അവധി കിട്ടുമ്പോഴൊക്കെ നമ്മളെല്ലാം ഔട്ടിംഗുകൾ പ്ലാൻ ചെയ്യാൻ തുടങ്ങും. ഇത്തവണ ഇഷ്ടപ്പെട്ട ഡെസ്‌റ്റിനേഷനിലേക്ക് ഒരു ബൈക്ക് യാത്ര പോയാലോ? ദൈർഘ്യമേറിയ യാത്രയാണെങ്കിൽ യാത്രയ്ക്ക് ആവശ്യമായ വസ്തുക്കൾ കരുതുക തന്നെ വേണം. അതുപോലെ യാത്രയ്ക്കായി പായ്ക്ക് ചെയ്യുന്നതും ഒരു കലയാണ്. എന്നാൽ മിക്കവരെയും സംബന്ധിച്ച് യാത്രയ്ക്കായി എന്തെല്ലാം വസ്തുക്കൾ കരുതണം എന്നതിനെപ്പറ്റി യാതൊരു ഐഡിയയും ഉണ്ടാകണമെന്നില്ല. യാത്ര പോകുന്നതിന്‍റെ ആവേശത്തിൽ ചിലപ്പോൾ ആവശ്യമില്ലാത്ത വസ്തുക്കൾ ബാഗിൽ കുത്തി നിറച്ച് പോകുന്നവരുണ്ട്. ഇതിനിടെ ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ വിട്ടു പോവുകയും ചെയ്യും. അതുകൊണ്ട് ഏറെ രസകരമാകേണ്ടിയിരുന്ന യാത്ര അലങ്കോലപ്പെട്ടു പോകുകയും ചെയ്യാം. ബസിലോ ട്രെയിനിലോ വിമാനത്തിലോ ആണ് യാത്രയെങ്കിൽ ഓവർ പായ്ക്കിംഗിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ ഒരു ബൈക്ക് യാത്രയാണ് പ്ലാൻ ചെയ്യുന്നത് എങ്കിൽ ലൈറ്റ് പായ്ക്കിംഗ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
ബൈക്ക് യാത്രയ്ക്കായി ശരിയായതും ലൈറ്റ് വെയ്റ്റുമായ ലഗേജ് പായ്ക്ക് ചെയ്യുന്നതിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണം എന്ന് നോക്കാം.
ബൈക്ക് യാത്ര ചെയ്യുമ്പോൾ ഓവർ പായ്ക്കിംഗ് നിരവധി പ്രശങ്ങൾ സൃഷ്ടിക്കാം. ഉദാഹരണത്തിന് ലഗേജിന്‍റെ ഭാരം വർദ്ധിച്ചാൽ ബൈക്കിനെ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാകും. മാത്രവുമല്ല അധിക ലഗേജ് യാത്രയുടെ രസം കുറയ്ക്കും. അത്തരമൊരു സാഹചര്യത്തിൽ ലൈറ്റ് പായ്ക്കിംഗ് യാത്ര സുഖകരമാക്കുക മാത്രമല്ല യാത്രികർക്ക് സ്വാതന്ത്ര്യവും വഴക്കവും നൽകുകയും ചെയ്യും. അതുവഴി യാത്ര സുഖകരമായി ആസ്വദിക്കാനും അനാവശ്യ കാര്യങ്ങളിലേക്ക് ശ്രദ്ധ പോകാതിരിക്കുകയും ചെയ്യും.
ലൈറ്റ് പായ്ക്കിംഗ് ടിപ്സ്
ശരിയായ സ്മാർട്ട് ബാഗ് തിരഞ്ഞെടുക്കുക
ബൈക്ക് യാത്രയ്ക്ക് വാട്ടർപ്രൂഫ് ലൈറ്റ് ബാഗുകൾ തിരഞ്ഞെടുക്കുക. ബാലൻസ് നിലനർത്താൻ സഹായിക്കുന്ന സാൻഡിൽ ബാഗുകളോ ടാങ്ക് ബാഗുകളോ ബാക്ക് പായ്ക്കുകളോ ഉപയോഗിക്കുക. ശ്രദ്ധാപൂർവ്വം പരിപാലിക്കുകയാണെങ്കിൽ ഈ ബാഗുകൾ വർഷങ്ങളോളം നിലനിൽക്കും. അതിനാൽ ഭാവിയിൽ ചെയ്യാനിരിക്കുന്ന സാഹസിക യാത്രകൾക്ക് പോലും ഉപയോഗിക്കാവുന്ന ഒരു നല്ല ബാഗ് തിരഞ്ഞെടുക്കുക. എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന ചാർജിംഗ് പോയിന്‍റുകളുള്ള വാട്ടർപ്രൂഫ് ബാഗുകൾ, ലാപ്‌പ്ടോപ്പ് കാരിയറുകൾ എന്നിവ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്. പൊതുവെ ഇതിന് വില അൽപ്പം കൂടുതലാണെങ്കിലും യാത്രയിൽ ലഗേജിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും വസ്‌തുക്കൾ യഥാസ്‌ഥാനത്തിരിക്കാനും ഇത് ഉപകാരപ്പെടും. ഒപ്പം യാത്ര ആസ്വാദ്യകരമാകുകയും ചെയ്യും.
വിവേകത്തോടെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക
അത്യാവശ്യം വേണ്ട വസ്ത്രങ്ങൾ മാത്രം എടുക്കുക. എല്ലാ ദിവസത്തേക്കുമായി വ്യത്യസ്ത വസ്ത്രങ്ങൾ പായ്ക്ക് ചെയ്യുന്നതിനുപകരം മിക്‌സ് ആൻഡ് മാച്ച് തിരഞ്ഞെടുക്കുക. സ്പാൻഡെക്സ്, നൈലോൺ എന്നീ ഫാബ്രിക്കുകളിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. വൃത്തിയാക്കാൻ എളുപ്പമുള്ളതോ പെട്ടെന്ന് ഉണക്കി എടുക്കാവുന്നതോ ആണിത്. 4-5 ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്രയിൽ ഇവ അനായാസം ഉപയോഗിക്കുകയും ചെയ്യാം.
എളുപ്പത്തിൽ ഉണങ്ങുന്നതും വിയർപ്പിന്‍റെ മണമുണ്ടാക്കാത്തതുമായ വസ്ത്രങ്ങൾ ഇപ്പോൾ ഒട്ടുമിക്ക ബ്രാൻഡുകളിലും ലഭ്യമാണ്. അതുകൊണ്ട് വിവിധോദ്ദേശ്യം കണക്കിലെടുത്ത് സൗകര്യപ്രദവും ലൈറ്റ് വെയ്റ്റുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.