ഒരുപാട് ചിന്തകൾക്കും അവലോകനങ്ങൾക്കും ഒടുവിലായിരുന്നില്ല മീരയുടെ ഈ തീരുമാനം. ഉദ്ദേശ്യം ഒന്ന് മാത്രമായിരുന്നു. ജയിക്കുക, ഒരിക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ.
എനിക്ക് ശേഷം പ്രളയം എന്നൊന്നില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഉച്ചിയിൽ അഗ്നി പടർത്തുന്ന സൂര്യവെളിച്ചം ചിന്തകളിലേക്ക് കടന്ന് കയറാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാം അവസാനിപ്പിക്കണം. ഒരു പിൻവിളിക്കു പോലും ഇടം കൊടുക്കാതെ.
മസ്തിഷ്കത്തിൽ ആയിരം കടന്നലുകൾ ഇരമ്പിക്കയറാൻ തുടങ്ങവേ, ഇരുളിന്‍റെ വാതിലുകളെല്ലാം കൊട്ടിയടച്ച് സൂര്യവെളിച്ചത്തിനെതിരെ ശഠിച്ച് നിന്ന മനസ്സിലേക്ക് ആദ്യം കയറി വന്നത് അമ്മയായിരുന്നു. അമ്മയ്ക്ക് പിന്നാലെ പാൽ മണവും തുളുമ്പി വന്നു. തുടർന്ന് ആ വിരൽ തുമ്പിലേയ്ക്ക് ഏന്തിവലിയാനുള്ള ഉദ്യമം പാഴാവുകയും ഒപ്പം കാറ്റിന്‍റെ കൈകളിലേയ്ക്ക് ചാഞ്ചാടുകയും ചെയ്‌തു.
കടൽക്കരയിൽ കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേർത്ത് വിതുമ്പി നിന്ന അച്‌ഛന്‍റെ മുഖം ചരമ കോളത്തിലെ ഓർമ്മക്കുറിപ്പായി വീണ്ടും.
പന്ത്രണ്ടിൽ തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴി മണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം! അച്‌ഛന് ഒരു താക്കീത് പോലെ, ഓളങ്ങളുടെ മടിത്തട്ടിൽ അപ്പോഴേക്കും അമ്മയുടെ ഓർമ്മകൾ അലിയാൻ തുടങ്ങിയിരുന്നു. ഒരു പിടി ചാരമായി ചുവപ്പും മഞ്ഞയും ഇടകലർന്ന പൂക്കളിൽ ഓർമ്മകളെ നിറച്ചു കൊണ്ട് കടലിന്‍റെ നേർത്ത ഇരമ്പൽ.
അന്ന് മൂന്നു ജീവനുകളുടെ പുൻർജന്മം കൂടിയായിരുന്നുവെന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്, അവൾ ഓർത്തു.
ഒരു നിമിഷം, ഒരു ഓർമ്മത്തെറ്റുപോലെ മനസ്സിലേക്ക് അയാൾ ഇറങ്ങി വന്നു. ചന്ദ്രൻ മാഷ്. ഇന്നാണല്ലോ ചന്ദ്രൻ മാഷ് കുടുംബസമേതം തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കാണാൻ വരുന്നത്.
“ആ വിരൽത്തുമ്പിലൂടെ ഊർന്നിറങ്ങിയ അക്ഷരങ്ങൾ. ആ അക്ഷരങ്ങൾ ആണ് ജീവവായുമായി എന്നിൽ നിറഞ്ഞതും നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ തന്നതും. ഒപ്പം കുടുംബവും.” നനവ് പുരണ്ട അവ്യക്‌തമായ അക്ഷരങ്ങൾ ആ മനസ്സിന്‍റെ വിഹ്വലതയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.
ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രശംസ കത്തിലെ വരികൾ വായിച്ചപ്പോൾ കണ്ണുകളിലെ നനവ് മറച്ച് ചിരിക്കാൻ ശ്രമിച്ചു. ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തിരികെ കയറ്റിയതിന് നന്ദി സൂചകമായ വരികൾ.
