ഹൃദയഭാരത്തോടെ ഞാൻ കണ്ണടച്ച് തെല്ലിട നേരം ഇരുന്നു. ഫാൻ അലോസരപ്പെടുത്തിക്കൊണ്ട് പതിയെ താളത്തിൽ ഒച്ചവെക്കാൻ തുടങ്ങിയിരുന്നു. തലക്കുമുകളിലെ വിന്‍റേജ് ഫാൻ അലോസരം നൽകാൻ തുടങ്ങിയിട്ട് ഏറെ നാളായി. അതു മാറ്റി റിമോട്ടിൽ പ്രവർത്തിക്കുന്ന പങ്കയാക്കി മാറ്റണമെന്ന് വിചാരിച്ചിട്ടും ഏറെ നാളായി. ഇന്നേതായാലും വീട്ടിൽ പോകുന്ന വഴിയിലുള്ള മോനിച്ചന്‍റെ ഫാഷൻ ഇലക്ട്രിക്കലിൽ നിന്നും ഒരു ഫാൻ ഏർപ്പാടാക്കണം. ഫാനിന്‍റെ ഒച്ച കൂടിവരുന്നതല്ലാതെ ശമിക്കുന്നില്ല. ഒടുവിൽ ഫാൻ ഓഫ് ചെയ്ത് അല്പം ചായ ഊതിക്കുടിച്ച് ലാപ്ടോപ്പ് ഓൺ ചെയ്തു. ജനാലകൾ തുറന്നിട്ടു വരുമ്പോഴേക്കും ലാപ്ടോപ്പിൽ ദൃശ്യങ്ങൾ തെളിഞ്ഞു തുടങ്ങിയിരുന്നു. ഗബ്രിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച വിവരങ്ങളും സ്കാൻ ചെയ്ത പത്രവാർത്തകളും നമ്പറിട്ട് ക്രോഡീകരിച്ച് ഇമെയിലിൽ അറ്റാച്ച്മെന്‍റ് അയക്കാൻ പാകത്തിൽ തയ്യാറാക്കി.

യാദൃശ്ചികമായാണ് ഇന്‍റർനെറ്റിൽ പരതുന്നതിനിടയിൽ ആ പഴയ പത്രത്തിന്‍റെ പിഡിഎഫ് കണ്ണിലുടക്കിയത്. ആ കുട്ടികൾ കാണാതായ ദിവസത്തിന്‍റെ പിറ്റേന്ന് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പത്രം.

കോടാനുകോടി വർഷം മുൻപ് ഭൂമിയും ആകാശവും അടക്കിഭരിച്ച് ഘനാലസന്മാരായി ഭൂമി അടക്കിവാണ ദിനോസറുകളെ വംശഹത്യയിലേക്ക് തള്ളിവിട്ട പ്രകൃതിദുരന്തം, അക്കാലത്തെ ഡെക്കാൻ പ്രദേശത്തെ അഗ്നിപർവ്വത സ്ഫോടനങ്ങൾ, പോംപെ നഗരത്തിനു മുകളിൽ അശനിപാതം പോലെ പതിച്ച വേസവിയസ് അഗ്നിപർവ്വതത്തിൽ നിന്നുള്ള തിളച്ച ലാവപ്രവാഹം, സുമാത്ര പ്രഭവകേന്ദ്രമായി അനേകം രാജ്യങ്ങളിൽ നാശം വിതച്ച, ലക്ഷോപലക്ഷം ആളുകളെ സംഹരിച്ച ഭീമൻ കടൽത്തിരകൾ. കാലാകാലങ്ങളായി മനുഷ്യനെയും മനുഷ്യനുൾപ്പെട്ട ജൈവമേഖലയേയും തകർത്ത് കീഴ്മേൽ മറിക്കുന്ന പ്രകൃതിയുടെ സംഹാരനൃത്തങ്ങൾ. മനുഷ്യൻ ഇന്നോളം ആർജ്ജിച്ച വിജ്ഞാനത്തിനും ശാസ്ത്ര സാങ്കേതികവിദ്യക്കും പിടിതരാതെ മേഘസ്ഫോടനങ്ങളാലും ഉരുൾപൊട്ടലായും കാറ്റായും കടലായും അഗ്നിയായും രോഗാണുക്കളായും പ്രകൃതി താണ്ഡവനൃത്തം ചവിട്ടുന്നു. പ്രകൃതിയുടെ കാരുണ്യരഹിതമായ തീർപ്പാക്കലുകളാകുന്നു മനുഷ്യൻ, അതു നിസ്സഹായതയോടെ ഏറ്റുവാങ്ങുവാൻ വിധിക്കപ്പെട്ടവനാകുന്നു…

