ചൂരൽമല ദുരന്തത്തിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഏക മകൾ ജിജിനയും മരണപ്പെട്ടത് സഹേദരങ്ങൾക്കും സുഹൃത്തുക്കൾക്കും തിരാനോവാകുന്നു. വയനാടിന്‍റെ ഉൾഗ്രാമത്തിൽ പിറന്ന് മികച്ച വിദ്യഭ്യാസം നേടി ഒരു അദ്ധ്യാപികയാവുക എന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ഉള്ള പരിശ്രമത്തിലായിരുന്നു ജിജിന .കോഴിക്കോട് ബി.എഡ് പഠനത്തിലായിരുന്ന ജിജിന സ്റ്റഡി ലീവിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച ചൂരൽ മലയിലെ വീട്ടിലെത്തിയത്. പരീക്ഷക്കായി ആഗസ്റ്റ് 5ന് മടങ്ങി പോകും മുൻപ് മാതാപിതാക്കളുടെയും ജേഷ്ഠ സഹോദരങ്ങളുടെയും അനുഗ്രഹം തേടി എത്തിയ ജീജിനക്ക് പ്രകൃതി ഒരുക്കിയത് ക്രൂരമായ വിധിയായിരുന്നു.
ഓട്ടോറിക്ഷ ഡൈവറായ പിതാവ് ശിവനും ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളിയായിരുന്ന മാതാവ് പ്രമോദിനിയും രണ്ട് ജേഷ്ഠൻമാരും അടങ്ങുന്നതാണ് ജിജിനയുടെ കുടുംബം. ഡ്രൈവറായ മൂത്ത സഹോദരനും എയർ പോട്ടിൽ ജോലിക്കാരനായ രണ്ടാമത്തെ സഹോദരനും ദുരന്ത സമയത്ത് വീട്ടിൽ ഇല്ലായിരുന്നു.
സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം കുറച്ച് കാലം കൽപ്പറ്റ പട്ടികജാതി വികസന ഓഫീസിൽ എസ്.സി പ്രമോട്ടറായി ജോലി നോക്കിരുന്നു. സൗമ്യമായ പെരുമാറ്റവും നിഷ്കളങ്കമായ സ്വഭാവും കൊണ്ട് ജിജിന പരിചയപ്പെടുന്നവരിൽ മതിപ്പ് ഉളവാക്കിയിരുന്നു.
ജിജിനയുടെ ഡിഗ്രി പഠനകാലത്തായിരുന്നു പുത്തുമല ഉരുൾപൊട്ടൽ. ആ സമയത്ത് കോളേജ് ഹോസ്റ്റലിൽ അന്തേവാസിയായിരുന്ന അനുഭവം ജോലി സമയത്ത് ജിജിന പങ്കെ വെച്ചിട്ടുള്ളത് ഇന്ന് സഹപ്രവർത്തകരിൽ പലരും വേദനയോടെ ഓർമ്മിക്കുകയാണ്.
സ്നേഹം വാൽസല്യവും ആവോളം ആസ്വദിക്കുന്നതിന് മുൻപ് അകാലത്തിൽ പൊലിഞ്ഞ ജിജിനയുടെ ഓർമ്മകൾ എന്നും സുഹൃത്തുക്കളുടെ മനസ്സിൽ സുഗന്ധം പരത്തി നിൽക്കുമെന്ന് ഉറപ്പാണ്.