കണ്ണീരിന്‍റെ ഉപ്പ് പുരണ്ട ആ വരികളിൽ കണ്ണാടിച്ചില്ല് പോലെ ആ മുഖവും വ്യക്തമായിരുന്നു. ദിവസങ്ങളോളം സൂക്ഷിച്ച് വച്ചിരുന്ന ആ കത്ത് എവിടെ നഷ്ടപ്പെട്ടുവെന്ന് അറിയില്ല. ആ കത്ത് ആയിരുന്നല്ലോ തനിക്ക് നേരെയുള്ള വിനയന്‍റെ ആയുധങ്ങളിൽ അവസാനത്തേത്.
ചെറുപ്പം മുതലേ പുറംതോടിനുള്ളിലേക്ക് ഉൾവലിഞ്ഞ ജീവിതവും ചിന്തകളും. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന പരിഗണന എല്ലാവരിൽ നിന്നും ഏറെ കിട്ടിയിരുന്നു. വിരസതയാർന്ന പകലുകളെ മറികടന്നു വായനയിലൂടെ കോളേജ് ജീവിതം കഴിഞ്ഞപ്പോഴേക്കും പ്രിയപ്പെട്ട കഥാകാരന്മാരുടേയും ചിന്തകരുടേയും അനുഭവങ്ങളും ചിന്തകളും സ്വന്തമാക്കി കഴിഞ്ഞിരുന്നു.
എഴുത്ത് ഒരു ഹോബി മാത്രമായിരുന്നു. നോട്ട് ബുക്കിലെ താളുകളിൽ എഴുതി അവിടെ തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു പതിവ്. മയിൽപ്പീലി തുണ്ടിന്‍റെ ഓർമ്മ പോലെ അതും വിവാഹം വരെ.
വിനയന്‍റെ എതിർപ്പിനെതിരെ നേടിയെടുത്തതായിരുന്നു കലക്ട്രേറ്റിലെ ജോലി. ഭർത്താവിന്‍റെ കുടുംബമഹിമയ്ക്കും തറവാടിത്തതിനുമെതിരെയുള്ള തീരുമാനം. ശക്തമായി തന്നെ എതിർപ്പുകളെ നേരിട്ടപ്പോൾ വാഗ്വാദങ്ങളുടെ മുനയൊടിഞ്ഞു. അതോടെ മാനസികമായ ഒരു അകൽച്ച വിനയനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.
അന്ന് ഓഫീസിൽ പുതിയതായി ചാർജ്ജെടുത്ത സെക്ഷൻ സൂപ്രണ്ടിന്‍റെ ഇന്‍റർകോമിലൂടെയുള്ള ക്ഷണം.
കാര്യമറിയാതെ, അന്ന് തീർക്കേണ്ടതായിരുന്ന ട്രെൻഡർ ഫയലുകൾ കൈയിലേന്തി ക്യാമ്പിന്‍റെ ഹാഫ്ഡോർ പതിയെ തുറന്ന് സാന്നിദ്ധ്യമറിയിച്ച് മുന്നിലെത്തിയപ്പോൾ കൈയിലെ തുറന്ന് പിടിച്ച രാവിലെ പ്യൂൺ വശം കൊടുത്തയച്ച ട്രെൻഡർ ഫയലിലായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകൾ.
ഒരു നിമിഷം സൂപ്രണ്ട് മുഖമുയർത്തി. അപ്പോഴാണ് അദ്ദേഹം കൈയിൽ പിടിച്ചിരുന്ന മടക്കുകൾ നിവർത്തിയ ഫുൾസ് കേപ് പേജുകളിൽ കണ്ണുകൾ ഉടക്കിയത്. അതോടെ ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു. തലേന്ന് ഉറക്കം കളഞ്ഞ് എഴുതി തീർത്ത് പുതിയ കഥ! ബലിദാനം.
ഇതെങ്ങനെ ട്രെൻഡർ ഫയലിൽ എത്തിയെന്ന ചിന്തയിൽ മനസ്സ് തളരാൻ തുടങ്ങവേ ആ മുഖം തനിക്ക് നേരെയുയർന്നു. തടിച്ച കണ്ണടക്കുള്ളിലെ ഇറുക്കിയ കണ്ണുകളിൽ ഒരു നിമിശം തിളക്കമേറി. ഒപ്പം ചുണ്ടിന്‍റെ നേർത്ത കോണിൽ ഒരു പുഞ്ചിരിയുടെ തിരിനാളം തെളിഞ്ഞ് വന്നു.
