ലോകം മുഴുവനും മഹാമാരിയുടെ പിടിയിലായതോടെ വർക്ക് ഫ്രം ഹോം അമ്മമാരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. ഈയൊരു സവിശേഷ സാഹചര്യം ദൈനംദിന ജീവിതത്തിലും ഓഫീസ് ജോലി നിർവഹണത്തിലുമുണ്ടാക്കിയ മാറ്റങ്ങൾ വർക്ക് ഫ്രം അമ്മമാർക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്.
ദിവസേന ജോലി സ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കുമുള്ള യാത്രാ സമയം ലാഭിച്ച് വീട്ടിൽ കുട്ടികളെ പരിചരിച്ചും വീട്ടിലുള്ള മറ്റ് കാര്യങ്ങളും ചെയ്യാമെന്ന സൗകര്യം വർക്ക് ഫ്രം ഹോം സിസ്റ്റത്തിൽ ലഭ്യമാണെങ്കിലും ചില ചലഞ്ചുകളും അതിനൊപ്പമുണ്ട്. വീട്ടുകാര്യങ്ങൾ നോക്കുക, ഔദ്യോഗിക കാര്യനിർവഹണം, ഡെഡ് ലൈൻ മാനേജിംഗ്, വർക്ക് സ്പേസും വീടും തമ്മിൽ അതിർവരമ്പ് സൃഷ്ടിക്കൽ എന്നിവയെല്ലാം ഈ കോവിഡ് കാലത്ത് വർക്ക് ഫ്രം ഹോം അമ്മമാർ നേരിടുന്ന പ്രശ്നങ്ങളാണ്. വീടും ഓഫീസും തമ്മിലുള്ള ബാലൻസ് ക്രമീകരിക്കാൻ ധാരാളം പരിശ്രമിക്കുന്ന വർക്ക് ഫ്രം ഹോം അമ്മമാരുണ്ട്. അവർക്കായുള്ള ചില ടിപ്സുകൾ.
ശക്തമായ ആശയവിനിമയം
വീട്ടിലിരുന്നുള്ള ജോലി നിർവഹണമായതിനാൽ വീട്ടുജോലിയും കുട്ടികളെ പരിചരിക്കലുമൊക്കെയായി ഓഫീസ് കോളുകളിൽ ഇടയ്ക്ക് തടസ്സമുണ്ടായേക്കാമെന്ന കൃത്യമായ വിവരം മേലുദ്യോഗസ്‌ഥനെയും സഹപ്രവർത്തകരെയും ധരിപ്പിക്കാം. വീട്ടിലിരുന്നുള്ള ഔദ്യോഗിക ജോലി നിർവഹിക്കേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ചും അതിന്‍റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ധരിപ്പിക്കേണ്ടതാവശ്യമാണ്.
കൃത്യമായ പ്ലാനിംഗ്
കുട്ടികൾക്ക് കൂടുതൽ സമയം മുഴുകാൻ പറ്റുന്ന ആക്ടിവിറ്റികൾ പരിചയപ്പെടുത്താം. അവർക്ക് സ്വന്തമായി ചെയ്യാനാവുന്നതായാൽ നന്ന്. ചിത്രരചന, ക്രാഫ്റ്റ് മേക്കിംഗ്, റീഡിംഗ്, ക്വിസ് ടാസ്കുകൾ എന്നിങ്ങനെയുള്ള ആക്ടിവിറ്റികൾ മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്ക് സഹായിക്കും. അതുവരെ കൂടുതൽ പ്രൊഡക്ടീവുമാക്കും. ഇടയ്ക്ക് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ അമ്മമാർക്ക് നൽകുകയുമാവാം. ഓൺലൈൻ ക്ലാസുകളിലെ പാഠഭാഗങ്ങൾ പഠിക്കാനും അതനുസരിച്ചുള്ള ടാസ്കുകളും കുട്ടികൾക്ക് നൽകുക.
