തൊട്ടതിനും പിടിച്ചതിനുമൊക്കെ മരുമകളെ സദാനേരം കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ എന്നാണ് അമ്മായിയമ്മയെക്കുറിച്ചുള്ള പൊതുസങ്കൽപം. പലർക്കും ഇത് അനുഭവമായിട്ടുണ്ടെങ്കിലും സ്നേഹവും സൗമ്യതയും കൊണ്ട് മരുമകൾക്ക് പ്രിയങ്കരിയായി മാറുന്ന അമ്മായിയമ്മമാരും ഇല്ലാതില്ല. അമ്മായിയമ്മയും ഒരമ്മയാണെന്ന് കരുതുന്നതോടെ ബന്ധം കൂടുതൽ ഊഷ്മളമാക്കാമെന്ന കാര്യം മരുമകളായിട്ടെത്തുന്നവർ മനസ്സിലാക്കണം. അമ്മായിയമ്മ മരുമകളെയും മരുമകൾ അമ്മായിയമ്മയെയും വേർതിരിച്ച് കാണുന്നിടത്താണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
മരുമകളുടെ വരവോടെ മകന് തന്നോടുള്ള സ്നേഹത്തിന് കോട്ടം തട്ടുമോ, വീട്ടിലെ തന്‍റെ സ്ഥാനം നഷ്ടപ്പെടുമോ, മരുമകൾ തന്നെ വില കൽപിക്കില്ലേ എന്നിങ്ങനെയുള്ള ആധികളായിരിക്കും. അമ്മായിയമ്മക്ക് മാത്രമല്ല, ഭൂരിഭാഗം പെൺകുട്ടികളും അമ്മായിയമ്മയെക്കുറിച്ച് മുൻധാരണകൾ വെച്ചുപുലർത്തുന്നവരായിരിക്കും. അമ്മായിയമ്മയോട് എങ്ങനെ പെരുമാറണമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചായിരിക്കും ഓരോ പെൺകുട്ടിയും ഭർത്തൃവീട്ടിലേക്ക് വരിക. കൂടാതെ അടുത്ത ബന്ധുക്കൾ നൽകിയ മുൻകൂർ ഉപദേശങ്ങളും അവളുടെ മനസ്സിലുണ്ടായിരിക്കും. മുൻവിധികളുടെ അടിസ്ഥാനത്തിൽ അമ്മായിയമ്മയും മരുമകളും ഇടപെടുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.
“കുറ്റങ്ങളും കുറവുകളുമില്ലാത്തവരായി ഈ ലോകത്ത് ആരുണ്ട്? പുറമേക്ക് അൽപം ഗൗരവക്കാരായി തോന്നുമെങ്കിലും ഇവരുടെ മനസ്സിലും സ്നേഹത്തിന്‍റെ തിരയിളക്കമുണ്ടായിരിക്കില്ലേ? കഠിന ഹൃദയയായ അമ്മായിയമ്മയെപ്പോലും സ്നേഹത്തിലൂടെ മുട്ടുകുത്തിക്കാമെന്നാണ് എന്‍റെ അനുഭവം.” കോട്ടയത്തെ സ്വകാര്യസ്കൂൾ അധ്യപികയായ റേച്ചലിന്‍റെ അഭിപ്രായം.
മരുമകൾക്ക് നല്ലൊരു കൂട്ടുകാരിയാകുന്ന അമ്മായിയമ്മ... കൊച്ചുമക്കളെ കൈ പിടിച്ച് നടത്തുന്ന സ്നേഹനിധിയായ മുത്തശ്ശി.... ഇങ്ങനെ ഏതൊക്കെ സ്നേഹഭാവങ്ങളിലാണ് അമ്മായിയമ്മയ്ക്ക് ശോഭിക്കാനാകുക.
