ഒരിക്കൽ എന്‍റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓർമ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടിൽ, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെൽഫ് എല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.
തെക്കോട്ടു തുറക്കുന്ന ജനൽ, അവിടെ തളിർത്തു നിൽക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കൾ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണർത്തുന്നുവോ? എന്‍റെ ഓർമ്മകളിൽ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടർന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കൽ കൂടി എന്‍റെ ഹൃദയത്തിൽ രാഗമഴ പെയ്യിക്കുകയാണോ?
ഫഹദ് സാർ ഇപ്പോഴെവിടെയായിരിക്കും? ഭാര്യയും മക്കളുമൊക്കെയായി സുഖമായി കഴിയുകയായിരിക്കുമോ? അതോ എന്നെയോർത്ത് ഏതോ നഷ്ട സ്വർഗ്ഗത്തിൽ സ്വയം നഷ്ടപ്പെട്ട് കഴിയുകയാണോ? ഇവിടെ ഈ അന്തരീക്ഷത്തിൽ കഴിയുമ്പോൾ ആ ആത്മാവിന്‍റെ തേങ്ങലുകൾ എങ്ങു നിന്നോ അലയടിച്ചെത്തുന്നതായി എനിക്കനുഭവപ്പെടുന്നു.
“എന്താ താൻ സ്വപ്നം കാണുകയാണോ? ഈ മുറിയും, പരിസരവും പഴയ ഓർമ്മകൾ തന്നിലുണർത്തുന്നതായി തോന്നുന്നുണ്ടോ.”
നരേട്ടന്‍റെ വാക്കുകൾ കേട്ടുഞെട്ടി ഉണർന്നപ്പോൾ മാത്രമാണ് ഞാനിത്ര നേരവും ജനാലയ്ക്കൽ തന്നെ നിൽക്കുകയായിരുന്നു എന്നോർത്തത്. ജാള്യത തോന്നി. നരേട്ടൻ എന്തു വിചാരിച്ചു കാണും?
ഒരിക്കലും ഇനി തട്ടിയുണർത്തുകയില്ലെന്നു കരുതി ഉള്ളിന്‍റെ ഉള്ളിൽ കുഴിച്ചു മൂടിയിരുന്ന ഓർമ്മകൾ. ഒരു ശവക്കല്ലറയിൽ നിന്നെന്നപ്പോലെ അവ പൂർവ്വാധികം ഊർജ്ജസ്വലതയോടെ ഉയിർത്തെഴുന്നേറ്റു തുടങ്ങിയത് നരേട്ടനും മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിലും എന്‍റെ ഹൃദയം വായിക്കുവാനുള്ള കഴിവ് ഇന്ന് മറ്റാരെക്കാളും നരേട്ടൻ സ്വായത്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഞാനോർത്തു. നിരീക്ഷണപാടവമുള്ള ആ കണ്ണുകൾക്കു മുന്നിൽ ഒന്നും എനിക്ക് ഒളിക്കാനാവുകയില്ലെന്നും ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞു.
“ഓ… ഞാൻ വെറുതെ കാറ്റുകൊള്ളാൻ നിന്നതാണ് നരേട്ടാ… അല്ലാതെ…” അർദ്ധോക്തിയിൽ വിരമിച്ച് നിറഞ്ഞു തുടങ്ങിയ കാതരമിഴികളുയർത്തി ഞാൻ നരേട്ടനെ നോക്കി.”