ഭക്ഷണകാര്യങ്ങൾ പ്ലാൻ ചെയ്യാം
വർക്ക് ഫ്രം ഹോം അമ്മമാർക്ക് തലവേദനയുണ്ടാക്കുന്ന കാര്യമാണ് വീട്ടിലെ മെനു. പ്രത്യേകിച്ചും കുടുംബാംഗങ്ങൾ വിവിധ സ്വഭാവക്കാരാണെങ്കിൽ. മാത്രവുമല്ല ഈ സാഹചര്യത്തിൽ എല്ലാവരും വീട്ടിലുള്ളതിനാൽ രുചിപ്രദമായ വിഭവങ്ങൾ തയ്യാറാക്കുകയും വേണം. മാത്രവുമല്ല നല്ലൊരു സമയം അടുക്കളയിൽ ചെലവഴിക്കുകയെന്നത് വർക്ക് ഫ്രം ഹോം അമ്മമാരെ സംബന്ധിച്ച് പ്രയാസമുള്ള കാര്യവുമാണ്. അതുകൊണ്ട് പിറ്റേന്നത്തെ ഭക്ഷണത്തെ സംബന്ധിച്ച് തലേന്ന് പ്രീ പ്ലാനിംഗ് നടത്താം. കറിക്ക് ആവശ്യമായ പച്ചക്കറികൾ മുറിച്ച് വൃത്തിയാക്കി കരുതി വയ്ക്കാം. അതുപോലെ ബ്രേക്ക് ഫാസ്റ്റിനുള്ള മാവ് ഫ്രിഡ്ജിൽ കരുതി വയ്ക്കാം. രാത്രി കിടക്കും മുമ്പ് വീട്ടിലെ നല്ലൊരു ശതമാനം ജോലി ഒതുക്കി വച്ച് കിടക്കുകയാണെങ്കിൽ പിറ്റേന്ന് നല്ലൊരു സമയം ലാഭിക്കാം. അതിനായി മുതിർന്ന കുട്ടികളുടെയും പങ്കാളിയുടെയും സഹായ സഹകരണങ്ങൾ ഉറപ്പു വരുത്തുക. ഇതിൽ നിന്നും നല്ലൊരു ടൈം മാനേജുമെന്‍റ് പദ്ധതിയും നടപ്പിലാക്കാം. വീട്ടുജോലികൾ പങ്കിട്ട് ചെയ്യുന്നതോടെ രാവിലെ ഒന്ന്-രണ്ട് മണിക്കൂറുകൊണ്ട് ജോലികളൊക്കെ ചെയ്‌ത് തീർക്കാം. വർക്ക് ഫ്രം ഹോം അമ്മമാരെ സംബന്ധിച്ച് വീട്ടിലെ കാര്യങ്ങൾ സ്മൂത്തായി നടക്കുന്നതിനാൽ ഓഫീസ് ജോലികളിൽ പൂർണ്ണ ശ്രദ്ധയർപ്പിക്കാനും കഴിയും.
എന്നാൽ തീരെ ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാരെ സംബന്ധിച്ച് ഇത്തരത്തിൽ ഹോം മാനേജുമെന്‍റ് രീതികൾ പ്രായോഗികമാവണമെന്നില്ല. കുഞ്ഞിന് അമ്മയുടെ സാന്നിദ്ധ്യം ആവശ്യമായതിനാൽ കുടുംബാംഗങ്ങളുടെ മൊത്തത്തിലുള്ള സപ്പോർട്ട് അവർക്ക് ആവശ്യമായി വരും. കുഞ്ഞിനെ പരിചരിക്കാനും നോക്കാനും സഹായികൾ ആവശ്യമായി വരാം.
വീട്ടിലെ വർക്ക് പ്ലേസ്
വീട്ടിലെ ബഹളത്തിൽ നിന്നും ഒഴിഞ്ഞയിടത്തായി വർക്ക് പ്ലേസ് ഒരുക്കുന്നതാണ് ഏറ്റവും ഉചിതം. വീട്ടിലെ വർക്ക് പ്ലേസും വീടും തമ്മിൽ വേർതിരിവ് ഉണ്ടാകേണ്ടത് അനിവാര്യം തന്നെയാണ്. ഔദ്യോഗിക ജോലി ഏകാഗ്രതയോടെ ചെയ്യാനും കൂടുതൽ പെർഫക്റ്റാകാനും സഹായിക്കും. ഒപ്പം വീട്ടിലെ മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധ പതിയുകയുമില്ല.
ഇടയ്ക്ക് ചെറിയ ഇടവേളകളെടുത്ത് വീട്ടിൽ ചെയ്‌ത് തീർക്കാനുള്ള കാര്യങ്ങൾ ചെയ്യാം. അല്ലെങ്കിൽ കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ ഇടവേളകൾ പ്രയോജനപ്പെടുത്താം.
കുഞ്ഞുങ്ങൾക്ക് ചെറിയ സമ്മാനങ്ങൾ നൽകാം
വീട്ടിൽ സമാധാന പൂർണ്ണമായ അന്തരീക്ഷമൊരുക്കാനും കുട്ടികൾ സ്വന്തം ജോലികൾ കൃത്യമായി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും നല്ല സ്വഭാവം കാട്ടുന്നതിനും അവർക്ക് കുഞ്ഞ് സമ്മാനങ്ങൾ നൽകാം. അവർക്കിഷ്ടപ്പെട്ട ടോയ്സോ അല്ലെങ്കിൽ ഇഷ്ടപ്പെട്ട വിഭവങ്ങളോ തയ്യാറാക്കി നൽകിയോ അവർക്ക് പിന്തുണയും പ്രോത്സാഹനവും നൽകാം.
ടിവിയ്ക്ക് മുന്നിലോ മൊബൈലിലോ കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കുന്നതിന് ചില നടപടികൾ സ്വീകരിക്കാം. ടിവി കാണാൻ നിശ്ചിത സമയം അനുവദിച്ച് നൽകാം. ബാക്കിയുള്ള സമയങ്ങളിൽ മറ്റ് ആക്ടിവിറ്റികളിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കാം. മറ്റൊന്ന് കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാൻ അമ്മയും തയ്യാറാകണം.