മഴ തകർത്തു പെയ്ത ആഴ്ചയ്ക്കൊടുവിൽ വന്ന ഒരു വെയിൽ ദിവസമായിരുന്നു ഞങ്ങൾ തുഷാരഗിരിയിലേക്ക് യാത്ര തിരിച്ചത്. കോഴിക്കോട് പട്ടണത്തിൽ നിന്ന് 51 കിലോമീറ്റർ യാത്ര ചെയ്ത് വേണം ഇവിടെയെത്താൻ. കുന്നും മലയും അരുവിയും തോടും വയലുമെല്ലാം കണ്ടും കടന്നുമുള്ള യാത്ര, മഴ നനച്ചത് കൊണ്ട് ഭൂമിയാകെ പച്ചപുതച്ചിരിക്കുന്നു. ചാറ്റൽ മഴയുടെ തണുപ്പ് ബസിലേക്ക് കയറിവരുന്നുണ്ട്. ആ മഴയാത്രയിൽ കൂട്ടായി സുഹൃത്തുക്കൾ സുബിനും നജീബും.

തുഷാരഗിരിയിൽ ബസിറങ്ങുമ്പോൾ സമയം രാവിലെ എട്ടര. നല്ല തണുപ്പ്, ഞങ്ങൾ കണ്ടപ്പോൾ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്‍ററിലെ സെക്യൂരിറ്റി ഗാർഡുമാർ ഉറക്കകണ്ണുമായി കൗണ്ടറിൽ വന്നിരുന്നു. “മൂന്നു പേരും രണ്ട് സ്റ്റിൽ ക്യാമറയും.” ഞാൻ കൗണ്ടറിലെ കിളിവാതിലിലൂടെ കാശുനീട്ടി. “പിന്നെ ആ രജിസ്റ്ററിൽ പേരും വിലാസവും എഴുതണം.” ഗാർഡുമാരിലൊരാൾ പറഞ്ഞു. സെക്യൂരിറ്റി ക്ലിയറൻസ് കഴിഞ്ഞ് ഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തുള്ള വഴിയിലേക്ക് നടന്നു. ദൂരെ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കേൾക്കാം.

“അതേ, ഇവിടെ മൂന്ന് വെള്ളച്ചാട്ടങ്ങളുണ്ട്. ഒന്ന് ദേ ആ കാണുന്ന താഴത്തെ വെള്ളച്ചാട്ടം. അതിനുമുകളിൽ മറ്റൊരെണ്ണം. അത് കാണണേൽ മല കയറണം. പക്ഷേ മഴ പെയ്തതുകൊണ്ട് നല്ല വഴുക്കലും കാണും. മൂന്നാമത്തേത് കാണാൻ ഇപ്പോ പ്രായാസാ. മഴക്കാലത്ത് ആരും അങ്ങോട്ട് പോകാറില്ല.” പിന്നാലെ വന്ന സെക്യൂരിറ്റിക്കാരന്‍റെ മുന്നറിയിപ്പ്. എന്നാ പിന്നെ മൂന്നാമത്തേയും കണ്ടിട്ടേ ഇറങ്ങുന്നുള്ളൂ എന്ന് ഞങ്ങൾ മനസ്സിലുറച്ചു. വെറുതേ ഒരു വെള്ളച്ചാട്ടവും കണ്ട് തിരിച്ചു വരുന്നതിലും നല്ലതല്ലേ ഇത്തിരി അഡ്വഞ്ചറസ് ആകുന്നത്.

ഒരു ചെറുകുന്ന് കയറിയപ്പോൾ ഒന്നാമത്തെ വെള്ളച്ചാട്ടം കണ്ട് തുടങ്ങി. മഴക്കാലത്തിന്‍റെ രൗദ്രതയുണ്ട് വെള്ളച്ചാട്ടത്തിന്. വെള്ളത്തുള്ളികൾ പാറയിൽ തലതല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണ്. അത് ചാറ്റൽമഴപോലെ കാറ്റിൽ ഒഴുകിപരക്കുന്നുമുണ്ട്.

