മഞ്ഞക്കുളി ഘോഷയാത്രയും ചെണ്ടമേളക്കാരും കടന്നു പോയതിന് ശേഷമാണ് കാട്ടുങ്കൽ അമ്പലത്തിൽ നിന്ന് വിശേഷാൽ ദേവി വിഗ്രഹമേറ്റിയ പുഷ്പാലംകൃത രഥം പുറത്തേയ്ക്ക് എഴുന്നള്ളിയത്.

പ്രദേശത്തെ സർവ്വമാന ജനങ്ങളും ഉത്സവത്തിനെത്തിയിട്ടുണ്ട്. കൂടുതലും സ്ത്രീ ജനങ്ങൾ. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളുടുത്ത് താലമേന്തിയ പെൺകുട്ടികൾ. സായാഹ്ന വെയിൽ അവരുടെ നാസികാഗ്രത്തിലെ മൂക്കുത്തികളെ പകൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശമാനമാക്കി.

കനകാംബരവും പിച്ചിയും തുളസിക്കതിരുകളും അരികരികു ചേർത്ത് മെടഞ്ഞെടുത്ത മല്ലികപ്പൂമാല തലമുടിയടുക്കുകളിൽ വസന്തം വിരിയിക്കുന്നു.

ദൂരെ നിന്നു തന്നെ നല്ല വാസന. മുല്ലപ്പൂക്കാടുകൾ മൊത്തം പൂത്തിരിക്കുന്നു.

അന്തിച്ചോപ്പിൽ സൂര്യൻ വേമ്പനാട്ടുകായലിലേയ്ക്കിറങ്ങാൻ വെമ്പി നിൽക്കുന്നു.

മൺചിരാതിൽ നിന്നുള്ള എണ്ണത്തിരി വെളിച്ചം മുഖശോഭയേറ്റിയ പെൺകുട്ടികൾ താലമേന്തി നിരന്നു.

അഷ്ടമിനാളിലെ ശീവേലി തീരാറായി. ഇനി ദുർഗ്ഗാപൂജയും കഴിഞ്ഞ് നടയടച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് പറയും പ്രദക്ഷിണവും പുറത്തേയ്ക്ക് പോവുക.

രഥത്തിന് മുന്നിലും പിന്നിലും ചെണ്ടമേളക്കാർ കൊട്ടിക്കേറി. തിരക്ക് വർദ്ധിച്ചിരിക്കുന്നു. ക്ഷേത്രാങ്കണം നിറയെ ഭക്തരാണ്. ധാരാളം പേർ ക്ഷേത്രമതിലുകളിൽ കയറിയിരിക്കുന്നു കാഴ്ച്ചക്കാരെ പോലെ. റോഡിലും തിരക്കേറിയപ്പോൾ വാഹനങ്ങൾ മത്സരിച്ച് ഹോണടിക്കുന്നു.

അമ്പലം വോളണ്ടിയേഴ്സും പോലീസും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് വഴി മുടക്കുന്ന കാഴ്ചകളാണധികവും. അത്രയ്ക്കുണ്ട് ജനപ്രവാഹം.

ശ്രീറാം എത്തിയപ്പോൾ ഘോഷയാത്ര പാലം കേറിത്തുടങ്ങിയിരുന്നു. ഇനി പാലം കയറിയിറങ്ങി കാവ് ചുറ്റിക്കറങ്ങി തിരിച്ചു വരുമ്പോഴേയ്ക്കും രണ്ട് മണിക്കൂറുകൾ എടുക്കും.

രുക്കുവിനെ കാണണമെന്നുള്ള ഉൽക്കടമായ അഭിവാഞ്ച അടക്കാനാവുന്നില്ല ശ്രീറാമിന്. ഉത്സവത്തിന് കാണുമോ എന്ന ചോദ്യത്തിന് താലപ്പൊലിക്ക് ഞാനും അനുജത്തിമാരും മാത്രം ഉണ്ടാകും. അത്താഴപൂജയ്ക്കു ശേഷം അമ്പലത്തിനുള്ളിൽ വച്ച് കാണാം.

അങ്ങിനെയാണ് രുക്കു പറഞ്ഞതെന്നാണ് ഓർമ്മ. എന്തിനാണവൾ കാണാം എന്നു പറഞ്ഞത്?

രുക്കുവുമായുള്ള വിവാഹാലോചന ശ്രീറാം വേണ്ടായെന്ന് വച്ചതിന് ശേഷം തമ്മിൽ കണ്ടതു തന്നെ ആകസ്മികമായിട്ടാണ്.

രണ്ടുനാൾക്കു മുമ്പ്.

പള്ളിമുക്കിലെ മെഡിക്കൽ ഹോസ്പിറ്റലിലെ മുന്നിൽ നിന്ന് ഓട്ടോ റിക്ഷയ്ക്ക് കൈകാണിച്ചപ്പോഴാണ് അത് രുക്കുവാണെന്ന് ശ്രദ്ധിച്ചത്. ഓടി വന്ന് അവൾ പിറകിൽ കയറിയിരുന്നപ്പോൾ വല്ലാത്തൊരു അപകർഷതാബോധത്താൽ ശ്രീറാം ചുരുങ്ങിപ്പോയി.

രുക്കുവിന്‍റെ വിവാഹാലോചന കൊണ്ടുവന്നത് ശ്രീറാമിന്‍റെ അമ്മയുടെ സ്നേഹിത മീനുവക്കൻ വഴിയാണ്.