“ഉം… താൻ കള്ളം പറയാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കാര്യം മറക്കണ്ട താൻ ഒരദ്ധ്യാപികയാണ്. ഞാൻ വിരമിച്ച ഒരദ്ധ്യാപകനും. വിദ്യാർത്ഥികളെ കപടതയിൽ നിന്നുമകറ്റി നേർവഴി കാണിച്ചു കൊടുക്കുന്നവരാണ് നമ്മൾ…”
“എനിക്കു മാപ്പുതരൂ നരേട്ടാ… ഞാൻ… ഞാൻ എല്ലാം മറന്നു കഴിഞ്ഞതായിരുന്നു. പക്ഷേ ഈ അന്തരീക്ഷവും പരിസരവും ആ ഓർമ്മകൾ എന്നിൽ വീണ്ടുമുണർത്തുന്നു. ഞാനെന്തു ചെയ്യാനാണ്?” ഞാനാ മാറിൽ വീണു തേങ്ങിക്കൊണ്ടു പറഞ്ഞു.
“ശരി…ശരി… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. നമുക്കീ നാട്ടിൽ അധികം നിൽക്കണ്ട. എത്രയും വേഗം നമുക്കിവിടെ നിന്നു മടങ്ങാം. മാത്രമല്ല തനിക്കിനി ലീവും അധികമില്ലല്ലോ…”
നരേട്ടൻ എന്നെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ എന്‍റെ മനസ്സ് ഒരു വടംവലിയിൽ മുഴുകി. ചെകുത്താനും കടലിനും നടുക്കെന്നപോലെ ഉഴറി.
ഇവിടെ നിന്നാൽ ഫഹദ് സാറിന്‍റെ ഓർമ്മകൾ എന്നെ വീണ്ടും ചുട്ടു പൊള്ളിക്കും. പക്ഷേ പോകാതിരുന്നാൽ ഒരു ജന്മം മുഴുവൻ ഞങ്ങൾക്കായി ഉഴിഞ്ഞു വച്ച അമ്മയോടുള്ള കടപ്പാടുകൾ നിറവേറ്റാൻ കഴിയാതെ പോകും. രണ്ടു ദിനമെങ്കിലും അമ്മയുടെ സമീപം നിന്ന് രോഗ ശുശ്രൂഷകൾ ചെയ്യണമെന്ന എന്‍റെ മോഹം. മൂത്തപുത്രി എന്ന നിലയിൽ എന്‍റെ കടമ കൂടിയാണത്. എന്തു ചെയ്യേണ്ടു എന്നറിയാതെ നിലക്കൊണ്ട എന്നോട് നരേട്ടൻ വീണ്ടും പറഞ്ഞു.
“തന്‍റെ മനസ്സിലെ കൺഫ്യൂഷൻ എനിക്കു മനസ്സിലാകുന്നുണ്ട്. തനിക്ക് അമ്മയെ ശുശ്രൂഷിക്കണമെന്നുണ്ടെങ്കിൽ ഒരാഴ്ച കൂടി നമുക്കിവിടെ താമസിയ്ക്കാം. അതിനുശേഷം ഡൽഹിയിക്കു മടങ്ങാം.”
ഉള്ളു കൊണ്ട് അവിടെ നിന്നു പറന്നു പൊങ്ങാൻ വെമ്പൽ കൊള്ളുമ്പോഴും അമ്മയോടുള്ള കടമ നിർവ്വഹിക്കുവാൻ ഞാൻ തയ്യാറായി. ഇത്തരം അനുഭവങ്ങൾ എനിക്കു പുതുമയല്ലല്ലോ. അല്ലെങ്കിൽ തന്നെ ഇതുപോലെ ഹൃദയവും, തലച്ചോറും ചുട്ടുപൊള്ളുന്ന അനേകം രാത്രികൾ ഞാനീ മുറിയിൽ കഴിച്ചു കൂട്ടിയിട്ടുള്ളതോർത്തു.
അച്‌ഛൻ എനിക്കായി സൃഷ്ടിച്ച തടവറയിൽ അമ്പേറ്റു വീണ ഇണപക്ഷിയുടെ വേപഥുവോടെ പിടഞ്ഞു തീർന്ന രാവുകൾ. ഒരിറ്റു ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ മനസ്സും ശരീരവും കൊതിച്ച നാളുകൾ. കരുണയുടെ ഒരു കൊച്ചു നീരുറവയ്ക്കായി കൈനീട്ടിയ പകലുകൾ. അപ്പോഴൊക്കെ ആരും കാണാതെ അമ്മ അനുജത്തിമാരുടെ കൈയ്യിൽ എനിക്കുള്ള ആഹാരം കൊടുത്തയ്ക്കാൻ ശ്രമിച്ചിരുന്നു.