വെള്ളച്ചാട്ടത്തിന്‍റെ അടുത്ത് നിന്ന് ഒരു പടമെടുക്കണം. അടുത്ത് കണ്ട നനവില്ലാത്ത പാറയിൽ കാലുറപ്പിച്ചുവെച്ചു. പടങ്ങളെ ക്യാമറക്കുള്ളിലാക്കി. എടുക്കാനാകാത്ത അപകട ഫ്രയിമുകളെ മനസ്സൊപ്പിയെടുത്തു. അതങ്ങനെയാണ് ചില കാഴ്ചകൾ… ഫ്രെയിമിലൊതുക്കാൻ കഴിയില്ല. അപ്പോൾ മനസ്സ് വൈഡ് ലെൻസുപോലെ തുറന്ന് വെയ്ക്കും. എടുത്ത ഫ്രെയിമിനപ്പുറം എടുക്കാത്ത ഫ്രെയിമുകളുടെ സൗന്ദര്യം ഭ്രമിപ്പിച്ചുകൊണ്ടേയിരിക്കും. അങ്ങനെ ആ വെള്ളച്ചാട്ടത്തിന് ചുവട്ടിൽ കുറേനേരം ഭ്രമിച്ചിരുത്തം കഴിഞ്ഞാണ് രണ്ടാമനെ തേടിയിറങ്ങിയത്.

രണ്ടാമത്തതിലെത്താൻ മലകയറ്റം മാത്രമല്ല, കുത്തിയൊലിച്ചു പോകുന്ന അരുവിയും കടക്കണം. അരുവിക്കപ്പുറം കൊടുംകാടാണ്. കുറച്ചു കയറി കിതച്ചു നിന്നപ്പോൾ തുരുമ്പു തിന്നുതീർത്ത ഒരു പഴയ ബോർഡ് കണ്ട് ഇടത്തോട്ട് തിരിയുക.

ഇടത്തോട്ട് തിരിയുന്നിടത്ത് കൗതുകമായി നിൽക്കുന്ന ഒരു മരമുണ്ട്. ഉള്ള് മുഴുവനും പൊള്ളയായിട്ടും ജീവന്‍റെ തുടിപ്പ് അറ്റ്പോകാതിരിക്കാൻ ആർത്തിയോടെ ജീവിക്കുന്ന ഒരു മരം. ഉള്ള് മണ്ണെടുക്കുമ്പോഴും ജീവിക്കാനുള്ള അവസാനത്തെ ആഗ്രഹവും ആർത്തിയും പ്രതീക്ഷയും ഈ മരം പങ്കുവയ്ക്കുന്നു. അറ്റുവീഴാറാകുമ്പോഴും ആകാശം സ്വപ്നം കാണുന്നു. ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണമാണ് ഈ മരം.

കുറച്ചുനേരം ആ മരത്തിന് ചുറ്റും കറങ്ങി, അതിന്‍റെ ഉള്ളിലേക്ക് വലിഞ്ഞു കയറി. രണ്ടുപേർക്ക് സുഖമായി ആ  മരത്തിന്‍റെ ഉള്ളിലേക്ക് കയറിനിൽക്കാം. ഞങ്ങൾ രണ്ടാമത്തെ വെള്ളച്ചാട്ടം ലക്ഷ്യമാക്കി നടന്നു.

കുനിഞ്ഞും നിവർന്നും കാട്ടിനുള്ളിലെ തടസ്സങ്ങൾ മാറ്റി നടന്നു. അധികം വൈകാതെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് എത്തി. വിശാലമായ പാറ, അതിന്‍റെ ഒരുവശത്ത് ശക്തിയായി ഒഴുകുന്ന അരുവി. മൂന്നുപേരും കൈകോർത്ത് പിടിച്ച് വഴുവഴുപ്പുള്ള പാറ കടന്ന് അപ്പുറത്തെത്തി. വെള്ളച്ചാട്ടത്തിന്‍റെ സൗന്ദര്യം ഫുൾസ്വംഗിൽ കാണാനായിരുന്നു ആ ശ്രമം.

മനോഹരമായ കാഴ്ചകൾ മനസ്സ് തണുപ്പിച്ച് പതഞ്ഞൊഴുകുകയാണ്. ഓരോ തുള്ളിയും മുമ്പേ പോകുന്ന തുള്ളികളെ പിടിക്കാനെന്ന പോലെ. ഇവിടെ ഏറെ നേരം ചിലവഴിക്കാനാകില്ല, മൂന്നാമത്തേത് കൂടി കാണണം. അതിന് രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകാൻ നിർദേശം നൽകിയ ബോർഡിനരികിൽ നിന്നും നേരെ കയറണം. ഞങ്ങൾ മുകളിലേക്ക് വലിഞ്ഞു കയറിത്തുടങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോഴേക്കും നല്ല ഇരുട്ടായി. മഴ പെയ്യാനൊരുങ്ങുകയാണോ? ചീവിടുകൾ ഒന്നിനു പുറകേ ഒന്നൊന്നായി ശബ്ദം പുറപ്പെടുവിച്ചുകൊണ്ടിരുന്നു.

