ഇന്ന് ഉച്ചക്ക് പോകാൻ പറ്റിയ സ്ഥലം ഉണ്ടോ? കൂട്ടിന് ആളും. കുറേ കാലമായി ഒരു യാത്ര പോയിട്ട്.” ഒരു ശനിയാഴ്ച രാവിലെ 9.15 ന് ചിത്രശലഭം വനിതാ യാത്രാ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു ഗ്രൂപ്പംഗത്തിന്‍റേതായി വന്ന മെസ്സേജിനെ തുടർന്നായിരുന്നു ഗ്രൂപ്പ് അഡ്മിൻ ലില്ലി ചേച്ചി കല്പറ്റയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരപരിധിയിലുള്ള മയിലാടിപ്പാറയിൽ ഉച്ചയ്ക്ക് ശേഷം പോകാമെന്നറിയിച്ചത്.

ഏകദേശം 11.30 ഓടെ തന്നെ പന്ത്രണ്ട് ആളുകൾ കൂടെ ഞങ്ങളുമുണ്ടെന്ന തീരുമാനം അറിയിച്ചു. പലതവണ കണ്ടതാണേലും കുഞ്ഞൻ വൈറസിന്‍റെ വരവോടെ കുറച്ചു കാലമായുള്ള അടച്ചിരിപ്പിൽ നിന്ന് ഒരിത്തിരി ആശ്വാസം. ഒരല്പം ശുദ്ധവായു... അല്പം സൊറ പറച്ചിൽ... ഇതൊക്കെ മനസ്സിൽ കണ്ടു ഞാനും പോകാനുറച്ചു. വരുന്നവർ വൈകുന്നേരം 3.30 ഓടെ കല്പറ്റ പഴയ സ്റ്റാന്‍റിനു മുന്നിൽ എത്താൻ നിർദേശിച്ചു.

വാചകമവസാനിപ്പിച്ച് പാചകം ധൃതിയിലാക്കി മോനേയും കൂട്ടി പോകാനൊരുങ്ങി ഞാനും. സമയനിഷ്ഠ എന്നൊന്ന് പഠിക്കുന്ന കാലം തൊട്ടേ ഇല്ലെങ്കിലും യാത്രാക്കാര്യത്തിൽ ഒരല്പം നേരത്തെയാണ്. റഹ്മാനിക്കയെ വിളിച്ച് 3.15 ഓടെ ഓട്ടോ എത്താൻ ഏർപ്പാടാക്കി... സമയം 3.14 മുറ്റത്ത് നിന്ന് ഓട്ടോയുടെ ഹോൺ ശബ്ദം. സമയനിഷ്ഠയിൽ അങ്ങേരെ വെല്ലാൻ ആരുമില്ല... ഒട്ടും അമാന്തിക്കാതെ ഓട്ടോയിൽ ചാടിക്കേറി ഞാനും മോനും കല്പറ്റ ടൗണിൽ ചെന്നിറങ്ങി. അപ്പോഴേക്കും ടീം അംഗങ്ങളെല്ലാം റെഡിയായി നില്പുണ്ടായിരുന്നു. കുട്ടികളടക്കം 16 പേർ ഇനി മറ്റൊരു ഓട്ടോ പിടിച്ച് മയിലാടിപ്പാറയിലേക്ക്... മുന്നിലെ ഓട്ടോ സ്റ്റാൻഡിൽ നിന്നും നാലു ഓട്ടോകളിലായി ബൈപ്പാസ് റോഡ് ലക്ഷ്യം വച്ച് ഓട്ടോ റാലി... വെയിൽ ചൂട് അപ്പോഴും കുറഞ്ഞിരുന്നില്ല.

പൊതുവേ ബൈപ്പാസ് റോഡരികിൽ വാഹനം പാർക്ക് ചെയ്‌ത് നടക്കാറാണ് പതിവെങ്കിലും ഇത്തവണ എത്താവുന്നതിന്‍റെ പരമാവധി ദൂരം ഓട്ടോ ഞങ്ങളെ എത്തിച്ചു. ഇതു വഴിയുള്ള മുൻയാത്രകളിൽ കണ്ട സെൻട്രൽ ജയിലിലെ മതിലിനെ അനുസ്മരിപ്പിക്കും വിധം റോഡരികിലെ ചെങ്കുത്തായ കരിമ്പാറക്കൂട്ടങ്ങളെ ഓട്ടോയിലിരുന്നു കണ്ടു. റോഡരികിലെ ശ്മശാമാനം ജീവിത യാത്രയിൽ മരണത്തിന്‍റെ ഓർമ്മപ്പെടുത്തലുമായി നിൽക്കുമ്പോഴും യാത്രയുടെ നിറം കെടുത്തേണ്ടെന്ന് കരുതി ഗൗനിച്ചില്ല. നിലവിലാ കടമ്പ ഓട്ടോയിൽ കടന്നെങ്കിലും കൗശലക്കാരനായ മനസ്സ് മുന്നേ കണ്ട ആ കാഴ്ചയുടെ വീഡിയോ അപ്ലോഡ് ചെയ്‌ത് കഴിഞ്ഞിരുന്നു...

ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ പൊള്ളുന്ന വെയിൽ ചൂടിൽ മലകയറിയിറങ്ങുന്ന കാമുകീകാമുകന്മാർ. ആവതു പണിപ്പെട്ടിട്ടും കത്തുന്ന ചൂടിലും പ്രണയം പൂത്തു നിൽക്കുന്നതു കണ്ട് ലജ്ജിച്ചെന്നോണം പൊടുന്നനേ സൂര്യൻ മേഘങ്ങൾക്കിടയിലൊളിച്ചു, നമുക്ക് സുഗമ യാത്രയ്ക്ക് അനുമതിയേകി. സൂര്യന്‍റെ ഒളിച്ചു കളിയിൽ ഞങ്ങളും സന്തോഷിച്ചു. തൊട്ടടുത്ത വീടിനോടു ചേർന്ന പെട്ടിക്കടയിലെ ചില്ലു ഭരണിയിലെ ഉപ്പുവെള്ളത്തിൽ മുങ്ങാംകുഴിയിട്ട മാങ്ങയും നെല്ലിക്കയും കൂടെ വരാൻ ആഗ്രഹം പ്രകടിപ്പിച്ചു.

ഇനിയങ്ങോട്ട് അരക്കിലോമീറ്റർ ചെറിയൊരു ട്രക്കിംഗ് എന്നു പറയാം. കുട്ടികൾക്കും പ്രായമായവർക്കു പോലും അനായാസേന ഈ കുഞ്ഞുമല കയറാം. ഇരുവശവും തോട്ടങ്ങൾ അതിരിടുന്ന കരിങ്കൽ വഴിയിലൂടെ നടത്തം. സൂക്ഷ്മമായി നോക്കിയാൽ ഈ കരിങ്കൽക്കൂട്ടങ്ങളെ പ്രകൃതി അവളുടേതായ ചിത്രവേലകൾ കൊണ്ട് സമ്പന്നമാക്കിയതു കാണാം. കാഴ്ച അതു കാണുന്നവന്‍റെ മനസ്സ് പോലിരിക്കും. ചിലയിടങ്ങളിൽ ചെറിയൊരു ഗുഹാമുഖം തുറന്നിരിക്കുന്നു. പ്രാപഞ്ചിക സത്യങ്ങളുടെ ഓർമ്മപ്പെടുത്തലുമായി...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...