“വെരിഗുഡ്… മനോഹരമായിരിക്കുന്നു. മീരയുടെ ഭാഷ എനിക്കിഷ്ടപ്പെട്ടു. മെസ്സേജ് കൺവേ ചെയ്യാൻ സാധിയ്ക്കുന്നുണ്ട്. ദാറ്റ്സ് ഗ്രേറ്റ്…” പാതി പോയി ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ മെല്ലെ മന്ത്രിച്ചു.
“താങ്ക്യു സർ…”
“എഴുതിയത് ഏതെങ്കിലും ഫയലിൽ ഒളിപ്പിച്ച് വച്ചാൽ മാത്രം പോരാ… ഏതെങ്കിലും മാസികയ്ക്ക് അയച്ച് കൊടുക്കുകയും വേണം കേട്ടോ…” അദ്ദേഹത്തിന്‍റെ പുഞ്ചിരിയും ശബ്ദമില്ലാത്ത ചിരിയും.
“എഴുത്ത് നിർത്തണ്ടാട്ടോ… എഴുതണം… ധാരാളം.”
തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ ചുറ്റിലും അടക്കം പറയുന്ന കണ്ണുകൾ. ഒരു പുഞ്ചിരി എല്ലാവർക്കും മറുപടിയായി കൊടുത്തു.
വൈകിട്ട് ബസ് സ്റ്റോപ്പിലേക്കുള്ള മടക്കയാത്രയിലാണ് സൂപ്രണ്ടിനെ പറ്റി ഷെരീഫ് കൂടുതൽ പറഞ്ഞത്. പത്രങ്ങളിലെ വാരാന്ത്യങ്ങളിൽ സ്‌ഥിരമായി കോളം എഴുതാറുണ്ട്. യാത്രാക്കുറിപ്പുകളും തർജ്ജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് കോളേജ് തലത്തിൽ പഠനവിഷയങ്ങളും.
“സൂപ്രണ്ട് സാറിന്‍റെ സപ്പോർട്ട് മീരയ്ക്ക് എഴുത്തിൽ ഗുണം ചെയ്യും കേട്ടോ” ഷെരീഫ് പറഞ്ഞ് നിർത്തി.
ഷെരീഫിന്‍റെ തന്നെ നിർബന്ധമായിരുന്നു ആ കഥ പ്രസിദ്ധ വാരികയ്ക്ക് അയച്ച് കൊടുക്കണമെന്നത്. എന്നാൽ അയച്ചതിന് ശേഷമുള്ള കാത്തിരിപ്പ് ഏറെ മടുപ്പ് ഉളവാക്കുകയും ചെയ്‌തു.
എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വാരികയിൽ നിന്നും അറിയിപ്പ് കിട്ടി. എഡിറ്ററുടെ കത്ത് വായിച്ച് ടേബിളിൽ മടക്കി വയ്ക്കുമ്പോൾ മുന്നിൽ വിനയന്‍റെ മുഖം കത്തിലെ കാര്യമെന്തെന്നറിയാനുള്ള ത്വരയോടെ കത്ത് കൈയിൽ നിന്ന് വലിച്ചെടുത്ത് ഒരു കൂർത്ത നോട്ടം സമ്മാനിച്ചു കൊണ്ട് കത്തിലൂടെ കണ്ണുകളോടിച്ചു.
“ഓ… ഇനിയിപ്പോ ഈ ഭ്രാന്തും കൂടി തൊടങ്ങ്യോ?”
“എഴുത്ത് ഭ്രാന്താണെന്ന് ആരാ പറഞ്ഞെ? പ്രസിദ്ധീകരിക്കുമെന്നു കരുതി അയച്ചതല്ല. അഥവാ, പ്രസിദ്ധീകരിച്ചാൽ തന്നെ എന്താ തെറ്റ്?”
