അടുത്ത വീട്ടിലെ കുട്ടിയെന്ന ഇമേജാണ് മാളവികയ്‌ക്ക്. മനോഹരമായ കണ്ണുകളിൽ നിറയുന്ന ചിരിയോടെ ഓരോരോ വിശേഷങ്ങൾ പങ്കുവയ്‌ക്കുന്ന ഒരു തൃശൂർക്കാരി പെൺകുട്ടി. മലർവാടി ആർട്സ് ക്ലബ്ബിലൂടെ അരങ്ങേറ്റം കുറിച്ച മലയാളികൾക്ക് സുപരിചിതയായി മാറിയ മാളവികം പൊന്നമ്പിളിയെന്ന സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ്. അഭിനയവും നൃത്തവും ഒരുപോലെ ഇഷ്ടപ്പെടുന്ന മാളവികയുടെ വിശേഷങ്ങളിലേക്ക്…

മലർവാടി ആർട്സ് ക്ലബിൽ ശ്രദ്ധിക്കപ്പെട്ട റോളിൽ എത്തിയ മാളവിക പിന്നീട് സീരിയലിൽ സജീവമാകാനുള്ള തീരുമാനം…

അഭിനയത്തെക്കുറിച്ച് ഞാനങ്ങനെ കൃത്യമായി ഒന്നും പ്ലാൻ ചെയ്‌തിരുന്നില്ല. സീരിയൽ കാണുന്ന കൂട്ടത്തിലുമായിരുന്നില്ല ഞാൻ, സീരിയലിനെപ്പറ്റി ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് എന്നെ പൊന്നമ്പിളിയിലേക്ക് വിളിക്കുന്നത്. കുങ്കുമപൊട്ട് എന്ന നോവലിനെ അടിസ്‌ഥാനമാക്കിയുള്ള സീരിയലാണ് പൊന്നമ്പിളി. ആ കഥയെക്കുറിച്ച്  പറഞ്ഞപ്പോൾ എനിക്കും നല്ല താൽപര്യം തോന്നി. പതിവ് കഥാപാത്രങ്ങളെ അപേക്ഷിച്ച് ശക്‌തമായ കഥാപാത്രം. സീരിയൽ എടുക്കുന്ന രീതിയും വ്യത്യസ്‌തം. വളരെ ബോൾഡായ ക്യാരക്‌ടറാണ് പൊന്നമ്പിളി. ജീവിക്കാൻ വേണ്ടി ചെണ്ടവാദ്യം വരെ ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ് അതിലേത്. ഏതായാലും സീരിയൽ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാവരും ഓർക്കുന്നത് മലർവാടിയിലെ കഥാപാത്രമാണെങ്കിലും എനിക്ക് കൂടുതൽ പോപ്പുലാരിറ്റി കിട്ടിയത് ഈ കഥാപാത്രത്തിലൂടെയാണ്.

ചെണ്ടവാദ്യം പഠിച്ചിരുന്നോ?

കഥാപാത്രത്തിന്‍റെ പൂർണ്ണതയ്ക്കു വേണ്ടി ചെണ്ടവാദ്യം പഠിക്കണമെന്ന് സീരിയലിന്‍റെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. വലിയ കുഴപ്പമില്ലാതെ ചെണ്ട കൊട്ടാൻ പഠിച്ചു.

ചെറുപ്പം തുടങ്ങി അഭിനയ കലയോട് താൽപര്യം തോന്നിയിരുന്നോ?

ഒട്ടും ഉണ്ടായിരുന്നില്ല. ഞാൻ കലാരംഗത്ത് വരണമെന്നത് അച്‌ഛനായിരുന്നു വലിയ താൽപര്യം. ഞാൻ അഭിനയിക്കണമെന്നത് കലാരംഗത്ത് സജീവമാകണമെന്നൊക്കെ ഏറ്റവും ആഗ്രഹിച്ചതും സ്വപ്നം കണ്ടിരുന്നതും അച്‌ഛനായിരുന്നു. ആറു വയസ്സു തുടങ്ങി ഞാൻ നൃത്തം പഠിച്ച് തുടങ്ങി. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയാണ് പഠിച്ചത്. കലാമണ്ഡലം ക്ഷേമാവതി, പ്രസന്ന ഉണ്ണി എന്നിവരായിരുന്നു എന്‍റെ ഗുരുക്കന്മാർ. ഇപ്പോൾ ആർഎൽവി ആനന്ദിന്‍റെ കീഴിൽ ഭരതനാട്യം പരിശീലിക്കുന്നുണ്ട്.