മീനുവക്കന്‍റെ മേൽനോട്ടത്തിൽ കനിവ് എന്നൊരു സാമൂഹ്യ സംഘടനയുണ്ട്. രുക്കുവും രണ്ടു അനുജത്തിമാരും കനിവിന്‍റെ കീഴിൽ അനാഥാലയങ്ങളിൽ നിന്നാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്, പഠിക്കുന്നത്.

വളരെ നേരത്തെ അച്‌ഛൻ മരിച്ചു. അമ്മയുണ്ട്. അമ്മയ്ക്ക് ഒരൽപം മാനസിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് മീനുവക്കൽ തന്നെയാണ് എല്ലാത്തിനും ഗാർഡിയൻ.

രുക്കു നഴ്സിംഗ് പാസായി. ജോലിക്ക് കയറിയിരിക്കുന്നു. മീനുവക്കന് രുക്കുവിനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്.

ശ്രീറാം ബിരുദധാരിയാണെങ്കിലും ഓട്ടോഡ്രൈവർ ആണ്. സ്വന്തമായി രണ്ട് ഓട്ടോറിക്ഷയുണ്ട്. മട്ടാഞ്ചേരിയിൽ സ്വന്തം വീടുണ്ട്. രണ്ട് മൂത്ത പെങ്ങന്മാരെ നല്ല നിലയിൽ കെട്ടിച്ചയച്ചിരിക്കുന്നു. ശ്രീറാമിന്‍റെ അച്‌ഛൻ പലചരക്ക് കട നടത്തുന്നു. ശ്രീറാം ഒരേയൊരു മകൻ.

എല്ലാവർക്കും രുക്കുവിനെ ഇഷ്‌ടപ്പെട്ടതു കൊണ്ട്, വാക്കുറപ്പിച്ച് കല്യാണ നാളും കുറിച്ചായിരുന്നു മടങ്ങിയത്. പക്ഷേ, പിന്നെയപ്പോഴോ കടന്നു വന്ന ആകസ്മികതകൾ… അവയുടെ നീരാളിപ്പിടുത്തങ്ങൾ… രുക്കുവുമായുള്ള ആ ആലോചന ഉപേക്ഷിക്കപ്പെട്ടു.

എല്ലാറ്റിനും കാരണക്കാരനായി എത്തിയത് വിശാഖൻ.

അവന്‍റെ കടന്നു വരവ് അസ്വസ്ഥതയുടെ കടന്നൽ കൂടിളക്കി. രുക്കുവിന്‍റെ ബന്ധുവാണെന്ന് പറഞ്ഞ് മട്ടാഞ്ചേരിയിൽ ശ്രീറാമിന്‍റെ വീട് തപ്പിപ്പിടിച്ച് വന്നവൻ… എല്ലാ കാര്യങ്ങളും അങ്ങനെ തകിടം മറിഞ്ഞു.

കുറെ വർഷങ്ങൾക്കു ശേഷം വിശാഖൻ എത്തിയത് പകയുടെ നെരിപ്പോടിൽ കനലുകളുമായാണ്. ഒരിക്കലും കെടാത്ത കനലുകൾ.

അവൻ വന്ന് ശ്രീറാമിന്‍റെ കുടുംബത്തിലെ ശാന്തത തകർത്തു. ചില പെൺകുട്ടികൾക്ക് കല്യാണത്തിന് മുമ്പ് ഒന്നു രണ്ട് പ്രേമങ്ങളൊക്കെ കാണും. വളരുന്ന പ്രായത്തിൽ പ്രത്യേകിച്ചും. അതൊന്നും സീരിയസ്സായി എടുക്കേണ്ട കാര്യമില്ല. പഴയ കാലമല്ലല്ലോ. ആൺകുട്ടികളെ കണ്ട് ഓടിയൊളിക്കുന്ന അടുക്കളവാതിൽ മറയ്ക്കുള്ളിൽ മറയുന്ന പെൺകുട്ടികളെ ഇക്കാലത്ത് കാണാനില്ല.

നീ അമ്മയോടൊന്നും ഈ വൃത്തിക്കേടുകൾ പറയണ്ട.

ശ്രീറാമിന് രുക്കുവിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ശ്രീകോവിലിലെ ദേവിയെ പോലെ അവളെ അവൻ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. ആ പ്രതിഷ്ഠ ഇളക്കാൻ അവന് താൽപര്യമില്ലായിരുന്നു.

രുക്കുവിന്‍റെ സ്വഭാവഹത്യയിൽ വിശാഖൻ കടിച്ചു തൂങ്ങിക്കിടന്നു. അവൻ ആണയിട്ട് പറഞ്ഞു. അവൾ പിഴയാണ്. ശ്രീറാമിന്‍റെ അമ്മേ, മീനുവക്കൻ ആരുമായിക്കൊള്ളട്ടെ. അവർ നിങ്ങളെ ചതിക്കുകയാണ്. രുക്കുവിനെപ്പോലെ ഒരു അലമ്പിനെ നിങ്ങളുടെ വീട്ടിൽ കയറ്റാനെ കൊള്ളില്ല. ഒരിക്കൽ ഗർഭിണിയായതാണ്. ആരും അറിയാതെ അത്…

പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ കള്ളച്ചുമയാൽ മുഖം മറിച്ച് വിശാഖൻ. അവന്‍റെ കെട്ടിച്ചമയ്ക്കലുകൾ കള്ളമാണെന്ന് വിശാഖന്‍റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈതരിക്കുന്നുണ്ടായിരുന്നു. രംഗം വഷളാവുന്നതു മനസ്സിലാക്കി അവൻ വേഗം സ്കൂട്ടായി.

