മിക്ക നായ്ക്കളും ശാന്തപ്രകൃതരാണ്. എന്നാൽ വീട്ടിൽ വളർത്തുന്നതും തെരുവിൽ വളരുന്നതും ആയ ചില നായ്ക്കൾ ആക്രമണസ്വഭാവം ഉള്ളവരാണ്. ഒരു നായ കുരച്ചു കൊണ്ടു വന്നാൽ എന്തു ചെയ്യണം എന്ന് പലർക്കും സംശയമില്ല. എല്ലാ നായ്ക്കളും മനുഷ്യൻ പ്രതീക്ഷിക്കുന്നതു പോലെ പെരുമാറണം എന്നില്ല.
നടക്കാൻ പോകുന്ന വഴിയിൽ തെരുവുനായ ശല്യം ഉണ്ടെങ്കിൽ ചില മുൻകരുതലുകൾ എടുക്കാവുന്നതാണ്. നായകളുടെ ശരീരഭാഷ അറിയുന്നത് പല ഘട്ടങ്ങളിലും ഗുണം ചെയ്യും. അതുപോലെ തന്നെ, മനുഷ്യന്‍റെ ശരീരഭാഷ വായിച്ചാണ് നായ്ക്കൾ പ്രതികരിക്കുന്നത്. ഇതെല്ലാം കണക്കിലെടുത്ത് അവർക്കിടയിലൂടെ എങ്ങനെ സുരക്ഷിതമായി കടന്നു പോകാം എന്ന് മനസ്സിലാക്കാം.
നായ്ക്കൾ മനുഷ്യനുമായി ഇണങ്ങുമെങ്കിലും അവ മനുഷ്യരല്ല എന്ന് ഓർക്കണം. മൃഗങ്ങൾക്ക്, പ്രത്യേകിച്ചും നായ്ക്കൾക്ക് മനുഷ്യരെപ്പോലെ തന്നെയുള്ള വികാരങ്ങളും ചിന്തകളും ഉണ്ടെന്ന് തെറ്റിദ്ധരിക്കുന്ന നിരവധി പേരുണ്ട്. അമിത സ്നേഹവും അസ്ഥാനത്തായ വ്യാഖ്യാനവും ഇവരെ അബദ്ധത്തിൽ കൊണ്ടെത്തിക്കാറുമുണ്ട്, പ്രത്യേകിച്ചും കുട്ടികൾക്ക് ഈ പ്രവണത കൂടുതലാണ്. നായയ്ക്ക് നായയുടേതായ രീതിയുണ്ട്, ശരീരഭാഷയുണ്ട്. അതു വ്യക്തമായി പഠിക്കാൻ ശ്രമിക്കുന്നതിനു പകരം അവയുടെ ഓരോ ചേഷ്ടയും മനുഷ്യന്‍റെ ഭാവങ്ങളായി ഉപമിച്ച് തെറ്റിദ്ധരിക്കരുത് എന്നാണ് ഉദ്ദേശിച്ചത്.
ഓരോ നായയും ഓരോ വ്യക്‌തിത്വത്തിന് ഉടമയാണ്. വ്യത്യസ്തമായ ജീവിതാനുഭവങ്ങളും അവരുടെ സ്വഭാവത്തെ സ്വാധീനിക്കും. അതിനാൽ ഹായ് ഇത് എന്‍റെ പട്ടിയാണ്, ഞാൻ ഒന്നു തൊട്ടു നോക്കട്ടെ എന്നുള്ള നിലപാട് അപകടം വരുത്തി വയ്ക്കാം. നായയുടെ ആക്രമണ സാധ്യത തീരുമാനിക്കുന്നതിൽ ബ്രീഡിനേക്കാൾ പ്രധാനം ഓരോ നായയുടെയും വ്യക്‌തിത്വവും അതു വളർന്ന പശ്ചാത്തലവുമാണ്.
വളർത്തു നായ്ക്കളെ ആയാലും തെരുവ് നായ്ക്കളെ ആയാലും ഭയമാണെങ്കിൽ സമീപിക്കരുത്. നമ്മുടെ ഭയം അവരെ അസ്വസ്ഥരാക്കാൻ വഴിയുണ്ട്. നായ്ക്കളുമായി ഇടപെടാൻ ആഗ്രഹിക്കുന്നവർക്കും കുട്ടികൾക്കും പ്രത്യേക മുൻകരുതലുകൾ ആവശ്യമാണ്. വഴിയരികിൽ ശാന്തരായി വിശ്രമിക്കുന്ന തെരുവു നായ്ക്കളെ വെറുതെ കല്ലെറിഞ്ഞ് പ്രകോപിപ്പിക്കുന്നത് മണ്ടത്തരമാണ്. അവരിൽ പുതുതായി അക്രമവാസന ഉണ്ടാകാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
ഒരു നായ പുറം ലോകത്തെ കാണുന്നത് മനുഷ്യർ കാണുന്നത് പോലെയല്ല എന്നോർക്കണം. മനുഷ്യന്‍റെ മണം, രൂപം, ചലനം, ശബ്ദം, കണ്ണുകൾ, നോട്ടത്തിന്‍റെ ദിശ, മുഖഭാവം, ആൾക്ക് ഉടമസ്ഥനുമായുള്ള സൗഹൃദം, നായയുടെ പൂർവ്വാനുഭവങ്ങൾ ഇതൊക്കെ വിലയിരുത്തിയാണ് ഒരു നായ പുതിയ ഒരാളെ അളക്കുന്നത്.
ഇക്കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി നമ്മുടെ രീതികളിൽ അൽപമൊക്കെ മാറ്റം വരുത്തുകയും നായ്ക്കളുടെ ശരീരഭാഷ വായിച്ചെടുക്കാൻ പഠിക്കുകയും ചെയ്താൽ ഒരളവു വരെ നായ്ക്കളെ പ്രകോപിപ്പിക്കാതെ രക്ഷപ്പെടാൻ സാധിക്കും. അവയുമായുള്ള ഏറ്റുമുട്ടലുകളും പരമാവധി ഒഴിവാക്കാൻ സാധിക്കും.
പട്ടി കടിക്കാൻ വന്നാൽ സ്വയരക്ഷയ്ക്കായി എന്തു ചെയ്യണം?
നടക്കുന്ന വഴിയിൽ കടിക്കാൻ വരുന്ന പട്ടി പലപ്പോഴും പിന്നിൽ നിന്നും നിശബ്ദമായിട്ടാകാം വരിക. കടിച്ച ശേഷമാകാം പലപ്പോഴും നാം വിവരം അറിയുന്നത്. അതിനാൽ നടക്കുമ്പോൾ മുന്നിൽ മാത്രമല്ല പിന്നിലും എന്തു നടക്കുന്നു എന്ന ശ്രദ്ധ വേണം.