സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ ഇപ്പോൾ സർവ്വസാധാരണമാണല്ലോ. ബലാത്സംഗം, മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകൽ, യാത്ര ചെയ്യുന്ന വേളകളിലെ ശല്യപ്പെടുത്തലുകൾ, വൃത്തികെട്ട നോട്ടങ്ങൾ, അശ്ലീല പദപ്രയോഗങ്ങൾ എന്നിങ്ങനെ എന്തെല്ലാം ദുരനുഭവങ്ങളാണ് സ്ത്രീകൾ നിത്യേന നേരിടുന്നത്.
അക്രമിയിൽ നിന്നും അനായാസം മോചനം നേടാവുന്ന സന്ദർഭങ്ങളിൽ പോലും അതിന് ധൈര്യം കാട്ടാതെ പലരും കൂടുതൽ കുഴപ്പങ്ങളിലേക്ക് ചെന്നു വീഴുകയാണ് ചെയ്യുന്നത്. ഇത്തരം പ്രതികൂല ഘട്ടങ്ങളിൽ സ്വയരക്ഷയ്ക്കായി തങ്ങൾക്കാവും വിധം കടുത്ത് രീതിയിൽ പ്രതികരിക്കണം. അതിനുള്ള തന്‍റേടവും ആത്മധൈര്യവും ഓരോ പെൺകുട്ടിയും സ്വായത്തമാക്കണം.
പെൺകുട്ടികളെ അതിനായി പ്രത്യേകം പരിശീലിപ്പിക്കേണ്ടതുണ്ട്. സമൂഹത്തിന്‍റെ എല്ലാ തലത്തിലും ബോധവൽക്കരണം ആവശ്യമാണ്. അവിചാരിതമായി പുരുഷനിൽ നിന്നുള്ള ശല്യപ്പെടുത്തലുകളോ ആക്രമണമോ നേരിടേണ്ടി വരികയാണെങ്കിൽ പെൺകുട്ടികൾക്ക് സ്വീകരിക്കാവുന്ന ചില പ്രതിരോധമുറകളാണ് ചുവടെ...
എതിർവശത്തു നിന്നും
അക്രമി നേരെ എതിർദിശയിൽ നിന്നും വരികയാണെങ്കിൽ അയാ( അടുത്ത് വന്നയുടനെ മുഷ്ടി ചുരുട്ടി മുഖത്ത് ആഞ്ഞിടിക്കുക. കൈമുട്ട് ഉപയോഗിച്ച് അയാളുടെ കവിളിലോ, താടിയിലോ മൂക്കിലോ ശക്തിയായി അക്രമികളുടെ നെഞ്ചിലോ വയറ്റിലോ തൊഴിക്കുകയും ചെയ്യാം.
കയ്യിൽ കയറിപ്പിടിച്ചാൽ
അക്രമി രണ്ടു കയ്യും ഉപയോഗിച്ച് നിങ്ങളുടെ കൈ പിടിക്കുകയാണെങ്കിൽ അയാളുടെ കൈകൾക്കിടയിൽ മറ്റേ കൈയിട്ട് ഇരുകൈകളും ചേർത്തുപിടിച്ച് അയാളുടെ വിരലുകൾ എതിർദിശയിലേക്ക് ശക്തമായി വളയ്ക്കാൻ ശ്രമിക്കുക.
കഴുത്തിൽ പിടി മുറുക്കിയാൽ
ഇരുകൈകളും അയാളുടെ കൈകൾക്കിടയിൽ കൊണ്ടു വന്ന് ശക്തിയുപയോഗിച്ച് കൈകളെ വേർപ്പെടുത്താൻ ശ്രമിക്കുക. അതോടെ അയാളുടെ പിടി അയഞ്ഞു പോകും. ഈ തക്കത്തിന് അയാളുടെ മുഖത്തോ ശരീരത്തോ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടാം.