അമ്മയും പെങ്ങന്മാരും കരയാൻ തുടങ്ങി. അച്‌ഛൻ ചോദിച്ചു നാട്ടിൽ വേറെ കുട്ടികളില്ലേടാ… പേരുദോഷം കേൾപ്പിച്ചതിനെ തന്നെ നമുക്ക് വേണോ? നമുക്കീ കാര്യം ഉപേക്ഷിക്കാം കുട്ടാ…

അമ്മ മീനുവക്കനോട് ചോദിക്കൂ… ശ്രീറാം യാചിക്കുകയായിരുന്നു.

അതുവേണ്ട മോനെ. അവൾക്കത് വിഷമമാകും. പിന്നെ നമ്മളെ ചതിച്ചൂലോ എന്ന കുറ്റബോധമുണ്ടാക്കണ്ട…

കുറെയധികം വാദപ്രതിവാദങ്ങൾ!

അമ്മയുടെ കണ്ണീർ പെങ്ങന്മാരുടെ യാചനകൾ. അവസാനം അളിയന്മാർ രുക്കുവിന്‍റെ അമ്മയെ വിളിച്ച് വിവാഹ നിശ്ചയത്തിൽ നിന്ന് ഒഴിയുവാണെന്ന് അറിയിച്ചു. മാത്രമല്ല, വിശാഖൻ പറഞ്ഞ കഥകളൊക്കെ അവരെ അറിയിക്കുകയും ചെയ്‌തിട്ടിപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.

“ഞാൻ ഓടിക്കയറിയതുകൊണ്ട് പെട്ടെന്നാളെ മനസ്സിലായില്ല കേട്ടോ…” ചിരകാല പരിചിതരെ പോലെ രുക്കു…

അവളുടെ ചിരിക്ക് മുന്നിൽ ശ്രീറാമിന് വാക്കുകൾ തൊണ്ടയിൽ വിലങ്ങി ശ്വാസം മുട്ടി ചതഞ്ഞു.

ഏറെനേരത്തെ മാനസിക സംഘർഷത്തിന് ശേഷം മൗനത്തിന്‍റെ തടവറ തല്ലിപ്പൊളിച്ച് അവൻ പുറത്തു വന്നു.

ഈ ഹോസ്പിറ്റലിൽ ആണോ ജോലി ചെയ്യുന്നത്?

അതെ ഇപ്പോൾ ടെംപററിയാണ്. ആറുമാസം കഴിഞ്ഞു. അടുത്തു തന്നെ സ്‌ഥിരമാകും.

വീണ്ടും മൗനം

ശ്രീറാം പെട്ടെന്ന് ആശങ്കയോടെ തിരക്കി. വിശാഖൻ രുക്കുവിന്‍റെ ബന്ധുവല്ലെ, രുക്കുവിന്‍റെ മുഖം വിളറി.

അതെ, അമ്മാവന്‍റെ മകൻ. എന്‍റെ കുട്ടിക്കാലത്തെങ്ങോ നാടുവിട്ടു പോയീന്ന് കേട്ടിട്ടുണ്ട്. ഈയിടെ തിരികെയെത്തീന്നും. എന്നെപ്പറ്റി എന്തെക്കെയോ കഥകൾ മെനയുന്നുവെന്നും അമ്മ പറഞ്ഞു കേട്ടു.

നമ്മുടെ വിവാഹ നിശ്ചയത്തിൽ നിന്നും ശ്രീറാം പിന്മാറിയെന്നറിഞ്ഞു.

ഒരു വിളറിയ ചിരി ശ്രീറാമിന്‍റെ മുഖത്ത് മഞ്ഞളിച്ചു.

“രുക്കു ക്ഷമിക്കണം. ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. രുക്കുവിനെ മറക്കാൻ എനിക്കു കഴിഞ്ഞിട്ടുമില്ല.”

അവൾ അതിനു മറുപടി പറഞ്ഞില്ല. ചിന്താവിഷ്ടയായി കൈവിരലുകളിലെ നീണ്ടു മനോഹരമായ സ്വന്തം നഖങ്ങളെ താലോലിച്ചിരുന്നു രുക്കു.

പിന്നെ മെല്ലെ പറഞ്ഞു.

“മീനുവക്കൻ വലിയൊരു വടയാൽ വൃക്ഷമായി എന്‍റെ കുടുംബത്തിന്‍റെ മുകളിലുണ്ട്. അതാണഭയം. മീനുവക്കൻ പറഞ്ഞു എന്നോട് ഐഇഎൽറ്റിഎസ് എഴുതിയെടുക്കാൻ. അനുജത്തിമാരെ പഠിപ്പിക്കണം. അമ്മയുടെ ചികിത്സ. വീട് പുതുക്കിയെടുക്കണം. അനാഥാലയങ്ങളുടെ നാലുചുവരുകളിൽ നിന്നുള്ള വിടുതൽ തേടി അമ്മയും മക്കളുമായി സന്തോഷകരമായി, ശാന്തമായി ഒരു ജീവിതം. അങ്ങിനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുടെ നടുവിലാണ് ഞങ്ങൾ. ആത്മവിശ്വാസം മീനുവക്കൻ വേണ്ടുവോളം തരുന്നുണ്ട്.”