കിതപ്പ് കൂടുകയാണ്, കയറ്റവും… ഒറ്റയടിപ്പാതയുടെ വീതി നന്നേ കുറഞ്ഞിരിക്കുന്നു. ക്യാമറ ഒരു ടവലിൽ പൊതിഞ്ഞ് തോളത്തുറപ്പിച്ച് നടത്തം മുറിക്കാതെ മുന്നോട്ട് നീങ്ങി. ഒരുപാട് ദൂരം ഞങ്ങൾ പിന്നിട്ടിരിക്കുന്നു. നേരത്തേ കണ്ട വെള്ളച്ചാട്ടത്തിന്‍റെയോ അരുവിയുടെയോ ശബ്ദം കേൾക്കാനില്ല.

സമയം 11.30. മൊബൈൽ റേഞ്ച് വന്നും പോയും കൊണ്ടിരുന്നു. വഴി മാറിപ്പോയോ? ഒന്നും മനസ്സിലാകുന്നില്ല. മുകളിലേക്ക് നോക്കി. കാട് പടർന്നു പന്തലിച്ച് ഒരു ദിനോസറിന്‍റെ ആകൃതിയിൽ നിൽക്കുന്നു. ആകാശക്കീറുകൾ കാണാൻപോലും വലിയ വിഷമം. നടന്നു കയറുമ്പോൾ വലതുവശത്താണ് വെള്ളച്ചാട്ടം എന്ന് മാത്രമറിയാം.

രണ്ടുംകൽപിച്ച് ഞങ്ങൾ വലത്തോട്ട് നടന്നു. ചുറ്റും കൊടുംകാട്, ഇലപ്പർപ്പുകളും വള്ളികളും മുന്നിൽ. അതിനെ വകഞ്ഞുമാറ്റി വേണം മുന്നോട്ട് പോകാൻ. വഴിയേത് കാടേതെന്ന് മനസ്സിലാകാതായി. പോരാത്തതിന് മുന്നിൽ കുത്തനെയുള്ള കയറ്റം. ഞങ്ങൾക്കെന്തു ചെയ്യണമെന്ന് മനസ്സിലായില്ല.

നടന്നെത്തിയത് ശരിയായ വഴിയല്ലാത്തതിനാൽ തിരിച്ച് പോകാനാവില്ല. ധൈര്യംവിടാതെ നജീബ് മുന്നിൽ നടന്ന് കയറ്റം കയറാൻ ശ്രമിച്ചു. അവൻ അനായാസമായി കയറി. എന്നാൽ ഒരു കൈയിൽ ക്യാമറയുമായി നിന്ന എനിക്കും പുറകേ വന്ന സുബിനും കയറ്റം കയറാൻ ഏറെ പാടുപെടേണ്ടി വന്നു.

ഒടുവിൽ ഞങ്ങളാ കയറ്റം കയറി. മറിഞ്ഞു വീണ ഒരു മരത്തടിയിൽ കിതപ്പകറ്റാനായി ഇരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. നല്ല ആവി പറക്കുന്ന ഫ്രഷ് ആനപ്പിണ്ടം… അതോടെ ഞങ്ങളുടെ ആവി പോയി… ചാടിയെണീറ്റ് ചുറ്റം നോക്കി. ഈറ്റക്കാടുകളാണ് നാലുഭാഗവും. ആനകൾക്ക് പ്രിയമേറും ഈറ്റക്കാടുകൾ… കൈയും കാലും വിറക്കുകയാണ്. ആന അടുത്തെവിടെയോ ഉണ്ട്. എന്തു ചെയ്യണമെന്നറിയാതെ കുറച്ചുനേരം പകച്ചുനിന്നു. മൊബൈലുകളെല്ലാം ചത്തിരിക്കുന്നു. തിരിച്ചിറങ്ങാൻ വഴികളില്ല. അടിക്കാടുകൾ വകഞ്ഞുമാറ്റി മുന്നിലൊരാനേയെയും പ്രതീക്ഷിച്ച് തോന്നിയ വഴികളിലൂടെ നടന്നു. കാലിലും ദേഹത്തും എന്തൊക്കെയോ മുള്ളുകൾ വന്ന് കേറിയിട്ട് പോകുന്നുണ്ട്. ആനപ്പേടിയിൽ ഞങ്ങളതൊന്നും കണ്ടതേയില്ല.

ഒരു വെള്ളച്ചാട്ടവും കാണേണ്ട. എങ്ങനെയെങ്കിലും താഴെയെത്തിയാൽ മതിയെന്നായി. പിന്നെയും കുറേദൂരം വഴികളൊന്നും കാണാതെ കൊടുംകാട്ടിൽ അലഞ്ഞുതിരിഞ്ഞു. കിതപ്പിന്‍റെ ശബ്ദവും കാട്ടിൽ വീശിയടിക്കുന്ന മഴക്കാറ്റിന്‍റെ ഭീകരതയും ചുറ്റും നിറഞ്ഞു. ഒരു വഴി കണ്ടെത്തിയേ തീരൂ… എല്ലാ വഴികളും അടയുന്നിടത്ത് പുതിയ ഒരു വഴി തുറക്കുമെന്ന് ആരോ പറഞ്ഞത് മനസ്സിലോർത്ത് മുന്നോട്ട് നടന്നു.