2009 മിസ് കേരള മത്സരത്തിൽ പങ്കെടുക്കാൻ കാരണവും അച്‌ഛനായിരുന്നു. അതിൽ മിസ് ബ്യൂട്ടിഫുൾ ഐ ടൈറ്റിലാണ് എനിക്ക് കിട്ടിയത്. മിസ് കേരളയിലെ എന്‍റെ ചിത്രങ്ങൾ കണ്ടിട്ടാണ് വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) എന്നെ മലർവാടിയിലേക്ക് വിളിക്കുന്നത്. നല്ല എൻജോയ് ചെയ്‌ത സെറ്റായിരുന്നുവത്. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നുവത്.

സ്ക്കൂൾ പഠനകാലത്ത് കലാരംഗത്ത് സജിവമായിരുന്നോ?

ഞാൻ ഐസിഎസ്ഇ സിലബസിലാണ് പഠിച്ചത്. അതുകൊണ്ട് സിംഗിൾ ലെവൽ മത്സരങ്ങൾ ഇല്ലായിരുന്നു. എല്ലാം ഗ്രൂപ്പ് ഐറ്റംസാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പ് ഡാൻസിലെല്ലാം പങ്കെടുക്കുമായിരുന്നു. എന്നാലും സ്ക്കൂൾ പഠനകാലത്ത് ഞാൻ കുറെ സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്‌തിരുന്നു.

കോളേജ് പഠനം?

ഇഗ്നോ യൂണിവേഴ്സിറ്റിയുടെ കറസ്പോണ്ടൻസ് കോഴ്സിലൂടെയാണ് ഞാൻ ഡിഗ്രി പഠിച്ചത്. ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു വിഷയം. അതുകൊണ്ട്  കാമ്പസ് ജീവിതത്തിന്‍റെ രസം ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഹ്യൂമൻ റിസോഴ്സിൽ പിജി ചെയ്യണമെന്നാണ് എന്‍റെ ഒരു വലിയ സ്വപ്നം. അതും കോളേജിൽ ചേർന്ന്.

അനുപം ഖേറിന്‍റെ ആക്റ്റിംഗ് സ്ക്കൂളിലെ പരിശീലനം എങ്ങനെയായിരുന്നു?

അഭിനയം മികച്ചതാകണമെങ്കിൽ നല്ല സ്ക്കൂളിംഗ് വേണം. അങ്ങനെ തോന്നിയതു കൊണ്ടാണ് ഞാൻ അനുപം ഖേർ സാറിന്‍റെ ആക്ടേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ ചേരുന്നത്. മലർവാടി കഴിഞ്ഞയുടനെ ആയിരുന്നുവത്. മലർവാടി വരെ ഞാൻ അഭിനയത്തെക്കുറിച്ച് അത്ര സീരിയസായിരുന്നില്ല. അഭിനയം, അതിന്‍റെ സാങ്കേതിക വശങ്ങൾ എന്നിവയെപ്പറ്റിയൊന്നും എനിക്ക് അത്ര ധാരണമൊന്നുമുണ്ടായിരുന്നില്ല. ആ നിലയ്ക്ക് ഈ പരിശീലനക്കളരിയിലൂടെ കുറേ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

യഥാർത്ഥത്തിൽ അഭിനയമെന്നത് കോഴ്സിലൂടെ പഠിക്കേണ്ട ഒന്നല്ല. നല്ല നിരീക്ഷണത്തിലൂടെ സ്വായത്തമാക്കേണ്ട ഒന്നാണ് അത്. 3 മാസത്തെ കോഴ്സായിരുന്നു. യഥാർത്ഥത്തിൽ ഒരു വർഷത്തെ കോഴ്സാണത്. പകലും രാത്രിയും നീണ്ടു നിൽക്കുന്ന പരിശീലനമായിരുന്നു. ഞാൻ മാത്രമേ മലയാളിയായി ഉണ്ടായിരുന്നുള്ളൂ ആ സംഘത്തിൽ. ബാക്കിയെല്ലാവരും മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു.