കാണാതായ കുട്ടികൾ, അവർ പൊടുന്നനെ കടൽത്തീരത്തുനിന്നും അപ്രത്യക്ഷമാകുകയായിരുന്നു. ലഭ്യമായ തെളിവുകളും സാഹചര്യവും കണക്കാക്കി കുട്ടികൾ കടൽത്തിരയിലമർന്ന് കടലാഴങ്ങളിലേക്ക് പതിച്ചു എന്ന് അതീവ ദുഃഖത്തോടെ പറയേണ്ടിവരും. കുട്ടികളുടെ തിരോധാനത്തിന് മറ്റൊരു അനുമാനവും കണ്ടെത്താനായില്ല. കടലോരത്ത് കാൻഡി ഷോപ്പ് നടത്തുന്ന സ്ത്രീയാണ് കുട്ടികളെ അവസാനമായി കണ്ടത്. പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തേക്ക് അവർ ഓടിപ്പോകുന്നത് കണ്ടതായി ആ സ്ത്രീ പറഞ്ഞത് രേഖപ്പെടുത്തിയിട്ടുണ്ട്.

അസാധാരണമാം വിധം പുറകോട്ടു വലിഞ്ഞ കടൽ ആ ശക്തി മുഴുവൻ ഉൾക്കൊണ്ട് പതഞ്ഞ് മുന്നോട്ടു കുതിച്ച് കടലാഴങ്ങളിലേക്ക് ഉൾവലിഞ്ഞത് മുന്നിൽ കണ്ടതെല്ലാം ഉൾക്കൊണ്ടുകൊണ്ടായിരിക്കണം. ആ അപകടത്തെപ്പറ്റി വിശദമായ വാർത്ത പിറ്റേന്നത്തെ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ആളപായമില്ലെന്നായിരുന്നു റിപ്പോർട്ടിൽ കണ്ടത്. എന്നാൽ പിന്നീട് കടൽത്തീരത്തുപോയി കാണാതായവരുടെ ബന്ധുക്കളുടെ പരാതികൾ വന്നുതുടങ്ങി. അന്വേഷണം നടന്നെങ്കിലും കാണാതായവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പൊടിപോലും അവശേഷിപ്പിക്കാതെ കടലാഴങ്ങളിലേക്ക് വിടവാങ്ങിയവരിൽ ആർതർ റോസ് ദമ്പതികളുടെ മക്കളായ എറീനും എല്ലനും ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.

ആ കടൽത്തീരം വിട്ട് അവർ പുറത്തുപോയിട്ടില്ലെന്നതിന് വേണ്ടുന്ന തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ നൽകിയിട്ടുമുണ്ട്. കുട്ടികളുടെ തിരോധാനത്തിനു പിന്നിലുള്ള ഏക കാരണം അന്നുവൈകീട്ട് സംഭവിച്ച പ്രകൃതിദുരന്തം തന്നെയെന്ന് അസന്നിഗ്ധമായി പറയാനാകും. സംശയത്തിന്‍റെ കരിനിഴൽ വീണ ആളുകളിൽ നിന്നും ആ നിഴൽ അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമായ തെളിവുകളോടെ നീക്കം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി അവശേഷിക്കുന്നത് ഒരുകാലത്തും മനുഷ്യമേധക്ക് പൂർണ്ണമായും പിടിതരാത്ത പ്രകൃതിപ്രതിഭാസമെന്ന വസ്തുത മാത്രം. ഒടുവിൽ ഞാനും ആ സമീകരണത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.