കുഞ്ഞുങ്ങളുടെ മുത്തശ്ശി
കുട്ടികളുടെ ജനനം, വളർച്ച, സംരക്ഷണം തുടങ്ങിയ ഘട്ടങ്ങളിലാണ് അമ്മായിയമ്മയുടെ സാന്നിധ്യം മരുമകൾക്ക് താങ്ങും തണലുമാകുന്നത്. ഏറെ ജീവിതാനുഭവങ്ങളുള്ള വീട്ടിലെ മുതിർന്ന വ്യക്തിയാണെന്ന നിലയിൽ മുത്തശ്ശിക്കാവും കുഞ്ഞുങ്ങളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മയേക്കാളും ഏറെ ശ്രദ്ധപുലർത്താനാകുക. കുഞ്ഞുങ്ങൾ കാട്ടുന്ന കൊച്ചുകൊച്ചു തെറ്റുകളെയും വ്യക്തികളെയും സ്നേഹത്തോടെ വിലക്കാൻ മുത്തശ്ശിക്കല്ലാതെ ആർക്കാണ് കഴിയുക? വാർധക്യത്തിലെ അസ്വസ്ഥതകൾ മറന്ന് കൊച്ചുമക്കളുടെ കളിചിരിക്കൊപ്പം ആടിപ്പാടാൻ ഈ മുത്തശ്ശിമാർ റെഡി. കൊച്ചുമകന് അല്ലെങ്കിൽ കൊച്ചുമക്കൾക്ക് ഒരു പനിച്ചൂട് വന്നാൽ പൊള്ളുന്നതും ഇവരുടെ ഹൃദയമല്ലേ... വാശിപിടിച്ച് കരയുന്ന കൊച്ചുകുഞ്ഞിനെ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ് മുത്തം കൊടുത്ത് കരച്ചിലടക്കാൻ സ്നേഹത്തിന്‍റെ നിറകുടമായ മുത്തശ്ശിക്കേ കഴിയൂ. ഇങ്ങനെ ഏതൊക്കെ വിധത്തിലാണ് കൊട്ടുമക്കൾക്കായി മുത്തശ്ശിയുടെ വാത്സല്യങ്ങൾ നീളുന്നത്.
- കൊച്ചുമക്കൾക്ക് കഥകൾ പറഞ്ഞുകൊടുക്കുക.
- അവരെ എണ്ണതേച്ച് കുളിപ്പിക്കുക, ഉടുപ്പണിയുക.
- അവരോടൊപ്പം കളിക്കുക, സംസാരിക്കുക.
- ചെറിയ ചെറിയ ഉപദേശങ്ങൾ നൽകുക, പഠിപ്പിക്കുക.
- അസുഖമായി കിടക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ പരിചരിക്കുക.
- കുഞ്ഞുങ്ങളെ ക്ഷേത്രത്തിലോ പാർക്കിലോ കൊണ്ടുപോകുക.
- അടുത്താണ് സ്കൂളെങ്കിലും അവരെ സ്കൂളിൽ കൊണ്ടുവിടുക.
അതിഥി സത്കാരം
- വീട്ടിൽ വരുന്ന അതിഥികളെ സത്കരിക്കാൻ മരുമകളെ സഹായിക്കുക. അതിഥികളുടെ എണ്ണം കൂടിയാലും ഒട്ടും ടെൻഷനില്ലാതെ അവരെ യഥോചിതം സ്വീകരിക്കാനും സത്കരിക്കാനും അമ്മായിയമ്മയ്ക്ക് ഒറ്റയ്ക്ക് കഴിയുമെന്നത് വലിയ കാര്യമല്ലേ.
- അതിഥികൾ വരുമ്പോൾ മരുമകൾക്ക് അധിക ജോലിഭാരം ഉണ്ടാകുക സ്വാഭാവികമാണല്ലോ. അന്നേരം അമ്മായിയമ്മയുടെ ഒരു കൈസഹായം എത്ര ആശ്വാസകരമാണ്.
രോഗിയായി കിടക്കുന്ന മരുമകൾക്ക് ആശ്വാസമായി