“ഓർമ്മകൾ… അലസിപ്പോയ ഒരു കല്യാണാലോചനയുടെ കണ്ണുനനയിക്കുന്ന ഓർമ്മകൾ അത്ര നിസ്സാരമല്ല. നീറ്റലുണ്ടെങ്കിലും മറക്കാൻ ശ്രമിക്കുന്നു ഞാൻ. ആദ്യമായിട്ടാ, ഒരാളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയത്. നിങ്ങളെ.”

ശ്രീറാമിന് നൊന്തു പോയി. മനസ്സ് പൊള്ളിപ്പിടഞ്ഞു.

കായൽക്കാറ്റിൽ മയങ്ങിക്കിടക്കുന്ന ഗോശ്രീ നടപ്പാത. ഉച്ചനേരമായതു കൊണ്ട് വിജനമാണ്.

പകലിന്‍റെ വെയിൽ നാളങ്ങളിൽ, നീല ജമുക്കാളം വിരച്ചിട്ട ആകാശത്തിനു കീഴിൽ വേമ്പനാട്ടുകായൽ അനന്തതയിലേയ്ക്ക് നീണ്ടു മലർന്ന് കിടക്കുന്നു.

ശ്രീറാം അവിടെ അരികു ചേർന്ന് ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നിറങ്ങി.

വിടർന്ന മിഴികൾ അമ്പരപ്പോടെ ശ്രീറാമിനെ നോക്കി.

പിന്നീട്, ഇരട്ടക്കുളങ്ങര റോഡ് തിരിയുന്നിടത്ത് ഒരൽപം ഇടവഴിയേറി രുക്കുവിന്‍റെ വീടിനടുത്തായി ശ്രീറാം അവളെ ഇറക്കി വിട്ടു.

ചാർജ് വാങ്ങാൻ ശ്രീറാം ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ച് രൂപ അവന്‍റെ കയ്യിൽ കൊടുത്ത്, തിരിഞ്ഞു നോക്കാതെ വീട്ടിലേയ്ക്കുള്ള വഴിയിൽ രുക്കു മറഞ്ഞു.

അതിന് മുന്നേ ശ്രീറാം ഇങ്ങനെ ചോദിച്ചായിരുന്നു.

“ക്ഷേത്രത്തിൽ താലപ്പൊലിക്കുണ്ടാവുമോ?”

ഓടിപ്പോകുന്നതിനിടെ രുക്കുവിന്‍റെ വാക്കുകൾ നേർത്ത നനഞ്ഞ കുളിർക്കാറ്റു പോലെ കാതുകളിലെത്തി. തീർച്ചയായും ഞാനും അനുജത്തിമാരും താലപ്പൊലിക്കുണ്ടാകും. പിന്നീട് അത്താഴ പൂജയ്ക്കു ശേഷം അമ്പല നടയിൽ വച്ച് കാണാം.

വളരെ ആത്മാർത്ഥതയും അർത്ഥ ഗാംഭീര്യവും ആ വാക്കുകൾക്കുണ്ടായിരുന്നു.

“മൊബൈൽ നമ്പറുണ്ടല്ലോ. വിളിക്കുമോ…?”

അതിനവൾ മറുപടി പറഞ്ഞില്ല. ദൂരെ കാഴ്ചവട്ടത്ത് അവളുടെ തേജോമയരൂപം മറഞ്ഞു കഴിഞ്ഞിരുന്നു.

ശ്രീറാമിന്‍റെ ഹൃദയം പടപടാ തുടിച്ചു. രുക്കുവിന് തന്നോട് വെറുപ്പില്ല. അതുമതി…

അവളെ വീണ്ടും വീണ്ടും കാണണമെന്ന മോഹം…

അടക്കാനാവാത്ത അഭിനിവേശം. ശ്രീറാമിന് വരാതിരിക്കാനായില്ല.

ഓട്ടോറിക്ഷായെടുത്തു റോഡിനരികിലേയ്ക്ക് ഒതുക്കിയിടാൻ നോക്കി. എല്ലായിടത്തും വാഹനങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇനി ഘോഷയാത്ര മുഴുവൻ പോയതിനു ശേഷം മാത്രമേ വണ്ടിയെടുക്കാൻ കഴിയൂ.

പെട്ടെന്നൊരു യാത്രക്കാരൻ പിന്നിലേയ്ക്ക് വലിഞ്ഞു കയറുന്നത് കണ്ട് ശ്രീറാം പറഞ്ഞു.

“ഈ ട്രാഫിക് ബ്ലോക്കിൽ വണ്ടിയെടുക്കാൻ പറ്റില്ല. ഞാൻ ഓട്ടം നിർത്തിയതാ.”

“ങേ, നീയായിരുന്നോ ശ്രീറാമേ, ഇതു ഞാനാ വിശാഖൻ. അല്ലാ, നീയെന്താ ഇവിടെ.”

അവൻ ഓട്ടോയിൽ തന്നെ ഒന്നിളകിയിരുന്നു.

കസവിന്‍റെ മുണ്ടും ജുബ്ബാ പോലൊരു സിൽക്ക് കുപ്പായവും അവൻ അണിഞ്ഞിരുന്നു. ഉത്സവവേഷം.