എന്നാൽ അച്‌ഛന്‍റെ സൂക്ഷ്മ ദൃഷ്ടിക്കു മുന്നിൽ അമ്മയുടെ ആ ശ്രമങ്ങളെല്ലാം മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. അച്‌ഛന്‍റെ നിഷ്ഠൂരമായ നീതിപീഠത്തിനു മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്ന അമ്മ ഒടുവിൽ പട്ടിണി കിടന്ന് മരിക്കാറായെന്നു തോന്നിയപ്പോൾ അച്‌ഛനില്ലാത്ത നേരത്ത് രണ്ടും കൽപിച്ച് എന്നെ തുറന്നു വിട്ട അമ്മയും അനുജത്തിമാരും.
ഓർമ്മയുടെ കല്പടവുകളിലിരുന്ന് അവർക്കായി കൃതജ്ഞതയുടെ പൂച്ചെണ്ടുതെറുക്കുകയായിരുന്നു ഞാൻ. “എന്താ ചേച്ചി, ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്. മുറിയിൽ അമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്.” ഇളം തെന്നൽ ശിരസ്സു തലോടുമ്പോൾ ഞാൻ മുല്ലത്തറയിലാണെന്നറിഞ്ഞു. മായയുടെ ശബ്ദം തൊട്ടുണർത്തിയപ്പോൾ ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു.
“എന്താ ചേച്ചീ… ചേച്ചീ പഴയ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണെന്നു തോന്നുന്നു. ഇനിയും അതൊക്കെ മറക്കാറായില്ലെ ചേച്ചീ…”
തന്‍റെ നനഞ്ഞ കവിൾത്തടങ്ങളിൽ നോക്കിക്കൊണ്ട് മായ ചോദിച്ചു. അപ്പോഴാണ് ഞാൻ ഇതുവരെ കരയുകയായിരുന്നു എന്നോർത്തത്.
“ഇല്ല മോളെ… ഇവിടെ എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ അതിന്‍റെ സ്നേഹപാശം കൊണ്ട് എന്നെ ബന്ധിതയാക്കുകയാണ്. ഒരുപക്ഷേ തള്ളിക്കളയാൻ ശ്രമിക്കുന്തോറും അതെന്നെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കുന്നു.” മനസ്സു പറഞ്ഞു.
“ചേച്ചിയ്ക്കറിയോ? ഫഹദ് സാർ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ ഉപേക്ഷിച്ചു ആ ബന്ധത്തിൽ അദ്ദേഹത്തിന് കുട്ടികളുമുണ്ടായില്ല.”
എന്ത്? ആ വാക്കുകൾ എന്നെ അൽപം ഞെട്ടിക്കുക തന്നെ ചെയ്‌തു. ഒരു പക്ഷേ എന്‍റെ ഓർമ്മകൾ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നല്ലെ അതിനർത്ഥം. അല്ലെങ്കിൽ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തുടരാൻ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അരുത് സാർ… ഈ ശാപജന്മത്തെ ഓർത്തിരുന്ന് അങ്ങയുടെ വിലപ്പെട്ട ജീവിതം അങ്ങ് പാഴാക്കരുത്. അങ്ങനെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടാണ് ഞാനിതു പറയേണ്ടത്??
എന്‍റെ മനസ്സ് എത്ര ഉറക്കെ അലറിയാലും അതീ ശൂന്യതയിൽ വലയം പ്രാപിക്കുകയേ ഉള്ളൂ. ചുറ്റിനു വലയം ചെയ്യുന്ന ഇരുട്ടിനെ തുറിച്ചു നോക്കി ഞാനിരുന്നു. അപ്പോൾ മായ എന്‍റെ കൈപിടിച്ച് കൊണ്ട് ക്ഷണിച്ചു.