അങ്ങനെ നടന്ന് ചെങ്കുത്തായ ഒരിറക്കത്തിനടുത്തെത്തി. ആനപ്പേടി കാരണം ഞങ്ങൾ സംസാരത്തിന്‍റെ ശബ്ദം കുറച്ചു. അപ്പോൾ എവിടെയോ ഭീകരമായ കാറ്റ് വീശിയടിക്കുന്ന ശബ്ജം കേട്ടു. ഞങ്ങളാ ഭാഗത്തേക്ക് വലിഞ്ഞിറങ്ങി. അത് കാറ്റിന്‍റെ ശബ്ദമായിരുന്നില്ല. തുഷാരഗിരിയിലെ മൂന്നാമത്തെ വെള്ളച്ചാട്ടമായിരുന്നു. ഞങ്ങളിത്രനേരവും അന്വേഷിച്ച ശബ്ദം…

ഞങ്ങൾ ഈറ്റക്കാടുകൾ ഓരോന്നായി വകഞ്ഞുമാറ്റി ഒരു വലിയ കൊല്ലിയുടെ അടുത്തെത്തി. അങ്ങ് ദൂരേക്ക് പടർന്നു കിടക്കുന്ന കാടിന്‍റെ നടുവിൽ മനോഹരമായ ഒരു വെള്ളച്ചാട്ടം ഇടതൂർന്ന പച്ചപ്പിൽ ഒരു വെള്ളത്തൂവാല പോലെ… ഇവിടെ എത്തുന്നതുവരെ പിന്തുടർന്ന ആനപ്പേടിയും ക്ഷീണവും ഒട്ടൊന്നിറക്കി വെച്ച് ഞങ്ങളാ കാഴ്ചയിൽ ലയിച്ചു. വീശിയടിക്കുന്ന തണുത്ത കാറ്റ്, വിരിച്ചുവച്ച ചിറക് അനക്കാതെ വിമാനം പോലെ പോകുന്ന പേരറിയാ പക്ഷികൾ… കാഴ്ചകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. ഹരം പിടിപ്പിക്കുന്ന കാഴ്ചകളിൽ ഞങ്ങളേറെ നേരം മതിമറന്നിരുന്നു.

ഈ കാഴ്ചകൾ ഇവിടെ നിന്ന് വേറെയാരെങ്കിലും കണ്ടിരിക്കാനിടയുണ്ടോ? ഇല്ലെന്നാണ് മനസ്സ് പറയുന്നത്. കാരണം മറ്റൊന്നുമല്ല. ഇവിടേക്കെത്തിപ്പെടാൻ വഴികളൊന്നുമില്ല. വഴിതെറ്റി എങ്ങനെയോ ഇവിടെയത്തിയതാണ് ഞങ്ങൾ. അതുകൊണ്ട് ഇനിയൊരിക്കൽ കൂടി ഈ കാഴ്ചകൾ കാണാനാകുമെന്ന പ്രതീക്ഷയില്ല. കുറേ നേരം പേടി മറന്ന് ആ കാഴ്ചകൾ കണ്ട് അവിടത്തന്നെ ഇരുന്നു.

മഴ കുന്നിറങ്ങി വരുന്നുണ്ട്. അന്തരീക്ഷമാകെ മാറിത്തുടങ്ങി. ഞങ്ങൾ പിന്നേയും ഇല്ലാ വഴികളിലൂടെ മുന്നോട്ട് നടന്നു. ആ ഇറക്കത്തിന്‍റെ പാതിയിൽ യഥാർത്ഥ വഴി തിരികെ കിട്ടി. കൊടുംകാട്ടിലൊറ്റപ്പെട്ടു പോയ ഞങ്ങൾക്ക് ഹൃദയതാളം തിരിച്ചുകിട്ടിയത് അപ്പോഴാണ്. പിന്നെയൊന്നും ആലോചിച്ചില്ല, ആ ഒറ്റയടിപ്പാതയിലൂടെ നേരെ താഴൊട്ടൂർന്നിറങ്ങി. യാത്ര അവസാനിപ്പിച്ചു. അപ്പോഴും മനസ്സ് ആ കുന്നിൻ പുറത്തെ ഇരുണ്ട കൊടുംകാട്ടിൽ തന്നെയായിരുന്നു ഏറെ നേരം….

Tags:
COMMENT