കാമം കത്തുന്ന മിഴികളോടെ അവൻ സ്ത്രീകളെ തുറിച്ചു നോക്കി. തികച്ചും ആഭാസനെപ്പോലെ സ്ത്രീജനങ്ങളുടെ ഉടലാഴങ്ങളിലേയ്ക്ക് നോക്കുന്നതും ഗോഷ്ടികൾ പ്രകടിപ്പിക്കുന്നതും കണ്ട ശ്രീറാമിന് അറപ്പു തോന്നി.

തെണ്ടി, വൃത്തികെട്ട ജന്തു. തന്‍റെ ഓട്ടോയിൽ കയറിയിരുന്ന് വായ് നോക്കി രസിക്കുകയാണ്.

താലമേന്തിയ സ്ത്രീകളുടെ പ്രകാശ വർണ്ണ പ്രപഞ്ചത്തിൽ കണ്ണുകൾ മങ്ങി. അമ്പലവിളക്കുകൾ പ്രകാശിച്ചു തുടങ്ങി. സന്ധ്യാദീപങ്ങൾ മുഴുവൻ മിഴികൾ തുറന്നു. പകൽ പോലെ വെളിച്ചം നിറഞ്ഞു.

രുക്കുവിന്‍റെ അനുജത്തിമാർ ശ്യാമയും ചാന്ദ്നിയും താലമേന്തി നീങ്ങുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ആ കൂട്ടത്തിൽ കണ്ടില്ല. ഭാമിനിചേച്ചിയേയും കണ്ടില്ല. പുരുഷൻ മരിച്ചതിൽ പിന്നെ ഭാമിനി താലമേന്തിയിട്ടില്ല.

ഭാമിനി അത്ര സുന്ദരിയല്ല. കറുത്തിട്ട് ഒരു സാധാരണ സ്ത്രീ. പക്ഷേ, അവരുടെ മൂന്നു പെണ്മക്കൾ അങ്ങിനെയല്ല. സൂര്യനുദിക്കുന്ന പോലെ. പാൽ വെളിച്ചമുള്ള പ്രഭാതത്തിലെ ഈറൻ നനഞ്ഞ പ്രകൃതി പോലെ അസാധാരണ സൗന്ദര്യമുള്ള കുട്ടികൾ. കുട്ടികൾ അച്‌ഛനെ പോലെയാണെന്ന് മീനുവക്കൻ പറഞ്ഞിരുന്നു.

“എടാ ശ്രീറാമേ, ദേ പോകുന്നു ആ ഭാമിനിയുടെ പെണ്മക്കൾ. എല്ലാം വളർന്ന് മുറ്റി.” വിശാഖന്‍റെ കഴുകൻ കണ്ണുകൾ അവരെ കണ്ടുപിടിച്ചു കഴിഞ്ഞു.

“മൂത്തവളെവിടെ… ആ വെള്ളപ്പിശാച്.”

വിശാഖന്‍റെ ആർത്തി പിടിച്ച മിഴികൾ രുക്കുവിനെത്തേടി ഉഴറുന്നത് കണ്ടപ്പോൾ ശ്രീറാമിന്‍റെ മനസ്സിടിഞ്ഞു.

“അവളെന്ത്യേ? എനിക്ക് അവളെയാ കാണേണ്ടത്.”

അച്ഛനില്ലാത്ത ആ പാവം കുട്ടികളോട് ഇവനിത്ര പകയെന്തിനാണ്?

വിശാഖന്‍റെ മുഖത്തും കണ്ണുകളിലും പ്രതികാരത്തിന്‍റെ തീനാളം ചുവക്കുന്നുണ്ടായിരുന്നു. അവൻ കുട്ടികളെ ഉപദ്രവിക്കുമെന്ന് ശ്രീറാം ഭയന്നു.

“വിശാഖൻ ഓട്ടോയിൽ നിന്നിറങ്ങണം.” ശ്രീറാമിന്‍റെ ശബ്ദം കനത്തു.

“എടാ, നമ്മൾ…”

“അല്ല, നമ്മൾ തമ്മിൽ ഒരു സൗഹൃദവും ഇല്ല. നീ എന്‍റെ ഓട്ടോയിൽ നിന്നിറങ്ങൂ. എനിക്ക് പോകണം.”

ശ്രീറാമിന്‍റെ ഒച്ചയുയർന്നു. മുഖം ചുവന്നു. ചുറ്റും നിൽക്കുന്നവർ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ വിശാഖൻ ചൊടിച്ചു.

“നീ ആളാവുന്നോടാ. ഇതെന്‍റെ നാടാണ്. മട്ടാഞ്ചേരിയല്ല.”

“പോടാ…” ശ്രീറാമിന് കാൽവിരൽ തൊട്ട് നെറുക വരെ പെരുത്തു കയറി.

“വിശാഖാ… നീ പറഞ്ഞ് നാട്ടുകാരറിയണ്ട. നിന്‍റെ കള്ളക്കഥകൾക്ക് പിന്നാമ്പുറത്തെന്തു സംഭവിച്ചുവെന്ന് എനിക്കറിയാം. അതായിരുന്നില്ലെ നിന്‍റെ തുറുപ്പു ചീട്ട്…”

“നീ എന്തറിഞ്ഞു. ആരാണ് നിന്നോട് പറഞ്ഞത്?”

“അവളൊ…? അല്ലേൽ ആ ഭ്രാന്തിത്തള്ളയോ…?”

