നിറമില്ലാത്ത എന്‍റെ ജീവിതത്തിന് മനോഹരമായ നിറം പകരുകയായിരുന്നു റോംഗ് കോൾ. മനോഹരമായ ഒരു പെയ്ൻറിംഗ് രൂപം കൊള്ളുന്നതുപോലെ. മടുപ്പിക്കുന്ന ജീവിതത്തിൽ നിന്നും പുറത്തു കടന്ന എന്‍റെ മനസ്സ് അപ്പോൾ വിശാലമായ ആകാശത്തിൽ ചിറകുകൾ ഉയർന്നു പറക്കുകയായിരുന്നു.
ഇതിനൊക്കെ കാരണക്കാരൻ ആ റോംഗ് കോൾകാരൻ വിനീതാണ്. എന്താണെന്ന് അറിയില്ല അയാളുടെ ശബ്ദത്തിന് എന്തോ ഒരു വശ്യതയുണ്ട്. ആഗ്രഹമില്ലാഞ്ഞിട്ടും കൂടി അയാളുടെ കോളിനായി കാത്തിരിക്കുമായിരുന്നു. അവന്‍റെ ഫോൺവിളി വരാത്തദിവസം എന്നെ സംബന്ധിച്ച് അസ്വസ്ഥതയുളവാക്കുന്ന ഒന്നായിരുന്നു. അവന്‍റെ ഓരോ കോളും എന്‍റെ ശരീരത്തിലെ കോടാനുകോടി കോശങ്ങളിൽ പുതിയ ഊർജ്‌ജം പകർന്നുകൊണ്ടിരുന്നു.
ഗുഡ്മോണിംഗ് തുടങ്ങി ഗുഡ് നൈറ്റ് വരെ എത്രയെത്ര കോളുകളാണ് അയാളുടേതായി വന്നത്. അയാളുടെ ഗാംഭീര്യമാർന്ന മുഴക്കമുള്ള ശബ്ദം എന്‍റെ ചെവികൾക്ക് ഷെഹ്നായി സ്വരം പോലെ തോന്നി. മധുരതരമായ സംഭാഷണങ്ങൾ മനസ്സിനെ ആനന്ദിപ്പിച്ചു. വിനീത് തന്‍റെ എല്ലാ കാര്യങ്ങളും പറയാൻ മടി കാട്ടിയില്ല. അയാളോട് സ്വന്തം കാര്യങ്ങൾ പറയാൻ ഉള്ളിൽ ആഗ്രഹിച്ചുവെങ്കിലും എന്‍റെ ഉള്ളിലെ അപകർഷതാബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചുകൊണ്ടിരുന്നു.
വിനീത് ഒരു ആർമി ഓഫീസറായിരുന്നു. കാലിൽ ശത്രു സൈന്യത്തിന്‍റെ വെടിയേറ്റതിനാൽ ഒരു കാൽ മുറിച്ചു കളയേണ്ടിവന്ന കാര്യം അയാൾ പറഞ്ഞിരുന്നു. അക്കാര്യം തുറന്ന് പറയുന്നതിൽ പോലും അയാൾക്കൊരു മടിയുമുണ്ടായിരുന്നില്ല. മറിച്ച് വളരെ അഭിമാനത്തോടെയാണ് പറഞ്ഞത്.
ഇപ്പോൾ രണ്ട് ദിവസായി കോൾ വന്നിട്ട്. ഈ രണ്ട് ദിവസം 2 വർഷം പോലെയാണ് തോന്നിയത്. വിനീതിന് എന്നോട് നല്ല ദേഷ്യമുണ്ടായിരുന്നു. തികച്ചും ന്യായമായതായിരുന്നു വിനീതിന്‍റെ ദേഷ്യം.
എന്‍റെ വാട്സാപ്പിൽ എന്‍റെയൊരു പ്രൊഫൈൽ പിക്ചർ ഇടണമെന്ന് മാത്രമായിരുന്നു അന്ന് വിനീത് ആവശ്യപ്പെട്ടത്. ആവശ്യത്തെ ഞാൻ കനത്ത രീതിയിൽ ശകാരിച്ചുകൊണ്ടാണ് നേരിട്ടത്.. പ്രൊഫൈൽ പിക്ചർ ഇടുകയോ ഇടാതിരിക്കുകയോ എന്‍റെയിഷ്ടമാണെന്ന് അന്ന് കർശനമായി പറഞ്ഞു. പോരാത്തതിന് അത് ആവശ്യപ്പെടാൻ നിങ്ങളാരാണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്‍റെ ദേഷ്യം തിരിച്ചറിഞ്ഞിട്ടാവണം വിനീത് നിശബ്ദനായി ഇരുന്നതേയുള്ളൂ.
വിനീത് ദിവസവും തന്‍റെ പ്രൊഫൈൽ ചിത്രങ്ങളായി ഇട്ടിരുന്ന ആർമി വേഷത്തിനുള്ള ചിത്രങ്ങൾ വളരെ മനോഹരങ്ങളായിരുന്നു. ആ വേഷം അയാൾക്ക് നന്നായി ഇണങ്ങിയിരുന്നു.
വിനീതിനെ സന്തുഷ്ടനാക്കാൻ എന്‍റെയും ചിത്രമിടാമെന്ന് വിചാരിച്ചു. ഫോട്ടോയിടുന്നതിന് മുമ്പായി നിലക്കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ഞാൻ സ്വന്തം രൂപത്തിലൂടെ കണ്ണോടിച്ചു.
കണ്ണുകൾക്ക് താഴെയായി കറുത്ത നിഴൽപ്പാട്. അതിന് മുകളിലായി തടിച്ച ലെൻസുള്ള കണ്ണട, മുഖത്ത് അങ്ങിങ്ങായി നേർത്ത വരകൾ, കറുത്ത കുത്തു കൾ, ചാടിയ വയർ, ഇത്തിരി തടിച്ച അരക്കെട്ട്, തടിച്ച ചെറിയ മൂക്ക്, തലയിലെ മുടിയിഴകളിൽ നിന്നും എത്തിനോക്കുന്ന വെളുത്ത നരകൾ.. അയ്യേ, ഞാനെങ്ങനെ എന്‍റെ പടമിടും. അതാലോചിച്ചപ്പോൾ ഫോട്ടോയിടാനുള്ള ഉദ്യമം ഞാനുപേക്ഷിച്ചു.
എന്‍റെ ചിത്രം പ്രൊഫൈലാക്കാൻ കൂടി കൊള്ളുകില്ലെന്ന കാര്യം വിനീതിനെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കാനാണ്. ഒരു പക്ഷേ വിനീതിന് എന്‍റെ നിസ്സഹായവസ്ഥ മനസ്സിലാക്കാൻ പറ്റിയാൽ ദേഷ്യം കാട്ടുകയില്ല. ആ ദിവസം മുഴുവൻ നേരവും കയ്യിൽ ഫോണും പിടിച്ച് വിനീതിന്‍റെ കോളും വരുന്നത് കാത്തിരുന്നു.