പരിശീലനകാലം നല്ല രസമായിരുന്നു. അവരുമായുള്ള ഇന്‍ററാക്ഷനിലൂടെ കുറെ കാര്യങ്ങൾ അറിയാനും പഠിക്കാനും സഹായിച്ചിരുന്നു. എല്ലാ ദിവസവും കുറേ മൂവീസ് കാണാൻ ആവശ്യപ്പെടും. എന്നിട്ട് അതിനെപ്പറ്റി സ്വയം വിശകലനം ചെയ്യണം. സ്വന്തം നിരീക്ഷണങ്ങൾ എന്തെല്ലാമാണെന്ന് പറയണം. പിന്നെ ഇടയ്ക്ക് അനുപം ഖേർ സാറിന്‍റെ കോൺടാക്റ്റ് ക്ലാസുകൾ ഉണ്ടാവും. അവിടെ സൗത്തിന്ത്യനാണെന്ന പരിഗണനയൊന്നുമില്ലായിരുന്നു. അദ്ദേഹം നമ്മളോട് ഡ്രാമ അവതരിപ്പിക്കാൻ പറയും. ഹിന്ദി ഭാഷ എനിക്കറിയില്ല. എനിക്കാകെ പരിഭ്രമമായി. നിങ്ങൾ സ്വന്തം മാതൃഭാഷയിൽ അവതരിപ്പിച്ചാൽ മതി. മാതൃഭാഷയിൽ ചെയ്യുന്നത്ര ഭംഗിയായി മറ്റൊന്നിലും ചെയ്യാൻ കഴിയില്ലെന്ന്. അദ്ദേഹം പറഞ്ഞതോടെ ഞാൻ എന്‍റെ റോൾ ചെയ്‌തു. അദ്ദേഹം കൈ തന്നു അഭിനന്ദിച്ചു.

അന്യഭാഷാ ചിത്രങ്ങൾ ചെയ്‌തിരുന്നോ?

കന്നടയിൽ നന്ദീശ. തിളക്കത്തിന്‍റെ റീമേക്ക്. പിന്നെ തമിഴിൽ രണ്ട്  ചിത്രങ്ങളും എന്ന സത്തം ഇന്തനേരം റിലീസായി. ജയം രവിയുടെ സഹോദരൻ ജയം രാജയാണ് ഹീറോ.  ബധിര മൂക വിദ്യാലയത്തിലെ അധ്യാപികയുടെ വേഷമായിരുന്നു എനിക്ക്. അതിനു വേണ്ടി എനിക്ക് ആ ഭാഷ പരിശീലിക്കേണ്ടി വന്നു. ഒരു ടീച്ചറിനെ വച്ചായിരുന്നു പരിശീലനം. പിന്നെയൊന്ന് റിലീസായിട്ടില്ല.

നന്ദീശയെക്കുറിച്ച് ഓർക്കുമ്പോൾ സ്വിറ്റ്ർലണ്ടനിൽ ചിത്രീകരിച്ച പാട്ടാണ് എനിക്കോർമ്മ വരുന്നത്. ഒരു സോംഗ് ഷൂട്ട് ചെയ്യാൻ വേണ്ടിയാണ് അവിടെ പോയത്. ഒരു ഡിസംബറിലാണ് ഞങ്ങളവിടെ പോയത്. മഞ്ഞുവീഴ്ച കാണാൻ എന്ത് നല്ല രസമായിരുന്നുവെന്നോ.

സൗഹൃദങ്ങൾ ഉണ്ടോ?

അത്ര വലിയ സൗഹൃദങ്ങളൊന്നും എനിക്കില്ല. ഫീൽഡിൽ അത്ര സൗഹൃദങ്ങൾ ഇല്ല. എന്‍റെ സ്ക്കൂൾ കാലഘട്ടം മുതലുള്ള കൂട്ടുകാരിയാണ് ദിന. അവൾ ല്യാണം കഴിച്ച് വിദേശത്താണ്. അവളാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട്. ഒത്തിരി സൗഹൃദങ്ങൾ ഉണ്ടായാലും പലർക്കും മനസ്സ് തുറക്കാൻ ഒരു നല്ല സുഹൃത്തുണ്ടാകണമെന്നില്ല. പിന്നെ അമ്മയാണ് എന്‍റെ നല്ല കൂട്ടുകാരി.