വിശാഖന് ഹാലിളകിയത് പെട്ടെന്നാണ്. അവന്‍റെ മുഖം കരിവാളിച്ചിരുണ്ടു. കണ്ണുകൾ ചെറുതായി. പിന്നെ ചുവന്ന് തുറിച്ച് വരുന്നതും ശ്രീറാം കണ്ടു.

അവന്‍റെ മർമ്മത്തിൽ തന്നെ ഒരടി കൊടുക്കാൻ കഴിഞ്ഞതിൽ ശ്രീറാം ഉള്ളിൽ സന്തോഷിച്ചു.

“നീ ആരെടാ… ഉവ്വേ..” വിശാഖൻ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി ശക്തിയായി ഓട്ടോ പിടിച്ചു കുലുക്കി.

ഏതോ വന്യമൃഗം അവന്‍റെ മനസ്സിൽ സടകുഞ്ഞെഴുന്നേറ്റ് ചുരമാന്തി. അവൻ ഉച്ചത്തിൽ അമറി.

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുന്നിലേയ്ക്ക്…

അടഞ്ഞു പോയ ബോധധാരയിലേയ്ക്ക് ശക്‌തിയായ ചുഴലിക്കാറ്റിലെന്നവണ്ണം അവൻ വലിച്ചെടുക്കപ്പെട്ടു.

ഇതു പോലൊരു ദുർഗ്ഗാഷ്ടമി നാൾ… അന്ന്…

ചെണ്ടമേളങ്ങൾ പൂർവ്വാധികം ഉച്ചസ്ഥായിയിൽ മുഴങ്ങുന്നു. വാഹനങ്ങൾ അക്ഷമയോടെ ഹോണടിക്കാൻ തുടങ്ങി. ഘോഷയാത്ര പാലമിറങ്ങി കഴിഞ്ഞതോടെ അണകെട്ടി നിർത്തിയിരുന്ന ട്രാഫിക് ജാമിന്‍റെ ഉരുൾപൊട്ടി. ബൈക്കുകൾ, സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസ്സുകൾ, എല്ലാവർക്കും ജീവൻ വച്ചു.

തലങ്ങും വിലങ്ങും വാഹനപ്പെരുമഴ പെയ്യാൻ തുടങ്ങിയപ്പോൾ ശ്രീറാം ഓട്ടോ സ്റ്റാർട്ടാക്കി കുറച്ച് ദൂരെയൊരിടം തേടി… തിരക്കില്ലാത്ത സ്‌ഥലത്ത് വണ്ടി പാർക്ക് ചെയ്‌തു.

തിരിഞ്ഞു നോക്കിയപ്പോൾ ആളുകളുടെ തിരക്കിൽ വിശാഖൻ കാതുകൾ പൊത്തിപ്പിടിച്ച് ഭ്രാന്തനെപ്പോലെ പാലത്തിനടിയിലേയ്ക്ക് ഓടുന്നത് കണ്ടു. കണ്ടില്ലെന്ന് നടിക്കാനാണ് ശ്രീറാമിന് തോന്നിയത്.

വിശാഖന്‍റെ ചെവിയടഞ്ഞു പോയിരിക്കുന്നു.

ശബ്ദമില്ല. രൂപമില്ല, നിഴലുകളില്ല. ഓടിയൊളിക്കാൻ തനിക്കൊരിടവും ഇല്ല. അവനൊന്നും മറന്നിട്ടില്ല. ശ്രീറാം തകർത്തു കളഞ്ഞത് വലിയൊരു പുകമറയാണ്.

കണ്മുന്നിൽ പുരുഷനമ്മാവന്‍റെ വീട്. ഭാമിനിയമ്മായിയേയും കുട്ടികളേയും ക്ഷേത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവാനാണ് വിശാഖൻ അന്ന് അവിടെ ചെന്നത്. തിണ്ണയിലും ഇറയത്തും ആരേയും കണ്ടില്ല.

അകത്തു നിന്ന് ചിരിച്ചു കൊണ്ടോടി വരുന്ന രുക്കു. കുളി കഴിഞ്ഞ് നനഞ്ഞ് ചുരുണ്ട മുടികൾ മുഖമാകെ പടർന്നു കിടക്കുന്നു. അഞ്ചുവയസ്സുകാരി രുക്കുവിന്‍റെ അരയിൽ ഒരു കുട്ടിത്തോർത്തു മാത്രം.

“അമ്മ കുളിക്കുവാ…” കുടുകുടെ ചിരിച്ച പെൺകുഞ്ഞിന്‍റെ തുടുത്തു ചുവന്ന കപോലങ്ങൾ. വലിയ നുണക്കുഴികൾ തെളിയുന്നു.

“അണ്ണാ… എന്‍റെ പുത്തനുടുപ്പു കണ്ടോ…?”

അവളെ വാരിയെടുത്ത് നെറ്റിയിൽ ഒരുമ്മ. കട്ടിലിൽ ഒരുക്കി വച്ചിരിക്കുന്ന പുത്തനുടുപ്പ്. പിന്നെ കവിളിൽ പതിയ പതിയെ ഒരുമ്മ കൊടുത്തു. വാത്സല്യത്തിന് കാമം വഴിമാറിയത് പൊടുന്നനെ. ചുറ്റും ആരുമില്ല. കുഞ്ഞിനെ എടുത്ത് മേശപ്പുറത്ത് നിർത്തി. അമർത്തി പൊതിഞ്ഞു പിടിച്ചപ്പോൾ നനഞ്ഞ കുഞ്ഞുമേനിയുടെ സുഖമുള്ള പതുപതുപ്പ്. കൗമാരം പിന്നിട്ട പതിനേഴുകാരന്‍റെ കൗതുകങ്ങൾ.