അവളുടെ മറുചോദ്യം വിനയനെ ശുണ്ഠി പിടിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നു. കണ്ണുകളിലൊളിപ്പിച്ച കൂരമ്പുകളുടെ മൂർച്ചയേറിയ നോട്ടം, കഴുത്തിലെ ഞരമ്പുകളുടെ വലിഞ്ഞ് മുറുകിയ അവസ്‌ഥയിൽ കത്ത് അയാളുടെ കൈ വെള്ളയിൽ ചുരുങ്ങുന്നത് കണ്ടു. ഒപ്പം പുറത്തെ മഴയിലേക്ക് അത് എറിഞ്ഞു കളഞ്ഞു അയാൾ.
ജീവിതം എല്ലാറ്റിനേയും ശീലമാക്കി മാറ്റിയിരുന്നതിനാൽ ദുഃഖം തോന്നിയില്ല.
ആരോടും പരിഭവമില്ലാതിരുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. ആറ് വർഷത്തെ ദാമ്പത്യം അവൾക്ക് നൽകിയത് വേദനകൾ മാത്രമായിരുന്നു. വെറുതെ ഒരു ഉടമ്പടിയുടെ ബലത്തിൽ ഭാര്യയുടെ റോൾ അവൾ വളരെ മനോഹരമായി അഭിനയിച്ച് പോരുകയായിരുന്നു.
രാത്രിയുടെ മടുപ്പിൽ, തിരിഞ്ഞ് കിടന്ന് എല്ലാം മറന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ അവനേൽപിച്ച സ്പർശവും നിശ്വാസങ്ങളും സ്വന്തം ശരീരത്തെ മലിനമാക്കിയെന്ന തോന്നലാണ് അവൾക്ക് ഉണ്ടായിരുന്നത്.
എത്ര കഴുകിയാലും വിട്ടുമാറാത്ത ദുർഗന്ധം ശരീരത്തിലെ ഓരോ അണുവിൽ നിന്നും പുറപ്പെടുന്നുവെന്ന തോന്നൽ.
വിനയന്‍റെ അവഗണന അവളുടെ മനസ്സിനെ അങ്ങനെ രൂപപ്പെടുത്തിയെടുത്തതാണ്. തന്‍റെ നിസ്സഹായതയിൽ അവൾക്ക് ഒട്ടും സങ്കടം തോന്നിയിരുന്നില്ല. മറിച്ച്, അറിയാതെ വീണു കിട്ടുന്ന സ്വകാര്യ നിമിഷങ്ങളെ അവൾ ഗൂഢമായി ആനന്ദിക്കാൻ തുടങ്ങി.
“ദാമ്പത്യത്തിൽ രണ്ട് ചാപിള്ളകളെ സമ്മാനിച്ചതു കൊണ്ട് മാത്രം അമ്മയാകുന്നില്ല” എന്ന ഭർത്താവിന്‍റെ വാക്കുകൾ അവൾക്കെതിരെയുള്ള അവഗണനയാണ്. അയാളുടെ ഓരോ വാക്കുകളും അവളുടെ നെഞ്ചിനെ കോർത്ത് വലിക്കാൻ പാകത്തിൽ രാകി മൂർച്ച കൂട്ടിയതായിരുന്നു.
“പുല്ലും കാടിയും കൊടുത്ത് മച്ചി പശുവിനെ ആരും വളർത്താറില്ല! പകരം കൊല്ലാൻ കൊടുക്കാറാണ് പതിവ്.” രാത്രിയിൽ അയാൾ തുടങ്ങി വച്ച രതിയ്ക്കെതിരെ ശിലാരൂപം പൂണ്ട അവളെ നോക്കി അയാൾ മുറുമുറുത്തു.
ഓഫീസിൽ നിന്നും തിരിച്ചെത്തിയാൽ തടവറയെ മാത്രം ഓർമ്മിപ്പിക്കുന്ന ചുവരുകൾ അവളെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു. ഒപ്പം മനസ്സിലെ സങ്കടങ്ങളെ പഴയ പുസ്തക താളുകളിൽ എഴുതിക്കൊണ്ടിരുന്നു… എന്നാൽ അവയെ കഥയെന്ന് വിളിക്കാൻ അവൾ മെനക്കെട്ടില്ല.