ഹൃദയവേദനയോടെ കടലിന്‍റെ അഗാധതയിൽ വിലയിച്ച ആ കുരുന്നുകളുടെ ആത്മാക്കൾക്ക് ആത്മശാന്തി നേരാൻ മാത്രമേ എനിക്കിപ്പോൾ കഴിയുകയുള്ളൂ.

അല്പനേരം കൂടി മാത്രമേ എനിക്ക് ഓഫീസിൽ ഇരിക്കാൻ കഴിഞ്ഞുള്ളൂ. വല്ലാത്തൊരു അസ്വസ്ഥത എന്നെ വന്നുപൊതിഞ്ഞു. പെട്ടെന്നുതന്നെ വീടെത്തിയാൽ മതിയെന്ന് എനിക്ക് തോന്നി. ഞാൻ ലാപ്ടോപ്പ് ഓഫ് ചെയ്ത് ഓഫീസ് പൂട്ടി വരാന്തയിലേക്കിറങ്ങി.

പുറത്ത് സന്ധ്യ കനക്കാൻ തുടങ്ങിയിരുന്നു. ഇളങ്കാറ്റുപോലുമില്ല. ഒറ്റപ്പെട്ട വാഹനങ്ങളും വഴിയാത്രക്കാരും… പൊതുവെ എല്ലാം നിശ്ശബ്ദം. ഞാൻ ചുറ്റുഗോവണി കടന്ന് താഴേക്കിറങ്ങുമ്പോഴാണ് ഓഫീസിനടുത്ത അടച്ചിട്ട മുറിയിൽ നിന്നും ശബ്ദങ്ങൾ കേട്ടത്. ഏറെക്കാലമായി അടച്ചിട്ട മുറിയാണത്, അതിന്‍റെ ഉടമസ്ഥൻ ആരെന്നുപോലും എനിക്ക് നിശ്ചയമില്ല. ഒരാഴ്ചയായി അസ്വസ്ഥതജനകമായ ശബ്ദങ്ങൾ ആ മുറിയുടെ ഭാഗത്തുനിന്നും കേൾക്കുന്നു. മിക്കപ്പോഴും അവഗണിക്കുകയാണ് പതിവ്. ഏതായാലും ആരാണ് ആ മുറിയുടെ ഉടമസ്ഥനെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.

ഞാൻ നിരന്തരം കർണ്ണപുടങ്ങളിൽ പതിച്ച, പിന്നീട് അല്പനേരം നിശ്ശബ്ദത പാലിച്ച ശബ്ദങ്ങളെ അവഗണിച്ച് വഴിത്താരയിലേക്കിറങ്ങി. ഇളംതണുപ്പ് ശരീരമാസകലം വന്നുപൊതിഞ്ഞു. ഇനിയീ തണുപ്പിന്‍റെ ശക്തി കൂടുകയേ ഉള്ളൂ. ഒരോട്ടോ പിടിച്ചെങ്കിലെന്ന് ആലോചിച്ചുകൊണ്ട് വഴിയരികിൽ നിൽക്കുമ്പോഴാണ് ചുമരിൽ ഒരുകൈത്തലം അമർന്നത്. മഞ്ഞേറ്റു തണുത്ത കൈത്തലം. ആ തണുപ്പ് ഞൊടിയിടെ തോളെല്ലിൽനിന്നും പെരുവിരലോളം നീണ്ടതായി എനിക്കുതോന്നി. ഞെട്ടിത്തരിച്ച് ഞാൻ തിരിഞ്ഞുനോക്കി.

