിക്കുകയാണ് പ്രതിരോധം കുറഞ്ഞവരെ പിടികൂടാൻ. മരണ നിരക്ക് കൂടിയ രോഗം ആയതിനാൽ മ്യുക്കോർ മൈക്കോസിസ് ബാധയെ ശ്രദ്ധാപൂർവം കരുതിയിരിക്കുക. ശുചിത്വവും പാലിക്കുക. പ്രതിരോധ ശേഷി ഉയർത്തുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യ സഹായം തേടുക.

और कहानियां पढ़ने के लिए क्लिक करें...