“വരൂ… ചേച്ചീ… ഇവിടിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് അമ്മയുടെ അടുത്തേയ്ക്കു പോകാം. അമ്മ കുറേനേരമായി ചേച്ചിയെ അന്വേഷിക്കുന്നു.”
ഒരു പ്രതിമ കണക്കെ മായയെ പിന്തുടർന്ന് ഞാൻ നടന്നു. ഒടുവിൽ അമ്മ കിടക്കുന്ന മുറിയിലെത്തുമ്പോൾ പെട്ടെന്ന് നരേട്ടനെക്കുറിച്ചോർത്തു മായയോടു ചോദിച്ചു.
“നരേട്ടനെവിടെ മോളെ… അദ്ദേഹത്തെ അല്പനേരമായല്ലോ കണ്ടിട്ട് അദ്ദേഹം ഇവിടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.”
“നരേട്ടൻ നടക്കാനിറങ്ങിയതാണ് ചേച്ചീ… ചേച്ചീയോടു പറഞ്ഞിട്ടാണ് അദ്ദേഹം പോകുന്നതെന്നു പറഞ്ഞു.”
ശരിയാണ്, നരേട്ടൻ എന്നെ സമാശ്വസിപ്പിച്ച ശേഷം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓർമ്മകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞിരുന്ന ഞാൻ അതൊന്നും കേട്ടില്ല എന്നതാണ് സത്യം. എങ്ങിനെയോ, അർദ്ധപ്രജ്ഞയായി ഞാൻ മുല്ലത്തറയിൽ എത്തിച്ചേരുകയായിരുന്നു. ഏതോ ഓർമ്മകൾ എന്നെ അങ്ങോട്ടേയ്ക്ക് നയിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.
“എന്താ മീര മോളെ നീ വല്ലാതെ ഇരിക്കുന്നത്. ഇവിടെ പഴയ ഓർമ്മകൾ നിന്നെ വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.”
നരേട്ടനെപ്പോലെ അമ്മയും എന്‍റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുള്ള വ്യക്‌തിയാണ്.
“എല്ലാം മറക്കണം കുട്ടീ… മറവി പലപ്പോഴും മനുഷ്യന് ഒരനുഗ്രഹമാണ്. പ്രത്യേകിച്ച് ഭൂതകാലം നമ്മെ വേട്ടയാടുമ്പോൾ.”
“ശരിയാണ് അമ്മേ… എല്ലാം മറക്കുവാൻ പഠിച്ചു തുടങ്ങിയതായിരുന്നു ഞാൻ. പക്ഷേ ഒരു നെരിപ്പോടിലെന്നപ്പോലെ ഓർമ്മകൾ ഇപ്പോഴും അണയാതെ കിടക്കുന്നു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്.
അന്ന് അമ്മയും മായയും മഞ്ജുവും എന്നെ തടവറയിലെ അർദ്ധ പട്ടിണിയിൽ നിന്നും രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു അതായിരുന്നു ഭേദം എന്ന്.
അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ, ഫഹദ്സാറും കുറെ കഴിയുമ്പോൾ എന്നെ മറന്നേനെ. ഇന്നിപ്പോൾ എല്ലാ സുഖഭോഗങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും ആ ആത്മാവിന്‍റെ വേദന ഒരു ശാപം പോലെ എന്നെ പിന്തുടരുന്നു.
ഞങ്ങളുടെ രാഹുൽ മോനെ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയത് ആ മനസ്സിന്‍റെ ശാപഫലമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്തൊക്കെ പീഢനങ്ങൾ നേരിട്ടപ്പോഴും ഞാൻ ഫഹദ് സാറിനു വേണ്ടി അന്ന് ഉറച്ചു നിൽക്കേണ്ടതായിരുന്നു. എങ്കിൽ ഇന്നിപ്പോൾ എന്നെ നെരിപ്പോടിലെന്നപ്പോലെ ഉരുക്കിത്തീർക്കുന്ന ഈ കുറ്റബോധത്തിൽ നിന്നും എനിക്ക് മോചനം ലഭിക്കുമായിരുന്നു.