തിരിഞ്ഞതും അയാൾ തോളിൽനിന്നും കൈത്തലം പിൻവലിച്ചു. വിളറിവെളുത്ത ഒരാൾ. നരച്ച ഒരു പാന്‍റും കോട്ടും ധരിച്ചിട്ടുണ്ട്. കുണ്ടിലേക്കിറങ്ങിയ കണ്ണുകൾ. നീണ്ടുവളഞ്ഞ മൂക്ക്. ഇരുചെവിക്കുമുകളിൽ മാത്രം പറ്റെ വെട്ടിക്കറുപ്പിച്ച മുടിയിഴകൾ. അയാൾ ചിരിച്ചുകൊണ്ട് പരിചയപ്പെടാനായി കൈകൾ നീട്ടി. ആ തണുത്ത കൈസ്പർശം ആഗ്രഹിക്കാത്തതിനാൽ ഞാൻ പാന്‍റിന്‍റെ പോക്കറ്റിലേക്ക് കൈകൾ പൂഴ്ത്തി.

‘സാം… സാം അല്ലേ. നമ്മൾ ഏറെക്കാലമായിട്ട് പടോസിയാണ്. എന്നാൽ നേരിട്ടുകാണുന്നത് ഇപ്പോഴാണെന്നു മാത്രം.’

അയാൾ പിന്നെയും ചിരിച്ചുകൊണ്ടിരുന്നു. അയാൾ ചിരിക്കുമ്പോൾ അയാളുടെ വായ ഒരു ഭാഗത്തേക്ക് കോടിപ്പോകുന്നത് ഞാൻ ശ്രദ്ധിച്ചു. ഇയാൾ എന്‍റെ പടോസിയോ? ഞാൻ ആശയക്കുഴപ്പത്തിലായി. ഹിന്ദി ഭാഷാപരിജ്ഞാനം എനിക്ക് ഏറെയില്ല. എന്നിരുന്നാലും പടോസി എന്ന വാക്കിന്‍റെ അർത്ഥം ഞാൻ മനസ്സിലാക്കിയിരുന്നു. ഞാൻ അയാളുടെ അയൽപക്കക്കാരനാണെന്നാണ് പറഞ്ഞുവരുന്നത്. എന്നാൽ ഈ പടോസിയെ ഞാൻ ആദ്യമായാണ് കാണുന്നത്.

ഏതായാലും പടോസിയുടെ സാന്നിദ്ധ്യം എനിക്ക് അരോചകവുമായി തോന്നി. ഏതെങ്കിലും ഓട്ടോ വന്നിരുന്നെങ്കിൽ അതിൽക്കയറി ഉടനെ വീടുപിടിക്കാമായിരുന്നെന്ന് ഞാൻ നിനച്ചു. എന്‍റെ കണ്ണുകൾ വഴിത്താരയിൽ ഓട്ടോക്കായി പരതി. എന്നെ ഉറ്റുനോക്കിക്കൊണ്ട് അയാൾ തുടർന്നുപറഞ്ഞു…

ഞാൻ ഡേവീസ്. നിങ്ങളുടെ ഓഫീസിനപ്പുറത്തെ കടമുറിയുടെ ഓണർ. ഡേവീസ് കണ്ണനായ്ക്കൽ. ഞാൻ ഏറെക്കാലം നോർത്തിൽ ഉദ്യോഗത്തിലായിരുന്നു. ഈയിടെ വിരമിച്ചു. വിരമിച്ചാലും വെറുതെ ഇരിക്കാൻ എനിക്കു ആഗ്രഹമില്ല. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. ഇല്ലെങ്കിൽ നമുക്ക് അസുഖങ്ങൾ വന്നുകയറും. അതുകൊണ്ട് ആ കടമുറി ഒന്നു സജീവമാക്കാനുള്ള പദ്ധതിയിലാണ്.