അടുത്തയാഴ്ച തുടങ്ങിയത് മൊബൈലിലേക്കുള്ള മെസ്സേജുകളുടെ നിലയ്ക്കാത്ത പ്രവാഹത്തോടെയായിരുന്നു.
അന്ന് തന്നെ പുറത്തിറങ്ങിയ വാരികയിലെ അവളുടെ കഥയെക്കുറിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങൾ!
ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ഭുതപ്പെടുമ്പോൾ ഷെരീഫാണ് പറഞ്ഞത്. കഥകൾക്കൊപ്പം എഴുത്തുകാരുടെ മൊബൈൽ നമ്പർ കഥയുടെ അവസാനം ചേർക്കുന്ന പതിവുണ്ടത്രേ.
പ്രസിദ്ധീകരിച്ച് വന്ന തന്‍റെ ആദ്യ കഥയ്ക്ക് തന്നെ ഇത്രയും പ്രതികരണങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല. പ്രതികരണങ്ങൾ എല്ലാം തന്നെ പ്രോത്സാഹനങ്ങൾ ആയിരുന്നു. തുടർന്നും എഴുതണമെന്നുള്ള നിർദ്ദേശങ്ങളും ചിലർ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു.
അന്ന് ഓഫീസിലെ മെയിലിലാണ് വാരിക കിട്ടിയത്. ഒപ്പം നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള എഡിറ്ററുടെ കത്തും. ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ഷെരീഫ് തന്നെയാണ് ഈ വാർത്ത എല്ലാവരിലും എത്തിച്ചത്. ഒപ്പം വാരിക പലരിലൂടെയും കൈമാറിക്കൊണ്ടിരുന്നു.
വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഗിരിജയുടെ കമന്‍റ് കേട്ടു. “പ്രസിദ്ധ വാരികയിൽ കഥ അച്ചടിച്ച് വന്നതിന് ഇന്ന് വിനയൻ സാറിന്‍റെ വക സ്പെഷ്യൽ സമ്മാനം കാണുമല്ലോ… അല്ലേ… മീരേ…?”
രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ വിനയനോട് പലവുര കഥ പ്രസിദ്ധീകരിച്ചു വന്ന കാര്യം പറയാൻ മനസ്സ് വെമ്പിയതാണ്. പ്രതികരണം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയാമെന്നതിനാൽ അത് വേണ്ടെന്ന് വച്ചു അവൾ. കിടക്കാൻ നേരം ബെഡിൽ നിന്നും വെറുതെ മൊബൈല്‍ എടുത്തു നോക്കി. അപ്പോഴേക്കും കണ്ടു മൂന്ന് മെസ്സേജുകൾ.
രണ്ട് ദിവസങ്ങൾക്കു ശേഷം അന്നത്തെ പോസ്റ്ററിൽ വന്ന ഇല്ലന്‍റ് കത്ത് കണ്ട് അവൾ അദ്ഭുതം കൂറി. പ്രസിദ്ധികരിച്ച് വന്ന അവളുടെ കഥ വായിച്ച ഒരു ആസ്വാദകന്‍റെ കുറിപ്പായിരുന്നു അത്.
“ജീവിതം വഴിമുട്ടിയ നിമിഷം… ആത്മഹത്യയല്ലാത്തെ മറ്റൊന്നു പോംവഴികളായി ഇല്ലാതിരുന്ന അവസ്‌ഥയിൽ കൈയിൽ കിട്ടിയ വാരികയിൽ വായിക്കാനിടയായ മാഡത്തിന്‍റെ കഥ. അത് തനിക്ക് വഴികാട്ടിയായിരിക്കുന്നു.
ജീവിതം ജീവിക്കാനുള്ളതാണെന്നും മരണം ഒന്നിനും പരിഹാരമല്ലെന്നും അങ്ങ് എത്ര മനോഹരമായി എന്നെ അറിയിച്ചിരിക്കുന്നു. സ്വന്തമായി ഒരു മൊബൈൽ ഇല്ലാത്തതിനാലാണ് ഈ കത്ത്. വാരികയുടെ ഓഫീസിൽ നിന്നും വളരെ പണിപ്പെട്ടാണ് മാഡത്തിന്‍റെ അഡ്രസ്സ് നേടിയെടുത്തത്.”
