കാട് കണ്ണാടി നോക്കുകയാണ് ഈ നിശ്ചല ജലാശയത്തിലേക്ക്. കിളിയൊച്ചകളുടെ കിലുക്കങ്ങൾ ഇടയ്ക്കിടെ ഇളങ്കാറ്റിനൊപ്പം ഒഴുകിയെത്തുന്നതൊഴിച്ചാൽ ഇവിടെമാകെ നിശ്ശബ്ദം. കാടിന്‍റെ ഗംഭീര നിശ്ശബ്ദതയ്ക്ക് ഈ തടാകം ചാർത്തിക്കൊടുക്കുന്ന വന്യസൗന്ദര്യത്തെ എങ്ങനെ വർണ്ണിക്കും...

കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം എന്നു വിഖ്യാതമായ തട്ടേക്കാടിലാണ് നമ്മളിപ്പോൾ. കണ്ണു നിറയെ കാട്ടാറിന്‍റെ ഹരിതസമൃദ്ധി. കാതു നിറയെ കിളിപ്പാട്ടിന്‍റെ മധുരലാസ്യം.

അപൂർവ്വ കിളികുലങ്ങളുടെ ഈ ആവാസ സമുച്ചയം പ്രകൃതിസ്നേഹത്തിലേക്കുള്ള കമാനമായി നമ്മെ ക്ഷണിച്ചു നിൽക്കുന്നു. വിഹഗസ്വരങ്ങളാൽ സ്വാഗതം പറയുന്ന കാടിന്‍റെ ഹൃത്തടത്തിലൂടെ കൗതുകക്കണ്ണുമായി മൗനമായി ഒന്നു നടന്നുനോക്കൂ... ഓരോ ഇലയും നമുക്ക് സൗഹൃദത്തിന്‍റെ ഒരിളങ്കാറ്റു തരും. ഞങ്ങളെ കാണാൻ നിങ്ങളും വന്നല്ലോ എന്ന് ഓരോ കിളിയും സസന്തോഷം ചിലയ്ക്കും. കാടിന്‍റെ അകം കണ്ട് കാടിനുള്ളിൽ ഏതാനും ദിവസം താമസിക്കണം എന്നുണ്ടോ നിങ്ങൾക്ക്... അതിനെല്ലാം സൗകര്യമുണ്ട് വിശ്വപ്രസിദ്ധ പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലിയുടെ സ്മാരകമായ തട്ടേക്കാട് പക്ഷി സങ്കേതത്തിൽ...

പ്രകൃതിയുടെ ധാരാളത്തം ഇവിടേക്ക് ധാരാളം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. എങ്കിലും വിനോദ സഞ്ചാരി എന്ന നിലയിലല്ല, ഇവിടെ എത്തുന്നവരെ അധികൃതർ സ്വീകരിക്കുക. കാടിനെ അറിയാൻ കാട്ടിനുള്ളിലെ അപൂർവ്വ ജൈവ വൈവിധ്യത്തെ അറിയാൻ കിളികളെയും മൃഗങ്ങളെയും കാണാൻ എത്തുന്നവർ എന്ന നിലയിൽ ഇവിടെ നന്നായി ആദരിക്കപ്പെടും.

സഹ്യന്‍റെ താഴ്വര

പശ്ചിമഘട്ടത്തിന്‍റെ പടിഞ്ഞാറേ ചരിവിൽ 25.16 ചതുരശ്ര കി.മീ. വിസ്തൃതിയിൽ 250 മുതൽ 1500 അടി വരെ ഉയർന്ന വനപ്രദേശമാണ് തട്ടേക്കാട്. 1500 അടി ഉയരമുള്ള ഞായപ്പിള്ളി മുടിയാണ് മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശം. ചെറിയ വിസ്തൃതിയിൽ പലതരം വനങ്ങളാണ് തട്ടേക്കാടിന്‍റെ പ്രത്യേകത. എവർഗ്രീൻ വനങ്ങൾ, ഓപ്പൺ റോക്കി ഏരിയ, വാട്ടർ ബോഡീസ്, ഡീപ് വാട്ടർ, ചതുപ്പുകൾ, തോട്ടങ്ങൾ... ജൈവസമൃദ്ധിയുടെ കാരണങ്ങൾ ഇതൊക്കെത്തന്നെയാവാം.

എകദേശം 320 ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 40 ശതമാനം ദേശാടനപക്ഷികൾ, ഇവയിൽ 60 ശതമാനവും എല്ലാ വർഷവും സ്ഥിരമായി ഇവിടെയെത്തുന്നവ. അന്താരാഷ്ട്ര ദേശാടനപക്ഷികളാണ് 17 ശതമാനവും. ഒറ്റയടിയ്ക്ക് പറന്നെത്തുന്നവയും പല സ്ഥലത്തും തങ്ങിയ ശേഷം ഇവിടെ എത്തുന്നവയും ഈ അന്താരാഷ്ട്ര ദേശാടനക്കാരുടെ കൂട്ടത്തിലുണ്ട്.

ഒക്ടോബർ മുതൽ മാർച്ച് വരെയാണ് പക്ഷികളുടെ ദേശാടനകാലം. പ്രതികൂല കാലാവസ്ഥ, ഭക്ഷണ ദൗർലഭ്യം എന്നിവയിൽ നിന്നുള്ള രക്ഷപെടലാണ് പല പക്ഷികൾക്കും ഈ ദേശാടനം. എല്ലാ വർഷവും ഒരു പ്രത്യേക തീയതിയ്ക്ക് (ചില വർഷങ്ങളിൽ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസത്തിൽ) ഇവിടെയെത്തുന്നവയാണ് ഈ ദേശാടനപക്ഷികളിൽ പലതുമെന്നത് വിചിത്രമാണ്.

ഒക്ടോബറിൽ മഴ കഴിഞ്ഞ് ഇവിടത്തെ പ്രകൃതിയാകെ സമ്പന്നമാകും. മത്സ്യങ്ങൾ, പുഴുക്കൾ, തേൻ, പഴങ്ങൾ എന്നിങ്ങനെ വിശിഷ്ട ഭോജ്യങ്ങളാൽ പ്രകൃതിയൊരുക്കുന്ന വിരുന്നുസത്കാരം സ്വീകരിക്കാനാണ് അന്യദേശങ്ങളിൽ നിന്നു പോലും ഇവ ഇവിടെ പറന്നെത്തുന്നത്.

തട്ടേക്കാട് പക്ഷിസങ്കേതത്തിന്‍റെ പ്രവേശന കവാടം കടന്ന 2 കിലോമീറ്ററോളം തേക്കുമരങ്ങളുടെ പ്ലാന്‍റേഷൻ ഏരിയയാണ്. താരതമ്യേന വന നിബിഢത പ്രകടമല്ലാത്ത ഇവിടെയും കാണാം കൗതുകക്കാഴ്ചകൾ. മരച്ചില്ലകളിൽ നിന്ന് മരച്ചില്ലകളിലേക്ക് ചാടി മറയുന്ന മലയണ്ണാന്മാരും വേഴാമ്പലുകളും... ഇത്തിരിപ്പോന്ന വേഴാമ്പാൽ നീണ്ട കൊക്കു പിളർത്തി ചിലയ്ക്കാൻ തുടങ്ങിയാൽ ആരും പറഞ്ഞുപോകും അയ്യോ, എന്തൊരു ശബ്ദം... വെറുതെയല്ലല്ലോ അതിനെ മലമുഴക്കി വേഴാമ്പൽ എന്ന പേര് വീണത്...

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...