ശരി ശരി. ഇയാൾ എന്‍റെ പടോസിയാകാൻ തയ്യാറായി വന്നിരിക്കുന്ന ആളാണ്. അതിന്‍റെ ഭാഗമായാണ് അല്പകാലമായി ഓഫീസിനടുത്ത അടച്ചിട്ടു കാണാറുള്ള മുറിയിൽ നിന്നും ആളനക്കം കേൾക്കാൻ തുടങ്ങിയത്. അയാൾ ഏതു ബിസിനസാണ് തുടങ്ങാൻ പോകുന്നതെന്നറിയാൻ എനിക്ക് ആകാംക്ഷയുണ്ടായിരുന്നെങ്കിലും ആളൊഴിഞ്ഞ ഒരു ഓട്ടോ വരുന്നത് കണ്ട് ഞാൻ കൈവീശി നിറുത്തിച്ചു. നേരം വൈകിയെന്നും ഓഫീസിൽ വച്ച് വിശദമായി പരിചയപ്പെടാമെന്നും ഡേവീസിനെ അറിയിച്ച് ഞാൻ ഓട്ടോയിൽ കയറി.

തെല്ലുദൂരം കഴിഞ്ഞ് ഞാൻ ഒരു വളവു തിരിയുന്നിടത്തുവച്ച് ഞാൻ ഓട്ടോയുടെ വാതായനത്തിലൂടെ പുറകോട്ടു നോക്കിയപ്പോൾ ഡേവീസ് അപ്രത്യക്ഷനായിരുന്നു. ഏതോ അന്യഗ്രഹത്തിൽ നിന്നും വന്ന ഒരാളെപ്പോലെ ഒരു മനുഷ്യൻ. ഇനി മുതൽ ദുരൂഹതയുണർത്തുന്ന അയാളാണ് എന്‍റെ ഓഫീസ് പടോസി.

വഴിയോരത്തെ ഞാവൽമരങ്ങളിൽ കാറ്റുപിടിച്ചു. ചില്ലകൾ മഞ്ഞച്ച ഇലകളേയും പഴുത്ത ഞാവൽപഴങ്ങളും പൊഴിച്ചു. വഴിയോരത്ത് വയലറ്റ് നിറക്കട്ടകൾ ഏറ്റിയപോലെ വഴിത്താര നിറംപിടിച്ചു. ഒരു പഴുത്ത ഇല പൊഴിയുന്ന ലാഘവത്തോടെ വില്ലി അങ്കിൾ കളമൊഴിഞ്ഞു.

പള്ളിയിൽ പ്രാർത്ഥനാഗീതങ്ങൾക്കും പുഷ്പങ്ങൾക്കും താഴെ വില്ലി അങ്കിൾ വെള്ളപുതച്ചു കിടന്നു. പൂക്കളുടേയും ചെടികളുടേയും ഉറ്റതോഴനായ വില്ലിക്ക് സുഗന്ധം വഴിഞ്ഞൊഴുകുന്ന പൂക്കൾ യാത്രാമൊഴിയേകട്ടെ…

ഞാൻ ഒരു കുടന്ന വെളുത്ത പൂക്കൾ വില്ലി അങ്കിളിന് സമർപ്പിച്ചു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ ഐസക്ക് നിന്നിരുന്നു. പഴയ വില്ലി അങ്കിളിന്‍റെ പകർപ്പെന്നു തോന്നിച്ച അയാളെ തിരിച്ചറിയാൻ എനിക്ക് ഏറെ പ്രയാസമുണ്ടായില്ല. കലങ്ങിയ കണ്ണുകളോടെ വികാരധീനനായി നിന്ന അയാളെ സമാശ്വസിപ്പിക്കുവാനും വില്ലി അങ്കിളിനേയും ഐസക്കിനേയും അലട്ടിയിരുന്ന പ്രശ്നത്തിൽ നിന്നും വിടുതൽ നേടിയോ എന്നത് വിശദമായിത്തന്നെ അറിയുവാനായി പിന്നീട് വില്ലി അങ്കിളിന്‍റെ വീട് സന്ദർശിക്കുവാനും ഐസക്കിനെ കണ്ട് സംസാരിക്കുവാൻ ഞാൻ നിശ്ചയിച്ചു.