കത്തിന്‍റെ കാര്യം ഷെരീഫിനോട് പറഞ്ഞില്ല… എന്തോ… അത് മനസ്സിൽ തന്നെ സൂക്ഷിക്കാനാണ് തോന്നിയത്.
രണ്ട് ദിവസത്തിനു ശേഷം മറ്റൊരു കത്ത് കൂടി വന്നു. ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദിയായിരുന്നു ആ കത്തിൽ. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നുവെന്ന് അയാൾ അറിയിച്ചിരിക്കുന്നു.
സ്നേഹ സമ്പന്നനായ ഭർത്താവിനെയും കുഞ്ഞിനേയും മറന്ന് ചെയ്‌ത പ്രവൃത്തികൾ തെറ്റായിരുന്നുവെന്ന തിരിച്ചറിവിൽ കണ്ണീരിനാൽ പാപക്കറകൾ കഴുകി കളഞ്ഞ് കുടുംബത്തിലേക്ക് തിരിച്ചെത്തിയ അവൾക്ക് എല്ലാം മറന്ന് മാപ്പ് കൊടുക്കുവാൻ പ്രേരിപ്പിച്ചതും തന്‍റെ കഥയാണത്രേ…!
ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രിയായിരുന്നു അന്ന് അവളുടേത്. ചിന്തകൾ ഓർമ്മകളുടെ നൂൽപാലത്തിലൂടെ പലവുരു കയറിയിറങ്ങി.
എങ്ങോ നഷ്ടപ്പെട്ട ജീവിതത്തിന്‍റെ വ്യഥയിൽ പകച്ച് നിൽക്കുന്ന താൻ മറ്റൊരാൾക്ക് വഴികാട്ടിയാവുക. ഓർക്കുമ്പോൾ ചിരിയ്ക്കാതിരിക്കാൻ കഴിയുന്നില്ല. “ജീവിതം എല്ലാവർക്കും വിലപ്പെട്ടതാണ്. ഉടച്ച് കളയുവാൻ എളുപ്പമാണ്, എന്നാൽ കൂട്ടിച്ചേർക്കുവാൻ പ്രയാസം.” വായനകളിലെവിടെയോ മറന്ന ഒരു വരി ഓർമ്മ വന്നു.
എന്നാൽ തന്‍റെ ജീവിതം കൈവിട്ട ഒരു നൂൽപട്ടം മാത്രമാണെന്ന് അവൾ ചന്ദ്രൻ മാഷിന് വേണ്ടി മനസ്സിൽ കോറിയിട്ടു.
രാവിലെ എഴുന്നേറ്റപ്പോൾ മുറി ശൂന്യമായിരുന്നു. തലേന്ന് പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പ് ചുറ്റിലും നിറഞ്ഞ് നിന്നിരുന്നു. കിടക്ക വിട്ടെണീക്കുമ്പോൾ മുന്നിൽ പത്രവുമായി ഗൗരിയെത്തി.
പത്രത്തിനോടൊപ്പം കൈയിലുണ്ടായിരുന്ന ഒരു നീണ്ട കവർ മുന്നിലേക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.
“ചേച്ചീ… ഞാൻ വരുമ്പോൾ സാറ് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ചേച്ചിക്ക് തരാൻ പറഞ്ഞ് തന്നതാണ്.”
അച്ചടി ഭാഷയിലുള്ള ഗൗരിയുടെ സംസാരം ശ്രദ്ധിച്ചു. അവളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചതും താൻ തന്നെയാണല്ലോ. അവൾ ഓർത്തു.
ആകാംക്ഷയോടെ കവർ വാങ്ങി. തുറന്ന് നോക്കുമ്പോഴേക്കും ഗൗരി തിരിഞ്ഞ് മുറിയിൽ നിന്നും പുറത്ത് കടന്നിരുന്നു. ഒരു നിമിഷം അക്ഷരങ്ങളിലൂടെ കണ്ണുകളോടിച്ചു.