എന്താണ് ചെയ്യുന്നതെന്ന് തനിക്കു പോലും അറിയില്ലായിരുന്നു. കൊതിയോടെ വാരിപ്പുണർന്നു. ശ്വാസത്തിന് വേഗത കൂടി…

കുട്ടി ഭയന്ന് എതിർപ്പോടെ കരയാൻ തുടങ്ങി ഉറക്കെ.

ബലിഷ്ഠമായ കരവലയത്തിൽ കുട്ടി ശ്വാസം മുട്ടിപ്പിടഞ്ഞു.

“എടാ വിശാഖാ…” നടുവിന് തന്നെ ഒരു ചവിട്ട് കിട്ടി.

“എന്‍റെ കുഞ്ഞിനെ വിടെടാ പട്ടീ…” പുരുഷു ഒരു കൈ കൊണ്ട് കുഞ്ഞിനെ വലിച്ചെടുത്ത് മറുകൈ കൊണ്ട് വിശാഖന്‍റെ മുഖത്ത് ആഞ്ഞടിച്ചു.

ഒരു നിമിഷം, പ്രപഞ്ചം സ്തംഭിച്ചു പോയെന്ന് അവന് തോന്നി. മുറിവേറ്റ വ്യാഘ്രത്തെ പോലെ അവൻ മുരണ്ടു. കണ്ണുകൾ ചുവന്നു.

അകത്തു നിന്ന് ഭാമിനി ഓടിയെത്തി വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനെ വാരിയെടുത്തു. കുഞ്ഞിന്‍റെ മുറിഞ്ഞ ചുണ്ടുകളിൽ നിന്ന് രക്‌തം കിനിയുന്നുണ്ടായിരുന്നു. കവിളിലും നെഞ്ചിലുമെല്ലാം പോറലുകൾ… അരയിലെ കുട്ടിത്തോർത്ത് അഴിഞ്ഞു പോയിരുന്നു.

“നന്ദികെട്ട മൃഗമേ… നീയെന്‍റെ കുഞ്ഞിനെ…” പുരുഷു അവന്‍റെ നാഭിക്കിട്ടൊരു ചവിട്ടു കൂടി കൊടുത്തു. രോഷം സഹിക്കാതെ വീണ്ടും തല്ലാൻ വന്ന പുരുഷുവിനെ സർവ്വശക്തിയുമെടുത്ത് തള്ളിമറിച്ചിട്ട് അവൻ ഇരുട്ടിലേയ്ക്കോടി മറഞ്ഞു.

പുരുഷു ഭാമിനിയേയും കുഞ്ഞിനേയും വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. ഭാമിനിക്ക് ഭയം തോന്നി. ഭയം അധികരിച്ച് അവൾക്ക് ശ്വാസംമുട്ടി. സ്വന്തം കൂടപ്പിറപ്പിന്‍റെ മകൻ. പഠിത്തമൊക്കെ ഉഴപ്പി തേരാപ്പാരാ നടന്നപ്പോൾ പുരുഷു വിളിച്ച് കൂടെക്കൂട്ടിയതാണ്. വീടിനോടു ഒരൽപം വിട്ടുള്ള കെട്ടിടത്തിൽ പുരുഷു സ്വന്തം പപ്പടക്കട നടത്തുകയാണ്. പുരുഷുവിന് ഇടയ്ക്കിടയ്ക്ക് ചുഴലിയുടെ അസ്കിതയുണ്ട്. മരുന്നും കഴിക്കുന്നുണ്ട്.

അയാൾക്ക് അധികം ശരീരാദ്ധ്വാനമമൊന്നും പാടില്ല.

വിശാഖനാണെങ്കിൽ സ്വന്തം വീട്ടിൽ ഒട്ടും അഭിമതനല്ല. അവന്‍റെ അച്‌ഛൻ നേരത്തെ മരിച്ചു പോയി. അമ്മയും രണ്ടാനച്‌ഛനും മാത്രമാണുള്ളത്. രണ്ടാനച്ഛൻ അടിച്ചോടിച്ചപ്പോൾ ഓടി പുരുഷുവിന്‍റെ കാലിൽ വീണതാണ്. സ്വന്തം മകനെ പോലെ ഭാമിനി അവനെ കരുതി. പുരുഷുവിന്‍റെ കടയിൽ തന്നെയായിരുന്നു അവന്‍റെ കിടപ്പും ഇരിപ്പും. പുരുഷുവിന്‍റെ വലംകയ്യായി മാറി. തന്‍റെ മൂന്നു കുഞ്ഞുങ്ങളേയും അവൻ പൊന്നു പോലെ നോക്കുമായിരുന്നു. രുക്കു മാത്രമല്ല താഴോട്ടുള്ള മൂന്നു വയസ്സുകാരി ശ്യാമയും ഒന്നര വയസ്സുള്ള ചാന്ദ്നിയും അവനെ വിസാണ്ണാ എന്ന് സ്നേഹത്തോടെ വിളിക്കാൻ തുടങ്ങിയിരുന്നു.