“എല്ലാം വിധിയാണു കുഞ്ഞെ… ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്.?എല്ലാം ഈശ്വര ഹിതം. നീ ഫഹദ്സാറിന്‍റെ ഒപ്പമല്ല നരന്‍റെ ഒപ്പമാണ് ജീവിക്കേണ്ടതെന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചിരുന്നു കുട്ടീ…”
“അല്ല അമ്മേ… അപ്പറഞ്ഞതിൽ ഞാൻ വിശ്വസിക്കുന്നില്ല. വരും വരായ്മകൾ കുറെയൊക്കെ മനുഷ്യ സൃഷ്ടിയാണ്. അന്ന് ഈശ്വരനല്ലാ അച്ഛനാണ് എന്‍റെ കാര്യത്തിൽ തീരുമാനം എടുത്തത് അല്ലെങ്കിൽ ഞാനും ഫഹദ്സാറും തമ്മിലുള്ള വിവാഹംബന്ധം ഒരിക്കലും മുറിയ്ക്കപ്പെടുമായിരുന്നില്ല.
“ശരിയാണ് കുഞ്ഞെ… ഒക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… ഇന്നിപ്പോൾ പഴയതെല്ലാം മറക്കുക. നീയിന്ന് ഒരമ്മയും മുത്തശ്ശിയുമായിക്കഴിഞ്ഞു. പിന്നെ നീ ആരേയും വഞ്ചിച്ചു എന്ന കുറ്റബോധം വേണ്ട. നരനും എല്ലാം അറിയാമാരുന്നല്ലോ നിന്നെ വിവാഹം കഴിക്കുമ്പോൾ…”
“ശരിയാണമ്മേ… ആ മനസ്സിന്‍റെ മഹത്വമാണ് എന്നെ ഇത്രത്തോളം എത്തിച്ചത്. എങ്കിലും ഇന്നിപ്പോൾ ഇവിടെ നിൽക്കുമ്പോൾ ഞാനറിയാതെ പഴയതെല്ലാം എന്നിലേയ്ക്കു കടന്നു വരുന്നു. ഈ വീട്ടിലെ ഓരോ മണൽത്തരിയും എന്നെ പലതും ഓർമ്മിപ്പിക്കുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ. ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്. ഫഹദ് സാറിന്‍റെ വധുവായപ്പോൾ ഞാനണിഞ്ഞിരുന്ന വിവാഹ വസ്ത്രം. എല്ലാമെല്ലാം പഴയ ഓർമ്മകളിലേയ്ക്കു എന്നെ നയിക്കുന്നു. ഓർമ്മകൾക്കും മരണത്തിനുമൊന്നും സ്‌ഥലകാല ബോധമില്ലല്ലോ അമ്മേ…”
“ശരിയാണു കുഞ്ഞെ… നിന്‍റെ വേദന എനിക്കു മനസ്സിലാകുന്നുണ്ട്. നിന്നെ ഇങ്ങനെ എന്‍റെ കാൽക്കീഴിലിരുന്ന് കണ്ണീരൊഴുക്കുന്നവളായി കാണാനല്ല ഞാനാഗ്രഹിച്ചത്. നിങ്ങളുടെയൊക്കെ ചിരിക്കുന്ന മുഖം കണ്ട് സന്തോഷത്തോടെ മരിക്കാനാണ്… അതിനു മാത്രമാണു കുഞ്ഞെ നിന്നെ ഈ അവസാന കാലത്തു കാണണമെന്ന് ഞാനാഗ്രഹിച്ചത്.”
നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ കണ്ടപ്പോൾ മാത്രമാണ് ഞാൻ അമ്മയെ വേദനിപ്പിക്കുകയായിരുന്നുവെന്നോർത്തത്. ഈ അവസാന കാലത്ത് അമ്മയെ വേദനിപ്പിക്കുവാനായിട്ടാണ് ഞാനിങ്ങോട്ട് വന്നതെന്നോർത്തപ്പോൾ കുറ്റബോധം തോന്നി.
“എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല അമ്മേ… എന്നോടു ക്ഷമിക്കൂ. എനിക്കു മാപ്പു തരൂ.”
ആ കാലുകളിൽ കെട്ടിപ്പിടിച്ച് മാപ്പിരക്കുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ പഴയ മീരയാകുവാൻ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.
അന്നും അതിന്‍റെ പിറ്റേന്നും ഞാൻ പൂർണ്ണമായും പഴയ കോളേജ് കുമാരിയാകുവാൻ, അമ്മയുടെ പഴയ മീരമോളാകുവാനുള്ള ശ്രമത്തിലായിരുന്നു. ഊർജ്‌ജസ്വലയായ ആ പഴയ പെൺകുട്ടിയെ എന്നിലേയ്ക്കാവാഹിക്കുവാനുള്ള ആ ശ്രമത്തിൽ ഞാൻ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ പറയാം. അമ്പതു പിന്നിട്ട് മുത്തശ്ശിയായിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അത് ആത്യന്തം ശ്രമകരമായിരുന്നു, എങ്കിലും അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രോഗശുശ്രൂഷ ചെയ്യുന്നതിൽ ഞാൻ ഒട്ടൊക്കെ വിജയിച്ചു.
അമ്മയെ അത് ഏറെ സന്തോഷിപ്പിച്ചു. എന്നിലെ മാറ്റം കണ്ട് വിസ്മയം പൂണ്ട് അമ്മ പറഞ്ഞു.
“മീരമോളെ… നീയിപ്പോൾ എന്‍റെ പഴയ ചുണക്കുട്ടി തന്നെയായിരിക്കുന്നു. ഇങ്ങനത്തെ എന്‍റെ മീരമോളെ കാണുന്നതാണ് എനിക്കിഷ്ടം.”
അമ്മയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നു. പത്തുമാസം ചുമന്ന് പ്രസവിച്ചു വളർത്തിയ അമ്മയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിൽ ഞാനൊരു മകളാവുകയില്ലെന്നു തോന്നി.
എന്നിലെ മാറ്റം നരേട്ടനടക്കം മറ്റെല്ലാവരേയും സന്തോഷിപ്പിച്ചു.
“താനിപ്പോഴാണ് എന്‍റെ പഴയ മീരയായത്. കഴിഞ്ഞ ദിവസങ്ങളിലെ തന്നിലെ ആ നനഞ്ഞ മട്ട് എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല മീര.”
നരേട്ടൻ സന്തോഷത്തോടെ എന്നെ ചേർത്തു നിർത്തി പറഞ്ഞു.
രാവിലെ കുളിച്ച് അമ്പലത്തിൽ പോയി പ്രസാദമണിഞ്ഞു വന്ന എന്നെ അദ്ദേഹം ചേർത്തണച്ച് നെറ്റിയിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു. “നിന്‍റെ ശ്രീത്വം തുളുമ്പുന്ന ഈ മുഖത്തെ പ്രസന്നത എനിക്ക് മരിക്കുന്നതു വരെ കാണണം.” ഞാൻ കൈകൊണ്ട് ആ ചുണ്ടുകൾ പൊത്തി എന്നിട്ടു പറഞ്ഞു.
“അരുത്… നരേട്ടാ… മരണത്തെ ഓർമ്മിപ്പിക്കുന്ന ഒന്നും അങ്ങ് പറയുകയില്ലെന്നെനിക്ക് വാക്കു തന്നിരിക്കുന്നതാണ്.”
(തുടരും)