ഏറെ നേരം അവിടെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. എപ്പോൾ വേണമെങ്കിലും ഉണർന്നെഴുന്നേൽക്കാം എന്ന് തോന്നിക്കുംവിധം സർവ്വത്തിൽ നിന്നും വിടുതൽ നേടി ഉറങ്ങിയെന്നപോലെ കിടക്കുന്ന വില്ലി അങ്കിളിനെ ഒന്നു നോക്കി ഞാൻ പുറത്തിറങ്ങാനൊരുങ്ങി. തെല്ലിട നേരം അവിടെ നിന്നശേഷം ഇല ഞെട്ടറ്റ് പൊഴിയുംപോലെ ക്ഷണികമായ മനുഷ്യജീവിതത്തെപ്പറ്റി ചിന്തിച്ച് ഹൃദയവ്യഥയോടെ ഞാൻ പള്ളിയങ്കണത്തിൽ നിന്നും പടിക്കെട്ടിറങ്ങി. പുറത്ത് പരശ്ശതം വ്യഥിതരുടെ ദുഃഖഭാരമേറ്റിട്ടെന്നവണ്ണം വിഷാദഛവി പൂണ്ട ചെടിപ്പടർപ്പുകൾ… ഇലകൾ പൊഴിഞ്ഞ മരങ്ങൾ…

പൊടുന്നനെയാണ് പള്ളിയങ്കണത്തിലേക്കുള്ള പടിക്കെട്ട് കയറിവരുന്ന ആളെ ശ്രദ്ധിച്ചത്. ഏതൊരു ആൾക്കൂട്ടത്തിനിടയിലും വേർതിരിച്ചു കാണാവുന്ന അയാൾ. പടോസി! എന്നെക്കണ്ടതും അയാൾ എന്‍റെ അടുത്തേക്ക് നടന്നുവരുന്നതു കണ്ടു. ഇനി അയാളെ കണ്ടില്ലെന്നു നടിച്ചു പോകുന്നത് മര്യാദകേടാണ്. നീണ്ട വിരലുകളുള്ള മെലിഞ്ഞു വിളർത്ത കൈ എന്‍റെ നേരെ നീണ്ടു. അയാൾ പരിചയം പുതുക്കി മരത്തണലിലേക്ക് മാറിനിൽക്കാമെന്നു പറഞ്ഞു. വില്യംസിനെ ഏറെക്കാലമായി പരിചയമുണ്ടെന്നും പരേതൻ നല്ലവനായിരുന്നെന്നും പടോസി അനുസ്മരിച്ചു. മാത്രമല്ല അയാളുടെ അന്ത്യനിമിഷങ്ങളിൽ ഒപ്പമുണ്ടായിരുന്നത് താനായിരുന്നെന്നും പറഞ്ഞ് ആ ദിവസം പടോസി ഓർത്തെടുത്തു.

“നാടകം കാണാനുള്ള രണ്ടു പാസുകൾ കയ്യിലുണ്ടെന്നു പറഞ്ഞ് വില്യംസ് ഡേവീസിനെ വിളിക്കുന്നത് അന്നേദിവസം ഉച്ചതിരിഞ്ഞാണ്”. പടോസി പറഞ്ഞുതുടങ്ങി…

