മനോഹരമായ ആൻഡമാനിലേക്കുള്ള ഞങ്ങളുടെ യാത്രയിൽ ആൻഡമാൻ നിക്കോബാർ സെല്ലുലാർ ജയിൽ, ഹാവ് ലോക്ക്, നീൽ ദ്വീപ് എന്നിവ സന്ദർശിക്കുക ആയിരുന്നു പ്രധാന ലക്ഷ്യം. ഈ മൂന്ന് സ്‌ഥലങ്ങളെക്കുറിച്ചും ഞാൻ ധാരാളം കേട്ടിരുന്നു. മുംബൈയിൽ നിന്ന് ഇപ്പോൾ വിജയ് നഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട പോർട്ട് ബ്ലെയറിലേക്കുള്ള വിമാന യാത്രയ്ക്ക് 3 മണിക്കൂർ എടുത്തു. അങ്ങനെ രസകരമായ യാത്ര ആരംഭിച്ചു.
എന്‍റെ അരികിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ടായിരുന്നു. ജനാലയ്ക്കരികി ലെ സീറ്റിൽ അവരുടെ 10 വയസ്സുള്ള മകൻ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. ഗട്ടു എന്നായിരുന്നു അവന്‍റെ പേര്. ഗട്ടു ഭക്ഷണപ്രിയനായ ഒരു കുട്ടിയായിരുന്നു. ഞാൻ വിമാനത്തിൽ ഒരിക്കലും ഉറങ്ങാറില്ല ആ സമയം വായിക്കാനായി ഒരു പുസ്‌തകം കൂടെ കൊണ്ടു പോകുകയാണ് പതിവ്. വിമാനം കൃത്യസമയത്ത് എത്തി. വിമാനത്താവളത്തിന് പുറത്ത് സവർക്കറുടെ ഒരു വലിയ പ്രതിമയുണ്ട്. ക്യാബ് ബുക്ക് ചെയ്ത് ഹോട്ടലിൽ എത്തി. റിസപ്ഷനിൽ എല്ലാവർക്കും ഹിന്ദി നന്നായി ട്ട് അറിയാമായിരുന്നു. എവിടെ പോയാലും എല്ലാവർക്കും ഹിന്ദി അത്യാവശ്യം അറിയാമായിരുന്നു. ഇവിടെ ധാരാളം ദക്ഷിണേന്ത്യക്കാരും ബംഗാളികളും ഉണ്ട്.
ഫ്രഷ് ആയതിനുശേഷം ഞങ്ങൾ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ചു. വൈകുന്നേരം ചായ കുടിച്ച് നഗരം ചുറ്റിനടന്നു. ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തുനിന്ന് ഏകദേശം 1200 കി ലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ ഉള്ള ദ്വീപസമൂഹമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. മനോഹരമായ ഭൂപ്രകൃതി കൊണ്ട് പേര് കേട്ട ദ്വീപുകൾ. എന്നാൽ അത്ര തന്നെ കുപ്രസിദ്ധമാണ് അവിടത്തെ സെല്ലുലാർ ജയിലുകൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാക്കളെ ബലമായി പിടിച്ചു കൊണ്ടുപോയി പാർപ്പിച്ച ഈ ജയിലുകൾക്ക് ഒരുപാട് ചരിത്രം പറയാനുണ്ട്. ഇപ്പോൾ ദേശീയ സ്മാരകം ആണ് ഈ ജയിലുകൾ.
രാത്രി 7.30ന് സെല്ലുലാർ ജയിലിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ ബുക്ക് ചെയ്തു കാണാൻ തീരുമാനിച്ചിരുന്നു. അവിടെ സൂര്യാസ്‌തമയം വൈകുന്നേരം 4.30-ന് ആണ്. അവിടെ പോകുന്നതിന് മുമ്പ് ഞങ്ങൾക്ക് ഇതൊന്നും അറിയില്ലായിരുന്നു. പ്രദർശനം കാണാൻ ധാരാളം സഞ്ചാരികൾ ഉണ്ടായിരുന്നു. അകത്തേക്ക് കയറാൻ നീണ്ട നിര തന്നെ. അകത്തേക്ക് കയറുമ്പോൾ ജയിലുമായി ബന്ധപ്പെട്ട ചരിത്രം ഓർത്ത് ഹൃദയം വേദനിച്ചു
ചരിത്രപരമായ ആകർഷണങ്ങൾ
ഷോ കാണാൻ നല്ല തിരക്കുണ്ടായിരുന്നു. ഇരിക്കാൻ നല്ല ഇരിപ്പിടങ്ങൾ. ഇന്നും അവിടെ ഒരു വലിയ വൃക്ഷമുണ്ട്. അന്നത്തെ വിപ്ലവത്തിനും വേദനയ്ക്കും പീഡനത്തിനും സാക്ഷ്യം വഹിച്ച വൃക്ഷം. ഗുൽസാർ, കബീർ ബേദി, ആശിഷ് വിദ്യാർത്ഥി എന്നിവർ ഈ ഷോയ്ക്ക് ശബ്ദം നൽകിയിരിക്കുന്നു. അമർ ജ്യോതി രണ്ടിടത്ത് ജ്വലിച്ചു കൊണ്ടിരിക്കുന്നു. വിപ്ലവകാരികളുടേയും സ്വാതന്ത്ര്യ സമര സേനാനികളുടെയും ത്യാഗങ്ങളെക്കുറിച്ച് ഈ ഷോ ധാരാളം പറയുന്നുണ്ട്.
ജയിലിന് പുറത്ത് ഒരു ചെറിയ പൂന്തോട്ടമുണ്ട്. അവിടെ ബാബാ ഭാൻ സിംഗ്, മഹാവീർ സിംഗ്, രാംരാഖ, ഇന്ദു ഭൂഷൺ റായ്, മോഹൻ കിഷോർ നാംദാസ്, മോഹിത് മൊയ്തു, സവർക്കർ തുടങ്ങിയ നിരവധി രക്തസാക്ഷികളുടെ സ്വർണ്ണ വർണ്ണ പ്രതിമകൾ സ്‌ഥാപിച്ചിട്ടുണ്ട്. രാത്രിയിൽ അവ തിളങ്ങി നിന്നിരുന്നു.