പിന്നിൽ നിന്നുള്ള ശല്യം
ബസ്സ് ബ്രേക്കിടുന്ന ഘട്ടത്തിൽ പെൺകുട്ടികളുടെ ശരീരത്തിൽ മനപൂർവ്വം വീണ് ശല്യപ്പെടുത്തുന്ന ചില വിരുതന്മാരുണ്ട്. കൂടാതെ മുകളിലെ കമ്പിയിൽ പിടിക്കുന്ന വ്യാജ്യേന പെൺകുട്ടിയുടെ കയ്യിൽ പിടിച്ച് രസിക്കുന്നവരും തിരക്ക് മുതലാക്കി സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നവരുണ്ട്. ഇത്തരം ഘട്ടങ്ങളിൽ സ്വന്തം കൈമുട്ടുകൊണ്ട് ശക്തിയായി വയറ്റത്ത് പ്രഹരിക്കാം. കഴിയുമെങ്കിൽ തിരിഞ്ഞു നിന്ന് അയാളുടെ കവിളത്തോ മുഖത്തോ ശക്തിയായി അടിക്കാം.
കോളേജിൽ പോകുമ്പോൾ
സ്കൂളിലോ കോളേജിലോ പോകുമ്പോൾ പുസ്തകം, പേന, പേഴ്സ് എന്നിവ തീർച്ചയായും വിദ്യാർത്ഥിനികളുടെ കൈവശമുണ്ടായിരിക്കുമല്ലോ. ഇത്തരം വസ്തുക്കൾ ആയുധങ്ങളാക്കാവുന്നതാണ്. ശല്യപ്പെടുത്താൻ മുതിർന്നയാളെ പേന കൊണ്ട് മുഖത്തോ തലയിലോ ശക്തിയായി കുത്താം. പേനയില്ലെങ്കിൽ പുസ്തകമുപയോഗിച്ചെങ്കിലും പ്രതിരോധിക്കാം.
ഷാൾ ഒരായുധം
ശരീരം മറയ്ക്കാനോ ഭംഗിക്കോ വേണ്ടിയാണ് ഷാൾ ഉപയോഗിക്കുന്നതെങ്കിലും പ്രതികൂല ഘട്ടങ്ങളിൽ ഷാളും ഒരായുധമാക്കി ഉപയോഗിക്കാം. ഷാളുകൊണ്ട് അക്രമിയുടെ കഴുത്ത് മുറുക്കുകയാണെങ്കിൽ അയാളുടെ ലക്ഷ്യം നിഷ്ഫലമാക്കാം. ഷാളുകൊണ്ട് അക്രമിയുടെ തല മൂടിപ്പിടിച്ച് പ്രഹരിക്കാം. മാത്രമല്ല ഷാളുകൊണ്ട് കാലുകളിൽ ചുറ്റിപ്പിടിച്ച് അക്രമിയെ വീഴ്ത്താം. വീണയുടനെ അയാളുടെ മുഖത്തും ശരീരത്തും ശക്തിയായി മർദ്ദിച്ച ശേഷം അവിടെ നിന്ന് ഓടിരക്ഷപ്പെടുക.
കായിക അഭ്യാസ മുറകളിലൂടെ അക്രമിയുടെ ശല്യപ്പെടുത്തലിൽ നിന്നോ ആക്രമണത്തിൽ നിന്നോ സ്വയം രക്ഷപ്രാപിക്കാം. ഇത്തരം ഘട്ടങ്ങളെ സന്ദർഭോചിതമായി നേരിടാനുള്ള ചങ്കൂറ്റവും ആത്മവിശ്വാസവും ഉണ്ടായിരിക്കുകയെന്നതാണ് വലിയ പ്രതിരോധം. ്ക്രമിയുടെ ശ്രദ്ധയകറ്റിയോ അയാളെ കൂടുതൽ പ്രതികൂല സാഹചര്യങ്ങളിലേക്ക് തള്ളിവിട്ട ശേഷമോ ഓടി രക്ഷപ്പെടുക.