ഓർക്കുന്തോറും ഭാമിനിയുടെ ചങ്ക് പറിഞ്ഞു പോയി. അവൻ തന്‍റെ കുഞ്ഞിനെ… പുരുഷു വന്ന് കയറിയില്ലായിരുന്നെങ്കിൽ? തന്‍റെ കുഞ്ഞിന്‍റെ ഗതി എന്താകുമായിരുന്നു?

പെറ്റതള്ളയുടെ ദുഃഖം ഭാമിനിക്ക് താങ്ങാനാവുന്നതിലും അധികം. ഹൃദയത്തിന്‍റെ ആഴത്തിലേയ്ക്ക് ഒറ്റപ്പെട്ടു പോയ അവളുടെ മനസ്സിനെ നീരാളികളെ പോലെ എങ്ങോട്ടോ എന്തോ വലിച്ചു കൊണ്ടു പോകുന്നു.

പിടികിട്ടാത്തവണ്ണം ഭാരരഹിതയായ ഭാമിനിയുടെ കടിഞ്ഞാൺ പൊട്ടിത്തകർന്നു, അവളറിയാതെ.

ഭാമിനിക്ക് ഒന്നു രണ്ടു വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമുണ്ട്. ഭക്ഷണവും അവിടന്ന് കിട്ടും. പോരാത്തതിന് ക്ഷേത്രത്തോടടുത്തായതു കൊണ്ട് അത്താഴപൂജ കഴിഞ്ഞാൽ പുരുഷൂന് പടച്ചോറ് വേറെയും.

ദാരിദ്യ്രമാണേലും ഒരുവിധം തട്ടീം മുട്ടീം കുടുംബം മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് ഇടിത്തീ പോലെ.

എന്താണ് പറയുന്നതെന്നു പോലും അറിയാതെ ഭാമിനി പതം പറഞ്ഞ് നില വിളിക്കുന്നുണ്ട്. രാത്രി ഇരുട്ടി.

കുഞ്ഞുങ്ങൾ തിണ്ണയിൽ കിടന്ന് ഉറങ്ങിക്കഴിഞ്ഞു. വാതിൽപ്പടിയിലിരുന്ന് പുരുഷു വിങ്ങിപ്പൊട്ടി. ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞുനുറുങ്ങുന്ന വേദന. ഇനി ജീവിക്കണമെന്നില്ല അവർക്ക്. അന്നാ വീട്ടിൽ ആരും ഒന്നും കഴിച്ചില്ല. ഭാമിനിയും പുരുഷുവും നിലവിളികളുടെ ചതുപ്പിലേയ്ക്ക് ആണ്ടിറങ്ങി കൊണ്ടിരുന്നു.

ഇരുട്ട് വീടിനെ മൊത്തം വിഴുങ്ങി കൊണ്ടിരുന്നു. എവിടെയോ മരണത്തിന്‍റെ ഗന്ധം പരക്കുന്നു. മരിക്കണമെന്ന് തന്നെ അവർ തീരുമാനിക്കുന്നു.

പൊടുന്നനെ, പടിപ്പുര വാതിൽത്തള്ളിത്തുറന്ന് ഒരു നീണ്ട നിഴൽ കയറി വന്നു. ഭീതിയോടെ ഭാമിനിയും പുരുഷുവും നോക്കി നിൽക്കെ ആ നിഴൽ മുന്നിലെത്തി. തിണ്ണയിൽക്കയറി വിളക്കിട്ടു.

അടുത്ത വീട്ടിലെ മീനുവക്കനായിരുന്നത്.

ഭാമിനി പണിക്കു പോകുന്ന വീടുകളിലൊന്ന്. മീനുവക്കൻ വിധവയാണ്. മക്കളില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുണ്ട് എന്നല്ലാതെ മീനുവക്കൻ ആരാണ്, എന്താണവരുടെ ജോലിയെന്നൊന്നും ഭാമിനിക്കറിയില്ല.

ക്ഷേത്രത്തിലേയ്ക്ക് ആരെയും കണ്ടില്ല. ഇവിടെയെന്താ വിളക്കും വച്ചിട്ടില്ല… മീനുവക്കൻ സംശയത്തോടെ അങ്ങുമിങ്ങും നോക്കി. വെറും ശവങ്ങളെ പോലെ വിളറി വെറുങ്ങലിച്ചിരിക്കുന്ന ഭാമിനിയും പുരുഷുവിനേയും കണ്ട് അവർ അന്തംവിട്ടു. ഈശ്വരൻ പ്രത്യക്ഷപ്പെട്ട നിമിഷമായിരുന്നു അത്.

ഒരാശ്രയത്തിനെന്നോണം ഭാമിനി പൊട്ടിക്കരച്ചിലോടെ മീനുവക്കന്‍റെ കാലിൽ വീണു. പുരുഷു താൻ കാണേണ്ടി വന്ന അരുതായ്മകളുടെ കാഴ്ചകൾ ഒരിക്കൽ കൂടി ഓർക്കാനിഷ്ടപ്പെടാതെ മീനുവക്കനോട് പങ്കുവച്ചു. പലപ്പോഴും പുരുഷു വിറച്ചു കൊണ്ടിരുന്നു. ഭാമിനിയെ പിടിച്ചെഴുന്നേൽപിച്ചു മീനുവക്കൻ.

മഹാമേരു പോലെ അവർ വളരുന്നതായി ഭാമിനിക്ക് തോന്നി.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...