വിവാഹമോചനത്തിനുള്ള അപേക്ഷയായിരുന്നു അത്. വിനയന് വേണ്ടത് തന്‍റെ സമ്മതം. നേരിട്ട് ആവശ്യപ്പെടാനുള്ള ധൈര്യക്കുറവോ, കോടതി മുറിയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി ജയിക്കുന്ന അഡ്വക്കേറ്റ് വിനയചന്ദ്രന് ഉൾഭയമോ?
ഒരു നിമിഷം ക്ലോക്കിലെ മണിനാദം അവളെ ചിന്തയിൽ നിന്നുണർത്തി. സമയമേറെയായല്ലോ ഈ ഇരിപ്പ് തുടങ്ങിയിട്ട്?
ഭൂതത്തിനും വർത്തമാനത്തിനുമിടയിലെ നേർത്ത നൂൽപാലത്തിലൂടെയുള്ള തന്‍റെ യാത്രയുടെ അന്ത്യം തിരിച്ചറിഞ്ഞ് അവളുടെ മനസ്സ് ഒരു വേനൽ പക്ഷിയായി പറന്നിറങ്ങി. ഉറച്ച തീരുമാനത്തിലേക്ക്.
“ജയിക്കുക, ഒരിയ്ക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ…”
ഒരു നിമിഷം അവൾ ജാഗരൂകയായി.
“ഗൗരി… ആര് അന്വേഷിച്ചാലും ഇല്ലെന്ന് പറഞ്ഞേക്കണം” പുറത്തേക്ക് നോക്കി അവൾ വിളിച്ച് പറഞ്ഞു.
ധൈര്യം വിടാതെ തന്നെ അവൾ ഷെൽഫ് തുറന്നു കൈയെത്തിച്ച് തന്‍റെ പ്രിയപ്പെട്ട ചെറിയ പ്ലാസ്റ്റിക് ഡപ്പി കൈയിലെടുത്തു. ഉറക്കം വരാത്ത രാത്രികളിൽ മാത്രം കഴിക്കുവാൻ ഡോക്ടർ വിമല മേനോൻ നിർദ്ദേശിച്ചിരുന്നതെല്ലാം കൈവെള്ളയിൽ ചൊരിഞ്ഞു. വീണ്ടുമൊരു ചിന്തയ്ക്കിടം കൊടുക്കാതെ തന്നെ തിരിഞ്ഞ് ടേബിളിലെ ടംബ്ലറിൽ തലേ ദിവസം പകർന്ന് വച്ചിരുന്ന തണുത്ത വെള്ളം വായയിലേക്ക് കമഴ്ത്തി. ഒപ്പം കൈയിലെ അസംഖ്യം വെളുത്ത ഗുളികകളും.
പകുതിയിലേറെ വെള്ളം കഴുത്തിലൂടെയും കൈത്തണ്ടയിലൂടെയും താഴേയ്ക്ക് നീർച്ചാലൊഴുക്കി പടർന്നിറങ്ങി.
തണുത്ത വെള്ളത്തിന്‍റെ സുഖകരമായ സ്പർശം ഒരു അനുഭൂതിയായി ഉടലിലേയ്ക്ക് പടർന്നിറങ്ങി.
ഫാനിന്‍റെ ചിറകുകളിലെ തണുപ്പ് ഉടലിലാകെ പടരാൻ തുടങ്ങവെ, ഫോം ബെഡിന്‍റെ മാർദ്ദവത്തിലേക്ക് അവൾ സ്വയം ചരിഞ്ഞിരുന്നു. കണ്ണുകൾ പുറത്തെ മങ്ങിയ കാഴ്ചകളിലേയ്ക്ക് മേയാൻ വിട്ടു കൊണ്ട്.
അപ്പോൾ അവൾ കണ്ടു. ഉല്ലാസത്തിന്‍റെ പടികൾ കയറി വർണ്ണ ശലഭങ്ങളായി കടന്ന് വരുന്ന ഒരു കുടുംബം. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലേയ്ക്ക് ആ കാഴ്ച ഒരു നിമിഷം പടർന്ന് കയറി… ഒരു മായാജാലം പോലെ.