ഷോപ്പിംഗ്?

കുറേ കോസ്മെറ്റിക്സ് വാങ്ങാനിഷ്ടമാണ്. മേക്കപ്പ് കാര്യമായി ചെയ്യില്ലെങ്കിലും ഇതെല്ലാം ശേഖരിച്ച് വയ്ക്കാൻ എന്തോ വലിയ ഇഷ്ടമാണ്. പിന്നെ ഡ്രസ് വശ്യങ്ങൾക്കുവേണ്ടി വാങ്ങാറുണ്ട്. അത് സീരിയലിന് വേണ്ടിയാണ് അധികവും. ഓരോ ഷെഡ്യൂളിനും അത്രയും ഡ്രസ് കരുതേണ്ടിവരും. സാരിയാണ് എനിക്ക് ഇഷ്ടപ്പെട്ട വേഷം. പക്ഷേ അതെപ്പോഴും ഉടുക്കാനാവില്ല. സൽവാർ, സ്കർട്ട്സ് ഒക്കെ ഇഷ്ടമാണ്.

സൗന്ദര്യ സംരക്ഷണം?

ത്രെഡിംഗ് ചെയ്യാൻ ബ്യൂട്ടിപാർലറിൽ പോകാറുണ്ട്. വീട്ടിൽ സൗന്ദര്യസംരക്ഷണമൊക്കെ ചെയ്യാറുണ്ട്. തൈര് പുരട്ടാറുണ്ട്. ടാനിംഗ് അകലാൻ ഏറ്റവും നല്ലതാണിത്. തൈര് മുൾട്ടാനി മിട്ടിയും ചേർത്തും ഉപയോഗിക്കാറുണ്ട് തൈര് നാച്ചുറൽ ബ്ലീച്ചിംഗ് ഏജന്‍റാണ്. പിന്നെ സന്തോഷത്തോടെ ഇരിക്കുകയെന്നതാണ് സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള മറ്റൊരു സീക്രട്ട്.

കുടുംബം?

അച്ഛൻ ചാർട്ടേഡ് അക്കൗണ്ടന്‍റായിരുന്നു. അച്ഛനായിരുന്നു എനിക്ക് കലാരംഗത്ത് എല്ലാവിധ സപ്പോർട്ടും പ്രോത്സാഹനവും നൽകിയിരുന്നത്. അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോൾ മൂന്ന് വർഷമായി. അത് വല്ലാത്ത ആഘാതമായിരുന്നു. അതുവരെ എന്‍റെ കൂടെ ലൊക്കേഷനിൽ വന്നിരുന്നതൊക്കെ അച്ഛനായിരുന്നു.

ആ വിഷമമൊന്നും എന്നെ അലട്ടാതിരിക്കാൻ അമ്മ പരമാവധി ശ്രദ്ധിക്കാറുണ്ട്. അമ്മയാണെന്‍റെ കൂട്ട് ലൊക്കേഷനിൽ കൂടെ വരുന്നതും അമ്മയാണ്. ചേട്ടൻ മിധുനും ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. ചേട്ടനും ഭാര്യ നീലിമയുമൊക്കെ എനിക്ക് പ്രോത്സാഹനം പകർന്നുകൊണ്ട് ഒപ്പമുണ്ട്.

ഹോബി?

വായിക്കാറുണ്ട്. ഇംഗ്ലീഷ് എഴുത്തുകാരുടെ കൃതികളാണ് അദികവും വായിച്ചിരിക്കുന്നത് മലയാളത്തിൽ വേരുകൾ എനിക്കൊത്തിരി ഇഷ്ടപ്പെട്ട നോവലാണ്. പിന്നെ ആരുമറിയാത്ത ഒരു ഹോബിയുണ്ട്. ഞാൻ ചിത്രം വരയ്ക്കാറുണ്ട്. വരച്ചതൊക്കെ ആർക്കെങ്കിലും സമ്മാനിക്കും. അത് വലിയ ഇഷ്ടമുള്ള കാര്യമാണ്.  കുറേ നിറങ്ങളും വരകളും ചേരുന്നത് നല്ല രസമല്ലേ ( മാളവിക ചിരിക്കുന്നു).

और कहानियां पढ़ने के लिए क्लिक करें...