തുടർന്ന് ഒരഞ്ചുമണിയോടുകൂടി ഞങ്ങൾ രണ്ടുപേരും നാടകശാലയിലെത്തി. നാടകം ആസ്വദിച്ചും ഇടക്കു സംസാരിച്ചും ഒരു ആറരയോടെ ഞാൻ എന്തെങ്കിലും കഴിക്കാൻ വാങ്ങാൻ പുറത്തിറങ്ങി. തിരികെ എത്താൻ സ്വല്പം നേരമെടുത്തു. ഞാൻ വില്യംസിന്‍റെ അടുത്ത സീറ്റിൽ ഇരുന്ന് കൈയ്യിൽ കരുതിയ മസാലക്കപ്പലണ്ടി അയാൾക്കുനേരെ നീട്ടിയപ്പോൾ പ്രതികരണമില്ല. ഞാൻ കൈയ്യിൽ പിടിച്ചപ്പോൾ കൈത്തലം തണുത്തുപോയിരിക്കുന്നു. ഉടനെ നാടകശാലാ മാനേജരെ അറിയിച്ചു. അയാൾ ഉടനെ വാഹനം ഏർപ്പാടാക്കി. അതൊന്നും ഫലവത്തായില്ല. വില്യംസ് മരിച്ചുപോയിരിക്കുന്നു.

‘താങ്കൾ സ്നാക്സ് വാങ്ങുവാനായി പുറത്തുപോയ ശേഷം തിരിച്ചുവന്നത് എപ്പോഴാണ്?’ ഞാൻ പൊടുന്നനെ ചോദിച്ചു.

കൃത്യം ആറര, ഞാൻ വ്യക്തമായി ഓർക്കുന്നു. തിരിച്ചുവരുമ്പോൾ ഞാൻ വാച്ചിൽ നോക്കി ഇനി നാടകം തീരാൻ അധികം സമയമില്ലല്ലോ എന്ന് ചിന്തിച്ചതാണ്.

പിന്നെയും ഒന്നുരണ്ടു കാര്യം ചോദിക്കാൻ ഞാൻ ആഞ്ഞെങ്കിലും പള്ളിയിലേക്ക് വിരൽചൂണ്ടി തിരക്കുഭാവിച്ച് അയാൾ നടന്നകന്നു. ഞാൻ വഴിയിലേക്കിറങ്ങി. വെയിൽ തിളക്കുന്നു. കാഴ്ച മങ്ങുന്നു.

നാടകശാലക്കുമുന്നിലെ പുറമെനിന്നുള്ള ആഹാരപദാർത്ഥങ്ങൾ നാടകശാലക്കുള്ളിൽ അനുവദനീയമല്ല എന്ന ബോർഡ് ഞാൻ ശ്രദ്ധിച്ചതാണ്. പടോസി ഒരുപക്ഷേ അതു ശ്രദ്ധിച്ചുകാണില്ല. അതിനാലാകും അയാൾ പുറത്തുപോയത് എന്നു വിശ്വസിക്കാം. ഞാൻ എന്‍റെ ഫോണിലെ കാൾലോഗ് പരിശോധിച്ചു. നാടകം കാണാൻ പോയ ദിവസം എനിക്ക് വന്ന കോളുകൾ ഞാൻ ഒന്നൊന്നായി വിലയിരുത്തി. അതിൽ വില്ലിയുടെ മിസ്കാളുണ്ട്. ഞാൻ അതു വന്ന സമയം നോക്കി. ആറര…!

ദുർമ്മരണങ്ങൾ നടന്ന റബ്ബർതോട്ടവും പരിസരങ്ങളും പൊടുന്നനെ എന്‍റെ മനസ്സിൽ മിന്നായംപോലെ തിരതല്ലി. ആ സമയം ആ ദുരൂഹമായ പരിസരങ്ങൾ ചിന്തിക്കേണ്ട ഒരു കാര്യവും എനിക്കില്ലായിരുന്നു. പുകമറക്കുള്ളിൽ അകപ്പെട്ട ഒരാളെപ്പോലെ ഞാൻ വട്ടംചുറ്റി. ആ പുകമറ ഭേദിച്ച് ശുദ്ധവായു ശ്വസിക്കാൻ ഞാൻ ആവതും ശ്രമിച്ചു…

और कहानियां पढ़ने के लिए क्लिक करें...